പേജുകള്‍‌

Sunday, August 30, 2026

KSBI – ഇൻക്യൂബേറ്റ്: ദ എഗ്ഗ്സ് 16

 ## Chapter 16

തങ്ങളുടെ മുൻപിലുള്ള ബോർഡിലേക്ക് ശിവ ലളിതഭാവത്തിൽ നോക്കി.

പോലീസ് സ്റ്റേഷൻ എറണാകുളം സെൻട്രൽ 

വണ്ടിയിൽ നിന്നിറങ്ങിയ ശിവയും നൗഷാദും സ്റ്റേഷന്റെ അകത്തേക്ക് നടന്നു.

പ്രവേശന കവാടത്തിനരികിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിൾ അവരെ കണ്ടതും അറ്റൻഷനായി നിന്നു.

"SHO ഉണ്ടോ?"

ശിവ ചോദിച്ചു.

"ഉണ്ട് സാർ."

കോൺസ്റ്റബിൾ അകത്തേക്ക് ചൂണ്ടിക്കാട്ടി.

"അകത്തുണ്ട്."

"ശരി."

ശിവ മുന്നോട്ട് നടന്നു.

പിന്നിൽ നൗഷാദും സംഘവും.

SHOയുടെ മുറിയുടെ വാതിൽ കടന്ന് അകത്തേക്ക് കയറിയ ശിവയെ കണ്ടതും SHO ഉടൻ എഴുന്നേറ്റ് അറ്റൻഷനായി നിന്ന് സല്യൂട്ട് ചെയ്തു.

"ഗുഡ് മോർണിംഗ്, സാർ."

"ഗുഡ് മോർണിംഗ്."

ശിവ ചെറിയൊരു പുഞ്ചിരിയോടെ മറുപടി നൽകി.

അപ്പോഴേക്കും SHOയുടെ കണ്ണുകൾ നൗഷാദിൽ പതിഞ്ഞു.

ഒരു നിമിഷം അയാളുടെ മുഖത്ത് അതിശയം തെളിഞ്ഞു.

പിന്നെ സന്തോഷത്തോടെ മുന്നോട്ട് വന്നു.

"അല്ലാ... നൗഷാദ്!"

നൗഷാദും ചിരിച്ചു.

"എന്താ വിശേഷം?"

"എന്ത് വിശേഷം... കേസന്വേഷണം അല്ലാതെന്ത്?"

ഇരുവരും കൈകൊടുത്തു.

"എത്ര കാലമായി കണ്ടിട്ട്!"

"കുറച്ചായി."

പഴയ പരിചയത്തിന്റെ ചൂട് അവരുടെ സംസാരത്തിൽ വ്യക്തമായിരുന്നു.

ശിവ അവരെ നോക്കി ചെറുതായി പുഞ്ചിരിച്ചു.

"ഓക്കെ, നമുക്ക്... കാര്യത്തിലേക്കു കടക്കാം. ഈ സ്റ്റേഷനിൽ തീർപ്പാക്കാൻ പറ്റാത്ത രണ്ടു കേസിൽ ആണ് ഞങ്ങൾ "

SHOയുടെ മുഖത്തെ ചിരി പതുക്കെ മാറി.

"രണ്ടു കേസ്? ജോത്സനയുടെ മിസ്സിംഗ് അല്ലെ? അതിന്റെ കേസ് ഫയലും ഡീറ്റൈൽസും നിങ്ങൾക്കായി ഇവിടെ നിന്നും വാങ്ങിയിരുന്നു. അതല്ലാതെ വേറെ ?! "

ശിവ തലയാട്ടികൊണ്ട് ചിരിച്ചു .

"അതെ. ഈ കസേരയിൽ നൗഷാദ് ഇരുന്നപ്പോൾ മര്യാദക്ക് ഫിനിഷ് ചെയ്യാത്ത ഒന്ന് "

നൗഷാദ് മുന്നോട്ട് വന്നു.

"മംഗളവനത്തിലെ കേസ്."

അത് കേട്ടതും SHOയുടെ മുഖത്ത് ഗൗരവം നിറഞ്ഞു.

"ആ കേസ്?"

"അതുതന്നെ."

SHO മേശയുടെ അരികിലുള്ള അലമാരയിൽ നിന്ന് പഴയ കേസ് ഫയൽ എടുത്തുകൊണ്ടുവന്നു.

"ഇതാണ് സാർ ആ കേസിന്റെ ഫയൽ."

ശിവ ഫയൽ ഏറ്റുവാങ്ങി.

മേശപ്പുറത്ത് വെച്ച് പതുക്കെ തുറന്നു.

ആദ്യ പേജുകളിൽ തന്നെ കേസുമായി ബന്ധപ്പെട്ട ചില ഫോട്ടോകളുണ്ടായിരുന്നു.

ശിവ ഓരോന്നായി നോക്കി മുന്നോട്ട് നീങ്ങി.

അപ്പോഴാണ് ഒരു ഫോട്ടോയിൽ അവന്റെ കണ്ണുകൾ നിശ്ചലമായത്.

ആർതർ ജെയിംസ് വിറ്റ്മോറിന്റെ കഴുത്തിന് ചുറ്റും ഉണ്ടായിരുന്ന മാല.

ശിവ ഫോട്ടോ അടുത്തേക്ക് വലിച്ചെടുത്തു.

കുറച്ചുനേരം സൂക്ഷിച്ചുനോക്കി.

മാലയുടെ നടുക്കുണ്ടായിരുന്ന ഒരു പ്രത്യേക ഭാഗം അവൻ തിരഞ്ഞു.

പക്ഷേ...

നടുക്കായി ഉണ്ടായിരുന്ന ആ ഭാഗം അതിലുണ്ടായിരുന്നില്ല.

അവൻ അടുത്ത പേജിലേക്ക് തിരിഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ശിവ അത് ശ്രദ്ധാപൂർവ്വം വായിക്കാൻ തുടങ്ങി.

മരണകാരണം, ശരീരത്തിലെ പരിക്കുകൾ, രക്തത്തിലെ വിഷാംശം... ഓരോ വിവരവും അവൻ പ്രത്യേകം പരിശോധിച്ചു.

"ബൈറ്റ് മാർക്ക് എവിടെയാണ്?"

ശിവ ചോദിച്ചു.

"കയ്യിൽ, സാർ."

നൗഷാദ് മറുപടി പറഞ്ഞു.

ശിവ വീണ്ടും റിപ്പോർട്ടിലേക്ക് കണ്ണോടിച്ചു.

പാമ്പുകടിയേറ്റ ഭാഗത്തെക്കുറിച്ചുള്ള രേഖ വായിച്ചു.

വിഷപരിശോധനയുടെ ഫലത്തിൽ എത്തിയപ്പോൾ അവൻ പെട്ടെന്ന് നിർത്തി.

ഒരു പ്രത്യേക വാക്കിൽ അവന്റെ കണ്ണുകൾ പതിഞ്ഞു.

'Neurotoxic venom'

ശിവ ഫോൺ എടുത്തു.

റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്ന വിഷത്തിന്റെ പേര് തിരഞ്ഞു.

കുറച്ചുനേരം സ്ക്രീനിലേക്ക് നോക്കിയ ശേഷം ശിവയുടെ മുഖഭാവം മാറി.

"നൗഷാദ്..."

നൗഷാദ് അടുത്തേക്ക് വന്നു.

"സാർ?"

"ഈ venom... എന്തിന്റേതാണെന്ന് നോക്ക്."

നൗഷാദ് ഫോണിലേക്ക് നോക്കി.

"രാജവെമ്പാലയുടെ വിഷം."

ശിവ വീണ്ടും ഫോൺ കൈയിലെടുത്തു.

വായിച്ചുകൊണ്ടിരുന്ന വിവരങ്ങളിൽ പ്രധാനമായും neurotoxic venom എന്ന വാക്കാണ് അവന്റെ ശ്രദ്ധയിൽപ്പെട്ടത്. രാജവെമ്പാലയുടെ വിഷത്തിൽ നാഡീവ്യവസ്ഥയെയും neuromuscular junction-നെയും ബാധിക്കുന്ന α-neurotoxins ഉൾപ്പെടെയുള്ള നിരവധി വിഷപ്രോട്ടീനുകൾ ഉണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു.

ശിവ പതുക്കെ സ്ക്രീനിൽ നിന്ന് തല ഉയർത്തി.

"അപ്പോൾ..."

അവൻ നൗഷാദിനെ നോക്കി.

"ആർതറിനെ കടിച്ചത് രാജവെമ്പാലയാണ്."

നൗഷാദ് ഒന്നും പറഞ്ഞില്ല.

"താനൊക്കെ ഏതു മറ്റെടുത്തെ പോലീസ് ആയിരുന്നെടോ?"

ശിവ പൊട്ടിത്തെറിച്ചു.

"മംഗളവനത്തിൽ ഏതു കോ....ത്തിലാഡോ രാജവെമ്പാല ഇരിക്കുന്നത്?"

"രാജവെമ്പാല എത്ര പേരെ കേരളത്തിൽ കടിച്ചിട്ടുണ്ടെടോ?"

ശിവയുടെ ശബ്ദം ഉയർന്നു.

"സാർ..."

നൗഷാദ് നിന്ന് പരുങ്ങി.

"നേര്ച്ച പോലെയാണ് കേസ് അന്വേഷണം."

"സാർ... ആ സമയത്ത് വളരെയധികം കേസിന്റെ സമ്മർദം ഉണ്ടായിരുന്നു."

നൗഷാദ് പതുക്കെ പറഞ്ഞു.

"പോരാത്തതിന് ഇത് വലിയ ഇഷ്യൂ ആക്കണ്ട എന്ന് മുകളിൽ നിന്നും വിളിയും വന്നിരുന്നു. വിദേശിയായതിനാൽ വേണ്ടാത്ത തൊല്ല തലയിൽ കേറ്റിവയ്ക്കേണ്ട എന്നും പറഞ്ഞു."

അവൻ ഒന്ന് നിർത്തി.

"അതുകൊണ്ട് പെട്ടെന്ന് തന്നെ കേസ് ഫിനിഷ് ചെയ്തു."

ശിവ വീണ്ടും മേശപ്പുറത്തിരുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേക്കു നോക്കി.

റിപ്പോർട്ടിന്റെ അവസാന ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന പേര് അവന്റെ ശ്രദ്ധയിൽപ്പെട്ടു.

ഡോ. രാജേശ്വരി തമ്പി

ശിവ റിപ്പോർട്ട് അടച്ചു.

"നമ്മൾക്ക് ഈ ഡോക്ടറെ അടുത്തതായി കാണണം."

അവൻ ഫയൽ എടുത്തു.

"ഈ ഫയൽ എല്ലാം എടുത്തോളൂ."

0 comments:

Post a Comment

Related Posts with Thumbnails