തിരുവനന്തപുരം പാളയത്തുള്ള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ മുന്നിലെത്തിയപ്പോൾ നൗഷാദ് കാർ പതുക്കെ ഒതുക്കി നിർത്തി.
വിക്ടോറിയൻ-ഗോഥിക് വാസ്തുശൈലിയുടെ ഗാംഭീര്യം പേറിനിൽക്കുന്ന ആ ചുവന്ന കെട്ടിടം പുറത്തുനിന്നുതന്നെ ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. കട്ടിയുള്ള കരിങ്കൽത്തൂണുകളും, ഉയർന്ന കമാനങ്ങളും, നൂറ്റാണ്ടുകളുടെ പഴക്കം പേറുന്ന വൻമരങ്ങളും. പുറത്തെ എം.ജി. റോഡിലെ തിരക്കുകൾക്കിടയിലും ലൈബ്രറി വളപ്പിനുള്ളിൽ അസാധാരണമായ ഒരു തണുപ്പും ഗൗരവമേറിയ നിശ്ശബ്ദതയും തങ്ങിനിന്നിരുന്നു.
ശിവയും വിമലയും നൗഷാദും കാറിൽ നിന്നിറങ്ങി.
കയ്യിലുണ്ടായിരുന്ന ഫയൽ ശിവ ഒരിക്കൽക്കൂടി ഒത്തുനോക്കി. കൾച്ചറൽ അഫയേഴ്സ് വകുപ്പിൽ നിന്നും എ.ഡി.ജി.പിയുടെ ഓഫീസിൽ നിന്നും ലഭിച്ച, ക്ലാസിഫൈഡ് ഹിസ്റ്റോറിക്കൽ ആർക്കൈവ്സും അപൂർവ്വ ഗ്രന്ഥങ്ങളും പരിശോധിക്കാനുള്ള പ്രത്യേക അനുമതിപത്രമായിരുന്നു അത്.
മൂവരും പ്രധാന കവാടം കടന്ന് അകത്തേക്ക് കയറി.
ഉയർന്ന മേൽക്കൂരയും തേക്ക് തടിയിൽ തീർത്ത വിശാലമായ ഇടനാഴികളും. ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ പഴയ റാക്കുകൾ. പതിറ്റാണ്ടുകൾ പഴക്കമുള്ള കടലാസുകളുടെയും ബൈൻഡിംഗ് പശയുടെയും നേർത്തൊരു മണം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു. വായനക്കാർ മേശകൾക്ക് ചുറ്റും ശ്വാസമടക്കിപ്പിടിച്ചിരുന്ന് വായിക്കുന്നു. പേജുകൾ മറിയുന്ന ശബ്ദവും ദൂരെയെവിടെയോ കേൾക്കുന്ന കാൽപ്പെരുമാറ്റങ്ങളും മാത്രം.
റഫറൻസ് ഡെസ്കിലെത്തിയ ശിവ ചീഫ് ലൈബ്രേറിയന് ഔദ്യോഗിക കത്ത് കൈമാറി. അദ്ദേഹം അത് ശ്രദ്ധാപൂർവ്വം വായിച്ചശേഷം തലയുയർത്തി.
"ശരി സാർ. പഴയ തിരുവിതാംകൂർ കളക്ഷനുകളും ബ്രിട്ടീഷ് സർവേ മാനുസ്ക്രിപ്റ്റുകളും പരിശോധിക്കാൻ അനുമതി തരാം."
അദ്ദേഹം ലൈബ്രറിയിലെ സീനിയർ റിസർച്ച് അസിസ്റ്റന്റിനെ വിളിച്ചു. "ഇവർക്ക് റെയർ ബുക്സ് സെക്ഷൻ തുറന്നു കൊടുക്കൂ. പഴയ കാറ്റലോഗുകൾ കണ്ടെത്താൻ സഹായിക്കണം."
അയാൾ അവരെ ലൈബ്രറിയുടെ ഏറ്റവും ഉള്ളിലുള്ള 'റെയർ ആർക്കൈവ്സ്' വിങ്ങിലേക്ക് നയിച്ചു.
അവിടെ അന്തരീക്ഷം കൂടുതൽ ഗംഭീരമായിരുന്നു. മങ്ങിയ മഞ്ഞവെളിച്ചത്തിൽ, ചില്ലിട്ട വലിയ മര അലമാരകൾക്കുള്ളിൽ തുകൽ പുറംചട്ടയുള്ള കട്ടിപ്പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു.
ശിവ പറഞ്ഞു: "ഞങ്ങൾ തിരയുന്നത് പ്രധാനമായും രണ്ട് പേരുകളാണ്. 'അഷ്ടബീജ സംഘം'... പിന്നെ 'ചക്രപാലർ'."
ഉദ്യോഗസ്ഥൻ നെറ്റി ചുളിച്ചു ആ പേരുകൾ ഒരു തുണ്ട് കടലാസിൽ കുറിച്ചു. "കേരള ചരിത്രരേഖകളിൽ ഈ പേരുകൾ അത്ര പരിചിതമല്ല സാർ. എങ്കിലും തിരുവിതാംകൂർ മാനുവലുകളും, മലബാർ ഗസറ്റിയറുകളും, ബ്രിട്ടീഷ് ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ടുകളും നമുക്ക് അരിച്ചുപെറുക്കാം."
ശിവയും വിമലയും നൗഷാദും തിരച്ചിൽ ആരംഭിച്ചു.
വിവിധ സ്പെല്ലിംഗുകൾ...
പഴയ സംസ്കൃത-തമിഴ്-മലയാള മിശ്രരൂപങ്ങൾ...
കൊളോണിയൽ കാലത്തെ രഹസ്യ പോലീസ് ഡയറികൾ...
പുരാവസ്തു വകുപ്പിന്റെ ആദ്യകാല സർവേകൾ...
ഓരോ തവണ ഒരു വലിയ പുസ്തകത്തിന്റെ പൊടിപടലങ്ങൾ തട്ടിമാറ്റി തുറക്കുമ്പോഴും എന്തെങ്കിലും ഒരു സൂചന കിട്ടുമെന്ന പ്രതീക്ഷ അവരിലുണ്ടായിരുന്നു.
സമയം അതിവേഗം ഇഴഞ്ഞുനീങ്ങി.
ഒരു മണിക്കൂർ...
രണ്ട് മണിക്കൂർ...
മൂന്ന് മണിക്കൂർ...
നാല് മണിക്കൂർ പിന്നിട്ടപ്പോഴും അവരുടെ മുന്നിലെ നീണ്ട മേശപ്പുറത്ത് പൊടിപിടിച്ച തുകൽ ബൈൻഡിംഗ് പുസ്തകങ്ങളുടെ മലകൾ മാത്രം ഉയർന്നു.
ഒടുവിൽ നൗഷാദ് കട്ടിയേറിയ ഒരു ബ്രിട്ടീഷ് റെക്കോർഡ് ബുക്ക് ശബ്ദത്തോടെ അടച്ചു.
"ഒന്നുമില്ല സാർ..." അവൻ കണ്ണുകൾ തിരുമ്മി ദീർഘനിശ്വാസമെടുത്തു. "ഈ പേരുകളുടെ നിഴൽ പോലും എവിടെയും പരാമർശിച്ചിട്ടില്ല."
വിമലയും കൈയിലുണ്ടായിരുന്ന രേഖ താഴെ വെച്ച് തളർച്ചയോടെ ഇരുന്നു. "ആ സംഘത്തെക്കുറിച്ചോ അവരുടെ ആചാരങ്ങളെക്കുറിച്ചോ ഒരൊറ്റ വരി പോലുമില്ല."
ശിവ കസേരയിൽ നിവർന്നിരുന്ന്, മുന്നിൽ തുറന്നുകിടന്ന അവസാനത്തെ കാറ്റലോഗും ഒന്നുകൂടി പരിശോധിച്ചു.
ശൂന്യം!
അവൻ പതുക്കെ കസേരയിൽ പിന്നിലേക്ക് ചാരി സീലിംഗിലേക്ക് കണ്ണുനട്ടു
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ മണിക്കൂറുകൾ നീണ്ട നിരാശാജനകമായ തിരച്ചിലിനൊടുവിൽ മൂവരും വീണ്ടും കാറിലേക്ക് കയറി.
അടുത്ത ലക്ഷ്യം തിരുവനന്തപുരം നാലാഞ്ചിറയിലുള്ള കേരള സ്റ്റേറ്റ് ആർക്കൈവ്സ് ഡയറക്ടറേറ്റ് ആയിരുന്നു.
അൽപസമയത്തിനകം നൗഷാദ് ആർക്കൈവ്സ് കോമ്പൗണ്ടിലേക്ക് കാർ തിരിച്ചു.
പുറത്തുനിന്നുതന്നെ ആ പഴയ കെട്ടിടത്തിന് ചരിത്രത്തിന്റെ വല്ലാത്തൊരു ഗാംഭീര്യമുണ്ടായിരുന്നു. കട്ടിയുള്ള കരിങ്കൽ ഭിത്തികളും, തേക്ക് മരത്തിൽ തീർത്ത നീളൻ ജനലുകളും, ചുറ്റും തണൽ വിരിച്ചുനിൽക്കുന്ന പഴക്കം ചെന്ന വൻമരങ്ങളും. പുറത്തെ നഗരത്തിന്റെ ബഹളങ്ങളെ പൂർണ്ണമായും നിഷ്പ്രഭമാക്കുന്ന ഘനീഭവിച്ച ഒരു ശാന്തത അവിടെ തളംകെട്ടിനിന്നു.
ശിവയും വിമലയും നൗഷാദും കാറിൽ നിന്നിറങ്ങി വേഗത്തിൽ അകത്തേക്ക് നടന്നു.
കൾച്ചറൽ മിനിസ്ട്രിയുടെ പ്രത്യേക പെർമിഷൻ ലെറ്റർ കണ്ടതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അവരെ സ്വാഗതം ചെയ്തു. രേഖകൾ തിരയാൻ സഹായിക്കാനായി വർഷങ്ങളുടെ പരിചയസമ്പത്തുള്ള ഒരു സീനിയർ ആർക്കൈവിസ്റ്റിനെയും ഒപ്പം വിട്ടു.
പഴയ തിരുവിതാംകൂർ, കൊച്ചി, മലബാർ സർക്കാർ രേഖകൾ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന പ്രത്യേക റെക്കോർഡ് റൂമിലേക്ക് അവർ കടന്നു.
തടി അലമാരകളിൽ അടുക്കിവെച്ച കട്ടിയേറിയ ലെഡ്ജറുകൾ. കാലപ്പഴക്കത്താൽ മഞ്ഞനിറം പടർന്ന പേപ്പറുകളുടെ കെട്ടുകൾ. പതിറ്റാണ്ടുകളായി ആരും സ്പർശിക്കാത്തതുപോലെ തോന്നിക്കുന്ന ഫയലുകൾ.
അവർ വീണ്ടും ആദ്യമേ തുടങ്ങി.
'അഷ്ടബീജ സംഘം'...
'ചക്രപാലർ'...
പഴയ വട്ടെഴുത്ത്, കോലെഴുത്ത് രേഖകളുടെ വിവർത്തനങ്ങൾ...
ബൗദ്ധ-ജൈന പാരമ്പര്യത്തെക്കുറിച്ചുള്ള ആദ്യകാല സർവേകൾ...
ബ്രിട്ടീഷ് റസിഡന്റുമാരുടെ കോൺഫിഡൻഷ്യൽ ഡയറികൾ...
എല്ലാം ഒന്നിനുപുറകെ ഒന്നായി അരിച്ചുപെറുക്കി.
സമയം നിശ്ശബ്ദമായി ഒഴുകിപ്പോയി.
പക്ഷേ...
ശൂന്യം! ഒരു തരിമ്പ് വിവരമോ ആ പേരുകളുടെ നേർത്ത പരാമർശമോ പോലും എവിടെയും കണ്ടെത്താനായില്ല.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ, പൊടിപിടിച്ച അവസാനത്തെ വലിയ ലെഡ്ജറും ശബ്ദത്തോടെ അടച്ചുകൊണ്ട് ശിവ കസേരയിലേക്ക് തളർന്നു ചാരി.
അവൻ കണ്ണുകൾ ഇറുക്കിയടച്ചു. "ഇനി എന്ത് ചെയ്യും നൗഷാദ്?"
ആർക്കും മറുപടിയുണ്ടായിരുന്നില്ല. മുറിയിൽ തികഞ്ഞ നിരാശ പടർന്നു.
നിയന്ത്രണം നഷ്ടപ്പെട്ടതുപോലെ ശിവ അല്പം അസ്വസ്ഥതയോടെ പറഞ്ഞുപോയി: "ഇനി ഇതിന്റെ തുമ്പ് കിട്ടാൻ ബുദ്ധനും മഹാവീരനും നടന്നുതീർത്ത ആ പഴയ ഉത്തരേന്ത്യൻ മണ്ണിലേക്ക് തന്നെ വണ്ടികയറേണ്ടി വരുമോ?"
ശിവയുടെ ശബ്ദമുയർന്നത് കേട്ട് അടുത്തുനിന്ന ആർക്കൈവിസ്റ്റ് തിരിഞ്ഞുനോക്കി. അയാൾ സംശയത്തോടെ പതുക്കെ അവരുടെ അടുത്തേക്ക് വന്നു.
"സാർ..."
ശിവ അയാളെ നോക്കി. "എന്താ?"
"നിങ്ങൾ തിരയുന്നത് പ്രാചീന ബുദ്ധ-താന്ത്രിക പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രത്യേക അറിവുകളാണോ?"
"അതെ," ശിവയുടെ കണ്ണുകളിൽ നേരിയൊരു പ്രതീക്ഷ മിന്നി. "അതുമായി ബന്ധപ്പെട്ട വളരെ രഹസ്യമായ ചില പുരാതന വിവരങ്ങളാണ്."
ആ ഉദ്യോഗസ്ഥൻ താടി തടവിക്കൊണ്ട് അല്പനേരം ചിന്തിച്ചു.
"അങ്ങനെയെങ്കിൽ ഉത്തരേന്ത്യയിലേക്ക് പോകുന്നതിന് മുൻപ് കേരളത്തിൽത്തന്നെ നിങ്ങൾ സന്ദർശിക്കേണ്ട ഒരു കേന്ദ്രമുണ്ട്."
ശിവയും വിമലയും നൗഷാദും ഒരുപോലെ അയാളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
"എവിടെയാണത്?" നൗഷാദ് ചോദിച്ചു.
"കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി."
ശിവ നെറ്റി ചുളിച്ചു. "കരുനാഗപ്പള്ളിയോ?"
"അതെ സാർ." ആ ഉദ്യോഗസ്ഥന്റെ ശബ്ദത്തിൽ വ്യക്തമായൊരു ചരിത്രബോധം പ്രകടമായിരുന്നു. "മധ്യകാല കേരളത്തിൽ ബുദ്ധമതം ഏറ്റവും ശക്തമായി നിലനിന്നിരുന്ന കേന്ദ്രമായിരുന്നു മരുതൂർകുളങ്ങരയും കരുനാഗപ്പള്ളിയും. അവിടെ 'കരിനാഗന്റെ പിൻഗാമികൾ' എന്നറിയപ്പെടുന്ന ഒരു കുടുംബമുണ്ട്."
"കരിനാഗനോ?" ശിവയുടെ കൺപീലികൾ വലിഞ്ഞു.
"അതെ സാർ. സാക്ഷാൽ ആചാര്യ നാഗാർജുനന്റെ താന്ത്രിക-വൈദ്യ പാരമ്പര്യത്തിൽ നിന്ന് നേരിട്ട് ദീക്ഷ സ്വീകരിച്ചവരുടെ പിൻതലമുറക്കാരാണെന്നാണ് അവരുടെ വിശ്വാസം. കേരളത്തിലെ അജ്ഞാതമായ ബൗദ്ധ രഹസ്യങ്ങളെക്കുറിച്ചും, രസവാദങ്ങളെക്കുറിച്ചും (Alchemy), വിഷവിദ്യകളെക്കുറിച്ചും അവർ തലമുറകളായി സൂക്ഷിക്കുന്ന ചില പാരമ്പര്യ അറിവുകൾ ഔദ്യോഗിക ചരിത്രരേഖകളിലൊന്നും കാണാൻ കഴിയില്ല."
നൗഷാദ് ഗൈഡിനെ അത്ഭുതത്തോടെ നോക്കി. "അവരെ എങ്ങനെ കണ്ടെത്താൻ കഴിയും?"
"അവരുടെ തറവാടിന്റെ ലൊക്കേഷൻ ഞാൻ കുറിച്ചുതരാം." ഗൈഡ് ഒരു നിമിഷം നിർത്തി, ശബ്ദം താഴ്ത്തി തുടർന്നു: "അവിടുത്തെ ഇപ്പോഴത്തെ കാരണവരെ — ആ പരമ്പരയിലെ അഗ്രഗാമിയെ കണ്ട് കാര്യം പറയൂ. നിങ്ങൾ തിരയുന്ന ഇരുളടഞ്ഞ ചരിത്രത്തിന് വെളിച്ചം നൽകാൻ അദ്ദേഹത്തിന് ഒരുപക്ഷേ കഴിഞ്ഞേക്കും."
ശിവ ആ അഡ്രസ് എഴുതിയ കടലാസ് കയ്യിലേക്ക് വാങ്ങി.
മനസ്സിൽ ഒരു കൊടുങ്കാറ്റുപോലെ ആ വാക്കുകൾ ചുഴറ്റിയടിച്ചു:
അഷ്ടബീജ സംഘം...
ചക്രപാലർ...
ആചാര്യ നാഗാർജുനൻ...
കരിനാഗന്റെ പിൻഗാമികൾ!
ഇന്ത്യൻ ഭൂപടത്തിൽ രതീഷ് കാണിച്ചുതന്ന രണ്ടാമത്തെ പുരാതന കേന്ദ്രമായ 'നാഗാർജുനകൊണ്ട'യുമായി ഈ പേര് നേരിട്ട് കൂട്ടിവായിക്കാൻ ശിവയ്ക്ക് ഒട്ടും സമയം വേണ്ടിവന്നില്ല!.
0 comments:
Post a Comment