Chapter 17
എറണാകുളം ജനറൽ ആശുപത്രിയുടെ മുന്നിലെത്തിയപ്പോൾ തന്നെ നഗരത്തിന്റെ പതിവ് തിരക്കിനേക്കാൾ വ്യത്യസ്തമായൊരു ബഹളം അവരെ വരവേറ്റു.
ആശുപത്രിയുടെ ചുവപ്പും വെള്ളയും നിറമുള്ള കെട്ടിടങ്ങൾക്കിടയിലൂടെ ആളുകൾ തുടർച്ചയായി അകത്തേക്കും പുറത്തേക്കും സഞ്ചരിച്ചുകൊണ്ടിരുന്നു. ആംബുലൻസുകളുടെ ശബ്ദവും, രോഗികളെ വിളിക്കുന്ന ജീവനക്കാരുടെ ശബ്ദവും, ഓടിനടക്കുന്ന ബന്ധുക്കളുടെ തിരക്കുമെല്ലാം ചേർന്ന് ഒരുതരം നിരന്തരമായ അസ്വസ്ഥത അവിടെ നിറഞ്ഞുനിന്നു.
വണ്ടിയിൽ നിന്നിറങ്ങിയ ശിവയും നൗഷാദും ആശുപത്രിയുടെ പ്രവേശന കവാടത്തിലേക്ക് നടന്നു.
അകത്തേക്ക് കയറിയതും ചുറ്റുമുള്ള ശബ്ദം ഒന്നു കുറഞ്ഞതായി തോന്നി .
റിസപ്ഷൻ ഭാഗം വലിയൊരു ചില്ലിട്ട ക്യാബിൻ പോലെ വേർതിരിച്ചിരുന്നു. അതിന്റെ മുൻവശത്ത് ഒ.പി. ടിക്കറ്റ് എടുക്കാനുള്ളവരുടെ നീണ്ട ക്യൂ. ഇടതുവശത്തെ ചുവരിൽ നീല നിറത്തിലുള്ള ബോർഡിൽ വ്യക്തമായി എഴുതിയിരുന്നു.
“അന്വേഷണങ്ങൾ”
നൗഷാദ് നേരെ അവിടേക്ക് ചെന്നു.
"ഡോ. രാജേശ്വരി തമ്പി ഏത് ഭാഗത്താണ്?"
അവിടെയിരുന്ന ജീവനക്കാരൻ കമ്പ്യൂട്ടറിൽ എന്തോ പരിശോധിച്ചു.
"ഒ.പി.യിൽ കാണാം. ഈ ഭാഗം കടന്ന് ഇടത്തോട്ട് പോയാൽ ഒ.പി. ബ്ലോക്ക് ആണ്."
"നന്ദി."
നൗഷാദ് തിരിഞ്ഞു.
ശിവയും മറ്റുള്ളവരും പിന്നാലെ നടന്നു.
ഒ.പി. വിഭാഗത്തിന് മുന്നിലെത്തിയപ്പോൾ അവിടെയും വലിയ തിരക്കായിരുന്നു. ചുവരിനോട് ചേർന്ന കസേരകളിൽ രോഗികളും ബന്ധുക്കളും ഇരിക്കുന്നു. ചിലർ കൈയിൽ ഫയലുകളും മരുന്ന് കുറിപ്പുകളുമായി കാത്തിരിക്കുന്നു. ഇടയ്ക്കിടെ ഓരോ വാതിലുകൾ തുറക്കുകയും അടയുകയും ചെയ്യുന്നു.
ഒരു വാതിലിന് മുകളിലെ ബോർഡിൽ ഡോക്ടറുടെ പേര്.
ഡോ. രാജേശ്വരി തമ്പി
നൗഷാദ് വാതിലിന് മുന്നിലെ ക്യൂവിലേക്ക് നോക്കി.
"ഇനിയും കുറച്ച് പേരുണ്ട്."
ശിവ ഒന്നും പറഞ്ഞില്ല.
അവർ അവിടെത്തന്നെ നിന്നു.
സമയം പതുക്കെ നീങ്ങി.
ഒടുവിൽ അകത്തുണ്ടായിരുന്ന രോഗി പുറത്തേക്ക് വന്നു.
അവസരം നോക്കി നൗഷാദ് വാതിൽ തുറന്ന് അകത്തേക്ക് കയറി.
ഡോക്ടർ കമ്പ്യൂട്ടർ സ്ക്രീനിൽ നിന്ന് കണ്ണുയർത്തി.
"ഉം... എന്താ നൗഷാദ് സാർ ഈ വഴി? എന്താ അസുഖം? " പല കേസുകളിലായി ബന്ധപ്പെട്ടിട്ടുള്ളതിനാൽ ഡോക്ടർക്കു നൗഷാദ് സുപരിചിതനായിരുന്നു
"മാഡം, ചികിത്സക്കല്ല. ഞാൻ ഇപ്പോൾ KSBI-ൽ നിന്നാണ്."
ഡോക്ടറുടെ മുഖത്ത് ചെറിയൊരു മാറ്റം.
"KSBI?"
"അതെ മാഡം. പുതിയ അന്വേഷണ ഏജൻസിയാണ്. ആർതർ ജെയിംസ് വിറ്റ്മോറിന്റെ കേസുമായി ബന്ധപ്പെട്ട് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്."
ഡോക്ടർ കുറച്ചുനേരം അവനെ നോക്കി.
"ആ കേസ്..."
ശബ്ദത്തിൽ നേരിയ ആശ്ചര്യം.
"അതെ മാഡം."
നൗഷാദ് പറഞ്ഞു.
"എന്നെ വിളിച്ചിട്ടു വന്നാൽ പോരായിരുന്നോ ഈ സമയം നല്ല തിരക്കല്ലേ. ഒരു ഡോക്ടർ എന്ന നിലക്ക് രോഗികൾക്ക് അല്ലെ ഞാൻ പ്രിയോറിറ്റി കൊടുക്കേണ്ടത് ? "
നൗഷാദ് ഒന്നും പറഞ്ഞില്ല.
പുറത്ത് വീണ്ടും ഒരു രോഗിയുടെ പേര് വിളിക്കുന്ന ശബ്ദം കേട്ടു.
ഡോക്ടർ വാതിലിലേക്ക് നോക്കി.
"ഇപ്പോൾ വളരെ തിരക്കാണ്."
നൗഷാദ് മിണ്ടാതെ നിന്നു.
"ഏകദേശം ഒരു മണിക്കൂർ വേണം."
ഡോക്ടർ പറഞ്ഞു.
"രോഗികളെ ഒക്കെ നോക്കിക്കഴിഞ്ഞ ശേഷം നമുക്ക് സംസാരിക്കാം."
നൗഷാദ് തലകുനിച്ചു.
"ശരി മാഡം."
അവൻ പുറത്തേക്ക് ഇറങ്ങി.
ശിവ അവനെ നോക്കി.
"എന്തായി?"
"ഒരു മണിക്കൂർ കാത്തിരിക്കണം സാർ. രോഗികളെ എല്ലാം നോക്കിക്കഴിഞ്ഞ ശേഷം കാണാമെന്ന് പറഞ്ഞു."
ശിവ ചുറ്റുമുള്ള തിരക്കിലേക്ക് നോക്കി.
പിന്നെ ഡോ. രാജേശ്വരി തമ്പിയുടെ മുറിയുടെ അടഞ്ഞ വാതിലിലേക്ക്.
"ശരി."
അവൻ പതുക്കെ പറഞ്ഞു.
"കാത്തിരിക്കാം."
പക്ഷേ അവന്റെ മുഖത്ത് കാത്തിരിപ്പിന്റെ ഭാവമല്ലായിരുന്നു.
അന്വേഷണം ഒരു പുതിയ വാതിലിന്റെ മുൻപിൽ എത്തിയതിന്റെ ഭാവമായിരുന്നു.
0 comments:
Post a Comment