Chapter 10
രാവിലെ പത്തരയോടെ രണ്ടാമത്തെ അന്വേഷണസംഘം ജ്യോത്സനയുടെ വീട്ടിലെത്തി.
SI അജിത്, റോയ്, വിമല.
പഴയകാല കേരളീയ ശൈലിയിൽ പണിത ഒരു വീടായിരുന്നു അത്. കാലപ്പഴക്കം തോന്നിക്കുന്ന ചുവരുകളും മരപ്പണികളുമുള്ള വിശാലമായ വരാന്തയും വീടിന് ഒരു പ്രത്യേക ഗൗരവം നൽകി.
അജിത് വാതിലിൽ മുട്ടി.
അൽപസമയത്തിനകം ഒരു സ്ത്രീ വാതിൽ തുറന്നു.
“ജ്യോത്സനയുടെ അമ്മയാണോ?”
അജിത് ചോദിച്ചു.
“അതെ...”
“ഞങ്ങൾ പോലീസിൽ നിന്നാണ്. ജ്യോത്സനയെക്കുറിച്ച് കുറച്ച് കാര്യങ്ങൾ അന്വേഷിക്കാനാണ് വന്നത്.”
അത് കേട്ടതും സ്ത്രീയുടെ മുഖം മാറി.
“അകത്തേക്ക് വരൂ, സാർ...”
അവൾ മാറിനിന്നു.
പോലീസുകാർ അകത്തേക്ക് കയറിയതും അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അടുത്തിരുന്ന കസേരയിൽ ഇരുന്നു.
“എന്റെ മോളെ... അവൾക്ക് എന്ത് പറ്റിയെന്ന് ഒന്ന് കണ്ടുപിടിച്ചുതരൂ, സാർ...”
വിമല ഉടൻ അവളുടെ അടുത്തേക്ക് ചെന്നു.
“കരയരുത്. ഞങ്ങൾ അവളെ കണ്ടെത്താൻ തന്നെയാണ് വന്നിരിക്കുന്നത്. നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ എല്ലാം ഞങ്ങളോട് പറയണം. അതാണ് ഞങ്ങൾക്ക് സഹായമാകുന്നത്.”
വിമല അവളെ ആശ്വസിപ്പിച്ചു.
അജിത്തും റോയും മുറിക്കുള്ളിൽ ചുറ്റും നോക്കി.
ചുവരിൽ ജ്യോത്സനയുടെ പല ചിത്രങ്ങളും ഉണ്ടായിരുന്നു.
“അമ്മേ, അന്ന് രാവിലെ ജ്യോത്സന എപ്പോഴാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്?”
അജിത് ചോദിച്ചു.
“ആറുമണിയോടെ, സാർ.”
“അത്ര നേരത്തെ?”
“അതെ. അന്ന് പ്രധാനപ്പെട്ട എന്തോ വർക്ക് ഉണ്ടെന്ന് പറഞ്ഞിരുന്നു. നേരത്തെ പോകണമെന്നും പറഞ്ഞു.”
“എവിടേക്കാണ് പോകുന്നതെന്ന് പറഞ്ഞിരുന്നോ?”
“കോളേജിലേക്കാണെന്ന് പറഞ്ഞു.”
അപ്പോഴേക്കും അകത്ത് നിന്നിരുന്ന ഒരു വയോധികൻ പതുക്കെ മുന്നോട്ടുവന്നു.
“അമ്പലത്തിൽ പോയിട്ടേ കോളേജിൽ പോകൂ എന്നാണ് അവൾ എന്നോടും പറഞ്ഞത്.”
അജിത് അയാളെ നോക്കി.
“താങ്കൾ?”
“അവളുടെ മുത്തച്ഛനാണ്.”
“അവൾ പതിവായി അമ്പലത്തിൽ പോകുമായിരുന്നോ?”
“ഉണ്ടായിരുന്നു.”
മുത്തച്ഛൻ പറഞ്ഞു.
“അന്ന് അതേ വഴിക്കാണ് പോയതെന്ന് താങ്കൾക്ക് ഉറപ്പാണോ?”
“അവൾ പറഞ്ഞതാണല്ലോ, സാർ.”
അജിത് തലയാട്ടി.
“പിന്നെ വീട്ടിൽ തിരിച്ചുവന്നില്ല?”
അമ്മ കണ്ണുനീർ തുടച്ചു.
“ഇല്ല, സാർ.”
അൽപനേരം മുറിയിൽ നിശ്ശബ്ദത നിറഞ്ഞു.
“വീട്ടിൽ മറ്റാരൊക്കെയുണ്ട്?”
അജിത് ചോദിച്ചു.
“ഞാനും ഭർത്താവും... പിന്നെ ഞങ്ങളുടെ മകനും അച്ഛനും.”
“മകനെ ഒന്ന് വിളിക്കാമോ?”
അൽപസമയത്തിനകം ഒരു യുവാവ് അവരുടെ അടുത്തേക്ക് വന്നു.
“ജ്യോത്സനയുടെ അനിയനാണോ?”
“അതെ, സാർ.”
“ചേച്ചിയുടെ സ്വഭാവത്തിൽ അടുത്തിടെ എന്തെങ്കിലും മാറ്റം തോന്നിയിരുന്നോ?”
അവൻ കുറച്ചുനേരം ആലോചിച്ചു.
“അങ്ങനെ വലിയ മാറ്റമൊന്നും ശ്രദ്ധിച്ചിട്ടില്ല, സാർ. സാധാരണ പോലെ തന്നെയായിരുന്നു.”
“കോളേജിലെ ഗവേഷണത്തിന്റെ കാര്യത്തിൽ എന്തെങ്കിലും ടെൻഷനോ മറ്റോ ഉണ്ടായിരുന്നോ?”
“അതൊന്നും അറിയില്ല, സാർ. എപ്പോഴും അതിന്റെ എന്തെങ്കിലും കാര്യങ്ങളിലായിരിക്കും. ചിലപ്പോൾ രാത്രി വൈകിയും പുസ്തകം വായിച്ചിരിക്കും.”
അജിത് തലയാട്ടി.
“വീട്ടിൽ ഇരിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് എങ്ങനെയായിരുന്നു?”
“ഫോൺ എപ്പോഴും അവളുടെ കൈയിലുണ്ടാകും, സാർ. പക്ഷേ...”
അവൻ പെട്ടെന്ന് നിർത്തി.
അജിത് അവനെ നോക്കി.
“പക്ഷേ?”
“ചില സമയത്ത് ആരെങ്കിലും മെസ്സേജ് അയച്ചാൽ അവൾ ഞങ്ങളുടെ അടുത്തുനിന്ന് മാറിപ്പോകുമായിരുന്നു.”
“ആരുടെയെങ്കിലും മെസ്സേജായിരുന്നോ?”
“ആരാണെന്ന് അറിയില്ല, സാർ.”
“നീ കണ്ടിട്ടുണ്ടോ?”
“ഒന്നുരണ്ട് പ്രാവശ്യം.”
“എന്താണ് കണ്ടത്?”
“ഫോണിൽ എന്തോ വായിച്ചിട്ട് ചേച്ചി ചിരിച്ചതും, പിന്നെ പെട്ടെന്ന് ഫോൺ മറച്ചുവെച്ചതും കണ്ടിട്ടുണ്ട്.”
“ഏത് ആപ്പിലായിരുന്നു?”
“അത്...”
അവൻ ഒന്ന് ആലോചിച്ചു.
“ടെലഗ്രാം ആണെന്ന് തോന്നുന്നു, സാർ.”
അജിത്തിന്റെ ശ്രദ്ധ പെട്ടെന്ന് കൂടിയിരുന്നു.
“തോന്നുന്നു എന്നോ?”
“അതെ, സാർ. ഐക്കൺ കണ്ടിട്ടുള്ളത് ഓർമ്മയുണ്ട്. ചേച്ചി സാധാരണ വാട്ട്സ്ആപ്പിലാണ് ഞങ്ങളോട് ചാറ്റ് ചെയ്യാറുള്ളത്. അതുകൊണ്ട് അത് വേറൊരു ആപ്പാണെന്ന് ശ്രദ്ധയിൽപ്പെട്ടു.”
“അവൾ ആരോടാണ് സംസാരിക്കുന്നതെന്ന് കണ്ടിട്ടില്ലേ?”
“ഇല്ല, സാർ. ഞാൻ അടുത്തേക്ക് ചെന്നാൽ ചേച്ചി ഫോൺ മാറ്റിവയ്ക്കും.”
അജിത് കുറച്ചുനേരം അവനെ നോക്കി.
“അവൾ ഇങ്ങനെ ഫോൺ ഒളിപ്പിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി?”
“കുറച്ചുനാളായി, സാർ.”
“എത്ര?”
“അത് കൃത്യമായി പറയാൻ പറ്റില്ല... ഒരു രണ്ടുമാസമെങ്കിലും ആയിരിക്കണം.”
റോയ് ആ വിവരം നോട്ട്ബുക്കിൽ കുറിച്ചു.
അജിത് പതുക്കെ തലയാട്ടി.
“ഓക്കേ. ഇനി ഓർമ്മ വന്നാൽ പിന്നീട് പറഞ്ഞാൽ മതി.”
അജിത് കുറച്ചുനേരം ആലോചിച്ചു.
“അടുത്തിടെ അവളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രത്യേകമായി സംഭവിച്ചതായി വീട്ടിലുള്ള ആർക്കെങ്കിലും തോന്നിയിരുന്നോ?”
അമ്മ തലകുലുക്കി.
“എനിക്ക് ഒന്നും അറിയില്ല, സാർ.”
അവിടെ നിന്ന മുത്തച്ഛൻ പതുക്കെ പറഞ്ഞു:
“ഒരു കാര്യമുണ്ട്.”
എല്ലാവരുടെയും ശ്രദ്ധ അയാളിലേക്ക് തിരിഞ്ഞു.
“എന്താണ്?”
അജിത് ചോദിച്ചു.
“അടുത്തിടെ അവളുടെ കഴുത്തിൽ ഒരു മാല കണ്ടിരുന്നു.”
“മാലയോ?”
“അതെ.”
“എങ്ങനെയുള്ള മാല?”
മുത്തച്ഛൻ കുറച്ചുനേരം ഓർമ്മിക്കാൻ ശ്രമിച്ചു.
“അവളുടെ കൂട്ടുകാർ തന്നതാണെന്നാണ് അവൾ പറഞ്ഞത്.”
“എന്തായിരുന്നു അതിന്റെ പ്രത്യേകത?”
അജിത് ചോദിച്ചു.
“പുതിയ മാല പോലെയൊന്നുമല്ലായിരുന്നു. കണ്ടപ്പോൾ തന്നെ പഴയതാണെന്ന് തോന്നും.”
മുത്തച്ഛൻ കൈകൊണ്ട് അതിന്റെ ആകൃതി കാണിക്കാൻ ശ്രമിച്ചു.
“കറുത്ത ചരടിൽ കോർത്തതായിരുന്നു. നടുവിൽ കൃത്യമായ വൃത്തത്തിന്റെ ആകൃതിയിലുള്ള ഒരു ലോക്കറ്റ്.”
“വൃത്താകൃതിയിലോ?”
“അതെ. പക്ഷേ താഴത്തെ ഭാഗം പൂർണമായി കൂട്ടിമുട്ടിയിരുന്നില്ല.”
അജിത്തിന്റെ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിച്ചു.
“പിന്നെ?”
“ലോക്കറ്റിന്റെ കൊളുത്തിന്റെ ഭാഗത്ത് നിന്ന് നടുഭാഗം വരെ നീണ്ടുനിൽക്കുന്ന ഒരു സൂചിപോലെയുള്ള ഭാഗമുണ്ടായിരുന്നു.”
അദ്ദേഹം വിരലുകൾകൊണ്ട് അതിന്റെ ആകൃതി വരച്ചു കാണിച്ചു.
“അതിന്റെ രണ്ടു വശത്തും നാലുവീതം കറുത്ത മുത്തുകളും.”
റോയ് മുത്തച്ഛൻ പറയുന്ന ഓരോ കാര്യവും തന്റെ നോട്ട്ബുക്കിൽ കുറിച്ചുകൊണ്ടിരുന്നു.
“താങ്കൾക്ക് ഇത്രയും കൃത്യമായി ഓർമ്മയുണ്ടോ?”
“ഉണ്ട്.”
മുത്തച്ഛൻ പറഞ്ഞു.
“എനിക്ക് അതിൽ എന്തോ പ്രത്യേകത തോന്നിയിരുന്നു. അതുകൊണ്ടാണ് ശ്രദ്ധിച്ചത്.”
“ജ്യോത്സന അത് എവിടെ നിന്നാണ് കിട്ടിയതെന്ന് പറഞ്ഞോ?”
“കൂട്ടുകാർ തന്നതാണെന്നാണ് പറഞ്ഞത്.”
“ആരാണെന്ന് പറഞ്ഞോ?”
“ഇല്ല.”
അജിത് കുറച്ചുനേരം മിണ്ടാതെ നിന്നു.
“ആ മാല ഇപ്പോൾ വീട്ടിലുണ്ടോ?”
അമ്മയും മുത്തച്ഛനും പരസ്പരം നോക്കി.
“അറിയില്ല, സാർ.”
അജിത് ജ്യോത്സനയുടെ ചിത്രങ്ങളിലേക്ക് നോക്കി.
“അവളുടെ മുറി ഒന്ന് നോക്കണം.”
വിമല എഴുന്നേറ്റു.
“വരൂ, സാർ.”
അവർ ജ്യോത്സനയുടെ മുറിയിലേക്ക് നടന്നു.
മുറിക്കുള്ളിൽ പുസ്തകങ്ങളും പേപ്പറുകളും ചിതറിക്കിടന്നിരുന്നു.
റോയ് മേശപ്പുറത്തിരുന്ന ഒരു പഴയ നോട്ട്ബുക്ക് ശ്രദ്ധിച്ചു.
“സാർ...”
അജിത് തിരിഞ്ഞുനോക്കി.
“എന്താ?”
റോയ് നോട്ട്ബുക്ക് കൈയിലെടുത്തു.
“ഇത് ഗവേഷണവുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നു.”
അജിത് അത് വാങ്ങി തുറന്നു.
പേജുകളിൽ ചരിത്രവുമായി ബന്ധപ്പെട്ട കുറിപ്പുകൾ നിറഞ്ഞിരുന്നു.
ചില വാക്കുകൾക്ക് താഴെ ജ്യോത്സന പ്രത്യേകം വരയിട്ടിരുന്നു.
ശ്രമണ പാരമ്പര്യം.
പുനർജന്മം.
കർമ്മം.
അജിത് കുറച്ചുനേരം ആ വാക്കുകളിലേക്ക് നോക്കി.
“ഇതെല്ലാം എടുത്തോളൂ.”
അയാൾ പറഞ്ഞു.
“പിന്നെ ഈ മാലയെക്കുറിച്ച് വീട്ടിലുള്ളവർക്ക് ഓർമ്മ വരുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ വീണ്ടും ചോദിക്കണം.”
റോയ് തലയാട്ടി.
അജിത് നോട്ട്ബുക്ക് അടച്ചു.
“ശരി. മറ്റൊരു കാര്യം കൂടി ”
അയാൾ മുത്തച്ഛനെ നോക്കി.
“അന്ന് ജ്യോത്സന ഏത് അമ്പലത്തിലാണ് പോയത്?”
“സാധാരണ ഇവിടെ അടുത്തുള്ള അമ്പലത്തിലാണ് പോകാറ്, സാർ. പക്ഷേ അന്ന് കല്ലിൽ ക്ഷേത്രത്തിലാണ് പോയത്.”
“കല്ലിൽ ക്ഷേത്രമോ?”
അജിത് ശ്രദ്ധയോടെ ചോദിച്ചു.
“അതെ, സാർ.”
“എന്തിനാണ് അവിടെ പോകുന്നതെന്ന് അവൾ പറഞ്ഞിരുന്നോ?”
“ചോദിച്ചപ്പോൾ... ദുർഗയെ കാണണം എന്നാണ് പറഞ്ഞത്.”
അജിത്തിന്റെ മുഖത്ത് നേരിയൊരു മാറ്റമുണ്ടായി.
“ദുർഗയെ കാണണമെന്നോ?”
“അതെ, സാർ.”
മുത്തച്ഛൻ പറഞ്ഞു.
“അതിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അവൾക്ക് അമ്പലത്തിൽ പോകുന്നത് പതിവായിരുന്നല്ലോ.”
അജിത് കുറച്ചുനേരം ഒന്നും മിണ്ടാതെ നിന്നു.
റോയ് നോട്ട്ബുക്കിൽ ആ വിവരവും കുറിച്ചു.
“കല്ലിൽ ക്ഷേത്രം...”
അജിത് പതുക്കെ ആവർത്തിച്ചു.
“അവൾ അവിടെ എത്ര സമയത്തോളം ഉണ്ടായിരുന്നുവെന്ന് അറിയാമോ?”
“അത് അറിയില്ല, സാർ.”
“ഓക്കേ.”
അജിത് തലയാട്ടി.
“ആ ക്ഷേത്രത്തിലെത്തുന്ന വഴിയിൽ എന്തെങ്കിലും സുഹൃത്തുക്കളെയോ പരിചയക്കാരെയോ കാണുമെന്ന് പറഞ്ഞിരുന്നോ?”
“ഇല്ല, സാർ.”
“ശരി.”
അജിത് ഒരിക്കൽ കൂടി വീട്ടിനുള്ളിലേക്ക് നോക്കി.
“നമുക്ക് ആ ക്ഷേത്രവും ഒന്ന് പരിശോധിക്കണം.”
അയാൾ റോയിയെയും വിമലയെയും നോക്കി.
“പോകാം.”
അവർക്കറിയില്ലായിരുന്നു—അതേ സമയത്ത് നഗരത്തിന്റെ മറ്റൊരു ഭാഗത്ത്, മറ്റൊരു അന്വേഷണസംഘവും ജ്യോത്സനയുടെ ജീവിതത്തിലെ മറ്റൊരു വാതിൽ തുറന്നുകൊണ്ടിരിക്കുകയായിരുന്നു.
0 comments:
Post a Comment