ലാസയിലെ കൽപാതകളിലൂടെ നടക്കുമ്പോൾ ആകാശത്തോളം ഉയർന്നുനിൽക്കുന്ന പൊട്ടാല കൊട്ടാരത്തിന്റെ വെങ്കല മേൽക്കൂരകൾ സൂര്യപ്രകാശത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. എഡ്മണ്ട് ജെയിംസ് വിറ്റ്മോർ തന്റെ മുറിയിലെ തടിമേശപ്പുറത്ത് സാഞ്ചിയിൽ നിന്നു ലഭിച്ച തുണിച്ചുരുളിന്റെ പകർപ്പും പഴയ ടിബറ്റൻ ഭൂപടങ്ങളും നിവർത്തിവെച്ചു.
അവൻ യുവ സന്യാസിയായ ലോബ്സാങ് പേമയെ തന്റെ അരികിലേക്ക് വിളിച്ചു. മേശപ്പുറത്തെ ഭൂപടത്തിലെ ഒരു പ്രത്യേക ബിന്ദുവിലേക്ക് വിരൽ ചൂണ്ടി അവൻ ചോദിച്ചു: "ലോബ്സാങ്, ഈ ലാസ നഗരത്തിൽ നിന്ന് ഏകദേശം നാൽപ്പത് കിലോമീറ്റർ അകലെ, പർവ്വതനിരകൾക്കിടയിൽ ഒറ്റപ്പെട്ടുപോയ ഒരു പഴയ വിഹാരത്തെക്കുറിച്ച് നിനക്കറിയാമോ?"
ഇളം സന്യാസി ആ ഭൂപടത്തിലേക്ക് സൂക്ഷിച്ചുനോക്കി. അവന്റെ കണ്ണുകളിൽ പെട്ടെന്ന് ഒരു ഞെട്ടൽ നിഴലിച്ചു. "നിങ്ങൾ... നിങ്ങൾ ട്രാങ്-ഗോം വിഹാരത്തെക്കുറിച്ചാണോ ചോദിക്കുന്നത്?"
"ട്രാങ്-ഗോം?" എഡ്മണ്ടിന്റെ ശബ്ദത്തിൽ ആവേശം പടർന്നു.
"അതെ സാബ്," ലോബ്സാങ് തലയാട്ടി. "നൂറ്റാണ്ടുകൾക്ക് മുമ്പ് പണി കഴിപ്പിക്കപ്പെട്ടതെങ്കിലും, കഠിനമായ ഹിമപാതങ്ങളും അവിടുത്തെ കൽചുഴലികളും കാരണം പണ്ടേ ഉപേക്ഷിക്കപ്പെട്ട ഒരു വിഹാരമാണത്. ആരും അങ്ങോട്ട് പോകാറില്ല. അവിടം അശുദ്ധമാണെന്നാണ് ലാമമാർ വിശ്വസിക്കുന്നത്; അതൊരു ശാപത്തിന്റെ ഇടമാണെന്നാണ് നാട്ടുകാർ പറയുന്നത്."
എഡ്മണ്ടിന്റെ ചുണ്ടുകളിൽ തൃപ്തിയുടെ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. അവൻ സാഞ്ചി തുണിച്ചുരുളിൽ കണ്ട അടയാളങ്ങളും ആ ഭൂപടത്തിലെ സ്ഥാനവും തമ്മിൽ ഒത്തുനോക്കി. അഷ്ടബീജത്തിന്റെ അവസാനത്തെ സൂചന കിടക്കുന്നത് ആ ഉപേക്ഷിക്കപ്പെട്ട ട്രാങ്-ഗോം വിഹാരത്തിന്റെ ഉള്ളറകളിലാണ്!
വഞ്ചനയുടെ ആ പഴയ പല്ലവി അവൻ വീണ്ടും ആവർത്തിച്ചു: "പഴയ കാലത്തെ ചില നഷ്ടപ്പെട്ട സംസ്കൃത ഗ്രന്ഥങ്ങളുടെ കൈയെഴുത്തുപ്രതികൾ അവിടെയുണ്ടെന്ന് ലണ്ടനിലെ പണ്ഡിതർ കരുതുന്നു. അതുകൊണ്ടാണ് എനിക്ക് അവിടെ പോകേണ്ടത്. ലോബ്സാങ്, നീ എനിക്കൊപ്പം വരുമോ?"
യുവ സന്യാസി കുറച്ചുനേരം നിശബ്ദനായി നിന്നു. എഡ്മണ്ടിന്റെ കണ്ണിന്റെ തിളക്കവും ആത്മവിശ്വാസവും കണ്ടപ്പോൾ ആ കുട്ടിക്ക് നിരസിക്കാൻ തോന്നിയില്ല. "ശരി സാബ്, ഞാൻ വഴി കാണിച്ചുതരാം. പക്ഷേ, അവിടേക്ക് എളുപ്പമല്ല. കൊടുംതണുപ്പും മഞ്ഞുമലകളും താണ്ടേണ്ടിവരും."
അവർ പിറ്റേന്ന് പ്രഭാതത്തിൽ തന്നെ ലാസ വിട്ടു.
നഗരത്തിന്റെ തിരക്കുകൾക്ക് പിന്നിൽ, വടക്കുപടിഞ്ഞാറൻ ദിശയിലുള്ള പർവ്വതനിരകളിലേക്ക് അവർ കുതിരകളെ തെളിച്ചു. ലാസയിലെ താഴ്‌വരകൾ ക്രമേണ പിന്നിലായി. കട്ടിയുള്ള ഹിമപാളികൾ നിറഞ്ഞ കുത്തനെയുള്ള കയറ്റങ്ങൾ അവരുടെ മുന്നിൽ വെല്ലുവിളിയായി നിന്നു. തണുത്ത കാറ്റ് സൂചികൾപോലെ മുഖത്തേക്ക് ആഞ്ഞടിച്ചു. വഴിയരികിൽ മരയോടുകളും ആഴമുള്ള കൊക്കകളും ഒഴികെ ജീവന്റെ ഒരു തുടിപ്പുമില്ലായിരുന്നു.
നാൽപ്പത് കിലോമീറ്ററോളം നീണ്ട ആ ദുർഘടമായ ഹിമയാത്രയ്ക്കൊടുവിൽ, വൈകുന്നേരത്തിന്റെ മങ്ങിയ വെളിച്ചത്തിൽ—മഞ്ഞുകാറ്റിൽ തകർന്നുതുടങ്ങിയ കരിങ്കൽ ചുവരുകളും പഗോഡ രൂപത്തിലുള്ള മേൽക്കൂരയുടെ അവശിഷ്ടങ്ങളും നിറഞ്ഞ ആ പുരാതന വിഹാരം അവരുടെ മുന്നിൽ ദൃശ്യമായി:
ട്രാങ്-ഗോം വിഹാരം!
മൗനമായി ഉറങ്ങിക്കിടക്കുന്ന ആ ഭീകരമായ കൽക്കെട്ടിനുള്ളിൽ, അഷ്ടബീജത്തിന്റെ നാലാമത്തെയും അവസാനത്തെയും നിഗൂഢ രഹസ്യം അവരെയും കാത്ത് കാത്തിരിപ്പുണ്ടായിരുന്നു!
ട്രാങ്-ഗോം വിഹാരത്തിന്റെ പടുകൂറ്റൻ കരിങ്കൽ കവാടം നൂറ്റാണ്ടുകളായി തണുത്തുറഞ്ഞു കിടക്കുകയായിരുന്നു.
കവാടത്തിനു മുന്നിൽ അടിഞ്ഞുകൂടിയ കട്ടിയുള്ള ഹിമപാളികൾ വെട്ടിമാറ്റാൻ എഡ്മണ്ടിന് കൈക്കോടാലി പ്രയോഗിക്കേണ്ടിവന്നു. ഓരോ ആഘാതത്തിലും നീലനിറമുള്ള കഠിനമായ ഹിമക്കട്ടകൾ പൊട്ടിത്തെറിച്ചു. തുരുമ്പെടുത്ത ഇരുമ്പുകട്ടിളകളിൽ അമർന്നുപോയ പടുകൂറ്റൻ വാതിൽ ഒടുവിൽ ഭീകരമായ ഞരക്കത്തോടെ അകത്തേക്ക് മലർക്കെത്തുറന്നു.
അകത്തേക്ക് കാലെടുത്തുവെച്ചതും അവരെ എതിരേറ്റത് ശ്വാസം മുട്ടിക്കുന്ന തണുപ്പും പായലിന്റെയും കാലപ്പഴക്കത്തിന്റെയും രൂക്ഷഗന്ധവുമായിരുന്നു.
പുറത്തെ മഞ്ഞുകാറ്റിനേക്കാൾ മൂർച്ചയുള്ളതായിരുന്നു ആ ഇരുണ്ട അറയിലെ തണുപ്പ്. അന്തരീക്ഷത്തിലെ ഈർപ്പം ഒരു നിമിഷംകൊണ്ട് എഡ്മണ്ടിന്റെ കൃതാവിലും കൺപീലികളിലും ഐസ് കണങ്ങളായി ഉറഞ്ഞു. കൈയിലെ റാന്തലിന്റെ മഞ്ഞവെളിച്ചത്തിൽ മേൽക്കൂരയിൽ നിന്ന് താഴേക്ക് കൂർത്ത കഠാരകൾപോലെ തൂങ്ങിനിന്ന ആയിരക്കണക്കിന് മഞ്ഞുമുള്ളുകൾ (icicles) തിളങ്ങി. ഒരു ചെറിയ ശബ്ദംപോലും ആ മഞ്ഞുമുള്ളുകളെ താഴേക്ക് വീഴ്ത്തി തലയോട് പിളർക്കാൻ പോന്നതായിരുന്നു.
"സാബ്, സൂക്ഷിക്കണം... ഇവിടത്തെ തറ മുഴുവൻ പൊള്ളയാണ്," ലോബ്സാങ് ഭയത്തോടെ മുന്നറിയിപ്പ് നൽകി.
ഗുഹയ്ക്കുള്ളിലെ കൽത്തറയിൽ ഒരടിയോളം കനത്തിൽ നീല ഐസ് ഉറഞ്ഞുകൂടിയിരുന്നു. ഓരോ ചുവടിലും കാൽ തെന്നിമാറി. വീഴാതിരിക്കാൻ ചുമരിലെ വിള്ളലുകളിൽ കൈകുത്തുമ്പോൾ മരവിപ്പ് കൈയുറകൾ തുളച്ച് അസ്ഥികളിലേക്ക് ആഴ്ന്നിറങ്ങി. വായുവിൽ ഓക്സിജന്റെ അളവ് തീരെ കുറവായിരുന്നതിനാൽ ഏതാനും ചുവടുകൾ വെക്കുമ്പോഴേക്കും എഡ്മണ്ടിന്റെ നെഞ്ച് കിതച്ചു, തൊണ്ട വരളാൻ തുടങ്ങി.
അവൻ ചുമരുകളിലെ മങ്ങിയ ചുവർചിത്രങ്ങളിലൂടെ റാന്തൽവെട്ടം പായിച്ചു. ആയിരം കൈകളുള്ള അവലോകിതേശ്വരന്റെയും ഭയാനക ഭാവത്തിലുള്ള ധർമ്മപാലകരുടെയും ജീർണ്ണിച്ച രൂപങ്ങൾ.
വിഹാരത്തിന്റെ ഏറ്റവും ഉള്ളിലെ പ്രാർത്ഥനാമുറിയിൽ, തകർന്നുപോയ ഒരു വെങ്കല ബുദ്ധപ്രതിമയുടെ പീഠത്തിന് പിന്നിലേക്ക് എഡ്മണ്ട് നടന്നു. അവിടെ കരിങ്കൽഭിത്തിയിൽ വിചിത്രമായ ഒരു കൽപ്പാളി കണ്ടു. പക്ഷേ, അത് സാധാരണ രീതിയിൽ തുറക്കാനാവില്ലായിരുന്നു; കഴിഞ്ഞ നൂറ്റാണ്ടുകളിലെ ഏതോ ഹിമപാതത്തിൽ വിഹാരത്തിന്റെ വിള്ളലിലൂടെ ഒലിച്ചിറങ്ങിയ വെള്ളം തണുത്തുറഞ്ഞ് ആ കൽപ്പാളിയെ പൂർണ്ണമായും ഒരു ഭീമാകാരമായ ഐസ്പാളിക്കുള്ളിലാക്കി മാറ്റിയിരുന്നു!
എഡ്മണ്ട് നിലത്തു മുട്ടുകുത്തി. വിരലുകൾ തണുപ്പുകൊണ്ട് മരവിച്ച് അനക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു. അവൻ കോടാലിയുടെ തുമ്പുകൊണ്ട് അതീവ ജാഗ്രതയോടെ ആ കട്ടിപിടിച്ച ഐസ് പാളി കൊത്തിമാറ്റാൻ തുടങ്ങി. അല്പം പാളിയാൽ ഉള്ളിലെ രഹസ്യം എന്നെന്നേക്കുമായി തകർന്നുപോകും.
തുടർച്ചയായ പ്രയത്നത്തിനൊടുവിൽ ഐസ് പാളി അടർന്നുമാറി. അതിനുള്ളിൽ, തുകൽ കൊണ്ടുള്ള ഒരു പ്രാചീന പെട്ടി ഉറഞ്ഞുപോയ നിലയിൽ കണ്ടു.
പെട്ടിയുടെ പൂട്ടുകൾ ഉറഞ്ഞുപോയിരുന്നതിനാൽ കത്തിയുടെ അഗ്രം തിരുകി അവൻ അത് ഇളക്കിമാറ്റി. ഉള്ളിലെ കട്ടിയുള്ള യാക്ക് രോമത്തിന്റെ ആവരണം വിറയ്ക്കുന്ന വിരലുകളാൽ അവൻ വകഞ്ഞുമാറ്റി.
അവിടെ—
മഞ്ഞിലോ കാലപ്പഴക്കത്തിലോ നശിച്ചുപോകാത്തവിധം, പ്രത്യേകതരം മരക്കറയും രാസക്കൂട്ടുകളും പുരട്ടി സംരക്ഷിച്ച, കടുംചുവപ്പ് പട്ടുതുണിയിൽ പൊതിഞ്ഞ ആ പുരാതന ഹിമച്ചുരുൾ!
എഡ്മണ്ട് വിറയാർന്ന കൈകളോടെ അത് പുറത്തെടുത്തു. പട്ടുതുണിയുടെ പാളി പതുക്കെ നീക്കിയപ്പോൾ, അതിനുള്ളിൽ തിബത്തൻ-സംസ്കൃത സങ്കരലിപിയിൽ വരച്ചുചേർത്ത അടയാളങ്ങൾ റാന്തൽവെളിച്ചത്തിൽ തെളിഞ്ഞുവന്നു. മുകളിൽ കൃത്യമായി വരച്ചിരിക്കുന്നു—അഷ്ടബീജത്തിന്റെ നാലാമത്തെ മുദ്ര!
സാഞ്ചിയിലെ ലിഖിതം...
അജന്തയിലെ ദ്വിമുഖ ശിലാരൂപം...
വള്ളിമലയിലെ ഒൻപത് ചക്രപ്പതക്കങ്ങൾ...
ഇപ്പോൾ ഇതാ, വടക്കിന്റെ ഹിമസാമ്രാജ്യത്തിൽ ഒളിപ്പിച്ചുവെച്ച നാലാമത്തെയും അവസാനത്തെയും തിരുശേഷിപ്പ്!
"ഗോഡ്... ഇറ്റ്സ് ഡൺ!" എഡ്മണ്ടിന്റെ ചുണ്ടുകൾ തണുപ്പിലും വിജയലഹരിയോടെ മന്ത്രിച്ചു.
നാല് രഹസ്യങ്ങളും ഇപ്പോൾ പൂർണ്ണമായിക്കഴിഞ്ഞിരിക്കുന്നു.
എന്നാൽ, ആ തുണിചുരുൾ പെട്ടിയിൽ നിന്ന് പുറത്തെടുത്ത അതേ നിമിഷം
ആ തുണിചുരുൾ ആ പ്രാചീന പെട്ടിയിൽ നിന്ന് പുറത്തെടുത്ത അതേ നിമിഷം—എഡ്‌മണ്ടിന്റെ വിധി കരിങ്കല്ലിലെന്നപോലെ കുറിക്കപ്പെടുകയായിരുന്നു.
വിഹാരത്തിന്റെ തണുത്തുറഞ്ഞ ഇരുട്ടിൽ നിന്ന് അവർ ധൃതിയിൽ പുറത്തേക്കിറങ്ങി. പർവ്വതനിരകൾക്ക് മീതെ കാറ്റ് ഇരമ്പിയടിക്കുന്നുണ്ടായിരുന്നു. ആകാശത്തുനിന്ന് കനത്ത മഞ്ഞുപാളികൾ നിലയ്ക്കാതെ പെയ്തിറങ്ങി. തോളിലെ തുകൽസഞ്ചിയിൽ ആ നാലാമത്തെ രഹസ്യവും ചേർത്തുപിടിച്ച്, ചുവടുകൾ ഓരോന്നായി ആഴത്തിലുള്ള മഞ്ഞിൽ പൂഴ്ത്തി എഡ്‌മണ്ടും ഒപ്പം വിറവിറച്ച് ലോബ്സാങ്ങും മുന്നോട്ട് നടന്നു.
പെട്ടെന്ന്—
ലോബ്സാങ് ഒരു ഭയത്തോടെ എഡ്മണ്ടിന്റെ കോട്ടിന്റെ അരികിൽ പിടിച്ചുവലിച്ചു. അവന്റെ തൊണ്ടയിൽ നിന്നൊരു ഞരക്കം മാത്രം പുറത്തുവന്നു.
എഡ്മണ്ട് തലയുയർത്തി നോക്കി. അവൻ പെട്ടെന്ന് നിശ്ചലനായി.
അവരുടെ പാത തടസ്സപ്പെടുത്തിക്കൊണ്ട്, ഏതാനും വാരകൾക്ക് മുന്നിൽ മഞ്ഞിൽ ഒരു രൂപം ഉയർന്നുനിന്നിരുന്നു!
മഞ്ഞിൽ ആഴ്ന്നിറങ്ങി നിന്ന ഒരു നീണ്ട വാൾ. അതിന്റെ കൊത്തുപണികളുള്ള പിടിയിൽ ഉറപ്പിച്ച ഇടതുകൈ. ആ രൂപത്തിന്റെ ശിരസ്സും ശരീരവും പൂർണ്ണമായും ഒരു വെളുത്ത കുപ്പായത്താൽ മൂടപ്പെട്ടിരുന്നു. ചുറ്റും പെയ്യുന്ന കൊടുംമഞ്ഞിന്റെ അതേ നിറം; പ്രകൃതിയുടെ തന്നെ ഭാഗമായി ഉറഞ്ഞുപോയതുപോലൊരു കാവൽരൂപം.
ആ വെളുത്ത വസ്ത്രത്തിന്റെ മറവുകൾക്കിടയിലൂടെ, ഒരൊറ്റ ഭാഗം മാത്രം പുറത്തേക്ക് തുറന്നുകിടന്നു:
രണ്ട് കത്തുന്ന കണ്ണുകൾ!
മനുഷ്യന്റേതെന്ന് തോന്നിപ്പിക്കാത്തവിധം ശാന്തവും, എന്നാൽ മരണംപോലെ ആഴമുള്ളതുമായ കണ്ണുകൾ. ആ മിഴികൾ എഡ്മണ്ടിന്റെ തോളിലെ തുകൽസഞ്ചിയിലേക്കല്ല, മറിച്ച് അവന്റെ ആത്മാവിലേക്കാണ് തുളച്ചുകയറുന്നതെന്ന് തോന്നിപ്പിച്ചു.
കാറ്റിന്റെ വേഗത കൂടി. വെളുത്ത കുപ്പായത്തിന്റെ അരികുകൾ കാറ്റിൽ വന്യമായി പാറിപ്പറന്നു.
“അത്... ഒരു കാവൽക്കാരനാണ്...”
പിന്നെ അവന്റെ മുഖം മാറി.
"ഞങ്ങളുടെ പഴയ ലാമമാർ പറഞ്ഞിരുന്ന ഒരു പേരുണ്ട്...ചക്ര ചക്രപാലകര്‍...”
ലോബ്സാങ് ആ കാഴ്ച കണ്ട് മരണഭയത്തോടെ മുട്ടുകുത്തി നിലത്തേക്ക് വീണു:
എഡ്മണ്ടിന്റെ കൈകൾ അരയിലെ പിസ്റ്റളിലേക്ക് സാവധാനം നീങ്ങി. എന്നാൽ, മഞ്ഞിൽ കുത്തിനിർത്തിയ ആ വാളിന്റെ പിടിയിൽ നിന്ന് ആ അജ്ഞാതരൂപം കൈ ഒരല്പംപോലും അയച്ചില്ല. ആ കണ്ണുകളിലെ തണുപ്പ് ഹിമാലയത്തിലെ മഞ്ഞിനേക്കാൾ ഭയാനകമായിരുന്നു.
നാല് രഹസ്യങ്ങളും കൈക്കലാക്കിയ ബ്രിട്ടീഷ് പര്യവേക്ഷകന് മുന്നിൽ, ആ യുഗങ്ങളുടെ കാവൽക്കാരൻ ആദ്യമായി നേരിട്ട് വഴിമുടക്കി നിന്നു!
0 comments:
Post a Comment