"ഈ രണ്ടു പേരുകളെക്കുറിച്ച് ഏതെങ്കിലും പബ്ലിക് ഡൊമെയ്‌നിലോ ആർക്കൈവ്സിലോ മെൻഷൻ ചെയ്തിട്ടുണ്ടോ എന്ന് നോക്ക് രതീഷ്," ശിവ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
"അഷ്ടബീജ സംഘം... ചക്രപാലർ." രതീഷ് ആ പേരുകൾ സ്വയം ആവർത്തിച്ചു.
അവൻ അതിവേഗം ഗൂഗിൾ ബുക്സ്, ഡിജിറ്റൽ സൗത്ത് ഏഷ്യ ലൈബ്രറി, ഇൻഡോളജിക്കൽ റിസർച്ച് പേപ്പറുകൾ, ഹിസ്റ്റോറിക്കൽ ആർക്കൈവ്സ് എന്നിവയിലൂടെ തിരച്ചിൽ തുടങ്ങി. വിവിധ സ്പെല്ലിംഗുകളിലും ഫോണറ്റിക് കോമ്പിനേഷനുകളിലും കീവേഡുകൾ മാറിമാറി അരിച്ചുപെറുക്കി.
മിനിറ്റുകൾ ഇഴഞ്ഞുനീങ്ങി.
കീബോർഡിൽ നിന്ന് വിരലുകൾ പിൻവലിച്ച രതീഷ് ഒരു തരം അമ്പരപ്പോടെ കസേരയിൽ പിന്നിലേക്ക് ചാരി.
"ഇല്ല സാർ..."
ശിവയുടെ നെറ്റിയിലെ ഞരമ്പുകൾ വലിഞ്ഞു. "ഒരു ട്രേസും ഇല്ലേ?"
"ഒരു ലീഡും ഇല്ല സർ. ഈ പേരുകൾ ഒരുമിച്ച് വെച്ചാലും വേർതിരിച്ചു നോക്കിയാലും ഒരു സിംഗിൾ ഹിസ്റ്റോറിക്കൽ പേപ്പറിലോ ആർക്കൈവൽ ഇൻഡക്സിലോ പോലും ഇത് രേഖപ്പെടുത്തിയിട്ടില്ല. ഒന്നെങ്കിൽ ഇത് കാലങ്ങളായി വാമൊഴിയായി മാത്രം സൂക്ഷിച്ച രഹസ്യ കോഡുകളാണ്, അല്ലെങ്കിൽ ഒഫീഷ്യൽ ഡോക്യുമെന്റുകളിൽ നിന്ന് മനപ്പൂർവ്വം മായ്ച്ചുകളഞ്ഞവ!"
ശിവ ചിന്താഭാരത്തോടെ ചുണ്ടുകൾ കടിച്ചുപിടിച്ചു. അവൻ തിരിഞ്ഞ് നൗഷാദിനെ നോക്കി.
നൗഷാദ് മുന്നോട്ട് വന്നു. "ഇന്റർനെറ്റ് ഉണ്ടായതിനു ശേഷമുള്ള ചരിത്രമല്ല ഇത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് ഡാനിയൽ പറഞ്ഞത് ശരിയാണെങ്കിൽ, ഇവ ഡിജിറ്റൽ രൂപത്തിൽ ഉണ്ടാവില്ല. നമുക്ക് കളത്തിലിറങ്ങിത്തന്നെ പരതേണ്ടിവരും."
നൗഷാദ് ശിവയുടെ കണ്ണുകളിലേക്ക് നോക്കി തുടർന്നു: "പഴയ താളിയോലകളും, കൊളോണിയൽ സർവേ റിപ്പോർട്ടുകളും, ക്ലാസിഫൈഡ് ചരിത്രരേഖകളും സൂക്ഷിച്ചിരിക്കുന്ന ഏതെങ്കിലും പ്രധാനപ്പെട്ട ആർക്കൈവ്സ് അല്ലെങ്കിൽ ലൈബ്രറി നമുക്ക് തപ്പണം."
ശിവ രതീഷിന് നേരെ തിരിഞ്ഞു. "കേരളത്തിലെ ഏറ്റവും വലിയ ആർക്കൈവൽ ആൻഡ് റഫറൻസ് കളക്ഷൻ ഉള്ളത് എവിടെയാണെന്ന് നോക്ക്."
രതീഷ് സ്റ്റേറ്റ് ആർക്കൈവ്സ് ഡയറക്ടറേറ്റിന്റെ ലിസ്റ്റ് പരിശോധിച്ചു.
"തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സാർ. പബ്ലിക് ലൈബ്രറിയുടെ അപൂർവ്വ ഗ്രന്ഥ ശേഖരവും ഒപ്പം തൊട്ടടുത്തുള്ള കേരള സ്റ്റേറ്റ് ആർക്കൈവ്സും ചേർത്തുവെച്ചാൽ നമുക്ക് 19-ാം നൂറ്റാണ്ടിനും മുൻപുള്ള രേഖകൾ വരെ റഫർ ചെയ്യാൻ പറ്റും."
ശിവ നിശ്ചയദാർഢ്യത്തോടെ തലയാട്ടി.
"ശരി. സമയം ഒട്ടും കളയാനില്ല. നമ്മൾ തിരുവനന്തപുരത്തേക്ക് തിരിക്കുന്നു."
ഡിജിറ്റൽ ലോകം തീർത്ത മതിലുകൾക്ക് മുന്നിൽ നിന്ന്, നൂറ്റാണ്ടുകൾ പഴക്കമുള്ള കടലാസുകളിലും താളിയോലകളിലും ഉറങ്ങുന്ന ചോരയുടെ രഹസ്യങ്ങളിലേക്ക് അവരുടെ അടുത്ത ഘട്ടം ചുവടുവെക്കുകയായിരുന്നു.
"അജിത്..." ശിവ തിരിഞ്ഞ് അജിത്തിന്റെ തോളിൽ വിരലമർത്തി. "രഘുനാഥിന്റെ പ്രഭാഷണം നടന്ന ഓഡിറ്റോറിയത്തിലെ മുഴുവൻ ഫൂട്ടേജുകളും റെക്കോർഡിംഗുകളും എത്രയും വേഗം കൈക്കലാക്കണം. ഒരു ഫ്രെയിം പോലും വിട്ടുപോകരുത്."
"യെസ് സാർ, ഞാനത് നേരിട്ട് പോയി ഹാൻഡ്‌ലോവർ ചെയ്യാം," അജിത് ഉറച്ച സ്വരത്തിൽ പറഞ്ഞു.
ശിവയുടെ നോട്ടം രതീഷിലേക്ക് തിരിഞ്ഞു. "രതീഷ്, സ്ക്രീനിലുള്ള ആ ആറ് പേർ... അവരുടെ ബാക്ക്ഗ്രൗണ്ടും ഇപ്പോഴത്തെ കൃത്യമായ സ്റ്റാറ്റസും എനിക്ക് അറിയണം. അവർ ഇപ്പോൾ ജീവനോടെയുണ്ടോ, അതോ ആർതറെപ്പോലെ കൊല്ലപ്പെട്ടോ?"
രതീഷ് ഗൗരവത്തിൽ തലയാട്ടി.
"അവരുടെ പേരും നിലവിലെ ലൊക്കേഷനുകളും കിട്ടുന്ന മുറയ്ക്ക് നീ അതാത് സംസ്ഥാനങ്ങളിലെ ലോക്കൽ പോലീസുമായി ബന്ധപ്പെടണം," ശിവ ഒരു നിമിഷം നിർത്തി തുടർന്നു, "പക്ഷേ അതിനുമുൻപ് ഞാൻ എ.ഡി.ജി.പിയെ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ച് ഒഫീഷ്യൽ ക്ലിയറൻസ് വാങ്ങിയിരിക്കും. ഇന്റർ-സ്റ്റേറ്റ് കോർഡിനേഷനിൽ ഒരു പ്രോട്ടോക്കോൾ വീഴ്ചയും ഉണ്ടാകരുത്."
"ശരി സാർ," രതീഷ് കീബോർഡിലേക്ക് ശ്രദ്ധ തിരിച്ചു.
ശിവ ഒടുവിൽ വിമലയ്ക്കും നൗഷാദിനും നേരെ തിരിഞ്ഞു. അവന്റെ മുഖത്ത് നേരിയൊരു വെല്ലുവിളിയുടെ ഭാവം തെളിഞ്ഞു.
"വിമല... നൗഷാദ്..."
ഇരുവരും ശ്രദ്ധയോടെ അവനെ നോക്കി.
"നമുക്ക് ലൈബ്രറികളിലേക്കു വണ്ടിയെടുക്കാം. തോക്കുകളും സിസ്റ്റങ്ങളും ഒന്ന് താഴെവെച്ച്, കുറച്ചു ചരിത്രം പഠിക്കാൻ സമയമായി."
നൗഷാദിന്റെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു. "പഴയ ഏടുകളിലാണ് ചോരപ്പുരണ്ട രഹസ്യങ്ങളുള്ളതെങ്കിൽ, അവിടെയും ഞങ്ങൾ റെഡിയാണ് സാർ."
വിമലയും സമ്മതമെന്നോണം തലയാട്ടി.
ക്യാബിനിലുണ്ടായിരുന്ന ഓരോരുത്തരും വ്യക്തമായ ചുമതലകളോടെ സ്വന്തം കർമ്മപഥങ്ങളിലേക്ക് നീങ്ങി.
ആറ് മാലകൾ...
ആറ് പുരാതന ചരിത്രകേന്ദ്രങ്ങൾ...
അഷ്ടബീജ സംഘം...
ചക്രപാലർ...
ചുരുളഴിയാത്ത നൂറ്റാണ്ടുകളുടെ നിഗൂഢതകൾക്ക് നടുവിലൂടെ, ഒരൊറ്റ ലക്ഷ്യത്തിലേക്ക് കെ.എസ്.ബി.ഐയുടെ അന്വേഷണവലയം പല ദിശകളിലായി പൂർണ്ണശക്തിയോടെ വികസിക്കുകയായിരുന്നു!
0 comments:
Post a Comment