പേജുകള്‍‌

Saturday, August 29, 2026

KSBI – ഇൻക്യൂബേറ്റ്: ദ എഗ്ഗ്സ് 13

 "എന്റെ ഒരു തോന്നൽ പറയട്ടെ..."

ശിവ മുന്നിലിരുന്ന എല്ലാവരെയും നോക്കി.

"ആ മെസ്സേജുകൾക്ക് പിന്നിലുള്ള ആൾ തന്നെയായിരിക്കും ക്ഷേത്രത്തിൽ വന്ന് മാല കൊണ്ടുപോയതും."

അജിത് ഉടൻ ശിവയെ നോക്കി.

"സാർ... അതിനെക്കുറിച്ചു ചെറുതായി അന്വേഷിച്ചിരുന്നു ."

ശിവയുടെ മുഖത്ത് ചെറിയൊരു ആകാംക്ഷ തെളിഞ്ഞു.

"എന്നിട്ട് ?"

"ഞങ്ങൾ ആദ്യം സംശയിച്ചത് അയാൾ ശരിക്കും ഒരു പോലീസ് ഓഫീസറായിരിക്കുമെന്നാണ്. അതുകൊണ്ട് പോലീസ് ഡിപ്പാർട്ട്മെന്റിലും ചെക്ക് ചെയ്തു."

അജിത് ഒരു നിമിഷം നിർത്തി.

"പക്ഷേ... അങ്ങനെയൊരാൾ അവിടെ ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്."

"അതായത്..."

ശിവ പതുക്കെ പറഞ്ഞു.

"പോലീസുകാരനല്ല."

"അല്ല സാർ."

"പോലീസുകാരനാണെന്ന് വിശ്വസിപ്പിക്കാൻ മാത്രം അറിയാവുന്ന ഒരാൾ."

അജിത് തലയാട്ടി.

"അതുതന്നെയാണ് ഞങ്ങളുടെയും നിഗമനം."

ശിവ ഒന്നും പറയാതെ കുറച്ചുനേരം മേശപ്പുറത്തെ ഫയലിലേക്ക് നോക്കി.

പിന്നെ രതീഷിനെ നോക്കി.

"രതീഷ്."

"സാർ."

"ടെലിഗ്രാം ചാറ്റിന്റെ ഡീറ്റെയിൽസ് എനിക്ക് വേണം."

രതീഷ് നേരെ ഇരുന്നു.

"ശ്രമിക്കാം സാർ."

"ശ്രമിക്കണം എന്നല്ല."

ശിവയുടെ ശബ്ദത്തിന് പെട്ടെന്ന് കാഠിന്യം വന്നു.

"കണ്ടെത്തണം."

രതീഷ് ചെറുതായി പുഞ്ചിരിച്ചു.

"ശരി സാർ."

അവൻ വീണ്ടും കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു.

"ആ അക്കൗണ്ട്, അതുമായി ബന്ധപ്പെട്ട കോൺടാക്ടുകൾ, ചാറ്റ് ചെയ്ത സമയങ്ങൾ... കിട്ടുന്ന വിവരങ്ങളൊക്കെ നോക്കാം."

ശിവ പറഞ്ഞു.

"അവർ സംസാരിച്ച സമയവും, ആരൊക്കെ ഓൺലൈനിലുണ്ടായിരുന്നു എന്നതും, അക്കൗണ്ട് എപ്പോൾ സൃഷ്ടിച്ചതും... സാധിക്കുന്നതെല്ലാം പരിശോധിക്കണം."

"ശരി സാർ."

ശിവ വീണ്ടും അജിത്തിനെയും സംഘത്തെയും നോക്കി.

"നിങ്ങൾ ഫേക്ക് പോലീസുകാരനെ വിടണ്ട."

അജിത് തലകുനിച്ചു.

"അവനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാം."

"അവന്റെ മുഖം മാത്രമല്ല അന്വേഷിക്കേണ്ടത്."

ശിവ പറഞ്ഞു.

"അവൻ എവിടെ നിന്നാണ് വന്നത്, ആരെയാണ് കണ്ടത്, ആരുടെ നിർദ്ദേശപ്രകാരമാണ് വന്നത്... മാല ആരെങ്കിലും വാങ്ങാൻ അയച്ചതാണോ എന്നും നോക്കണം."

"ഒക്കെ സാർ."

 ശിവ വീണ്ടും പറഞ്ഞു.

"അടുത്തത്..."

"പുനർജന്മം."

മുറിയിൽ ഒരു നിമിഷം നിശ്ശബ്ദത നിറഞ്ഞു.

"രഘുനാഥ് സാർ പറഞ്ഞ കാര്യങ്ങൾ വീണ്ടും വായിക്കണം."

എല്ലാവരും  അതിശയത്തോടെ ശിവയെ നോക്കി.

"സാർ... ആ പഴയ രേഖകളൊക്കെ?"

"അതെ."

ശിവ മേശപ്പുറത്തിരുന്ന ഒരു ഫയൽ തുറന്നു.

"പുനർജന്മത്തെക്കുറിച്ച് അവൾ നടത്തിയിരുന്ന ഗവേഷണം എത്രത്തോളം പോയിരുന്നു എന്ന് നമുക്ക് അറിയണം."

ആരും  ഒന്നും പറയാതെ കേട്ടിരുന്നു.

അവൻ ഫയലിലെ ഒരു പേജിൽ വിരൽ വെച്ചു.

"പ്രധാനമായി..."

ശിവയുടെ ശബ്ദം താഴ്ന്നു.

"അവളുടെ അവസാന ദിവസങ്ങളിലെ പെരുമാറ്റം."

എല്ലാവരുടെയും  മുഖത്ത് ഗൗരവം നിറഞ്ഞു.

"രഘുനാഥ് സാർ പറഞ്ഞതുപോലെ..."

ശിവ കുറച്ചുനേരം നിശ്ശബ്ദനായി.

"അവളുടെ അന്നത്തെ പ്രവർത്തികൾ എല്ലാം സാധാരണയായി കാണാൻ പറ്റാത്തതായിരുന്നു."

നൗഷാദ്  പതുക്കെ പറഞ്ഞു.

"അതെ സാർ."

ശിവ അവനെ നോക്കി.

"അപ്പോൾ ഒരു ചോദ്യം കൂടി ചോദിക്കണം."

എല്ലാവരുടെയും കണ്ണുകൾ ശിവയിലേക്ക് തിരിഞ്ഞു.

“പുനർജന്മവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിശ്വാസത്തിലേക്ക് അവൾ അകപ്പെട്ടിരുന്നോ?”

“അല്ലെങ്കിൽ...”

“അവൾ ആത്മഹത്യ ചെയ്തതാണോ?”

മുറിയിൽ പെട്ടെന്ന് നിശ്ശബ്ദത വീണു.

ആ ചോദ്യം കേട്ടതോടെ എല്ലാവരുടെയും  മുഖത്ത്  ഒരു നിമിഷം സംശയം തെളിഞ്ഞു.

ശിവ കസേരയിൽ പിന്നിലേക്ക് ചാരി.

"അത് ശരിയാണെങ്കിൽ..."

അവൻ മുന്നിലെ റിപ്പോർട്ടുകളിലേക്ക് നോക്കി.

"അവൾ മരിക്കുന്നതിന് മുമ്പ് ചെയ്ത ഓരോ കാര്യത്തിനും പിന്നിൽ ഒരു കാരണം ഉണ്ടായിരിക്കണം."

"ആ കാരണം കണ്ടെത്തിയാൽ..."

ശിവയുടെ കണ്ണുകൾ അകലങ്ങളിലേക്ക്  പതിഞ്ഞു.

"ഈ കേസിന്റെ പകുതി നമുക്ക് മനസ്സിലാകും."

0 comments:

Post a Comment

Related Posts with Thumbnails