സുമനന്റെ വാക്കുകൾ രാധാഗുപ്തന്റെ ശ്രദ്ധയെ വീണ്ടും മേശപ്പുറത്തെ തുണിച്ചുരുളിലേക്ക് വലിച്ചടുപ്പിച്ചു.
"ഈ പ്രപഞ്ചത്തിൽ എന്ത് നശിച്ചാലും അത് പരമാണുക്കളായി പിരിഞ്ഞ് ഭൂമി, ജലം, വായു, അഗ്നി എന്നീ മഹാഭൂതങ്ങളിൽ ലയിക്കുന്നുവെന്നാണ് പ്രകൃതിനിയമം. എന്നാൽ ആ പരമാണുക്കൾ നാനാഭാഗങ്ങളിലേക്ക് ചിതറിപ്പോകാതെ, ഒരു മനുഷ്യശരീരത്തെ അതിന്റെ പരമോന്നത ഗുണത്തോടെ പൂർണ്ണമായി ഇല്ലാതാക്കി, ആ ഒരൊറ്റ തന്മാത്രയെയും നഷ്ടപ്പെടുത്താതെ മറ്റൊന്നിലേക്ക് മാത്രം സന്നിവേശിപ്പിച്ചാൽ... പുനർജന്മം പോലെ ആ ഗുണം പുതിയൊരു ശരീരത്തിൽ പൂർണ്ണത പ്രാപിക്കും എന്ന് അവർ വിശ്വസിക്കുന്നു!"
രാധാഗുപ്തന്റെ ചുണ്ടുകളിൽ തണുത്തൊരു നിശ്ശബ്ദത തങ്ങിനിന്നു. അദ്ദേഹം ആ തുണിച്ചുരുളിൽ പതിപ്പിച്ചിരുന്ന എട്ട് ആരക്കാലുകളുള്ള ചക്രരേഖയിലേക്ക് വിരലമർത്തി.
"ഇത് കേവലം ഭ്രാന്തൻ തത്ത്വചിന്തയല്ല..." രാധാഗുപ്തൻ പതുക്കെ തുടർന്നു. "ഇതിനായി മനുഷ്യരക്തം അവർ ചിന്താൻ തുടങ്ങിയിരിക്കുന്നു. എട്ട് ഗുണങ്ങൾ പേറുന്ന എട്ട് മനുഷ്യർ... അവരുടെ ജീവനെയാണ് ഈ ചക്രത്തിൽ അവർ കോർത്തുനിർത്തുന്നത്."
മൊഗ്ഗലിപുത്ത തിസ്സയുടെ കണ്ണുകളിൽ കഠിനമായൊരു ശാന്തത പടർന്നു.
"അതെ, മഹാമാത്യാ. ആ എട്ട് മനുഷ്യരും കേവലം തുടക്കം മാത്രമാണ്. ആ എട്ട് സ്രോതസ്സുകളിൽ നിന്നും പിഴിഞ്ഞെടുക്കുന്ന ഘടകങ്ങൾ ലയിപ്പിച്ച്, സർവ്വഗുണസമ്പന്നനായ ആ അന്തിമരൂപത്തെ... ആ ഒൻപതാമനെ സൃഷ്ടിക്കാൻ ഒരു കേന്ദ്രം അവർ ഒരുക്കുന്നുണ്ട്." തിസ്സ സ്വരം ഒന്നുകൂടി താഴ്ത്തി തുടർന്നു: "ഇതിലൂടെ ബുദ്ധന്റെ ധർമ്മം മാത്രമല്ല തകരുന്നത്. നമ്മുടെ നാട്ടിലെ ഏറ്റവും ശ്രേഷ്ഠരും ഗുണസമ്പന്നരുമായ പ്രതിഭകളുടെ സർവ്വനാശവുമാണിത്. അങ്ങനെ സകല ഗുണങ്ങളും സ്വാംശീകരിച്ച് ഉരുത്തിരിയുന്ന ആ ഒൻപതാമൻ... ഈ നാടിനെ മാത്രമല്ല, ലോകത്തെ മുഴുവൻ തങ്ങളുടെ കാൽക്കീഴിലാക്കി ഭരിക്കാൻ ശേഷിയുള്ള ഒരു അതീവമാരക ശക്തിയായി മാറും!"
രാധാഗുപ്തൻ കൽമേശയിൽ ഇരു കൈകളും ഊന്നി മുന്നോട്ട് ആഞ്ഞു. അദ്ദേഹത്തിന്റെ നോട്ടം സാമ്രാജ്യത്തിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് പായുന്നതുപോലെ തീക്ഷ്ണമായി.
"മൗര്യ സാമ്രാജ്യത്തിന്റെ മണ്ണിൽ അത്തരം പൈശാചിക പരീക്ഷണങ്ങൾക്ക് വിത്തുവിതയ്ക്കാൻ ആരെയും ചാണക്യന്റെ ഈ ശിഷ്യൻ അനുവദിക്കില്ല. ഈ രേഖ പകർത്തിയ ആ ഗുഹ എവിടെയാണ് സുമനാ?"
സുമനന്റെ തൊണ്ട വരണ്ടുണങ്ങി. അവൻ ആ രഹസ്യത്തിന്റെ അടുത്ത വാതിൽ തുറക്കാൻ ചുണ്ടനക്കി:
"കുലൂതത്തിന്റെ വടക്കൻ മലനിരകളിൽ... സാധാരണ മനുഷ്യർ എത്തിപ്പെടാത്ത, പർവ്വതമടക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ഒരു രഹസ്യ ഗുഹാസമുച്ചയം. അവിടെ നിന്നാണ് എനിക്കിതു കിട്ടിയത്, മഹാമാത്യാ."
"കുലൂതത്തിലെ വടക്കൻ മലനിരകളോ..." രാധാഗുപ്തന്റെ കണ്ണുകൾ ഭൂപടത്തിലെ പർവ്വതശൃംഗങ്ങളിലേക്ക് നീണ്ടു. "അവിടെ ഈ നിഴൽസാമ്രാജ്യത്തിന് തുടക്കമിട്ടത് ആരാണ്?"
സുമനൻ ഒരു നിമിഷം ശ്വാസമടക്കിപ്പിടിച്ചു. ആ പേര് അവന്റെ ചുണ്ടുകളിലേക്ക് വരുമ്പോൾ പോലും ഒരു ഭയം അവനിൽ പടർന്നുപിടിക്കുന്നുണ്ടായിരുന്നു.
"ആചാര്യൻ പ്രജ്ഞസേനൻ!" സുമനൻ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു. "അഷ്ടബീജ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. സംഘത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കപ്പെട്ട ആ ദുർമ്മാർഗ്ഗി തന്നെ."
മൊഗ്ഗലിപുത്ത തിസ്സയുടെ കണ്ണുകൾ അടഞ്ഞു. ആ പേര് ആചാര്യന് അപരിചിതമായിരുന്നില്ല.
"തഥാഗതന്റെ ആര്യസത്യങ്ങളിൽ നിന്നും, ജൈനതീർത്ഥങ്കരന്മാരുടെ കാഠിന്യമേറിയ തപശ്ചര്യാ പാരമ്പര്യങ്ങളിൽ നിന്നും, ഒപ്പം ആദിമ ജനപദങ്ങളിലെ നിഗൂഢമായ പ്രാദേശിക താന്ത്രികാചാരങ്ങളിൽ നിന്നും കടംകൊണ്ടാണ് പ്രജ്ഞസേനൻ ഈ 'എട്ട്' എന്ന അച്ചുതണ്ട് രൂപപ്പെടുത്തിയത്," സുമനൻ തുടർന്നു. "ബുദ്ധന്റെ അഷ്ടാംഗമാർഗ്ഗങ്ങളെ അവൻ വികൃതമാക്കി. ആത്മാവിന്റെ മോചനത്തിന് പകരം, ശരീരത്തിന്റെ ശാശ്വതമായ അധീശത്വത്തിന് അവൻ ആ എട്ടിനെ ദുരുപയോഗം ചെയ്തു."
രാധാഗുപ്തൻ കൽമേശയിൽ മുഷ്ടിചുരുട്ടി ഇടിച്ചു. ആ ആഘാതത്തിൽ എണ്ണവിളക്കിലെ നാളം നേർത്തുവിറച്ചു.
"ജ്ഞാനത്തെ വിഷമാക്കിയ ഒരു വഞ്ചകൻ!" രാധാഗുപ്തന്റെ സ്വരത്തിൽ വധശിക്ഷയുടെ കാർക്കശ്യം മുഴങ്ങി.
"കുലൂതത്തിലെ ആ ഗുഹകളിൽ ഇപ്പോൾ എന്താണ് നടക്കുന്നത് സുമനാ?" രാധാഗുപ്തന്റെ ചോദ്യം ആ കല്ലുമുറിയിൽ ഒരു ചാട്ടവാറടി പോലെ പതിച്ചു. "ആ പരീക്ഷണം അവൻ ആരംഭിച്ചുകഴിഞ്ഞോ?"
"ഇല്ല, മഹാമാത്യാ..." സുമനൻ ധൃതിയിൽ പറഞ്ഞു. "ആ എട്ട് വിശിഷ്ട ഗുണങ്ങളുള്ള മനുഷ്യരെ കണ്ടെത്തുക അത്ര എളുപ്പമല്ല. അതിനുള്ള മാർഗ്ഗങ്ങൾക്കായി പ്രജ്ഞസേനൻ തന്റെ വിശ്വസ്തരായ ശിഷ്യഗണങ്ങളോടൊപ്പം ജംബുദ്വീപത്തിന്റെ പല നാടുകളിലായി അതീവരഹസ്യമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്."
സുമനൻ ഒരു നിമിഷം നിർത്തി, ശ്വാസമെടുത്ത് തുടർന്നു:
"പക്ഷേ, അതിനായുള്ള പൈശാചിക ആചാരരീതികളും അനുഷ്ഠാനങ്ങളും അവർ ചിട്ടപ്പെടുത്തിക്കഴിഞ്ഞു! ഒരേ ശിലയിൽ കൊത്തിയെടുത്ത വിചിത്രമായ അർദ്ധ-ബുദ്ധ, അർദ്ധ-മഹാവീര പ്രതിമയും, ബലിപീഠങ്ങളും, ആ പരമാണുക്കളെ മറ്റൊന്നിലേക്ക് സന്നിവേശിപ്പിക്കാനുള്ള അനുബന്ധ പരീക്ഷണസാമഗ്രികളും കുലൂതത്തിലെ ആ ഗുഹയ്ക്കുള്ളിൽ അവർ ഇതിനകം പൂർണ്ണമായി സജ്ജീകരിച്ചിട്ടുണ്ട്!"
രാധാഗുപ്തന്റെ മുഖത്തെ വലിഞ്ഞുമുറുക്കം അതികഠിനമായി. തങ്ങളുടെ മൂക്കിൻതുമ്പത്ത്, ധർമ്മത്തിന്റെ മൂടുപടത്തിനുള്ളിലാണ് ഈ പൈശാചികത വേരുറപ്പിക്കാൻ ശ്രമിക്കുന്നത്.
അദ്ദേഹം മുന്നോട്ട് നടന്ന് തിസ്സ മഹാഥേരന്റെ അരികിൽ നിന്നു.
"ഈ വിഷച്ചിലന്തികൾ വല നെയ്ത് തുടങ്ങുന്നതിന് മുൻപ് തന്നെ അതിന്റെ അച്ചുതണ്ട് തകർക്കപ്പെടണം. ഇതിന് പരിഹാരം ആരംഭിക്കുന്നതിന് മുൻപ്... ഈ നിമിഷം തന്നെ നാം ഇത് മഹാരാജാവിനെ, സാക്ഷാൽ അശോക ചക്രവർത്തിയെ അറിയിക്കണം!"
മൊഗ്ഗലിപുത്ത തിസ്സ മഹാഥേരൻ പൂർണ്ണ സമ്മതത്തോടെ ശിരസ്സുനമിച്ചു.
ധർമ്മത്തിന്റെയും അർത്ഥശാസ്ത്രത്തിന്റെയും അധിപന്മാർ ഒന്നിച്ചുതീരുമാനിച്ചു കഴിഞ്ഞു; ആ വാർത്ത മൗര്യ സാമ്രാജ്യത്തിന്റെ സിംഹാസനത്തിന് മുന്നിലേക്ക് നീങ്ങുകയാണ്!
0 comments:
Post a Comment