“അഹ്...”
ശിവ താൽപര്യമില്ലാത്തതുപോലെ മൂളി. കൈയിലെ ഫയലിൽ നിന്ന് കണ്ണെടുക്കാൻ പോലും അവൻ തയ്യാറായില്ല.
“വൗ! ഐ ആം എക്സൈറ്റഡ്... റിയലി എക്സൈറ്റഡ്! ഇതുപോലുള്ള അടിപൊളി കേസ് വേണം അന്വേഷിക്കാൻ!”
ചെറുപ്പക്കാരൻ അത്യധികം സന്തോഷത്തോടെ പറഞ്ഞു.
“ഇതൊക്കെ പറയാൻ നീയാരാടാ?”
സജി തനി പോലീസിന്റെ ഭാവത്തിൽ ചോദിച്ചു.
“സാറായിരിക്കുമല്ലേ... ശിവ സുബ്രഹ്മണ്യം IPS?”
ശിവയെ നോക്കിക്കൊണ്ട് അവൻ ചോദിച്ചു.
“അപ്പോൾ നീയാണല്ലേ ഏഴാമൻ... IT ഡിപ്പാർട്ട്മെന്റ്?”
ശിവ ചോദിച്ചു.
“യെസ്, സാർ!”
അവൻ പെട്ടെന്ന് അറ്റൻഷനിൽ നിന്നുകൊണ്ട് ശിവയെ സല്യൂട്ട് ചെയ്തു.
“സാർ, എന്റെ പേര് രതീഷ് ശശി. ഈ ഫോട്ടോ കണ്ടപ്പോൾ ഉണ്ടായ ഒരു വികാരപ്രകടനമായി മാത്രമേ ഇപ്പോൾ നടന്നതിനെ കാണാവൂ, സാർ.”
കയ്യിലിരുന്ന കത്ത് ശിവയുടെ നേരെ നീട്ടിക്കൊണ്ട് രതീഷ് പറഞ്ഞു.
“താനും പണിമേടിച്ച് വന്നതാണോ ഇങ്ങോട്ട്?”
റോയി ചോദിച്ചു.
“അതെ, സാർ. നിങ്ങളും അങ്ങനെ തന്നെയാണെന്ന് എനിക്കറിയാം. ശിവ സാറിനെ ഒഴിച്ച്... സാറിനിട്ടാണ് പണി കൊടുത്തിരിക്കുന്നത് എന്നും.”
യാതൊരു ഗൗരവവുമില്ലാത്തതുപോലെ രതീഷ് പറഞ്ഞു.
ഒരു നിമിഷം അവിടെ നിശ്ശബ്ദത പടർന്നു.
പിരിമുറുക്കി നിന്നിരുന്ന അന്തരീക്ഷം രതീഷിന്റെ സാന്നിധ്യത്തിൽ അല്പം അയഞ്ഞു.
ശിവ മാത്രം കൈയിലെ കത്ത് നോക്കിക്കൊണ്ടിരുന്നു.
രതീഷ് പുഞ്ചിരിച്ചുകൊണ്ട് അവനെ നോക്കി.
“സാർ... കത്തിൽ എഴുതിയിരിക്കുന്നത് വായിച്ചിട്ട് എന്നെ പുറത്താക്കല്ലേ. ആദ്യം കേസ് എന്താണെന്ന് പറഞ്ഞുതരൂ.”
“ഓക്കേ... ഓക്കേ.”
ശിവ കത്ത് മടക്കി മുന്‍പിലിരുന്ന ഫയളിനുള്ളിലേക്ക് വച്ചു.
“ഇപ്പോൾ നമ്മുടെ ടീം പൂർണ്ണമായി. ആദ്യ കേസും ഇതാ മുന്നിൽ. ഇനി അന്വേഷണം തീരുന്നതുവരെ നമുക്ക് വിശ്രമം എന്നൊന്നില്ല.”
അവൻ എല്ലാവരെയും മാറിമാറി നോക്കി.
“എല്ലാവരും നിലവിലുള്ള കേസ് റിപ്പോർട്ട് നന്നായി വായിക്കണം. നമ്മുടെ ടീമിനെ മൂന്നായി തിരിക്കുകയാണ്.”
ഒരു നിമിഷം നിശ്ശബ്ദനായി നിന്ന ശേഷം ശിവ പറഞ്ഞു:
“നൗഷാദും സജിയും—ഒന്നാം ടീം.”
ഇരുവരും ശിവയെ നോക്കി.
“അജിത്, റോയി, വിമല—രണ്ടാം ടീം.”
അവരും തലയാട്ടി.
“ബാക്കിയുള്ളത് ഞാനും രതീഷും.”
ശിവ എല്ലാവരെയും നോക്കി.
“ആർക്കെങ്കിലും പ്രശ്നമുണ്ടോ?”
ആരും ഒന്നും പറഞ്ഞില്ല.
“ശരി.”
ശിവ മേശപ്പുറത്തിരുന്ന റിപ്പോർട്ട് വീണ്ടും തുറന്നു.
“അജിത്തിന്റെ ടീം ജോത്സനയുടെ വീട്ടിലും പരിസരത്തും അന്വേഷിക്കുക. കുടുംബാംഗങ്ങളിൽ നിന്ന് ഇതിനകം എടുത്ത മൊഴികൾ വീണ്ടും പരിശോധിക്കണം. ചെറിയൊരു വൈരുദ്ധ്യം പോലും വിട്ടുകളയരുത്.”
അജിത് തലയാട്ടി.
“നൗഷാദിന്റെ ടീം കോളേജിൽ. അവളുടെ ഗവേഷണം, സുഹൃത്തുക്കൾ, അധ്യാപകർ, അവൾ അവസാനമായി കണ്ട ആളുകൾ—എല്ലാം പരിശോധിക്കുക.”
നൗഷാദ് കുറിപ്പെടുക്കാൻ തുടങ്ങി.
“ഞാനും രതീഷും അവളെ അവസാനമായി കണ്ടതായി രേഖയുള്ള ഭാഗങ്ങളും അതിന് മുമ്പും ശേഷവുമുള്ള എല്ലാ വഴികളും പരിശോധിക്കും.”
ശിവയുടെ ശബ്ദം കൂടുതൽ ഗൗരവമായി.
“പ്രത്യേകിച്ച് ഗോശ്രീ പാലം. പാലത്തിൽ കയറുന്ന അവൾ... മറുവശത്ത് ഇറങ്ങാത്തത് എന്തുകൊണ്ടാണെന്ന് നമുക്ക് കണ്ടെത്തണം.”
അവൻ കസേരയിൽ നിന്ന് എഴുന്നേറ്റു.
“തൽക്കാലം എല്ലാവരും സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുക. യാത്രാചെലവ് നമ്മൾ സെറ്റിൽ ചെയ്യും.”
ഒരു ചെറിയ ഇടവേള.
“രണ്ടു ദിവസത്തിനകം ആദ്യ റിപ്പോർട്ട് എന്റെ മേശപ്പുറത്ത് വേണം.”
ശിവ ഫയൽ അടച്ചു.
“എന്ത് കിട്ടിയാലും... ചെറിയതായാലും വലിയതായാലും... എന്നിൽ നിന്ന് ഒന്നും മറച്ചുവയ്ക്കരുത്.”
മുറിയിലുണ്ടായിരുന്ന എല്ലാവരും എഴുന്നേറ്റു.
ജ്യോത്സനയെ കണ്ടെത്താനുള്ള ആദ്യ ഔദ്യോഗിക അന്വേഷണം അങ്ങനെ ആരംഭിച്ചു.
പതിനെട്ടു മാസവും ഏഴ് ദിവസവും പഴക്കമുള്ള ഒരു ഫയൽ വീണ്ടും തുറന്നു.
അതിനുള്ളിൽ മറഞ്ഞുകിടന്നിരുന്നത് ഒരു പെൺകുട്ടിയുടെ തിരോധാനം മാത്രമായിരുന്നോ...
അല്ലെങ്കിൽ, ആരും ഇതുവരെ കാണാതെ പോയ മറ്റെന്തെങ്കിലുമോ?
0 comments:
Post a Comment