ശിവ ഫോൺ ചെവിയിലേക്ക് കൂടുതൽ അമർത്തിപ്പിടിച്ചു.
"ഹലോ... ഡാനിയൽ?"
മറുതലയ്ക്കൽ ഏതാനും നിമിഷങ്ങൾ കനത്ത നിശ്ശബ്ദത മാത്രം. ലണ്ടനിലെ രാത്രിയിലെ തണുത്ത കാറ്റിന്റെ നേർത്ത ഇരമ്പൽ ഫോണിലൂടെ കേൾക്കാമായിരുന്നു.
"ശിവ..."
ഡാനിയലിന്റെ ശബ്ദത്തിൽ ഒരു ഡിറ്റക്ടീവിന്റെ പതിവ് പ്രൊഫഷണൽ ശാന്തത ഒട്ടുമുണ്ടായിരുന്നില്ല. പകരം, തികഞ്ഞ അങ്കലാപ്പും പതറിയ ശബ്ദവും മാത്രം.
"വി ആർ ഇൻ ഡീപ്പ് ട്രബിൾ, ശിവ..."
ശിവയുടെ മുഖത്തെ പേശികൾ വലിഞ്ഞുമുറുകി. "എന്തുപറ്റി ഡാനിയൽ? എന്തെങ്കിലും പുതിയ രേഖകൾ കിട്ടിയോ?"
"ബിഗ് പ്രോബ്ലം..." ഡാനിയൽ വേഗത്തിൽ ഒരു ദീർഘനിശ്വാസമെടുത്തു. "ഇത് എവിടെനിന്ന് തുടങ്ങണമെന്ന് പോലും എനിക്ക് മനസ്സിലാകുന്നില്ല. ആർതറിന്റെ കൊലപാതകത്തിന് പിന്നിലെ സത്യം കണ്ടെത്താൻ അദ്ദേഹത്തിന്റെ ഭാര്യ എന്നെ ഏൽപ്പിച്ചപ്പോൾ, ഇതൊരു സാധാരണ ഫാമിലി അല്ലെങ്കിൽ ബിസിനസ്സ് കോൺസ്പിറസി ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ ആർതറിന്റെ ലണ്ടനിലെ വീട്ടിലും സ്റ്റഡി റൂമിലും ഞാൻ നടത്തിയ പരിശോധന..."
ഡാനിയൽ പാതിവഴിയിൽ നിർത്തി.
ശിവ ഒന്നും മിണ്ടിയില്ല. ക്യാബിനിലിരുന്ന അജിത്തും വിമലയും നൗഷാദും രതീഷും ശ്വാസമടക്കിപ്പിടിച്ച് ശിവയുടെ മുഖത്തെ ഭാവമാറ്റങ്ങളിലേക്ക് കണ്ണുനട്ടുനിന്നു.
"ഒന്നല്ല..." ഡാനിയലിന്റെ ശബ്ദം കൂടുതൽ താഴ്ന്നു, ഒരു രഹസ്യം പോലെയായി: "ആർതറിന്റെ പഴയ പേഴ്സണൽ ആർക്കൈവ്സ് പരിശോധിച്ചപ്പോൾ സമാനമായ രീതിയിൽ പല വിചിത്ര മരണങ്ങളും നടന്നിട്ടുണ്ട്. എല്ലാം വിശദീകരിക്കാനാവാത്ത അജ്ഞാത കാരണങ്ങളാൽ എഴുതിത്തള്ളപ്പെട്ടവ! ഇന്ത്യ, നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിലായി..."
ശിവയുടെ കണ്ണുകൾ കൂർത്തു. "ആർതർ വിറ്റ്മോർ ഇതിലൊരു കണ്ണി മാത്രമാണെന്നാണോ?"
"ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കൂ ശിവ. ആർതറിന്റെ ഭാര്യ പോലും അറിയാത്ത ചില രഹസ്യ ശേഖരങ്ങൾ അയാൾ സൂക്ഷിച്ചിരുന്നു. നമ്മൾ അന്വേഷിക്കുന്നത് ഏതെങ്കിലും ഒരു ലോക്കൽ ക്രിമിനൽ സംഘത്തെയല്ല." ഡാനിയൽ അല്പനേരം നിർത്തി. "ഇതിന് നൂറ്റാണ്ടുകളുടെ രക്തക്കറയുണ്ട്. ആൻ ഏൻഷ്യന്റ് സിൻഡിക്കേറ്റ്!"
മുറിയിൽ നിന്നിരുന്ന രതീഷും വിമലയും പരസ്പരം നോക്കി. ശിവ ഫോൺ സ്പീക്കറിലേക്ക് മാറ്റി മേശപ്പുറത്ത് വെച്ചു.
ഡാനിയലിന്റെ ശബ്ദം ആ മുറിയിലാകെ മുഴങ്ങി:
"ശിവ... നീ 'അഷ്ടബീജ സംഘ' എന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?"
ശിവ നെറ്റി ചുളിച്ചു. അവൻ അജിത്തിനെയും നൗഷാദിനെയും നോക്കി. അവരുടെ മുഖത്തും അതേ അജ്ഞത.
"ഇല്ല," ശിവ പറഞ്ഞു.
മറുതലയ്ക്കൽ ചെറിയൊരു ഇടവേള. ഡാനിയൽ അടുത്ത ചോദ്യം എറിഞ്ഞു:
"...എങ്കിൽ 'ചക്രപാലർ' എന്നോ?"
"ഇല്ല," ശിവ പറഞ്ഞു.
"ആർതറുടെ കുടുംബചരിത്രത്തിന് വിചിത്രമായ ഒരു പശ്ചാത്തലമുണ്ട് ശിവ..." ഡാനിയൽ ഏതാനും നിമിഷം ശ്വാസമടക്കിപ്പിടിച്ചു. "അയാളുടെ പൂർവികരിൽ പലരും ദുരൂഹസാഹചര്യങ്ങളിൽ മരണപ്പെട്ടത് നമ്മൾ ഇപ്പോൾ പറഞ്ഞ അതേ ഭൂപ്രദേശങ്ങളിൽ വെച്ചാണെന്നാണ് ആർക്കൈവ്സ് രേഖകൾ സൂചിപ്പിക്കുന്നത്!"
ശിവയുടെ കണ്ണുകളിൽ ആകാംക്ഷയും ഞെട്ടലും ഒരുപോലെ പടർന്നു.
"ഇന്ത്യ, നേപ്പാൾ, ടിബറ്റ്... ഇതേ ലൊക്കേഷനുകളിൽ തന്നെയോ?"
"അതെ, കൃത്യമായി അവിടെത്തന്നെ!" ഡാനിയൽ ഉറപ്പിച്ചു പറഞ്ഞു. "പക്ഷേ 'അഷ്ടബീജ സംഘം', 'ചക്രപാലർ' എന്നീ രണ്ട് പേരുകൾ മാത്രമാണ് ആ പഴയ കുറിപ്പുകൾക്കൊപ്പം എനിക്ക് കണ്ടെത്താനായത്. അവ തമ്മിലുള്ള അന്തർധാരയോ അതിന്റെ ഭീകരതയോ എന്താണെന്ന് പൂർണ്ണമായി ഡീകോഡ് ചെയ്യാൻ എനിക്കിപ്പോഴും കഴിഞ്ഞിട്ടില്ല."
ശിവ ഗൗരവത്തിൽ കേട്ടുനിന്നു.
ഡാനിയൽ തുടർന്നു: "ഈ പേരുകളുടെ കൊളോണിയൽ ഹിസ്റ്ററി കണ്ടെത്താൻ ഞാൻ ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറി ആർക്കൈവ്സിലും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പഴയ റെക്കോർഡുകളിലും ഒന്ന് സെർച്ച് ചെയ്യാം. പക്ഷെ എന്റെ ഇൻസ്റ്റിങ്റ്റ് പറയുന്നത്... ഇതിന്റെ വേരുകൾ കൂടുതൽ ആഴത്തിൽ ചെന്നെത്തുന്നത് ഇന്ത്യയിലെ പുരാതന മാനുസ്ക്രിപ്റ്റുകളിലും ലൈബ്രറികളിലുമായിരിക്കും!"
ശിവയുടെ നോട്ടം പെട്ടെന്ന് രതീഷിലേക്ക് തിരിഞ്ഞു. രതീഷ് കാര്യം മനസ്സിലായെന്ന മട്ടിൽ തലയാട്ടി.
"പിന്നെ... മറ്റൊരു പ്രധാന കാര്യം കൂടി ശിവ." ഡാനിയലിന്റെ സ്വരത്തിൽ തികഞ്ഞ ദൃഢതയുണ്ടായിരുന്നു. "ഞാൻ അടുത്ത മൂന്ന് ദിവസത്തിനകം ഇന്ത്യയിലേക്ക് ഫ്ലൈ ചെയ്യുന്നുണ്ട്."
ശിവ കസേരയിൽ നേരെ ഇരുന്നു. "ലണ്ടൻ വിടുകയാണോ?"
"യെസ്. ഇവിടെനിന്ന് എനിക്ക് കിട്ടിയ ആർതറിന്റെ എല്ലാ പ്രൈവറ്റ് ഫയലുകളും, ഫോട്ടോകളും, ആർക്കൈവൽ ഡാറ്റകളും ഞാൻ നേരിട്ട് കൊണ്ടുവരാം. നമ്മൾ ഒന്നിച്ച് ഇരുന്നാലേ ഈ പസിലിന്റെ ബാക്കി കഷണങ്ങൾ കൂട്ടിവെക്കാൻ പറ്റൂ."
"ഗുഡ് മൂവ്, ഡാനിയൽ," ശിവ പറഞ്ഞു. "ഇന്ത്യയിൽ ലാൻഡ് ചെയ്ത ഉടൻ ഒഫീഷ്യൽ ചാനലുകൾ വഴി ആദ്യം ബന്ധപ്പെടേണ്ടത് ഞങ്ങളെയായിരിക്കണം. കൊലയാളി സംഘം നിന്നെയും ടാർഗറ്റ് ചെയ്യാൻ സാധ്യതയുണ്ട്."
"ഷുവർ, ശിവ. ടേക്ക് കെയർ."
മറുതലയ്ക്കൽ കോൾ കട്ടായി.
മേശപ്പുറത്തിരുന്ന ഫോണിന്റെ സ്പീക്കറിൽ നിന്ന് ഒരു ബീപ് ശബ്ദം മാത്രം അവശേഷിച്ചു. ക്യാബിനിൽ വീണ്ടും കനത്ത നിശ്ശബ്ദത പടർന്നു.
ശിവ കസേരയിലേക്ക് ചാരിയിരുന്ന്, കോൾ അവസാനിച്ച ആ സ്ക്രീനിലേക്ക് തന്നെ കുറച്ചുനേരം അനങ്ങാതെ നോക്കിനിന്നു.
0 comments:
Post a Comment