പേജുകള്‍‌

Sunday, August 30, 2026

KSBI – ഇൻക്യൂബേറ്റ്: ദ എഗ്ഗ്സ് 15

 "അയാൾ മരിച്ചത് എങ്ങനെയായിരുന്നു?"

ശിവയുടെ ചോദ്യം കേട്ടതും നൗഷാദ് ശിവയെ നോക്കി.

"പാമ്പ് കടിയേറ്റാണ് സാർ."

"പാമ്പ് കടിയോ?"

ശിവയുടെ മുഖത്ത് സംശയം നിറഞ്ഞു.

"അതെ സാർ. അന്ന് നടത്തിയ അന്വേഷണത്തിലും പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും പാമ്പ് കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് തന്നെയായിരുന്നു നിഗമനം."

"ആളെക്കുറിച്ച് കൂടുതലെന്തെങ്കിലും?"

"ബ്രിട്ടീഷ് പൗരനായിരുന്നു. പേര് ആർതർ ജെയിംസ് വിറ്റ്മോർ. കേരളം കാണാൻ വന്നതാണ് എന്നാണ് രേഖയിൽ ഉണ്ടായിരുന്നത്."

നൗഷാദ് ഒരു നിമിഷം ആലോചിച്ചു.

"എന്റെ ഓർമ്മയിൽ... അയാൾ ഒറ്റയ്ക്കായിരുന്നു കേരളത്തിലെത്തിയത്. കൊച്ചിയിലെ ഒരു ഹോട്ടലിലായിരുന്നു താമസം. മംഗളവനത്തിൽ എങ്ങനെയാണ് എത്തിയതെന്ന് അന്ന് അന്വേഷിച്ചിരുന്നു."

"എന്നിട്ട്?"

"അയാൾക്ക് പ്രകൃതിയും ചരിത്രപരമായ സ്ഥലങ്ങളും കാണാൻ വലിയ താൽപര്യമുണ്ടായിരുന്നുവെന്നാണ് ഹോട്ടലിൽ നിന്ന് അറിയാൻ കഴിഞ്ഞത്. അതുകൊണ്ടാണ് മംഗളവനത്തിലും പോയതെന്നാണ് ആദ്യം കരുതിയത്."

"ബോഡി എന്ത് ചെയ്തു?"

"ബന്ധുക്കളെ എംബസി വഴി അറിയിച്ചു. അവർ ഇവിടെ എത്തിയിരുന്നു. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി."

ശിവ കുറച്ചുനേരം ഒന്നും പറഞ്ഞില്ല.

പിന്നെ കസേരയിൽ പിന്നിലേക്ക് ചാരി ഇരുന്നു.

"ഏതു പാമ്പാണ് കടിച്ചത്?"

"അത്..."

നൗഷാദ് ഒന്ന് മടിച്ചു.

"അന്ന് അതിനെക്കുറിച്ച് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് എനിക്ക് ഓർമ്മയില്ല സാർ."

"എന്നാലും ഒരു പൊരുത്തമില്ലായ്മയുണ്ട്."

ശിവ കുറച്ചുനേരം ആലോചിച്ചുകൊണ്ട് പറഞ്ഞു.

"മംഗളവനത്തിൽ വിഷപ്പാമ്പുകളെ വളരെ വിരളമായേ കാണാറുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്."

പെട്ടെന്ന് ശിവ രതീഷിനെ നോക്കി.

"ഏയ് രതീഷ്... മംഗളവനത്തിൽ കാണപ്പെടുന്ന പാമ്പുകളെ ഒന്ന് നെറ്റിൽ ചെക്ക് ചെയ്തേ."

രതീഷ് ഉടൻ കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു.

കുറച്ചുനേരം സ്ക്രീനിലേക്ക് നോക്കിയശേഷം പറഞ്ഞു.

"കൂടുതലും ചേരയും നീർക്കോലിയും ഒക്കെയാണ് സാർ അവിടെയുള്ളത്. പിന്നെ മൂർഖനെയും അണലിയെയും കണ്ടതായി വളരെ കുറച്ച് റിപ്പോർട്ടുകളേ ഉള്ളൂ."

"പാമ്പുകടി... വ്യത്യസ്തമായ ആ മാല... ഉം..."

തന്നത്താൻ എന്നപോലെ ശിവ പറഞ്ഞു.

പിന്നെ ശിവയുടെ ശബ്ദം കടുപ്പമായി.

"പോസ്റ്റ്മാർട്ടം റിപ്പോർട്ട് വേണം."

"ശരി സാർ."

"പാമ്പ് കടിയാണെന്ന് എങ്ങനെ സ്ഥിരീകരിച്ചു എന്നും നോക്കണം."

നൗഷാദ് തലകുനിച്ചു.

"ശരി സാർ."

ശിവ മേശപ്പുറത്തിരുന്ന പേന വിരലുകൾക്കിടയിൽ കറക്കി.

"അയാളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നമുക്ക് വേണം."

നൗഷാദ് ശ്രദ്ധയോടെ കേട്ടു.

"അയാൾ ഇന്ത്യയിൽ ശരിക്കും വന്നത് എന്തിനാണ്?"

"എവിടെയെല്ലാം താമസിച്ചു?"

"ആരെയൊക്കെ കണ്ടു?"

"മംഗളവനത്തിൽ പോകുന്നതിനു മുൻപ് എവിടെയൊക്കെ പോയിരുന്നു?"

ശിവയുടെ ചോദ്യങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി വന്നു.

"അവൻ ഒറ്റയ്ക്കായിരുന്നോ?"

"ആരോടെങ്കിലും ഫോണിൽ സംസാരിച്ചിരുന്നോ?"

"ഏതെങ്കിലും ഗൈഡിനെയോ ലോക്കൽ കോൺടാക്ടിനെയോ ഉപയോഗിച്ചിരുന്നോ?"

നൗഷാദ് ഓരോ കാര്യവും കുറിച്ചെടുത്തു.

"അവന്റെ പാസ്‌പോർട്ട്, യാത്രാ വിവരങ്ങൾ, ഹോട്ടൽ റെക്കോർഡുകൾ, ഫോൺ ഡീറ്റെയിൽസ്... കഴിയുന്നത്ര എല്ലാം ശേഖരിക്കണം."

"ശരി സാർ."

"അന്നത്തെ കേസ് എവിടെവരെ എത്തിയിരുന്നു എന്നും നോക്കണം."

നൗഷാദ് തല ഉയർത്തി.

"സാർ?"

"അന്വേഷണം അവിടെ അവസാനിച്ചോ?"

"ഉം... അന്ന് ഡോക്ടർ പാമ്പുകടിയെന്ന് എഴുതിത്തള്ളിയതുകൊണ്ട്  ഞങ്ങള്‍ കൂടുതൽ ആഴത്തിൽ പോയില്ല"

ശിവ നേരെ അവനെ നോക്കി.

"പറ്റുമെങ്കിൽ ഈ ആർതറിന്റെ ബ്രിട്ടനിലുള്ള കുടുംബ ഡീറ്റെയിൽസും അവിടെയുള്ള ആക്ടിവിറ്റീസും കൂടി പരിശോധിക്കണം."

നൗഷാദിന്റെ മുഖത്ത് ഗൗരവം നിറഞ്ഞു.

"ഞാൻ പരിശോധിക്കാം സാർ."

"നൗഷാദ്."

അവൻ തിരിഞ്ഞുനിന്നു.

"ആ മാല..."

ശിവ പ്രോജക്ടറിലെ ചിത്രത്തിലേക്ക് നോക്കി.

"അത് ആ യുവാവിന്റെ കഴുത്തിൽ ഉണ്ടായിരുന്നുവെന്ന് ഉറപ്പാണല്ലോ?"

"അതെ സാർ."

"എങ്കിൽ..."

"അല്ല സാർ..."

നൗഷാദ് ഇടയിൽ കയറി.

"ആ സൂചി പോലുള്ള ഭാഗം ഉണ്ടായിരുന്നോ എന്നൊരു സംശയം."

മുറിയിൽ വീണ്ടും നിശ്ശബ്ദത നിറഞ്ഞു.

ശിവ ഒന്നും പറഞ്ഞില്ല.

അവന്റെ മുന്നിലെ പ്രോജക്ടറിൽ ഇപ്പോഴും ഒരേയൊരു ചിത്രം മാത്രം തെളിഞ്ഞുനിന്നു.

ജ്യോത്സനയുടെ കഴുത്തിൽ കിടന്നിരുന്ന ആ മാല.

0 comments:

Post a Comment

Related Posts with Thumbnails