അധ്യായം 3
സമയം: രാവിലെ പത്തുമണി.
തന്റെ കൂടെയുള്ള ഓഫീസർമാരെ പരിചയപ്പെട്ടുകൊണ്ടിരിക്കുകയാണ് CI നൗഷാദ് അലി.
SI അജിത് തോമസ്, കോൺസ്റ്റബിൾമാരായ റോയ് ജോസഫ്, സജി സുകുമാരൻ, പിന്നെ വനിതാ ഹെഡ് കോൺസ്റ്റബിൾ വിമല സദാശിവൻ.
"ങ്ങാ... നല്ല ടീം. എല്ലാം ഒന്നിനൊന്നു മെച്ചമാണല്ലോ."
പരിഹാസത്തോടുകൂടി ആരോടെന്നില്ലാതെ നൗഷാദ് പറഞ്ഞു.
"ഇനി തലയായിട്ട് സുബ്രു സാറുകൂടി വന്നാൽ പൂർത്തിയായി."
ശിവ സുബ്രഹ്മണ്യത്തെ പോലീസ് ഡിപ്പാർട്ട്മെന്റിൽ കളിയായി വിളിക്കുന്നത് സുബ്രു എന്നാണ്.
"നൗഷാദ് സാറും മോശമൊന്നുമല്ലല്ലോ."
SI അജിത് പറഞ്ഞു.
"ഇതെന്തിനാ നമ്മളെ ഇവിടെ പിടിച്ചിട്ടത്? പുറത്തിരുന്നേൽ വല്ല വണ്ടിക്കരേയോ ചീട്ടുകളിക്കാരെയോ കുത്തിന് പിടിച്ച് നാല് ചക്രമുണ്ടാക്കാമായിരുന്നു."
SI തുടർന്നു.
"ദാണ്ടെ... സാർ വരുന്നു."
പുറത്തേക്ക് നോക്കിക്കൊണ്ട് വിമല എല്ലാവരോടുമായി വിളിച്ചുപറഞ്ഞു.
പെട്ടെന്ന് തന്നെ എല്ലാവരും തൊപ്പിയണിഞ്ഞ് അറ്റൻഷനിൽ ആയി.
അഞ്ചടി നാലിഞ്ച് മാത്രം ഉയരമുള്ള, കട്ടി മേൽമീശയും ഇരുണ്ട ശരീരനിറവുമുള്ള, അധികം തടിക്കാത്ത ശരീരപ്രകൃതിയുള്ള ശിവ സുബ്രഹ്മണ്യം ആ ഓഫീസിലേക്ക് കയറിവന്നു.
തനിക്ക് നൽകിയ സല്യൂട്ട് തിരിച്ചുനൽകിക്കൊണ്ട് ആ ഓഫീസ് മൊത്തമായി ഒന്ന് ഓടിച്ചുനോക്കി.
ഒരു ഓഫീസ് റൂമും രണ്ട് ക്യാബിനും, പിന്നെ ഒരു കിച്ചനും. രണ്ട് കമ്പ്യൂട്ടറുകളും അനുബന്ധ സാധനങ്ങളും.
എല്ലാം ഒന്നോടിച്ചുനോക്കിയശേഷം തന്റെ മുന്നിൽ നിൽക്കുന്ന, ഇനിമുതൽ തന്റെ സഹപ്രവർത്തകരാകേണ്ട ബാക്കിയുള്ളവരെയാകെ ഒന്ന് നോക്കി.
"ഇന്നലെ തന്നെ നിങ്ങളുടെ എല്ലാവരുടെയും സ്ഥാവരജംഗമ വിവരങ്ങൾ എനിക്ക് കിട്ടിയിരുന്നു."
പകുതി കളിയായെന്നവണ്ണം അവരോടായി ശിവ പറഞ്ഞു.
ഇഞ്ചികടിച്ച കുരങ്ങന്മാരെപ്പോലെ തന്നെ നോക്കിനിൽക്കുന്ന അവരോടായി അവൻ തുടർന്നു.
"നിങ്ങളെല്ലാവരും തന്നെ പണിഷ്മെന്റ് കിട്ടി ഈ ജോലിക്ക് വന്നുപെട്ടവരാണെന്ന് എനിക്കറിയാം. നിങ്ങളെത്തന്നെ ഇതിനു മേലോഫിസീന്ന് തെരഞ്ഞെടുത്തത്, അവർക്ക് ആർക്കും ഈ പുതിയ സംവിധാനത്തിൽ താൽപര്യമില്ലാത്തതിനാലാണ്. ഇതെങ്ങനെയെങ്കിലും ഇല്ലാതാകണം."
ഒന്ന് നിർത്തി മറ്റുള്ളവരുടെ ഭാവമാറ്റം ശ്രദ്ധിച്ചുകൊണ്ട് ശിവ തുടർന്നു.
"എന്നാൽ ഇത് വേണമെന്നും വിജയിക്കണമെന്നും ഒരാൾ അതിയായി ആഗ്രഹിക്കുന്നുണ്ട്. നമ്മുടെ സിഎം."
ഒന്ന് നിർത്തി വീണ്ടും തുടർന്നു.
"ഇപ്പോൾ മുതൽ നമ്മളും അതാഗ്രഹിക്കുകയും അതിനുവേണ്ടി പരമാവധി പ്രവർത്തിക്കുകയും ചെയ്യും."
ആജ്ഞ പോലെ അവൻ പറഞ്ഞു.
"നമ്മുടെ മേലുള്ള എല്ലാ കളങ്കവും മാറ്റാനും നമ്മളെ അവജ്ഞയോടെ കണ്ടവരുടെ മുന്നിൽ തലയുയർത്തി നിൽക്കാനുമുള്ള അവസരമായി ഇതിനെ കാണണം. ശരിയല്ലേ?"
അവരോടായി ചോദിച്ചു.
"യെസ് സാർ!"
ആത്മാഭിമാനത്തോടെയെന്നപോലെ അവർ ഒരുമിച്ച് ഉച്ചത്തിൽ പറഞ്ഞു.
"അപ്പോൾ നമുക്ക് ആരംഭിക്കാം, അല്ലേ?"
"ഓക്കേ, സാർ."
CI നൗഷാദ് പറഞ്ഞു.
"ഒരാൾകൂടി ഉടൻ തന്നെ നമ്മോടൊപ്പം ചേരും. അതിന് പറ്റിയ ആളെ കിട്ടാഞ്ഞിട്ടാണെന്ന് തോന്നുന്നു."
ശിവ പറഞ്ഞു.
"നൗഷാദ്, എല്ലാവർക്കും ഓഫീസിലുള്ള വർക്കുകളും കാര്യങ്ങളും ഡിവൈഡ് ചെയ്ത് നൽകൂ."
ഏകദേശം അരമണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും.
സിഎമ്മിന്റെ ഓഫീസിൽനിന്നും ആദ്യ കേസിന്റെ ഫയൽ ശിവയെ തേടി എത്തി.
തന്റെ കയ്യിലിരുന്ന ഫയൽ വായിച്ചശേഷം അവൻ എല്ലാവരെയും വിളിച്ചുചേർത്തു.
"നമ്മുടെ ആദ്യ കേസ് അസൈൻ ചെയ്ത് കിട്ടിയിട്ടുണ്ട്. നിങ്ങൾക്കെല്ലാം അറിയാവുന്ന ഒന്നാണ് അത്. ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായ ജ്യോത്സന എന്ന പെൺകുട്ടിയുടെ കേസ്."
"ആ കേസോ?"
ആശ്ചര്യത്തോടെ SI അജിത് വിളിച്ചുപറഞ്ഞു.
എല്ലാവരുടെയും ഭാവം അതുതന്നെയായിരുന്നു—ആശ്ചര്യവും അത്ഭുതവും.
(തുടരും)
0 comments:
Post a Comment