പേജുകള്‍‌

Friday, August 28, 2026

KSBI – ഇൻക്യൂബേറ്റ്: ദ എഗ്ഗ്സ് 8

Chapter 8

“ഇവരാണ് ഈ കാമ്പസിൽ ജ്യോത്സനയുടെ ഏറ്റവും അടുത്ത കൂട്ടുകാർ.”

തന്റെ മുന്നിലിരുന്ന കുട്ടികളെ ചൂണ്ടിക്കാട്ടി സുദേവ് പറഞ്ഞു.

തങ്ങളുടെ അടുത്തേക്ക് വരുന്നവരെ കണ്ട കുട്ടികൾ എഴുന്നേറ്റു.

“ജ്യോത്സനയുടെ തിരോധാനം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് ഇവർ. CI നൗഷാദും സജിയും. അവർക്ക് നിങ്ങളോട് കുറച്ച് സംസാരിക്കാനുണ്ട്.”

സുദേവ് അവരോടായി പറഞ്ഞു.

“ശരി, സാർ.”

കുട്ടികൾ മറുപടി പറഞ്ഞു.

നൗഷാദ് അവരെ ഓരോരുത്തരെയായി നോക്കി. അവരുടെ മുഖഭാവങ്ങളും ശരീരഭാഷയും അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“ഓക്കേ. നിങ്ങളൊക്കെ ജ്യോത്സനയുടെ അടുത്ത സുഹൃത്തുക്കളായിരുന്നല്ലോ?”

“അതെ, സാർ.”

കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടി മറുപടി പറഞ്ഞു.

“അവളെക്കുറിച്ചും അവളുടെ തിരോധാനത്തെക്കുറിച്ചും നിങ്ങൾക്കറിയാവുന്ന കാര്യങ്ങളെല്ലാം ഞങ്ങളോട് പറയണം. നല്ലതായാലും ചീത്തയായാലും... ഒന്നും മറച്ചുവെക്കേണ്ട.”

നൗഷാദ് ശാന്തമായ ശബ്ദത്തിൽ പറഞ്ഞു.

കുട്ടികൾ പരസ്പരം നോക്കി.

ആ നിമിഷത്തെ ചെറിയ നിശ്ശബ്ദത നൗഷാദിന്റെ ശ്രദ്ധയിൽപ്പെട്ടു.

“എന്താ?”

അയാൾ ചോദിച്ചു.

ആരും മറുപടി പറഞ്ഞില്ല.

“ജ്യോത്സനയെക്കുറിച്ച് സംസാരിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?”

നൗഷാദ് വീണ്ടും ചോദിച്ചു.

കൂട്ടത്തിലുണ്ടായിരുന്ന ഒരു ആൺകുട്ടി പതുക്കെ മുന്നോട്ടുവന്നു.

“ഇല്ല, സാർ... ജ്യോത്സനയെക്കുറിച്ച് ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ പറയാം. ഞങ്ങൾ പോലീസിന്റെ മുന്നിൽ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്. അതുതന്നെ വീണ്ടും പറയുക എന്നത്...”

അവൻ ഒന്ന് നിർത്തി.

“അത് സാരമില്ല. ഒന്ന് കൂടി പറയൂ. പിന്നെ... നിങ്ങൾ പോലീസിനോട് പറയാത്ത എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ അതും പറയണം.”

സജി ഇടയ്ക്കുകയറി പറഞ്ഞു.

“സാർ, ഞങ്ങൾ ജ്യോത്സന അടക്കം ഒരു ഗാങ് ആയിട്ടാണ് നടക്കാറ്.”

അവൻ തുടർന്നു.

“ഗാങോ?”

നൗഷാദ് അവനെ നോക്കി ചോദിച്ചു.

“പിന്നെ, എന്താണ് നിന്റെ പേര്? ഞങ്ങൾക്ക് രേഖപ്പെടുത്താനാണ്. നിങ്ങൾ പറയുന്നതെല്ലാം ഞങ്ങൾ റെക്കോർഡ് ചെയ്യും. പിന്നീട് വീണ്ടും പരിശോധിക്കാനും അനലൈസ് ചെയ്യാനുമാണ്. അതുകൊണ്ട് നിങ്ങൾ ഭയക്കേണ്ട.”

സജി വീണ്ടും ഇടയ്ക്കുകയറി പറഞ്ഞു.

ആൺകുട്ടി പതുക്കെ തലയാട്ടി.

“എന്റെ പേര് അരുൺ, സാർ.”

“ഓക്കേ, അരുൺ...”

നൗഷാദ് അവന്റെ പേര് മനസ്സിൽ കുറിച്ചുവെച്ചതുപോലെ ഒരു നിമിഷം അവനെ നോക്കി.

“ആ ഗാങിൽ ആരൊക്കെയുണ്ട്?”

അയാൾ ചോദിച്ചു.

അരുൺ കൂടെയിരുന്നവരെ നോക്കി.

“ഞങ്ങൾ അഞ്ച് പേരാണ്, സാർ. ജ്യോത്സനയും കൂടി ആറ്.”

നൗഷാദിന്റെ കണ്ണുകൾ പതുക്കെ ആ അഞ്ചുപേരിലേക്കും നീങ്ങി.

“ശരി... ആദ്യം ജ്യോത്സനയെക്കുറിച്ച് നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ പറയൂ.”

അയാൾ പറഞ്ഞു.

“അതിനുശേഷം ഓരോരുത്തരോടും പ്രത്യേകം സംസാരിക്കാം.”

“സാർ, അവൾ അധികം സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നില്ല. ഞങ്ങളോടല്ലാതെ മറ്റാരോടും തന്നെ അധികം സംസാരിക്കാറില്ലായിരുന്നു. പിന്നെ ഗവേഷണം ആയിരുന്നതിനാൽ റെഗുലറായി ക്യാമ്പസിൽ വരാറുമില്ലായിരുന്നു. കൂടുതൽ സമയം ലൈബ്രറിയിലും മറ്റുമാണ് ചെലവഴിച്ചിരുന്നത്.”

അരുൺ പറഞ്ഞു.

“നിങ്ങൾ സിറ്റിയിലൊക്കെ കറങ്ങാറില്ലായിരുന്നോ?”

സജി ചോദിച്ചു.

“അങ്ങനെ കറക്കമൊന്നും ഇല്ലായിരുന്നു, സാർ. ചെറിയ ഷോപ്പിങ്ങിനും ജ്യൂസ് കുടിക്കാനുമൊക്കെയായി പുറത്തുപോകും. അത്ര തന്നെ.”

“അവൾ ഓൺലൈനിൽ എങ്ങനെയായിരുന്നു?”

നൗഷാദ് ചോദിച്ചു.

“ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും അക്കൗണ്ടുണ്ടായിരുന്നു. പക്ഷേ ആക്റ്റീവ് അല്ലായിരുന്നു. പിന്നെ ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചാറ്റിങ്ങൊക്കെ ഉണ്ടായിരുന്നു.”

“എന്തായിരുന്നു ചാറ്റിംഗ്?”

“ഞങ്ങളുടേതായ കുഞ്ഞുകുഞ്ഞു കാര്യങ്ങളും തമാശകളും ഒക്കെയായിരുന്നു, സാർ.”

“പ്രണയബന്ധങ്ങൾ വല്ലതും?”

നൗഷാദ് നേരെ ചോദിച്ചു.

“ഇല്ല, സാർ. അത്തരം കാര്യങ്ങളെ അവൾ ഒരിക്കലും കാര്യമായി എടുത്തിരുന്നില്ല. അവൾക്ക് അതിൽ താൽപര്യവുമില്ലായിരുന്നു.”

“ഉം...”

നൗഷാദ് അവനെ ശ്രദ്ധിച്ചുകൊണ്ട് തുടർന്നു.

“അവൾ കാണാൻ നല്ല മിടുക്കിയായിരുന്നിട്ടും ആരും പ്രപ്പോസലുമായി വന്നിട്ടില്ലേ? അതോ നിങ്ങളോട് പറയാത്തതോ?”

“പലരും വന്നിരുന്നു, സാർ. പക്ഷേ അവൾ അതൊക്കെ നിരസിക്കുകയായിരുന്നു.”

അരുൺ ചെറുതായി ചിരിച്ചു.

“നല്ല ഭക്തയുമായിരുന്നു അവൾ. അതുകൊണ്ടാണോ എന്തോ... അവൾ പറയുമായിരുന്നു, കൃഷ്ണനാണ് അവളുടെ കാമുകനെന്ന്. മീരയെപ്പോലെ കണ്ണനിൽ അലിഞ്ഞുചേരണം എന്നും പറയുമായിരുന്നു.”

നൗഷാദ് ഒരു നിമിഷം ഒന്നും മിണ്ടാതെ അരുണിനെ നോക്കി.

“അവൾക്ക് കൃഷ്ണനോട് ഇത്രയും അടുപ്പമുണ്ടായിരുന്നോ?”

“അതെ, സാർ. ചെറുപ്പം മുതൽ തന്നെ ഭക്തിയുണ്ടായിരുന്നു.”

“ഉം...”

നൗഷാദ് ഒന്നുകൂടി ചുറ്റുമിരുന്ന കുട്ടികളെ നോക്കി.

“നിങ്ങളിൽ ആരായിരുന്നു ജ്യോത്സനയുടെ ഏറ്റവും അടുത്ത ബെസ്റ്റ് ഫ്രണ്ട്?”

അയാൾ ചോദിച്ചു.

“അത് ഗീതുവാണ്, സാർ.”

അരുൺ പറഞ്ഞു.

“നിങ്ങൾ എന്നാണ് ജ്യോത്സനയെ അവസാനമായി കണ്ടത്?”

നൗഷാദ് ചോദിച്ചു.

“അവളെ കാണാതായ ദിവസം രാവിലെ, ഒരു പതിനൊന്ന് മണിയോടെ.”

“എന്തായിരുന്നു നിങ്ങൾ സംസാരിച്ചത്?”

“കാര്യമായൊന്നും ഇല്ലായിരുന്നു, സാർ. അവൾ അന്ന് താമസിച്ചാണ് വന്നത്. പിന്നെ രഘുനാഥ് സാറിന്റെ പ്രഭാഷണം നോർത്ത് ടൗൺ ഹാളിൽ ഉണ്ടെന്നും അതിൽ പങ്കെടുക്കാൻ പോകുകയാണെന്നും പറഞ്ഞ് തിരക്കിട്ട് പോയി.”

“എന്ത് പ്രഭാഷണം? വിഷയം എന്തായിരുന്നു?”

“അത് ഞങ്ങൾക്ക് അറിയില്ല, സാർ.”

നൗഷാദ് ഒരു നിമിഷം അവനെ നോക്കി.

“ഓക്കേ. ഇനി നിങ്ങളോട് ഓരോരുത്തരോടും ഒറ്റയ്ക്ക് ചില കാര്യങ്ങൾ ചോദിക്കാം. കുഴപ്പമില്ലല്ലോ?”

“ഇല്ല, സാർ. അവളെ കണ്ടെത്താൻ ഞങ്ങൾ എന്തിനും തയ്യാറാണ്.”

അരുൺ പറഞ്ഞു.

“ഗുഡ്.”

നൗഷാദ് തലയാട്ടി.

“എങ്കിൽ ഗീതു ആദ്യം എന്റെ കൂടെ അല്പം മാറിനിൽക്കും. മറ്റുള്ളവരോട് സജി ചോദിക്കും.”

നൗഷാദ് ഗീതുവിനെ നോക്കി.

“വരൂ.”

ഗീതു പതുക്കെ എഴുന്നേറ്റു.

നൗഷാദ് അവളെയും കൂട്ടി മറ്റുള്ളവരിൽ നിന്ന് കുറച്ചകലേക്ക് നടന്നു.

സജി ബാക്കിയുള്ള കുട്ടികളുടെ അടുത്തേക്ക് നീങ്ങി.

“ഗീതു, നീ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണല്ലോ. മറ്റുള്ളവർക്കൊന്നും അറിയാത്ത എന്തെങ്കിലും നിനക്ക് അറിയാമായിരിക്കും, അല്ലേ?”

നൗഷാദ് ചോദിച്ചു.

“അങ്ങനെ പ്രത്യേകിച്ച് ഒന്നും ഇല്ല, സാർ.”

“എന്നാലും ഒന്നാലോചിച്ചു നോക്ക്. എന്തെങ്കിലും ചെറുതായൊരു കാര്യമെങ്കിലും... ഏതെങ്കിലും പുതിയ ബന്ധം, ചെറിയ ഇൻസിഡന്റ്... എന്തെങ്കിലും.”

ഗീതു കുറച്ചുനേരം ആലോചിച്ചു.

“അത്... സാർ, അവളെ അവസാനമായി കണ്ടപ്പോൾ ഒരു കാര്യമുണ്ടായിരുന്നു.”

“എന്തായിരുന്നു?”

“തിരക്കിനിടയിലും അവൾ ഞങ്ങളെ എല്ലാവരെയും കൂട്ടി ഒരു സെൽഫി എടുത്തിരുന്നു. അതിന് ശേഷമാണ് അവൾ ടൗൺ ഹാളിലേക്ക് പോയത്.”

“അതെന്താ നീ ഇപ്പോൾ പ്രത്യേകം ഓർക്കാൻ കാരണം?”

നൗഷാദ് ചോദിച്ചു.

“അവളാണ് നിർബന്ധിച്ച് ഞങ്ങളെ എല്ലാവരെയും കൂട്ടി ഫോട്ടോ എടുത്തത്. അതും കൂടാതെ, എടുത്ത ഉടൻ തന്നെ അത് ഞങ്ങൾക്കെല്ലാവർക്കും അയച്ചുതന്നിരുന്നു.”

“ആ ഫോട്ടോ  എനിക്കും ഒന്ന് അയച്ചുതരണം.”

“ശരി, സാർ.”

“പിന്നെ?”

ഗീതു ഒന്നും മിണ്ടാതെ നിന്നു.

നൗഷാദ് അവളുടെ മുഖത്തേക്ക് നോക്കി.

“എന്തെങ്കിലും ഓർമ്മ വരുന്നുണ്ടോ?”

ഗീതു വീണ്ടും കുറച്ചുനേരം ആലോചിച്ചു.

“സാർ... എനിക്കൊരു സംശയമുണ്ട്.”

“എന്ത് സംശയം?”

“അവൾക്ക് ആരെയോ ഇഷ്ടമായിരുന്നു എന്ന് തോന്നുന്നു.”

“ആരെ?”

അത്ഭുതത്തോടെ നൗഷാദ് ചോദിച്ചു.

“അത് എനിക്കറിയില്ല, സാർ.”

“പിന്നെ നിനക്കെങ്ങനെ അങ്ങനെ തോന്നി?”

“അവൾക്ക് ആരോ രഹസ്യമായി മെസ്സേജുകൾ അയക്കാറുണ്ടായിരുന്നു. അവൾ അത് വളരെ ആകാംക്ഷയോടെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.”

നൗഷാദിന്റെ മുഖത്ത് പെട്ടെന്ന് ഗൗരവം നിറഞ്ഞു.

“വാട്ട്സ്ആപ്പിൽ ആണോ?”

“അല്ല... ടെലഗ്രാമിൽ.”

“വാട്ട്?”

നൗഷാദിന്റെ ശബ്ദം ഇത്തവണ അൽപം ഉയർന്നു.

“അതെ, സാർ. ടെലഗ്രാമിൽ.”

“അവൾ അയാളുമായി ചാറ്റ് ചെയ്യുന്നത് നീ കണ്ടിട്ടുണ്ടോ?”

“നേരിട്ട് കണ്ടിട്ടില്ല. പക്ഷേ മെസ്സേജ് വരുമ്പോഴൊക്കെ അവൾ ഫോൺ മാറ്റിപ്പിടിക്കുമായിരുന്നു. ഞങ്ങളാരും കാണാതിരിക്കാനാണെന്ന് തോന്നും.”

“മറ്റെന്തെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?”

ഗീതു മറുപടി പറയാതെ നിന്നു.

“പറയൂ, ഗീതു.”

“അതുമാത്രമല്ല, സാർ...”

അവൾ എന്തോ ഓർത്തെടുത്തതുപോലെ പെട്ടെന്ന് നിശ്ശബ്ദയായി.

“എന്ത്?”

“അയാൾ അവൾക്കൊരു മാല സമ്മാനമായി കൊടുത്തിട്ടുമുണ്ട്.”

നൗഷാദ് അവളെ നോക്കി.

“മാലയോ?”

“അതെ, സാർ.”

“നീ ആ മാല കണ്ടിട്ടുണ്ടോ?”

ഗീതു പതുക്കെ തലയാട്ടി.

“കണ്ടിട്ടുണ്ട്.”

“എങ്ങനെയുള്ള മാല?”

ഗീതു എന്തോ ആലോചിക്കുന്നതുപോലെ കുറച്ചുനേരം നിന്നു.

പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:

“അതാ സാർ... അതാണ് എനിക്ക് ഇപ്പോഴും മനസ്സിലാകാത്തത്.”

0 comments:

Post a Comment

Related Posts with Thumbnails