പേജുകള്‍‌

Monday, July 5, 2021

പണിതീരാത്ത ശ്രീകോവിൽ

 




"അങ്ങ് അമേരിക്കയിൽ ഈ ജാതി ദോഷോം സ്ഥാനം നോട്ടവും ഒന്നും ഞാൻ കണ്ടിട്ടില്ല. ഇന്നാട്ടിലെ ഓരോരോ ഉഡായിപ്പുകളെ " രവി നിന്ന് ചീറുകയാണ് .
ഒരു പത്തു പതിനഞ്ചു വര്ഷം മുൻപ് സാരിത്തുമ്പ് വിസയിൽ അമേരിക്കയിൽ പോയി കുറച്ചു ഡോളേഴ്‌സും ഉണ്ടാക്കി തിരിച്ചു വന്ന് ഒരുവീട് വയ്ക്കാനുള്ള പരിപാടിയിലാണ് രവി. അപ്പോഴാണ് സ്ഥാനം നോക്കണമെന്ന് അമ്മയുടെയും അച്ഛന്റെയും നിർബന്ധം.
തൊടുപുഴ കൂത്താട്ടുകുളം റൂട്ടിൽ വഴിത്തല എന്ന ചെറിയ പട്ടണം അവിടെ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമം.(സ്ഥലത്തിന്റെ പേര് മനപൂർവം മറച്ചു വയ്ക്കുന്നു. കാരണം ഈ കഥ ഒരു ഇരുപതു വര്ഷം മുൻപ് പറഞ്ഞു കേട്ടതാണ്. അതിന്റെ വിശ്വാസ്യത എത്രത്തോളം ഉണ്ടെന്നു കൃത്യമായി അറിയില്ല.)അവിടെയാണ് നമ്മുടെ രവിയുടെ വീട്. വീടിന് മുന്ഭാഗത്തായി നെൽപാടം അതിനോട് ചേർന്ന് ചെറിയ ഒരു കുന്ന്. ആകുന്നിൽ മുകളിലായി ആ നാടിന്റെ ഐശ്വര്യമായി വിളങ്ങുന്ന അമ്പലം. അപേക്ഷിക്കുന്ന ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന ദേവി. ആ നാടിൻറെ അമ്മ. ജാതി മത ഭേദമില്ലാതെ എല്ലാവരും അമ്മയുടെ മുൻപിൽ സങ്കടങ്ങൾ പറയുന്നു. അമ്മ അവരെ കൈവെടിയുകയില്ല. ഉറപ്പായും അനുഗ്രഹിച്ചിരിക്കും. എന്നാൽ ആ കോവിലിനു ഒരു കുഴപ്പമുണ്ടായിരുന്നു. ദേവി വിഗ്രഹം ഇരികുന്നിടം മാത്രം മേൽകൂര പണിത് തീർത്തിട്ടില്ല. അതിനാൽ തന്നെ അമ്മ എന്നും മഴയും വെയിലും കൊണ്ട് ആ നാടിന്റെ ഭംഗി ആസ്വദിച്ചും തൻ്റെ ഭക്തരുടെ ജീവിതവും കണ്ട് ആ പണിതീരാത്ത വീട്ടിൽ വസിക്കുന്നു .
എന്നും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ അമ്മ ശ്രീകോവിൽ വിട്ടു പുറത്തു പോകും തന്റെ മക്കളുടെ ജീവിത പ്രശ്നങ്ങൾ കാണാൻ. ആ നേരം കൊണ്ട് പൂർത്തിയാക്കാൻ പറ്റിയാൽ മാത്രമേ ശ്രീകോവിൽ പൂർത്തിയാക്കുന്ന പണി ചെയ്യാൻ പറ്റൂ. ബാക്കി പിന്നീടും പറ്റില്ല. അത് നടക്കില്ലാത്തതിനാൽ ശ്രീകോവിൽ ഒഴിച്ച് ബാക്കി ഭാഗങ്ങളെല്ലാം കമ്മറ്റിക്കാർ പണിതു.
ഒരു ദിവസം വറീതും സോമനും ഷാപ്പിൽ നിന്നും അടിച്ചു പിമ്പിരിയായി പാടവരമ്പത്തുകൂടെ കെട്ടിപ്പിടിച്ചു കൊണ്ട് ആടിയാടി വന്ന് അമ്പലത്തിന്റെ മുൻപിലെത്തി.
"യെവള് നമ്മളെ ആണോ അളിയാ നോക്കുന്നെ ?" വറീത് അമ്പലത്തിലേക്ക് നോക്കിക്കൊണ്ടു സോമനോടായി ചോദിച്ചു
"ആ എരന്തരവള് നമ്മളെ പേടിപ്പിക്കാൻ മാത്രമായോടാ വറീതേ. എന്നാ ഇന്ന് യെവളോട് രണ്ട് പറഞ്ഞിട്ട് തന്നെ ബാക്കി " പകുതി പറിഞ്ഞു കിടക്കുന്ന തന്റെ ഉടുമുണ്ട് ത്രികോണം പോലെ എടുത്ത് കുത്തിക്കൊണ്ടു സോമൻ തുടർന്നു
"എടീ പൂ.. നീ ഞങ്ങളെ പേടിപ്പിക്കാറായോടീ. മഴനനഞ്ഞു നിനക്ക് വല്ല ജലദോഷം വരാതിരിക്കാൻ നോക്കടി. സ്വന്തമായി പെരകെട്ടി താമസിക്കാൻ പറ്റാത്ത നീയാണോടി പൂ ..."സോമന് പൂർത്തിയാക്കാൻ സാധിച്ചില്ല അതിനുമുമ്പേ ആരോ ചുരുട്ടിക്കൂട്ടി എറിഞ്ഞതുപോലെ പാതി വിളഞ്ഞ നെൽവയലിന്റെ നടുക്കെക്ക് തെറിച്ചു വീണു. പുറകെ വറീതും. രണ്ട് മാസം കഴിഞ്ഞതിൽ പിന്നീടാണ് രണ്ടിനും കട്ടിലിൽ നിന്നും എണീക്കാറായതു. അതിനുശേഷം ദേവിയുടെ മുൻപിൽ ചെന്ന് പരിഹാരവും നടത്തി ക്ഷമയും പറഞ്ഞിട്ടാണ് രണ്ടുപേർക്കും പാടത്തിന്റെ വരമ്പിലൂടെ നടക്കാറായതു.
അമ്പലത്തിന്റെ എതിർ ഭാഗത്തുള്ള കുന്നിൻ മുകളിലാണ് രവി പുര പണിയാൻ പ്ലാൻ ചെയ്തത്.സ്ഥാനം നോക്കാൻ എത്തിയ ബാലൻ പണിക്കൻ എല്ലാം ശരിക്കും ഒന്ന് നോക്കി
"അതേ രവി ഒരു കുഴപ്പമുണ്ട് രണ്ടു നില വീട് പണിതാൽ കിടപ്പു നടക്കില്ല. ഒറ്റ നിലയാണേൽ ഓക്കേ ആണ് " രവിയെ തല ഉയർത്തി നോക്കിക്കൊണ്ടു ബാലൻ പണിക്കൻ പറഞ്ഞു .
അമേരിക്കയിൽ നിന്നും വന്ന രവിക്ക് ഇത് വല്ലോം പ്രശ്നമാണോ
"താൻ അധികം ഒണ്ടാക്കണ്ട. എനിക്കറിയാം വീട് പണിയാൻ " രവി
ടൗണിൽ നിന്നും പ്ലാനും വരപ്പിച്ചു കെട്ടിടം പണി തൊടുപുഴയിലെ പ്രധാന ബിൽഡേഴ്‌സിനെ ഏല്പിച്ചു രവി.ആറേഴു മാസം കൊണ്ട് വീടുപണി തീർന്നു . പാലുകാച്ചൽ ഒക്കെ കഴിഞ്ഞു. അന്ന് രാത്രി രണ്ടാം നിലയിൽ നിന്നും ഗ്രാമം മൊത്തം ഗർവോടു കൂടെ രവി ഒന്ന് നോക്കി.
"ആ ആശാരി പണിയാൻ പറ്റില്ലാന്ന് പറഞ്ഞ വീടാ ഇപ്പൊ നമ്മൾ താമസിക്കാൻ തുടങ്ങുന്നത് "ചുണ്ടിൽ ഒരു പുച്ഛ ചിരിയുമായി അടുത്ത് ചേർന്ന് നിൽക്കുന്ന ഭാര്യയോടായി രവി പറഞ്ഞു.
"അല്ലേലും അതൊക്കെ അന്ധവിശ്വാസമാണെന്നേ രവിയേട്ടാ "ഭാര്യ
"അതൊക്കെ പാവം പിടിച്ച ലോകം കാണാത്ത മക്കുണൻമാരുടെ അടുത്തെ നടക്കൂ. ഓടിയന്റെ അടുത്താ അങ്ങേരുടെ മായം കളി. അതൊക്കെ പോട്ടെ നമുക്ക് കിടക്കാം " ഭാര്യയുടെ തോളിൽ പിടിച്ചുകൊണ്ട് രവി പറഞ്ഞു
പുതു വീട്ടിലെ വെളിച്ചമെല്ലാം അണഞ്ഞു ആളുകൾ ഉറക്കത്തിലേക്കു വീണു. എല്ലാം നിശ്ശബ്ദമായിക്കൊണ്ടിരുന്നു .
വല്ലാത്ത തണുപ്പ് തോന്നിയ രവി കണ്ണുകൾ തുറന്നു. താൻ കിടക്കുന്ന മുറിക്ക് മുകളിൽ മേൽക്കൂര ഇല്ലാത്തത് പോലെ രവിക്ക് തോന്നി. കണ്ണിൽ ചന്ദ്രന്റെ നിലാവെളിച്ചം അടിക്കുന്നു . നക്ഷത്രാങ്കുലിതമായ ആകാശം. സ്വപ്നമാണോ എന്നറിയാൻ രവി തല ശരിക്കുമൊന്നു കുടഞ്ഞു. അല്ല നിജം തന്നെ. ഞെട്ടി വിറച്ചുകൊണ്ട് കട്ടിലിൽ നിന്നും ചാടി ഇറങ്ങി. എന്നാൽ കാൽ വച്ചതു മുട്ടോളം ചെളിയിലേക്ക്. പേടിച്ചു വിറച്ചു രവി അലറിക്കൊണ്ട് ഭാര്യയെ കുലുക്കി വിളിച്ചു. ഞട്ടിയെഴുന്നേറ്റ അവർക്കും ഒന്നും പിടികിട്ടിയില്ല.
"നമ്മൾ പാടത്തിന്റെ നടുക്കാ രവിയേട്ടാ " ചുറ്റും നോക്കിക്കൊണ്ടു അവർ പറഞ്ഞു.
"എങ്ങനാ നമ്മളിവിടെ വന്നേ "രവി
പേടികൊണ്ട് ഒന്നും ചെയ്യാനില്ലാത്ത അവർക്കു പിന്നെ ഉച്ചത്തിൽ നിലവിളിക്കുക എന്നത് മാത്രമേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ.
അവരുടെ കാറിച്ച കേട്ട് ആളുകൾ ഓടിക്കൂടി. എന്താ നടന്നതെന്ന് ആർക്കും അറിയില്ല. രവിയും ഭാര്യയും കട്ടിലോടെ കണ്ടത്തിൽ വന്നു എന്ന് മാത്രം ആളുകൾക്ക് മനസ്സിലായി .
പിറ്റേന്ന് ബാലൻ പണിക്കൻ രവിയുടെ വീട്ടിലെത്തി.
"എടാ വെളിവൊള്ളോരു പറയുമ്പോ പുച്ഛിക്കരുത്. ഞാൻ എന്റെ അനുഭവം വച്ച് പറഞ്ഞതാ അന്ന്. നീ ഇവിടെ വീട് പണിതാൽ അങ്ങേ കരയിലുള്ള ദേവീ ക്ഷേത്രത്തിന്റെ ഒപ്പം ഉയരത്തിലെത്തും. രണ്ടാം നില ശ്രീകോവിലിനു മുകളിലും. ആ ശ്രീകോവിൽ പണി പൂർത്തിയാക്കാതെ അതിലും ഉയരത്തിൽ ഒരു കെട്ടിടം ഈ ഗ്രാമത്തിൽ പണിയാൻ പറ്റില്ല. പണിതാലും താമസം നടക്കില്ല. പണ്ട് മുതൽ തന്നെ അങ്ങനാ . "ബാലൻ പണിക്കൻ പറഞ്ഞു നിർത്തി
"ഇനി എന്നാ ചെയ്യാൻ പറ്റും പണിക്കരെ "പനിച്ചു വിറച്ചു മൂടിപ്പുതച്ചിരിക്കുന്ന രവി വിറയാർന്ന സ്വരത്തിൽ ചോദിച്ചു.
"ഒറ്റ രാത്രി കൊണ്ട് ആ ശ്രീകോവിൽ പണിത് നല്കാൻ പറ്റുമെങ്കിൽ നിനക്കിവിടെ രണ്ടാം നിലയിൽ കിടക്കാം. അല്ലെങ്കിൽ അവിടെ കിടപ്പുനടക്കില്ല. സ്റ്റോർ ആയി ഉപയോഗിക്കാം അത്ര തന്നെ . " ബാലൻ പണിക്കൻ
രവിയാൽ ആവുന്ന രീതിയിൽ ശ്രീകോവിൽ പണിയാൻ നോക്കി. എന്നാൽ എന്നോട് ഈ കഥ പറയുന്ന അന്ന് വരെ അതിന് കഴിഞ്ഞിട്ടില്ല. ഇപ്പോൾ അവിടുത്തെ അവസ്ഥ എന്താണെന്നും എനിക്കറിയില്ല. ചിലതെല്ലാം നമ്മൾ മാനിച്ചേ മതിയാകൂ. എത്ര വലിയവനായാലും

0 comments:

Post a Comment

Related Posts with Thumbnails