പേജുകള്‍‌

Friday, August 14, 2026

KSBI ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ് 4

“ഒന്നര വർഷം കഴിഞ്ഞിരിക്കുന്നു. ശരിക്കും പറഞ്ഞാൽ പതിനെട്ടു മാസവും ഏഴ് ദിവസവും. ജോത്സനയെ കാണാതായിട്ട് ഇത്രയും കാലമായി. പക്ഷേ, അവൾ എവിടെ മറഞ്ഞുപോയി എന്നതിന് ഇന്നും യാതൊരു തെളിവുമില്ല.”

ശിവ എല്ലാവരോടുമായി എന്നപോലെ പറഞ്ഞു.

അവന്റെ ശബ്ദത്തിൽ പതിവുള്ള ശാന്തതയുണ്ടായിരുന്നെങ്കിലും, ഓരോ വാക്കിലും അടങ്ങിയിരുന്ന അസഹിഷ്ണുത വ്യക്തമായിരുന്നു.

“അജിത്, ഈ റിപ്പോർട്ടിന്റെ കോപ്പി എടുത്ത് എല്ലാവർക്കും നൽകണം. ഒരാൾ മാത്രം കേസ് അന്വേഷിച്ചാൽ മതി എന്നില്ല. നമ്മൾ എല്ലാവരും ചേർന്നാണ് ഇത് അന്വേഷിക്കേണ്ടത്. ഞാനും നിങ്ങളും ഒരുമിച്ച്. ഒരാൾക്ക് കാണാൻ കഴിയാത്തത് ചിലപ്പോൾ മറ്റൊരാൾക്ക് കണ്ടെത്താൻ കഴിഞ്ഞേക്കും.”

SI അജിത്തിനെ നോക്കി ശിവ പറഞ്ഞു.

അജിത് തലയാട്ടി.

ജ്യോത്സന പെരുമ്പാവൂരിന് അടുത്തുള്ള കീഴില്ലം എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. അച്ഛൻ, അമ്മ, അനിയൻ, മുത്തച്ഛൻ എന്നിവരടങ്ങുന്ന ഒരു സാധാരണ ഇടത്തരം കുടുംബം.

എറണാകുളം മഹാരാജാസ് കോളേജിൽ ചരിത്രവിഭാഗത്തിൽ ഡോ. രഘുനാഥ് കൃഷ്ണന്റെ കീഴിൽ ഗവേഷണം നടത്തുകയായിരുന്നു അവൾ.

കാണാതാകുമ്പോൾ ഗവേഷണത്തിന്റെ അവസാനഘട്ടത്തിലായിരുന്നു.

അന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ അവളെക്കുറിച്ച് പിന്നീട് വീട്ടുകാർക്ക് യാതൊരു വിവരവും ലഭിച്ചില്ല.

പോലീസ് അന്വേഷണം ആരംഭിച്ചു.

വീട്ടിലും കോളേജിലും സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തു.

കീഴില്ലത്തിനുചുറ്റുമുള്ള പ്രദേശങ്ങളിൽ തുടങ്ങി എറണാകുളം ജില്ല മുഴുവൻ തിരച്ചിൽ നടത്തി. അവസാനമെന്നോണം കേരളമൊട്ടാകെ ലുക്ക്‌ഔട്ട് നോട്ടീസുകളും പത്രപരസ്യങ്ങളും നൽകി

ബസ് റൂട്ടുകൾ പരിശോധിച്ചു.

ആശുപത്രികൾ പരിശോധിച്ചു.

അവളുടെ മൊബൈൽ ലൊക്കേഷൻ, ബാങ്ക് ഇടപാടുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ—എല്ലാം പരിശോധിച്ചു.

പോലീസിന്റെ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എറണാകുളം ഗോശ്രീ പാലത്തിലൂടെ ജ്യോത്സന നടന്നു പോകുന്നതാണ് അവസാനമായി കാണാൻ കഴിഞ്ഞത്.

പക്ഷേ അതിനുശേഷം...

അവൾ പാലത്തിന്റെ മറുവശത്ത് എത്തിയതായി തെളിയിക്കുന്ന ഒരു ദൃശ്യവും കണ്ടെത്താനായില്ല.

ആ പാലത്തിലൂടെ കടന്നുപോയ വാഹനങ്ങളുടെയോ മറ്റേതെങ്കിലും CCTV ദൃശ്യങ്ങളുടെയോ പരിശോധനയിലും ജ്യോത്സനയുടെ യാതൊരു അടയാളവും കണ്ടെത്താനായില്ല..

പാലത്തിലേക്ക് കയറുന്ന ജ്യോത്സനയുണ്ട്.

പക്ഷേ മറുവശത്ത് ഇറങ്ങുന്ന ജ്യോത്സനയില്ല.

അവൾ എവിടേക്ക് പോയി?

പാലത്തിന്റെ നടുവിൽ നിന്ന് തിരിഞ്ഞുപോയോ?

വെള്ളത്തിലേക്ക് വീണോ?

ആരെങ്കിലും അവിടെ നിന്ന് കൂട്ടിക്കൊണ്ടുപോയോ?

ഒന്നിനും ഉത്തരമില്ല.

ഫോൺ പരിശോധനയിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. അവസാനമായി ഫോൺ ഉപയോഗിച്ച സമയവും അതിന് ശേഷമുള്ള മൗനവും സംശയം മാത്രം വർധിപ്പിച്ചു.

അവൾ കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തിരിക്കാം. മൃതദേഹം വേലിയിറക്കത്തിൽ ഒഴുകിപ്പോയി പുറംകടലിൽ എത്തിയിരിക്കാം, അല്ലെങ്കിൽ ചെളിയിൽ അടിഞ്ഞുപോയിരിക്കാം—എന്നൊരു നിഗമനം മാത്രമാണ് പോലീസിന് ഉണ്ടായിരുന്നത്.

പാലത്തിനു താഴെയുള്ള കായലിലും സമീപപ്രദേശങ്ങളിലുമെല്ലാം തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല.

അതുകൊണ്ട്...

ജ്യോത്സന മരിച്ചുവെന്ന് ഉറപ്പിക്കാനും പോലീസിന് കഴിഞ്ഞില്ല.

കാണാതായ ആളെന്ന നിലയിൽ കേസ് തുടർന്നു.

എന്നാൽ അവൾക്ക് ആത്മഹത്യ ചെയ്യാനുള്ള യാതൊരു കാരണവും ഇല്ലെന്നാണ് വീട്ടുകാരും കൂട്ടുകാരും പറഞ്ഞത്.

അതി സുന്ദരിയായിരുന്നെങ്കിലും പ്രണയബന്ധങ്ങളിലോ മറ്റേതെങ്കിലും ബന്ധങ്ങളിലോ അവൾ അകപ്പെട്ടിരുന്നില്ല. അതിലൊന്നും അവൾക്ക് താൽപര്യവുമുണ്ടായിരുന്നില്ല.

പഠനവും ഗവേഷണവും മാത്രമായിരുന്നു അവളുടെ ജീവിതത്തിലെ പ്രാധാന്യം.

കൂട്ടുകാരുടെ മൊഴി അതായിരുന്നു.

അവളുടെ ഗവേഷണം അവസാനഘട്ടത്തിലായിരുന്നു. അതിൽ യാതൊരു വിധ തടസ്സങ്ങളുമുണ്ടായിരുന്നില്ല.

“തന്റെ വിദ്യാർത്ഥി എന്ന നിലയിൽ അവളോട് വലിയ മതിപ്പായിരുന്നു. അവളുടെ അസാന്നിധ്യം തന്നെ മാനസികമായി വളരെ അലട്ടുന്നുണ്ട്.”

ഡോ. രഘുനാഥിന്റെ മൊഴി റിപ്പോർട്ടിലുണ്ടായിരുന്നു.

പക്ഷേ പതിനെട്ടു മാസവും ഏഴ് ദിവസവും കഴിഞ്ഞിട്ടും...

ജ്യോത്സനയുടെ ഒരു അടയാളവും കണ്ടെത്താനായില്ല.

ശിവ റിപ്പോർട്ടിന്റെ അവസാന പേജ് മേശപ്പുറത്ത് വെച്ചു.

കുറച്ച് നിമിഷങ്ങൾ ആരും ഒന്നും പറഞ്ഞില്ല.

“നമ്മുടെ മുന്നിൽ രണ്ടു വഴികളാണ് ഉള്ളത്.”

ശിവ എല്ലാവരെയും നോക്കി.

“ഒന്നുകിൽ പോലീസിന്റെ റിപ്പോർട്ട് ശരിവയ്ക്കുന്ന കൃത്യമായ തെളിവ് കണ്ടെത്തണം. അല്ലെങ്കിൽ...”

അവൻ ഒരു നിമിഷം നിശ്ശബ്ദനായി.

“ജ്യോത്സനയ്ക്ക് എന്ത് പറ്റിയെന്നും അവളെവിടെയാണെന്നും കണ്ടെത്തണം.”

എല്ലാവരും ശരിക്കും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു.

ഇത്തരമൊരു കീറാമുട്ടി കേസ് ആയിരിക്കും തങ്ങൾക്ക് ആദ്യം ലഭിക്കുക എന്ന് അവരാരും പ്രതീക്ഷിച്ചിരുന്നില്ല.

അൽപസമയത്തിനകം ശിവ പതുക്കെ ചോദിച്ചു:

“ഒരു കാര്യം ശ്രദ്ധിച്ചോ?”

എല്ലാവരുടെയും കണ്ണുകളും അവനിലേക്കു തിരിഞ്ഞു.

“ക്യാമറയിൽ അവൾ പാലത്തിലേക്ക് കയറുന്നത് വ്യക്തമാണ്.”

അവൻ വിരൽ കൊണ്ട് റിപ്പോർട്ടിലെ ഒരു വരിയിൽ തട്ടി.

“പക്ഷേ...”

ഒരു ചെറിയ ഇടവേള.

അവൾ പാലത്തിൽ നിന്ന് ഇറങ്ങിയതിന്റെ ദൃശ്യം ഇല്ല.

അവര്‍ ഇത് പറഞ്ഞുകൊണ്ടിരുന്ന സമയത്ത് തോളില്‍ ഒരു ബാഗും തൂക്കി മുപ്പതു വയസടുത്തു പ്രായമുള്ള ഒരാള്‍ ഓഫീസിലേക്ക് കയറിവന്നു

എല്ലാവരുടെയും ശ്രദ്ധ വാതിലിലേക്കു തിരിഞ്ഞു.

“സാർ...”

ശിവ അയാളെ നോക്കി.

“നിങ്ങളാരാ?”

അയാൾ മറുപടി പറയുന്നതിന് മുമ്പ്, അവന്റെ കണ്ണുകൾ മേശപ്പുറത്തിരുന്ന ജ്യോത്സനയുടെ ഫോട്ടോയിൽ പതിഞ്ഞു.

ഏതാനും നിമിഷങ്ങൾ അയാൾ ആ ഫോട്ടോയിൽ തന്നെ നോക്കി നിന്നു.

“ജ്യോത്സനയെക്കുറിച്ചാണോ അന്വേഷിക്കുന്നത്?”

0 comments:

Post a Comment

Related Posts with Thumbnails