Chapter 12
തന്റെ മുൻപിൽ നിരത്തി വെച്ചിരുന്ന റിപ്പോർട്ടുകളിലൂടെ ശിവ പതുക്കെ കണ്ണോടിച്ചു.
ഓരോ ഫയലും രണ്ടുമൂന്നു തവണ പരിശോധിക്കുകയായിരുന്നു അവൻ. ചില പേജുകളിൽ വിരൽ നിർത്തി എന്തോ ശ്രദ്ധാപൂർവ്വം വായിച്ചു. മറ്റുചിലത് വായിച്ചുതീർന്നതിനു ശേഷം പിന്നിലേക്ക് ചാരി ഇരുന്ന് കുറച്ചുനേരം മുകളിലേക്ക് നോക്കി.
മേശയ്ക്കു ചുറ്റുമുണ്ടായിരുന്നവർ ആരും ഒന്നും സംസാരിച്ചില്ല.
ശിവയുടെ മുന്നിൽ കിടന്നിരുന്നത് ഓരോ ടീമുകളും കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച വിവരങ്ങളുടെ വിശദമായ റിപ്പോർട്ടുകളായിരുന്നു.
"രതീഷ്..."
ശിവ വിളിച്ചതും മുറിയുടെ ഒരു കോണിൽ പുതിയ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന രതീഷ് തല ഉയർത്തി നോക്കി.
"സാർ."
"അത് എങ്ങനെയുണ്ട്?"
"പ്രശ്നമൊന്നുമില്ല സാർ. ഞാൻ മുഴുവൻ സിസ്റ്റവും ചെക്ക് ചെയ്യുകയാണ്."
രതീഷ് മോണിറ്ററിലേക്ക് തിരിഞ്ഞു.
KSBI-യ്ക്ക് പുതുതായി ലഭിച്ചിരുന്ന ആ കമ്പ്യൂട്ടർ സാധാരണ ഓഫീസ് ഉപയോഗത്തിനുള്ള ഒന്നായിരുന്നില്ല. പ്രത്യേകം കോൺഫിഗർ ചെയ്തിരുന്ന സിസ്റ്റമായിരുന്നു അത്. വിവിധ ഡാറ്റാബേസുകളിൽ നിന്നുള്ള വിവരങ്ങൾ ഒരുമിച്ച് ക്രോസ്-റഫറൻസ് ചെയ്യാനും, വലിയ തോതിലുള്ള ഡാറ്റകൾ വേഗത്തിൽ പരിശോധിക്കാനും കഴിയുന്ന രീതിയിലായിരുന്നു സംവിധാനം ഒരുക്കിയിരുന്നത്.
കീബോർഡിൽ രതീഷിന്റെ വിരലുകൾ വേഗത്തിൽ ചലിച്ചു.
സ്ക്രീനിൽ ഒന്നിനു പിന്നാലെ ഒന്നായി വിൻഡോകൾ തുറന്നു.
"സാർ... ഒരു മിനിറ്റ്."
"എന്താ?"
"ഞാൻ നേരത്തെ പറഞ്ഞിരുന്ന ആ ഡാറ്റ റൺ ചെയ്യട്ടെ?"
ശിവ തല ഉയർത്തി നോക്കി.
"ചെയ്യൂ."
രതീഷ് വീണ്ടും സ്ക്രീനിലേക്ക് ശ്രദ്ധിച്ചു.
ശിവ കൈയിലെ ഫയൽ അടച്ച് മേശപ്പുറത്ത് വെച്ചു.
മുറിയിലുണ്ടായിരുന്ന ഓരോരുത്തരെയും അവൻ മാറിമാറി നോക്കി. കുറച്ചുനേരം ഒന്നും പറയാതെ നിന്ന ശേഷം ശിവ പതുക്കെ പറഞ്ഞു.
"സത്യത്തിൽ... നമ്മൾ ഇതുവരെ വലിയ രീതിയിൽ ഒന്നും കണ്ടുപിടിച്ചിട്ടില്ല."
അവന്റെ വാക്കുകൾ കേട്ട് എല്ലാവരും പരസ്പരം നോക്കി.
ശിവ ചെറുതായി പുഞ്ചിരിച്ചു.
"ഞാനും രതീഷും മാത്രമാണ് ശരിക്കും ഒന്നും കണ്ടുപിടിക്കാത്തത്."
രതീഷ് കമ്പ്യൂട്ടറിൽ നിന്ന് മുഖമുയർത്തി ശിവയെ നോക്കി.
"പക്ഷേ..."
ശിവ മേശപ്പുറത്തിരുന്ന റിപ്പോർട്ടുകളിലേക്ക് നോക്കി.
"ഞാൻ പരിശോധിച്ചതിൽ നിങ്ങൾ എല്ലാവരും വളരെ നല്ല രീതിയിൽ തന്നെയാണ് വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. ഓരോരുത്തരും തങ്ങൾക്ക് ഏൽപ്പിച്ച ഭാഗം കൃത്യമായി പരിശോധിച്ചിട്ടുണ്ട്."
അവൻ മുന്നിലിരുന്ന ഒരു ഫയൽ എടുത്തു.
"പക്ഷേ ഈ കേസിനെ ഒരു മുഴുവൻ ചിത്രമായി നോക്കുമ്പോൾ, നമ്മൾ ശ്രദ്ധിക്കേണ്ടത് പ്രധാനമായി നാല് കാര്യങ്ങളാണ്."
മുറിയിലെ അന്തരീക്ഷം പെട്ടെന്ന് മാറി.
എല്ലാവരുടെയും ശ്രദ്ധ ശിവയിലായി.
"ഒന്നാമത്തേത്..."
അവൻ വിരൽ ഉയർത്തി.
"പുനർജന്മത്തെക്കുറിച്ചുള്ള അന്വേഷണം."
മുറിയിൽ വീണ്ടും നിശ്ശബ്ദത.
"ഇത് വെറുമൊരു കഥയോ വിശ്വാസമോ ആയി തള്ളിക്കളയാൻ കഴിയില്ല. എന്തോ അതിൽ ഉണ്ട് . അതെന്താണ് എന്നാണ് നമ്മൾ കണ്ടെത്തേണ്ടത്."
അവൻ രണ്ടാമത്തെ വിരൽ ഉയർത്തി.
"രണ്ടാമത്തേത്... മാല."
ഒരു നിമിഷം ശിവയുടെ കണ്ണുകളിൽ ആ വാക്കിനൊപ്പം ഗൗരവം നിറഞ്ഞു.
"നമ്മുടെ കൈയിൽ കിട്ടിയ മറ്റു വിവരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ആ മാല ഒരു സാധാരണ തെളിവായി കാണാൻ കഴിയില്ല. അതിന് ഈ സംഭവങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് എനിക്ക് തോന്നുന്നു."
അവൻ മൂന്നാമത്തെ വിരൽ ഉയർത്തി.
"മൂന്നാമത്തേത്..."
അവൻ മേശപ്പുറത്തിരുന്ന മറ്റൊരു റിപ്പോർട്ടിലേക്ക് നോക്കി.
"സാധാരണ ചെറുപ്പക്കാർ സിനിമയോ വീഡിയോയോ ഷെയർ ചെയ്യാൻ കൂടുതലായി ഉപയോഗിക്കുന്ന ടെലിഗ്രാം."
രതീഷ് വീണ്ടും ശ്രദ്ധയോടെ കേൾക്കാൻ തുടങ്ങി.
"അവിടെ മറുവശത്ത് ഒരാൾ ഉണ്ട്.."
ശിവയുടെ ശബ്ദം കൂടുതൽ താഴ്ന്നു.
"അയാൾ ആരാണ്? ആരോടാണ് സംസാരിക്കുന്നത്? എന്താണ് കൈമാറുന്നത്? അതിലും പ്രധാനമായി... എന്തിനാണ് ടെലിഗ്രാം തന്നെ ഉപയോഗിക്കുന്നത്?"
ആരും മറുപടി പറഞ്ഞില്ല.
"നാലാമത്തേത്..."
ശിവ കുറച്ചുനേരം നിശ്ശബ്ദനായി നിന്നു.
"മാല വാങ്ങാൻ പോലീസ് ആയി വേഷം കെട്ടി വന്ന ആൾ."
ഇത്തവണ മുറിയിൽ ചെറിയൊരു ചലനം ഉണ്ടായി.
ശിവ എല്ലാവരെയും നോക്കി.
"ഇവ രണ്ടും തമ്മിൽ ബന്ധമില്ലാത്ത കാര്യങ്ങളാണെന്ന് ഇപ്പോൾ തോന്നാം."
അവൻ മേശപ്പുറത്ത് വിരലുകൾ പതുക്കെ തട്ടി.
"പക്ഷേ എനിക്ക് അങ്ങനെ തോന്നുന്നില്ല."
"നമ്മുടെ മുന്നിൽ കിടക്കുന്ന ഈ നാല് കാര്യങ്ങളും ഒരേ കഥയിലെ നാല് വ്യത്യസ്ത ഭാഗങ്ങളായിരിക്കാം."
ശിവ കസേരയിൽ പിന്നിലേക്ക് ചാരി.
0 comments:
Post a Comment