പേജുകള്‍‌

Monday, July 12, 2021

പാമ്പുകള്‍- മണിനാഗം, കുന്നി, കരിവിഷല (2)

 


മാങ്കുളം ഇടുക്കിയിലെ  മനോഹരമായ ഭൂപ്രദേശം, ഇപ്പോൾ സഞ്ചാരികളുടെ പറുദീസ ആയി മാറിക്കൊണ്ടിരിക്കുന്നു. ഈ നാടും  കുടിയേറ്റത്തിന്റെ ദുഖകരമായ ഒരു ഭൂതകാലം ഉള്ളിലൊളിപ്പിച്ചുകൊണ്ടാണ് ഇപ്പോൾ പുഞ്ചിരിക്കുന്നത്.

2 കുന്നി 

"എടാ  പൈലി  നമ്മളിനിയും എന്തോരും നടക്കണമെടാ  ആളുകളെ കാണണമെങ്കിൽ ?" നിലത്തു കുത്തി നിർത്തിയ തോക്കിന്റെ പാത്തിയിൽ താടി ഉറപ്പിച്ചു വച്ച് ചുറ്റും  നോക്കിക്കൊണ്ട്  ശശി ചോദിച്ചു 

"നാളത്തേക്ക് " പടിഞ്ഞാറൻ മാനത്തു കതിരോൻ ചാലിച്ചു ചേർത്ത ചെഞ്ചായക്കൂട്ടുകളിലേക്ക്  കണ്ണും നട്ടിരുന്നു പൈലി മറുപടിയായി പറഞ്ഞു.

"വല്ലോം നടക്കുമോടാ ?" താഴെ നല്ലതണ്ണി ആറ്റിൽ നിന്നും മീൻ പിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കരുണനോടും കുഞ്ഞാഗസ്‌തിയോടും ആയി പൈലി വിളിച്ചു ചോദിച്ചു.

നല്ലതണ്ണി പുഴ  പേരുപോലെ മനോഹരി. അതുപോലെ അപകടകാരിയും. കുടിയേറ്റ ജനതയുടെ ദുഖത്തിന്റെയും കഷ്ടപ്പാടിന്റെയും ആഴങ്ങൾ അവർ മനസ്സിലൊളിപ്പിച്ചിരിക്കുന്നതു പോലെ നല്ലതണ്ണിയും അവളുടെ ആഴങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കും. തെളിനീര് ഒഴുകുന്ന  പുഴയിൽ കയങ്ങൾ കണ്ടാൽ തിരിച്ചറിയാൻ പറ്റില്ല. മുട്ടോളം വെള്ളം പ്രതീക്ഷിച്ചു നമ്മളിറങ്ങിയാൽ രണ്ടാൾ താഴ്ച എങ്കിലും കാണും. 

തങ്ങളുടെ കയ്യിലുള്ള കൂർപ്പിച്ച കമ്പുമായി മീനുകൾ വരുന്നതും നോക്കി കരുണനും  കുഞ്ഞാഗസ്‌തിയും അറ്റിറംബിലൂടെ  പമ്മി പമ്മി നടന്നു 

വിരിപാറയിൽ  വെട്ടിയെടുത്ത മണ്ണും ആദായങ്ങളും ഫോറെസ്റ്റുകാരുടെ ആക്രമണത്താൽ ഇട്ടെറിഞ്ഞു രാവിലെ അവനവന്റെ തോക്കും കത്തിയും മൂന്നാല് പാത്രങ്ങളും കുറച്ചു ഉപ്പും മുളകുപൊടിയും മറ്റും മാത്രമെടുത്തുകൊണ്ടു തുടങ്ങിയ ഓട്ടമാണ് ഇപ്പോൾ സന്ധ്യ മയങ്ങുന്ന ഈനേരത്തു ഇവിടെ എത്തി നിൽക്കുന്നത്. വാൽപ്പാറയിൽ ചെന്ന് അവിടെ നിന്നും തമിഴ്‌നാട് വഴി തിരിച്ചു കേരളത്തിലേക്ക് കടക്കുക എന്നതാണ് പ്ലാൻ. വാൽപ്പാറക്കുള്ള  വഴി അറിയാവുന്നതു പൈലിക്കു മാത്രമാണ്.

"കിട്ടിയെടാ !!" രണ്ടു കിലോയോളം വലിപ്പമുള്ള ഒരു ആറ്റു വാളയെ കമ്പിൽ കോർത്ത്  പിടിച്ചുകൊണ്ടു കരുണൻ വിളിച്ചു കൂവി.

ഉപ്പും മുളകും മാത്രം ചേർത്ത മീൻ, കത്തുന്ന തീയിൽ വേവുന്നത്‌ നോക്കി അവർ ഇരുന്നു.

" ഇവിടെനിന്നും ഒരു നാലു മൈൽ  ദൂരത്തായി ഒരു പാറയള്ളുണ്ട്. നായാട്ടുകാർ ഉപയോഗിക്കുന്നതാണ്  കൊടും കാടിനു നടുക്കാനെങ്കിലും യാതൊന്നിനെയും പേടിക്കാതെ നമുക്ക് അവിടെ ഉറങ്ങാം. ഇന്ന് രാത്രി നമുക്ക് അവിടെ  എത്തണം." പൈലി 

രാത്രി പതിനൊന്നു മണിയോളം ആയിക്കാണും ഉറക്കം വരാത്ത ശശി കാടിന്റെ സംഗീതവും ആസ്വദിച്ചു കൊണ്ട് ഒരു ബീഡിയും വലിച്ചു തൻ്റെ മുന്നിലായി പരന്നു കിടക്കുന്ന ഇരുട്ടിലേക്ക് നോക്കി ഇരിക്കുകയാണ്. 

പെട്ടന്ന് എന്തോ ഒടിച്ചു തകർത്തുകൊണ്ട് വലിഞ്ഞു വരുന്ന ഒച്ച അവന്റെ കാതുകളിൽ വന്നലച്ചു. എന്താണ് വരുന്നതെന്നറിയാൻ തന്റെ ഹെഡ്‌ലൈറ്റ് എടുത്തു തലയിൽ ഉറപ്പിച്ചുകൊണ്ടു ശബ്ദം വരുന്ന ഭാഗത്തേക്ക് വെളിച്ചമടിച്ചു.

നീല നിറത്തിലുള്ള രണ്ടു തിളങ്ങുന്ന വലിയ കണ്ണുകളാണ് വെളിച്ചത്തെ വരവേറ്റത് . അസാധാരണ വലിപ്പമുള്ള ഒരു പാമ്പു ഇഴഞ്ഞു താഴേക്കു വരുന്നതാണ്  എന്ന് അടുത്ത നോട്ടത്തിൽ ശശിക്ക് മനസ്സിലായി.

"എടാ  എഴുന്നേൽക്കടാ  ഭയങ്കരനൊരു പാമ്പെടാ !!!" നോട്ടം മാറ്റാതെ ശശി വിളിച്ചു കൂവി 

ശശിയുടെ ബഹളം കേട്ട എല്ലാവരും ചാടിയെഴുന്നേറ്റു. ആ കാഴ്ച കണ്ട അവരുടെ ശ്വാസം നിലച്ചു പോകുന്ന പോലെ തോന്നി. ഒരു തെങ്ങു വണ്ണമെങ്കിലും ഉള്ള ഒരു പാമ്പു. സാധാരണ മലമ്പാമ്പിന്റെതു പോലല്ലാത്ത കറുത്ത ശരീരം. വെള്ളി നിറത്തിലുള്ള വളയങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു .

"എല്ലാവരും തോക്കെടുക്ക്  " കുഞ്ഞാഗസ്തി 

"എന്തിനാ വെടി വയ്ക്കാനാണോ ? " കരുണൻ 

"അത് നമ്മളെ  കണ്ടു. ഇങ്ങോട്ടു വന്നാൽ പിന്നെന്തു ചെയ്യും "കുഞ്ഞാഗസ്തി 

അവരെ കണ്ട  ആ ജീവി തൻ്റെ ചലനം നിർത്തി പതിയെ തല ഉയർത്തി. വെള്ളി നിറത്തിൽ തിളങ്ങുന്ന ശല്ക്കങ്ങൾ ലൈറ്റ് വെട്ടത്തിൽ കൂടുതൽ തിളങ്ങി. ആ കാഴ്ചയുടെ എല്ലാവരും കൊത്തി വലിച്ചു തോക്കുയർത്തി പാമ്പിന്റെ തലയിലേക്ക് ഉന്നം പിടിച്ചു.

"എന്റെ ശിവനെ ഇത് പണി തരല്ലേ !!" ശശി 

"മാതാവേ കാത്തോളണേ !!" പൈലി 

വിറയ്ക്കുന്ന കയ്യും കാലും ഒരു വിധത്തിൽ ഉറപ്പിച്ചു പിടിച്ചു കൊണ്ട് അവർ ആ ജീവിയെ തന്നെ ഉന്നം പിടിച്ചുകൊണ്ടു നിന്നു.

കുറച്ചു നേരം അവരെ തന്നെ നോക്കിയ ആ ജീവി പതിയെ മണ്ണിലേക്ക് തല താഴ്ത്തി. ഒന്നും സംഭവിക്കാത്തത് പോലെ തന്റെ വഴിയേ മുന്നോട്ടു നീങ്ങി.

ആ പോക്ക് കണ്ടപ്പോൾ ആണ് അവരുടെ ശ്വാസം നേരെ വീണത്. കുറച്ചു നേരം കൂടി അത് പോകുന്നതിന്റെ ശബ്ദം അവരുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു .

"എന്തുവായിരുന്നെടാ അത് " പൈലിയോടായി അവർ ചോദിച്ചു 

"ആ എനിക്കറിയില്ല. നാളെ നമ്മൾ ഇരുപുകൾ കുടിയിലെത്തും അപ്പൊ ഊരു മൂപ്പനോട് ചോദിച്ചു നോക്കാം " പൈലി 

ഒരു വിധത്തിൽ അവർ ഉറങ്ങിയും ഉറങ്ങാതെയും ഒക്കെയായി നേരം വെളുപ്പിച്ചു. അവർ ഇരുന്ന മലയുടെ അടിവാരത്തിലൂടെ ഒഴുകുന്ന മുതിരപ്പുഴ ആറിനെ ലക്ഷ്യമാക്കി തടി വലിഞ്ഞത്‌ പോലൊരു പാടുകാണാമായിരുന്നു. അതുകൊണ്ടു തങ്ങൾ കണ്ടത് സ്വപ്നമോ മായയോ അല്ലെന്നു ഉറപ്പിച്ചു.


"ആയ്  പൈലി  എന്നാ ഇറക്കു  ഊരില് എല്ലാമേ ശുഖാമാ ? അപ്പാ പാട്ടി എല്ലാരും നല്ലരുക്കാ " പൈലിയെ കണ്ട മൂപ്പൻ സന്തോഷത്തോടെ വിശേഷങ്ങൾ ചോദിച്ചു . നായാട്ടിനും മറ്റുമായി വന്നു പൈലിയെ ഊരിൽ എല്ലാവര്ക്കും പരിചയമാണ്. 

പൈലി മൂപ്പനോടായി തങ്ങളുടെ അവസ്ഥ പറഞ്ഞു.

"അതിനു ഭയം വേണ്ട ഇന്നു നിങ്ങൾ ഇവിടെ കെടാ. നാളെ കാലയിലെ വടക്കു പടിഞ്ഞാറു വളിയെ  നടെന്താ  സായന്തനത്തിലെ കസേരപ്പാറ ചോട്ടിലെത്തം. രാത്തിരി അങ്കെ പടുക്കലാം. അതുക്കും അപ്പുറം മലയേറി കപ്പയം പിന്നെ മലക്കപ്പാറ. തുണക്കു രണ്ടു പേരെയും നാൻ തരാം. പൈലി നീ എനക്ക് തമ്പി ഭയപ്പെട വേണ്ട  " മൂപ്പൻ 

"അത് മാത്രമല്ല ഇന്നലെ ഞങ്ങൾ ഒരു പാമ്പിനെ കണ്ടു " ആ കാഴ്ചകളെക്കുറിച്ചു പൈലി വിവരിച്ചു 

"ഓ അത് നീങ്ക പാത്താച്ച. അതു വന്ത്  കുന്നി. അത് ഒന്നുമേ ശെയ്യലെ. പാവം അപ്പാവി. വാ  അത് ഇപ്പൊ എവിടെ  എന്ന് നാൻ കാട്ടിത്തരാം "

"ങേ ?" എല്ലാവരുടെയും ഉള്ളിൽ നിന്നും അറിയാതെ ഒരു ഒച്ച പുറത്തു വന്നു 

വലിയ ഒരു കുട്ടകം പോലൊരു പാത്രത്തിൽ ചാണകം കലക്കിയ ശേഷം കണ്ണുകൾ അടക്കാതെ അതിലേക്ക് തന്നെ നോക്കി നില്ക്കാൻ മൂപ്പൻ അവരോടു പറഞ്ഞു. എന്തെല്ലാമോ പോകയും മന്ത്രവും എല്ലാം അവിടെ മുഴങ്ങി. 

അൽപ നേരത്തിനകം ചാണകത്തിന്റെ നിറം മാറി സിനിമ സ്ക്രീൻ എന്നവണ്ണം കാഴ്ചകൾ തെളിഞ്ഞു വന്നു. ഏതോ ഒരു പുഴയുടെ ഓരത്തു കൂടി അലസമായി ഇഴഞ്ഞു പോകുന്ന തങ്ങൾ തലേന്ന് കണ്ട പാമ്പ് 'കുന്നി '

"കണ്ടല്ലോ  ഇനി നിർത്താം. പൈലി  നല്ല കൊട്ടുവടി ഉണ്ട്  ഇറച്ചിയും നമുക്ക് അങ്കെ പോകാം " മൂപ്പന്റെ ശബ്ദം അവരുടെ കാഴ്ചയെ മങ്ങിച്ചു കൊണ്ട് ചെവിയിൽ മുഴങ്ങി 

0 comments:

Post a Comment

Related Posts with Thumbnails