വാഘോറയുടെ തീരത്ത് അവർ കണ്ടെത്തിയ ആ വിസ്മയനിർമ്മിതി പ്രകൃതിയുടെ പച്ചപ്പടർപ്പുകൾ വകഞ്ഞുമാറ്റി അവരുടെ മുന്നിൽ പൂർണ്ണമായി തുറന്നുകിടന്നു.
നൂറ്റാണ്ടുകളോളം നിബിഡവനവും കാട്ടുവള്ളികളും കട്ടിപിടിച്ച മണ്ണും ചേർന്ന് ഒളിച്ചുവെച്ചിരുന്ന പാറയുടെ മഹത്തായ മുഖം ഇപ്പോൾ സാവധാനം വെളിച്ചത്തിലേക്ക് ഉണർന്നുവരികയായിരുന്നു.
എഡ്മണ്ടിന്റെ തിടുക്കത്തിലുള്ള നിർദ്ദേശം കേട്ടതും സൈനികരും പ്രാദേശിക തൊഴിലാളികളും ചേർന്ന് പാറയുടെ മുൻവശം വെട്ടിത്തെളിക്കാൻ തുടങ്ങി. തോലുപൊളിക്കുന്ന കള്ളിമുള്ളുകൾ, പാമ്പുകളെപ്പോലെ പിണഞ്ഞുകിടന്ന വടവൃക്ഷങ്ങളുടെ വള്ളികൾ, കരിമ്പാറയെ മൂടിയിരുന്ന കട്ടിയുള്ള പായൽപ്പാളികൾ, കാറ്റിലും മഴയിലും അടിഞ്ഞുകൂടിയ ഉണക്കയിലകളും ചതുപ്പുമണ്ണും—സകലതും മഴുവും അരിവാളുകളും കൊണ്ട് അവർ ചുരണ്ടിമാറ്റി.
ക്യാപ്റ്റൻ ജോൺ സ്മിത്ത് കൈയ്യിൽ തോക്കുമായി പുറത്ത് ചുറ്റുപാടുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുനിന്നു. കടുവയുടെ കാൽപ്പാടുകൾ പാറച്ചെരുവിൽ പലയിടത്തും കാണാമായിരുന്നു.
പക്ഷേ, എഡ്മണ്ടിന്റെ ശ്രദ്ധ ആ വന്യമൃഗത്തിലോ വേട്ടയിലോ ആയിരുന്നില്ല. അവന്റെ കണ്ണുകൾ മുഴുവൻ കരിമ്പാറയിലെ വിള്ളലുകളിലായിരുന്നു.
ഒന്നിനുപിന്നാലെ മറ്റൊന്നായി ഇരുണ്ട പ്രവേശനകവാടങ്ങൾ കാടിന്റെ ഉള്ളറകളിൽ നിന്ന് തെളിഞ്ഞുവന്നു. ഓരോ ഗുഹാമുഖം കാണുമ്പോഴും ഒരു ഭ്രാന്തനെപ്പോലെ എഡ്മണ്ട് അതിനുള്ളിലേക്ക് ഓടിക്കയറി.
ഒരു ഗുഹ... പരിശോധന കഴിഞ്ഞ് വേഗത്തിൽ പുറത്തേക്ക്...
പിന്നെ അടുത്തത്!
അവൻ കൈയിലെ പിച്ചള റാന്തൽ ഉയർത്തിപ്പിടിച്ച് ഉൾച്ചുവരുകളിലൂടെ കണ്ണോടിച്ചു. ബുദ്ധന്റെ ധ്യാനരൂപങ്ങൾ, ശിലാസ്തംഭങ്ങൾ, ചൈത്യാകൃതിയിലുള്ള മണ്ഡപങ്ങൾ, പുരാതന ചുവർചിത്രങ്ങൾ, കാലപ്പഴക്കത്തിൽ തകർന്ന ശില്പങ്ങൾ...
പക്ഷേ—അവൻ അർദ്ധപ്രാണനായി അന്വേഷിച്ചിരുന്നത് ഇതൊന്നുമല്ലായിരുന്നു.
"ഇതല്ല..." അവൻ വിയർപ്പിൽ കുതിർന്ന് സ്വയം പിറുപിറുത്തു.
വീണ്ടും മറ്റൊരു ഗുഹയിലേക്ക്.
മണ്ണും വവ്വാലുകളുടെ കാഷ്ഠഗന്ധവും നിറഞ്ഞ അന്ധകാര ഇടനാഴികൾ. അവിടെയും ചില ശില്പങ്ങൾ കണ്ടെങ്കിലും അവയെല്ലാം സാധാരണ ബൗദ്ധ പാരമ്പര്യത്തിന്റെ സ്തൂപങ്ങളും രൂപങ്ങളും മാത്രമായിരുന്നു.
എഡ്മണ്ടിന്റെ നെഞ്ചിടിപ്പ് ഭയത്തോടെ ഉയർന്നു. സാഞ്ചിയിലെ ആ കൽപ്പെട്ടകത്തിൽ നിന്ന് കണ്ടെത്തിയ തുണിച്ചുരുളിന്റെ പകർപ്പ് അവൻ മനസ്സിൽ പലവട്ടം വായിച്ചുനോക്കി:
രണ്ട് വിരുദ്ധ പാരമ്പര്യങ്ങൾ ഒരൊറ്റ ശിലാശരീരത്തിൽ ലയിച്ചുചേർന്ന രൂപം...
ബുദ്ധനും മഹാവീരനും!
അത് എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്?
മറ്റൊരു ഗുഹ... വീണ്ടും നിരാശ മാത്രം. സൂര്യൻ പടിഞ്ഞാറൻ മലനിരകളിലേക്ക് പതുക്കെ ചാഞ്ഞുതുടങ്ങി. എങ്കിലും എഡ്മണ്ട് നിർത്തിയില്ല.
"ഇവിടെത്തന്നെയുണ്ട്... എനിക്ക് തെറ്റിയിട്ടില്ല..." പാറഭിത്തികളോട് സംസാരിക്കുന്നതുപോലെ അവൻ പതുക്കെ ഉരുവിട്ടു.
ഗുഹകളുടെ ആ നീണ്ട നിരയുടെ ഏറ്റവും അറ്റത്തേക്ക് സംഘം ഒടുവിൽ എത്തിച്ചേർന്നു. അവിടെ മറ്റുള്ളവയിൽ നിന്ന് തീർത്തും വ്യത്യസ്തമായൊരു പാറമുഖം അവൻ കണ്ടു.
പണി പാതിവഴിയിൽ നിലച്ചുപോയതുപോലെ ഒരു അപൂർണ്ണ ശിലാഗുഹ!
വെട്ടിപ്പൊളിച്ച നിലയിലുള്ള പരുക്കൻ പാറക്കെട്ടുകൾ. കൊത്തുപണികളില്ലാത്ത അർദ്ധസ്തംഭങ്ങൾ. പൂർത്തിയാകാത്ത മേൽക്കൂര. ഒരു കവാടത്തിന്റെ രൂപം മാത്രം വെട്ടിത്തുറന്ന കല്ലിന്റെ മുറിവുകൾ. മുള്ളൻപടർപ്പുകളും മണ്ണും ചേർന്ന് ആ പ്രവേശനദ്വാരം ഏതാണ്ട് പൂർണ്ണമായും അടച്ചിരുന്നു.
എഡ്മണ്ട് നിശ്ചലനായി നിന്നു.
"ഇത്..." അവൻ വിറയ്ക്കുന്ന കാലടികളോടെ മുന്നോട്ട് നീങ്ങി.
ജോൺ പിന്നിൽ നിന്ന് സംശയത്തോടെ വിളിച്ചുചോദിച്ചു: "ഇതും മറ്റുള്ളവയെപ്പോലെയൊരു ഗുഹയല്ലേ എഡ്മണ്ട്? കല്ലുതുരക്കൽ പോലും പൂർത്തിയായിട്ടില്ലല്ലോ."
"അല്ല ജോൺ," എഡ്മണ്ടിന്റെ മറുപടി ദൃഢമായിരുന്നു. "ഇത് ആരും മനഃപൂർവ്വം പൂർത്തിയാക്കാത്തതാണ്!"
അവൻ മറ്റുള്ളവർക്കായി കാത്തുനിൽക്കാതെ സ്വന്തം കൈകൾ കൊണ്ട് കാട്ടുവള്ളികൾ വലിച്ച് ചീന്തിയെറിഞ്ഞു. സൈനികർ വേഗത്തിൽ വാളുകളുമായി സഹായിച്ചു. നിമിഷങ്ങൾക്കുള്ളിൽ ആ ഇടുങ്ങിയ പ്രവേശനദ്വാരം തുറക്കപ്പെട്ടു.
അകത്ത് ഘനീഭവിച്ച ഇരുട്ട്.
പ്രതിമകളോ ചുവർചിത്രങ്ങളോ ഇല്ല. സാധാരണ വിഹാരങ്ങളിലെ ഗാംഭീര്യമുള്ള അലങ്കാരങ്ങളുമില്ല. പരുക്കൻ കൽഭിത്തികൾ മാത്രം.
എഡ്മണ്ട് റാന്തൽവിളക്കുമായി ആ ഗുഹാന്തർഭാഗത്തേക്ക് ചുവടുവെച്ചു. കല്ലിൽ അവന്റെ തുകൽബൂട്ടുകൾ പതിഞ്ഞ ശബ്ദം ആ ശൂന്യതയിൽ ഇരമ്പിയുയർന്നു.
പെട്ടെന്ന്—
റാന്തലിന്റെ വെളിച്ചം ഏറ്റവും ഉള്ളിലെ ഒരു കൽഭിത്തിയിൽ തട്ടിനിന്നു.
ഒറ്റനോട്ടത്തിൽ അവിടെ ഒന്നുമില്ലെന്ന് തോന്നും. പക്ഷേ, ആ ഭിത്തിയുടെ ഒരു താഴ്ന്ന ഭാഗം ബാക്കി പാറക്കെട്ടുകളിൽ നിന്ന് അസ്വാഭാവികമായി വേറിട്ടുനിന്നിരുന്നു. പ്രകൃതിദത്തമല്ലാത്ത ഒരു വിടവ്. അതിന് മുകളിൽ കളിമണ്ണും ചുണ്ണാമ്പും തേച്ചുപിടിപ്പിച്ച ഒരു നേർത്ത പാളി.
എഡ്മണ്ട് നിലത്ത് മുട്ടുകുത്തി. അരയിലെ കത്തിയൂരി അവൻ ആ മൺപാളി അതീവ സൂക്ഷ്മതയോടെ ചുരണ്ടിമാറ്റി. ഉള്ളിലെ കരിമ്പാറയുടെ മറ്റൊരു കഷണം പുറത്തുവന്നു.
അവിടെ—കല്ലിൽ കൊത്തിയ ഒരു മനുഷ്യരൂപത്തിന്റെ വസ്ത്രത്തിന്റെ അരിക് തെളിഞ്ഞു!
എഡ്മണ്ടിന്റെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി. അവൻ പിന്നിൽ നിന്ന സൈനികരോട് മാറാൻ ആംഗ്യം കാണിച്ചു. കത്തി താഴെവെച്ച്, സ്വന്തം വിരലുകൾ കൊണ്ട് അവൻ ബാക്കി മണ്ണും ചുണ്ണാമ്പും തട്ടിമാറ്റി.
പതുക്കെ... ഒരു മുഖത്തിന്റെ പാതി തെളിഞ്ഞു.
പിന്നെ അടുത്ത പകുതി.
പിന്നാലെ തോൾഭാഗവും നെഞ്ചും.
എഡ്മണ്ട് അവിശ്വസനീയതയോടെ പിന്നിലേക്ക് വേച്ചുമാറി. റാന്തലിന്റെ മഞ്ഞവെളിച്ചം ആ ശില്പത്തിൽ പൂർണ്ണമായി പതിച്ചപ്പോൾ, അവിടെ തെളിഞ്ഞത് ലോകചരിത്രത്തിൽ മറ്റൊരിടത്തും കാണാനാകാത്ത മഹാത്ഭുതമായിരുന്നു!
അതൊരു സാധാരണ ബുദ്ധവിഗ്രഹമായിരുന്നില്ല.
ഒരൊറ്റ ശരീരത്തിന്റെ രണ്ട് പകുതികളിൽ രണ്ട് വ്യത്യസ്ത ദർശനങ്ങൾ!
ഇടതുവശത്ത്—ഗൗതമ ബുദ്ധന്റെ കരുണാർദ്രമായ ധ്യാനഭാവം.
വലതുവശത്ത്—വർദ്ധമാന മഹാവീരന്റെ തീവ്രമായ തപസ്സിന്റെ കാർക്കശ്യം.
ശിരസ്സിൽ ഒരുവശത്ത് ബുദ്ധന്റെ ചുരുണ്ട മുടിക്കുടവും ഉഷ്ണീഷവും; മറുവശത്ത് തീർത്ഥങ്കരന്റെ തോളിലേക്ക് പടർന്ന കേശഭാരത്തിന്റെ രേഖകൾ.
രണ്ട് ആത്മീയ പാരമ്പര്യങ്ങൾ ഒരൊറ്റ ശിലാശരീരത്തിൽ വിളക്കിച്ചേർത്തിരിക്കുന്നു!
എഡ്മണ്ടിന്റെ കൈകൾ വിറച്ചു. അവൻ ആ ശില്പത്തിന് മുന്നിൽ കരിങ്കൽത്തറയിൽ സാഷ്ടാംഗം മുട്ടുകുത്തി. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി, ചുണ്ടുകൾ മാത്രം മന്ത്രിച്ചു:
"ഐ ഫൗണ്ട് യു..."
ജോൺ സ്മിത്ത് ഗുഹയ്ക്കുള്ളിലേക്ക് കയറിവന്ന് അമ്പരപ്പോടെ ആ ശിലാരൂപത്തിലേക്ക് നോക്കി:
"ഇത്... ബുദ്ധന്റെ മറ്റൊരു രൂപമാണോ എഡ്മണ്ട്?"
എഡ്മണ്ട് കണ്ണെടുക്കാതെ, വിറയാർന്ന സ്വരത്തിൽ മറുപടി നൽകി:
"അല്ല ജോൺ..." അവൻ ദീർഘമായി ശ്വാസമെടുത്ത് തുടർന്നു: "...ഇത് ഒരൊറ്റ ശരീരത്തിൽ തളയ്ക്കപ്പെട്ട രണ്ട് യുഗങ്ങളാണ്!"
ഗുഹയുടെ അപൂർണ്ണമായ കൽച്ചുവരുകളിൽ റാന്തലിന്റെ അഗ്നിനാളം ആ വിഗ്രഹത്തിന്റെ നിഴൽ ഭീമാകാരമായി വീഴ്ത്തിക്കൊണ്ടിരുന്നു.
എഡ്മണ്ട് ആ ശിലാപ്രതിമയുടെ മുന്നിൽ ശ്വാസമടക്കിപ്പിടിച്ച് നിശ്ചലനായി നിന്നു.
അവന്റെ നീലക്കണ്ണുകൾ ആ ശില്പത്തിന്റെ ഓരോ കൊത്തുപണിയിലൂടെയും തീവ്രതയോടെ സഞ്ചരിച്ചു. എന്നാൽ, തൊട്ടടുത്ത് നിന്ന ക്യാപ്റ്റൻ ജോൺ സ്മിത്തിന് ആ കല്ലിൽ യാതൊരു അത്ഭുതവും തോന്നിയില്ല. അവൻ കൈയിലെ റാന്തലിന്റെ വെളിച്ചം അലസമായി ആ രൂപത്തിലേക്ക് ഒന്നു പായിച്ചുനോക്കി.
"ഇതാണോ നീ ഇത്രയും നാൾ കാടുകയറി അന്വേഷിച്ചുനടന്ന ആ മഹാസംഭവം?"
എഡ്മണ്ട് അതിന് മറുപടിയൊന്നും നൽകിയില്ല.
ജോൺ ചുണ്ടുപിളർത്തി പുച്ഛത്തോടെ ചിരിച്ചു:
"സാധാരണ ഒരു കല്ലുപ്രതിമ! ഇതിലാണോ നിന്റെ അമൂല്യ രഹസ്യം?"
അവൻ പുറംതിരിഞ്ഞുനിന്നു. ഗുഹയ്ക്ക് പുറത്തുനിന്ന് വാഘോറയുടെ ഇരമ്പലും കാട്ടിലെ വന്യമായ മുരൾച്ചകളും വീണ്ടും കാറ്റിലൂടെ ഇരച്ചുകയറാൻ തുടങ്ങിയിരുന്നു. കടുവയുടെ ചോരമണക്കുന്ന കാൽപ്പാടുകൾ മാത്രമായിരുന്നു ആ വേട്ടക്കാരന്റെ തലച്ചോറിൽ അപ്പോഴും ആളിക്കത്തിയത്. പുരാതന ശില്പങ്ങളോ വിസ്മൃത ചരിത്രങ്ങളോ അവന്റെ വേട്ടമനസ്സിൽ ഒരു തരിമ്പുപോലും ഇടംപിടിച്ചില്ല.
"ഞാൻ പുറത്തുപോയി കാവൽ നോക്കാം," തോക്കിൻകുഴൽ തോളിൽ തട്ടി ജോൺ പറഞ്ഞു. "ആ വരയൻ എങ്ങാനും തിരിഞ്ഞുനടന്നാൽ ആദ്യം കാണേണ്ടത് എന്റെ വെടിയുണ്ടയാണ്."
ജോൺ വേഗത്തിൽ ഗുഹാമുഖത്തേക്ക് നടന്നുപോയി.
ഇപ്പോൾ ആ അപൂർണ്ണ ശിലാഗുഹയിൽ എഡ്മണ്ടും ആ ദുരൂഹ വിഗ്രഹവും മാത്രം ബാക്കിയായി.
അവൻ ചുമലിൽ നിന്ന് തന്റെ കട്ടിയുള്ള തുകൽബാഗ് ഊരി നിലത്തുവെച്ചു. ഉള്ളിലെ കമ്പിളിത്തുണികളും കുറിപ്പുപുസ്തകങ്ങളും രേഖകളും സാവധാനം ഒരു വശത്തേക്ക് മാറ്റി.
വെറും ആറംഗുലം മാത്രം ഉയരമുള്ള ആ അത്ഭുത ശിലാരൂപത്തിലേക്ക് അവൻ ഇരുകൈകളും നീട്ടി. അതീവ സൂക്ഷ്മതയോടെ, വിറയാർന്ന വിരലുകളാൽ അവൻ അതിനെ കൽത്തറയിൽ നിന്ന് പതുക്കെ ഉയർത്തി.
ശിലയുടെ സഹസ്രാബ്ദങ്ങളുടെ കൊടുംതണുപ്പ് അവന്റെ വിരൽത്തുമ്പിലൂടെ ഞരമ്പുകളിലേക്ക് അരിച്ചിറങ്ങി.
അവൻ ഒരിക്കൽക്കൂടി അതിലേക്ക് മിഴിയുറപ്പിച്ചു:
ബുദ്ധനും മഹാവീരനും...
അഹിംസയും ആത്മപീഡനവും...
ഒരൊറ്റ ശിലാദേഹത്തിൽ വിളക്കിച്ചേർക്കപ്പെട്ട അഷ്ടബീജത്തിന്റെ ചിഹ്നം!
അവൻ അതിനെ കേവലമൊരു പുരാവസ്തുവിനെപ്പോലെയല്ല കൈകാര്യം ചെയ്തത്; ലോകത്തിന്റെ വിധി മാറ്റിയെഴുതാൻ പോന്ന ഒരു പൈശാചിക യന്ത്രത്തിന്റെ താക്കോലിനെയെന്നപോലെയാണ് അവൻ നെഞ്ചോട് ചേർത്തത്.
ആദ്യം മൃദുവായൊരു വെൽവെറ്റ് തുണിയിൽ അവൻ അതിനെ ഭദ്രമായി പൊതിഞ്ഞു. അതിന് മീതെ ഈർപ്പമേൽക്കാത്ത മറ്റൊരു പരുക്കൻ കമ്പിളിപ്പാളി. നടക്കുമ്പോൾ യാതൊരു ഉലച്ചിലും തട്ടാത്തവിധം തുകൽബാഗിന്റെ അടിത്തട്ടിലെ വസ്ത്രങ്ങൾക്കിടയിൽ അവൻ അതിനായി ഒരു സുരക്ഷിതമായ രഹസ്യ അറയൊരുക്കി.
ഒടുവിൽ—അവൻ ആ ശിലാരൂപത്തെ ബാഗിന്റെ ഉള്ളറയിലേക്ക് ഒതുക്കി, വാറുകൾ മുറുക്കിക്കെട്ടി.
ബാഗ് അടച്ചശേഷവും എഡ്മണ്ട് കുറച്ചുനിമിഷങ്ങൾ അതിന്മേൽ കൈ അമർത്തിപ്പിടിച്ചു നിന്നു. അവന്റെ കണ്ണുകളിൽ യുഗങ്ങൾ പഴക്കമുള്ള ഒരു രഹസ്യം സ്വന്തമാക്കിയതിന്റെ ഭയവും, ഒപ്പം അടക്കാനാവാത്ത വിജയലഹരിയും ഒരുപോലെ ജ്വലിച്ചുനിന്നു.
നാല് മഹാ രഹസ്യങ്ങളിൽ രണ്ടാമത്തേത് ഇപ്പോൾ തന്റെ കൈപ്പിടിയിലാണ്!
സാഞ്ചിയിലെ ലിഖിതവും അജന്തയിലെ വിഗ്രഹവും തനിക്ക് സ്വന്തം!
പെട്ടെന്ന് ഗുഹയ്ക്ക് പുറത്തുനിന്ന് ജോണിന്റെ പരുക്കൻ ശബ്ദം മുഴങ്ങി:
"എഡ്മണ്ട്! വേഗം വാ, കാട്ടിൽ ഇരുട്ട് വീണുതുടങ്ങി!"
എഡ്മണ്ട് വേഗത്തിൽ എഴുന്നേറ്റു തുകൽബാഗ് തോളിലേറ്റി.
ഗുഹാകവാടം കടക്കുമ്പോൾ അവൻ അവസാനമായി ആ കൽച്ചുവരുകളിലേക്ക് തിരിഞ്ഞുനോക്കി. അവിടെ ഇപ്പോൾ വീണ്ടും കറുത്ത ഇരുട്ടുമാത്രം തളംകെട്ടിനിന്നു; ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ.
പക്ഷേ—
നൂറ്റാണ്ടുകളായി പാറയുടെ ഉള്ളറകളിൽ ഉറങ്ങിക്കിടന്ന ഭാരതത്തിന്റെ ഒരു പൈശാചിക രഹസ്യം ഇപ്പോൾ ഗുഹയുടെ കൽഭിത്തികൾ വിട്ട് ഒരു ബ്രിട്ടീഷുകാരന്റെ ചുമലിലേറി അന്യദേശത്തേക്ക് യാത്ര തിരിക്കുകയായിരുന്നു!
പുറത്ത് ഉച്ചസൂര്യന്റെ തീനാളങ്ങൾ പൂർണ്ണമായും അണഞ്ഞ്, മലമുകളിലൂടെ സന്ധ്യ താഴ്ന്നിറങ്ങിക്കഴിഞ്ഞിരുന്നു.
കുലൂതത്തിന്റെ മഞ്ഞുമലകളല്ല ഇത്—മധ്യേന്ത്യയിലെ കരിമ്പാറകൾ നിറഞ്ഞ വരണ്ട ഘോരവനം. അതിനുമീതെ രാത്രി പതുക്കെ കരിമ്പടം പുതപ്പിച്ചു.
ആദ്യം വൻമരങ്ങളുടെ ശിഖരങ്ങൾക്ക് മുകളിലൂടെ...
പിന്നെ അജന്തയുടെ ചെങ്കുത്തായ പാറക്കെട്ടുകളിലേക്ക്...
ഒടുവിൽ വാഘോറയുടെ പതഞ്ഞൊഴുകുന്ന വെള്ളിനൂലിലേക്ക്.
പക്ഷികളുടെ കലപിലകൾ കാട്ടിൽ ഒന്നൊന്നായി നിലച്ചു. കൊടുംവനത്തിന്റെ ആഴങ്ങളിൽ നിന്ന് രാത്രിയുടെ വന്യജീവികളുടെ വിചിത്രമായ ഓരിയിടലുകൾ ഉയർന്നുതുടങ്ങി. കുതിരകൾ അസ്വസ്ഥതയോടെ നിലത്തു ചവിട്ടി ചിനച്ചു. ബ്രിട്ടീഷ് സൈനികർ കൂടാരങ്ങൾക്ക് ചുറ്റും വലിയ തീക്കൂനകൾ ആളിക്കത്തിച്ചു.
അജന്തയുടെ മലമടക്കുകളിൽ പൂർണ്ണമായ അന്ധകാരം വിഴുങ്ങി.
എഡ്മണ്ട് ക്യാമ്പിലെ തന്റെ കൂടാരത്തിലേക്ക് നടക്കുമ്പോൾ, തോളിലിരുന്ന ആ തുകൽബാഗിന്റെ ഭാരം അവന് മറക്കാനായില്ല. ആ കല്ലിന് ശരീരത്തിന്റെ ഭാരം മാത്രമല്ലായിരുന്നു; ചരിത്രത്തെത്തന്നെ അട്ടിമറിക്കാൻ പോന്ന ഒരു ഭീകര സത്യത്തിന്റെ ഭാരമായിരുന്നു അത്.
ലോകത്തിന് ഇനിയും പിടിതരാത്ത ആ രഹസ്യം ഇപ്പോൾ തന്റെ വിരൽത്തുമ്പിലുണ്ടെന്ന അഹങ്കാരം അവന്റെ മനസ്സിലുണ്ടായിരുന്നു.
പക്ഷേ, ആ സാധുവായ ഇന്ഗ്ലീഷുകാരൻ അറിഞ്ഞിരുന്നില്ല—
ആ ശിലാരൂപത്തെ നൂറ്റാണ്ടുകളായി കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ആ അദൃശ്യശക്തികൾ... ചക്രപാലകരുടെ ഇരുണ്ട നിഴലുകൾ, ഇനി തന്നെ കാട്ടിലും കടലിലും വേട്ടയാടാൻ തുടങ്ങുകയാണെന്ന്!
0 comments:
Post a Comment