പേജുകള്‍‌

Monday, August 31, 2026

KSBI – ഇൻക്യൂബേറ്റ്: ദ എഗ്ഗ്സ് 20

 

Chapter 20

വീതി കുറഞ്ഞ മാഞ്ഞൂരാൻ റോഡിന്റെ ഓരത്ത് വണ്ടി ഒതുക്കാനാവുന്ന ഒരു സ്ഥലത്ത് നൗഷാദ് വാഹനം നിർത്തി.

റോഡിന് ഇരുവശവും മരങ്ങളുടെ കനത്ത തണൽ. മുകളിലേക്ക് പടർന്നുനിന്ന വലിയ ശാഖകൾക്കിടയിലൂടെ മാത്രം പകൽവെളിച്ചം ചിതറിയെത്തുന്നുണ്ടായിരുന്നു. വള്ളികളും കാട്ടുവള്ളിച്ചെടികളും മരത്തണ്ടുകളെ ചുറ്റിപ്പിടിച്ച് വളർന്നിരുന്നു. നഗരത്തിന്റെ തിരക്ക് വളരെ അടുത്തുണ്ടായിരുന്നിട്ടും, ആ ഭാഗത്തേക്ക് കടന്നതോടെ അതിന്റെ ശബ്ദം പതുക്കെ അകന്നുപോയതുപോലെ തോന്നി.

അവർ വണ്ടിയിൽ നിന്നിറങ്ങി.

നൗഷാദ് കാട്ടിനുള്ളിലേക്ക് നീണ്ടുപോകുന്ന പഴയ റെയിൽപാതയിലേക്ക് കൈചൂണ്ടി.

"അതുവഴി പോയാൽ പഴയ ഗുഡ്സ് റെയിൽവേ സ്റ്റേഷൻ കാണാം. അവിടെയാണ് ബോഡി കിടന്നിരുന്നത്."

അവർ പതുക്കെ മുന്നോട്ട് നടന്നു.

പഴയ റെയിൽപാതയുടെ പാളങ്ങൾ പലഭാഗത്തും പുല്ലും കാട്ടുവള്ളികളും മൂടിയിരുന്നു. ചില ഇടങ്ങളിൽ മരങ്ങളുടെ വേരുകൾ പാളത്തിനടിയിലൂടെ കയറി കോൺക്രീറ്റ് സ്ലീപ്പറുകളെ പോലും മറികടന്നിരുന്നു. പാളത്തിനടിയിലെ മരത്തടികളിലൂടെ കാട്ടുപുല്ലുകൾ തലനീട്ടി വളർന്നിരുന്നു. ചില ഭാഗങ്ങളിൽ മരത്തടികൾ തന്നെ കാലത്തിന്റെ ഭാരത്തിൽ തേഞ്ഞുപോയിരുന്നു.

ഓരോ ചുവടിലും പഴയ ഇരുമ്പിന്റെ ചെറിയ കരച്ചിൽ മാത്രം.

അവർ വളരെ സൂക്ഷിച്ചാണ് മുന്നോട്ട് നടന്നത്.

മുന്നോട്ട് നീങ്ങുന്തോറും ചുറ്റുമുള്ള കാട് കൂടുതൽ കട്ടിയേറി.

അവസാനം പഴയ ഗുഡ്സ് റെയിൽവേ സ്റ്റേഷൻ അവരുടെ മുന്നിൽ തെളിഞ്ഞു.

ഒരുകാലത്ത് സജീവമായിരുന്നുവെന്ന് മാത്രം ഓർമ്മിപ്പിക്കുന്ന തരത്തിൽ, കാലപ്പഴക്കത്തിൽ മങ്ങിയ ഒരു കെട്ടിടം. ചുവരുകളിൽ പായലും വള്ളികളും പടർന്നിരുന്നു. മേൽക്കൂരയുടെ പല ഭാഗങ്ങളും തകർന്നിരുന്നു. പഴയ ജനൽച്ചട്ടകളുടെ ഇടവഴികളിലൂടെ അകത്തെ ഇരുട്ട് പുറത്തേക്ക് നോക്കുന്നതുപോലെ തോന്നി.

കെട്ടിടത്തിന്റെ മുന്നിലുണ്ടായിരുന്ന വിശാലമായ പ്ലാറ്റ്ഫോമിൽ ഒരുകാലത്ത് ചരക്ക് കയറ്റിറക്കിയിരുന്നതിന്റെ അടയാളങ്ങൾ ഇപ്പോഴും കാണാമായിരുന്നു.

അതിനരികിലൂടെ പഴയ റെയിൽപാളം കാട്ടിനുള്ളിലേക്ക് നീണ്ടുപോയി.

ആരോടോ തന്റെ പഴയ പ്രതാപം വിളിച്ചുപറയാനെന്നവണ്ണം നിൽക്കുന്ന സ്റ്റേഷന്റെ പേര് എഴുതിയ, കാട്ടുവള്ളികളാൽ അലങ്കരിക്കപ്പെട്ട, മഞ്ഞ പെയിന്റ് അടിച്ച കോൺക്രീറ്റ് ബോർഡ്.

അതിൽ കറുത്തനിറത്തിൽ പഴയ മലയാളം ലിപിയിൽ എഴുതിയിരുന്നു:

‘എറണാകുളം ഗുഡ്സ്’

നൗഷാദ് അതിലേക്ക് നോക്കി.

"അവിടെയാണ് ബോഡി കിടന്നിരുന്നത്."

സ്റ്റേഷൻ കെട്ടിടത്തോട് ചേർന്ന് കിടന്നിരുന്ന കോൺക്രീറ്റ് സ്ലീപ്പറിലേക്ക് നൗഷാദ് ചൂണ്ടിക്കാട്ടി.

"അവിടെയാണ്, സാർ."

ശിവ നൗഷാദ് ചൂണ്ടിക്കാണിച്ച ദിശയിലേക്ക് നോക്കി.

കാട് കാണാൻ വരുന്നവരും, സമാധാനത്തിനായി എത്തുന്നവരും മാത്രമല്ല, മറ്റു ഇല്ലീഗൽ പരിപാടികൾക്കായും ആളുകൾ ഈ ഭാഗത്തേക്ക്, കാടിനുള്ളിലൂടെ, വന്നുപോകാറുണ്ടായിരുന്നു.

മനുഷ്യർ നടന്നുപോയിരുന്ന ഒരു മങ്ങിയ പാത മാത്രം.

ചുറ്റും മരങ്ങൾ.

നിശ്ശബ്ദത.

രണ്ടുവർഷം മുമ്പ് ഇവിടെ ഒരു വിദേശ യുവാവിന്റെ മൃതദേഹം കിടന്നിരുന്നു എന്ന ചിന്ത മാത്രം ആ സ്ഥലത്തിന്റെ നിശ്ശബ്ദതയ്ക്ക് മറ്റൊരു അർത്ഥം നൽകി.

ശിവ പതുക്കെ മുന്നോട്ട് നടന്നു.

അവന്റെ കണ്ണുകൾ ചുറ്റുമുള്ള ഓരോ ചെറിയ കാര്യവും പരിശോധിച്ചുകൊണ്ടിരുന്നു.

"ഈ സ്ലീപ്പറിന് മേലെയായിരുന്നോ ബോഡി കിടന്നിരുന്നത്?"

ശിവ കോൺക്രീറ്റ് സ്ലീപ്പറിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

"അല്ല സാർ. ഒരു നിമിഷം!"

നൗഷാദ് കയ്യിലിരുന്ന കേസ് ഫയൽ തുറന്നു. ഇൻക്വസ്റ്റ് റിപ്പോർട്ടിനൊപ്പം ഉണ്ടായിരുന്ന ഫോട്ടോ പുറത്തെടുത്തു.

"അതിന് പാരലൽ ആയി... അല്പം മാറിയായിരുന്നു."

ശിവ നൗഷാദിന്റെ കയ്യിൽനിന്ന് ഫോട്ടോ വാങ്ങി.

ഫോട്ടോയിലേക്കും മുന്നിലെ സ്ഥലത്തേക്കും മാറിമാറി നോക്കി.

അവൻ പതുക്കെ കുറച്ചടി മുന്നോട്ട് നടന്നു.

"ഇവിടെയാണോ?"

"അതെ സാർ."

ശിവ വീണ്ടും ഫോട്ടോയിലേക്ക് നോക്കി.

സ്ലീപ്പറിനോട് ചേർന്ന് കിടന്നിരുന്ന ചില വസ്തുക്കൾ ഫോട്ടോയിൽ വ്യക്തമായിരുന്നു.

അവന്റെ കണ്ണുകൾ അതിൽ ഒന്നിൽ പതിഞ്ഞു.

കുറെ സിഗരറ്റ് കുറ്റികൾ.

ശിവ ചുറ്റും നോക്കി.

അതേ ഭാഗത്ത് ഇപ്പോഴും ചിതറിക്കിടക്കുന്ന കുറച്ച് സിഗരറ്റ് കുറ്റികൾ അവന്റെ ശ്രദ്ധയിൽപ്പെട്ടു.

അവൻ കുനിഞ്ഞ് അതിലൊന്ന് എടുത്തു.

വിരലുകൾക്കിടയിൽ തിരിച്ചും മറിച്ചും നോക്കി.

"നൗഷാദ്..."

"സാർ?"

"കാടുകാണാനും സമാധാനത്തിനും വേണ്ടിയല്ല അവൻ ഇവിടെ വന്നത്."

ശിവ സിഗരറ്റ് കുറ്റിയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

"ആരെയോ കാണാനാണ് വന്നത്. എല്ലാം ഒരേ ബ്രാൻഡ് !"

നൗഷാദ് ഒന്നും പറഞ്ഞില്ല.

അവന്റെ മുഖത്ത് ചിന്ത തെളിഞ്ഞു.

"മരണ സമയം എത്രയായിരുന്നു?"

ശിവ ചോദിച്ചു.

നൗഷാദ് റിപ്പോർട്ടിലേക്കു നോക്കിക്കൊണ്ട് പറഞ്ഞു.

"സാർ... രാത്രി ഒന്നരയോടെയാണ്."

ശിവ ചുറ്റുമുള്ള കാട്ടിലേക്ക് നോക്കി.

"ആ നേരത്ത് ഇവിടെ വന്ന് പ്രകൃതി ഭംഗി ആസ്വദിക്കേണ്ട കാര്യമില്ല."

അവൻ വീണ്ടും ഫോട്ടോയിലേക്ക് നോക്കി.

"അവന്റെ ബോഡിയിൽ എന്തെല്ലാം ഉണ്ടായിരുന്നു?"

നൗഷാദ് എണ്ണിപ്പറയാൻ തുടങ്ങി.

"ആ മാല, വിദേശനാണയം മാറ്റിവച്ചാൽ ഏകദേശം നാലായിരത്തി അഞ്ഞൂറോളം ഇന്ത്യൻ രൂപ ഉണ്ടായിരുന്ന പേഴ്സ്, പാസ്പോർട്ട്, ഒരു ക്രെഡിറ്റ് കാർഡ്, മൂന്ന് ഡെബിറ്റ് കാർഡുകൾ, മൊബൈൽ ഫോൺ..."

ശിവ പെട്ടെന്ന് അവനെ നോക്കി.

"അതെല്ലാം ഇപ്പോൾ എവിടെയാണ്?"

"ബന്ധുക്കൾ വന്നപ്പോൾ അവർക്കു കൊടുത്തുവിട്ടു."

ഒരു നിമിഷം ശിവ ഒന്നും പറഞ്ഞില്ല.

പിന്നെ നിരാശയോടെ നെറ്റിയിൽ കൈവെച്ചു.

"ഫക്ക്..."

അവൻ പല്ലുകടിച്ചുകൊണ്ട് പറഞ്ഞു.

"ആ മാല എങ്കിലും എവിഡൻസ് എന്ന് പറഞ്ഞു എടുത്തുവച്ചൂടായിരുന്നോ?"

നൗഷാദ് ഒന്നും മിണ്ടിയില്ല.

ശിവയുടെ മുഖത്തേക്ക് നോക്കാൻ പോലും അവന് മടിയായി.

ഭൂമി തുരന്ന് ഇറങ്ങിപ്പോയാലോ എന്ന് ഒരു നിമിഷം നൗഷാദിന് തോന്നി.

അവന്റെ പഴയ അന്വേഷണത്തിലെ ആ ചെറിയ പിഴവ് ഇപ്പോൾ എത്ര വലിയൊരു പ്രശ്നമായി മാറിയെന്ന് അവന് വ്യക്തമായി.

ശിവ കുറച്ചുനേരം മിണ്ടാതെ നിന്നു.

പിന്നെ ഫോട്ടോ നൗഷാദിന്റെ കയ്യിലേക്ക് തിരികെ കൊടുത്തു.

"ഇനി..."

അവൻ ദൂരെയുള്ള പഴയ സ്റ്റേഷൻ കെട്ടിടത്തിലേക്ക് നോക്കി.

“ഇവിടുത്തെ ബാക്കി കഥ...”

അവൻ നൗഷാദിനെ നോക്കി.

“ആ ഡിറ്റക്റ്റീവ് പറഞ്ഞുതരും.”

0 comments:

Post a Comment

Related Posts with Thumbnails