പേജുകള്‍‌

Sunday, September 6, 2026

KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ് 55

 ക്രിസ്തുവർഷം 1820.

ഇംഗ്ലണ്ടിന്റെ തണുത്തുവിറച്ച ആ പഴയ കരിങ്കൽക്കൊട്ടാരത്തിന്റെ അടഞ്ഞ അറയിൽ, ജനൽച്ചില്ലുകൾക്ക് പുറത്തേക്ക് പെയ്തിറങ്ങുന്ന വെൺമഞ്ഞിന്റെ ചലനങ്ങളിലേക്ക് മിഴിയയച്ച് എഡ്മണ്ട് ജെയിംസ് വിറ്റ്മോർ ഏകാന്തനായി ഇരുന്നു.

മുറിയുടെ ഇരുണ്ട മൂലയിൽ ഉറപ്പുള്ള ഒരു കൂറ്റൻ ഓക്ക് മരപ്പെട്ടി. അതിന്മേൽ ഭാരമേറിയ ഇരുമ്പ് പൂട്ടുകൾ. ആ പെട്ടിയുടെ ഉള്ളറയിൽ—വള്ളിമലയുടെ കരിങ്കൽമടക്കുകളിൽ നിന്ന് സ്വന്തമാക്കിയ ആ ഒൻപത് നിഗൂഢ മാലകൾ!

മദ്രാസ് തുറമുഖത്തുനിന്ന് കൊടുങ്കാറ്റുകൾ താണ്ടി, സ്വന്തം പൂർവ്വികരുടെ ഈ ഇംഗ്ലീഷ് മണ്ണിലേക്ക് അവയെ എത്തിക്കാൻ മാസങ്ങളുടെ ദുർഘടമായ സമുദ്രയാത്ര വേണ്ടിവന്നു. ആ യാത്രാപഥത്തിലുടനീളം, ഒരു നിമിഷം പോലും അവൻ ആ പെട്ടി അന്യരുടെ കൈകളിലേക്ക് വിട്ടുകൊടുത്തിരുന്നില്ല.

ഇപ്പോൾ അവ സുരക്ഷിതമാണ്. എങ്കിലും എഡ്മണ്ടിന്റെ സിരകളിൽ ഒരു വിചിത്രമായ ഭീതിയും അസ്വസ്ഥതയും വേരുറച്ചുപോയിരുന്നു.

മാലകൾ തനിക്ക് ചുറ്റുമുള്ള കൽച്ചുവരുകൾക്കുള്ളിൽ ഭദ്രമായിരുന്നുവെങ്കിലും, അവ ഉള്ളിലൊളിപ്പിച്ച ആ മഹാ രഹസ്യം തെല്ലും ശാന്തമായിരുന്നില്ല!

അവൻ കസേരയിൽ നിന്നെഴുന്നേറ്റു. വാതിൽ ഭദ്രമായി കുറ്റിയിട്ടു. പതുക്കെ ആ പെട്ടിക്കരികിലേക്ക് നടന്നു. തുരുമ്പിച്ച പിച്ചളത്താക്കോൽ തിരിച്ചു.

പെട്ടിയുടെ കനത്ത അടപ്പ് മുകളിലേക്ക് ഉയർത്തി.

വിറയാർന്ന മഞ്ഞവെളിച്ചത്തിൽ, കറുത്ത പട്ടുതുണി മാറ്റി അവൻ നോക്കി. ഒന്നിനുപുറകെ ഒന്നായി ലയിക്കാൻ കാത്തുനിൽക്കുന്ന ആ ലോഹപ്പതക്കങ്ങൾ വെളിച്ചത്തിൽ നേർത്ത മിന്നലുകൾ സൃഷ്ടിച്ചു. അവയെ നോക്കിനിൽക്കുമ്പോൾ വള്ളിമലയിലെ ആ ഇരുണ്ട ഗുഹാമുഖവും, ചുവരിലെ ശാപവാക്കുകളും, രാമസ്വാമിയുടെ വിളറിയ മുഖവും വീണ്ടും അവന്റെ ഓർമ്മയിൽ തീക്കനലായി ആളിക്കത്തി.

കരിമ്പാറ.

അന്ധകാരം.

മുന്നറിയിപ്പ് കൊത്തിയ കൽപ്പാളികൾ.

അഞ്ചുവിരലുകൾക്കുള്ളിൽ തളച്ച ആ ഭയാനകമായ ചക്രമുദ്ര!

എഡ്മണ്ട് ആ മാലകളെ വീണ്ടും കറുത്ത പട്ടുതുണിയിൽ പൊതിഞ്ഞു. പെട്ടി അടച്ചുപൂട്ടി. തന്റെ സ്വകാര്യ പഠനമുറിയിലെ ചുവരുകൾ തുരന്നുണ്ടാക്കിയ അതീവ രഹസ്യമായ ഇരുമ്പലമാരയ്ക്കുള്ളിൽ അവൻ അവയെ ഒളിപ്പിച്ചു.

കാരണം, ഇപ്പോൾ അവന് പൂർണ്ണമായും ഉറപ്പായിരുന്നു—ഇംഗ്ലണ്ടിലേക്കുള്ള ഈ തിരിച്ചുവരവ് തന്റെ അന്വേഷണത്തിന്റെ അവസാനമല്ല. ഇതൊരു ദീർഘമായ തയ്യാറെടുപ്പ് മാത്രം!

അന്നത്തെ രാത്രി, പഠനമുറിയിലെ വിശാലമായ തേക്ക് മേശപ്പുറത്ത് പഴയ നാവിക ഭൂപടങ്ങളും കരമാർഗ്ഗ രേഖകളും ഒന്നിനുമീതെ ഒന്നായി വിരിഞ്ഞുകിടന്നു.

Madras...

Calcutta...

Benares...

Patna...

Nepal...

Tibet!

അവന്റെ കൈയെത്തും ദൂരത്ത് മക്കെൻസിയുടെ ശേഖരങ്ങളിൽ നിന്ന് രഹസ്യമായി പകർത്തിയെടുത്ത യാത്രാവിവരണങ്ങൾ. പുരാതന ഹിമാലയൻ മലനിരകളിലൂടെ കടന്നുപോകുന്ന തിബത്തൻ വ്യാപാരികളുടെ പഴയ കാരവൻ പാതകൾ. പട്ടുപാതകളുടെ ചിതലരിച്ച ഭൂപടങ്ങൾ.

എല്ലാം അവൻ വീണ്ടും വീണ്ടും കണ്ണിലെണ്ണയൊഴിച്ച് വായിച്ചുതീർത്തു.

വള്ളിമലയിലെ ഈ ഒൻപത് മാലകൾ എന്തിനുവേണ്ടി നിർമ്മിച്ചതാണ്?

ആ എട്ട് പതക്കങ്ങളെയും ഒടുവിൽ തന്നിലേക്ക് വിഴുങ്ങുന്ന ആ ഒൻപതാമത്തെ ശൂന്യവളയം എവിടെയാണ് അണിയേണ്ടത്?

ചോദ്യങ്ങൾക്ക് പിന്നാലെ നൂറുനൂറ് ചോദ്യങ്ങൾ. ഉത്തരങ്ങൾ മാത്രം ശൂന്യതയിൽ നിന്നു.

പക്ഷേ, സാഞ്ചിയിലെ തുണിച്ചുരുളിന്റെ അവസാന കോണിൽ മാഞ്ഞുപോകാതിരുന്ന ആ അവസാനത്തെ ദിശ ഇപ്പോൾ അവന്റെ മനസ്സിൽ അതിവ്യക്തമായി തെളിഞ്ഞുവന്നു:

വടക്ക്!

അവൻ വിറയാർന്ന ചൂണ്ടുവിരൽ ഭൂപടത്തിൽ അമർത്തിവെച്ചു.

മദ്രാസിൽ നിന്ന് ബംഗാൾ വഴി കൽക്കട്ടയിലേക്ക്.

അവിടെനിന്ന് ഗംഗാതീരത്തിലൂടെ കാശിയിലേക്കും പാറ്റ്നയിലേക്കും.

അതിനുശേഷം വടക്കോട്ട് ചെങ്കുത്തായ പർവ്വതപാതകളിലൂടെ കാഠ്മണ്ഡുവിലേക്ക്!

കാഠ്മണ്ഡുവിന് അപ്പുറം ഹിമസാമ്രാജ്യത്തിന്റെ അദൃശ്യകവാടങ്ങൾ...

കുതി (Kuti) ചുരവും കെറോങ് (Kyirong) മലയിടുക്കുകളും താണ്ടിയാൽ—ലോകത്തിന്റെ മേൽക്കൂരയായ തിബത്തിന്റെ മരവിച്ച പീഠഭൂമി!

ഒടുവിൽ... അജ്ഞാത സന്യാസിമാരുടെ ആ പുണ്യനഗരം—ലാസ (Lhasa)!

എഡ്മണ്ട് വിരൽ ആ മഞ്ഞുമലനിരകളിൽ നിശ്ചലമാക്കി നിർത്തി.

പുറത്ത് ഹിമപാതം കൂടുതൽ കനക്കുകയായിരുന്നു. ജനൽച്ചില്ലുകൾക്ക് മുകളിൽ മഞ്ഞുകട്ടകൾ പറ്റിപ്പിടിച്ചു.

അവൻ കസേരയിലേക്ക് പിന്നിലേക്ക് ചാഞ്ഞു. അവന്റെ ദൃഷ്ടി ചുവരിലെ ആ രഹസ്യ ഇരുമ്പലമാരയിലേക്ക് നീണ്ടു.

അവിടെ, കനത്ത ഓക്ക് തടിക്കും കരിങ്കല്ലിനും ഉള്ളിൽ, സഹസ്രാബ്ദങ്ങളുടെ രഹസ്യങ്ങൾ പേറി ആ പതക്കങ്ങൾ ശാന്തമായി കിടക്കുകയായിരുന്നു. ഭാരതത്തിന്റെ തെക്കേയറ്റത്തെ കരിമ്പാറകൾ വിട്ട് ഇംഗ്ലണ്ടിലെത്തിയ ആ തിരുശേഷിപ്പുകൾ, തങ്ങളുടെ യഥാർത്ഥ നിയോഗം കാത്ത് അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.

എഡ്മണ്ട് തൂവൽപ്പേന കയ്യിലെടുത്തു. ഭൂപടത്തിന്റെ അരികിലെ വെളുത്ത താളിൽ വലിയ അക്ഷരങ്ങളിൽ കുറിച്ചു:

“TIBET — THE FINAL EXPEDITION.”

പേനയുടെ തുമ്പ് ഒരു നിമിഷം നിശ്ചലമായി. താഴെ അവൻ വിറയാർന്ന കൈകളോടെ മറ്റൊരു വരികൂടി ചേർത്തു:

“Find the place where the wheel was meant to be completed.”

അവൻ മേശപ്പുറത്തെ ചിമ്മിനിവിളക്ക് ഊതിക്കെടുത്തി.

മുറി പൂർണ്ണമായ അന്ധകാരത്തിലായി.

പക്ഷേ, ആ രഹസ്യ അറയ്ക്കുള്ളിൽ, ബി.സി. 250-ൽ ആചാര്യ പ്രജ്ഞാസേനനും രാധാഗുപ്തനും ഉറപ്പിച്ചുനിർത്തിയ ആ അദൃശ്യ ശക്തികൾ... അവസാനത്തെ ലക്ഷ്യസ്ഥാനത്തിലേക്ക് അടുത്ത ചുവടുവെക്കാൻ തുടങ്ങുകയായിരുന്നു!

ക്രിസ്തുവർഷം 1821, മാർച്ച് മാസം.

ഇംഗ്ലണ്ടിൽ നിന്നുള്ള നീണ്ട സമുദ്രയാത്ര കൽക്കത്തയുടെ തീരത്താണ് അവസാനിച്ചത്. വള്ളിമലയിൽ നിന്ന് കണ്ടെടുത്ത ആ ഒൻപത് ചക്രപ്പതക്കങ്ങൾ ഇംഗ്ലണ്ടിലെ തന്റെ കൊട്ടാരത്തിലെ രഹസ്യ ഇരുമ്പറയിൽത്തന്നെ അതീവ സുരക്ഷിതമായി സൂക്ഷിച്ചുകൊണ്ടാണ് എഡ്മണ്ട് ഇക്കുറി കപ്പൽ കയറിയത്. 

കൽക്കത്തയിൽ നിന്ന് ഗംഗാസമതലങ്ങൾ താണ്ടി ബിഹാറിലെ പരുക്കൻ മൺവഴികളിലൂടെ അവൻ നേപ്പാൾ അതിർത്തിയിലേക്ക് കുതിച്ചു.

മണ്ണും പുല്ലും നിറഞ്ഞ സമതലങ്ങൾ പെട്ടെന്നാണ് ആകാശമുട്ടുന്ന കരിമ്പാറക്കെട്ടുകൾക്ക് വഴിമാറിയത്. കാഠ്മണ്ഡുവിലേക്കുള്ള ആ പർവ്വതപാത മനുഷ്യന്റെ ധൈര്യത്തെ ഒരൊറ്റ ദിവസംകൊണ്ട് ഉലയ്ക്കാൻ പോന്നതായിരുന്നു.

തെറായിയിലെ വിഷപ്പനികൾ പടർന്നുപിടിച്ച കൊടുംചതുപ്പുകൾ. വായുവിൽ തങ്ങിനിന്ന കനത്ത ഈർപ്പവും ചീഞ്ഞളിഞ്ഞ ഇലകളുടെ ഗന്ധവും ശ്വാസകോശങ്ങളെ പൊള്ളിച്ചു. ചതുപ്പുകൾ കഴിഞ്ഞപ്പോൾ തുടങ്ങിയത് കുതിരകൾക്ക് ഒരടിപോലും മുന്നോട്ട് വെക്കാനാവാത്തവിധം ചെങ്കുത്തായ, കല്ലുപാകിയ ഇടുങ്ങിയ മലയിടുക്കുകൾ. താഴെ, തലകറക്കുന്ന അഗാധതയിൽ നുരഞ്ഞുപതഞ്ഞൊഴുകുന്ന കാട്ടരുവികൾ. ഒരു വശത്ത് കാറ്റടിച്ചാൽ അടർന്നുപോകുന്ന മൺതിട്ടകളും, ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന ഉരുൾപൊട്ടലുകളും. മലമ്പാതകളുടെ ഒരു വളവിൽ എഡ്മണ്ടിന്റെ ഒരു കോവർകഴുത തെന്നി അഗാധമായ കൊക്കയിലേക്ക് പതിച്ചു; ആഹാരസാധനങ്ങളും സാമഗ്രികളും ആ പാതാളത്തിലേക്ക് ഒലിച്ചുപോയി.

ആഴ്ചകൾ നീണ്ട ആ ദുരിതയാത്രയ്ക്കൊടുവിൽ, പച്ചപ്പ് വിരിച്ച മലനിരകൾക്കിടയിൽ കാഠ്മണ്ഡു താഴ്‌വര തെളിഞ്ഞുവന്നു.

പുരാതനമായ തടി കൊത്തുപണികളും ചെമ്പുപാളികൾ പാകിയ മേൽക്കൂരകളുമുള്ള കൊട്ടാരങ്ങൾക്കും പഗോഡകൾക്കും നടുവിലൂടെ എഡ്മണ്ട് നടന്നു. അവന്റെ ലക്ഷ്യം താഴ്‌വരയുടെ പടിഞ്ഞാറൻ കുന്നിൻമുകളിലെ പുരാതനമായ സ്വയംഭൂനാഥ് ബുദ്ധവിഹാരമായിരുന്നു. പ്രാർത്ഥനാചക്രങ്ങൾ നിരന്തരം കറങ്ങിക്കൊണ്ടിരുന്ന ആ വിഹാരത്തിന്റെ അന്തരീക്ഷത്തിൽ കാറ്റിൽ പാറുന്ന പ്രാർത്ഥനാപതാകകളും ചന്ദനത്തിരികളുടെ സുഗന്ധവും നിറഞ്ഞുനിന്നു.

അവിടെയുള്ള പ്രധാന ആചാര്യന്റെ മുന്നിൽ സാഞ്ചിയിലും അജന്തയിലും പ്രയോഗിച്ച അതേ ആയുധം എഡ്മണ്ട് വീണ്ടും പുറത്തെടുത്തു:

"ഞാൻ ലണ്ടനിലെ സർവ്വകലാശാലകൾക്ക് വേണ്ടി പ്രാചീന ബൗദ്ധ-സംസ്കൃത ഗ്രന്ഥങ്ങളെയും വിസ്മൃത ചരിത്രലിപികളെയും അന്വേഷിച്ച് യാത്ര ചെയ്യുന്ന ഒരു ചരിത്രകാരനാണ്. ടിബറ്റിന്റെ പവിത്രനഗരമായ ലാസയിലെ പഴയ രേഖകൾ പരിശോധിക്കാൻ എനിക്ക് നിങ്ങളുടെ സഹായം വേണം."

ആ വാക്കുകളിലെ ചതി തിരിച്ചറിയാതെ, ജ്ഞാനദാഹിയായ ഒരു വിദേശ തീർത്ഥാടകനെ സഹായിക്കുക എന്നത് ധർമ്മമായിക്കണ്ട ആചാര്യൻ, ആ ദുർഘടമായ ഹിമപാതകൾ സുപരിചിതമായ ഒരു യുവ സന്യാസിയെ എഡ്മണ്ടിന് വഴികാട്ടിയായി ഒപ്പം അയച്ചു—ലോബ്സാങ് പേമ 

ചെറുപ്പമെങ്കിലും പർവ്വതപാതകളിലെ കൊടുങ്കാറ്റുകളെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും കൃത്യമായി മുൻകൂട്ടി കാണാൻ കഴിവുള്ളവനായിരുന്നു ലോബ്സാങ്. അവൻ എഡ്മണ്ടിന്റെ സംഘത്തെ നയിച്ചുകൊണ്ട് ലാസയിലേക്കുള്ള ആ ഭീകരമായ ഹിമപാതയിലേക്ക് ചുവടുവെച്ചു.

കുതി ചുരം  നേപ്പാളിന്റെ പച്ചപ്പുനിറഞ്ഞ മലനിരകൾ അവസാനിക്കുകയും, എല്ലുതുളയ്ക്കുന്ന കൊടുംതണുപ്പ് ആരംഭിക്കുകയും ചെയ്ത പ്രവേശനകവാടം. ശ്വാസമെടുക്കാൻ പോലും പ്രാണവായു തികയാതെ യാക്കുകളും മനുഷ്യരും തളർന്നുനിന്ന ഇടം.തിങ്‌രി പീഠഭൂമി   ഹിമാലയത്തിന്റെ കൂറ്റൻ ഹിമശൃംഗങ്ങൾ വടക്കോട്ട് വഴിമാറിയപ്പോൾ മുന്നിൽ പരന്നുകിടന്ന ചരൽമണ്ണും വരണ്ട തണുത്ത കാറ്റും നിറഞ്ഞ അനന്തമായ ശൈത്യമരുഭൂമി. ലോകത്തിന്റെ സകല ശബ്ദങ്ങളും നിലച്ചുപോയതുപോലൊരു ശ്മശാനമൂകത.ഷിഗാത്സെ  പാൻചെൻ ലാമയുടെ ആസ്ഥാനമായ പ്രശസ്തമായ താഷിൽഹുൻപോ ആശ്രമം സ്ഥിതിചെയ്യുന്ന ചരിത്രനഗരം. കരിങ്കൽച്ചുവരുകളും സ്വർണ്ണമേൽക്കൂരകളും വെയിലിൽ തിളങ്ങിനിന്ന ആ പവിത്രഭൂമി കടന്ന് അവർ മുന്നോട്ട് നീങ്ങി.

ഗ്യാംത്സെ  നൂറുനൂറ് അറകളുള്ള കുംബും സ്തൂപം ശിരസ്സുയർത്തിനിന്ന അതിർത്തിപട്ടണം. കാരവൻ കച്ചവടക്കാരുടെ ശബ്ദങ്ങൾക്കും യാക്കുകളുടെ കൂട്ടങ്ങൾക്കും നടുവിലൂടെ ലോബ്സാങ് അവരെ അതിവേഗം നയിച്ചു.

ഒടുവിൽ, യാർലുങ് സാങ്പോ നദിയുടെ മഞ്ഞുകട്ടകൾ പാകിയ തീരങ്ങൾ കടന്ന്, മലയിടുക്കുകൾക്കിടയിലൂടെ ആ നിഗൂഢ നഗരം എഡ്മണ്ടിന്റെ കണ്ണുകൾക്ക് മുന്നിൽ തെളിഞ്ഞു:

ലാസ! ആരും കടന്നുചെല്ലാത്ത വിലക്കപ്പെട്ട നഗരം!

ചുവപ്പും വെളുപ്പും ചായം പൂശിയ ആകാശമുട്ടുന്ന പൊട്ടാല കൊട്ടാരത്തിന്റെ നിഴലിൽ, അഷ്ടബീജത്തിന്റെ നാലാമത്തെയും അവസാനത്തെയും നിഗൂഢ രഹസ്യം അവനെ കാത്തിരിക്കുകയായിരുന്നു!

0 comments:

Post a Comment

Related Posts with Thumbnails