പേജുകള്‍‌

Thursday, August 27, 2026

KSBI – ഇൻക്യൂബേറ്റ്: ദ എഗ്ഗ്സ് 6

ഹൈക്കോടതിയുടെ അടുത്തായി വണ്ടി ഒതുക്കിയതിനു ശേഷം ശിവയും രതീഷും ചുറ്റുപാടുകൾ ശ്രദ്ധിച്ചുകൊണ്ട് ഗോശ്രീ പാലത്തിന്റെ തുടക്കത്തിലേക്ക് നടന്നു.

“കാര്യമായ CCTV-കളൊന്നും ഈ ഭാഗത്ത് ഇല്ലല്ലോ?”

പേൾ ഓഫ് കൊച്ചി മോണുമെന്റിന്റെ മുൻപിൽ നിന്നുകൊണ്ട് രതീഷിനോടായി ശിവ ചോദിച്ചു.

“ഇവിടം കവർ ചെയ്യുന്ന ഏതെങ്കിലും ക്യാമറ ചുറ്റുവട്ടത്തുള്ള ഏതെങ്കിലും കെട്ടിടത്തിൽ കാണുമായിരിക്കും.”

“ഉം... പാലം ഫോക്കസ് ചെയ്യുന്നതും?”

“ഇവിടേക്ക് അവൾ നടന്നു വന്ന ദൃശ്യങ്ങൾ വച്ചാണ് പോലീസ് ആ നിഗമനത്തിലെത്തിയത്. ഏതോ ഒരു ഫ്ലാറ്റിലെ ക്യാമറയിൽ അവൾ പാലത്തിലേക്ക് നടക്കുന്നതും കിട്ടിയിരുന്നു.”

“നമ്മൾ ഇവിടെ വെറുതെ സമയം കളയാമെന്നേയുള്ളൂ. കാലം ഇത്രയും കഴിഞ്ഞില്ലേ? നമുക്ക് പോകാം.”

ശിവ തിരിഞ്ഞുനടക്കാൻ തുടങ്ങിയപ്പോൾ രതീഷും അവനെ തടഞ്ഞു.

“സാർ... ഒരു പിടിവിട്ട കളിയുണ്ട്. നിയമപരമല്ലാത്ത വഴിയാണെങ്കിലും, സാർ അനുവദിച്ചാൽ ആ കളി നമുക്ക് കളിക്കാം.”

ശിവ അവനെ സംശയത്തോടെ നോക്കി.

“എന്ത് കളി?”

“നല്ല പവർ ഉള്ള ഒരു കമ്പ്യൂട്ടറും സ്പീഡുള്ള നെറ്റും ഉണ്ടെങ്കിൽ, നമുക്ക് ഈ ഭാഗത്തുള്ള CCTV-കളും അന്ന് ഇതുവഴി കടന്നുപോയ ആളുകളുടെ ഫോൺ ആക്ടിവിറ്റിയും വാഹനങ്ങളിലെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളുമൊക്കെ പരിശോധിച്ചെടുക്കാം.”

“വാട്ട്?”

“അതേ വഴിയുള്ളൂ, സാർ. നിയമപരമായി പോയാൽ ഇതിനുള്ള അനുവാദം കിട്ടാൻ ഇനിയും ഒരു മൂന്നു വർഷമെങ്കിലും എടുക്കും. പിന്നെ നമ്മുടെ സൈബർ പോലീസും...”

“അതുകൊണ്ട് കാര്യമുണ്ടാകുമോ?”

“സാർ, എന്നെ വിശ്വസിക്ക്. നമുക്ക് അതുവഴി എന്തെങ്കിലും ചെറിയൊരു ഹിന്റ് കിട്ടിയാലോ? ഇപ്പോൾ എല്ലാവരും ഉണ്ണുന്നതും ഉറങ്ങുന്നതും പെടുക്കുന്നതും വരെ ഓൺലൈനിൽ അല്ലേ? നമുക്ക് ഒന്ന് ശ്രമിക്കാം, സാർ. ഞാൻ നിങ്ങളുടെ കൂട്ടത്തിൽ വന്നുപെട്ടതും ഇതുപോലൊരു തരികിട ഒപ്പിച്ചതിനാലാണ്.”

ശിവ ചിരിച്ചുകൊണ്ട് അവനെ നോക്കി.

“ഓക്കേ, ഓക്കേ. നിനക്ക് വേണ്ട കമ്പ്യൂട്ടറിന് എത്ര വിലയാകും?”

“ഏകദേശം അഞ്ചിനും എട്ടിനും ഇടയിൽ. നല്ലൊരു സെർവർ വേണം.”

“അഞ്ചിനും എട്ടിനും ഇടയിലോ? അതെന്തിനാടാ അത്രയും തുക?”

“ഏകദേശം ആണ്, സാർ. എല്ലാത്തിനും വില കൂടുതലല്ലേ? ചിലപ്പോൾ അതിലും കുറവ് മതിയായിരിക്കും.”

ശിവ മൊബൈൽ എടുത്തു.

“ഓക്കേ. ഇതിന് അനുമതി കിട്ടണമെങ്കിൽ മുഖ്യമന്ത്രി വിചാരിക്കണം. ഞാൻ അദ്ദേഹത്തെ ഒന്ന് വിളിക്കട്ടെ.”

അൽപസമയത്തിനുശേഷം ഫോൺ കട്ട് ചെയ്തുകൊണ്ട് ശിവ രതീഷിനോടായി പറഞ്ഞു:

“അൽപസമയത്തിനകം മുഖ്യമന്ത്രിയുടെ PA നിന്നെ തിരിച്ചു വിളിക്കും. നിനക്ക് എന്താണ് വേണ്ടതെന്ന് പറഞ്ഞാൽ, നാളെ നമ്മൾ ഓഫീസിൽ ചെല്ലുമ്പോൾ അവിടെ എത്തിയിരിക്കും. പക്ഷേ കേരളത്തിൽ കിട്ടുന്നതേ കൊടുക്കാവൂ!”

“അത് മതി, സാർ.”

“അപ്പോൾ നാളെ നീ പറഞ്ഞ കാര്യങ്ങൾ നമുക്ക് കിട്ടുമായിരിക്കും, അല്ലേ?”

“സാർ! ഇത് സിനിമയല്ല, സാർ. ഇതെല്ലാം ഒന്ന് അനലൈസ് ചെയ്ത് പരിശോധിച്ചെടുക്കണമെങ്കിൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും എടുക്കും!”

“ഒരാഴ്ചയോ? നീ എന്താ ചെയ്യാൻ പോകുന്നത്?”

“ജ്യോത്സന ഈ ഭാഗങ്ങളിൽ ചെലവഴിച്ച സമയം ഏറ്റവും കുറഞ്ഞത് അരമണിക്കൂറാണ്. ആ സമയത്ത് ഇതുവഴി ഏകദേശം ആയിരത്തി അഞ്ഞൂറോളം വാഹനങ്ങൾ  കടന്നുപോയിട്ടുണ്ടാകും. അതിൽ ഉണ്ടായിരുന്നവരുടെ ഫോൺ ഡീറ്റെയിൽസും ആ സമയത്തെ ഫോൺ മൂവ്മെന്റും, പിന്നെ നടന്നു പോയവരുടെ ഫോൺ ഡീറ്റെയിൽസും... സാറാവുണ്ടിംഗ്സിലുള്ള CCTV-കളിലെ ദൃശ്യങ്ങളും ഫോൺ ഡാറ്റയുമായി ഒത്തുനോക്കണം. ചെറിയൊരു സെൽഫിയോ സംശയാസ്പദമായ മൂവ്‌മെന്റോ എന്തെങ്കിലും കിട്ടിയേക്കും, സാർ.”

“ആഹാ... നടന്നാൽ മതിയായിരുന്നു.”

രതീഷ്‌ ഒരു നിമിഷം ആലോചിച്ച ശേഷം ചോദിച്ചു:

“സാർ, നമുക്ക് CCTV, ഫോൺ ഡാറ്റ എന്നിവ പൂർണമായും ലീഗൽ ആയി ആക്സസ് ചെയ്യാനുള്ള അനുവാദം വാങ്ങാൻ പറ്റുമോ?”

ശിവ അവനെ നോക്കി ചിരിച്ചു.

“നീ എന്താ കരുതിയത്? നിന്നെക്കൊണ്ട് നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യിക്കാനാണ് ഞാൻ മുഖ്യമന്ത്രിയെ വിളിച്ചതെന്നോ?”

രതീഷ്‌ ഒന്നും മിണ്ടാതെ ശിവയെ നോക്കി.

“നമുക്ക് ഗവൺമെന്റ് സോഫ്റ്റ്‌വെയറുകളും ആവശ്യമായ ഡാറ്റാ സിസ്റ്റങ്ങളും ആക്സസ് ചെയ്യാനുള്ള പ്രത്യേക അനുമതിയും അതിനുള്ള ഐഡികളും നാളെ ഓഫീസിൽ ചെല്ലുമ്പോൾ ഉണ്ടാകും.”

“സാർ...”

രതീഷ്‌ വാ പൊളിച്ചുകൊണ്ട് ശിവയെ നോക്കി നിന്നു.

“വാ. നമുക്ക് ഇവിടെയുള്ള കുറച്ച് കടകളിലും അപ്പാർട്ട്മെന്റുകളിലും ചെറുതായൊന്ന് അന്വേഷിച്ചിട്ട് തിരിച്ചു പോകാം.”

ശിവ മുന്നോട്ട് നടന്നു.

രതീഷ്‌ ഒരു നിമിഷം അവിടെത്തന്നെ നിന്ന ശേഷം പിന്നാലെ ഓടി.

0 comments:

Post a Comment

Related Posts with Thumbnails