പേജുകള്‍‌

Thursday, August 13, 2026

KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ്-2

 തന്റെ മുന്നിൽ അറ്റൻഷനായി നിന്ന് സല്യൂട്ട് അടിക്കുന്ന ശിവ സുബ്രഹ്മണ്യം IPS-നെ തിരിച്ച് അഭിവാദ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി സ. പി. കെ. വി. എന്ന പി. കെ. വിശ്വനാഥൻ തന്റെ സീറ്റിൽനിന്നും പതിയെ എഴുന്നേറ്റു.

"ഉം... ശിവ സുബ്രഹ്മണ്യം അല്ലേ?"

"അതെ, സാർ."

"എന്നെ സാർ എന്ന് വിളിക്കണ്ട. സഖാവ് എന്ന് മതി. അതാണെനിക്ക് ഇഷ്ടവും."

"ഓക്കേ, സാർ."

"എന്തുവാടോ ഇത്? തന്നെ ഇതേൽപ്പിച്ചാൽ വല്ലതും നടക്കുമോ?"

"നടക്കും സാ... അല്ല, സഖാവേ."

"ഓ, കാര്യങ്ങൾ ഡിജിപി പറഞ്ഞില്ലേ?"

"പറഞ്ഞിരുന്നു."

"പുതിയ ഒരു പരീക്ഷണമാണ്. നീതി കിട്ടാത്തവർക്ക് പ്രതീക്ഷയുടെ നറുവെട്ടം എന്നപോലെ. തെളിയിക്കപ്പെടാത്തതും തെളിയിക്കാൻ താൽപര്യമില്ലാത്തതുമായ ഒരുപാട് കേസുകൾ ഇവിടുണ്ട്. അതിൽ എന്തെങ്കിലും ഒരു മാറ്റം... അതാണ് ഞാൻ ഉദ്ദേശിക്കുന്നത്."

"മനസ്സിലായി, സഖാവേ."

"ഞാൻ പ്രതീക്ഷിച്ചിരുന്നത് ലോ ആൻഡ് ഓർഡറിൽ ഉള്ള, നല്ല ട്രാക്ക് റെക്കോർഡുള്ള ഒരാളെ അവർ തിരഞ്ഞെടുക്കും എന്നായിരുന്നു. പക്ഷേ അവർ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്."

"അതെ, സഖാവേ."

മുഖത്ത് ചെറിയ വാട്ടത്തോടുകൂടി ശിവ സുബ്രഹ്മണ്യം പറഞ്ഞു.

"താൻ വിഷമിക്കണ്ടെടോ. താൻ IPS അല്ലേ? അവസരം കിട്ടിയാൽ ആരും കഴിവ് തെളിയിക്കും. പക്ഷേ അതിനുവേണ്ടി ശ്രമിക്കുകകൂടി വേണം. താൻ പരിശ്രമിച്ചുനോക്കെടോ."

"പരിശ്രമിക്കാം, സഖാവേ."

"കാര്യം കുറ്റമെല്ലാം രാഷ്ട്രീയക്കാരുടെ തലയിലാണെങ്കിലും, ബ്യൂറോക്രാറ്റുകൾ നല്ല രീതിയിൽ സഹകരിച്ചാൽ മാത്രമേ ഭരിക്കുന്ന പാർട്ടിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റൂ. തന്നെ ഞാൻ വിശ്വസിക്കുന്നു. തനിക്കെന്തെങ്കിലും കൂടുതലായി പറയാനുണ്ടോ?"

"ഉണ്ട്, സഖാവേ."

"താൻ ധൈര്യമായി പറഞ്ഞോടോ. പത്രക്കാർ പറയുന്നതുപോലെ ഞാൻ അത്ര മുരടനൊന്നും അല്ലഡോ."

"സഖാവേ, ഞാൻ ഒരു കേസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞാൽ ആരും ഇടയ്ക്കുവെച്ച് തടസ്സം ഉണ്ടാക്കരുത് എന്നൊരു അപേക്ഷയുണ്ട്."

"ഹ... ഹ... ഓക്കേ, ഓക്കേ. ആരും തന്നെ ശല്യപ്പെടുത്തില്ലടോ. താൻ റിപ്പോർട്ട് എനിക്ക് മാത്രം തന്നാൽ മതി. കേസുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും എപ്പോൾ വേണമെങ്കിലും താൻ എന്നെ ബന്ധപ്പെട്ടോ. എവിടെ വേണമെങ്കിലും താൻ കയറി പരിശോധിച്ചോ. എന്നോട് ഒന്ന് അറിയിച്ചിട്ട്."

"അത് മതി, സഖാവേ."

സന്തോഷത്തോടുകൂടി ശിവ സുബ്രഹ്മണ്യം പറഞ്ഞു.

"നാളെയോടെ നിങ്ങൾക്കുള്ള ഓഫീസും കാര്യങ്ങളും എല്ലാം റെഡിയാകും. നാളെ കഴിഞ്ഞ് ആദ്യ കേസും അവിടെയെത്തും."

(തുടരും)

0 comments:

Post a Comment

Related Posts with Thumbnails