Chapter 19
വിഷണ്ണമായ ഭാവത്തോടെ നൗഷാദ് വണ്ടി ഓടിച്ചുകൊണ്ടിരുന്നു.
കോ-ഡ്രൈവർ സീറ്റിലിരുന്ന ശിവ പുറത്തേക്ക് നോക്കിക്കൊണ്ട് ആലോചനയിലായിരുന്നു.
ഡോ. രാജേശ്വരി തമ്പി പറഞ്ഞ അവസാന വാക്കുകൾ അവന്റെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.
“നിങ്ങൾ ഒറ്റയ്ക്കല്ല.”
കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം ശിവ നൗഷാദിനെ നോക്കി.
"ഡോക്ടർ തന്ന നമ്പർ ചെക്ക് ചെയ്യണം."
നൗഷാദ് ഒന്നും പറയാതെ വണ്ടി ഓടിച്ചുകൊണ്ടിരുന്നു.
"ആ ഡിറ്റക്റ്റീവിനെ കോൺടാക്ട് ചെയ്യാൻ അജിത്തിനോട് പറയണം."
ശിവ വീണ്ടും പറഞ്ഞു.
"പിന്നെ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാൻ പറ്റുമെങ്കിൽ അതിനൊരു അപ്പോയ്ന്റ്മെന്റും എടുക്കണം."
"ശരി സാർ."
നൗഷാദ് മറുപടി നൽകി.
കുറച്ചുനേരം നിശ്ശബ്ദമായി ഇരുന്ന ശേഷം നൗഷാദ് ശിവയെ നോക്കി.
"ഇത് കൊലപാതകം തന്നെയല്ലേ, സാർ?"
ശിവ പുറത്തേക്ക് നോക്കിക്കൊണ്ട് തന്നെ മറുപടി പറഞ്ഞു.
"അതിലേക്കാണ് സംശയം നീളുന്നത്."
നൗഷാദ് വീണ്ടും ചോദിച്ചു.
"അങ്ങനെയെങ്കിൽ... ഈ വിഷം എവിടെ നിന്ന് വന്നു എന്ന് അറിയേണ്ടേ?"
ശിവ പതുക്കെ തലയാട്ടി.
"ഉം... വേണം."
വണ്ടി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.
നൗഷാദ് കുറച്ചുനേരം ആലോചിച്ച ശേഷം പറഞ്ഞു.
"കേരളത്തിലെ ഈ പാമ്പുപിടുത്തക്കാരെയും വിഷക്കടത്തുകാരെയും പൂട്ടാൻ സജിയും റോയിയും തന്നെയാണ് ബെസ്റ്റ്, സാർ."
ശിവ ഇത്തവണ അവനെ നോക്കി.
"എങ്കിൽ അവരെ വിളിച്ച് ആ ജോലി ഏൽപ്പിക്ക്."
"ശരി സാർ."
കുറച്ചുനേരം കൂടി ശിവ പുറത്തേക്ക് നോക്കിയിരുന്നു.
"നമുക്ക് ആ ബോഡി കണ്ടെടുത്ത സ്ഥലം വരെ ഒന്ന് പോകാം."
നൗഷാദ് ശിവയെ നോക്കി.
"മംഗളവനത്തിലേക്ക്?"
"അതെ."
ശിവയുടെ മറുപടി ചുരുക്കമായിരുന്നു.
വണ്ടി ഷൺമുഖം റോഡിലൂടെ മുന്നോട്ടു നീങ്ങി.
ഇടതുവശത്ത് മറൈൻ ഡ്രൈവ് നീണ്ടുകിടന്നു. അതിനപ്പുറം നഗരത്തിന്റെ തിരക്കിനെ പ്രതിഫലിപ്പിച്ചുകൊണ്ട് കായലിലെ വെള്ളം പതുക്കെ ഇളകിക്കൊണ്ടിരുന്നു. വെള്ളത്തിലൂടെ ചെറു വള്ളങ്ങളും ബോട്ടുകളും നീങ്ങുന്നുണ്ടായിരുന്നു.
റോഡിലൂടെ വാഹനങ്ങൾ തുടർച്ചയായി കടന്നുപോയിക്കൊണ്ടിരുന്നു.
എന്നാൽ ശിവയുടെ ശ്രദ്ധ അവയിലൊന്നിലും ആയിരുന്നില്ല.
കായലിലൂടെ പതുക്കെ നീങ്ങുന്ന ഒരു ബോട്ടിലേക്ക് അവൻ കണ്ണുറപ്പിച്ചു.
അവന്റെ മനസ്സിൽ ഒട്ടേറെ ചോദ്യങ്ങൾ ഒരുമിച്ച് ഉയർന്നുവന്നു.
ഒരു ബ്രിട്ടീഷ് യുവാവ്...
മംഗളവനം...
രാജവെമ്പാലയുടെ വിഷം...
കഴുത്തിലെ മാല...
അതിലെ കാണാതായ ഭാഗം...
പിന്നെ ഇപ്പോൾ UK-യിൽ നിന്നൊരു ഡിറ്റക്റ്റീവ്.
ഇവയെല്ലാം തമ്മിൽ എന്താണ് ബന്ധം?
വണ്ടി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.
ശിവയുടെ കണ്ണുകൾ ഇപ്പോഴും കായലിലായിരുന്നു.
പക്ഷേ അവന്റെ മനസ്സ്...
രണ്ടുവർഷം മുമ്പ് നടന്ന ആ മരണത്തിലേക്ക് തിരികെ പോയിക്കൊണ്ടിരുന്നു.
0 comments:
Post a Comment