പേജുകള്‍‌

Monday, September 7, 2026

KSBI – ഇൻക്യൂബേറ്റ്: ദ എഗ്ഗ്സ് 58

 ശിവയുടെ അവസാന വാക്കുകൾ ആ ശീതീകരിച്ച മുറിയിലെ വായുവിൽ അലിഞ്ഞുതീർന്നപ്പോഴും അവിടെ ശ്വാസമടക്കിയ നിശ്ശബ്ദത തളംകെട്ടിനിന്നു.

റൂമിലെ എയർകണ്ടീഷണറുടെ നേർത്ത മൂളലല്ലാതെ മറ്റൊരൊറ്റ ശബ്ദവും ആ മുറിയിലുണ്ടായിരുന്നില്ല. പ്രൊജക്ടർ സ്ക്രീനിൽ മങ്ങിത്തെളിഞ്ഞ ഹിമാലയൻ ഭൂപടങ്ങളുടെയും പ്രാചീന ലിപികളുടെയും വെളിച്ചത്തിൽ, കെ.എസ്.ബി.ഐയുടെ ഓരോ അംഗങ്ങളും തങ്ങളുടെ കസേരകളിൽ ചലനമറ്റ് ഉറഞ്ഞുപോയിരുന്നു.

ഏതോ ഒരു ടൈം മെഷീനിൽ അകപ്പെട്ട് സഹസ്രാബ്ദങ്ങളുടെ ഇരുണ്ട ഇടനാഴികളിലൂടെ തകിടംമറിഞ്ഞ്, ഒടുവിൽ വർത്തമാനകാലത്തിന്റെ തണുത്ത തറയിലേക്ക് വന്നുവീണതുപോലൊരു ഭീകരമായ മരവിപ്പിലായിരുന്നു അവർ.

ബി.സി. മൂന്നാം നൂറ്റാണ്ടിൽ   തുടങ്ങി... അശോകന്റെ കാലത്തെ  ആ നിഗൂഢ രഹസ്യം.... 1815-ൽ ഇംഗ്ലണ്ടിൽ നിന്ന് ഭാരതത്തിന്റെ മണ്ണിലേക്ക് ഇറങ്ങിയ എഡ്മണ്ട് ജെയിംസ് വിറ്റ്മോർ സാഞ്ചിയും അജന്തയും വള്ളിമലയും പിന്നിട്ട്  ഒടുവിൽ ടിബറ്റിലെ ഹിമപാതയിൽ കഴുത്തറുക്കപ്പെട്ട് ചോരമരവിച്ചു തീർന്ന ആ കൊടുംഭീകരത വരെ!  

ശിവയും ഡാനിയേലും ചേർന്ന്  അവര്‍ക്ക് മുന്നിൽ ഓരോന്നായി പൊളിച്ചുവെച്ചത് പ്രകൃതിയുടെയും കാലത്തിന്റെയും അതിരുകൾ ലംഘിച്ച, സഹസ്രാബ്ദങ്ങളുടെ ചോരപ്പുഴയാണ്.

 പ്രൊജക്ടർ സ്ക്രീനിൽ  അപ്പോഴും ഡോ സുദേവ് ആ ഹാളിലേക്ക് കയറി വരുന്ന ചിത്രം നിറഞ്ഞു നിന്നിരുന്നു 

"ഇത്... ഇതെല്ലാം വെറും കെട്ടുകഥകളല്ലെന്ന് ഞങ്ങളെങ്ങനെ വിശ്വസിക്കും സാർ?"

നൗഷാദിന്റെ വിറയാർന്ന സ്വരം ആ നിശ്ശബ്ദതയെ കീറിമുറിച്ചു. അവന്റെ തൊണ്ട വരണ്ടിരുന്നു.

"രണ്ടായിരത്തിലധികം വർഷങ്ങൾ... അദൃശ്യരായ ചക്രപാലകർ... നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും വിറ്റ്മോറിനെ വേട്ടയാടുന്ന ആ കാവൽക്കാർ ... നമ്മൾ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്?"

ശിവ മേശപ്പുറത്തേക്ക് ഇരുകൈകളും അമർത്തിപ്പിടിച്ച് സാവധാനം മുന്നോട്ട് ആഞ്ഞു. അവന്റെ കണ്ണുകളിൽ കനൽപോലെ എന്തോ ഒന്ന് ജ്വലിച്ചുനിന്നു.

"ഇതെന്താണെങ്കിലും നമ്മൾ ഇപ്പോൾ ഇതിന്റെ പിന്നാലെയാണ്," ശിവയുടെ സ്വരം കല്ലുപോലെ ഉറച്ചതായിരുന്നു. "നൂറ്റാണ്ടുകളുടെ കെട്ടുകഥയാണോ അതോ പച്ചയായ യാഥാർത്ഥ്യമാണോ എന്ന് തർക്കിച്ചുനിൽക്കാൻ നമുക്ക് സമയമില്ല. കാരണം, ആ  നിഴൽ ഇപ്പോൾ നമ്മുടെ ഈ നാട്ടിലെത്തിക്കഴിഞ്ഞു!"

ശിവ പെട്ടെന്ന് സൈബർ ഡെസ്കിലിരുന്ന രതീഷിന് നേരെ തിരിഞ്ഞു.

"രതീഷ്, മറ്റന്നാൾ ഗയയിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന പാസഞ്ചർ... അവൻ ആരാണെന്ന് ക്രാക്ക് ചെയ്തോ?"

കീബോർഡിൽ വിരലുകൾ ചലിപ്പിച്ചുകൊണ്ടിരുന്ന രതീഷ് തിരിഞ്ഞുനോക്കി.

"ഇല്ല സാർ, ശ്രമിച്ചുകൊണ്ടിരിക്കുന്നു. കണക്റ്റിംഗ് ഫ്ലൈറ്റുകളിലെ നിരവധി യാത്രക്കാരുടെ ഡീറ്റെയിൽസ് ഫിൽട്ടർ ചെയ്യേണ്ടതുണ്ട്. കുറച്ചുകൂടി സമയം വേണം."

"ഏതു എയർ പോർട്ടിൽ നിന്നാണെങ്കിലും അവന്റെ നേറ്റീവ് ഗയ ആയിരിക്കണം. ഫ്‌ളൈറ്റിൽ ഇല്ലെങ്കിൽ ട്രെയിൻ കൂടി നോക്കണം "അപ്പോഴാണ് വിമല സദാശിവൻ സംശയത്തോടെ ചോദിച്ചത്:

"സാർ, എന്ത് കൊണ്ടാണ് ഗയ തന്നെ പറയുന്നത്? ഇന്ത്യയിൽ വേറെ എത്രയോ എയർപോർട്ടുകളുണ്ട്. ആ ഒൻപതാമത്തെ ഇര അല്ലെങ്കിൽ ആ വ്യക്തി ഗയയിൽ നിന്ന് തന്നെ വരണമെന്ന് സാർ ഇത്ര ഉറപ്പിച്ചു പറയാൻ എന്താണ് കാരണം?"

ശിവ ഒരു തണുത്ത പുഞ്ചിരിയോടെ വിമലയെ നോക്കി:

"അതെന്താണെന്ന് നിങ്ങൾ ഒന്ന് ഗാഢമായി ആലോചിക്കൂ.  ആ ഉത്തരം നിങ്ങൾക്ക് കിട്ടും. അതിനു മുൻപായി... ആ വീഡിയോയുടെ ബാക്കി കൂടി പ്ലേ ചെയ്തേ അജിത്."

അജിത് ഉടൻ തന്നെ കീബോർഡിൽ സ്പേസ് ബാർ അമർത്തി.

നിശ്ചലമായിരുന്ന ആ സിസിടിവി ദൃശ്യം വീണ്ടും ചലിക്കാൻ തുടങ്ങി.

ഓഡിറ്റോറിയത്തിന്റെ എക്സിറ്റ് വാതിൽ തള്ളിത്തുറന്ന് ഡോ. സുദേവ് അനിരുദ്ധൻ അകത്തേക്ക് കടന്നുവരുന്നു. അവന്റെ മുഖത്ത് ശാന്തവും ഒട്ടും പതർച്ചയില്ലാത്തതുമായ ഭാവം.  കസേരയിൽ നിന്നെഴുന്നേറ്റ ജ്യോത്സന തിടുക്കത്തിൽ സുദേവന്റെ നേർക്ക് ചെന്നു.

സുദേവ് അവളുടെ മുന്നിൽ നിന്നു. അവൻ ചുണ്ടുകൾ ചലിപ്പിച്ച് എന്തോ അവളോട് പറഞ്ഞു. അവന്റെ മുഖത്തെ ഗൗരവം ആ ചെറിയ ഫ്രെയിമിലും വ്യക്തമായിരുന്നു. മറുപടിയായി ജ്യോത്സനയും എന്തോ തിരിച്ചുപറഞ്ഞു; അവളുടെ മുഖത്ത് ഒരു ഞെട്ടലും ഒപ്പം അന്ധമായ സമ്മതവും മിന്നിമറഞ്ഞു.

അടുത്ത നിമിഷം—

അവൾ ആ ഹാളിന് പുറത്തേക്ക് വേഗത്തിൽ നടന്നുപോകുന്നു. സുദേവ് തിരിഞ്ഞുനിന്ന് അവൾ പോകുന്നതും നോക്കി ശാന്തമായി അവിടെത്തന്നെ നിന്നു.

ക്യാമറ ദൂരെയുള്ള ആംഗിളിൽ നിന്നുള്ളതായതിനാലും, പശ്ചാത്തലത്തിൽ ഓഡിറ്റോറിയത്തിലെ ആൾക്കൂട്ടത്തിന്റെ ബഹളങ്ങൾ നിറഞ്ഞതിനാലും അവർ തമ്മിൽ എന്താണ് സംസാരിച്ചതെന്ന് ഒട്ടും വ്യക്തമല്ലായിരുന്നു. ഓഡിയോ പൂർണ്ണമായും അവ്യക്തം.

"കോപ്പ് !" അജിത് കീബോർഡിൽ അമർത്തിത്തട്ടി. "അവിടെ മൈക്ക് കവറേജ് ഇല്ലാത്തതുകൊണ്ട് സൗണ്ട് കിട്ടുന്നില്ല സാർ! എന്താണ് അവർ തമ്മിൽ സംസാരിച്ചതെന്ന് മനസ്സിലാക്കാൻ ഒരു വഴിയുമില്ല!"

"രതീഷ് ആ മാല കഴുത്തിലണിഞ്ഞ ആ ആറുപേരുടെയും ചിത്രങ്ങളും  വിവരങ്ങളും പ്രോജെക്ടറിൽ കണക്ട് ചെയ്തേ " ശിവ 

ഡാനിയൽ എഡ്വേർഡ് ഹോതോൺ സ്ക്രീനിലേക്ക് കണ്ണുചിമ്മാതെ നോക്കിനിന്നു. ഹാളിന് പുറത്തേക്ക് നടന്നുപോയ ജ്യോത്സനയുടെ ആ അവസാന ദൃശ്യത്തിൽ  തന്നെ കണ്ണുകൾ ഉറപ്പിച്ചുകൊണ്ടു അവൻ പറഞ്ഞു 

"ഈ പെൺകുട്ടിയുടെ പടവും കൂടി.....  ഇവൾ ആണ് ഒന്നാമത്തവൾ "

0 comments:

Post a Comment

Related Posts with Thumbnails