ക്രിസ്തുവർഷം 1815.
ഇംഗ്ലണ്ടിന്റെ തെക്കൻ ഗ്രാമപ്രദേശങ്ങളിലൊന്നിലെ വിശാലമായ പച്ചപ്പിനിടയിൽ, നൂറ്റാണ്ടുകളായി വിറ്റ്മോർ കുടുംബത്തിന്റെ പ്രതാപത്തിനൊപ്പം ചേർന്നുനിന്ന ഒരു വൻകിട എസ്റ്റേറ്റ് പരന്നുകിടക്കുകയായിരുന്നു.
പ്രഭാതമഞ്ഞ് പുൽമേടുകളിൽ നിന്ന് പതുക്കെ ഒഴിഞ്ഞുമാറുമ്പോൾ, കണ്ണെത്തുംദൂരത്തോളം നീണ്ടുകിടന്ന സ്വർണ്ണനിറമാർന്ന ഗോതമ്പുപാടങ്ങൾക്കും ഹരിതാഭമായ മേച്ചിൽപ്പുറങ്ങൾക്കും മുകളിലൂടെ ഇളംസൂര്യപ്രകാശം പരന്നുതുടങ്ങി.
വെളുത്ത കല്ലുകൊണ്ട് പണിത ഭംഗിയേറിയ ഇംഗ്ലീഷ് മാളികയുടെ ചുറ്റും വിസ്തൃതമായ പൂന്തോട്ടങ്ങൾ. അതിനപ്പുറം കുതിരപ്പന്തലുകൾ, കൂറ്റൻ ധാന്യപ്പുരകൾ, തൊഴിലാളികളുടെ ലയങ്ങൾ, കന്നുകാലികളും കുതിരകളും മേയുന്ന പുൽത്തകിടികൾ. താഴ്‌വരയിലൂടെ ഒരു വെള്ളിനൂലുപോലെ വളഞ്ഞൊഴുകുന്ന ചെറിയൊരു കാട്ടരുവി.
വിറ്റ്മോർ എസ്റ്റേറ്റിന്റെ അതിരുകൾ ചക്രവാളത്തോളം വ്യാപിച്ചുകിടന്നു. കഴിഞ്ഞ അനേകം തലമുറകളായി ആ കുടുംബം അവിടത്തെ അപ്രമാദിത്യമുള്ള ഭൂവുടമകളായിരുന്നു. കൃഷിയിടങ്ങളിൽ നിന്നുള്ള അറ്റമില്ലാത്ത വരുമാനം, കന്നുകാലി സമ്പത്ത്, ഗോതമ്പ് വ്യാപാരം, സമീപത്തെ കൽക്കരി ഖനനത്തിൽ നിന്നുള്ള ലാഭവിഹിതങ്ങൾ—ഇവയെല്ലാം ചേർന്ന് വിറ്റ്മോർ പ്രഭുകുടുംബത്തെ ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും സ്വാധീനമുള്ള വരേണ്യവർഗ്ഗമാക്കി മാറ്റിയിരുന്നു. ഗ്രാമത്തിലെ സാധാരണക്കാരായ അനേകം കുടുംബങ്ങളുടെ നിത്യവൃത്തി ആ വലിയ മാളികയുടെ കരുണയിൽ അധിഷ്ഠിതമായിരുന്നു.
പക്ഷേ, ആ വലിയ സമ്പത്തിന്റെയും ആഡംബരത്തിന്റെയും നടുവിലും ആ തറവാട്ടിലെ ഇളമുറക്കാരനായ എഡ്മണ്ട് ജെയിംസ് വിറ്റ്മോറിന്റെ\ മനസ്സ് കുടുംബത്തിന്റെ ഭൂസ്വത്തുക്കളിലോ കച്ചവടക്കണക്കുകളിലോ ആയിരുന്നില്ല.
അവന്റെ ചിന്തകൾ സഞ്ചരിച്ചത് തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകത്തായിരുന്നു; മണ്ണിനടിയിൽ നൂറ്റാണ്ടുകളായി ഉറങ്ങിക്കിടക്കുന്ന പ്രാചീന അവശിഷ്ടങ്ങളുടെ നിഗൂഢ ലോകത്ത്!
മാളികയുടെ ഏറ്റവും മുകളിലത്തെ നിലയിലെ തണുത്ത ലൈബ്രറി മുറിയിൽ, എഡ്മണ്ട് തന്റെ യാത്രാസഞ്ചികൾ അതീവ ശ്രദ്ധയോടെ അടുക്കിവെക്കുകയായിരുന്നു. മേശപ്പുറത്ത് കട്ടിയുള്ള തുകൽ യാത്രാക്കോട്ട്, മുട്ടറ്റം എത്തുന്ന ബൂട്ടുകൾ, ലളിതമായൊരു മരുന്നുപെട്ടി, കടലാസ്സുകെട്ടുകൾ, മഷിക്കുപ്പികൾ, തൂവൽപ്പേനകൾ. അവയ്ക്കൊപ്പം അതിസൂക്ഷ്മമായ ലെൻസുകളുള്ള ചെറിയൊരു താമ്ര ദൂരദർശിനിയും, കാന്തിക ദിശാസൂചിയും\
ഓരോ വസ്തുവും എഡ്മണ്ട് പലവട്ടം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് പെട്ടികളിൽ അടുക്കിവെച്ചത്.
വാതിൽപ്പടിയിൽ നിന്നിരുന്ന പ്രായം ചെന്ന വിശ്വസ്ത സേവകൻ തോമസ് കൗതുകത്തോടെയും ആശങ്കയോടെയും ആ ചെറുപ്പക്കാരനെ നോക്കി:
"യജമാനനേ... ഇതൊക്കെ ആ കാട്ടുദേശമായ ഇന്ത്യയിലേക്ക് കൊണ്ടുപോകേണ്ടതുണ്ടോ?"
എഡ്മണ്ട് ചുണ്ടിൽ വിരിഞ്ഞ ശാന്തമായൊരു പുഞ്ചിരിയോടെ തിരിഞ്ഞുനോക്കി:
"എനിക്കിത് ഓരോന്നും അവിടെ വേണ്ടിവരും തോമസ്."
അവൻ വീണ്ടും യാത്രാസാമഗ്രികളിലേക്ക് ശ്രദ്ധ തിരിച്ചു. കുട്ടിക്കാലം മുതൽക്കേ മണ്ണടിഞ്ഞ പഴയ വസ്തുക്കളോടും പുരാതന സംസ്കാരങ്ങളോടും എഡ്മണ്ടിന് അസാധാരണമായൊരു അഭിനിവേശമുണ്ടായിരുന്നു. കുടുംബത്തിന്റെ ലൈബ്രറിയിലെ തുകൽ പൊതിഞ്ഞ ഗ്രന്ഥങ്ങൾ അവൻ ആർത്തിയോടെ വായിച്ചുതീർത്തു. വയലുകളിൽ പണിയെടുക്കുമ്പോൾ തൊഴിലാളികൾക്ക് മണ്ണിൽ നിന്ന് കിട്ടുന്ന റോമൻ കാലഘട്ടത്തിലെ നാണയങ്ങളും തുരുമ്പിച്ച കഠാരകളും ആദ്യം വന്നെത്തിയത് അവന്റെ മേശപ്പുറത്തായിരുന്നു. ആ പഴയ കോട്ടമതിലുകളിൽ കാണുന്ന ഏതോ അജ്ഞാതമായ ഒരു കൊത്തുപണി പോലും അതിന്റെ ചരിത്രം ചികഞ്ഞെടുക്കാതെ അവൻ വിട്ടിരുന്നില്ല.
മറ്റുള്ളവർക്ക് അത് വെറുമൊരു തുരുമ്പിച്ച ലോഹമോ പൊട്ടിയ കല്ലോ മാത്രമായിരുന്നു; എന്നാൽ എഡ്മണ്ടിന് അതൊരു തീരാത്ത ചോദ്യമായിരുന്നു, കാലം ബാക്കിവെച്ച മറുപടിയായിരുന്നു, വിസ്മൃതിയിലാണ്ടുപോയ ഏതോ മഹത്തായ മനുഷ്യചരിത്രത്തിന്റെ വാതിലുകളായിരുന്നു!
കഴിഞ്ഞ ഏതാനും വർഷങ്ങളായി അവന്റെ ശ്രദ്ധ ഇംഗ്ലണ്ടിന്റെ മണ്ണിൽ നിന്ന് കിഴക്കിന്റെ നിഗൂഢതകൾ പേറുന്ന ഇന്ത്യ എന്ന ഉപഭൂഖണ്ഡത്തിലേക്ക് തിരിഞ്ഞിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥർ അയക്കുന്ന യാത്രാവിവരണങ്ങളും, അവിടുത്തെ കാടുകൾ വിഴുങ്ങിയ ക്ഷേത്രങ്ങളെയും സ്തൂപങ്ങളെയും കുറിച്ചുള്ള വിചിത്രമായ കുറിപ്പുകളും അവൻ കാണാതെ പഠിച്ചു.
പുറത്ത് ചരൽപ്പാതയിൽ കുതിരവണ്ടിയുടെ ചക്രങ്ങൾ ഉരുളുന്ന ശബ്ദവും കുളമ്പടിയൊച്ചകളും കേട്ടുതുടങ്ങി.
യാത്രയുടെ നിമിഷങ്ങൾ അടുത്തുകഴിഞ്ഞിരിക്കുന്നു.
എഡ്മണ്ട് തന്റെ യാത്രാസഞ്ചിയുടെ തുകൽവാറുകൾ മുറുക്കിക്കെട്ടി. ചുവരിലെ വലിയ കണ്ണാടിക്ക് മുന്നിൽ നിന്ന് യാത്രാക്കോട്ട് എടുത്തണിഞ്ഞു. ആ മുഖത്ത് ഒരു ബ്രിട്ടീഷ് പ്രഭുകുമാരന്റെ അന്തസ്സും പ്രൗഢിയുമുണ്ടായിരുന്നു; എന്നാൽ ആ നീലക്കണ്ണുകളിൽ ആളിക്കത്തിയത് ഒരു പുരാവസ്തു ഗവേഷകന്റെ അടങ്ങാത്ത ദാഹമായിരുന്നു.
മുറിയിൽ നിന്നിറങ്ങും മുൻപ്, ആ വലിയ ഫ്രഞ്ച് ജനാലയിലൂടെ വിറ്റ്മോർ എസ്റ്റേറ്റിന്റെ അതിരുകളില്ലാത്ത പച്ചപ്പിലേക്ക് അവൻ അവസാനമായി ഒരിക്കൽക്കൂടി നോക്കി.
ഇത് ലണ്ടനിലെ ക്ലബ്ബുകളിലേക്കോ യൂറോപ്പിലെ ഉല്ലാസയാത്രകളിലേക്കോ ഉള്ള ഒരു യാത്രയല്ലെന്ന് അവന്റെ ഉള്ളിലെവിടെയോ ഒരു വിളി കേൾക്കുന്നുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ തണുത്തുറഞ്ഞ പ്രശാന്തതയിൽ നിന്ന് പതിനായിരക്കണക്കിന് നാഴികകൾക്കപ്പുറം—നൂറ്റാണ്ടുകളുടെ കാടും മണ്ണും മൂടിക്കിടക്കുന്ന സാഞ്ചിയിലെയും മധ്യേന്ത്യയിലെയും ഏതോ ഒരു വിസ്മൃത രഹസ്യത്തിന്റെ ചുരുളഴിക്കാനാണ് താൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് അവൻ തിരിച്ചറിഞ്ഞിരുന്നില്ല.
ജനറൽ ടെയ്‌ലറുടെ ഒപ്പം, ചരിത്രത്തിന്റെ താളുകളിൽ നിന്ന് മാഞ്ഞുപോയ ആ ഭാരതീയ രഹസ്യങ്ങൾ ചികഞ്ഞെടുക്കാൻ പുറപ്പെടുമ്പോൾ, എഡ്മണ്ട് ജെയിംസ് വിറ്റ്മോർ കാലത്തിന്റെ മറ്റൊരു ചക്രത്തിലേക്ക് കാൽവെക്കുകയായിരുന്നു!
0 comments:
Post a Comment