Chapter 21
മംഗളവനത്തിൽ നിന്ന് ശിവയും നൗഷാദും ഓഫീസിലേക്ക് തിരിച്ചു പോവുകയായിരുന്നു.
റോഡിന് ഇരുവശവും പച്ചപ്പിന്റെ നീണ്ട നിര. ഇടയ്ക്കിടെ റോഡരികിലേക്ക് ചാഞ്ഞുനിൽക്കുന്ന തെങ്ങുകളും വലിയ മരങ്ങളും. അവയ്ക്കിടയിൽ പഴയ വീടുകളും പുതിയ കെട്ടിടങ്ങളും ഇടകലർന്ന് കാഴ്ചയിൽ നിന്ന് പിന്നിലേക്ക് ഒഴുകിപ്പോകുന്നു.
വണ്ടിയുടെ ചില്ലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് ശിവ കുറച്ചുനേരം മിണ്ടാതിരുന്നു.
"രണ്ടു വർഷം കഴിഞ്ഞിട്ടും..."
അവൻ പതുക്കെ പറഞ്ഞു.
"ക്രൈം സീൻ ഫോട്ടോയിൽ കണ്ടതും അവിടെ അവശേഷിച്ചതുമായ സിഗരറ്റ് കുറ്റികളുടെ അവശിഷ്ടങ്ങളിലെ അവ്യക്തമായ അടയാളങ്ങൾ നോക്കിയാൽ പോലും ഇത് ഫോറിൻ സിഗരറ്റാണെന്ന് മനസ്സിലാക്കാം."
നൗഷാദ് ശ്രദ്ധിച്ചു കേട്ടു.
"അതും ഒരേ ബ്രാൻഡ്."
ശിവയുടെ ശബ്ദത്തിൽ ഉറപ്പ് ഉണ്ടായിരുന്നു.
"രണ്ടു വർഷം പഴക്കമുള്ള സ്ഥലത്ത് ഇത്രയും ചെറിയൊരു തെളിവ് മാത്രം ബാക്കി നിന്നിട്ടും അതിൽ നിന്ന് അത്രയെങ്കിലും കണ്ടെത്താൻ കഴിഞ്ഞത് ഭാഗ്യമാണ് ."
നൗഷാദ് കുറച്ചുനേരം ഒന്നും പറഞ്ഞില്ല.
പിന്നെ ചോദിച്ചു.
"ഇനി നമ്മൾ എന്ത് ചെയ്യും?"
ശിവ മുന്നിലേക്ക് നോക്കിക്കൊണ്ടുതന്നെ മറുപടി പറഞ്ഞു.
"ആദ്യം ഈ കേസ് റീ-ഓപ്പൺ ചെയ്യാനുള്ള പെർമിഷൻ ഐ.ജിയിൽ നിന്ന് മേടിക്കണം."
ഒരു നിമിഷം നിർത്തി.
"ഓഫീസിൽ ചെല്ലുമ്പോൾ ആദ്യം ചെയ്യേണ്ടത് അതാണ്."
"ശരി സാർ."
ശിവ വീണ്ടും പുറത്തേക്ക് നോക്കി.
"പിന്നെ ആ ഡിറ്റക്റ്റീവിനെ കിട്ടുകയാണെങ്കിൽ..."
അവൻ ഒന്ന് നിർത്തി.
"മാലയുടെ വിവരവും ഫോൺ ഡീറ്റെയിൽസും എടുക്കാം."
നൗഷാദ് പതുക്കെ തലയാട്ടി.
വണ്ടി നഗരത്തിന്റെ തിരക്കിലേക്ക് കടന്നുകൊണ്ടിരുന്നു.
പക്ഷേ അവരുടെ അന്വേഷണത്തിന്റെ വഴി...
ഇപ്പോഴാണ് കൂടുതൽ ഇരുണ്ടതാകാൻ തുടങ്ങിയത്.
ഓഫീസിൽ കയറിച്ചെന്നപ്പോൾ വിമല എന്തോ ഫയൽ നോക്കുകയായിരുന്നു. രതീഷ് കമ്പ്യൂട്ടറിൽ തിരക്കിലായിരുന്നു. അജിത്ത് ആരെയോ ഫോണിൽ സംസാരിക്കുകയായിരുന്നു.
അവരെ കണ്ടതും മൂന്നുപേരും എഴുന്നേറ്റ് സല്യൂട്ട് ചെയ്തു.
ശിവ എല്ലാവരെയും നോക്കി തലയാട്ടി.
പിന്നെ രതീഷിനെ വിളിച്ചു.
"രതീഷ്."
"സാർ."
"ടെലിഗ്രാം ഡീറ്റെയിൽസും ഡാറ്റ അനലൈസ് ചെയ്ത റിപ്പോർട്ടും എന്തായി?"
രതീഷ് കസേരയിൽ നിന്ന് തിരിഞ്ഞു.
"ഡാറ്റ അനലൈസ് റിപ്പോർട്ടിന് ഇനിയും കുറച്ച് സമയം എടുക്കും സാർ."
"ടെലിഗ്രാം?"
"അതിലാണ് പ്രശ്നം."
രതീഷ് മോണിറ്ററിൽ നിന്ന് കണ്ണെടുത്ത് ശിവയെ നോക്കി.
"ടെലിഗ്രാം ആപ്പിലെ വിവരങ്ങൾ പങ്കുവെക്കാൻ കമ്പനി തയ്യാറല്ല. അവരുടെ പോളിസിക്ക് അത് എതിരാണ്."
ശിവ കുറച്ചുനേരം ഒന്നും മിണ്ടാതെ നിന്നു.
രതീഷ് തുടർന്നു.
"അതുകൊണ്ടാണ് ചിലർ ടെലിഗ്രാം ഉപയോഗിക്കുന്നത്. പല രാജ്യങ്ങളിലെയും അന്വേഷണ ഏജൻസികൾക്ക് ഇതേ പ്രശ്നം നേരിടുന്നുണ്ട്. വിവരങ്ങൾ ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് ടെലിഗ്രാമുമായി നിയമപരമായ പ്രശ്നങ്ങളും ചില രാജ്യങ്ങൾക്കുണ്ട്."
ശിവ മേശപ്പുറത്ത് കൈവെച്ചു.
"വേറെന്തെങ്കിലും മാർഗം?"
രതീഷ് ചെറുതായി പുഞ്ചിരിച്ചു.
"ഒരു വളഞ്ഞ വഴിയുണ്ട്."
ശിവ അവനെ നോക്കി.
"എന്ത് വഴി?"
"പൊട്ടക്കണ്ണന്റെ മാവേലേറ് പോലെ... കൊണ്ടാൽ കൊണ്ടു."
ശിവയുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി തെളിഞ്ഞു.
"എന്താണ്?"
രതീഷ് കസേരയിൽ നിന്ന് എഴുന്നേറ്റു.
"ഞാൻ ജ്യോത്സനയുടെ ജിമെയിൽ റിക്കവർ ചെയ്തിട്ടുണ്ട്."
ശിവയുടെ മുഖഭാവം മാറി.
"ജിമെയിൽ?"
"അതെ സാർ. അവളുടെ ഫോണും ലാപ്ടോപ്പും മിസ്സായതുകൊണ്ട് കുറച്ച് ബുദ്ധിമുട്ടി."
രതീഷ് മേശപ്പുറത്തെ ചില രേഖകൾ എടുത്തു.
"എങ്കിലും ജോത്സനയുടെ പഴയ നമ്പറിൽ ഒരു പുതിയ സിം കാർഡ് എടുക്കാൻ കഴിഞ്ഞാൽ... ഔദ്യോഗിക authorization ഉപയോഗിച്ച്... പ്രൊവൈഡറോട് സാർ സംസാരിക്കണം "
അവൻ ഒന്ന് നിർത്തി.
"അത് അതേ ഗൂഗിൾ അക്കൗണ്ടുമായി ബന്ധിപ്പിച്ച് നോക്കാം."
ശിവ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു.
"പഴയ ഫോണിലെ ഡാറ്റ ക്ലൗഡിൽ ബാക്കപ്പ് ചെയ്തിട്ടുണ്ടെങ്കിൽ, പുതിയ ഫോണിലേക്ക് അത് തിരികെ എടുക്കാൻ കഴിഞ്ഞേക്കും."
രതീഷ് ആത്മവിശ്വാസത്തോടെ പറഞ്ഞു.
"അതിൽ നിന്ന് നമുക്ക് ടെലിഗ്രാം ചാറ്റിനേക്കാൾ കൂടുതൽ എന്തെങ്കിലും കിട്ടാനുള്ള സാധ്യതയുണ്ട്."
ശിവ കുറച്ചുനേരം രതീഷിനെ നോക്കി.
"എങ്കിൽ ആദ്യം അത് ചെയ്യാം."
"ശരി സാർ."
ശിവ ഫോൺ എടുത്തു.
ആദ്യം സിം പ്രൊവൈഡറെ വിളിച്ചു.
കാര്യങ്ങൾ ചുരുക്കമായി വിശദീകരിച്ച ശേഷം ഫോൺ വച്ചു.
അതിനുശേഷം നൗഷാദിനെ നോക്കി.
"നീ ഐ.ജിയെ ഒന്ന് വിളിക്ക്."
നൗഷാദ് ഉടൻ ഫോൺ എടുത്തു.
കുറച്ചുനേരം സംസാരിച്ച ശേഷം അവൻ ഫോൺ താഴ്ത്തി.
"സാർ..."
"എന്താ?"
"സാറിനോട് എ.ഡി.ജി.പി.യെ ചെന്ന് കാണണമെന്ന് ഐ.ജി. പറഞ്ഞു."
ശിവ ചെറുതായി തലയാട്ടി.
"ശരി. നമുക്ക് പോകാം."
അജിത് ഇടയിൽ കയറി വിളിച്ചു:
"സാർ..."
"എന്താ ?"
"ആ ഡിറ്റക്റ്റീവിനെ കിട്ടി. സംസാരിച്ചു."
ശിവയുടെ ശ്രദ്ധ പൂർണ്ണമായും അജിത്തിലായി.
"ആരാണത്?"
"അയാളുടെ പേര് ഡാനിയൽ എഡ്വേഡ് ഹോതോൺ. പ്രൈവറ്റ് ഡിറ്റക്റ്റീവാണ്."
ശിവ കസേരയിൽ നിന്ന് എഴുന്നേറ്റു.
"ആരാണ് അയാളെ കേസ് ഏൽപ്പിച്ചത്?"
"ആർതറിന്റെ ഭാര്യയാണ്."
അജിത്തിന്റെ ശബ്ദത്തിൽ ചെറിയൊരു ആവേശം ഉണ്ടായിരുന്നു.
"നമ്മുടെ കാര്യങ്ങൾ പറഞ്ഞപ്പോൾ അയാൾ ഇപ്പോൾ തന്നെ ഗൂഗിൾ മീറ്റിൽ വരാൻ തയ്യാറാണ്."
ശിവ നൗഷാദിനെ നോക്കി.
പിന്നെ രതീഷിനെയും വിമലയെയും.
മുറിയിലെ അന്തരീക്ഷം പെട്ടെന്ന് മാറിയിരുന്നു.
രണ്ടുവർഷം പഴക്കമുള്ള ഒരു മരണത്തിനുപിന്നിൽ ഒളിഞ്ഞിരുന്ന മറ്റൊരു വാതിൽ...
ഇപ്പോൾ അവരുടെ മുന്നിൽ തുറക്കാൻ പോകുകയായിരുന്നു.
0 comments:
Post a Comment