കേരള പോലീസ് ആസ്ഥാനത്തിന്റെ ഗാംഭീര്യമുള്ള കെട്ടിടത്തിലേക്ക് ശിവ ഒറ്റയ്ക്ക് നടന്നു കയറി.
പുറത്ത് പതിവുപോലെ ഔദ്യോഗിക തിരക്ക് നിറഞ്ഞുനിന്നിരുന്നു. വിവിധ യൂണിഫോമുകളിലുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ഫയലുകളുമായി വേഗത്തിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നു. ഇടയ്ക്കിടെ മുഴങ്ങുന്ന ലാൻഡ്‌ഫോൺ ബെല്ലുകളും, അകലെനിന്നുള്ള കമാൻഡിംഗ് ശബ്ദങ്ങളും ചേർന്ന് ആ കെട്ടിടത്തിനുള്ളിൽ ഒരു നിയന്ത്രിതമായ ഭരണനിർവ്വഹണ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
ശിവ ലിഫ്റ്റിലേക്ക് കയറി. വാതിലുകൾ അടഞ്ഞതോടെ താഴത്തെ ബഹളങ്ങളെല്ലാം പൂർണ്ണമായി നിലച്ചു.
ലിഫ്റ്റ് മുകളിലെ നിലയിലെത്തി തുറന്നപ്പോൾ മുന്നിലുള്ള ഇടനാഴിയിൽ മറ്റൊരു ലോകത്തിന്റെ നിശ്ശബ്ദതയായിരുന്നു. ചുവരുകളിൽ മുൻ ഡിജിപിമാരുടെ ചിത്രങ്ങളും ഔദ്യോഗിക ഫലകങ്ങളും. ശിവ കട്ടിയുള്ള കാർപെറ്റ് വിരിച്ച ഇടനാഴിയിലൂടെ പതുക്കെ മുന്നോട്ട് നടന്നു.
അവസാനം അവൻ ലക്ഷ്യസ്ഥാനത്തെ വാതിലിന് മുന്നിലെത്തി. വാതിലിലെ നെയിംബോർഡിലേക്ക് അവന്റെ കണ്ണുകൾ പതിഞ്ഞു.
തോമസ് കുര്യൻ IPS, ADGP (Law & Order)
ശിവ വാതിലിൽ മൃദുവായി മുട്ടി.
"കം ഇൻ." അകത്തുനിന്ന് ഗൗരവം നിറഞ്ഞ അനുവാദം.
ശിവ വാതിൽ തുറന്ന് അകത്തേക്ക് കയറി.
വിശാലമായ മുറിയുടെ ഒത്ത നടുക്കായുള്ള വലിയ തേക്ക് തടിയുടെ ഡെസ്കിന് പിന്നിൽ എ.ഡി.ജി.പി. തോമസ് കുര്യൻ ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വലതുവശത്തുള്ള കസേരയിൽ ഒരു ഫയൽ പരിശോധിക്കുന്ന ഭാവത്തിൽ ഐ.ജി. പി. രവികുമാറും.
ശിവ രണ്ടുപേരെയും നോക്കി അറ്റൻഷനായി നിന്ന് കൃത്യമായ പ്രൊഫഷണലിസത്തോടെ സല്യൂട്ട് ചെയ്തു.
"ഗുഡ് ഈവനിംഗ്, സാർ."
"ഗുഡ് ഈവനിംഗ്." എ.ഡി.ജി.പി. നിർവികാരമായി പ്രതികരിച്ചു.
ശിവ നേരെ നോക്കി പറഞ്ഞു: "സാർ... എന്നെ കാണണമെന്ന് പറഞ്ഞിരുന്നു."
തോമസ് കുര്യൻ പെട്ടെന്ന് മറുപടിയൊന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ സൂക്ഷ്മമായ കണ്ണുകൾ കുറച്ചുനേരം ശിവയുടെ മുഖത്തുതന്നെ ഉറച്ചുനിന്നു. അരികിലിരുന്ന ഐ.ജി. രവികുമാറിന്റെ മുഖത്തും ഒരു അസ്വാഭാവിക ഭാവമുണ്ടായിരുന്നു.
ശിവ ഇരുവരുടെയും മുഖങ്ങളിലേക്ക് മാറിമാറി നോക്കി. അവരുടെ മുഖത്ത് വെറുമൊരു ഔദ്യോഗിക ഗൗരവം മാത്രമല്ലായിരുന്നു; എവിടെയോ അല്പം പുച്ഛവും ഒരുതരം ആധിപത്യ ഭാവവും കലർന്ന നിഴലുണ്ടായിരുന്നു.
ശിവ ആ സൂക്ഷ്മ ഭാവമാറ്റം കൃത്യമായി വായിച്ചെടുത്തു. എങ്കിലും, മുഖത്ത് യാതൊരു വികാരവ്യത്യാസവും വരുത്താതെ അവൻ പൂർണ്ണമായ അച്ചടക്കത്തോടെ നിവർന്നുതന്നെ നിന്നു.
മുറിക്കുള്ളിൽ അല്പനേരം കനത്തൊരു അസ്വസ്ഥത തളംകെട്ടിനിന്നു.
"എന്താ സുബ്രു... ജ്യോത്സനയുടെ കേസ് മാത്രം പോരെ? ലോകത്തുള്ള എല്ലാ കേസും തലയിലേറ്റാൻ നടക്കുകയാണോ?" ഐ.ജി. പി. രവികുമാർ ചുണ്ടിൽ പുച്ഛം കലർന്ന ചിരിയോടെ ചോദിച്ചു. "വിദേശികളൊക്കെയാണല്ലോ ഇപ്പോൾ നിന്റെ ക്ലയന്റ്സ് എന്ന് അറിഞ്ഞു!"
ശിവ യാതൊരു പ്രകോപനവുമില്ലാതെ ശാന്തനായി നിന്നു.
"സാർ... ജ്യോത്സന കേസ് അന്വേഷിച്ചുവന്നപ്പോഴാണ് പഴയൊരു കേസുമായി ഇതിന് വ്യക്തമായ ഒരു ലിങ്ക് കിട്ടിയത്. അതുകൊണ്ടാണ് അതും അന്വേഷിക്കേണ്ടി വന്നത്."
ഡെസ്കിൽ കൈകൾ കോർത്തുപിടിച്ചിരുന്ന എ.ഡി.ജി.പി. തോമസ് കുര്യൻ ശിവയെ ഒന്ന് സൂക്ഷിച്ചുനോക്കി.
"താൻ എന്ത് വേണമെങ്കിലും അന്വേഷിച്ചോ. ഫോർമൽ റിക്വസ്റ്റ് വെച്ചാൽ റീ-ഓപ്പൺ ചെയ്യാനുള്ള അനുമതി തരാം."
ഐ.ജി. രവികുമാർ കസേരയിലേക്ക് പിന്നോട്ട് ചാരി, ഒട്ടും ഗൗരവമില്ലാത്ത മട്ടിൽ കൈവിരലുകൾ മേശപ്പുറത്ത് തട്ടി.
"ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഇൻവെസ്റ്റിഗേഷൻ ഫോഴ്സാണ് കേരള പോലീസ്. അവരൊക്കെ അന്വേഷിച്ച് ക്ലോസ് ചെയ്ത കേസാണല്ലോ നമ്മുടെ ശിവ സുബ്രഹ്മണ്യം ഇപ്പോൾ വീണ്ടും കണ്ടുപിടിക്കാൻ പോകുന്നത്!"
ഒരു നിമിഷം നിർത്തി രവികുമാർ പരിഹാസത്തോടെ ഒന്ന് ചിരിച്ചു.
"ഓ... മറന്നു, ഇപ്പോൾ സി.എം.-ന്റെ സ്വന്തം ആളാണല്ലോ നമ്മുടെ സുബ്രു!" അവൻ അരികിലിരുന്ന എ.ഡി.ജി.പിയെ നോക്കി കണ്ണിറുക്കി. "ആ കാട്ടിൽ കിടന്ന് ഈറ്റ വെട്ടുന്നതിനേക്കാൾ എന്തുകൊണ്ടും ബെറ്ററല്ലേ ഇതൊക്കെ... അല്ലേടാ സുബ്രു?"
ശിവയുടെ കൺപീലികൾ പോലും അനങ്ങിയില്ല. ഒരു ഭാവവ്യത്യാസവുമില്ലാതെ, കനത്തതും എന്നാൽ ശാന്തവുമായ ശബ്ദത്തിൽ അവൻ പറഞ്ഞു:
"സാർ... എന്റെ പേര് ശിവ സുബ്രഹ്മണ്യം എന്നാണ്."
"ആ പേരിലുമുണ്ടല്ലോ ഒരു തലതിരിവ്!"
രവികുമാർ വീണ്ടും പ്രകോപിപ്പിക്കാൻ ഉറച്ചതുപോലെ പരിഹാസത്തോടെ ചിരിച്ചു.
"ശിവന്റെ മകനല്ലേ സുബ്രഹ്മണ്യം? ഇവിടെ സുബ്രഹ്മണ്യന്റെ മകൻ ശിവൻ! ഹ... ഹ..." അയാൾ വീണ്ടും പുച്ഛത്തോടെ ചിരിച്ചു. "അതെന്താടോ അങ്ങനെ ഒരു കീഴ്‌മേൽ മറിച്ചിൽ?"
ശിവയുടെ മുഖത്ത് ഒട്ടും കോപമോ പരിഭ്രമമോ തെളിഞ്ഞില്ല. അവൻ തികഞ്ഞ ശാന്തതയോടെ രവികുമാറിന്റെ കണ്ണുകളിലേക്ക് നേരെ നോക്കി.
"സാർ... നിങ്ങൾ കളിയാക്കി പറഞ്ഞതുപോലെ ബാംബൂ കോർപ്പറേഷനിൽ മാത്രമല്ല, എന്റെ വ്യക്തിജീവിതത്തിലും ഈറ്റയ്ക്ക് വലിയൊരു സ്ഥാനമുണ്ട്."
മുറിക്കുള്ളിലെ അന്തരീക്ഷം പെട്ടെന്ന് നിശ്ശബ്ദമായി. രവികുമാറിന്റെ ചുണ്ടിലെ പരിഹാസച്ചിരി പതിയെ മാഞ്ഞുതുടങ്ങി.
ശിവ തുടർന്നു:
"ഈറ്റ വെട്ടി പായും മുറവും പനമ്പും നെയ്ത് വിറ്റാണ് അദ്ദേഹം എന്നെ പഠിപ്പിച്ചത്. ജീവിതകാലം മുഴുവൻ മറ്റുള്ളവരുടെ മുന്നിൽ ആശ്രിതനായി ജീവിച്ചുതീർക്കേണ്ടി വന്ന ആ മനുഷ്യന്, തന്റെ മകനെങ്കിലും ആ അവസ്ഥയിൽ നിന്ന് ഒരു മാറ്റം ഉണ്ടാകണമെന്ന് തോന്നി."
ഒരു നിമിഷം അവൻ നിശ്ശബ്ദനായി. അവന്റെ ശബ്ദത്തിൽ ആഴത്തിലുള്ള ആത്മാഭിമാനം നിറഞ്ഞുനിന്നു.
"അതുകൊണ്ടാണ്..." അവൻ വാക്കുകൾക്ക് കനം നൽകി തുടർന്നു. "മറ്റാരുടെയും ആശ്രിതനല്ലാത്ത... എല്ലാറ്റിനും അതീതമായി നിൽക്കുന്ന, ആദിയും അന്തവും കണ്ടെത്താൻ ബ്രഹ്മാവിനോ വിഷ്ണുവിനോ പോലും സാധിക്കാത്ത ആ ആദിമ പറയന്റെ പേര്..."
മുറിയിൽ ശ്വാസമടക്കിയ നിശ്ശബ്ദത.
"...'ശിവൻ' "
ഒരു നിമിഷം ഇടവേള.
"ആ പേരാണ് അദ്ദേഹം എനിക്ക് നൽകിയത്."
"താൻ അതങ്ങ് വിടെടോ..." എ.ഡി.ജി.പി. തോമസ് കുര്യൻ പെട്ടെന്ന് ഇടപെട്ടുകൊണ്ട് ശിവയെ നോക്കി. "രവി... ചുമ്മാ ഒരു തമാശയ്ക്ക് പറഞ്ഞതല്ലേയുള്ളൂ!"
ശിവയുടെ ആത്മാഭിമാനം തുളുമ്പുന്ന വാക്കുകൾക്ക് മുന്നിൽ എ.ഡി.ജി.പിയുടെ കണ്ണുകളിൽ നേരിയൊരു പതർച്ചയും, ആ സംഭാഷണം അത്രത്തോളം പോകാൻ അനുവദിക്കരുതായിരുന്നുവെന്ന ചെറിയൊരു കുറ്റബോധവും നിഴലിച്ചു.
"കുഴപ്പമില്ല, സാർ." ശിവ തികഞ്ഞ ആത്മനിയന്ത്രണത്തോടെ മറുപടി നൽകി.
തോമസ് കുര്യൻ മേശപ്പുറത്തെ ഫയലിലേക്ക് നോക്കി ഒന്ന് മൂളി. പിന്നീട് കസേരയിൽ അല്പം മുന്നോട്ടാഞ്ഞു.
"ഓക്കേ... താൻ എന്തായാലും ആർതറിന്റെ കേസ് റീ-ഓപ്പൺ ചെയ്ത് അന്വേഷണവുമായി മുന്നോട്ട് പോയ്ക്കോളൂ. ഒഫീഷ്യൽ ഓർഡർ ഞാൻ ഇഷ്യൂ ചെയ്യാം." ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം കൂട്ടിച്ചേർത്തു, "എന്തെങ്കിലും ബുദ്ധിമുട്ടോ തടസ്സങ്ങളോ ഉണ്ടായാൽ എന്നെ നേരിട്ട് അറിയിച്ചാൽ മതി."
"ശരി, സാർ."
ശിവ തിരിഞ്ഞ് വാതിലിനരികിലേക്ക് നടന്നു. പിൻതിരിയും മുൻപ് അവൻ ഒരിക്കൽക്കൂടി നിവർന്നുനിന്നു. കസേരയിലിരുന്ന ഐ.ജി. രവികുമാറിന്റെ മുഖത്ത് അന്നേരം പഴയ അഹങ്കാരമോ പുച്ഛമോ ഉണ്ടായിരുന്നില്ല; വാക്കിനാൽ മുറിവേറ്റവന്റെ ഒരുതരം മൂകത മാത്രം.
ശിവ രണ്ടുപേരെയും നോക്കി അവസാനമായി ഒരിക്കൽക്കൂടി സല്യൂട്ട് ചെയ്തു.
"സാർ."
അവൻ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു. ഭാരമുള്ള ആ തടിയുടെ വാതിൽ പതുക്കെ അടഞ്ഞു.
മുറിക്കുള്ളിൽ വീണ്ടും കനത്തൊരു നിശ്ശബ്ദത തളംകെട്ടിനിന്നു. പരസ്പരം എന്തെങ്കിലും പറയാൻ പോലുമാകാതെ ആ രണ്ടു മുതിർന്ന ഉദ്യോഗസ്ഥരും കസേരയിൽത്തന്നെ നിശ്ചലരായി ഇരുന്നു.
0 comments:
Post a Comment