Chapter 9
“ഹിസ്റ്ററി ഡിപ്പാർട്ട്‌മെന്റിന്റെ HOD ആരാണ്?”
ഗീതുവിൽ നിന്ന് ലഭിച്ച വിവരങ്ങൾ മനസ്സിലിട്ട് നൗഷാദ് സുദേവിനോടായി ചോദിച്ചു.
“ഡോ. രഘുനാഥ് കൃഷ്ണൻ.”
സുദേവ് പറഞ്ഞു.
“അദ്ദേഹത്തെയൊന്ന് കാണണം. അദ്ദേഹമല്ലേ ജ്യോത്സനയുടെ ഗൈഡ്?”
“അതെ. അദ്ദേഹം ഇപ്പോൾ ക്ലാസിലായിരിക്കും, സാർ. കുറച്ചുസമയം കഴിഞ്ഞാൽ ഇവിടെ വരും. നിങ്ങൾക്ക് വേണമെങ്കിൽ അദ്ദേഹത്തെ കാത്തിരിക്കാം.”
“ഓക്കേ.”
നൗഷാദ് തലയാട്ടി.
സുദേവ് അവരെ ഡിപ്പാർട്ട്‌മെന്റിലെ ഒരു മുറിയിലേക്ക് കൊണ്ടുപോയി.
അൽപസമയം കഴിഞ്ഞപ്പോൾ ഇടനാഴിയിൽ നിന്ന് ഗൗരവം നിറഞ്ഞ സംഭാഷണശബ്ദം കേട്ടു.
അധികം വൈകാതെ ഒരാൾ മുറിയിലേക്ക് കടന്നുവന്നു.
അമ്പത് വയസിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരാൾ.
ഗൗരവവും ഗാംഭീര്യവും നിറഞ്ഞ മുഖഭാവം. എന്നാൽ അതേ സമയം ആകർഷകമായ വ്യക്തിത്വം. നന്നായി ചീകിയ മുടിയും വൃത്തിയായി വെട്ടിയ താടിയും അദ്ദേഹത്തിന്റെ പ്രായത്തേക്കാൾ ചെറുപ്പമായി തോന്നിച്ചു.
സുദേവ് എഴുന്നേറ്റു.
“സാർ, ഇവർ ജ്യോത്സനയുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ്.”
രഘുനാഥ് നൗഷാദിനെയും സജിയെയും നോക്കി.
“ഓ... ജ്യോത്സനയുടെ കേസ്. പ്രിൻസിപ്പൽ വിളിച്ചിരുന്നു. നിങ്ങൾ വരുന്നത് ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.”
അദ്ദേഹം പതുക്കെ കസേരയിലേക്ക് നടന്നു.
“ഇരിക്കൂ.”
രഘുനാഥ് ഇരുന്നതിന് പിന്നാലെ നൗഷാദും സജിയും ഇരുന്നു.
“ഞാൻ CI നൗഷാദ്. ഇത് സജി.”
“രഘുനാഥ് കൃഷ്ണൻ.”
അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
“ജ്യോത്സനയെക്കുറിച്ച് കുറച്ച് കാര്യങ്ങൾ ചോദിക്കാനാണ് വന്നത്.”
“ചോദിക്കാം, സാർ.”
രഘുനാഥിന്റെ ശബ്ദത്തിന് ഗാംഭീര്യമുണ്ടായിരുന്നു.
“ജ്യോത്സന എങ്ങനെയുള്ള കുട്ടിയായിരുന്നു?”
നൗഷാദ് ചോദിച്ചു.
രഘുനാഥിന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി തെളിഞ്ഞു.
“വളരെ നല്ല കുട്ടിയായിരുന്നു, സാർ. വളരെ മിടുക്കിയുമായിരുന്നു. ചരിത്രത്തോട് അവൾക്കുണ്ടായിരുന്ന താൽപര്യം സാധാരണ ഒരു വിദ്യാർത്ഥിയുടേതായിരുന്നില്ല.”
അദ്ദേഹം ഒരു നിമിഷം നിശ്ശബ്ദനായി.
“അവൾ പഠിക്കുന്ന വിഷയത്തെ മനസ്സിലാക്കാൻ ശ്രമിക്കുമായിരുന്നു. വെറുതെ പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്ന കുട്ടിയായിരുന്നില്ല.”
“അവൾ മറ്റുള്ളവരോട് അധികം ഇടപഴകാറുണ്ടായിരുന്നോ?”
“അധികമില്ല. സ്വന്തം ലോകത്തായിരുന്നുവെന്ന് പറയാം. പക്ഷേ അധ്യാപകരോട് വളരെ ബഹുമാനത്തോടെയായിരുന്നു പെരുമാറിയിരുന്നത്.”
നൗഷാദ് ശ്രദ്ധയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.
“സുദേവ് സാർ പറഞ്ഞത്, അവൾ ശ്രമണ പാരമ്പര്യത്തെക്കുറിച്ച് ഗവേഷണം നടത്തുകയായിരുന്നുവെന്നാണ്.”
“അതെ.”
“ആ വിഷയത്തിൽ അവൾക്ക് എന്തായിരുന്നു ഇത്ര താൽപര്യം?”
“ചരിത്രത്തിലെ പല മറഞ്ഞുപോയ അധ്യായങ്ങളും അവളെ ആകർഷിച്ചിരുന്നു. പ്രത്യേകിച്ച് കേരളത്തിലെ ബുദ്ധ-ജൈന പാരമ്പര്യത്തിന്റെ സ്വാധീനം.”
രഘുനാഥ് പറഞ്ഞു.
“പുനർജന്മത്തെക്കുറിച്ച് അവൾ സുദേവ് സാറിനോട് ചോദിച്ചിരുന്നതായും ഞങ്ങളോട് പറഞ്ഞു.”
നൗഷാദ് വിഷയം നേരിട്ട് എടുത്തിട്ടു.
രഘുനാഥിന്റെ മുഖത്ത് ഒരു നിമിഷത്തേക്ക് മാറ്റമുണ്ടായോ എന്ന് നൗഷാദ് ശ്രദ്ധിച്ചു.
പക്ഷേ അടുത്ത നിമിഷം തന്നെ അദ്ദേഹം ശാന്തനായി.
“അതിൽ അത്ഭുതപ്പെടാനൊന്നുമില്ല, സാർ.”
“എന്തുകൊണ്ട്?”
“അത് അവളുടെ പഠനത്തിന്റെ ഭാഗമായിരുന്നു.”
രഘുനാഥ് പറഞ്ഞു.
“കർമ്മം, പുനർജന്മം, ആത്മാവ് തുടങ്ങിയ ആശയങ്ങൾ ബുദ്ധ-ജൈന പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട് പഠിക്കേണ്ടി വരും. അതുകൊണ്ടായിരിക്കാം അവൾ അങ്ങനെ ചോദിച്ചത്. ചിലർക്ക് അവ ശരിയാണെന്ന് തോന്നാം. കൂടുതൽ ആഴത്തിൽ പഠിക്കുമ്പോൾ അത്തരം ചോദ്യങ്ങൾ സ്വാഭാവികമാണ്.”
“അവൾ നിങ്ങളോടും അത്തരം കാര്യങ്ങൾ ചോദിച്ചിട്ടുണ്ടോ?”
“ഉണ്ട്. പലപ്പോഴും. ഞാൻ അവളുടെ ഗൈഡ് കൂടിയാണല്ലോ.”
“എന്തൊക്കെയാണ് ചോദിച്ചിരുന്നത്?”
“ചരിത്രത്തിൽ നിന്ന് നഷ്ടപ്പെട്ടുപോയ പാരമ്പര്യങ്ങളെക്കുറിച്ച്. പഴയ വിശ്വാസങ്ങളെക്കുറിച്ച്. ഒരുകാലത്ത് സമൂഹത്തെ സ്വാധീനിച്ചിരുന്ന ചില ആശയങ്ങൾ പിന്നീട് എങ്ങനെയാണ് അപ്രത്യക്ഷമായതെന്ന്...”
രഘുനാഥ് നിർത്തി.
“അവൾ വളരെ കൗതുകമുള്ള കുട്ടിയായിരുന്നു.”
നൗഷാദ് ഒന്നും പറഞ്ഞില്ല.
“അവളെ അവസാനമായി എപ്പോഴാണ് കണ്ടത്?”
“അവൾ കാണാതായ ദിവസം.”
“സമയം?”
“ഉച്ചയ്ക്ക് മുമ്പ്.”
നൗഷാദ് സജിയെ ഒന്ന് നോക്കി.
“അന്ന് നോർത്ത് ടൗൺ ഹാളിൽ താങ്കളുടെ ഒരു പ്രഭാഷണം ഉണ്ടായിരുന്നല്ലോ?”
“ഉണ്ടായിരുന്നു.”
“വിഷയം എന്തായിരുന്നു?”
“‘പ്രകൃതിയുടെ സന്തുലിതാവസ്ഥ ചരിത്രത്തോടൊപ്പം.’”
രഘുനാഥ് പറഞ്ഞു.
“ജ്യോത്സനയും ആ പ്രഭാഷണത്തിന് വന്നിരുന്നോ?”
“അതെ.”
“എപ്പോൾ?”
“പ്രഭാഷണം തുടങ്ങുന്നതിന് കുറച്ചുമുമ്പ്.”
രഘുനാഥ് ഒരു നിമിഷം ആലോചിച്ചു.
“അവൾ എന്നെ അവിടെ വന്ന് കണ്ടിരുന്നു.”
നൗഷാദ് മുന്നോട്ടാഞ്ഞിരുന്നു.
“എന്താണ് സംസാരിച്ചത്?”
“പ്രത്യേകിച്ച് ഒന്നുമില്ല.”
“എന്തെങ്കിലും ചോദിച്ചോ?”
“ഉച്ച കഴിഞ്ഞ് കാമ്പസിൽ വരുമോ എന്ന് ചോദിച്ചു.”
“താങ്കൾ എന്ത് പറഞ്ഞു?”
“ഇല്ലെന്ന് പറഞ്ഞു.”
“പിന്നെ?”
“കുറച്ചുനേരം അവൾ അവിടെ തന്നെ ഉണ്ടായിരുന്നു. പ്രഭാഷണം തുടങ്ങുന്നതുവരെ എന്റെ അടുത്ത് തന്നെ നിന്നു.”
“പ്രഭാഷണം തുടങ്ങിയപ്പോൾ?”
“കുറച്ചുനേരം കേട്ടിരുന്ന ശേഷം അവൾ അവിടെ നിന്ന് പോയി.”
“എങ്ങോട്ടാണ് പോയതെന്ന് താങ്കൾക്ക് അറിയാമോ?”
“ഇല്ല.”
രഘുനാഥിന്റെ മറുപടി വളരെ വേഗത്തിലായിരുന്നു.
നൗഷാദ് അത് ശ്രദ്ധിച്ചു.
“അവൾ എന്തെങ്കിലും അസ്വസ്ഥയായി തോന്നിയിരുന്നോ?”
“ഇല്ല. സാധാരണ പോലെയായിരുന്നു.”
“ഭയന്നതോ, പരിഭ്രാന്തയായതോ?”
“ഇല്ല, സാർ.”
രഘുനാഥ് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“അവൾക്ക് എന്തെങ്കിലും വ്യക്തിപരമായ പ്രശ്നമുണ്ടെന്ന് താങ്കൾക്ക് തോന്നിയിരുന്നോ?”
“ഒരിക്കലും ഇല്ല.”
അദ്ദേഹം ഒരു നിമിഷം നിശ്ശബ്ദനായി.
“ജ്യോത്സന വളരെ നല്ല കുട്ടിയായിരുന്നു. അവളുടെ ജീവിതത്തിൽ അത്തരത്തിലുള്ള എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കിൽ തീർച്ചയായും എനിക്ക് മനസ്സിലാകുമായിരുന്നു.”
നൗഷാദ് അദ്ദേഹത്തെ കുറച്ചുനേരം നോക്കി.
“ഓക്കേ, സാർ.”
അയാൾ എഴുന്നേറ്റു.
“ഒരു കാര്യം കൂടി.”
രഘുനാഥ് നൗഷാദിനെ നോക്കി.
“ജ്യോത്സനയ്ക്ക് നിങ്ങളോട് പ്രത്യേകമായൊരു അടുപ്പമുണ്ടായിരുന്നോ?”
ചോദ്യം കേട്ടപ്പോൾ രഘുനാഥിന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി തെളിഞ്ഞു.
“ഒരു അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള അടുപ്പം മാത്രം, സാർ.”
നൗഷാദ് തലയാട്ടി.
“താങ്ക്സ്.”
അയാൾ തിരിഞ്ഞു നടന്നു.
വാതിലിനടുത്തെത്തിയപ്പോൾ നൗഷാദ് ഒന്ന് നിന്നു.
തിരിഞ്ഞുനോക്കി.
രഘുനാഥ് ഇപ്പോഴും കസേരയിൽ തന്നെയിരുന്നു.
നൗഷാദ് അയാളെ ഒന്നുകൂടി ശ്രദ്ധിച്ചു.
പിന്നെ ഒന്നും പറയാതെ പുറത്തേക്ക് നടന്നു.
“എന്താ സാർ?”
പുറത്തേക്കിറങ്ങിയ സജി ചോദിച്ചു.
“ഒന്നുമില്ല.”
നൗഷാദ് പതുക്കെ നടന്നു.
“പക്ഷേ...”
അയാൾ പിന്നിലേക്ക് ഒന്ന് നോക്കി.
“ആ മനുഷ്യൻ എന്തൊക്കെയോ വളരെ കൃത്യമായി ഓർത്തുവച്ചിട്ടുണ്ട്.”
സജി നൗഷാദിനെ നോക്കി.
“അതിൽ എന്താ സാർ?”
“ഒന്നുമില്ല.”
നൗഷാദ് വീണ്ടും മുന്നോട്ട് നോക്കി.
“ഇപ്പോഴല്ല.”
0 comments:
Post a Comment