നെടുമങ്ങാട് പിന്നിട്ട് പൊൻമുടി റോഡിലൂടെ അവരുടെ കാർ സാവധാനം മുന്നോട്ട് നീങ്ങി.
റോഡിന്റെ ഇരുവശങ്ങളിലും പശ്ചിമഘട്ടത്തിന്റെ പച്ചപ്പ് നിറഞ്ഞ മലനിരകൾ തലയുയർത്തി നിന്നിരുന്നു. ദൂരേക്ക് താഴ്വരകളും കുന്നിൻചരിവുകളും ഒന്നിന് പുറകെ ഒന്നായി നീണ്ടുകിടക്കുന്നു. വളഞ്ഞുപുളഞ്ഞു പോകുന്ന പാതയോരത്തെ കനത്ത കാട്ടുമരങ്ങളും തണുത്ത മലങ്കാറ്റും നഗരത്തിന്റെ പുകയിൽ നിന്നും ശബ്ദകോലാഹലങ്ങളിൽ നിന്നും ഏറെ അകലേക്ക് എത്തിയെന്ന തോന്നലുണ്ടാക്കി.
റോയ് റോഡിലെ കൊടുംവളവുകൾ ശ്രദ്ധയോടെ വീക്ഷിച്ച് സ്റ്റിയറിംഗ് നിയന്ത്രിച്ചുകൊണ്ടിരുന്നു.
തൊളിക്കോട് ജംഗ്ഷൻ പിന്നിട്ടപ്പോൾ സജി കൈയിലുണ്ടായിരുന്ന ഫോറസ്റ്റ് വിജിലൻസ് ഫയൽ വീണ്ടും തുറന്നു. അഗസ്ത്യമലയുടെ താഴ്‌വരകളിൽ അനധികൃതമായി പാമ്പുകളെ പിടികൂടുകയോ വിഷം ശേഖരിക്കുകയോ ചെയ്ത മുൻകാല ചരിത്രമുള്ളവരുടെ പേരുകളും വിവരങ്ങളും അതിൽ രേഖപ്പെടുത്തിയിരുന്നു.
ഒരു പ്രത്യേക പേരിന് താഴെ എഴുതിയിരുന്ന വിലാസത്തിൽ സജിയുടെ കണ്ണുകൾ ഉടക്കിനിന്നു.
"റോയ്..."
"എന്താടാ?" റോയ് മുന്നിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു.
"ഈ ലിസ്റ്റിലെ ആദ്യത്തെ ആൾ മേമലയിലാണ് താമസം." സജി വിലാസത്തിൽ ഒരിക്കൽക്കൂടി വിരലോടിച്ചു. "നമുക്ക് അങ്ങോട്ട് തന്നെ നേരെ വിടാം."
റോയ് ഡാഷ്‌ബോർഡിൽ ഉറപ്പിച്ചിരുന്ന ഫോണിലെ മാപ്പിലേക്ക് നോക്കി.
"മേമല... ഇവിടുന്ന് എത്ര ദൂരമുണ്ട്?"
"ദാ നോക്ക്." സജി ഫയലിലെ ലൊക്കേഷൻ പോയിന്റ് അവന് നേരെ തിരിച്ചുപിടിച്ചു.
റോയ് മാപ്പിൽ റൂട്ട് സെറ്റ് ചെയ്തു. സ്ക്രീനിൽ മലഞ്ചരിവുകളിലൂടെ ചുറ്റിക്കറങ്ങിപ്പോകുന്ന ചുവപ്പും നീലയും കലർന്ന പാത തെളിഞ്ഞു.
"ലൊക്കേഷൻ ലോക്കായിട്ടുണ്ട്. വിതുര വഴി തിരിഞ്ഞ് മല കയറിയാൽ മതി." റോയ് ആക്സിലറേറ്റർ അല്പം കൂടി അമർത്തി.
കാർ മലമ്പാതയിലൂടെ കൂടുതൽ വേഗത്തിൽ കയറാൻ തുടങ്ങി. ഇരുവശത്തുനിന്നും മരച്ചില്ലകൾ കമാനങ്ങൾ തീർത്ത ആ വഴിയിൽ പതുക്കെ മൂടൽമഞ്ഞിന്റെ നേർത്ത പടലം വീണുതുടങ്ങിയിരുന്നു.
സജി ലിസ്റ്റ് മടക്കി ഡാഷ്‌ബോർഡിലേക്ക് വെച്ചു. മുന്നിലെ വിജനമായ കാട്ടുപാതയിലേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞു:
"കേരളത്തിലെ കിംഗ് കോബ്ര നെക്സസിലേക്ക് വിരൽ ചൂണ്ടുന്ന ആദ്യത്തെ കണ്ണി ഇയാളാകാൻ സാധ്യതയുണ്ട്."
റോയ് ഒന്നും മിണ്ടിയില്ല. മാപ്പിലെ നീങ്ങുന്ന നീല ബിന്ദുവിലേക്കും, ഇരുൾ മൂടാൻ തുടങ്ങുന്ന മലമ്പാതയിലേക്കും മാത്രമായിരുന്നു അവന്റെ ശ്രദ്ധ.
അവരെയും വഹിച്ചുകൊണ്ട് കാർ കാടിന്റെ കൂടുതൽ വന്യമായ ഉള്ളറകളിലേക്ക് നീങ്ങി.
കുറച്ചുദൂരം പിന്നിട്ടപ്പോൾ അവർ മേമല പള്ളി ജംഗ്ഷനിലെത്തി.
റോയ് കാർ വീതികുറഞ്ഞ റോഡിന്റെ വശത്തേക്ക് ഒതുക്കി നിർത്തി. ജംഗ്ഷനിൽ ചെറിയൊരു ചായക്കടയും അതിന് മുന്നിൽ ബീഡി പുകച്ച് സംസാരിച്ചുനിൽക്കുന്ന ഏതാനും നാട്ടുകാരും. മലമുകളിൽ നിന്നിറങ്ങിവരുന്ന തണുത്ത കാറ്റിൽ ചുറ്റുമുള്ള റബ്ബർമരങ്ങളുടെയും കാട്ടുമരങ്ങളുടെയും ഇലകൾ ചിലമ്പിച്ചുകൊണ്ടിരുന്നു.
സജി കാറിൽ നിന്നിറങ്ങി, ഫയലിലെ വിലാസം ഒന്നുകൂടി നോക്കി ഉറപ്പുവരുത്തി ചായക്കടയുടെ മുന്നിൽ നിന്ന മധ്യവയസ്കനായ ഒരാളുടെ അടുത്തേക്ക് നടന്നു.
"ചേട്ടാ... ഈ അഡ്രസിലേക്ക് പോകാൻ ഏതാണ് വഴി?" സജി കടലാസിലെ പേര് വിരൽചൂണ്ടി കാണിച്ചു.
അയാൾ കണ്ണുകൾ ചുരുക്കി ആ പേര് വായിച്ചു.
"ആഹാ... ഇത് നമ്മുടെ പാമ്പു തങ്കന്റെ വീടല്ലേ!" അയാളുടെ ചുണ്ടിൽ ചെറിയൊരു പുച്ഛം കലർന്ന ചിരി വിരിഞ്ഞു. "ഇവിടുന്ന് നേരെ കയറിപ്പോയിട്ട് ആ രണ്ടാമത്തെ കൊടുംവളവിൽ ഇടത്തോട്ട് തിരിയണം. മെറ്റലിട്ട ആ മൺവഴിയിലൂടെ കുറച്ചുദൂരം ചെന്നാൽ ഒരു ചെറിയ തോടുണ്ട്. അത് ചാടിക്കടന്നാൽ ആ ചരിവിലുള്ള ഒറ്റപ്പെട്ട വീട് കാണാം."
"ശരി, നന്ദി." സജി തിരിയാൻ തുടങ്ങിയെങ്കിലും ജിജ്ഞാസയോടെ ഒന്നുകൂടി നിന്നു. "ഈ തങ്കൻ എങ്ങനെയുള്ള ആളാണ് ചേട്ടാ?"
അയാൾ സജിയെ അടിമുടിയൊന്ന് അളന്നു. "തങ്കനോ?" അയാളുടെ മുഖത്ത് പരിചയത്തിന്റെ ഒരു പരിഹാസഭാവം തെളിഞ്ഞു. "അവൻ കാടാറുമാസം നാടാറുമാസം ടീമാണ്, സാറേ."
കാറിൽ നിന്നിറങ്ങി റോയിയും അവരുടെ അടുത്തേക്ക് വന്നു. "അതെന്താ അങ്ങനെ?"
"വനത്തിനുള്ളിലായിരിക്കും കൂടുതൽ സമയവും. പാമ്പും പഴുതാരയും എന്തൊക്കെയോ തപ്പിയുള്ള നടപ്പാണ്. പണ്ടൊക്കെ കാട്ടിൽനിന്ന് എന്തൊക്കെയോ ചരക്ക് കടത്തുമായിരുന്നു. പെട്ടെന്ന് ഒരുനാൾ നാട്ടിൽ വരും, കാശ് മുഴുവൻ കള്ളുകുടിച്ച് തീർക്കും... വീണ്ടും കാട്ടിലേക്ക് അങ്ങ് വലിയും."
അയാൾ അല്പം ശബ്ദം താഴ്ത്തി തുടർന്നു: "പക്ഷേ, ഒരു മൂന്നാല് കൊല്ലം മുൻപ് ഫോറസ്റ്റുകാര് ഇന്റലിജൻസ് വെച്ച് ഇവനെ പൊക്കി. വന്യജീവി വേട്ടയ്ക്കും പാമ്പിനെ പിടിച്ചതിനുമൊക്കെ അകത്താക്കി. ലോക്കപ്പിലിട്ട് ഫോറസ്റ്റുകാര് പെരുമാറിയ പെരുമാറ്റത്തിൽ അവന്റെ നട്ടെല്ലിന്റെ അഹങ്കാരമൊക്കെ തീർന്നു. ഇപ്പോൾ പണ്ടത്തെപ്പോലെ അത്ര കുഴപ്പമൊന്നുമില്ല... ഒതുങ്ങി കഴിയുകയാണ്."
റോയ് സജിയുടെ കണ്ണുകളിലേക്ക് നോക്കി.
"ശരി ചേട്ടാ, വളരെ നന്ദി." സജി തലയാട്ടി.
ഇരുവരും തിരികെ കാറിലേക്ക് കയറി. റോയ് എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ ചോദിച്ചു: "പാമ്പു തങ്കൻ... ഫോറസ്റ്റ് കേസിൽ ഉൾപ്പെട്ട പഴയ ഹിസ്റ്ററിയുണ്ട്. ഇവൻ തന്നെയാണോ നമുക്ക് വേണ്ട ആൾ?"
സജി ഫയൽ മടക്കി ഡാഷ്‌ബോർഡിൽ വെച്ചു. "ലോക്കൽ ക്യാച്ചർമാരെ വെച്ചാണ് വലിയ സിൻഡിക്കേറ്റുകൾ രാജവെമ്പാലകളുടെ വിഷം ശേഖരിക്കുന്നത്. അങ്ങനെയെങ്കിൽ നമ്മൾ അന്വേഷിക്കുന്ന ശൃംഖലയുടെ ഏറ്റവും താഴത്തെ കണ്ണി ഇവനാകാൻ വലിയ സാധ്യതയുണ്ട്."
റോയ് ആക്സിലറേറ്റർ കൊടുത്തു. കാർ വീണ്ടും മെറ്റലിട്ട ഇടുങ്ങിയ മലമ്പാതയിലേക്ക് കയറി.
മുന്നോട്ട് പോകുംതോറും വീടുകൾ തീർത്തും ഇല്ലാതായി. തോട്ടങ്ങളും കാട്ടുപൊന്തകളും മാത്രമുള്ള തീർത്തും വിജനമായൊരു വഴിയായിരുന്നു അത്.
കുറച്ചുദൂരം കൂടി കല്ലും മണ്ണും നിറഞ്ഞ ആ വഴിയിലൂടെ മുന്നോട്ട് നീങ്ങിയപ്പോൾ റോയ് വണ്ടി നിർത്തി.
മലഞ്ചരിവിലെ കാട്ടുപൊന്തകൾക്കും റബ്ബർ മരങ്ങൾക്കും നടുവിലായി തികച്ചും ഒറ്റപ്പെട്ട നിലയിൽ ആ ചെറിയ വീട് കാണപ്പെട്ടു. തുരുമ്പെടുത്ത ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ, പുറംചുവരുകളിലെ വെളുത്ത കുമ്മായം മഴവെള്ളപ്പാടുകളാൽ മങ്ങിയ ഒരു വീട്. വീടിന്റെ മുൻവശത്തെ ഇടുങ്ങിയ മൺമുറ്റത്ത് ഒടിഞ്ഞൊരു പ്ലാസ്റ്റിക് കസേരയും തുരുമ്പിച്ച ബക്കറ്റും അനാഥമായി കിടക്കുന്നു. ഉമ്മറത്ത് ഘടിപ്പിച്ചിരുന്ന പഴയ ഫിലമെന്റ് ബൾബ് പകൽവെളിച്ചത്തിലും നേർത്ത മഞ്ഞനിറത്തിൽ കത്തുന്നുണ്ടായിരുന്നു.
സജിയും റോയിയും വാതിലടച്ച് കാറിൽ നിന്നിറങ്ങി. ചുറ്റിലും ചീവീടുകളുടെ നിർത്താതെയുള്ള ശബ്ദം മാത്രം.
സജി മുന്നോട്ട് നടന്ന് വാതിലിൽ പതുക്കെ മുട്ടി. ബെൽ സ്വിച്ച് ഉണ്ടെങ്കിലും അത് പ്രവർത്തിക്കുന്ന മട്ടില്ലായിരുന്നു.
അകത്ത് നിന്ന് പാത്രങ്ങൾ തട്ടുന്ന നേർത്ത ശബ്ദവും തറയിലൂടെ കാലുകൾ വലിച്ചിഴയ്ക്കുന്ന അനക്കവും കേട്ടു.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം തടിയുടെ കുറ്റി നീങ്ങി വാതിൽ പകുതി തുറക്കപ്പെട്ടു.
നാൽപ്പത്തിയഞ്ചിന് മുകളിൽ പ്രായം തോന്നിക്കുന്ന, ക്ഷീണിതയായ ഒരു സ്ത്രീ വാതിൽക്കൽ നിന്നു. പഴയൊരു കോട്ടൺ നൈറ്റിയായിരുന്നു വേഷം. അലസമായി കെട്ടിവെച്ച ചെമ്പിച്ച മുടിയും, വെപ്രാളത്തോടെയുള്ള കണ്ണുകളും അവർ പെട്ടെന്ന് ഉറക്കത്തിൽ നിന്നോ അടുക്കളപ്പണിയിൽ നിന്നോ ഇറങ്ങിവന്നതാണെന്ന് തോന്നിപ്പിച്ചു.
"എന്താ... ആരെയാ തിരക്കുന്നത്?" അപരിചിതരായ രണ്ടുപേരെ കണ്ടതും അവരുടെ മുഖത്ത് സംശയം കനത്തു.
"തങ്കൻ ഇവിടെയുണ്ടോ?" സജി സൗമ്യമായി ചോദിച്ചു.
'തങ്കൻ' എന്ന പേര് കേട്ട നിമിഷം സ്ത്രീയുടെ മുഖഭാവം പാടെ മാറി. കണ്ണുകളിൽ ഞെട്ടലും ഒരുതരം വല്ലാത്ത അമർഷവും ഇരച്ചുകയറി.
"എന്തിനാ സാറന്മാരെ ഇനിയും... അങ്ങേരെ കൊണ്ടുപോയി നാലു പെട വെച്ച് ലോക്കപ്പിലിടാനാ?" അവരുടെ ശബ്ദത്തിൽ വിറയലും ഭയവും കലർന്നിരുന്നു. "ഇപ്പൊ കാട്ടിലോട്ടൊന്നും കേറുന്നില്ല. ഇവിടുത്തെ പണിയും നോക്കി മര്യാദയ്ക്ക് കഴിയുവാ..."
സജിയും റോയിയും പരസ്പരം ഒന്ന് നോക്കി.
"ഞങ്ങൾ പോലീസുകാരാണ്. പക്ഷേ തങ്കനെ പിടിച്ചുകൊണ്ടുപോകാനോ കേസെടുക്കാനോ വന്നതല്ല." സജി കൈകൾ മുന്നോട്ട് കാട്ടി വളരെ ശാന്തമായി പറഞ്ഞു. "കുറച്ചു പഴയ കാര്യങ്ങൾ ചോദിച്ചറിയാൻ മാത്രമാണ്."
സ്ത്രീ വാതിൽപ്പാളിയിൽ കൈകൾ മുറുക്കി, സംശയത്തോടെ അവരുടെ പിന്നിലെ കാറിലേക്കും വേഷത്തിലേക്കും നോക്കി.
"പിന്നെ എന്തിനാ സാറേ ഈ കാട്ടുമൂലയ്ക്ക് പോലീസുകാര് വരുന്നത്?" അവർ വീണ്ടും ശബ്ദം താഴ്ത്തി ചോദിച്ചു. തുടർന്ന് പിന്നിലെ ഇരുളടഞ്ഞ മുറിയിലേക്ക് ഭയത്തോടെ തിരിഞ്ഞുനോക്കി.
"തങ്കനോട് അത്യാവശ്യമായി സംസാരിക്കണം, അത് അയാളുടെ കൂടി നന്മയ്ക്കാണ്." സജി കൃത്യമായ ഉറപ്പോടെ പറഞ്ഞു.
അവരുടെ മുഖത്തെ അവിശ്വാസം പൂർണ്ണമായി മാറിയില്ലെങ്കിലും, പോലീസുകാരോട് തർക്കിച്ചു നിൽക്കാൻ കഴിയില്ലെന്ന നിസ്സഹായാവസ്ഥ ആ കണ്ണുകളിൽ തെളിഞ്ഞു.
"അങ്ങേര് അകത്തുണ്ട്..." സ്ത്രീ പതുക്കെ പറഞ്ഞു. "ഞാൻ... വിളിക്കാം."
കുറച്ചുനിമിഷങ്ങൾക്ക് ശേഷം അകത്തുനിന്ന് ധൃതിയില്ലാത്ത, പതുക്കെയുള്ള കാലടികളുടെ ശബ്ദം കേട്ടു.
സ്ത്രീ വാതിൽപ്പാളി അല്പം കൂടി പിന്നിലേക്ക് തള്ളിമാറ്റി.
അകത്തെ മങ്ങിയ ഇരുളിൽ നിന്ന് ഒരാൾ ഉമ്മറത്തേക്ക് ഇറങ്ങിവന്നു.
അമ്പത്തിയഞ്ചോളം വയസ്സ് പ്രായം. പാതി നരച്ച, പലയിടത്തും എഴുന്നുനിൽക്കുന്ന കുറ്റിത്താടി. വെയിലും കാറ്റുമേറ്റ് കരുവാളിച്ച മുഖത്ത് ചുളിവുകൾ വീണിരുന്നു. മെലിഞ്ഞ് ഉണങ്ങിയ ശരീരത്തിൽ മുഷിഞ്ഞൊരു കള്ളിമുണ്ടു മാത്രമായിരുന്നു വേഷം; തോളിൽ പഴയൊരു തോർത്ത് അലക്ഷ്യമായി കിടന്നു.
അയാൾ സംശയത്തോടൊപ്പം ഭയം മൂടിയ കണ്ണുകളോടെ സജിയെയും റോയിയെയും മാറിമാറി നോക്കി.
"എന്താ സാറേ... ഈ വഴി?" തങ്കന്റെ ശബ്ദം ഒട്ടൊന്ന് പതറി.
"ചില കാര്യങ്ങൾ ചോദിച്ചറിയാൻ വന്നതാണ്." സജി നിർവികാരമായി പറഞ്ഞു.
തങ്കൻ ഉമ്മറപ്പടിയിൽ നിന്നുതന്നെ കൈകൾ കൂട്ടിത്തിരുമ്മി.
"നീ രണ്ടു വർഷം മുൻപ് ആർക്കെങ്കിലും പാമ്പിൻവിഷം കൊടുത്തിട്ടുണ്ടോ?" സജിയുടെ ചോദ്യം പെട്ടെന്നായിരുന്നു.
ആ ചോദ്യം കേട്ട നിമിഷം തങ്കന്റെ മുഖത്തെ രക്തയോട്ടം നിലച്ചതുപോലെ തോന്നി. അയാൾ വെപ്രാളത്തോടെ രണ്ടു കൈകളും നെഞ്ചോട് ചേർത്ത് കൂപ്പിപ്പിടിച്ചു.
"എന്റെ പൊന്നു സാറേ... ആ പരിപാടിയൊക്കെ ഞാൻ എന്നേ നിർത്തിയതാ! ഇപ്പൊ ആ വഴിക്ക് പോലും പോകാറില്ല സാറേ..."
റോയ് സജിയെ ഒന്ന് നോക്കി.
സജി ഒരടി മുന്നോട്ട് കയറി നിന്ന് ശബ്ദം കടുപ്പിച്ചു. "ഇപ്പോഴത്തെ കാര്യമാണ് ചോദിച്ചതെന്ന് തോന്നിയോ? രണ്ടു വർഷം മുൻപത്തെ കാര്യമാണ്... കൃത്യമായി പറഞ്ഞാൽ, രാജവെമ്പാലയുടെ വിഷം."
'രാജവെമ്പാല' എന്ന വാക്ക് അന്തരീക്ഷത്തിൽ വീണതും തങ്കൻ വിറയലോടെ തലകുനിച്ചു.
"എന്റെ കർത്താവേ... എന്റെ പൊന്നു സാറേ..." തങ്കൻ ഏങ്ങലടിക്കുന്ന സ്വരത്തിൽ പറഞ്ഞു. "ജീവിതത്തിൽ ഒറ്റപ്രാവശ്യമേ ഞാൻ ആ ഏർപ്പാടിന് ശ്രമിച്ചിട്ടുള്ളൂ. അതിൽത്തന്നെ ഫോറസ്റ്റുകാര് എന്നെ കയ്യോടെ പൊക്കി... അന്ന് കിട്ടിയ ചൂരൽപ്രയോഗത്തിന്റെ വേദന ഇപ്പഴും ഈ നട്ടെല്ലിൽനിന്ന് മാറിയിട്ടില്ല സാറേ. കാട്ടിൽനിന്ന് വല്ല പന്നിയെയോ മ്ലാവിനെയോ പിടിച്ച് സമാധാനമായി ജീവിച്ചിരുന്ന എന്നെ ആരോ കാശ് കാണിച്ച് മോഹിപ്പിച്ച് ചാടിച്ചതാ..."
സജിയുടെ കണ്ണുകൾ തങ്കന്റെ മുഖത്തേക്ക് കൂർത്തുതറച്ചു. "ആ ഒറ്റപ്രാവശ്യം നടന്നത് എപ്പോഴായിരുന്നു?"
"എന്റെ സാറേ, അതൊരു നാല് കൊല്ലം മുൻപത്തെ കാര്യമാ! അന്ന് ഫോറസ്റ്റുകാരുടെ കൈയിൽനിന്ന് ഊരിപ്പോന്നതിൽപ്പിന്നെ ഞാൻ ആ പണിക്ക് പോയിട്ടില്ല. കിട്ടുന്ന റബ്ബർ വെട്ടും കൂലിപ്പണിയും ചെയ്ത് ഇവിടെ മര്യാദയ്ക്ക് ജീവിക്കുവാ സാറേ..."
"അന്ന് നീ ആർക്കുവേണ്ടിയാണ് ആ വിഷം ശേഖരിച്ചത്?" സജിയുടെ ചോദ്യത്തിൽ വ്യക്തമായ നിർബന്ധമുണ്ടായിരുന്നു.
തങ്കൻ ഒരു നിമിഷം ചുറ്റും നോക്കി പരുങ്ങി.
"അത്... പത്തനംതിട്ടക്കാരായിരുന്നു, സാറേ."
"പത്തനംതിട്ടക്കാരോ?" റോയ് പുരികം ചുളിച്ചു.
"ഉവ്വ് സാറേ. മലയോരങ്ങളിൽ നിന്ന് ഇതൊക്കെ ഒപ്പിച്ചെടുക്കുന്നതും മറിച്ച് ലക്ഷങ്ങൾക്ക് മറിച്ചുവിൽക്കുന്നതുമൊക്കെ അവിടുള്ള കുറച്ചെണ്ണമാണ്."
സജി അവന്റെ ഓരോ ഭാവവ്യത്യാസവും സൂക്ഷ്മമായി നിരീക്ഷിച്ചു. "അവർ അതിനുശേഷം എപ്പോഴെങ്കിലും നിന്നെ വീണ്ടും കോൺടാക്ട് ചെയ്തിരുന്നോ?"
"ഇല്ല സാറേ!" തങ്കൻ തല ശക്തിയായി ഇരുവശത്തേക്കും ആട്ടി. "ഫോറസ്റ്റുകാരുടെയോ പോലീസിന്റെയോ കണ്ണിൽപ്പെട്ടുകഴിഞ്ഞാൽ പിന്നെ അവർ നമ്മളെ തിരിഞ്ഞുനോക്കില്ല. റിസ്കുള്ള ആളുകളെ പൂർണ്ണമായി ഒഴിവാക്കും." അവൻ ശബ്ദം താഴ്ത്തി കൂട്ടിച്ചേർത്തു, "പക്ഷേ... ആ ഏർപ്പാട് അവന്മാർ ഇപ്പോഴും അവിടെ വലിയ രീതിയിൽ നടത്തുന്നുണ്ടെന്നാണ് കേൾക്കുന്നത്."
"ഇത്രയും വലിയ നെറ്റ്‍വർക്കോ?" റോയ് ചോദിച്ചു.
"അതൊരു അധോലോകം പോലെയാണ് സാറേ." തങ്കന്റെ കണ്ണുകളിൽ പഴയ ഭയം തെളിഞ്ഞു. "പച്ചമരുന്നിന്റെയും പാമ്പിൻവിഷത്തിന്റെയും പേരിലുള്ള വലിയ മാഫിയ."
"അവന്മാരുടെ ആരുടെയെങ്കിലും ഫോൺ നമ്പറോ കോൺടാക്റ്റോ നിന്റെ കൈയിലുണ്ടോ?" സജി ചോദിച്ചു.
"ഇല്ല സാറേ. അന്ന് ഒരോ ഇടപാടിനും ഓരോ പുതിയ സിമ്മും ഫോണുമാണ് ഉപയോഗിച്ചിരുന്നത്. ഒറ്റ തവണ മാത്രമേ ഒരു നമ്പറിൽ നിന്ന് സംസാരിക്കൂ. സ്ഥിരം നമ്പറുകളൊന്നും വെക്കില്ല."
"അതിൽ ആരെയെങ്കിലും നേരിട്ടോ അല്ലാതെയോ നിനക്ക് അറിയാമോ?" സജി വിട്ടുകൊടുക്കാതെ ചോദിച്ചു.
തങ്കൻ കുറച്ചുനേരം താടിക്ക് കൈകൊടുത്ത് ആലോചിച്ചു. ഓർമ്മകളുടെ അടിത്തട്ടിൽ നിന്ന് എന്തോ ചികഞ്ഞെടുക്കാൻ ശ്രമിക്കുന്നതുപോലെ അവന്റെ മുഖം ചുളിഞ്ഞു.
"ആ ഗ്രൂപ്പിൽ നിന്ന ഒരു റാന്നിക്കാരന്റെ പേര് ഞാൻ അന്ന് കേട്ടിട്ടുണ്ട് സാറേ... നേരിട്ട് കണ്ടിട്ടില്ല, പക്ഷേ പേര് കേട്ടിട്ടുണ്ട്."
സജിയുടെ കണ്ണുകൾ കൂർത്തു. "ആരാണ് അവൻ? എന്താണ് പേര്?"
തങ്കൻ വളരെ പതുക്കെ, ആ പേര് പുറത്തുപറയാൻ മടിക്കുന്നതുപോലെ പറഞ്ഞു:
"തീപ്പൊരി കറിയ."
ഒരു നിമിഷം സജിയും റോയിയും പരസ്പരം നോക്കി.
ഫോറസ്റ്റ് ഹെഡ്ക്വാട്ടേഴ്സിലെ വിജിലൻസ് ഫയലുകളിൽ നിന്ന് അവർ കുറിച്ചെടുത്ത, കേരളത്തിലെ അനധികൃത വന്യജീവി വേട്ടക്കാരുടെയും വിഷക്കടത്തുകാരുടെയും ലിസ്റ്റ് സജിയുടെ മനസ്സിലൂടെ മിന്നിമറഞ്ഞു. വയനാട്, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള വമ്പന്മാരുടെ വിവരങ്ങൾ അതിലുണ്ടായിരുന്നു.
പക്ഷേ...
'തീപ്പൊരി കറിയ' എന്നൊരു പേര് ഔദ്യോഗിക ഫയലുകളിലെവിടെയും ഉണ്ടായിരുന്നില്ല.
സജിയുടെയും റോയിയുടെയും മുഖത്ത് ഞെട്ടലും അതിശയവും ഒരുപോലെ തെളിഞ്ഞു.
ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക രേഖകളിൽ ഇല്ലാത്ത, എന്നാൽ താഴേത്തട്ടിലെ യഥാർത്ഥ മാഫിയ നിയന്ത്രിക്കുന്ന പുതിയൊരു അധോലോക കണ്ണിയുടെ പേര്...
അവരുടെ അന്വേഷണത്തിന് മുന്നിൽ പുതിയൊരു ഇരുണ്ട വാതിൽ തുറന്നിടുകയായിരുന്നു