പേജുകള്‍‌

Monday, August 31, 2026

KSBI – ഇൻക്യൂബേറ്റ്: ദ എഗ്ഗ്സ് 18

 Chapter 18

ഏകദേശം ഒന്നര മണിക്കൂറിന് ശേഷം അവർ വീണ്ടും ഡോ. രാജേശ്വരി തമ്പിയുടെ മുറിയുടെ മുന്നിലെത്തി.

ഇതിനിടയിൽ ഒ.പി.യിലെ തിരക്ക് കുറച്ചൊന്ന് കുറഞ്ഞിരുന്നു. കുറച്ചുനേരം മുൻപ് വരെ നിറഞ്ഞുനിന്നിരുന്ന കസേരകളിൽ ഇപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഉണ്ടായിരുന്നത്.

നൗഷാദ് വാതിലിൽ പതുക്കെ മുട്ടി.

"മാഡം..."

"വരൂ."

അകത്തുനിന്ന് മറുപടി കേട്ടതും നൗഷാദ് വാതിൽ തുറന്നു.

ശിവയും നൗഷാദും അകത്തേക്ക് കയറി.

അമ്പത് വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന, പ്രൗഢയായ ഒരു സ്ത്രീയായിരുന്നു ഡോ. രാജേശ്വരി തമ്പി. മുടിയിൽ പടർന്നിരുന്ന നരയും, മുഖത്തെ ഗൗരവവും, വർഷങ്ങളുടെ ഔദ്യോഗിക പരിചയം പ്രകടമാക്കുന്ന ശാന്തമായ കണ്ണുകളും അവരെ കണ്ടപ്പോൾ തന്നെ ശ്രദ്ധയിൽപ്പെട്ടു.


മേശയോട് ചേർന്നായിരുന്നു ഡോക്ടറുടെ കസേര. മറുവശത്ത് രോഗികൾക്കും കൂടെയുള്ളവർക്കുമായി ഒരു കസേരയും ഒരു ചെറിയ സ്റ്റൂളും ഉണ്ടായിരുന്നു. മുറിയുടെ ഒരു വശത്ത് താൽക്കാലികമായി വേർതിരിക്കാവുന്ന ചെറിയൊരു ക്യാബിനും അതിനകത്ത് ഒരു പരിശോധനാ ബെഡും ഉണ്ടായിരുന്നു. മേശപ്പുറത്ത് രോഗികളുടെ ഫയലുകളും പ്രിസ്ക്രിപ്ഷൻ പാഡുകളും സ്റ്റെതസ്കോപ്പും ചിതറിക്കിടന്നു.

ഡോക്ടർ മുന്നിലിരുന്ന ഫയൽ അടച്ച് അവരെ നോക്കി.

നൗഷാദ് മുന്നോട്ട് വന്നു.

"മാഡം, ഇത് ഞങ്ങളുടെ ഓഫീസർ ശിവ സുബ്രഹ്മണ്യം. "

"ഇരിക്കൂ."

അവർ മുന്നിലിരുന്ന കസേരയിലേക്ക് ചൂണ്ടിക്കാട്ടി.

ശിവ കസേരയിൽ ഇരിക്കുമ്പോഴും അവന്റെ കണ്ണുകൾ മുറിയിലൂടെ ഒരിക്കൽ കൂടി സഞ്ചരിച്ചു.

നൗഷാദ് അവന്റെ അടുത്തിരുന്നു.

മുറിക്കുള്ളിലെ അന്തരീക്ഷം ശാന്തമായിരുന്നെങ്കിലും, അവരുടെ മനസ്സുകളിൽ അങ്ങനെ ഒരു ശാന്തത ഉണ്ടായിരുന്നില്ല.

ആകാംക്ഷയും ടെൻഷനും നിറഞ്ഞ ഒരു നിശ്ശബ്ദത.

കുറച്ചുനേരം ആരും ഒന്നും സംസാരിച്ചില്ല.

അവസാനം ഡോക്ടർ തന്നെ മൗനം ഭേദിച്ചു.

"എന്താണ് നിങ്ങൾക്ക് അറിയേണ്ടത്?"

ശിവ നൗഷാദിനെ ഒന്ന് നോക്കി.

പിന്നെ നേരെ ഡോക്ടറുടെ കണ്ണുകളിലേക്ക് നോക്കി.

"ആർതർ ജെയിംസ് വിറ്റ്മോർ."

ഡോക്ടറുടെ മുഖത്ത് നേരിയൊരു മാറ്റം തെളിഞ്ഞു.

"ഉം... ഞാൻ അത് ഓർക്കുന്നുണ്ട്."

ഡോക്ടർ കസേരയിൽ അല്പം പിന്നിലേക്ക് ചാരി.

"ആ ബ്രിട്ടീഷുകാരനായ യുവാവ് അല്ലേ? ഞാൻ തന്ന റിപ്പോർട്ടിനേക്കാൾ കൂടുതലായി നിങ്ങൾക്കെന്താണ് എന്നിൽ നിന്ന് അറിയേണ്ടത്?"

"ആ മരണ കാരണം."

ശിവ നേരെ പറഞ്ഞു.

ഡോക്ടർ നൗഷാദിനെ നോക്കി.

"പൂർണമായ റിപ്പോർട്ടിനായി കാത്തുനിൽക്കാതെ കിട്ടിയതും കൊണ്ട് പോയതല്ലേ, നൗഷാദേ?"

"പക്ഷേ..."

നൗഷാദ് എന്തോ പറയാൻ ശ്രമിച്ചു.

"വീണ്ടും അതിനുവേണ്ടി എന്റെ മുന്നിൽ തന്നെ വന്നല്ലേ?"

ഡോക്ടറുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി.

ശിവ ഇടയിൽ പറഞ്ഞു.

"അത് അപ്പോഴുള്ള സാഹചര്യം. ഇപ്പോൾ ഞങ്ങൾ അന്വേഷിക്കുന്ന മറ്റൊരു കേസുമായി ഇതിന് ബന്ധമുണ്ടോ എന്നൊരു സംശയമുണ്ട്. അത് ദുരീകരിക്കാനാണ് മാഡത്തിന്റെ അടുത്തെത്തിയത്."

"ഓക്കേ."

ഡോക്ടർ കുറച്ചുനേരം ആലോചിച്ചു.

"ആ മരണം പാമ്പിൻ വിഷം മൂലം തന്നെയാണ്. രാജവെമ്പാലയുടേത്."

ശിവയുടെ കണ്ണുകൾ ഡോക്ടറിൽ പതിഞ്ഞു.

"ഞാൻ അത് ഉറപ്പാക്കാൻ വേണ്ടി നല്ല രീതിയിൽ തന്നെ ടെസ്റ്റുകൾ ചെയ്യിച്ചിരുന്നു. ഫലം വളരെ വ്യക്തമായിരുന്നു. ടെക്നിക്കൽ വാക്കുകൾ പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കുന്നില്ല."

അവർ മുന്നിലിരുന്ന ഫയലിലേക്ക് നോക്കി.

"ബോഡിയിൽ ആകെ ചെറിയൊരു ചതവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് വീഴ്ചയിൽ സംഭവിച്ചതാകാം."

അവർ ഒന്ന് നിർത്തി.

"പക്ഷെ പാമ്പിന്റെ കടി വലതു കൈത്തണ്ടയിലാണ്."

ശിവ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു.

"അതും എനിക്ക് അന്ന് ഒരു അസ്വാഭാവികതയായി തോന്നിയിരുന്നു."

ഡോക്ടർ ശിവയെ നോക്കി.

"പിന്നെ ബൈറ്റ് മാർക്കിന്റെ വലിപ്പവും അതിനിടയിലെ അകലവും... രാജവെമ്പാല പോലെ വലിയൊരു പാമ്പുമായി അത് മാച്ച് ചെയ്യുമോ എന്നൊരു സംശയവും എനിക്കുണ്ടായി."

മുറിയിൽ ഒരു നിമിഷം നിശ്ശബ്ദത നിറഞ്ഞു.

"അതുകൊണ്ടായിരുന്നു ഞാൻ അന്ന് നൗഷാദിനോട് ഡീറ്റെയിൽഡ് റിപ്പോർട്ട് ആവശ്യമാണ് എന്ന് പറഞ്ഞത്."

അവർ നൗഷാദിനെ നോക്കി.

"പക്ഷെ പിന്നീട് നിങ്ങളെ ഈ വഴി കണ്ടില്ല."

നൗഷാദ് ഒന്നും പറയാതെ തലതാഴ്ത്തി.

"മാഡം... ആ റിപ്പോർട്ട്?"

ഡോക്ടർ തലയാട്ടി.

"നിങ്ങൾ വന്നതിന് ശേഷം ഞാൻ അത് എടുപ്പിച്ചിരുന്നു. അതിന്റെ ഒരു കോപ്പി ഞാൻ തരാം."

"നന്ദി മാഡം."

ശിവ തലകുനിച്ചു.

"പിന്നെ ഏതു കേസുമായിട്ടാണ് ഇതിന് ബന്ധം?"

ഡോക്ടർ ചോദിച്ചു.

"ജ്യോത്സന മിസ്സിംഗ് കേസ്."

"ഓക്കേ... ഓക്കേ."

ഡോക്ടർ തലകുനിച്ചു.

"ഞാൻ പത്രത്തിലും ചാനലിലും ഒക്കെ കണ്ടിരുന്നു. ഗുഡ് ലക്ക്. നിങ്ങൾക്ക് ആ കുട്ടിയെ കണ്ടെത്താൻ കഴിയട്ടെ."

"താങ്ക്സ്, മാഡം."

അവർ എഴുന്നേറ്റു.

നൗഷാദും ശിവയും കസേരയിൽ നിന്ന് എഴുന്നേറ്റു വാതിലിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് ഡോക്ടർ വീണ്ടും പറഞ്ഞത്.

"നിങ്ങൾക്ക് ഒരു നല്ല വാർത്ത കൂടി തരാം."

ശിവയും നൗഷാദും തിരിഞ്ഞുനോക്കി.

ഡോക്ടറുടെ മുഖത്ത് ഇത്തവണ ഒരു നിഗൂഢമായ പുഞ്ചിരിയായിരുന്നു.

"ഇന്ന് രാവിലെ UK-യിൽ നിന്നാണ് എന്ന് പറഞ്ഞു ഒരാൾ വിളിച്ചിരുന്നു."

ശിവയുടെ മുഖഭാവം മാറി.

"ആരാണ്?"

"ഒരു ഡിറ്റക്റ്റീവ് എന്നാണ് പറഞ്ഞത്."

ഒരു നിമിഷം ഇടവേള.

"ഈ കേസിനെക്കുറിച്ച് അറിയാനായിരുന്നു വിളിച്ചത്."

ഡോക്ടർ പതുക്കെ പറഞ്ഞു.

"നിങ്ങൾ ഒറ്റയ്ക്കല്ല."

0 comments:

Post a Comment

Related Posts with Thumbnails