പേജുകള്‍‌

Tuesday, September 1, 2026

KSBI – ഇൻക്യൂബേറ്റ്: ദ എഗ്ഗ്സ് 22

Chapter 22 

ഓഫീസിലെ വലിയ സ്ക്രീനിൽ ഒരു ചാറ്റ് വിൻഡോ തുറന്നു കിടന്നു.

എല്ലാവരുടെയും കണ്ണുകളും അതിലായിരുന്നു.

മുറിക്കുള്ളിൽ ഒരു പ്രത്യേക തരം ആകാംക്ഷയും അക്ഷമയും നിറഞ്ഞിരുന്നു. രതീഷ് കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന് അവസാനത്തെ സെറ്റിംഗുകൾ പരിശോധിച്ചു. അജിത്തും നൗഷാദും വിമലയും ശിവയുടെ പിന്നിലായി നിന്നു.

അൽപസമയത്തിനുശേഷം സ്ക്രീനിൽ ഒരു മുഖം തെളിഞ്ഞു.

ഡാനിയൽ എഡ്വേഡ് ഹോതോൺ.

അമ്പതിലേക്ക് അടുക്കുന്ന പ്രായം തോന്നിക്കുന്ന, ഗൗരവമുള്ള മുഖം. പിന്നിലേക്ക് ഒതുക്കിയ മുടിയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന കണ്ണുകളും. ക്യാമറയ്ക്ക് മുന്നിൽ ഇരുന്നിരുന്നെങ്കിലും അയാളുടെ ഭാവത്തിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ ജാഗ്രത വ്യക്തമായിരുന്നു.

"ഗുഡ് ഈവനിംഗ്."

ഡാനിയൽ പറഞ്ഞു.

"ഗുഡ് ഈവനിംഗ്."

ശിവ മറുപടി നൽകി.

"ഞാൻ ശിവ. ഇൻവെസ്റ്റിഗേഷൻ ടീം, കേരള പോലീസ്."

"ഡാനിയൽ എഡ്വേഡ് ഹോതോൺ."

അയാളും പരിചയപ്പെടുത്തി.

"പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർ."

"നിങ്ങളുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം."

ശിവ പറഞ്ഞു.

"അതുപോലെ തന്നെ."

ഡാനിയൽ ചെറുതായി ചിരിച്ചു.

ശിവ നേരെ വിഷയത്തിലേക്ക് കടന്നു.

"ആർതർ ജെയിംസ് വിറ്റ്മോറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ ഇപ്പോൾ അന്വേഷണം നടത്തുന്നത്."

ഡാനിയൽ ഗൗരവമായി.

"അതിനെക്കുറിച്ച് തന്നെയാണ് ഞാനും അന്വേഷിക്കുന്നത്."

അയാൾ കുറച്ചുനേരം ഫയലുകളിലേക്ക് നോക്കുന്നതുപോലെ താഴേക്ക് നോക്കി.

"ആർതറിന്റെ ഇൻഷുറൻസ് ക്ലെയിം ഇപ്പോഴും പൂർണമായി തീർന്നിട്ടില്ല."

ശിവ ശ്രദ്ധയോടെ കേട്ടു.

"എന്തുകൊണ്ട്?"

"മരണത്തിന്റെ കൃത്യമായ കാരണം ഔദ്യോഗികമായി വ്യക്തമായി രേഖപ്പെടുത്തിയതിന്റെ തെളിവ് വേണം."

ഡാനിയൽ പറഞ്ഞു.

"ഇന്ത്യയിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ട് മാത്രം മതിയെന്ന നിലപാടിലല്ല ഇൻഷുറൻസ് കമ്പനി. അവർക്കത് സംബന്ധിച്ച് ചില സംശയങ്ങളുണ്ട്."

"അത് എന്തുകൊണ്ട്?"

"റിപ്പോർട്ടിലെ ചില വിവരങ്ങൾ അപൂർണമായിരുന്നു. അതുകൊണ്ടാണ് അവർക്കു കൂടുതൽ വിശദാംശങ്ങൾ ആവശ്യമായത്."

ഡാനിയൽ ഒരു നിമിഷം നിർത്തി.

"ഇന്ത്യൻ റിപ്പോർട്ടിൽ അവർക്ക് പൂർണമായ വിശ്വാസമില്ല."

ശിവയുടെ മുഖത്ത് ചെറിയൊരു മാറ്റം.

"അതിനാലാണോ കേസ് അന്വേഷണം വൈകിയത്?"

"അതും ഒരു കാരണമാണ്."

ഡാനിയൽ മറുപടി നൽകി.

"അന്വേഷണം തുടങ്ങുന്നതിനു മുൻപ് തന്നെ മെഡിക്കൽ രേഖകളും മരണത്തിന്റെ കൃത്യമായ വിശദാംശങ്ങളും ഉറപ്പാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ കാര്യങ്ങൾ കൂടുതൽ വൈകാതെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചത്."

ശിവ നൗഷാദിനെ ഒന്ന് നോക്കി.

പിന്നെ വീണ്ടും സ്ക്രീനിലേക്ക്.

"ഞങ്ങൾ ഇന്ന് കണ്ട ഡോക്ടർ..."

ശിവ പറഞ്ഞു.

"ഡോ. രാജേശ്വരി തമ്പി."

ഡാനിയൽ ഉടൻ പറഞ്ഞു.

"അതെ."

"അവരെ നിങ്ങൾ എങ്ങിനെയാണ് അന്വേഷിച്ച് കണ്ടെത്തിയത്?"

"ആദ്യമായി ലഭിച്ച റിപ്പോർട്ടിൽ അവരുടെ പേര് ഉണ്ടായിരുന്നു."

ഡാനിയൽ പറഞ്ഞു.

"അതുകൊണ്ട് കൂടുതൽ വിശദമായ പോസ്റ്റ്മോർട്ടം രേഖകൾക്കായി അവരുമായി ബന്ധപ്പെടണം എന്ന് തോന്നി."

അയാൾ ചെറിയൊരു പുഞ്ചിരിയോടെ കൂട്ടിച്ചേർത്തു.

"പിന്നെ... നെറ്റിൽ തിരഞ്ഞാണ് അവരുടെ നമ്പർ സംഘടിപ്പിച്ചത്."

മുറിയിൽ നിന്നിരുന്ന രതീഷ് പെട്ടെന്ന് സ്ക്രീനിലേക്ക് നോക്കി.

ശിവയുടെ മുഖത്ത് ചിന്ത തെളിഞ്ഞു.

"അപ്പോൾ നിങ്ങൾക്കും ആ റിപ്പോർട്ടിന്റെ പൂർണ വിവരങ്ങൾ തന്നെയാണ് വേണ്ടിയിരുന്നത്?"

"അതെ."

ഡാനിയൽ ഗൗരവത്തോടെ പറഞ്ഞു.

"കാരണം ആർതറിന്റെ മരണം സാധാരണ അപകടമരണം ആയിരുന്നെങ്കിൽ ഇൻഷുറൻസ് ക്ലെയിമിന് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകേണ്ട കാര്യമില്ല."

സ്ക്രീനിനപ്പുറം നിന്നിരുന്ന ആ മനുഷ്യന്റെ മുഖം കൂടുതൽ ഗൗരവമായി.

"അതുകൊണ്ടാണ് ഞങ്ങൾ ഈ കേസിനെ വീണ്ടും പരിശോധിക്കാൻ തുടങ്ങിയത്."

"ഞങ്ങൾക്കും ചില സംശയങ്ങൾ ഉണ്ടായി."

ശിവ പറഞ്ഞു.

"മറ്റൊരു കേസിന് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നൊരു സംശയം."

ഡാനിയലിന്റെ  മുഖത്ത് ആകാംക്ഷ തെളിഞ്ഞു.

"ഏതു കേസ്?"

"അത് ഞാൻ വിശദീകരിക്കാം."

ശിവ ഒന്ന് നിർത്തി.

"അതിനുമുൻപ് ഒന്ന് രണ്ടു കാര്യങ്ങൾ. നമ്മൾ രണ്ടുപേരും ഒരേ കേസിലാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. അതുകൊണ്ട് പരസ്പരം വിവരങ്ങൾ കൈമാറുന്നതിൽ വിരോധമില്ലല്ലോ, അല്ലേ?"

ശിവ ചെറുതായി ചിരിച്ചു.

ഡാനിയൽ പറഞ്ഞു: "കുഴപ്പമില്ല, എന്നാലും ഞങ്ങളുടേതായ കുറെ രഹസ്യങ്ങൾ ഉണ്ടായിരിക്കും."

"തീർച്ചയായും, ഞങ്ങൾക്കും. "

ഡാനിയൽ സമ്മതിച്ചു.

"ഓക്കേ. അങ്ങനെയാണെങ്കിൽ..."

ശിവ മുന്നോട്ട് ചാഞ്ഞിരുന്നു.

"ആർതറിന്റെ മൊബൈൽ ഡാറ്റ റിക്കവർ ചെയ്തോ?"

"ചെയ്തു."

"ഡീറ്റെയിൽസ് തരാൻ പറ്റുമോ?"

ഡാനിയൽ ഒട്ടും ആലോചിക്കാതെ പറഞ്ഞു.

"വൈ നോട്ട്? ഞാൻ മെയിൽ ചെയ്തേക്കാം."

ശിവ തലകുനിച്ചു.

"താങ്ക്സ്."

അവൻ കുറച്ചുനേരം മിണ്ടാതെ നിന്നു.

പിന്നെ ചോദിച്ചു.

"മറ്റൊന്ന്... ആർതറിന്റെ കഴുത്തിൽ ഉണ്ടായിരുന്ന ഒരു മാല ശ്രദ്ധിച്ചിരുന്നോ?"

ഡാനിയലിന്റെ മുഖത്ത് ചെറിയൊരു ആശയക്കുഴപ്പം.

"മാല?"

അയാൾ ഒന്ന് മുന്നോട്ടാഞ്ഞു.

"അങ്ങനെയൊന്നും അവന്റെ വസ്തുക്കളുടെ കൂടെ ഉണ്ടായിരുന്നില്ലല്ലോ?"

ശിവയുടെ കണ്ണുകൾ ചുരുങ്ങി.

"നിങ്ങൾ ഉറപ്പായി പറയുന്നതാണോ?"

"അതെ."

"കറുത്ത ചരടിൽ കെട്ടിയ ഒരു മാല."

ശിവ വ്യക്തമായി പറഞ്ഞു.

ഡാനിയൽ കുറച്ചുനേരം മിണ്ടാതെ നിന്നു.

"ഇല്ല. അങ്ങനെയൊന്നും ഇല്ല."

മുറിക്കുള്ളിൽ നിന്നിരുന്ന എല്ലാവരും പരസ്പരം നോക്കി.

ശിവയുടെ മുഖത്ത് സംശയം കൂടുതൽ കട്ടിയായി.

"അപ്പോൾ..."

അവൻ പതുക്കെ ചോദിച്ചു.

"അതെവിടെ?"

ശിവ മുന്നിലിരുന്ന ഫയലിൽ നിന്ന് ഒരു ഫോട്ടോ എടുത്തു.

"ഡാനിയൽ... ഈ ഫോട്ടോ  ഒന്ന് നോക്കൂ."

ഫോട്ടോ സ്ക്രീനിലേക്ക് കാണുന്ന തരത്തിൽ ശിവ ഉയർത്തിപ്പിടിച്ചു.

"ആർതർ മരിച്ചുകിടന്നപ്പോൾ എടുത്തതാണ്. കഴുത്തിലേക്ക് ഒന്ന് ശ്രദ്ധിച്ചു നോക്കൂ."

ഡാനിയൽ സ്ക്രീനിലെ ചിത്രം ശ്രദ്ധയോടെ നോക്കി.

കുറച്ചുനേരം ഒന്നും പറഞ്ഞില്ല.

"ഈ ഫോട്ടോ എന്റെ കൈയിലുമുണ്ട്. പക്ഷേ, ഞാൻ ആ മാലയ്ക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. "

അവന്റെ കണ്ണുകൾ പതുക്കെ തന്റെ ഫയലിൽ നിന്നും എടുത്ത അതെ ചിത്രത്തിലെ മാലയിലേക്ക് നീങ്ങി.

"ഞങ്ങൾക്ക് കിട്ടിയ സാധനങ്ങളുടെ  കൂടെ ഈ മാല ഇല്ലായിരുന്നു."

ഡാനിയൽ പറഞ്ഞു.

ശിവയുടെ മുഖത്ത് ചെറിയൊരു മാറ്റം.

"അതൊരു പ്രധാന കണ്ണിയാണ് ഇതിൽ."

അവൻ പറഞ്ഞു.

"ആ മാല വഴിയാണ് ഞങ്ങൾ ഈ കേസിലേക്ക് വരുന്നത്."

ഡാനിയൽ വീണ്ടും ചിത്രത്തിലേക്ക് നോക്കി.

"ഇത് ഒരു ആന്റിക് പീസ് ആണെന്ന് തോന്നുന്നല്ലോ."

"അതെ."

ശിവ പറഞ്ഞു.

"അത് തന്നെയാണ് ഞങ്ങൾക്കും തോന്നുന്നത്."

ഡാനിയൽ കുറച്ചുനേരം മാലയുടെ ചിത്രം നോക്കി.

"ഞാൻ ഇതിനെക്കുറിച്ച് അന്വേഷിക്കട്ടെ?"

"തീർച്ചയായും."

ശിവ ഉടൻ പറഞ്ഞു.

"അത് ആർതറിന്റെ കയ്യിൽ... എങ്ങനെയാണ് വന്നതെന്നും നോക്കണം."

അവൻ ഒരു നിമിഷം നിർത്തി.

"പിന്നെ പറ്റുമെങ്കിൽ ആർതറിന്റെ അവിടെയുള്ള ആക്ടിവിറ്റികളും കുടുംബപശ്ചാത്തലവും മറ്റും ഒന്ന് അന്വേഷിച്ച് വിവരം തരാമോ?"

ഡാനിയൽ തലകുലുക്കി.

"ശരി."

"ഞങ്ങൾ ഈ മാലയ്ക്ക് എന്താണ് പറ്റിയതെന്നും... ഇതിന് പിന്നിൽ ആരാണെന്നും നോക്കാം."

ശിവ പറഞ്ഞു.

"ഓക്കേ."

ഡാനിയലിന്റെ മറുപടിയോടെ സ്ക്രീനിലെ സംഭാഷണം അവസാനിച്ചു.

ചാറ്റ് വിൻഡോ അടഞ്ഞു.

മുറിയിൽ കുറച്ചുനേരം ആരും ഒന്നും സംസാരിച്ചില്ല.

സ്ക്രീനിൽ ഇനി ശൂന്യമായ ഒരു ഡെസ്ക്ടോപ്പ് മാത്രം.

ഡാനിയൽ മാലയെ തിരിച്ചറിഞ്ഞെന്ന ആശ്വാസമുണ്ടായിരുന്നു.

പക്ഷേ അതിന് പിന്നിലെ യഥാർത്ഥ കഥ ഇപ്പോഴും ഇരുട്ടിലായിരുന്നു.

അത്ഭുതവും... നിരാശയും... ഒരുപിടി പുതിയ ചോദ്യങ്ങളുമായി ശിവ സ്ക്രീനിലേക്ക് തന്നെ നോക്കി നിന്നു.

0 comments:

Post a Comment

Related Posts with Thumbnails