പ്രൊജക്ടർ സ്‌ക്രീനിൽ ഒന്നിനു പിന്നാലെ ഏഴു ചിത്രങ്ങൾ തെളിഞ്ഞു.
ആദ്യത്തെ ചിത്രം ജ്യോത്സ്നയുടേതായിരുന്നു.
അവളുടെ പേര്, മേൽവിലാസം, അവളെ കാണാതായ ദിവസം, പ്രൊഫഷൻ... എല്ലാം ഒന്നിനു താഴെ മറ്റൊന്നായി ആ വെളിച്ചത്തിൽ തെളിഞ്ഞുനിന്നു.
തുടർന്ന് രണ്ടാമത്തെ ചിത്രം.
പിന്നാലെ മൂന്നാമത്തേതും നാലാമത്തേതും.
അഞ്ചാമത്തേത്, ആറാമത്തേത്, ഒടുവിൽ ഏഴാമത്തേതും.
ഏഴു പേർ.
ഏഴു വ്യത്യസ്ത മുഖങ്ങൾ.
ഏഴു വ്യത്യസ്ത വിലാസങ്ങൾ.
വ്യത്യസ്തങ്ങളായ തൊഴിൽമേഖലകൾ.
വ്യത്യസ്ത ദിവസങ്ങളിൽ ലോകത്തുനിന്ന് അപ്രത്യക്ഷരായവർ.
പക്ഷേ, ആ ഏഴുപേരെയും തമ്മിൽ ഒരൊറ്റ അദൃശ്യനൂലിൽ കോർത്തുനിർത്തിയ ഒരു ഘടകമുണ്ടായിരുന്നു.
അവരുടെ കഴുത്തിൽ കിടന്നിരുന്ന ആ മാലകൾ!
ഒരേ രൂപം.
ഒരേ സങ്കീർണ്ണമായ ഘടന.
മധ്യത്തിലായി ഒരു മുത്ത്.
അതിനെ ചുറ്റിവളഞ്ഞ്, ക്രമമായി കൂടിവരുന്ന ആറ് അകങ്ങളോടുകൂടിയ വിചിത്രമായൊരു ശില്പഭംഗി.
ഏഴു പേരുടെയും കഴുത്തിൽ ഒരേ അളവിൽ കൊത്തിയെടുത്തതുപോലെയുള്ള അതേ മാല.
ജ്യോത്സ്നയിൽ തുടങ്ങി ഏഴാമത്തെ വ്യക്തിയിൽ എത്തിനിൽക്കുന്ന ആ നിര.
സ്‌ക്രീനിലെ അവസാന ചിത്രവും ചലനമറ്റപ്പോൾ, ആ മുഖങ്ങളൊക്കെയും നിഴലിലായി; അവരുടെ കഴുത്തിലെ ഏഴു മാലകൾ മാത്രം കൂടുതൽ തിളക്കത്തോടെ സ്ക്രീനിൽ മുഴച്ചുനിന്നു.
"ഇത് ഒരു പാറ്റേൺ ആണ്..."
ശിവ ഒന്ന് നിറുത്തി. പ്രൊജക്ടർ സ്‌ക്രീനിൽ തെളിഞ്ഞുനിന്നിരുന്ന ഏഴു മുഖങ്ങളിലേക്കും അവൻ നോക്കി.
"അഷ്ടബീജ സംഘത്തിന്റെ..."
ശിവയുടെ ശബ്ദത്തിൽ ആ വാക്കുകൾക്ക് ഒരു പ്രത്യേക ഭാരമുണ്ടായിരുന്നു.
"ഓരോരുത്തരും... ഓരോ ഗുണങ്ങൾ ഉള്ള വ്യക്തികളാണ്."
അവൻ വീണ്ടും സ്‌ക്രീനിലേക്ക് നോക്കി.
"ഒന്നാമത്തെ... ജ്യോത്സന."
ഒരു നിമിഷം അവളുടെ ചിത്രത്തിൽ ശിവയുടെ കണ്ണുകൾ നിശ്ചലമായി.
"അവളുടെ ഒന്നാമത്തെ പ്രാധാന്യമുള്ള ഗുണം... സൗന്ദര്യം."
അജിത്തിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ശിവ തുടർന്നു.
"നമ്മൾ അത് ശ്രദ്ധിച്ചിരുന്നില്ലേ. അവളിൽ ഉണ്ടായിരുന്നത് സാധാരണ സൗന്ദര്യമല്ലായിരുന്നു. ഒരു അസാധാരണ സൗന്ദര്യവും വശ്യതയും."
ശിവയുടെ കണ്ണുകൾ വീണ്ടും ജ്യോത്സനയുടെ ചിത്രത്തിലേക്ക് തിരിഞ്ഞു.
"അത്... മറ്റാരിലും നമ്മൾ കണ്ടിട്ടില്ലാത്ത തരത്തിലുള്ളതായിരുന്നു."
അവൻ അല്പം നിശ്ശബ്ദനായി.
"പക്ഷേ അതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്."
സ്‌ക്രീനിലെ ജ്യോത്സനയുടെ കഴുത്തിൽ കിടന്നിരുന്ന മാലയിലേക്ക് അവന്റെ വിരൽ ചൂണ്ടി.
"അവൾക്ക് കിട്ടിയ ആ മാല..."
ശിവയുടെ ശബ്ദം പതുക്കെയായി.
"അവൾ അത് പൂജയ്ക്കെന്നപോലെ... കല്ലിൽ ക്ഷേത്രത്തിലെ ദുർഗ്ഗയ്ക്ക് സമർപ്പിച്ചു."
അവിടെ ശിവ വീണ്ടും ഒന്ന് നിറുത്തി. അവന്റെ ശബ്ദം കൂടുതൽ ഗൗരവമായി.
"എന്നാൽ... നമ്മൾ അറിയേണ്ട ഒന്നുണ്ട്."
അവൻ പതുക്കെ തല ഉയർത്തി. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ശിവ പറഞ്ഞു:
"അത് ദുർഗ്ഗയല്ല. അത്... പദ്മാവതിയാണ്."
ജൈന പാരമ്പര്യത്തിലെ ശക്തമായ യക്ഷിണി ദേവതകളിൽ പ്രധാനപ്പെട്ട സ്ഥാനമുള്ള പദ്മാവതി. തീർത്ഥങ്കരനായ പാർശ്വനാഥനുമായി ബന്ധപ്പെട്ട ശാസനദേവതയായാണ് അവളുടെ പ്രാരംഭ സ്ഥാനം. പിന്നീട് സ്വതന്ത്രമായി ആരാധിക്കപ്പെടുന്ന ദേവതയായും അവളുടെ ആരാധന വളർന്നു. സർപ്പചിഹ്നങ്ങളുമായുള്ള ബന്ധമാണ് അവളുടെ ഏറ്റവും വ്യക്തമായ പ്രത്യേകതകളിലൊന്ന്. താമരയുമായുള്ള ബന്ധം കൊണ്ടാണ് 'പദ്മാവതി' എന്ന പേര്; ജൈന പ്രതിമാശാസ്ത്രത്തിൽ പല രൂപങ്ങളിലും അവളെ കാണാം.
"അവളുടെ രൂപം..."
ശിവയുടെ ശബ്ദം വീണ്ടും ജ്യോത്സനയിലേക്ക് തിരിഞ്ഞു.
"സൗന്ദര്യം, വശ്യത, സർപ്പബന്ധം... ജ്യോത്സനയുടെ ഏറ്റവും ശക്തമായ ഗുണം നമ്മൾ കരുതിയതിലും വളരെ ആഴത്തിലുള്ളതാണ്. സൗന്ദര്യവും, അതോടൊപ്പം പദ്മാവതിയെ പൂജിച്ചുകൊണ്ടിരുന്ന ആ നാട്ടിൽ തന്നെയാണ് അവൾ ജീവിച്ചിരുന്നതും."
ശിവ തന്റെ മുന്നിൽ നിൽക്കുന്ന നൗഷാദ്, അജിത്, വിമല, ഡാനിയേൽ, രതീഷ് എന്നിവരെ മാറിമാറി നോക്കി.
"അതുകൊണ്ടാണ്..." അവന്റെ കണ്ണുകൾ വീണ്ടും സ്‌ക്രീനിലേക്കുയർന്നു. "ജ്യോത്സനയിൽ നിന്ന് തുടങ്ങുന്ന ഈ പാറ്റേൺ... നമ്മൾ കരുതുന്നതിലും സങ്കീർണ്ണമാണ്."
അടുത്ത ചിത്രത്തിലേക്ക് നോക്കിക്കൊണ്ട് ശിവ തുടർന്നു.
"രണ്ടാമത്തെയാൾ... രണ്ട് ആരക്കാലുകളുള്ള മാല ധരിച്ചവൻ. പേര്: രണജിത് ദേശ്മുഖ്."
സ്‌ക്രീനിലെ കരുത്തുറ്റ ആ രൂപത്തിലേക്ക് എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞു.
"സ്ഥലം: എല്ലോറയ്ക്കടുത്തുള്ള ഒരു ഗ്രാമം. പരമ്പരാഗത മല്ലയുദ്ധ പരിശീലകനും ദേശീയ താരവുമായിരുന്നു അവൻ."
ശിവ തന്റെ വാക്കുകൾക്ക് ഒന്നുകൂടി അടിവരയിട്ടു:
"അവന്റെ പ്രത്യേകത അസാധാരണമായ ആ ശരീരശക്തി മാത്രമല്ലായിരുന്നു. കഠിനമായ വേദന സഹിക്കാനുള്ള അപാരമായ കഴിവ്, ദീർഘനേരം ശാരീരിക സമ്മർദ്ദം താങ്ങിനിൽക്കാനുള്ള കരുത്ത്, എത്ര വലിയ പ്രതികൂല സാഹചര്യങ്ങളിലും ശരീരനിയന്ത്രണം ഒട്ടും നഷ്ടപ്പെടാത്ത മനഃശക്തി... അതായിരുന്നു രണജിത്തിന്റെ ഗുണം."
ശിവ സ്‌ക്രീനിലേക്ക് കൈചൂണ്ടി.
"രണജിത്തിന്റെ കഴുത്തിലുണ്ടായിരുന്ന ആ മാല അവൻ സമർപ്പിച്ചു എന്ന് വിശ്വസിക്കപ്പെടുന്നത്... അഥവാ, അവനെ അവസാനമായി കാണാതാകുന്നതിന് തൊട്ടുമുമ്പ് ആളുകൾ കണ്ടത് എല്ലോറയിലെ വജ്രപാണി ക്ഷേത്രത്തിന് മുൻപിലാണ്."
ഒരു നിമിഷം നിറുത്തി, ആ പേരിന്റെ പശ്ചാത്തലം ശിവ വിശദീകരിച്ചു:
"മഹായാന-വജ്രയാന ബുദ്ധപാരമ്പര്യത്തിലെ ഏറ്റവും ശക്തനായ ബോധിസത്വനാണ് വജ്രപാണി. ബുദ്ധന്റെ ആത്മീയമായ ശക്തിയുടെയും അചഞ്ചലമായ കാവലിന്റെയും പ്രതീകം. കയ്യിൽ മിന്നൽപ്പിണർ പോലെയുള്ള വജ്രായുധം ധരിച്ച, ഭയത്തെയും പ്രതിബന്ധങ്ങളെയും തകർത്തെറിയുന്ന സംഹാരരൂപിയായ രക്ഷകൻ. അക്ഷോഭ്യനായ പോരാളിയുടെ ആത്മാവ് കുടികൊള്ളുന്ന സങ്കല്പം."
ശിവയുടെ നോട്ടം വീണ്ടും രണജിത്തിന്റെ മുഖത്തേക്ക് പതിഞ്ഞു.
"ശക്തിയുടെ മൂർത്തീഭാവമായ വജ്രപാണിയുടെ ആ സങ്കേതത്തിൽ തന്നെയാണ് രണജിത്തിന്റെ വഴികളും അവസാനിച്ചത്. ജ്യോത്സനയുടെ വശ്യതയിൽ നിന്ന് രണജിത്തിന്റെ അപാരമായ കായികബലത്തിലേക്ക്... പാറ്റേൺ അതിന്റെ അടുത്ത തലത്തിലേക്ക് മാറുകയായിരുന്നു."
0 comments:
Post a Comment