കുലൂതത്തിന്റെ തണുത്തുവിറച്ച രാത്രിക്കാറ്റ് വിഹാരത്തിന്റെ കൽഭിത്തികളെ തഴുകിക്കടന്നുപോയി.
പുറത്ത് മഞ്ഞുമൂടിയ വൻമലനിരകൾ നിശ്ശബ്ദമായി അന്ധകാരത്തിൽ ലയിച്ചുകിടന്നു. ഇടയ്ക്കിടെ അകലെയുള്ള ഏതോ മലയിടുക്കുകളിൽ നിന്ന് മഞ്ഞുപാളികൾ അടർന്നുമാറി പാറകളിൽ പതിക്കുന്ന നേർത്ത പ്രതിധ്വനി മാത്രം കേൾക്കാമായിരുന്നു.
വിഹാരത്തിന്റെ മറ്റെല്ലാ ഭാഗങ്ങളും ആ പാതിരാത്രിയിൽ ശ്മശാനതുല്യമായ നിശ്ശബ്ദതയിലായിരുന്നു.
പക്ഷേ, ആചാര്യൻ പ്രജ്ഞസേനന്റെ സ്വകാര്യ അറയിൽ മാത്രം ഒരു മൺവിളക്കിലെ എണ്ണത്തിരി ശാന്തമായി കത്തുന്നുണ്ടായിരുന്നു.
മുറിയുടെ മദ്ധ്യത്തിൽ, കട്ടിയുള്ള കരിങ്കല്ലിൽ തീർത്ത താഴ്ന്ന പീഠത്തിന്മേൽ പ്രജ്ഞസേനൻ പത്മാസനത്തിൽ ധ്യാനനിരതനായി ഇരിക്കുകയായിരുന്നു. കണ്ണുകൾ പൂർണ്ണമായി അടഞ്ഞിരുന്നു. ശ്വാസോച്ഛ്വാസം അത്യധികം മന്ദഗതിയിലായിരുന്നു. ശരീരത്തിന് ചുറ്റുമുള്ള അന്തരീക്ഷം പോലും അദ്ദേഹത്തിന്റെ ധ്യാനത്തിന്റെ നിശ്ചലതയിൽ മരവിച്ചുപോയതുപോലെ തോന്നിപ്പിച്ചു.
അദ്ദേഹത്തെ ചുറ്റിപ്പറ്റി നാലുപേർ കൽത്തറയിൽ കുനിഞ്ഞിരുന്നു:
ധർമ്മസേനൻ.
വജ്രദത്തൻ.
സുമേധൻ.
നാഗസേനൻ.
ആചാര്യന്റെ ഏറ്റവും വിശ്വസ്തരായ നാല് മുഖ്യശിഷ്യന്മാർ. വർഷങ്ങളായി അദ്ദേഹത്തിന്റെ ഗൂഢോപദേശങ്ങളും നിഗൂഢ പരീക്ഷണങ്ങളും രഹസ്യപ്രവർത്തനങ്ങളും അടുത്തുനിന്ന് കണ്ട് ശീലിച്ചവർ.
പക്ഷേ ഇപ്പോൾ അവർക്ക് ഒരക്ഷരം ഉരിയാടാൻ അനുവാദമില്ലായിരുന്നു. അവരുടെ ദൃഷ്ടികൾ ആചാര്യന്റെ അടഞ്ഞ കൺപോളകളിൽത്തന്നെ തറഞ്ഞുനിന്നു. ധ്യാനം അവസാനിപ്പിച്ച ശേഷം അദ്ദേഹം ആദ്യമായി പുറപ്പെടുവിക്കുന്ന വാക്കുകൾക്കായി അവർ ശ്വാസമടക്കി കാത്തിരിക്കുകയായിരുന്നു.
മുറിയുടെ കിഴക്കേ ഭിത്തിയോട് ചേർന്ന് മറ്റൊരു ചെറുകൽപ്പീഠം ഉണ്ടായിരുന്നു.
അതിന്റെ മുകളിൽ അതിവിചിത്രമായൊരു ശിലാരൂപം പ്രതിഷ്ഠിച്ചിരുന്നു—വെറും ആറ് അംഗുലം മാത്രം ഉയരമുള്ള ഒരു വിഗ്രഹം.
ബുദ്ധന്റെയും മഹാവീരന്റെയും രൂപഭാവങ്ങൾ ഒരൊറ്റ ഉടലിൽ ലയിപ്പിച്ചുണ്ടാക്കിയതുപോലെ തോന്നിക്കുന്ന അപൂർവ്വ ശില്പം! ശരീരത്തിന്റെ ഒരു പകുതിയിൽ തഥാഗതന്റെ പ്രശാന്തമായ മുഖഭാവവും അർദ്ധനിമീലിത നേത്രങ്ങളും. മറുപകുതിയിൽ ജൈനതീർത്ഥങ്കരന്റെ കഠിനമായ ആത്മനിയന്ത്രണവും കാർക്കസ്യവും. ശിരസ്സിൽ ഒരുവശത്ത് ബുദ്ധന്റെ ചുരുണ്ട മുടിക്കുടവും ഉഷ്ണീഷവും; മറുവശത്ത് തീർത്ഥങ്കരന്റെ കേശഭാരവും ഇടകലർന്നിരുന്നു.
രണ്ടു പരമോന്നത ദർശനങ്ങൾ.
രണ്ടു മഹാപാരമ്പര്യങ്ങൾ.
ഒരൊറ്റ രൂപത്തിൽ സംയോജിപ്പിച്ചിരിക്കുന്നു.
ആ പ്രതിമയ്ക്ക് തൊട്ടുമുന്നിലായി രണ്ട് തുണിച്ചുരുളുകൾ ഭദ്രമായി സൂക്ഷിച്ചുവെച്ചിരുന്നു.
അവയ്ക്കരികിൽ കറുത്ത ചരടിൽ കോർത്ത ഒൻപത് ചെറിയ മാലകൾ നിരത്തിവെച്ചിരിക്കുന്നു. ഓരോ മാലയുടെയും അറ്റത്ത് ഓരോ ചെറിയ ചക്രപ്പതക്കം.
എട്ട് മാലകൾ ഒരേ അളവിലും രൂപത്തിലും.
എന്നാൽ ആ നിരയിലെ ഒൻപതാമത്തെ മാല മാത്രം മറ്റുള്ളവയേക്കാൾ അല്പം വലുതായിരുന്നു.
അവസാനം—
പ്രജ്ഞസേനന്റെ ശ്വാസത്തിന്റെ താളം സാവധാനം മാറി.
വളരെ പതുക്കെ അദ്ദേഹത്തിന്റെ വിരലുകൾ ചലിച്ചു.
നാലു ശിഷ്യന്മാരും ഒരേസമയം നട്ടെല്ലുനിവർത്തി നേരെ ഇരുന്നു.
പ്രജ്ഞസേനൻ കണ്ണുകൾ തുറന്നു. ആ കൃഷ്ണമണികളിൽ വിചിത്രമായൊരു നിർവികാരതയും ശാന്തതയും നിറഞ്ഞുനിന്നിരുന്നു. അദ്ദേഹം മുന്നിലെ പ്രതിമയിലേക്ക് നോക്കി. കുറച്ചുനേരം അതിൽനിന്നും കണ്ണെടുക്കാതെ നിന്നു.
പിന്നെ വളരെ മന്ദമായി, ഒരു ചോദ്യം പോലെ സ്വയം ഉരുവിട്ടു:
"അവർ വരുന്നു..."
ആരും ഒന്നും മറുപടി പറഞ്ഞില്ല.
പ്രജ്ഞസേനന്റെ ദൃഷ്ടി പതുക്കെ താഴേക്ക് നീങ്ങി, ആ ഒൻപത് മാലകളിൽ ചെന്നുനിന്നു.
"ഇനിയൊരു കാലവും നമുക്കായി കാത്തിരിക്കേണ്ടതില്ല."
ധർമ്മസേനൻ ഭയഭക്തിയോടെ അല്പം മുന്നോട്ട് നീങ്ങിയിരുന്നു.
"ആചാര്യാ..."
പ്രജ്ഞസേനൻ അവനെ നോക്കി.
"പാടലീപുത്രത്തിൽ നിന്ന് വന്ന ആ മുന്നറിയിപ്പ് ഒരു വാർത്ത മാത്രമായിരുന്നില്ല ധർമ്മസേനാ."
ഒരു നിമിഷം അദ്ദേഹം പൂർണ്ണ മൗനം പാലിച്ചു.
"അത് കാലം നമുക്ക് നൽകിയ കൃത്യമായൊരു സൂചനയായിരുന്നു."അവർ യുദ്ധത്തിനായി തയ്യാറെടുത്തിരുന്നു.
പാടലീപുത്രത്തിൽ നിന്ന് സാമ്രാജ്യത്തിന്റെ കൂറ്റൻ സൈന്യം മലകയറി വരുമെന്ന് അവർ ഉറച്ചുവിശ്വസിച്ചു. കുലൂതത്തിന്റെ പർവ്വതപാതകളിലൂടെ മൗര്യപട്ടാളത്തിന്റെ കനത്ത ഇരുമ്പച്ചുവടുകൾ മുഴങ്ങുമെന്ന് അവർ കരുതി.
വിഹാരത്തിന്റെ ചുറ്റുമുള്ള ഓരോ രഹസ്യപാതയിലും അവർ ആയുധമേന്തിയ കാവൽക്കാരെ നിർത്തി. താഴ്വരകളിലേക്ക് നിരീക്ഷകരെ അയച്ചു. മലമുകളിലെ ഇടുങ്ങിയ കൊടുംവഴികളിൽ രാത്രി മുഴുവൻ വലിയ തീക്കൂനകൾ തെളിച്ചുനിർത്തി.
പക്ഷേ—
അവർ പ്രതീക്ഷിച്ച ആ പരസ്യമായ യുദ്ധം ഒരിക്കലും വന്നില്ല.
അതിന് പകരം അവരിലേക്ക് പെയ്തിറങ്ങിയത്...
ഒരു അദൃശ്യമായ നിശ്ശബ്ദ മരണം!
ആദ്യമെത്തിയത് പാടലീപുത്രത്തിലെ കൊട്ടാരത്തിൽ ഒളിഞ്ഞിരുന്ന അവരുടെ ചാരന്റെ മരണവാർത്തയായിരുന്നു. ദിവസങ്ങളായി അവനിൽ നിന്ന് ഒരു സന്ദേശവും ലഭിച്ചിരുന്നില്ല. തുടക്കത്തിൽ ആരും സംശയിച്ചില്ലെങ്കിലും കാത്തിരിപ്പ് നീണ്ടതോടെ ആശങ്കയായി. ഒടുവിൽ, താഴ്വരയിലെ മലവഴിയിലൂടെ തിരിച്ചെത്തിയ ഒരു അജ്ഞാതയാത്രക്കാരന്റെ വാക്കുകളിൽ നിന്നാണ് ആ സത്യം പുറത്തുവന്നത്:
അവൻ കൊല്ലപ്പെട്ടിരിക്കുന്നു.
എവിടെവെച്ച്?
എങ്ങനെ?
ആരാണ് അവനെ തിരിച്ചറിഞ്ഞ് ഇല്ലാതാക്കിയത്?
ഒന്നിനും ഒരു ഉത്തരവുമില്ലായിരുന്നു. അവന്റെ ശരീരത്തിൽ ആയുധങ്ങൾ കൊണ്ടുള്ള വലിയ മുറിവുകളൊന്നുമുണ്ടായിരുന്നില്ല. രക്തം ചിന്തിയതിന്റെ അടയാളങ്ങളോ പൊരുതിയ ലക്ഷണങ്ങളോ ഇല്ല. അവൻ അവസാനമായി ആരെ കണ്ടുവെന്നുപോലും ആരും അറിഞ്ഞില്ല.
അഷ്ടബീജ സംഘത്തിന്റെ ധാർഷ്ട്യത്തിനുള്ളിൽ ഭയത്തിന്റെ ആദ്യത്തെ തണുത്ത വിത്ത് വീണത് അവിടെയായിരുന്നു.
പിന്നെ—
ഒരാൾ കൂടി.
സംഘത്തിന്റെ ദക്ഷിണ ജനപദങ്ങളുമായുള്ള രഹസ്യബന്ധങ്ങൾ നിയന്ത്രിച്ചിരുന്ന പ്രമുഖ ശിഷ്യൻ. അവന്റെ ചേതനയറ്റ ശരീരം വിഹാരത്തിൽ നിന്ന് അധികമകലെയല്ലാത്ത ഒരു ചെങ്കുത്തായ പാറയിടുക്കിൽ കണ്ടെത്തി.
അടുത്ത ദിവസം മറ്റൊരാൾ.
പിന്നീട് മറ്റൊരാൾ.
ഓരോ മരണവും വേറിട്ട രീതിയിലായിരുന്നു. പക്ഷേ എല്ലാ ദുരൂഹമരണങ്ങൾക്കും ഒരേയൊരു ഭീകരമായ സാമ്യമുണ്ടായിരുന്നു:
കൊലയാളിയുടേതായ യാതൊരു കാൽപ്പാടോ അടയാളമോ അവിടെ അവശേഷിച്ചിരുന്നില്ല!
കാവലിൽ കണ്ണുചിമ്മാതെ നിന്നവർ ഒന്നും കണ്ടില്ല. രാത്രിയുടെ നിശ്ശബ്ദതയിൽ ഒരു അന്യന്റെ കാൽപ്പെരുമാറ്റം പോലും ആരും കേട്ടില്ല. അപരിചിതർ ആരും വിഹാരത്തിന്റെ അതിരുകൾ കടന്നതുമില്ല.
എന്നിട്ടും—
അഷ്ടബീജ സംഘത്തിന്റെ പ്രധാനികൾ ഓരോരുത്തരായി വായുവിൽ അലിഞ്ഞുപോകുന്നതുപോലെ ഇല്ലാതായി. തിരികെ ലഭിച്ചത് അവരുടെ തണുത്തുവിറച്ച മൃതദേഹങ്ങൾ മാത്രം.
അഷ്ടബീജ സംഘത്തിന്റെ അതുവരെയുണ്ടായിരുന്ന അഹങ്കാരം പതുക്കെപ്പതുക്കെ തകർന്നുതുടങ്ങി.
"ഇത് രാജാവിന്റെ പട്ടാളമല്ല..." വിറയ്ക്കുന്ന സ്വരത്തിൽ ഒരു ശിഷ്യൻ പറഞ്ഞു.
"അല്ല," മറ്റൊരാൾ ഭയത്തോടെ മറുപടി നൽകി. "പട്ടാളമായിരുന്നെങ്കിൽ നമുക്ക് ആ ശത്രുവിനെ കാണാമായിരുന്നു. വാളോങ്ങി എതിരിടാമായിരുന്നു!"
ആ വാക്കുകൾക്ക് ശേഷം ആരും ഒന്നും മിണ്ടിയില്ല. കാരണം, തങ്ങളെ ഇരുട്ടിലിരുന്ന് ഇല്ലായ്മ ചെയ്യുന്ന ആ അദൃശ്യശത്രു ആരാണെന്ന് പോലും അവർക്കറിയില്ലായിരുന്നു.
മൗര്യസൈന്യമാണോ?
രാധാഗുപ്തന്റെ ചാരന്മാരാണോ?
വിഹാരത്തിനുള്ളിൽ തന്നെയുള്ള ആരെങ്കിലും ചതിക്കുകയാണോ?
അതോ... തങ്ങൾ ഇതുവരെ തിരിച്ചറിയാത്ത മറ്റൊരു നിഗൂഢശക്തിയോ?
ഭയം ആദ്യം കാലടികൾ ശബ്ദമില്ലാതെ വെച്ച് ഉള്ളിലേക്ക് പതുങ്ങിയെത്തി.
പിന്നെ അത് സംശയമായി വളർന്നു.
സംശയം ക്രമേണ പരസ്പരമുള്ള അവിശ്വാസമായി മാറി.
ശിഷ്യന്മാർ തമ്മിൽത്തമ്മിൽ സംശയക്കണ്ണുകളോടെ നോക്കിത്തുടങ്ങി. രാത്രികളിൽ കൺപോളകൾ അടയ്ക്കാൻ പോലും അവർ ഭയപ്പെട്ടു. കല്ലറകളുടെ വാതിലുകൾ അകത്തുനിന്ന് കൊട്ടിയടച്ചു. കാവൽക്കാരുടെ എണ്ണം ഇരട്ടിയാക്കി. ആരും ഒറ്റയ്ക്ക് പുറത്തിറങ്ങാതായി.
പക്ഷേ മരണം അതിനേക്കാൾ വേഗത്തിൽ വിഹാരത്തിന്റെ ഇടനാഴികളിലൂടെ സഞ്ചരിച്ചു.
ഒരു ദിവസം...
രണ്ട് ദിവസം...
ആഴ്ചകൾ കടന്നുപോയി.
അഷ്ടബീജ സംഘത്തിന്റെ നെടുംതൂണുകളായ പ്രമുഖർ ഒന്നൊന്നായി ഇല്ലാതായി.
അവസാനം—
ആ മഹാസംഘം ഒരിക്കൽ തിങ്ങിനിറഞ്ഞിരുന്ന ആ കൂറ്റൻ ശിലാവിഹാരത്തിലെ മുറികൾ ഓരോന്നായി ശൂന്യമായി.
ആയിരക്കണക്കിന് ശിഷ്യന്മാർ നിറഞ്ഞുനിന്ന മണ്ഡപത്തിൽ ഇപ്പോൾ ചുവടുകളുടെ ഒച്ചപോലും അപൂർവ്വമായി. ഭയം തലച്ചോറിലേക്ക് തുളച്ചുകയറിയതോടെ ബാക്കിയുള്ളവർ പ്രാണരക്ഷാർത്ഥം പലവഴികളിലൂടെ ഓടിരക്ഷപ്പെട്ടു.
ചിലർ കൊടുംകാടുകളിലേക്ക്.
ചിലർ മഞ്ഞുമൂടിയ മലമുകളിലേക്ക്.
ചിലർ താഴ്വരകളിലൂടെ അജ്ഞാതമായ വിദൂര ജനപദങ്ങളിലേക്ക്.
ചിലരാകട്ടെ, തങ്ങളുടെ കാഷായവസ്ത്രങ്ങൾ മലയിടുക്കുകളിൽ ഉപേക്ഷിച്ച് സാധാരണ ഗ്രാമീണരുടെ വേഷത്തിൽ സമൂഹത്തിൽ അലിഞ്ഞുചേർന്നു.
ഒടുവിൽ—
ആ വിഹാരത്തിൽ അവശേഷിച്ചത് വെറും അഞ്ചുപേർ മാത്രം!
ധർമ്മസേനൻ.
വജ്രദത്തൻ.
സുമേധൻ.
നാഗസേനൻ.
അവർക്കൊപ്പം—
ആചാര്യൻ പ്രജ്ഞസേനൻ!
ആയിരങ്ങളെ തന്റെ ഒരൊറ്റ നോട്ടം കൊണ്ടും വാക്കുകൾ കൊണ്ടും വിറപ്പിച്ചിരുന്ന ആചാര്യന്റെ ചുറ്റും ഇപ്പോൾ മരവിപ്പിക്കുന്ന നിശ്ശബ്ദത മാത്രം ബാക്കിനിന്നു.
ധർമ്മസേനൻ ഭയത്തോടെ ചുറ്റും കണ്ണോടിച്ചു. ഒരിക്കൽ ആയിരങ്ങളുടെ മന്ത്രധ്വനികൾ മാറ്റൊലിക്കൊണ്ടിരുന്ന ആ കൂറ്റൻ ശിലാമണ്ഡപം ഇപ്പോൾ ജീവനില്ലാത്ത ശ്മശാനം പോലെ വിജനമായിരുന്നു.
"ആചാര്യാ..."
അവന്റെ തൊണ്ടയിൽ നിന്ന് വന്ന സ്വരത്തിൽ ഭയം പൂർണ്ണമായും തുറന്നുകാണാമായിരുന്നു.
"നമ്മെ... ഓരോരുത്തരായി വേട്ടയാടുകയാണ്!"
പ്രജ്ഞസേനൻ മറുപടിയൊന്നും പറഞ്ഞില്ല.
അദ്ദേഹത്തിന്റെ തീക്ഷ്ണമായ കണ്ണുകൾ ആ ശൂന്യമായ ശിലാമണ്ഡപത്തിലൂടെ പതുക്കെ സഞ്ചരിച്ചു. പിന്നീട് കൽഭിത്തിയിൽ കൊത്തിവെച്ചിരുന്ന ആ എട്ട് ആരക്കാലുകളുള്ള ചക്രചിഹ്നത്തിൽ തറഞ്ഞുനിന്നു.
അദ്ദേഹത്തിന്റെ മുഖത്തെ ആത്മവിശ്വാസത്തിൽ ആദ്യമായി ഒരു നേർത്ത ജാഗ്രതയുടെ കറുത്ത വര വീണു.
പാടലീപുത്രത്തിൽ നിന്ന് പെരുമ്പറ കൊട്ടി സൈന്യം വന്നില്ല.
കൊട്ടാരത്തിന്റെ ഗോപുരങ്ങളിൽ നിന്ന് യുദ്ധപ്രഖ്യാപനങ്ങളൊന്നും ഉയർന്നതുമില്ല.
പക്ഷേ—
അശോകൻ തന്റെ അദൃശ്യമായ ആ കൈകൾ നീട്ടിക്കഴിഞ്ഞിരുന്നു!
0 comments:
Post a Comment