പേജുകള്‍‌

Saturday, August 29, 2026

KSBI – ഇൻക്യൂബേറ്റ്: ദ എഗ്ഗ്സ് 11

Chapter 11

കല്ലിൽ ക്ഷേത്രത്തിന്റെ അടിവാരത്ത് വണ്ടി നിർത്തിയപ്പോൾ അജിത്ത് മുകളിലേക്ക് നോക്കി.

കനത്ത പച്ചപ്പിനിടയിൽ കറുത്ത നിറത്തിൽ ഉയർന്നുനിൽക്കുന്ന ഭീമൻ പാറക്കൂട്ടം ആദ്യനോട്ടത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റി. പാറയുടെ നെഞ്ചിലൂടെ കയറിയുപോകുന്ന പടികൾ മുകളിലേക്ക് മറഞ്ഞുപോകുന്നു. ചുറ്റും സാധാരണ ക്ഷേത്രങ്ങളിൽ കാണുന്ന തുറന്ന മുറ്റത്തേക്കാൾ, ഒരു പഴയ ഗുഹാക്ഷേത്രത്തിന്റെ ഒളിഞ്ഞിരിക്കുന്ന ഭാവമായിരുന്നു.

പാറയുടെ ഭാഗങ്ങൾക്കിടയിൽ കാലപ്പഴക്കം തേച്ചുമിനുക്കിയ കൽനിർമ്മിതികളും, പച്ചപ്പും പായലും പിടിച്ച കൽപ്പടികളും കാണാമായിരുന്നു. മുകളിലേക്ക് നോക്കുമ്പോൾ മരക്കൊമ്പുകൾക്കിടയിൽ ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം മാത്രം കാണപ്പെട്ടു.

ഈ സ്ഥലം ഒരു ക്ഷേത്രത്തേക്കാൾ പഴയൊരു ചരിത്രത്തിന്റെ അവശിഷ്ടം പോലെയാണ് തോന്നുന്നത്, അജിത്തിന് തോന്നി..

“സാർ...”

റോയ് അജിത്തിനടുത്തേക്ക് വന്നു.

“എന്താ?”

“നമുക്ക് ഇവിടെ എങ്ങനെ ബിഹേവ് ചെയ്യണമെന്ന് അറിയില്ലല്ലോ...”

റോയ് ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.

“വിമല അമ്പലത്തിൽ പോകുന്നതല്ലേ... ഞങ്ങൾ പാവം ക്രിസ്തുവിന്റെ അനുയായികളല്ലേ!”

റോയ് വിമലയെ നോക്കി പറഞ്ഞു.

“എനിക്കും അറിയില്ല. എങ്കിലും പേടിക്കേണ്ട. ആരും നമ്മളെ പിടിച്ചുതിന്നുമൊന്നുമില്ല.”

അജിത്തും ചിരിച്ചു.

“നീ മുന്നിൽ നടക്ക്. നമ്മൾ ആരെയും പഠിപ്പിക്കാൻ വന്നതല്ലല്ലോ.”

മൂന്നുപേരും ചെരുപ്പുകൾ ഊരി ക്ഷേത്രമുറ്റത്തേക്ക് കയറി.

ഏതാനും പടികൾ മുന്നോട്ട് നടന്നതോടെ അജിത്തിന്റെ കണ്ണുകൾക്ക് മുന്നിൽ ആ ഭീമൻ ഒറ്റക്കൽ പാറ തെളിഞ്ഞു.

ഒരു വലിയ കറുത്ത പാറക്കൂട്ടം പോലെ തോന്നിച്ചിരുന്ന അതിന്റെ അടിഭാഗം തന്നെ ക്ഷേത്രത്തിന്റെ പ്രധാന ഭാഗത്തെ മൂടിനിന്നിരുന്നു. കാലങ്ങളായി മഴയും വെയിലും ഏറ്റുവാങ്ങിയ പാറയുടെ പുറംഭാഗത്ത് പായലും ചെറു പച്ചപ്പുകളും പറ്റിപ്പിടിച്ചിരുന്നു.

പാറയുടെ അടിയിലേക്കായി നോക്കുമ്പോൾ, അതിന്റെ സ്വാഭാവിക വളവിനുള്ളിൽ തന്നെയായിരുന്നു ശ്രീകോവിൽ. സാധാരണ ക്ഷേത്രങ്ങളിൽ കാണുന്ന പോലെ ഒരു പ്രത്യേക കെട്ടിടത്തിനുള്ളിൽ ഒതുങ്ങിയതല്ല അത്; പാറയ്ക്കടിയിൽ കല്ലിൽ തന്നെ തീർത്ത ഒരു പുരാതന സന്നിധി പോലെ തോന്നിച്ചു.

മുന്നിലായി കൽപ്പടികളും കൽത്തൂണുകളും. ഇരുവശത്തും പാറയുടെ സ്വാഭാവിക ഭിത്തികൾ. അവയ്ക്കിടയിലൂടെ അകത്തേക്ക് നോക്കുമ്പോൾ ഇരുട്ടിൽ മങ്ങിയ ദീപപ്രകാശം മാത്രം കാണാമായിരുന്നു.

അജിത് ഒരു നിമിഷം അവിടെ നിന്നു.

ഇതൊരു സാധാരണ ക്ഷേത്രമല്ലെന്ന് ആദ്യനോട്ടത്തിൽ തന്നെ അയാൾക്ക് മനസ്സിലായി.

റോയ് പതുക്കെ അജിത്തിനടുത്തേക്ക് വന്നു.

“സാർ...”

“എന്താ?”

“ഈ സ്ഥലം തന്നെ ഒരു ചരിത്ര പുസ്തകം പോലെയാണല്ലോ.”

അജിത് ഒന്നും പറഞ്ഞില്ല. പാറയുടെ അടിയിലേക്കും അതിനുള്ളിലെ സന്നിധിയിലേക്കും നോക്കിക്കൊണ്ടിരുന്നു.

അകത്ത് പൂജാകർമങ്ങൾ നടക്കുകയായിരുന്നു.

കുറച്ചുസമയം കഴിഞ്ഞപ്പോൾ പൂജാരി അവരുടെ അടുത്തേക്ക് വന്നു.

“എന്താണ് വേണ്ടത്?”

“ഞങ്ങൾ പോലീസിൽ നിന്നാണ്. ജ്യോത്സന എന്നൊരു പെൺകുട്ടിയെ കാണാതായ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി വന്നതാണ്.”

അജിത് പറഞ്ഞു.

“അത് ഞാൻ ഓർക്കുന്നുണ്ട്, സാർ. ആ കുട്ടിയെ കാണാതായ ദിവസം അവൾ ഇവിടെ വന്നിരുന്നു. ഞാൻ ഈ കാര്യം പോലീസിനെ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ അവർ അത്ര ഗൗരവമായി ഒന്നും എടുത്തില്ല. അന്ന് അവർക്ക് ക്ഷേത്രത്തിൽ വന്ന കാര്യം മാത്രമേ അറിയേണ്ടിയിരുന്നുള്ളൂ എന്ന് തോന്നി.”

പൂജാരി പറഞ്ഞു.

“ഇവിടെ ജ്യോത്സന എപ്പോഴാണ് വന്നത്?”

അജിത് ചോദിച്ചു.

“അവൾ കാണാതായ ദിവസം രാവിലെ.”

അജിത്തിന്റെയും റോയിയുടെയും ശ്രദ്ധ കൂടുതൽ കേന്ദ്രീകരിച്ചു.

“എത്ര മണിയോടെ?”

“കൃത്യമായി ഓർമ്മയില്ല. രാവിലെ ആയിരുന്നു.”

പൂജാരി ഒരു നിമിഷം ആലോചിച്ചു.

അജിത് റോയിയെ നോക്കി.

“താങ്കൾക്ക് ജ്യോത്സനയെ ഇത്ര വ്യക്തമായി ഓർമ്മയുണ്ടോ?”

“ഉണ്ട്.”

“എന്തുകൊണ്ട്?”

പൂജാരി ചെറിയൊരു പുഞ്ചിരിയോടെ അവരെ നോക്കി.

“അവൾ സാധാരണ തൊഴാൻ വരുന്ന ആളായിരുന്നില്ല. ഗവേഷണത്തിന്റെ ഭാഗമായി വന്നതാണെന്ന് പറഞ്ഞിരുന്നു.”

“ഗവേഷണമോ?”

“അതെ. ഈ ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു.”

“എന്താണ് പ്രത്യേകിച്ച് ചോദിച്ചത്?”

“പഴയ പാരമ്പര്യങ്ങളെക്കുറിച്ചും ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ചും ചില കാര്യങ്ങൾ ചോദിച്ചു.”

പൂജാരി ക്ഷേത്രത്തിനകത്തേക്ക് നോക്കി.

“ഇത് ജൈന പാരമ്പര്യവുമായി ബന്ധമുള്ള ക്ഷേത്രമാണെന്ന് അവൾക്ക് നേരത്തെ അറിയാമായിരുന്നു.”

അജിത് ഒന്നും പറയാതെ കേട്ടുനിന്നു.

“അത് കൂടാതെ...”

പൂജാരി പെട്ടെന്ന് നിർത്തി.

“എന്താണ്?”

അജിത് ചോദിച്ചു.

“അവൾ അവസാനമായി വന്നപ്പോൾ ഒരു മാല എന്നെ ഏൽപ്പിച്ചിരുന്നു.”

അജിത്തിന്റെ മുഖത്ത് കൗതുകം തെളിഞ്ഞു.

“എന്ത് മാല?”

“കറുത്ത ചരടിൽ കോർത്ത ഒരു മാല. നടുവിൽ വിചിത്രമായ ഒരു ലോക്കറ്റും ഉണ്ടായിരുന്നു.”

അജിത്തും റോയും പരസ്പരം നോക്കി.

“അവൾ എന്താണ് പറഞ്ഞത്?”

“ദുർഗാദേവിയുടെ കഴുത്തിൽ അണിയിക്കാമോ എന്ന് ചോദിച്ചു.”

“താങ്കൾ അണിയിച്ചോ?”

“ഇല്ല.”

പൂജാരി തലകുലുക്കി.

“ഇവിടുത്തെ ആചാരപ്രകാരം അത് ചെയ്യാൻ പറ്റില്ല. ഞാൻ അത് പറഞ്ഞപ്പോൾ...”

“പിന്നെ?”

“ദേവിയുടെ കാൽക്കൽ വെച്ച് പൂജിച്ച് തരാമോ എന്ന് ചോദിച്ചു.”

“താങ്കൾ?”

“ഞാൻ സമ്മതിച്ചു.”

“പിന്നെ?”

“മാല പൂജിച്ച് കൊടുത്തു.”

പൂജാരി കുറച്ചുനേരം മിണ്ടാതെ നിന്നു.

“അവൾ അത് ഇവിടെ കല്ലിൽ കൊത്തിവെച്ചിരിക്കുന്ന ഒരു സ്ത്രീരൂപത്തിന്റെ മുൻപിൽ വെച്ചിട്ട്, കുറച്ചുസമയത്തിന് ശേഷം തിരികെ വന്ന് എടുത്തോളാമെന്ന് പറഞ്ഞു.”

അജിത്തിന്റെ കണ്ണുകൾ ക്ഷേത്രമുറ്റത്തേക്ക് നീങ്ങി.

“അത് എവിടെയാണ്?”

പൂജാരി കൈചൂണ്ടി.

ക്ഷേത്രത്തിന്റെ ഒരു വശത്ത് പഴക്കമേറിയ ഒരു സ്ത്രീരൂപം കല്ലിൽ കൊത്തിവച്ചിരുന്നു.

“അവിടെ.”

അജിത്തും റോയും വിമലയും അവിടേക്ക് നടക്കാനായി തിരിഞ്ഞു.

“ഇപ്പോഴും അവിടെ ഉണ്ടോ?”

അജിത് ചോദിച്ചു.

പൂജാരി തലകുലുക്കി.

“ഇല്ല.”

“എവിടെ പോയി?”

“ഇന്നലെ മറ്റൊരു പോലീസുകാരൻ വന്നിരുന്നു.”

അജിത് ഉടൻ തിരിഞ്ഞുനോക്കി.

“വേറെ പോലീസോ? എപ്പോഴാണ്?”

അത്ഭുതത്തോടെ അജിത് ചോദിച്ചു.

“ഉച്ചയ്ക്ക് ശേഷമായിരുന്നു.”

“അയാൾ എന്താണ് ചോദിച്ചത്?”

“ജ്യോത്സനയെക്കുറിച്ച് പല കാര്യങ്ങളും ചോദിച്ചു. പിന്നെ അവൾ ഇവിടെ വെച്ചുപോയ മാലയെക്കുറിച്ചും.”

“അതിനുശേഷം?”

“മാല എടുത്തുകൊണ്ടുപോയി.”

അവിടെ ഒരു നിശ്ശബ്ദത നിറഞ്ഞു.

“മാല ആരാണ് കൊണ്ടുപോയതെന്ന് താങ്കൾക്ക് അറിയാമോ?”

“പോലീസുകാരനല്ലേ, സാർ. അതുകൊണ്ട് കൂടുതൽ ചോദിച്ചില്ല.”

അജിത് ഒരു നിമിഷം മിണ്ടാതെ നിന്നു.

“അയാളെ മുമ്പ് കണ്ടിട്ടുണ്ടോ? ഐഡി കാണിച്ചിരുന്നോ?”

“ഇല്ല. നിങ്ങളെപ്പോലെ തന്നെ വന്ന് പരിചയപ്പെടുത്തി. നിങ്ങളും ഐഡി കാണിച്ചില്ലല്ലോ?”

പൂജാരി ലളിതമായി ചോദിച്ചു.

“ഓ...”

അജിത് ഉടൻ തന്റെ പോലീസ് ഐഡി പുറത്തെടുത്ത് പൂജാരിയെ കാണിച്ചു.

“ഞങ്ങൾ സാധാരണയായി പരിചയപ്പെട്ടാൽ മതി എന്ന് വിചാരിച്ചു.”

അയാൾ ഐഡി തിരികെ പോക്കറ്റിലിട്ടു.

“അയാൾ ഒറ്റയ്ക്കായിരുന്നോ?”

“അതെ.”

അജിത് കുറച്ചുനേരം ചിന്തിച്ചു.

“ക്ഷേത്രത്തിൽ CCTV ഉണ്ടോ?”

പൂജാരി തല ഉയർത്തി ക്ഷേത്രത്തിന്റെ വശത്തേക്ക് നോക്കി.

“ഉണ്ട്, സാർ.”

“അപ്പോൾ നോക്കാം.”

അവർ ക്ഷേത്ര ഓഫീസിലേക്ക് നടന്നു.

മോണിറ്ററിൽ CCTV ദൃശ്യങ്ങൾ തുറന്നു.

പൂജാരി സമയം ക്രമപ്പെടുത്തി footage മുന്നോട്ടു നീക്കി.

കുറച്ചുസമയത്തിന് ശേഷം ഒരാൾ ക്ഷേത്രത്തിലേക്ക് കയറിവരുന്നത് കാണപ്പെട്ടു.

“ഇതാണോ ഇന്നലെ വന്ന പോലീസ് ഉദ്യോഗസ്ഥൻ?”

അജിത് ചോദിച്ചു.

“മുഖം കാണാത്ത രീതിയിൽ തൊപ്പി തലയിൽ വെച്ചിരിക്കുകയാണല്ലോ.”

അയാൾ വീണ്ടും സ്ക്രീനിലേക്ക് നോക്കി.

“അതെ. വസ്ത്രം കണ്ടിട്ട് അതേ ആളാണെന്ന് തോന്നുന്നു.”

പൂജാരി പറഞ്ഞു.

ആ വ്യക്തി ക്ഷേത്രമുറ്റത്തേക്ക് നടന്നു വന്നു.

എന്നാൽ ക്ഷേത്രത്തിന്റെ വശത്തുള്ള ഒരു ഭാഗത്ത് എത്തിയപ്പോൾ CCTV ദൃശ്യത്തിൽ നിന്ന് അയാൾ അപ്രത്യക്ഷനായി.

“നിർത്തൂ.”

അജിത് പറഞ്ഞു.

റോയ് footage നിർത്തി.

“തിരിച്ചു നോക്ക്.”

വീണ്ടും ദൃശ്യം ഓടിച്ചു.

അയാൾ അതേ ഭാഗത്തേക്ക് നടന്നു.

അവിടെ...

ക്യാമറയുടെ കാഴ്ച അവസാനിച്ചിരുന്നു.

“ഇവിടെ blind spot ആണല്ലേ?”

അജിത് ചോദിച്ചു.

“അതെ, സാർ.”

റോയ് പറഞ്ഞു.

അജിത് സ്ക്രീനിലേക്ക് നോക്കി നിന്നു.

“അയാൾ എവിടേക്കാണ് പോയതെന്ന് ക്യാമറയിൽ ഇല്ല.”

പൂജാരി മിണ്ടാതെ നിന്നു.

അജിത്തിന്റെ മുഖത്ത് ഗൗരവം നിറഞ്ഞു.

“മാല എടുത്ത് തിരികെ വന്ന ദൃശ്യം ഉണ്ടോ?”

റോയ് footage മുന്നോട്ടാക്കി.

കുറച്ചുസമയത്തിന് ശേഷം അതേ വ്യക്തി വീണ്ടും ക്യാമറയുടെ പരിധിയിൽ പ്രത്യക്ഷപ്പെട്ടു.

അയാളുടെ കൈയിൽ എന്തോ ഉണ്ടായിരുന്നു.

“Zoom ചെയ്യ്.”

റോയ് ദൃശ്യം വലുതാക്കി.

വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത ഒരു കറുത്ത ചരട് അയാളുടെ കൈയിൽ കാണപ്പെട്ടു.

അജിത് പതുക്കെ സ്ക്രീനിനോട് അടുത്തു.

“മാല തന്നെയാകുമോ?”

വിമല ചോദിച്ചു.

അജിത് മറുപടി പറഞ്ഞില്ല.

അയാളുടെ കണ്ണുകൾ സ്ക്രീനിൽ തന്നെ ഉറച്ചുനിന്നു.

“റോയ്...”

“സാർ?”

“ഈ footage-ന്റെ ഒരു copy എടുക്കണം.”

“ശരി, സാർ.”

അജിത് വീണ്ടും ആ blind spot-ിലേക്ക് നോക്കി.

ജ്യോത്സന ഇവിടെ എന്തോ കൊണ്ടുവന്നു.

ആരോ അത് ഇവിടെ നിന്ന് കൊണ്ടുപോയി.

പക്ഷേ...

ആരായിരുന്നു ആ വ്യക്തി?

0 comments:

Post a Comment

Related Posts with Thumbnails