റാന്നി പോലീസ് സ്റ്റേഷന്റെ ഗേറ്റ് കടന്നപ്പോൾ സജി കാറിന്റെ വേഗത കുറച്ചു.
പഴയ ആർച്ചുകളുള്ള പ്രധാന കെട്ടിടത്തിന് മുന്നിൽ വയർലെസ്സ് ആന്റിനകൾ ഘടിപ്പിച്ച ജീപ്പുകൾ പാർക്ക് ചെയ്തിരുന്നു. മുറ്റത്തും വരാന്തയിലുമായി ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഫയലുകളുമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. സജിയും റോയിയും കാർ ഒതുക്കിനിർത്തി നേരെ അകത്തേക്ക് നടന്നു.
സ്റ്റേഷൻ റൈറ്ററുടെ ഡെസ്കിനടുത്ത് ചെന്ന് സജി ചോദിച്ചു: "എസ്.എച്ച്.ഒ. ഉണ്ടോ?"
"അകത്തുണ്ട് സാർ, സി.ഐ. റൂമിലുണ്ട്." പോലീസുകാരൻ ചൂണ്ടിക്കാണിച്ചു.
അവർ നേരെ എസ്.എച്ച്.ഒയുടെ ക്യാബിനിലേക്ക് നടന്ന് വാതിലിൽ മുട്ടി.
അകത്തുനിന്ന് തലയുയർത്തി നോക്കിയ ഇൻസ്പെക്ടർ പെട്ടെന്ന് എഴുന്നേറ്റു.
"സജിയല്ലേ?"
"അതെ സാർ."
ഇൻസ്പെക്ടർ കൈ നീട്ടി ഷേക്ക്ഹാൻഡ് നൽകി. "ഇരിക്കൂ... ഞാൻ ഇൻസ്പെക്ടർ മാത്യു."
സജിയും റോയിയും മുന്നിലെ കസേരകളിലിരുന്നു.
"ശിവ സാർ തിരുവനന്തപുരത്ത് നിന്ന് വിളിച്ചിരുന്നു," എസ്.എച്ച്.ഒ. ഒട്ടും സമയം കളയാതെ കാര്യത്തിലേക്ക് കടന്നു. "നിങ്ങൾ പറഞ്ഞ 'തീപ്പൊരി കറിയ'യെ ഞങ്ങളുടെ ഷാഡോ ടീം ട്രാക്ക് ചെയ്തിട്ടുണ്ട്."
സജിയുടെ കണ്ണുകളിൽ ഒരു തിളക്കം മിന്നിമറഞ്ഞു. "ആള് റാന്നിയിൽ തന്നെയുണ്ടോ സാർ?"
"ഉണ്ട്. ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി വനമേഖലയോട് ചേർന്ന ഭാഗത്താണ്. നാട്ടിൽനിന്ന് ഒതുങ്ങിയൊരു പറമ്പ്." എസ്.എച്ച്.ഒ. ഒരു റഫ് റൂട്ട് മാപ്പ് അവരുടെ മുന്നിലേക്ക് നീക്കി. "ശിവ സാറിന്റെ കോൾ വന്നയുടൻ ഞങ്ങൾ രഹസ്യമായി ചില ലോക്കൽ ഇൻഫോർമേഴ്സിനെ വെച്ച് ക്രോസ്-ചെക്ക് ചെയ്തു. ഈ കറിയയ്ക്ക് ഫോറസ്റ്റ്-വൈൽഡ്‌ലൈഫ് പ്രൊഡക്ട്സുമായി ബന്ധപ്പെട്ട് ചില പഴയ കളികൾ ഉള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്."
റോയ് കസേരയിൽ അല്പം മുന്നോട്ടാഞ്ഞു. "പ്രത്യേകിച്ച് വെനം എക്സ്ട്രാക്ഷൻ റാക്കറ്റുകളുമായി വല്ല ബന്ധവുമുണ്ടോ സാർ?"
എസ്.എച്ച്.ഒ. ഒരു നിമിഷം ആലോചിച്ചു. "അത് സ്പോട്ടിൽ ചെന്നിട്ട് നേരിട്ട് കണ്ട് ഉറപ്പിക്കാം. പിന്നെ, വന്യജീവി വിഷയം കൂടി ഉള്ളതുകൊണ്ട് ഞാൻ റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് വിവരം കൊടുത്തിട്ടുണ്ട്. ഫോറസ്റ്റ് ഇന്റലിജൻസ് ടീമും ഇറങ്ങിയിട്ടുണ്ട്."
സജി കൈത്തണ്ടയിലെ വാച്ചിലേക്ക് നോക്കി. "അവർ എപ്പോൾ എത്തും?"
"പത്തോ പതിനഞ്ചോ മിനിറ്റിനുള്ളിൽ സ്റ്റേഷനിലെത്തും." എസ്.എച്ച്.ഒ. തൊപ്പിയെടുത്ത് തലയിൽ വെച്ചുകൊണ്ട് എഴുന്നേറ്റു. "അവരും കൂടി എത്തിയാലുടൻ നമുക്ക് മൂവ് ചെയ്യാം. റെയ്ഡ് സംശയത്തിനിടയില്ലാതെ പ്ലാൻ ചെയ്യണം."
സജിയും റോയിയും ഒപ്പം എഴുന്നേറ്റു.
സ്റ്റേഷന്റെ വരാന്തയിലേക്ക് ഇറങ്ങിനിൽക്കുമ്പോൾ സജി റോയിയെ നോക്കി.
തീപ്പൊരി കറിയ...
തങ്കന്റെ മൊഴിയിൽ നിന്ന് വീണുകിട്ടിയ വെറുമൊരു നിഴൽരൂപം മാത്രമായിരുന്നു അത്. എന്നാൽ ഇപ്പോൾ ആ പേര് ഒരു ജീവനുള്ള ശരീരമായി, അടുത്ത മൂന്ന് കിലോമീറ്ററിനുള്ളിൽ തങ്ങളുടെ തൊട്ടുമുന്നിലെത്തി നിൽക്കുന്നു.
അവൻ വെറുമൊരു നാടൻ ഇടനിലക്കാരൻ മാത്രമാണോ, അതോ ആർതറിന്റെ കൊലപാതകത്തിലേക്ക് നയിച്ച കോടികളുടെ അധോലോക നെറ്റ്വർക്കിലെ പ്രധാനിയോ?
റാന്നി ടൗണിൽ നിന്ന് മാറി വനാതിർത്തിയോട് ചേർന്ന ആ കുന്നിൻപ്രദേശത്തേക്ക് എത്തിയപ്പോഴേക്കും സന്ധ്യാവെളിച്ചം പൂർണ്ണമായി മങ്ങിയിരുന്നു.
ടാർ റോഡ് അവസാനിച്ചിടത്തുനിന്ന് കാട്ടിലേക്ക് വെട്ടിത്തെളിച്ച ഇടുങ്ങിയ മൺവഴിയിലൂടെ പോലീസിന്റെയും വനംവകുപ്പിന്റെയും വാഹനങ്ങൾ ഹെഡ്‌ലൈറ്റ് അണച്ച്, ശബ്ദമുണ്ടാക്കാതെ മുന്നോട്ട് നീങ്ങി. കുറച്ചുദൂരം ചെന്നപ്പോൾത്തന്നെ ജനവാസമേഖലയുടെ അവസാന അടയാളങ്ങളും മാഞ്ഞുപോയി.
ഇരുവശത്തും കൂറ്റൻ തേക്ക് മരങ്ങളും ഇടതൂർന്ന കാട്ടുപൊന്തകളും മാത്രം.
മുന്നിലുണ്ടായിരുന്ന ജീപ്പിൽനിന്ന് എസ്.എച്ച്.ഒ. മാത്യു കൈ പുറത്തേക്കിട്ട് ആംഗ്യം കാണിച്ചതും വാഹനങ്ങൾ നിശ്ചലമായി.
മുന്നിൽ കാടുകയറിയ ചെറിയൊരു കുന്നിൻചരിവായിരുന്നു. പകൽവെളിച്ചത്തിൽ പോലും പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്തവിധം, വന്മരങ്ങളുടെ മറവിൽ പതുങ്ങിനിൽക്കുന്ന പഴയൊരു ഒറ്റനിലക്കെട്ടിടം. ചുറ്റുമുള്ള കാട്ടുപച്ചപ്പിലേക്ക് അലിഞ്ഞുചേരുന്ന തരത്തിൽ തവിട്ടുനിറത്തിലുള്ള ആസ്ബറ്റോസ് ഷീറ്റുകൾ മേഞ്ഞ വീട്.
"ഒരുത്തനും വഴുതിപ്പോകരുത്. എല്ലാവരും പൊസിഷൻ എടുക്ക്." മാത്യു വളരെ പതുക്കെ നിർദ്ദേശം നൽകി.
പോലീസുകാരും ഫോറസ്റ്റ് വാച്ചർമാരും നാലുഭാഗത്തുനിന്നുമായി ആ കെട്ടിടത്തെ വളഞ്ഞു. സജിയും റോയിയും മുന്നോട്ട് നീങ്ങി.
വീടിന്റെ വശങ്ങളിലേക്ക് എത്തിയപ്പോഴാണ് തടിയുടെ ജനൽപ്പാളികൾക്കിടയിലൂടെ നേർത്ത മഞ്ഞവെളിച്ചം പുറത്തേക്ക് അരിച്ചെത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. അകത്ത് ആളനക്കമുണ്ട്.
"മൂവ്!" മാത്യുവിന്റെ ആജ്ഞ.
ടീം ഒരൊറ്റ നിമിഷത്തിൽ മുൻവാതിലും പിൻഭാഗവും വളഞ്ഞു.
അകത്ത് പാത്രങ്ങളോ കുപ്പികളോ തട്ടിമറിയുന്ന ശബ്ദം. അപകടം മണത്തവർ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് വ്യക്തം.
"പോലീസ്! വാതിൽ തുറക്കെടാ!" മാത്യു മുന്നിലെ വാതിലിൽ ആഞ്ഞുചവിട്ടി.
അതേനിമിഷം തന്നെ വീടിന്റെ പിൻവാതിൽ തുറന്ന് നാലുപേർ പുറത്തേക്ക് പാഞ്ഞു.
"ദേ... അവന്മാർ ഓടുന്നു!" റോയിയുടെ ശബ്ദം ഉയർന്നു.
"നിൽക്കെടാ അവിടെ!"
കാടുനിറഞ്ഞ ചരിവിലൂടെ നാലുപേരും പല ദിശകളിലേക്കായി ചിതറിയോടി. ഒരാൾ കാട്ടുപൊന്തകൾ തള്ളിമാറ്റി കൊക്കയിലേക്ക് ചാടാൻ നോക്കി; മറ്റൊരാൾ പാറക്കെട്ടിന് മുകളിലേക്ക് കുതിച്ചു.
മുന്നിൽ പാഞ്ഞത് കറുത്ത് തടിച്ച, തലമുടി വെട്ടിയൊതുക്കിയ ഒരാളായിരുന്നു — കറിയ!
"പിടിക്കരുത്... മാറിക്കോണം അവിടുന്ന്!" അവന്റെ വിറച്ച ശബ്ദം കാട്ടിൽ മുഴങ്ങി.
സജി കാട്ടുവള്ളികൾ വകഞ്ഞുമാറ്റി ചിറ്റപ്പുലിയെപ്പോലെ അവന്റെ പിന്നാലെ കുതിച്ചു. കയറ്റം കയറുന്നതിനിടയിൽ കറിയയുടെ കാൽ ഒരു കട്ടിത്തടിയിൽ തട്ടിത്തടഞ്ഞു. ബാലൻസ് തെറ്റി അവൻ കമിഴ്ന്നടിച്ചു വീണു.
എഴുന്നേൽക്കാൻ തിരിയുന്നതിനിടയിൽ സജി അവന്റെ നെഞ്ചിലേക്ക് ചാടിവീണു. കൈകൾ പിന്നിലേക്ക് തിരിച്ച് ഞൊടിയിടയിൽ വിലങ്ങണിയിച്ചു.
മറുവശത്ത് പാറക്കെട്ടിലേക്ക് കയറിയവനെ റോയ് ഒരു തകർപ്പൻ ടാക്കിളിലൂടെ താഴെയിട്ട് കീഴ്പ്പെടുത്തി. മറ്റു രണ്ടുപേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും വളഞ്ഞുപിടിച്ചു.
നിമിഷങ്ങൾക്കകം നാലുപേരും പൂർണ്ണ നിയന്ത്രണത്തിലായി.
നിലത്ത് കിടന്ന് കിതയ്ക്കുകയായിരുന്ന കറിയയുടെ കോളറിൽ കുത്തിപ്പിടിച്ച് സജി എഴുന്നേൽപ്പിച്ചു.
"തീപ്പൊരി കറിയ... നീയാണല്ലേ?"
കറിയ ഒന്നും മിണ്ടിയില്ല. കഠിനമായ ഭയത്തോടെ അവന്റെ കണ്ണുകൾ ആ പഴയ വീടിന്റെ വാതിലിലേക്ക് മാത്രം നീളുകയായിരുന്നു.
ആ നോട്ടത്തിലെ അസ്വാഭാവികത സജി കൃത്യമായി ശ്രദ്ധിച്ചു.
"അകത്ത് എന്താടാ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?"
കറിയ മറുപടി പറയാതെ പല്ലുകൾ കൂട്ടിയിടിച്ചു.
മാത്യു മുന്നോട്ട് വന്ന് തോക്കിന്റെ പാത്തികൊണ്ട് കറിയയുടെ വീടിന്റെ വാതിൽ പൂർണ്ണമായി തള്ളിത്തുറന്നു.
ടോർച്ചിന്റെ വെളിച്ചം അകത്തെ ഹാളിലേക്ക് നീണ്ടപ്പോൾ അവർ കണ്ട കാഴ്ച... ആരുടെയും പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു
വീടിനുള്ളിലെ ഒരു ഭാഗം ചെറിയൊരു അനധികൃത വന്യജീവി വളർത്തൽ കേന്ദ്രം പോലെയായിരുന്നു.
വിവിധ വലുപ്പത്തിലുള്ള ഇരുമ്പ് കൂടുകൾ.
ഓരോ കൂട്ടിലും വ്യത്യസ്ത ഇനത്തിലുള്ള പാമ്പുകൾ.
കുറച്ചിടങ്ങളിൽ മറ്റ് വന്യമൃഗങ്ങളും.
മതിലിനോട് ചേർന്ന് നിരത്തിവെച്ചിരുന്ന ചെറിയ ഗ്ലാസ് കുപ്പികളിൽ നിറം വ്യത്യാസമുള്ള ദ്രാവകങ്ങൾ.
ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ കുപ്പികളിലൊന്ന് കണ്ടതും പെട്ടെന്ന് നിന്നു.
"സാർ..."
സജിയും റോയിയും അവന്റെ അടുത്തേക്ക് തിരിഞ്ഞു.
"ഇത്..."
അവൻ കുപ്പിയിലേക്ക് നോക്കി.
"...വെനം ആണ്."
മുറിയിൽ ഒരു നിമിഷം ആരും ഒന്നും പറഞ്ഞില്ല.
തീപ്പൊരി കറിയ ഒരു സാധാരണ ഇടനിലക്കാരനല്ലായിരുന്നു.
"ഇവനെ ഞങ്ങൾക്ക് കസ്റ്റഡിയിൽ വേണം." സജി നിലത്തിരുന്ന കറിയയെ ചൂണ്ടിക്കാട്ടി ഉറച്ച സ്വരത്തിൽ പറഞ്ഞു.
ഫോറസ്റ്റ് റേഞ്ച് ഓഫീസർ മുന്നോട്ട് വന്ന് തലയാട്ടി.
"തീർച്ചയായും. പക്ഷേ ഈ ഒളിത്താവളത്തിൽ കണ്ടെത്തിയ അൺഓതറൈസ്ഡ് സ്പീഷിസുകളും അനധികൃത വസ്തുക്കളുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമപ്രകാരം ഞങ്ങളുടെ ഭാഗത്തുനിന്നും ഒഫീഷ്യൽ മഹസറും കേസുമുണ്ടാകും."
"തീർച്ചയായും സർ, ഡിപ്പാർട്ട്മെന്റ് പ്രൊസീഡിംഗ്സ് എല്ലാം നിങ്ങൾക്ക് മുന്നോട്ട് കൊണ്ടുപോകാം." സജി പറഞ്ഞു. "പക്ഷേ ഈ മനുഷ്യൻ ഞങ്ങളുടെ മർഡർ ഇൻവെസ്റ്റിഗേഷനിലെ ഒരു നിർണ്ണായക കണ്ണിയാണ്. ഇവനെ ഞങ്ങൾക്ക് ഉടൻ ചോദ്യം ചെയ്യണം."
ഫോറസ്റ്റ് സംഘം വീടിന്റെ ഉൾവശം സീൽ ചെയ്യാനും തെളിവുകൾ ലിസ്റ്റ് ചെയ്യാനും തുടങ്ങി. അപ്പോഴേക്കും സി.ഐ. മാത്യു പുഞ്ചിരിയോടെ കറിയയുടെ അരികിലേക്ക് നടന്നെത്തി.
"ഇങ്ങനെയൊരു വമ്പൻ റാക്കറ്റിനെ ഇവിടെനിന്ന് പൊക്കുമെന്ന് ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചതല്ല." മാത്യു ആ വീടിനുള്ളിലേക്ക് നോക്കി തൃപ്തിയോടെ പറഞ്ഞു. "നിങ്ങളുടെ അന്വേഷണത്തിന്റെ ചിലവിൽ ഈ റാന്നി സ്റ്റേഷനും ഇരിക്കട്ടെ വലിയൊരു ക്രെഡിറ്റ്!"
തുടർന്ന് മാത്യു കറിയയുടെ കോളറിൽ കുത്തിപ്പിടിച്ചു. ചിരി മാഞ്ഞ് മുഖത്ത് ക്രൂരമായൊരു കാക്കി ഗൗരവം നിറഞ്ഞു.
"ഇവനെ നേരെ ജീപ്പിലേക്ക് കേറ്റെടാ." പോലീസുകാരോട് പറഞ്ഞ ശേഷം മാത്യു കറിയയുടെ കാതുകളിലേക്ക് മുഖമടുപ്പിച്ചു: "ഇവൻ ഒന്നാം ക്ലാസ്സിൽ പഠിച്ച തറ-പറ മുതൽ ഈ കാട്ടിൽ ഒളിപ്പിച്ചുവെച്ച സകല നെറികേടുകളും സ്റ്റേഷനിലെത്തിച്ച് ഞാൻ ഛർദ്ദിപ്പിച്ചോളാം!"
കോൺസ്റ്റബിൾമാർ ചേർന്ന് കറിയയെ വലിച്ചെഴുന്നേൽപ്പിച്ചു.
അതേസമയം, വീടിനുള്ളിൽനിന്ന് റോയ് ധൃതിയിൽ ഉമ്മറത്തേക്ക് ഇറങ്ങിവന്നു. അവന്റെ കൈയിൽ ഇരുണ്ട പുറംചട്ടയുള്ള, മുഷിഞ്ഞൊരു പഴയ ഡയറിയുണ്ടായിരുന്നു.
സജിയുടെ ശ്രദ്ധ ഉടൻ അതിലേക്ക് തിരിഞ്ഞു. "റോയ്... എന്താണത്?"
"ഇവന്റെ ഇടപാടുകാരുടെ ലിസ്റ്റ്!" റോയ് ആ ഡയറി ഉയർത്തിക്കാട്ടി. "പണമിടപാടുകളും ചില പേരുകളും കോഡ് നമ്പറുകളും ഇതിലുണ്ട്."
സജിയുടെ കണ്ണുകൾ തിളങ്ങി. "ഗംഭീരം!"
കറിയയെ കൈവിലങ്ങോടെ പോലീസ് ജീപ്പിന്റെ പിന്നിലെ കമ്പിക്കുള്ളിലേക്ക് കയറ്റി. വീടിനുള്ളിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തെളിവുകൾ ഓരോന്നായി മഹസർ തയ്യാറാക്കി മാറ്റിക്കൊണ്ടിരുന്നു.
ജീപ്പിന്റെ ഇരുമ്പ് വാതിൽ വലിയ ശബ്ദത്തോടെ അടഞ്ഞു.
മുന്നിൽ എസ്.എച്ച്.ഒ. മാത്യുവിന്റെ ജീപ്പും പിന്നാലെ കറിയയെ കയറ്റിയ വാഹനവും ഇടുങ്ങിയ കാട്ടുപാതയിലൂടെ റാന്നി ടൗൺ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി.
സജിയും റോയിയും തങ്ങളുടെ കാറിനരികിൽ നിന്ന് ആ വാഹനങ്ങൾ അകന്നുപോകുന്നത് നോക്കിനിന്നു.
അവരുടെ മുന്നിലിപ്പോൾ ഒരു കുറ്റവാളി മാത്രമല്ല... ആ പഴയ ഡയറിയിലൂടെയും കറിയയുടെ മൊഴിയിലൂടെയും പുറത്തുവരാനിരിക്കുന്ന വലിയൊരു അന്താരാഷ്ട്ര മാഫിയയുടെ രഹസ്യങ്ങൾ കൂടിയുണ്ട്!
0 comments:
Post a Comment