പേജുകള്‍‌

Saturday, July 31, 2021

പൂനിലാവൊത്ത മാളി-(2 )


 ഈ കഥയുടെ ബാക്കി പറയുന്നതിന് മുൻപായി ചെറിയ ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ. ഞാൻ ഈ ഗ്രൂപ്പിൽ ഇരുപതോളം കഥകൾ ഇട്ടിട്ടുണ്ട് കൂടാതെ എന്റെ ബ്ലോഗിൽ നിന്നും യാതൊരു നാണവുമില്ലാതെ  കോപ്പി ചെയ്തും ചിലർ എന്റെ കഥകൾ ഇവിടെ ഇട്ടിട്ടുണ്ട്. (അതിൽ എനിക്ക് പരാതിയില്ല പാവങ്ങൾ , അവരുടെ ആവശ്യം നമ്മുടെ അനാവശ്യമായി തോന്നുന്നതാണ് ) ഞാൻ പറയാൻ വന്ന കാര്യം. കൃത്യ അനുഭവം മാത്രം പറയുകയാണെങ്കിൽ എന്റെ എല്ലാ കഥകളും കൂടി  ഒരു രണ്ടോ മൂന്നോ പാരഗ്രാഫ് മാത്രമേ കാണൂ. (അനുഭവസ്ഥർ ഈ കഥയുടെ ആദ്യ ഭാഗം  വളരെ ചെറിയ ഒരു അനുഭവമായിട്ടാണ് എന്നോട്  പറഞ്ഞത്. അവർ ഷാപ്പിൽ നിന്നും താമസിച്ചിറങ്ങിയ ദിവസം റബർ തോട്ടത്തിൽ വച്ച് അവരുടെ പിന്നാലെ ഒരു സ്ത്രീ രൂപം വന്നു അവർ അതിനെ തുണി പൊക്കി കാണിച്ചിട്ട് ഓടി. ഓടി ചെന്നപ്പോൾ വഴിയിൽ വേറൊരു ആൺ രൂപം നില്കുന്നു ) വായിക്കുവാൻ ഒരു രാസത്തിനും മറ്റുമായി മറ്റുള്ളവരിൽ നിന്നും കിട്ടുന്ന അനുഭവങ്ങളിൽ കുറച്ചു ഭാവനയും ഒക്കെ ചേർത്ത് തന്നെയാണ് ഞാൻ എഴുതുന്നത് . ചില കമന്റുകളും പോസ്റ്റുകളും കണ്ടത് കൊണ്ട് ആമുഖമായി പറഞ്ഞു എന്നെ ഉള്ളൂ.


തങ്ങളുടെ മുന്നിൽ നിൽക്കുന്ന രൂപത്തിനെ കൂടി കണ്ടതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ കിതച്ചു കൊണ്ട് രണ്ടുപേരും നിന്നു 

"നമ്മളോട് ഇതെന്തു പരീക്ഷണമാണ്  കറിയാ. നമ്മള് ചാകാൻ പോകുവാണോടാ " കരച്ചിൽ പോലെ ദേവസ്യ ചോദിച്ചു 

"എനിക്കും ഒന്നും മനസ്സിലാകുന്നില്ലെടാ, ഒരു കാര്യം ചെയ്യാം ഈ തോട്ടത്തിലൂടെ വട്ടം കടന്നാൽ പാറേപ്പള്ളിയിൽ എത്തും. വെല്ലിച്ചന്റെ കാൽക്കൽ വീഴാം" പതിയെ അവരുടെ നേരെ അനങ്ങാൻ തുടങ്ങിയ രൂപത്തെ നോക്കിക്കൊണ്ടു  കറിയ പറഞ്ഞു 

"എന്നാ നീ മുമ്പിൽ ഓടെടാ "ദേവസ്യ

ആ ഇരുട്ടിൽ വീണും ഉരുണ്ടും ഓടിയും ഒക്കെയായി അവർ ഒരു വിധത്തിൽ തോട്ടത്തിൽ നിന്നും പുറത്തുകടന്ന് നീലംപാറ ഗീവർഗീസ് പുന്ന്യാളൻറെ  മുൻപിൽ ചെന്ന് വീണു.

"എന്റെ വെല്ലിച്ചാ കാക്കണേ, നീലപ്പാമ്പിനെ കൊന്ന് ഈ നാടിനെ കാത്ത നീ ഞങ്ങളേം കാക്കണേ !!!!!" രണ്ടു പേരും ഒരുപോലെ കരഞ്ഞു വിളിച്ചു.

നേരം വെളുക്കാറായപ്പോഴാണ് ഭയം  മാറി രണ്ടുപേരും അവിടെ നിന്നും വീട്ടിലേക്ക് പോകുന്നത്. ഉടുതുണിയെല്ലാം തോട്ടത്തിൽ എവിടെയോ പോയിരുന്നു. ആളുകൾ ഉണരുന്നതിനു മുൻപേ അവർ ഒരു വിധം വീട്ടിലെത്തി.

"നിന്നോടൊന്നും  ആ വഴി പോകരുതെന്ന് ഞാൻ പറഞ്ഞതല്ലായിരുന്നോ? അപ്പൊ അഹമ്മതി " തന്റെ മുന്നിൽ അണ്ടി കളഞ്ഞ അണ്ണാന്മാരെ പോലെ ഇരിക്കുന്ന കറിയായോടും ദേവസ്യായോടും ആയി ഷാപ്പുകാരൻ സോമൻ പൊട്ടിത്തെറിച്ചു 

"വിട്ടുകള  ചേട്ടാ. അതപ്പോഴത്തെ പൂസും പൊറത്തല്ലേ ? ക്ഷമി. ചേട്ടൻ അതെന്താണെന്ന്  ഒന്നുപറ !!" വളരെ ഭവ്യതയോടെ കറിയ പറഞ്ഞു 

"നിങ്ങൾ കണ്ടത് മാളിയേയും പാനൂട്ടിയെയും ആണ് "

"അതാരാ ?"

നിറഞ്ഞു പൂത്ത മണിമരുത്  പോലെ ആരും നോക്കി നിന്നു പോവുന്ന സുന്ദരിയായിരുന്നു മാളി. മിക്കപ്പോഴും അവളുടെ ഇടതൂർന്ന മുടിയിഴകൾ മുല്ലപ്പൂ ചൂടി മനോഹരമാക്കി തോളിലൂടെ മുന്നിലേക്ക് എടുത്തിട്ടിരിക്കും.മുണ്ടും ബ്ലൗസും ധാവണി പോൽ ചുറ്റിയ തോർത്തും അതാണവളുടെ വേഷം. അച്ഛനും അമ്മയും മരിച്ചു പോയ അവളെ ഒരു അല്ലലും ഇല്ലാതെ പൊന്നുപോലെയാണ് അവളുടെ സഹോദരൻ പാനൂട്ടി നോക്കിയിരുന്നത് കുഞ്ഞു പെങ്ങളുടെ എല്ലാ കൊഞ്ചലുകളും വകവെച്ചു കൊടുക്കുന്ന ഒരു പാവം ആങ്ങള. അവൻ അവന്റെ ജീവനേക്കാൾ വലുതായിരുന്നു അവന്റെ പെങ്ങൾ. എന്നും വൈകിട്ട് പണികഴിഞ്ഞു വരുമ്പോൾ പെങ്ങൾക്കുള്ള പലഹാരപ്പൊതിയും ആയെ അവൻ വരൂ.  ഇല്ലെങ്കിൽ കൊച്ചു കുട്ടിയെ പോലെ അവൾ ചിണുങ്ങും.

എന്നാൽ ആങ്ങള ഒരിക്കലും അമ്മയാകില്ലല്ലോ പതിനാറിൽ നിന്നും പതിനേഴിലേക്കു കടന്ന മാളിയിൽ വന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ ആ പാവത്തിനായില്ല. എന്നാൽ  അറിയുന്ന ചിലരുണ്ടായിരുന്നു.

അന്നാ നാട്ടിൽ കൊച്ചു പണക്കാരൻ കൊച്ചു മുതലാളിയായി വിലസിയിരുന്ന ഒരാൾ  (പേര് ഇവിടെ പറയില്ല ). മാളിയുടെ  സ്വപ്‌നങ്ങൾ പതിയെ അവനിലേക്ക്‌ പടർന്നു. പിന്നാലെ അവളുടെ ശരീരവും.

"നീ പേടിക്കേണ്ട ഞാൻ ഇന്ന് സന്ധ്യയാകുമ്പോൾ നിന്റെ വീട്ടിൽ വരാം  പാനൂട്ടിയോടും സംസാരിക്കാം " തൻ ഗർഭിണിയാണ് എന്നറിഞ്ഞ മാളിയെ സമാധാനിപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു 

സന്ധ്യയായി. പാനൂട്ടി വരുമ്പോൾ  എട്ടുമണി എങ്കിലും ആകും. മറ്റു വീടുകളിൽ നിന്നും കുറച്ചു മാറി ഒറ്റപ്പെട്ട  ഒരു വീടാണ് അവരുടേത്.

പുറത്തു നിന്നും തന്റെ കാമുകന്റെ ശബ്ദം കേട്ട മാളി കതകു തുറന്നു. അവനും കൂടെ മറ്റു രണ്ടു പേരും കൂടെ വീടിനുള്ളിലേക്ക് കയറി.

"കേട്ടോടാ ഇവളെ ഞാൻ കെട്ടണമെന്ന് ഹ ഹ .... " അവൻ മറ്റുള്ളവരെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു 

"ഇവള് ഗർഭിണി ആണ് പോലും. എവിടേലും പോയി ഉണ്ടാകും. കൂട്ടത്തിൽ കൊള്ളാവുന്ന നമ്മളെ അവക്ക് വേണം പോലും. ഇവടെ ദിവ്യ ഗർഭം ഞാൻ അങ്ങ് കളയാൻ പോകുവാ. നിങ്ങക്കാർക്കെലും ഇവളെ പരിശിധിക്കണോ ? " അയാൾ 

ആകെ പേടിച്ചു നിന്ന മാളിയുടെ നേരെ വഷളൻ നോട്ടവുമായി അവന്റെ കൂട്ടുകാർ നീങ്ങി. ഒറ്റ ഓട്ടത്തിന് അടുക്കളയിൽ ചെന്ന് കത്തിയെടുത്തുകൊണ്ട്  മാളി അവരുടെ നേരെ തിരിഞ്ഞു.

"ഓഹോ നല്ല വീറുണ്ടല്ലോ " അവളുടെ അടുത്തേക്ക് വന്ന അവൻ പറച്ചിലും മാളിയുടെ വയറിനിട്ടു ആഞ്ഞു ചവിട്ടുകയും ഒപ്പം നടത്തി.

"അമ്മേ...." അലറിക്കൊണ്ട് അവൾ നിലത്തേക്ക് ഇരുന്നു. അലറിച്ചയോടെ പൊളിഞ്ഞ അവളുടെ വായ അങ്ങനെ തന്നെ ഇരുന്നു. കണ്ണുകൾ വേദനകൊണ്ട്  പുറത്തേക്കു തള്ളിവന്നു. അവൾക്കു ചുറ്റും പതിയെ ചോരച്ചാലുകൾ ഒഴുകി പടർന്നു.

"പെലിയാടി  ചത്തെന്നാ തോന്നുന്നേ"

"ചത്തെങ്കിൽ പൊക്കിയെടുത്തു റബറേൽ കെട്ടിത്തൂക്കാം "

ചെറിയൊരു മൂളിപ്പാട്ടും പാടിക്കൊണ്ട്  പെങ്ങൾക്കുള്ള  പലഹാര പൊതിയും കയ്യിൽ പിടിച്ചുകൊണ്ട് റബർ തോട്ടത്തിലൂടെ തൻ്റെ വീട്ടിലേക്ക് കയറിവന്ന പാനൂട്ടി കാണുന്നത് ആരോ രണ്ടു പേർ ചേർന്ന് അവന്റെ പെങ്ങളെ തലമുടിയിൽ പിടിച്ചു വലിച്ചു വീടിനു വെളിയിലേക്കു ഇറക്കുന്നതാണ് 

"ഹേയ്  ആരെടാ അത് " അലറിക്കൊണ്ട് പാനൂട്ടി അവരുടെ അടുത്തേക്ക് ഓടി അടുത്തു. പെട്ടന്ന് പിന്നിൽ നിന്നും മരത്തടി കൊണ്ട് തലയുടെ പിന്നിൽ കിട്ടിയ ഒരു അടിയുടെ ആഖാതത്തിൽ  അവൻ രണ്ടു കൈകൾ കൊണ്ടും അന്തരീക്ഷത്തിൽ ചുരമാന്തിക്കൊണ്ടു കമിഴ്ന്നടിച്ചു വീണു.

പിറ്റേന്ന്  നേരം വെളുത്തത്  റബറിൽ തൂങ്ങി നിലക്കുന്ന മാളിയെ കണ്ടുകൊണ്ടാണ് . അവളുടെ കീഴിലായി മാളിയുടെ ശരീരത്തിൽ നിന്നും ഇറ്റു വീണുകൊണ്ടിരുക്കുന്ന ചോരയിൽ കുളിച്ചു പൊട്ടിചിരിച്ചുകൊണ്ടിരിക്കുന്ന പാനൂട്ടിയും  

പിഴച്ചു പോയ പെങ്ങളെ കൊന്നു കെട്ടിത്തൂക്കിയ കേസിനു പാനൂട്ടിയെ പോലീസ് കൊണ്ട് പോയി. എന്നാൽ മനോനില തെറ്റിയ അവൻ രണ്ടു മൂന്നു വർഷത്തിനകം അവിടെ പ്രത്യക്ഷപ്പെട്ടു. 

അന്നുമുതൽ പലരും മാളിയെ ആ വഴിയിൽ കാണാൻ തുടങ്ങി. ഒപ്പം പാനൂട്ടിയെയും. അന്ന് അവൻ്റെ പെങ്ങളെ കൊന്ന ആളുകളുടെ കുടുംബങ്ങൾ തകർന്നു. ആ മൂന്നു പേരും അപമൃതുവിനും ഇരയായി.

പത്തു മുപ്പതു വർഷത്തോളം കടന്നു പോയി എങ്കിലും ആ വീടിന്റെയും അതിനു മുന്നിലൂടുള്ള വഴിയിലൂടെയും നിലാവുള്ള രാത്രിയിൽ ഇപ്പോഴും  അവരെ കാണാറുണ്ട്. പലപ്പോഴും ഇരുളിന്റെ നിശബ്ദദയെ കീറിമുറിച്ചുകൊണ്ട് മാളിയുടെ പൊട്ടിച്ചിരിയും പാനൂട്ടിയുടെ അട്ടഹാസവും നിലവിളിയും അവിടങ്ങളിൽ മുഴങ്ങാറുണ്ട്.

Tuesday, July 27, 2021

പൂനിലാവൊത്ത മാളി


മുണ്ടക്കയം ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്ന ചെറു പട്ടണം. അവളെ തൊട്ടൊഴുകുന്ന മണിമലയാർ. റബർ തോട്ടങ്ങളിലൂടെ വളഞ്ഞു പുളഞ്ഞു വേമ്പനാട്ട് കായലിനെ തേടി ഒഴുകുന്ന അവളുടെ ഉള്ളിലും അവൾ കണ്ടറിഞ്ഞ  ഒരായിരം കഥകൾ ഒളിപ്പിച്ചിട്ടുണ്ടാകും. അതിൽ ഒരു കഥ 

കാലം 1975 മാർച്ച്  മാസം 

മുണ്ടക്കയത്തു നിന്നും മണിമലയാറിലൂടെ  കുറച്ചു ദൂരം മുന്നോട്ടു പോയാൽ വെള്ളനാടി റബ്ബർ എസ്റ്റേറ്റിൽ എത്താം. ആറിന് വെഞ്ചാമരം പിടിച്ചത് പോലെ പൊടിച്ചു വന്ന ഇരുണ്ട പച്ച തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന റബർ മരങ്ങൾ. 

ആറിനോട് ചേർന്ന് മെടഞ്ഞ തെങ്ങോല കൊണ്ട് നിർമ്മിച്ച ആസ്ഥാന കള്ളുഷാപ്പ്. പടിഞ്ഞാറ് ചായുന്ന സൂര്യ രശ്മികൾ പതിച്ചു പുഴയിൽ മനോഹരമായ ചിത്രങ്ങൾ വിരിഞ്ഞു.

"എന്നാ ഊമ്പിയ കള്ളാടാ കറിയാ ഇത് ഭൂ..."

പുഴയോരത്തു കിടക്കുന്ന ഒരു കല്ലിൽ കുത്തിയിരിക്കുന്ന കറിയായെ നോക്കി നീട്ടി തുപ്പികൊണ്ട് ദേവസ്യ ചോദിച്ചു.

"നീ പെടക്കാതെടാ  അന്തി ഇപ്പൊ വരും ഇത് കാലത്തെ പുളിയൻ കള്ളാടാവേ " കറിയ

കറിയായുടെ പെങ്ങളെ കെട്ടിയവനാണ് ദേവസ്യ. കാര്യം അളിയനും അളിയനും ആണെങ്കിലും രണ്ടും കൂട്ടുകാരെ പോലെയാണ്. ഹൈറേഞ്ചിൽ താമസിക്കുന്ന ദേവസ്യായും ത്രേസ്യായും കാലത്തു കറിയായുടെ ഇഞ്ചിയാനിയിലുള്ള വീട്ടിൽ വന്നതാണ് . നല്ല കള്ള് വെള്ളനാടി ഷാപ്പിലാണ് എന്നും പറഞ്ഞു രണ്ടും കൂടി കള്ളടിക്കാൻ ഇറങ്ങിയതാണ് വെള്ളനാടിക്ക്.

"അന്തി വന്നെടാ " ഷാപ്പിലേക്ക്  വരുന്ന ചെത്തുകാരനെ ചൂണ്ടി കറിയ വിളിച്ചു പറഞ്ഞു 

അവരുടെ മുൻപിൽ കുപ്പിയും ഗ്ളാസും നിറഞ്ഞൊഴിഞ്ഞു കൊണ്ടിരുന്നു 

"എടാ  കറിയ എനിക്കിപ്പോ പാടണം "

"നീ പാടിക്കോടാ "

"കോറസ് വേണം നീ കൂടുമോ ?" പിമ്പിരി കയറിയ തല കുടഞ്ഞു കൊണ്ട് ദേവസ്യ 

"അവൻ മാത്രമല്ല ഞങ്ങളുമുണ്ട് " സഹ കുടിയന്മാരും പാട്ടിനു തയ്യാറായി ഡെസ്കിൽ താളം പിടിക്കാൻ തുടങ്ങി 

"ഹൊയ് തക  തക താര തക തക

മുണ്ടക്കയം  നല്ല കമ്പോള മേട്ടില് 

കുഞ്ഞേലി നീ പൊരുന്നോടി.... തക  തക താര തക തക 

നേരം വെളുക്കട്ടെ  ചന്തയിൽ ചെല്ലട്ടെ 

പിഞ്ഞാണി പുട്ടടിക്കാം തക  തക താര തക തക

മക്കളും കുടികളും ഇല്ലാത്ത 

നമുക്കീ കാളക്കിടാവെന്തിനാ തക  തക താര തക തക

കാളക്കിടാവിനെ വിറ്റേച്ചും നമുക്ക് 

മോട്ടോറു വണ്ടി വാങ്ങാം  തക  തക താര തക തക

മോട്ടോറു വണ്ടിയിൽ പോകുമ്പോ 

പെണ്ണിനേം തുള്ളിച്ചു കൊണ്ടു പോകാം    തക  തക താര തക തക

കൂട്ടിക്ക കുന്നേലെ വളവുങ്കെ ചെല്ലുമ്പോ

മോട്ടോറു കൂവുന്നുണ്ടേ      തക  തക താര തക തക"

പാട്ടും കളിയുമായി സമയം നീങ്ങിയതറിഞ്ഞില്ല. ഷാപ്പുകാരൻ ഒരു വിധത്തിൽ എല്ലാവനെയും പുറത്താക്കിയപ്പോൾ സമയം പതിനൊന്നു കഴിഞ്ഞിരുന്നു 

"നിങ്ങളിനി ഏതു വഴിക്കാ "  ഷാപ്പുകാരൻ ചോദിച്ചു 

"ഞങ്ങൾ എസ്റ്റേറ്റ് വഴിയേ " കറിയ

"അതു വഴി പോകണ്ടാ. ദൂരക്കൂടുതൽ ആണെങ്കിലും മറ്റേ വഴിയേ പൊക്കോ. ആ വഴി രാത്രി പോകാൻ നല്ലതല്ല  "

"ഞാനേ ആദ്യമായിട്ടല്ല  വെള്ളെനാടി വരുന്നത്. വന്നാൽ തോന്നിയ വഴിക്ക്  തോന്നിയ നേരത്തു ഈ കറിയ പോകും. അല്ലേടാ അളിയാ  " തന്നെ നേരെ നിൽക്കാൻ പറ്റാതെ ആടിക്കൊണ്ട് അഴിഞ്ഞു പോയ ഉടുമുണ്ട് തോളത്തു ഇട്ട് വരയൻ അണ്ടർവയറിൽ മോഡേൺ ആർട് പോലെ നിന്നുകൊണ്ട് കറിയ പറഞ്ഞു 

"നീയൊക്കെ എതിലൂടെ വേണേലും പോക്കൊ  നാളെ എന്നേട് വന്ന് ചോദിക്കരുത് "ഷാപ്പുകാരൻ

"ഓ  തമ്പ്രാ " പുച്ഛത്തോടെ കുനിഞ്ഞു കൈകൾ കൂപ്പിക്കൊണ്ട് കറിയ മൊഴിഞ്ഞു 

"നമ്മക്ക് പോകാടാ അളിയാ " ദേവസ്യ 

"ആരു പറിച്ചെടി ആരു പറിച്ചെടി അരണ പിറങ്ങാണി പാവയ്ക്കാ ....... "

"ഞാൻ പറിച്ചില്ല  ഞാൻ പറിച്ചില്ല  അരണ പിറങ്ങാണി പാവയ്ക്കാ ......."

തമ്മിൽ തമ്മിൽ വരികൾ മാറി പാടിക്കൊണ്ട് രണ്ടു പേരും നിലാവിന്റെ തൂവെളിച്ചത്തിൽ  മുന്നോട്ടു നടന്നു. തളിരിലകളുമായി നിൽക്കുന്ന  റബർ മരങ്ങൾ അസ്ഥികൂടങ്ങൾ എന്നപോലെ  വഴിയുടെ ഇരുവശത്തും നിരന്നു നിൽക്കുന്നു. തൊഴിലാളികൾ താമസിക്കുന്ന  ഇടങ്ങൾ കഴിഞ്ഞു. ഇനിയൊരു ഒറ്റപ്പെട്ടു നിൽക്കുന്ന ആൾ താമസമില്ലാതെ നശിച്ചു തുടങ്ങിയ ഒരു വീട് കൂടി കഴിഞ്ഞാൽ പിന്നെ കിലോ മീറ്ററുകൾ കഴിയണം ആൾ താമസം  കാണണമെങ്കിൽ. ചുറ്റും ഇരുൾ മൂടിയ പോലെ റബറിൻറെ നിഴൽ വീണു കിടക്കുന്നു. 

കുറെ നടന്നതേ രണ്ടിന്റെയും കെട്ടൊക്കെ വിട്ടു തുടങ്ങിയിരുന്നു. മുൻപിൽ കറിയ പിറകിലായി ദേവസ്യയും നടക്കുകയാണ് 

തൻ്റെ പിന്നിലായി ആരോ നടന്ന് വരുന്നത് പോലെ തോന്നിയ  ദേവസ്യ പതിയെ തിരിഞ്ഞു  നോക്കി. തങ്ങളുടെ പിന്നിൽ ഒരു മുപ്പതടിയോളം മാത്രം ദൂരത്തായി ഒരു സ്ത്രീ നടന്നു വരുന്നു.

"എടാ  കറിയെ  ദേണ്ടടാ ഒരു പെണ്ണ് നമ്മുടെ പുറകെ വരുന്നെടാ "

"ങേ  പെണ്ണോ ?" പുറകിലേക്ക് തിരിഞ്ഞ കറിയ കാണുന്നത്  അര ബ്ലൗസും കൈലി മുണ്ടും ഉടുത്തു ചുവന്ന തോർത്ത് അരയിൽ കുത്തി തോളിലേക്ക് ചെരിച്ചു ഹാഫ് സാരി പോലെ  ഇട്ടിരിക്കുന്ന ഒരു സ്ത്രീ തങ്ങളുടെ പിന്നാലെ വരുന്നതാണ് .   തഴച്ചു  വളർന്ന മുടിയിൽ മുല്ലപ്പൂ ചൂടി മുൻപിലേക്ക് എടുത്തിട്ടിരിക്കുന്നു. നിലാവെളിച്ചത്തിൽ ഇരുപതു വയസിൽ താഴെ മാത്രം പ്രായം തോന്നുന്ന ഇരുണ്ട നിറത്തോടു കൂടിയ അതി സുന്ദരിയായ ഒരു പെൺ കുട്ടി.

"ഇതേതോ കേസുകെട്ടാ ആളെ പിടിക്കാനിറങ്ങിയതാ " കറിയ

"നിനക്ക് പറ്റിയ സാധനം എന്റെ കയ്യിലുണ്ടെടീ  ഇങ്ങോട്ടു വാടീ " കലിപ്പോടെ പറഞ്ഞു കൊണ്ട് ഉടുമുണ്ട് ഉയർത്താൻ കറിയ ശ്രമിച്ചു അപ്പോഴാണ് ഉടുമുണ്ട് തോളത്താണ് എന്ന കാര്യം അവൻ ഓർക്കുന്നത് 

കറിയയുടെ ശബ്ദം ഉയർന്നതേ ആ രൂപം അവിടെ തന്നെ നിന്നു.കൈ മണികൾ കിലുങ്ങുന്നതുപോലുള്ള ഒച്ചയിൽ അവൾ ചിരിച്ചു 

"നീങ്കളാ എനക്കുള്ള ആള് " മുഴങ്ങുന്ന ശബ്ദത്തിൽ അവൾ ചോദിക്കുകയും പൊട്ടി ചിരിക്കുവാനും തുടങ്ങി 

"എടാ അവളുടെ കാല് നിലത്ത് മുട്ടിയിട്ടില്ലെടാ " ദേവസ്യ. ഒറ്റ നിമിഷത്തിനകം രണ്ടുപേരുടെയും പൂസെല്ലാം ആവിയായി പോയി 

"നമ്മള് തീർന്നെടാ അളിയാ "

പെട്ടന്നാ രൂപം കൈകൾ ഇരു വശത്തേക്കും വിടർത്തി പിടിച്ചു കൊണ്ട് അവരെ പുണരാനെന്നവണ്ണം വേഗത്തിൽ മുന്നോട്ടാഞ്ഞു 

"ഓടിക്കോടാ " രണ്ടുപേരും ഒരുമിച്ചു തന്നെ പറച്ചിലും തിരിഞ്ഞു ഓട്ടവും കഴിച്ചു.

തിരിഞ്ഞു നോക്കാൻ  ധൈര്യമില്ലാതെ അവർ മുന്നോട്ട് ഓടിക്കൊണ്ടേ യിരുന്നു. എസ്റ്റേറ്റിന്റെ അതിര്ത്തി അടുക്കാറായ അവർ തങ്ങൾ ഓടിച്ചെല്ലുന്ന വഴിക്ക് നടുവിലായി ആറാടിയോളം ഉയരമുള്ള ഒരാൾരൂപം തങ്ങളെ നോക്കി നിൽക്കുന്നതാണ് കാണുന്നത്.

[തുടരും...]

Monday, July 19, 2021

പാമ്പുകള്‍- മണിനാഗം, കുന്നി, കരിവിഷല (3)

 


ഉടുമ്പന്നൂർ ഇടുക്കി ജില്ലയിലെ ലോറേഞ്ചിലെ ഒരു ചെറിയ പട്ടണം. കുടിയേറ്റ കാലത്തു ഹൈറേഞ്ചിന്റെ കവാടങ്ങളിൽ ഒന്ന്. ഉടുമ്പന്നൂർ - മണിയറൻകുടി  കാനന പാതയിലൂടെ തലച്ചുമടായി അവശ്യ വസ്തുക്കളും ഭാര്യയും കുട്ടികളുമായി ആയിരങ്ങൾ ഹൈറേഞ്ചിലേക്കു പുതു പുലരിയുടെ സ്വപ്നവും കണ്ടു കൊണ്ട് നടന്നു കയറി. ഇന്നും ഉടുമ്പന്നൂർ - മണിയറൻകുടി കാടിന് നാടുവിലൂടുള്ള ഓഫ് റോഡായി നിലനിൽക്കുന്നു. ഈ തവണ ആ റോഡിനു ഒരു ശാപ മോക്ഷം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

കരിവിഷല

ഈ കഥയിൽ പറയുന്ന പാമ്പ് കരിവിഷല ആണെന്ന് പറയപ്പെടുന്നു. അതോ മറ്റേതെങ്കിലും പാമ്പാണോ എന്നും അറിയില്ല കാരണം കരിവിഷല വിഷമുള്ള പാമ്പാണ് എന്നാണ് വിശ്വാസം.

 ഉടുമ്പന്നൂർകാരായ  ചാക്കോയും മത്തായിയും സഹോദരങ്ങൾ എന്നതിലപ്പുറം ഒരു മനസ്സും രണ്ട് ശരീരവും എന്ന് പറയുന്നതാണ് ശരി. എല്ലാ കുരുത്തക്കേടുകളും രണ്ടെണ്ണവും ഒരുമിച്ചേ ഒപ്പിക്കൂ. വിരിഞ്ഞ ചങ്കും തീരെ ഒതുങ്ങിയ അരക്കെട്ടും ഉള്ള അവരെ നാട്ടിൽ ഇരട്ട ചങ്കൻമാരെന്നാണ് വിളിക്കുന്നത്.

ഒരു ദിവസം ഷാപ്പിലിരുന്നു കള്ളടിച്ചു പിമ്പിരി കയറിയ ചാക്കോയുടെ തലയിൽ ബൾബ് കത്തി 

"എടാ മത്തായി നമ്മുക്ക് ഒരു മാസത്തേക്ക് കാട് കേറിയാലോ ?"

"അതിനിപ്പം എന്നാ ചേട്ടായീ നമുക്ക് ഇപ്പൊത്തന്നെ വിട്ടേക്കാം ?"

"ഇന്ന് വേണ്ട നാളെ വെളുപ്പിന് നമ്മള് പോകുന്നു " ഒരു ചെറു ചൂളത്തിന്റെ അകമ്പടിയോടെ ചാക്കോ 

"ഏതേലും മയിരന്മാരുണ്ടോടാ ഞങ്ങടെ കൂടെ കാടുകേറാൻ. തിരിച്ചു വരുമ്പോ ചാക്ക് നിറയെ നല്ല ഒന്നാന്തരം മ്ലാവിന്റെ ഇറച്ചി ഉണങ്ങിയതും നല്ല പെടക്കണ ആറ്റുമീനിനെ പാറേലിട്ട് ഉണങ്ങിയതും ആരേലും ഉണ്ടോടാവേ  പൂയ് " മത്തായി മത്തായി നിന്നാടി കൊണ്ട് തലയിൽ തോർത്ത് ചുറ്റിക്കെട്ടാൻ ശ്രമിച്ചുകൊണ്ട് ചുറ്റുമിരിക്കുന്ന സഹ കുടിയന്മാരോടായി ചോദിച്ചു 

"ഒള്ളോനൊക്കെ ഗ്ളാസിങ്ങോട്ടു വക്കാടാ ഇനിയൊള്ള കള്ളെന്റെ വഹ. വെയ് രാജാ  വെയ്  " ചാക്കോ 

നിമിഷങ്ങൾക്കകം  ചാക്കോയുടെ മുൻപിൻ ഗ്ളാസുകളുടെ പൂക്കളം വിരിഞ്ഞു 

"നിങ്ങടെ കൂടെ ഞങ്ങളുമുണ്ടെടാ " ഒരു കൈകൊണ്ടു ഉടുമുണ്ട് താഴെ പോകാതെ കൂട്ടിപ്പിടിച്ചുകൊണ്ട് കുമാരൻ ഉപാച:

പിറ്റേന്ന് മത്തായിയുടെയും ചാക്കോയുടെയും നേതൃത്വത്തിൽ പത്തംഗ സംഗം കാട്ടിലൂടെ യാത്ര ആരംഭിച്ചു. നാലഞ്ചു തോക്ക്, കത്തികള്, പാത്രം, അരി, മല്ലി മുളക് , ഉപ്പ് മുതലായ ആവശ്യ സാധനങ്ങൾ എല്ലാമായിട്ടാണ് യാത്ര.

ഈ യാത്രകൾ വല്ലപ്പോഴും ഉള്ളതായിരുന്നു. ഒരുമാസത്തോളം കാട്ടിൽ താമസിച്ചു പാറ പുറത്തും മറ്റും ഉറങ്ങി. വേട്ടയും നഞ്ചു മായി ആഘോഷം.

പെരിയാർ, ഇപ്പോൾ  കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ള പുഴ. ഈ അണക്കെട്ടുകൾ ഒന്നും ഇല്ലാതിരുന്ന കാലം നല്ല വീതിയിൽ കുതിച്ചൊഴുകുന്ന പുഴ. കയങ്ങളും ചുഴിയും മലരിയും കൊണ്ട് ഭയപ്പെടുത്തുന്ന, വന്യമായ മനോഹാരിത കൊണ്ട് ആരെയും മയക്കുന്നവൾ. 2018 ലെ പ്രളയത്തിനാണ് ഹൈറേഞ്ചിലേ പെരിയാർ കുറച്ചെങ്കിലും അവളുടെ പഴയ ഭാവം വീണ്ടെടുത്തത്.

ഇഞ്ചവര കുത്ത് പെരിയാറ്റിലെ ഏറ്റവും അപകട കരമായ കയം. നല്ല വീതിയിൽ ഒഴുകി വരുന്ന പുഴ രണ്ട് മലകൾക്കിടയിലൂടെ ചുരുങ്ങി 200 അടിയോളം താഴേക്കു പതിക്കുന്ന ഭാഗം. വളർന്നു മുറ്റിയ ഒരു കാട്ടത്തിയുടെ വേരിൽ പിടിച്ചാണ് അവിടേക്കു കടന്നു പോകുന്നത് 

ചാക്കോയും സംഘവും ഇഞ്ചവര കുത്തിൽ എത്തി 

"ഇന്നിവിടെ കൂടാം  നീ  പടക്കം റെഡിയാക്കെടാ " കയത്തിലൂടെ പുളച്ചു നടക്കുന്ന മീനുകളെ നോക്കിക്കൊണ്ട് ചാക്കോ മത്തായിയോട് പറഞ്ഞു 

മുട്ട് നോക്കി മുറിച്ചെടുത്ത ഇല്ലി കുംഭത്തിൽ വെടിമരുന്ന് തിരിയിട്ട് ഇടിച്ചു മുറുക്കി വള്ളിയിട്ടു കെട്ടി കൂടെ വെള്ളത്തിൽ താഴുന്നതിന് പറ്റിയ ഒരു കല്ല് കൂട്ടിച്ചേർത്തു കെട്ടി മത്തായിയും കൂട്ടരും പടക്കം തയ്യാറാക്കി (വെടി മരുന്ന് കൊണ്ടുള്ള പടക്കം വെള്ളത്തിൽ എവിടെ വച്ച് പൊട്ടുന്നോ അതിന് മുകളിലേക്കെ ആഖാതം ഏൽപ്പിക്കൂ. തോട്ട ആണെങ്കിൽ എല്ലാ വശത്തേക്കും പ്രഹരിക്കും.)

ചാക്കോ ചുണ്ടിൽ എരിയുന്ന ബീഡിയിൽ നിന്നും പടക്കത്തിന് തീ കൊടുത്തു.എട്ടുപത്താൾ  താഴ്ച വരുന്ന  കയത്തിന്റെ  ഏകദേശം മധ്യ ഭാഗം നോക്കി പടക്കം എറിഞ്ഞിട്ടു. അൽപ്പ സമയത്തിനകം വലിപ്പമേറിയ കുറെ കുമിളകൾ ജലപ്പരപ്പിൽ ഉയർന്നു പൊട്ടി.

"നല്ല ആഴമുണ്ടല്ലോടാ " കുമാരൻ 

പെട്ടന്ന് തന്നെ അവരെ അതിശയിപ്പിച്ചു കൊണ്ട് മീനുകൾ ചത്തു പൊങ്ങാൻ തുടങ്ങി. വെള്ളി വാരി വിതറിയത് പോലെ ജലപ്പരപ്പു മീനുകളെ കൊണ്ട് നിറഞ്ഞു .

"അടിച്ചെടാ കോള്  മൊത്തം കറ്റിയാടാ ചാടി പെറുക്കേടാ  " ആവേശത്തോടെ എല്ലാവരും വെള്ളത്തിൽ ചാടി മീനുകളെ പെറുക്കാൻ തുടങ്ങി (കറ്റി-പെരിയാറിലും കൈവരികളിലും  സഹ്യപർവത നിരയുടെ ഭാഗത്തു മാത്രം കാണപ്പെടുന്ന ഒരിനം മീൻ. വെള്ളി നിറവും 3 - 4 കിലോ വരെ വലിപ്പവും  വയ്ക്കുന്ന ഇവ ഒഴുക്ക് വെള്ളത്തിലും വെള്ളച്ചാട്ടത്തിലും മാത്രമേ ജീവിക്കൂ ഇപ്പോൾ സംരക്ഷിത വിഭാഗം ആണ്   )

"ഞാൻ മുങ്ങി നോക്കട്ടെ ഇതിലും വലുത് അടിയിൽ കാണും "ആവണക്കെണ്ണ കൂട്ടി നനച്ച തുണി ചെവിയിൽ തിരിക്കിക്കൊണ്ടു ചാക്കോ പറഞ്ഞു കുമാരനും കറിയായും  അവൻ്റെ കൂടെ മുങ്ങാൻ തുടങ്ങി, വലിയ വലിയ മീനുകൾ പാറപ്പുറത്തു നിറയാനും.

"പ്രമാണ്ടൻ  സാധനം ഒരെണ്ണം അടിയിൽ കിടപ്പുണ്ടെടാ " വെള്ളത്തിന് മുകളിൽ പൊങ്ങി വന്ന ചാക്കോ പറഞ്ഞു 

"അടിയിൽ നിന്നും തന്നെ പൊക്കില്ല കയർ വേണം. ഞാൻ അടിയിൽ ചെന്ന് മീനിന്റെ വട്ടം കെട്ടിയിട്ട് അടയാളം തരാം നിങ്ങൾ വലിച്ചു പൊക്കണം "

ദീർഘമായി ശ്വാസം ഉള്ളിലേക്ക് ഒന്ന് രണ്ടു പ്രാവശ്യം എടുത്തുകൊണ്ട് ചാക്കോ മുങ്ങാൻ റെഡിയായി . നീളത്തിൽ കെട്ടിയെടുത്ത കാട്ടുവള്ളി ഒരു കയ്യിൽ പിടിച്ചു കൊണ്ട് ചാക്കോ വെള്ളത്തിലേക്ക് മുങ്ങി.

അടിയിലേക്കെത്തുമ്പോഴേക്കും ചുറ്റു നിന്നുമുള്ള ജലത്തിന്റെ മർദം കൂടിക്കൂടി വന്നുകൊണ്ടിരുന്നു. വെള്ളം കുത്തി വീഴുന്നതിന്റെ മുഴക്കം മാത്രം അനുഭവിക്കുന്നുണ്ട്. കട്ടിയേറിയ ജലവും പ്രകാശത്തിന്റെ അഭാവവും കാഴ്ചയെ മങ്ങിച്ചു കൊണ്ടിരുന്നു. ഏറ്റവും അടിയിലായി വെള്ളി നിറത്തിൽ നീളത്തിൽ തിളങ്ങുന്ന വസ്തുവിനെ ലക്ഷ്യമാക്കി ചാക്കോ ഊളിയിട്ടു.

മീനിൻറെ നടുഭാഗത്തായി വള്ളി കെട്ടുന്നതിനായി  ചാക്കോ അതിനെ പിടിച്ചു. പിന്നെ എന്താണ് സംഭവിക്കുന്നത് എന്ന് ചാക്കോയ്ക്ക് പിടികിട്ടിയില്ല.

അതൊരൊറ്റ പിടച്ചിലും ചാക്കോയുടെ അരക്കെട്ടിൽ കൂടി കടിച്ചു പിടിച്ചുകൊണ്ടു വെള്ളത്തിലൂടെ ഒന്ന് കറങ്ങി നേരെ ജലപ്പരപ്പിലേക്കു കുതിച്ചു.

കരയിൽ വള്ളിയിൽ പിടിച്ചുകൊണ്ട് നിന്ന കുമാരനെ വള്ളിയിൽ ഏറ്റ ശക്തമായ വലിയിൽ തെറിച്ചു കയത്തിലേക്ക് വീണു 

"വേഗം വെള്ളിയുമായി നീന്തി വാടാ. മുറ്റ് സാധനമെങ്ങാണ്ടാന്നാ തോന്നുന്നേ " കരയിൽ നിന്നവർ കുമാരനോടായി വിളിച്ചു കൂവി 

കല്ലിൽ പിടിച്ചു മുകളിലേക്ക് കയറാൻ തുടങ്ങിയ കുമാരന്റെ പിന്നിലായി കറുത്ത ഒരു രൂപം വെള്ളത്തിൽ നിന്നും ഉയർന്നു വന്നു.

"എന്റെ അമ്മേ ഇതെന്തു ചാത്തനാ ?" മത്തായിയും കരയിലുണ്ടായിരുന്നവരും ഒരൊപ്പം വാ പൊളിച്ചു കൊണ്ട് കാറി. അപ്പോഴാണവർ അതിന്റെ വായിലായി കടിച്ചു പിടിക്കപ്പെട്ട രീതിയിൽ കിടക്കുന്ന ചാക്കോയെ കാണുന്നത്.

"ചാക്കോ..... ദേണ്ടടാ  ചാക്കോ... " മത്തായി അലറിക്കാറി 

തങ്ങളേക്കാൾ ഇരട്ടി ഉയരത്തിലാണ് ഉയർന്നു നിലക്കുന്ന കറുത്ത കരിനീല നിറത്തിലുള്ള അസാധാരണ വലിപ്പമുള്ള ഒരു പാമ്പ് . വെള്ളിപോലെ തിളങ്ങുന്ന ശൽക്കങ്ങളോട് കൂടിയ അടിഭാഗത്ത് കഴുത്തിനടിയിലായി ആരോ മാർക്ക് പോലുള്ള സ്വർണ നിറത്തിലുള്ള അടയാളം.പച്ചയും മഞ്ഞയും നിറത്തിൽ തിളങ്ങി നിൽക്കുന്ന കണ്ണുകൾ.

"എന്നെ ഈ മയിരിന്റെ വയറ്റിലോട്ടു ജീവനോടെ വിടല്ലേടാ മത്തായി... തോക്കെടുത്ത്‌ എന്നെ വെടിവെച്ചു കൊല്ലെടാ ?" അതിന്റെ വായിൽ മലർന്നു തൂങ്ങി കിടക്കുന്ന ചാക്കോ വിളിച്ചു കൂവി 

എന്ത് ചെയ്യണമെന്ന് അറിയാതെ സ്തംഭിച്ചു നിന്ന മത്തായി തോക്കെടുക്കാനോടി മറ്റുള്ളവരും.

വിറയ്ക്കുന്ന കൈകൊണ്ടു തന്റെ മുൻപിലായി നിൽക്കുന്ന പാമ്പിന്റെ നേരെ മത്തായി തോക്ക് ചൂണ്ടി 

"വിറക്കാതെ പൊട്ടിക്കെടാ " ചാക്കോ അലറി 

ആരോ അടയാളം നോക്കി മത്തായി കാഞ്ചി വലിച്ചു. വെടി കൊണ്ടതെ വല്ലാത്തൊരു ചീറ്റലോടെ അത് ചാക്കോയെ പുറത്തേക്കു തുപ്പി. വേദനയോടെ അത് ശരീരം മൊത്തമായി വെള്ളത്തിൽ അടിച്ചു വിറപ്പിച്ചു. തന്റെ കയ്യിലിരുന്ന തോക്ക് വലിച്ചെറിഞ്ഞു കൊണ്ട് വെള്ളത്തിൽ മുങ്ങാൻ തുടങ്ങുന്ന ചാക്കോയെ ലക്ഷ്യമാക്കി തിരമാല പോലെ ഉയർന്നു പൊങ്ങുന്ന വെള്ളത്തിലേക്ക് മത്തായി കുതിച്ചു ചാടി. മത്തായി ചാടുന്നത് കണ്ട  കുമാരനും വെള്ളത്തിലേക്ക് ചാടി. അവർ രണ്ടും കൂടി ഒരു വിധത്തിൽ ചോര ഒലിക്കുന്ന ചാക്കോയെ പിടിച്ചുകൊണ്ടു കരയിലേക്കു നീന്തി. അപ്പോഴും ആ ജന്തു വെള്ളത്തിൽ കിടന്നു തല്ലി പിടക്കുന്നുണ്ടായിരുന്നു.

"നോക്കി നിക്കാതെ അതിനിട്ടു പൊട്ടിക്കാടാ പൂ...മാരേ " വേദനക്കിടയിലും ചാക്കോ അലറി വിളിച്ചു 

തെരു തെരെ മറ്റു തോക്കുകളും ആ ചന്തുവിന് നേരെ പൊട്ടി. വെള്ളപ്പരപ്പിൽ കിടന്നത് മരണ വെപ്രാളം കാട്ടിക്കൊണ്ടു അത്  പിടഞ്ഞു. ചോരവീണു വെള്ളം ചുവന്നു. അനക്കം നിറുത്തി ആ ജന്തു വെള്ളത്തിലേക്ക്  താന്നു. ആശ്വാസത്തോടെ അവർ പാറയിൽ പിടിച്ചു മറ്റുള്ളവർ ചാക്കോയുടെ കയ്യിൽ പിടിച്ചു പാറയിലേക്കു വലിച്ചു കേറ്റി കിടത്തി

ആ നിമിഷം ജലപ്പരപ്പിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ചുറ്റും ചെഞ്ചായ ജലം തെറിപ്പിച്ചുകൊണ്ട് അത് ഉയർന്നു പൊങ്ങി  വെള്ള പ്പരപ്പിലേക്കു വീണു മലർന്നു. പതിയെ പതിയെ അത് വെള്ളത്തിലേക്ക് താഴ്ന്നു  താഴ്ന്നു പോയി.

ചാക്കോയുടെ അരക്കെട്ടിലായി അതിന്റെ പല്ലുകൾ ആഴ്ന്നു മുറിഞ്ഞ പാടുകളിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. 

"നമുക്ക് എത്രയും പെട്ടന്ന് മണിയാറൻകുടിയിൽ എത്തണം മൂപ്പന്റെ കയ്യിൽ മരുന്ന് കാണും "കൂടെയുള്ളവർ പറിച്ചെടുത്ത പച്ചിലമരുന്നുകൾ ചാക്കോയുടെ മുറിവിൽ അമർത്തി കെട്ടി കൊണ്ടു മത്തായി പറഞ്ഞു.

Monday, July 12, 2021

പാമ്പുകള്‍- മണിനാഗം, കുന്നി, കരിവിഷല (2)

 


മാങ്കുളം ഇടുക്കിയിലെ  മനോഹരമായ ഭൂപ്രദേശം, ഇപ്പോൾ സഞ്ചാരികളുടെ പറുദീസ ആയി മാറിക്കൊണ്ടിരിക്കുന്നു. ഈ നാടും  കുടിയേറ്റത്തിന്റെ ദുഖകരമായ ഒരു ഭൂതകാലം ഉള്ളിലൊളിപ്പിച്ചുകൊണ്ടാണ് ഇപ്പോൾ പുഞ്ചിരിക്കുന്നത്.

2 കുന്നി 

"എടാ  പൈലി  നമ്മളിനിയും എന്തോരും നടക്കണമെടാ  ആളുകളെ കാണണമെങ്കിൽ ?" നിലത്തു കുത്തി നിർത്തിയ തോക്കിന്റെ പാത്തിയിൽ താടി ഉറപ്പിച്ചു വച്ച് ചുറ്റും  നോക്കിക്കൊണ്ട്  ശശി ചോദിച്ചു 

"നാളത്തേക്ക് " പടിഞ്ഞാറൻ മാനത്തു കതിരോൻ ചാലിച്ചു ചേർത്ത ചെഞ്ചായക്കൂട്ടുകളിലേക്ക്  കണ്ണും നട്ടിരുന്നു പൈലി മറുപടിയായി പറഞ്ഞു.

"വല്ലോം നടക്കുമോടാ ?" താഴെ നല്ലതണ്ണി ആറ്റിൽ നിന്നും മീൻ പിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കരുണനോടും കുഞ്ഞാഗസ്‌തിയോടും ആയി പൈലി വിളിച്ചു ചോദിച്ചു.

നല്ലതണ്ണി പുഴ  പേരുപോലെ മനോഹരി. അതുപോലെ അപകടകാരിയും. കുടിയേറ്റ ജനതയുടെ ദുഖത്തിന്റെയും കഷ്ടപ്പാടിന്റെയും ആഴങ്ങൾ അവർ മനസ്സിലൊളിപ്പിച്ചിരിക്കുന്നതു പോലെ നല്ലതണ്ണിയും അവളുടെ ആഴങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കും. തെളിനീര് ഒഴുകുന്ന  പുഴയിൽ കയങ്ങൾ കണ്ടാൽ തിരിച്ചറിയാൻ പറ്റില്ല. മുട്ടോളം വെള്ളം പ്രതീക്ഷിച്ചു നമ്മളിറങ്ങിയാൽ രണ്ടാൾ താഴ്ച എങ്കിലും കാണും. 

തങ്ങളുടെ കയ്യിലുള്ള കൂർപ്പിച്ച കമ്പുമായി മീനുകൾ വരുന്നതും നോക്കി കരുണനും  കുഞ്ഞാഗസ്‌തിയും അറ്റിറംബിലൂടെ  പമ്മി പമ്മി നടന്നു 

വിരിപാറയിൽ  വെട്ടിയെടുത്ത മണ്ണും ആദായങ്ങളും ഫോറെസ്റ്റുകാരുടെ ആക്രമണത്താൽ ഇട്ടെറിഞ്ഞു രാവിലെ അവനവന്റെ തോക്കും കത്തിയും മൂന്നാല് പാത്രങ്ങളും കുറച്ചു ഉപ്പും മുളകുപൊടിയും മറ്റും മാത്രമെടുത്തുകൊണ്ടു തുടങ്ങിയ ഓട്ടമാണ് ഇപ്പോൾ സന്ധ്യ മയങ്ങുന്ന ഈനേരത്തു ഇവിടെ എത്തി നിൽക്കുന്നത്. വാൽപ്പാറയിൽ ചെന്ന് അവിടെ നിന്നും തമിഴ്‌നാട് വഴി തിരിച്ചു കേരളത്തിലേക്ക് കടക്കുക എന്നതാണ് പ്ലാൻ. വാൽപ്പാറക്കുള്ള  വഴി അറിയാവുന്നതു പൈലിക്കു മാത്രമാണ്.

"കിട്ടിയെടാ !!" രണ്ടു കിലോയോളം വലിപ്പമുള്ള ഒരു ആറ്റു വാളയെ കമ്പിൽ കോർത്ത്  പിടിച്ചുകൊണ്ടു കരുണൻ വിളിച്ചു കൂവി.

ഉപ്പും മുളകും മാത്രം ചേർത്ത മീൻ, കത്തുന്ന തീയിൽ വേവുന്നത്‌ നോക്കി അവർ ഇരുന്നു.

" ഇവിടെനിന്നും ഒരു നാലു മൈൽ  ദൂരത്തായി ഒരു പാറയള്ളുണ്ട്. നായാട്ടുകാർ ഉപയോഗിക്കുന്നതാണ്  കൊടും കാടിനു നടുക്കാനെങ്കിലും യാതൊന്നിനെയും പേടിക്കാതെ നമുക്ക് അവിടെ ഉറങ്ങാം. ഇന്ന് രാത്രി നമുക്ക് അവിടെ  എത്തണം." പൈലി 

രാത്രി പതിനൊന്നു മണിയോളം ആയിക്കാണും ഉറക്കം വരാത്ത ശശി കാടിന്റെ സംഗീതവും ആസ്വദിച്ചു കൊണ്ട് ഒരു ബീഡിയും വലിച്ചു തൻ്റെ മുന്നിലായി പരന്നു കിടക്കുന്ന ഇരുട്ടിലേക്ക് നോക്കി ഇരിക്കുകയാണ്. 

പെട്ടന്ന് എന്തോ ഒടിച്ചു തകർത്തുകൊണ്ട് വലിഞ്ഞു വരുന്ന ഒച്ച അവന്റെ കാതുകളിൽ വന്നലച്ചു. എന്താണ് വരുന്നതെന്നറിയാൻ തന്റെ ഹെഡ്‌ലൈറ്റ് എടുത്തു തലയിൽ ഉറപ്പിച്ചുകൊണ്ടു ശബ്ദം വരുന്ന ഭാഗത്തേക്ക് വെളിച്ചമടിച്ചു.

നീല നിറത്തിലുള്ള രണ്ടു തിളങ്ങുന്ന വലിയ കണ്ണുകളാണ് വെളിച്ചത്തെ വരവേറ്റത് . അസാധാരണ വലിപ്പമുള്ള ഒരു പാമ്പു ഇഴഞ്ഞു താഴേക്കു വരുന്നതാണ്  എന്ന് അടുത്ത നോട്ടത്തിൽ ശശിക്ക് മനസ്സിലായി.

"എടാ  എഴുന്നേൽക്കടാ  ഭയങ്കരനൊരു പാമ്പെടാ !!!" നോട്ടം മാറ്റാതെ ശശി വിളിച്ചു കൂവി 

ശശിയുടെ ബഹളം കേട്ട എല്ലാവരും ചാടിയെഴുന്നേറ്റു. ആ കാഴ്ച കണ്ട അവരുടെ ശ്വാസം നിലച്ചു പോകുന്ന പോലെ തോന്നി. ഒരു തെങ്ങു വണ്ണമെങ്കിലും ഉള്ള ഒരു പാമ്പു. സാധാരണ മലമ്പാമ്പിന്റെതു പോലല്ലാത്ത കറുത്ത ശരീരം. വെള്ളി നിറത്തിലുള്ള വളയങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു .

"എല്ലാവരും തോക്കെടുക്ക്  " കുഞ്ഞാഗസ്തി 

"എന്തിനാ വെടി വയ്ക്കാനാണോ ? " കരുണൻ 

"അത് നമ്മളെ  കണ്ടു. ഇങ്ങോട്ടു വന്നാൽ പിന്നെന്തു ചെയ്യും "കുഞ്ഞാഗസ്തി 

അവരെ കണ്ട  ആ ജീവി തൻ്റെ ചലനം നിർത്തി പതിയെ തല ഉയർത്തി. വെള്ളി നിറത്തിൽ തിളങ്ങുന്ന ശല്ക്കങ്ങൾ ലൈറ്റ് വെട്ടത്തിൽ കൂടുതൽ തിളങ്ങി. ആ കാഴ്ചയുടെ എല്ലാവരും കൊത്തി വലിച്ചു തോക്കുയർത്തി പാമ്പിന്റെ തലയിലേക്ക് ഉന്നം പിടിച്ചു.

"എന്റെ ശിവനെ ഇത് പണി തരല്ലേ !!" ശശി 

"മാതാവേ കാത്തോളണേ !!" പൈലി 

വിറയ്ക്കുന്ന കയ്യും കാലും ഒരു വിധത്തിൽ ഉറപ്പിച്ചു പിടിച്ചു കൊണ്ട് അവർ ആ ജീവിയെ തന്നെ ഉന്നം പിടിച്ചുകൊണ്ടു നിന്നു.

കുറച്ചു നേരം അവരെ തന്നെ നോക്കിയ ആ ജീവി പതിയെ മണ്ണിലേക്ക് തല താഴ്ത്തി. ഒന്നും സംഭവിക്കാത്തത് പോലെ തന്റെ വഴിയേ മുന്നോട്ടു നീങ്ങി.

ആ പോക്ക് കണ്ടപ്പോൾ ആണ് അവരുടെ ശ്വാസം നേരെ വീണത്. കുറച്ചു നേരം കൂടി അത് പോകുന്നതിന്റെ ശബ്ദം അവരുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു .

"എന്തുവായിരുന്നെടാ അത് " പൈലിയോടായി അവർ ചോദിച്ചു 

"ആ എനിക്കറിയില്ല. നാളെ നമ്മൾ ഇരുപുകൾ കുടിയിലെത്തും അപ്പൊ ഊരു മൂപ്പനോട് ചോദിച്ചു നോക്കാം " പൈലി 

ഒരു വിധത്തിൽ അവർ ഉറങ്ങിയും ഉറങ്ങാതെയും ഒക്കെയായി നേരം വെളുപ്പിച്ചു. അവർ ഇരുന്ന മലയുടെ അടിവാരത്തിലൂടെ ഒഴുകുന്ന മുതിരപ്പുഴ ആറിനെ ലക്ഷ്യമാക്കി തടി വലിഞ്ഞത്‌ പോലൊരു പാടുകാണാമായിരുന്നു. അതുകൊണ്ടു തങ്ങൾ കണ്ടത് സ്വപ്നമോ മായയോ അല്ലെന്നു ഉറപ്പിച്ചു.


"ആയ്  പൈലി  എന്നാ ഇറക്കു  ഊരില് എല്ലാമേ ശുഖാമാ ? അപ്പാ പാട്ടി എല്ലാരും നല്ലരുക്കാ " പൈലിയെ കണ്ട മൂപ്പൻ സന്തോഷത്തോടെ വിശേഷങ്ങൾ ചോദിച്ചു . നായാട്ടിനും മറ്റുമായി വന്നു പൈലിയെ ഊരിൽ എല്ലാവര്ക്കും പരിചയമാണ്. 

പൈലി മൂപ്പനോടായി തങ്ങളുടെ അവസ്ഥ പറഞ്ഞു.

"അതിനു ഭയം വേണ്ട ഇന്നു നിങ്ങൾ ഇവിടെ കെടാ. നാളെ കാലയിലെ വടക്കു പടിഞ്ഞാറു വളിയെ  നടെന്താ  സായന്തനത്തിലെ കസേരപ്പാറ ചോട്ടിലെത്തം. രാത്തിരി അങ്കെ പടുക്കലാം. അതുക്കും അപ്പുറം മലയേറി കപ്പയം പിന്നെ മലക്കപ്പാറ. തുണക്കു രണ്ടു പേരെയും നാൻ തരാം. പൈലി നീ എനക്ക് തമ്പി ഭയപ്പെട വേണ്ട  " മൂപ്പൻ 

"അത് മാത്രമല്ല ഇന്നലെ ഞങ്ങൾ ഒരു പാമ്പിനെ കണ്ടു " ആ കാഴ്ചകളെക്കുറിച്ചു പൈലി വിവരിച്ചു 

"ഓ അത് നീങ്ക പാത്താച്ച. അതു വന്ത്  കുന്നി. അത് ഒന്നുമേ ശെയ്യലെ. പാവം അപ്പാവി. വാ  അത് ഇപ്പൊ എവിടെ  എന്ന് നാൻ കാട്ടിത്തരാം "

"ങേ ?" എല്ലാവരുടെയും ഉള്ളിൽ നിന്നും അറിയാതെ ഒരു ഒച്ച പുറത്തു വന്നു 

വലിയ ഒരു കുട്ടകം പോലൊരു പാത്രത്തിൽ ചാണകം കലക്കിയ ശേഷം കണ്ണുകൾ അടക്കാതെ അതിലേക്ക് തന്നെ നോക്കി നില്ക്കാൻ മൂപ്പൻ അവരോടു പറഞ്ഞു. എന്തെല്ലാമോ പോകയും മന്ത്രവും എല്ലാം അവിടെ മുഴങ്ങി. 

അൽപ നേരത്തിനകം ചാണകത്തിന്റെ നിറം മാറി സിനിമ സ്ക്രീൻ എന്നവണ്ണം കാഴ്ചകൾ തെളിഞ്ഞു വന്നു. ഏതോ ഒരു പുഴയുടെ ഓരത്തു കൂടി അലസമായി ഇഴഞ്ഞു പോകുന്ന തങ്ങൾ തലേന്ന് കണ്ട പാമ്പ് 'കുന്നി '

"കണ്ടല്ലോ  ഇനി നിർത്താം. പൈലി  നല്ല കൊട്ടുവടി ഉണ്ട്  ഇറച്ചിയും നമുക്ക് അങ്കെ പോകാം " മൂപ്പന്റെ ശബ്ദം അവരുടെ കാഴ്ചയെ മങ്ങിച്ചു കൊണ്ട് ചെവിയിൽ മുഴങ്ങി 

Saturday, July 10, 2021

പാമ്പുകള്‍- മണിനാഗം, കുന്നി, കരിവിഷല

 


മുന്‍പ് ഞാനൊരു പാമ്പിന്റെ കഥ പറഞ്ഞിരുന്നു "കരിങ്കോളി" ഇത്തവണ അത്തരം ഭീകര രൂപികളും വായ്മൊഴികളില്‍ മാത്രം കേട്ടറിവുമുള്ള മൂന്ന് പാമ്പുകളെക്കുറിച്ചുള്ള പഴമക്കാരുടെ ഇടയില്‍ നിന്നും വായ്മൊഴികളിലൂടെ ഞാന്‍ കേട്ട കഥകള്‍.

1 മണിനാഗം

മേമ ചേടത്തി,  ഹൈറേഞ്ചിലെ കുടിയേറ്റക്കാരുടെ   ഇടയിലെ  പെൺകരുത്ത് .

ഈരാറ്റുപേട്ടയിൽ നിന്നും കുടിയേറ്റകാലത്തു ഉള്ള സമ്പാദ്യങ്ങളും പിള്ളേരും ആയി ഹൈറേഞ്ചിലെ മണ്ണിലേക്ക് കുടിയേറി. എല്ലാവരെയും പോലെ തന്നെ ദാരിദ്ര്യവും നിവൃത്തി കേടും മൂലം പിടിച്ചു നില്പിനായി പോരാടി. ആ പോരാട്ടം അവരെ കൂടുതൽ  കരുത്തുള്ളവളാക്കി. ഭയം  എന്നത് എന്താണെന്ന് അവർ മറന്നു പോയി.(എന്റെ കുടുംബം അവരോടൊത്താണ്  ഈ  മല മുകളിലേക്ക് വന്നത്.)

പാമ്പിന്റെ കഥക്ക്  മുൻപായി  അവരുടെ ധീരതയുടെ  ഒരു ചെറിയ കഥ 

കുടിയേറ്റ കാലത്തു ആളുകൾ പ്രധാനമായും ഭക്ഷണത്തിന് ആവശ്യമായ വിളകൾക്ക് ആണ് മുൻ‌തൂക്കം നൽകുന്നത് . കപ്പ, നെല്ല് , കാച്ചിൽ , ചേമ്പ് , ചേന ഇത്യാദികൾ . മേമ്മച്ചേടത്തിയും താൻ  വെട്ടിയെടുത്ത മണ്ണിൽ ഇതെല്ലാം നട്ടു. വേലിയും കെട്ടി. എന്നാൽ കപ്പ വലുതായതോടെ ആനകൾ വിളവെടുക്കാൻ തുടങ്ങി . പാട്ടകൊട്ടിയും ബഹളമുണ്ടാക്കിയും ഒക്കെ കുറച്ചു ശല്യം ഒഴിവാക്കാൻ സാധിച്ചിരുന്നു.

ഒരു ദിവസം രാവിലെ   മേമ്മച്ചേടത്തി പറമ്പിലേക്ക് നോക്കുമ്പോൾ കാണുന്നത് മിച്ചമുണ്ടായിരുന്ന കപ്പ കൂടി മൂന്നാല് ആനകൾ ചേർന്ന് തിന്ന് മദിക്കുന്നതാണ്.

മേമ്മച്ചേടത്തിയുടെ എല്ലാ നിയത്രണങ്ങളും വിട്ടു പോയി ആ കാഴ്ചയിൽ. അവർ കലിപ്പോടു കൂടി ആനകൾക്കു നേരെ ഓടിച്ചെന്നു. ഓടുന്ന കൂട്ടത്തിൽ  കുനിഞ്ഞു ഒരു കപ്പത്തണ്ടും കയ്യിലെടുത്തു.

ഓടിച്ചെന്നു  മുൻപിലായി കണ്ട ആനയുടെ വാലിൽ ഒരുകൈകൊണ്ടു ചാടിപ്പിടിച്ചു. പിൻ നടയിലൊന്നിൽ കാലുകളും ഉറപ്പിച്ചു കൊണ്ട് കയ്യിലിരുന്ന കപ്പത്തണ്ടു കൊണ്ട്  ആനയുടെ ചന്തിക്കിട്ട് ചറപറാ  അടിതുടങ്ങി. 

"എൻ്റെ  കഞ്ഞികുടി മുട്ടിക്കാൻ വന്ന നിന്നെയൊക്കെ ഞാൻ ഇന്ന് ശരിയാക്കുമെടാ  # @ %& " എന്നെല്ലാം അവർ വിളിച്ചു പറയുന്നുണ്ടായിരുന്നു .

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാത്ത ആന ചിന്നംവിളിച്ചുകൊണ്ടു വട്ടം കറങ്ങി. അതിന്റെ വെപ്രാളം കണ്ട മറ്റാനകൾ ചിഹ്നം വിളിച്ചുകൊണ്ട് ചിതറി ഓടി. അടി  കൊള്ളുന്ന ആനയും അലറിക്കൊണ്ട് പിന്നാലെ. സൗകര്യം നോക്കി ചേടത്തി ആനയുടെ ദേഹത്തുനിന്നും ഇറങ്ങി . ആനകൾ അലറിക്കൊണ്ട്  കാട്ടിലേക്കും ഓടി.

എന്തായാലും അതിൽ പിന്നെ ചേടത്തിയുടെ പറമ്പിൽ ആനകൾ കയറിയിട്ടില്ല. പോരാത്തതിന് പിന്നെ  ചേടത്തിയുടെ ഒച്ചകേട്ടാൽ ആനകൾ വാലും ചുരുട്ടി ചിഹ്നം വിളിച്ചു കൊണ്ട് ഓടുമായിരുന്നു .


ഒരു ജൂലൈ മാസം, കാലത്തെ മുതൽ തുടങ്ങിയ ചന്നം പിന്നം മഴ സന്ധ്യയോടെ കലാപരിപാടികൾ പിറ്റേന്നത്തേക്കു മാറ്റിയെന്നപോൽ അരങ്ങൊഴിഞ്ഞു.  പ്രകൃതി  ഇട്ടിരുന്ന മൂടുപടം പയ്യെ മാറ്റി പുഞ്ചിരിക്കാൻ ആരംഭിച്ചു.

തോട്ടിറമ്പിലായി നട്ടിരിക്കുന്ന കപ്പയും നെല്ലും  പന്നി വന്നു കുത്തി മറിക്കുന്നതിനാൽ  കൃഷിയിടത്തോട് ചേർന്ന്  നിന്നിരുന്ന ഒരു മരുതിൽ  ചെറിയൊരു കാവൽ മാടം മേമ ചേടത്തി ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. മിക്ക ദിവസങ്ങളിലും ഒരു എട്ടുമണിയോടെ അത്താഴവും കഴിച്ചു കുട്ടികളെ എല്ലാം ഏറുമാടത്തിൽ കയറ്റി കിടത്തിയുറക്കിയ ശേഷം ചേടത്തി കാവൽ മാടത്തിൽ പോയി തന്റെ അധ്വാനത്തിനു കാവൽ കിടക്കും. 

അന്നും പതിവുപോലെ ചേടത്തി തൻ്റെ കൈ ലൈറ്റും എടുത്ത്  മൂത്ത മകനെ മറ്റുകുട്ടികളെ ഏല്പിച്ചു കാവൽ മാടത്തെ ലക്ഷ്യമാക്കി നടന്നു. മാടത്തിൽ കയറി ചേടത്തി  കയർ ഏണി പൊക്കി വച്ചു . പതിയെ  മാടത്തിന്റെ മൂലയിൽ ചാരി വച്ചിരിക്കുന്ന തന്റെ തോക്ക്  എടുത്തു തുടച്ചു. പഴയ നിറ മാറ്റി ഒരു അഞ്ചു വിരലിന്റെ നിറയും നിറച്ചു  തൻ്റെ  അടുത്തായി വച്ചു . ഹെഡ് ലൈറ്റ്, കത്തി, രണ്ട് ഏറു പടക്കം എന്നിവയും കയ്യകലത്തിൽ എടുത്തു വച്ചതിനു ശേഷം ചുറ്റുപാടുകൾ  എല്ലാം ലൈറ്റ്  അടിച്ചു നോക്കി ഒന്നുമില്ല എന്ന് ഉറപ്പാക്കി അവർ. പതിയെ തൈതലിന് കെട്ടിയ മറയിലേക്ക് ചാരി കണ്ണുകൾ അടച്ചു.

എന്തോ ഒരു മുഴക്കം കേട്ടുകൊണ്ടാണ് ചേടത്തി കണ്ണുകൾ തുറക്കുന്നത്. ഓട്ടു മണി അടിച്ചതിനു ശേഷം ഉണ്ടാകുന്നത് പോലൊരു മുഴക്കം. എന്താണെന്ന് പിടികിട്ടാത്ത അവർ ചെവി വട്ടം പിടിച്ചു. താനിരിക്കുന്നതിന്റെ  താഴെ നിന്നുമാണ് ആ ഒച്ച എന്നവർ തിരിച്ചറിഞ്ഞു. പതിയെ ശബ്ദം ഉണ്ടാക്കാതെ ഹെഡ് ലൈറ്റ് എടുത്തു തലയിൽ വച്ചു. ഇടതു കൈകൊണ്ടു തോക്കും എടുത്തു. മുട്ടുകുത്തിനിന്നുകൊണ്ടു  ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് അവർ ലൈറ്റ് അടിച്ചു.

ഒരു ഗ്ലാസ് വലിപ്പമുള്ള കടും പച്ച കളറിൽ തിളങ്ങുന്ന  രണ്ടു കണ്ണുകളാണ് അവർ ആദ്യം കണ്ടത്. പിന്നീട് ബാക്കിയും അസാധാരണ  വലിപ്പമുള്ള രണ്ടു  കവുങ്ങു കൂടുന്ന വണ്ണമുള്ള ഒരു പാമ്പ്. ലൈറ്റ് വെട്ടം ദേഹത്ത് പതിച്ച അത് ഒരു ചീറ്റലോടെ നിലത്തുനിന്നും ഉയർന്നു. അത് അനങ്ങുന്നതനുസരിച്ചു മണി മുഴങ്ങുന്നതുപോലുള്ള ഒച്ചയും കൂടി വന്നു. തൻ്റെ  ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ഏകദേശം രണ്ടാൾ പൊക്കത്തിൽ ഉയർന്നുനിൽക്കുന്ന ആ ജന്തുവിനെ കണ്ട ചേടത്തിയുടെ ധൈര്യമെല്ലാം ചോർന്നു പോയി. രാജവെമ്പാലയുടേത് പോലുള്ള പത്തിയും അതിന്റെ നടുക്കായി ശിവലിംഗത്തിന്റെ ആകൃതിയോടു സാമ്യമുള്ള ഒരു അടയാളവും. 

ചേടത്തി തന്റെ വിറയ്ക്കുന്ന കൈകൾ കൊണ്ട് തന്റെ തോക്കെടുത്തു കൊത്തി വലിച്ചു. രണ്ടു മരതക കല്ലുകൾ പോലെ ജ്വലിക്കുന്ന അതിന്റെ കണ്ണുകൾക്ക് നടുവിലായി ഉന്നം ഉറപ്പിച്ചു കൊണ്ട് തോക്കു മുഖത്ത് പൂട്ടി.

"നീ എന്ത്  മയിരാണെങ്കിലും  ഞാൻ  മൂന്നു വരെ  എണ്ണും അതിനിപ്പാട്  പോയില്ലെങ്കിൽ  അരിയത്ര വെല്ലിച്ചനാണെ  ഞാൻ പൊട്ടിക്കും  "  ചേടത്തി ആ ജന്തുവിനോടെന്നവണ്ണം വിളിച്ചു പറഞ്ഞു.

"ഒന്ന് "

"രണ്ട് "

"മൂന്ന് "

മൂന്നെണ്ണുകയും  തോക്കിന്റെ കാഞ്ചിയിൽ  ചേടത്തിയുടെ വിരൽ അമർന്നതും ഒരുമിച്ചായിരുന്നു. 

എന്നാൽ  പൊട്ടാസ്  മാത്രം  കത്തി  തോക്ക്‌  ചീറ്റി കൊണ്ടു പിന്നിലേക്ക്  ഇടിക്കുകയാണുണ്ടായത്. ഇടിയുടെ  ആയതിൽ ചേടത്തി പിന്നിലേക്ക് ആഞ്ഞിരുന്നു  അതോടൊപ്പം തന്നെ ലക്ഷ്യം തെറ്റിയ തോക്കു ആകാശത്തെ ലക്ഷ്യമാക്കി പൊട്ടി.

താഴെ നിന്നും ഉച്ചത്തിലുള്ള ചീറ്റലും മുഴക്കത്തിന്റെ ഒച്ചയും ഉച്ചസ്ഥായിൽ മുഴങ്ങി. ചാടി എണീറ്റ ചേടത്തി ലൈറ്റു വെട്ടത്തിൽ കലങ്ങി മറിഞ്ഞ\തോട്ടിലേക്ക്  ഇഴഞ്ഞിറങ്ങുന്ന പാമ്പിനെയാണ് കാണുന്നത്. ആകെ  ഭയന്ന് പോയ ചേടത്തി  അടുത്ത മാടത്തിൽ  നിന്നുമുള്ള കൂവൽ  കേട്ടു.

"കൂയ് ...." അവർ തിരിച്ചു കൂവി 

"പന്നിയാണോ ?" അയൽക്കാരനായ ദാമോദരന്റെ ഒച്ച 

"അല്ല ദാമോദരാ നീയിങ്ങു ഒന്ന് വരാമോ ?" ചേടത്തി ഉറക്കെ വിളിച്ചു കൂവി 

"എന്തു  പറ്റി മേമേ ?" ചേടത്തി ഇട്ടു കൊടുത്ത ഏണി വഴി മുകളിൽ കയറിവന്ന ദാമോദരൻ ചോദിച്ചു. ദാമോദരന്റെ കൂടെ മകൻ ശിവൻകുട്ടിയും ഉണ്ടായിരുന്നു . ചേടത്തി അവരോടായി നടന്ന കാര്യങ്ങൾ പറഞ്ഞു.

"എന്റെ പിതാവേ  നീ  എന്ത് പണിയാ മേമേ  കാണിച്ചേ ?  അത് മാണിനാഗം ആണ്  ശിവന്റെ അനുഗ്രഹമുള്ള നാഗം. നന്മയും ഭാഗ്യവും ഉള്ളവർക്ക്  മാത്രമാണ്  അതിനെ കാണാൻ പറ്റൂ. നീ പെണ്ണായത് കൊണ്ട് മാത്രമാണ് അതിനെ വെടിവച്ചിട്ടും ജീവനോടിരിക്കുന്നത്. എന്റെ ശിവനെ കുഴപ്പമൊന്നും വരുത്തല്ലേ   " ദാമോദരൻ പറഞ്ഞു നിർത്തി 

"എൻ്റെ അരിയത്ര  വെല്ലിച്ച  എന്നോട്  പൊറുത്തേക്കണേ " കൈ കൂപ്പിക്കൊണ്ട് മേമ്മച്ചേടത്തി തറയിലേക്ക്  ഇരുന്നു.

Monday, July 5, 2021

കരടിയും യക്ഷിയും

 ഇത്തരത്തിലുള്ള കഥകൾ എനിക്ക് പറഞ്ഞു തന്ന പലരും കാലയവനികക്കുള്ളിൽ പോയ് മറഞ്ഞു ഇനി ചുരുക്കം ചിലർ മാത്രം. അതിലൊരാൾ ഈ കഴിഞ്ഞ ദിവസം (ഈ കഥ ഞാൻ പകുതി ആക്കിയിരുന്നു) കഥകൾ ഇല്ലാത്ത ലോകത്തേക്ക് പോയ് മറഞ്ഞു അവരുടെ ഓർമക്കായി ഞാൻ ഈ കഥ സമർപ്പിക്കുന്നു.

അൽപ്പം നീളക്കൂടുതൽ ഉണ്ട് ക്ഷമിക്കുക

കാലം 1970
ഇടുക്കിയുടെ ഹൃദയ ഭാഗത്തായി തല ഉയർത്തിനിൽക്കുന്ന മനോഹരമായ മലനിരകൾ അതാണ് കരിക്കൻമേട്. ഒരു ഭാഗം ഉപ്പുതോട് എന്ന ഗ്രാമവും മറുഭാഗം നീലവയൽ ഗ്രാമവും. നീലച്ചടയൻ കഞ്ചാവിന്റെ കേന്ദ്രമായിരുന്നു ഇവിടം. അതിൽ നിന്നുമാണ് നീലവയൽ എന്ന പേര് പോലും വന്നത്. ഇടുക്കി ഗോൾഡ് എന്ന ബ്രാൻഡ് നെയിം ഇവിടുത്തെ ഒന്നാന്തരം കഞ്ചാവിൽ നിന്നും ആണ് നേടി എടുത്തത് . അന്ന് പോലീസ്, ഫോറെസ്റ് മുതലായ ആളുകൾ അവിടെ എത്തി ചേരുക എന്നത് ഭഗീരഥ പ്രയത്നം തന്നെ ആയിരുന്നു. കരിക്കൻമേടിലും കഞ്ചാവ് കൃഷി വ്യാപകമായി തന്നെ ഉണ്ടായിരുന്നു. മലഞ്ചെരിവുകളും കിഴ്ക്കാം തൂക്കായ പാറക്കെട്ടുകളും അടഞ്ഞ കാടുകളും പിന്നെ കരടി പന്നി മുതലായ കാട്ടു മൃഗങ്ങളും കിലോ മീറ്ററുകൾ നീളുന്ന കാൽനട പാതകളും അതാണ് അവരെ തടഞ്ഞു നിറുത്തിയിരുന്നത്.
ഉച്ച ഊണും കഴിഞ്ഞു ചെറിയൊരു മയക്കവും കഴിഞ്ഞു ശിവൻകുട്ടി തന്റെ തൈതൽ കട്ടിലിൽ നിന്നും എഴുന്നേൽക്കുമ്പോൾ സമയം ഏകദേശം 2 മണി കഴിഞ്ഞിരുന്നു. കട്ടിലിൽ തന്നെ ചമ്രം പടിഞ്ഞു ഇരുന്ന് ഒരു കാൽ കട്ടിലിൽ കുത്തിവച്ചു തലയിണയുടെ അരികത്തു നിന്നും ഒരു തെറുപ്പു ബീഡി എടുത്തു കത്തിച്ചു പുക ഊതിക്കൊണ്ടു പുരക്കകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.
"അമ്മേ ഞാൻ കരിക്കൻമേടിന് പോകുവാ അമ്മാവന്റെ വീട്ടിൽ "
"എപ്പോളാ " അകത്തുനിന്നും
"ഉടനെ. അമ്മാവനോട് എന്തേലും പറയാണോ ? "
"ഓ എന്നാ പറയാനാ ? എന്നാലും അവനോട് ഇടക്ക് ഇങ്ങോട്ടു ഒക്കെ വരാൻ പറ. നീ തന്നെ ഉള്ളോ അതോ ?"
"മത്തായിയും ഉണ്ട്. കാട്ടിലും ഒന്ന് കേറണം "
"എനിക്ക് തോന്നി. രണ്ടും കൂടി ആരിക്കും എഴുന്നള്ളുന്നെന്ന് "
കട്ടിലിൽ നിന്നും ഇറങ്ങിയ ശിവൻകുട്ടി തന്റെ തോൾ സഞ്ചി എടുത്തു പരിശോധിച്ചു. ഹെഡ് ലൈറ്റും കൈ ലൈറ്റും, മരുന്നും വെടിയുണ്ടകളും അനുബന്ധ സാധനങ്ങളും ഉണ്ടെന്ന് ഉറപ്പു വരുത്തി തോളിൽ തൂക്കി . ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഒരടിയോളം അലക്‌ നീളമുള്ള പിച്ചാത്തിയും ഉറയോടെ എടുത്ത് അരയിൽ കെട്ടി. തന്റെ ഏഴര ചാണിന്റെ തോക്കുമെടുത്തു പുറത്തേക്കിറങ്ങി.
"ഞാൻ ഇറങ്ങുവാണെ " മറുപടിക്ക് കാക്കാതെ പയ്യെ മുന്നോട്ടു നടന്നു.
"ഡാ മത്തായിയെ " മത്തായിയുടെ വീടിന്റെ താഴെ ചെന്ന് ശിവൻകുട്ടി നീട്ടിവിളിച്ചു.
"ദാ വരുന്നെടാ " മത്തായി
അൽപ സമയത്തിനകം തന്റെ ആയുധങ്ങളുമായി മത്തായിയും അവനോടു ചേർന്നു.
"ഈ നേരത്തു മേട് കേറുന്നത് എന്തിനാണെന്ന് എനിക്കറിയാം!. ഇനിയെങ്കിലും വിട്ടു കൂടെ ശിവൻകുട്ടി നിനക്ക് ?"
"മറക്കാൻ നോക്കിയിട്ടു പറ്റുന്നില്ലടാ "
"ആയിക്കോട്ടെ ആയിക്കോട്ടെ " മത്തായി
ശിവൻകുട്ടിയുടെ വീടിന് അടുത്ത് താമസിച്ചിരുന്ന വാഴക്കൽ അവറാന്റെ മകൾ റോസിയെക്കുറിച്ചു ആണ് അവർ പറഞ്ഞു വന്നത്. കുഞ്ഞു നാളിലെ പാലായിൽ നിന്നും കുടിയേറി വന്ന കാലം മുതൽ അവർ മൂന്നും കളിക്കൂട്ടുകാർ ആയിരുന്നു. വലുതായപ്പോൾ ശിവന്കുട്ടിയുടെയും റോസിയുടെയും സ്വപ്നങ്ങൾക്ക് കൂടുതൽ വർണങ്ങൾ വിരിഞ്ഞു. പതിനാറിന്റെ പടിവാതിൽക്കൽ എത്തിയിരുന്ന റോസിയെ കണ്ടാൽ ഷർമിള ടാഗോറിനെ പോലെ സുന്ദരി ആയിരുന്നു. അവരെപ്പോലെ മുടിയും ഒതുക്കി അവൾ നിൽക്കുമ്പോൾ ആരും ഒന്നുകൂടി നോക്കുമായിരുന്നു. എന്നാൽ അവളുടെ രാജേഷ് ഖന്ന ആകാൻ, അവളുടെ സ്വപ്നങ്ങളിൽ, അവളുടെ മനസ്സിൽ കയറിക്കൂടാൻ അവളുടെ ഈ പ്രീയ കളിക്കൂട്ടുകാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വരൊരുമിച്ച് ഒരു ജീവിതം സ്വപനം കണ്ടു. സാക്ഷിയായി മത്തായിയും.
എന്നാൽ അന്നത്തെ സിനിമ പോലെ വിധി അവരുടെ ഇടയിലും വില്ലനായി വന്നു. മതത്തിന്റെ പേരിൽ. റോസിയെ ഇരുപൂളുങ്കൽ തോമ ക്കു ആയിരുന്നു വിധിച്ചത്. വെട്ടിയെടുത്ത ഏക്കറു കണക്കിന് സ്ഥലവും കൃഷിയും എല്ലാമുള്ള തോമായുടെ വീട് കരിക്കൻമേട് ആണ്. ഇപ്പൊ നീലിവയലിൽ നല്ല ഒന്നാന്തരം കഞ്ചാവ് തോട്ടവും, കള്ളവാറ്റും സകലമാന വൃത്തികേടുകളുമായി റോസിയുടെ ജീവിതം നരക തുല്യമാക്കി ജീവിക്കുന്നു.
ശിവൻകുട്ടിയും മത്തായിയും കയറ്റം കയറി നിരപ്പത്തെത്തി. ആ നിരപ്പിന്റെ ഓരത്തുകൂടു കണ്ണീർ പോലുള്ള വെള്ളവും വഹിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചൊഴുകുന്ന ഒരു കാട്ടരുവി ഉണ്ട്. ഈ അരുവിയിൽ ആണ് അവിടുള്ളവർ കുളിക്കുന്നതും അലക്കുന്നതും എല്ലാം. നല്ല തണുപ്പുള്ളതിനാൽ വെയിൽ ചായുന്നതിനു മുൻപേ ആളുകൾ കടവിൽ നിന്നും കുളി കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു മടങ്ങും. ആ നേരം നോക്കിയാണ് ശിവൻകുട്ടി മേട് കയറിയിരിക്കുന്നത്. റോസിയെ വഴിയിൽ വച്ച് ഒരു നോക്ക് കാണാം എന്ന പ്രതീക്ഷ.
അവന്റെ പ്രതീക്ഷ തെറ്റിയില്ല. അകലെനിന്നും അവരുടെ നേരെ നടന്നു വരുന്ന റോസിയെ അവർ കണ്ടു. നനഞ്ഞ തുണികൾ നിറച്ച ഇരുമ്പു ബക്കറ്റും ഒരു കയ്യിൽ തൂക്കിപ്പിടിച്ചുകൊണ്ടു അവൾ നടന്നു വരുന്നു. ഈറനണിഞ്ഞ മുടി തോർത്ത് കൂടി കൂട്ടി തലയിൽ ഉയർത്തി കെട്ടിയിരിക്കുന്നു. വെള്ള മുണ്ടും ചട്ടയും തോളത്തു ഒരു തോർത്തും. എതിരെ അവൾ വരുമെന്ന് അവർ പ്രതീക്ഷിച്ചില്ല. അകലെ നിന്നും ഒരു കാഴ്ച അതായിരുന്നു ശിവൻകുട്ടിയുടെ മനസ്സിൽ.
അവളും അവരെ കണ്ടു. നേരെ അവളെ കണ്ടപ്പോൾ ശിവൻകുട്ടിയുടെ നെഞ്ചിൽ കിന്റൽ കണക്കിന് ഭാരം കയറ്റി വച്ചതുപോലെ ഒരു തിക്കുമുട്ടൽ. ചങ്കിനുള്ളിൽ ചൂണ്ടക്കൊളുത്തു് ഇട്ടു ഉടക്കി വലിക്കുന്നതുപോൽ ഒരു വേദന.
തൊട്ടടുത്തായി അവൾ എത്തി
"എന്താ റോസി സുഖമാണോ ? " എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് വിചാരിച്ചു മത്തായി ചോദിച്ചു . അവളുടെ നേരെ നോക്കാനുള്ള വിഷമം മൂലം മറു വശത്തെ കാഴ്ച കളിലേക്ക് ശിവൻകുട്ടി മുഖം തിരിച്ചു.
"എന്നോട് വെറുപ്പാണോ ശിവൻകുട്ടി ?" റോസി
ഒരു ഞെട്ടലോടെ അവൻ തിരിഞ്ഞു.
"അല്ല" അവളുടെ മുഖത്തേക്ക് നോക്കിയ ശിവൻകുട്ടി സജലങ്ങളായ ആ വിടർന്ന കണ്ണുകളാണ് കാണുന്നത് .
അവൾക്കു എന്തോ പറയാൻ ഉണ്ടെന്നു തോന്നിയ മത്തായി മുന്നോട്ടു കയറി അവരുടെ അടുത്ത് നിന്നും നടന്നു മാറി.
"എന്നെ ഈ നരകത്തീന്നു എങ്ങോട്ടെങ്കിലും കൊണ്ടുപോകുവോ ?!!" ഒരു പൊട്ടിക്കരച്ചലിന്റെ അകമ്പടിയോടെ റോസി ചോദിച്ചു.
"ഞാൻ .... ഞാ.." എന്ത് പറയണമെന്ന് അറിയാതെ അവൻ വിക്കി.
അവളുടെ ദുരിതങ്ങളുടെ ഒരു മലവെള്ള പാച്ചിലാണ് പിന്നാലെ വന്നത്
"ഞാൻ അധികകാലം ഇവിടെ ജീവിക്കില്ല എന്ത് ചെയ്യണമെന്ന് എനിക്കറിയാം. ഞാൻ ചാകും ശിവൻകുട്ടി ചാകും" റോസി ഏങ്ങലടികളോടെ പറഞ്ഞു
"ഏയ് നീ ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കാതേ നമുക്ക് പരിഹാരം ഉണ്ടാക്കാം. നീ ഇപ്പൊ വീട്ടിൽ പോ " ഒരുവിധത്തിൽ റോസിയെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു. അവൾ വീട്ടിലേക്കു നടന്നു പോകുന്നത് നോക്കി അവൻ നിന്നു. പിന്നിൽ നിന്നും വെള്ള ഉടുപ്പിൽ ബക്കറ്റും തൂക്കി അവൾ നടന്നുപോകുന്ന കാഴ്ച രവിവർമ ചിത്രം പോൽ മനോഹരമായിരുന്നു.
"ഇങ്ങു വേഗം വന്നേടാ " മത്തായിയുടെ വിളികേട്ടാണ് അവൻ തിരിയുന്നത്
കുറച്ചു ദൂരെയായി ഒരു ചെറിയ പാറയുടെ മുകളിൽ കാലിന്റെ പാദത്തിൽ പിടിച്ചുകൊണ്ട് മത്തായി ഇരിക്കുന്നു
"എന്ത് പറ്റിയെടാ ?" മത്തായിയുടെ അടുത്തേക്ക് ഓടി ചെന്നുകൊണ്ടു ചോദിച്ചു
"നിങ്ങളെ നോക്കിക്കൊണ്ടു നടന്നതാ കാല് തെറ്റി. ഉളുക്കിയെന്നാ തോന്നുന്നേ "
"നടക്കാവോ ?"
"കഷ്ടി "
"എന്നാ പയ്യെ നമുക്ക് അമ്മാവന്റെ വീട്ടിലേക്കു പോകാം. അവിടെ കുഴമ്പു കാണും "മത്തായിയെ താങ്ങിക്കൊണ്ടു ശിവൻകുട്ടി പറഞ്ഞു
സമയം രാത്രി പത്തുമണി ആകുന്നു
ഉളുക്കിയ കാലിൽ കുഴമ്പൊക്കെ ഇട്ടു തിരുമ്മി കട്ടിലിൽ ചാരി കിടക്കുന്ന മത്തായിയെ നോക്കി ശിവൻകുട്ടി പറഞ്ഞു
"പാതിരാ ആകുമ്പോഴേക്കും നിലാവ് ഉദിക്കും അതിനു മുൻപ് ഞാൻ ഒന്ന് കറങ്ങിയേച്ചും വരാം എന്തെങ്കിലും കുട്ടുമോ എന്ന് നോക്കാം ?"
"നീ തന്നെയോ ? അമ്മാവനെ കൂടെ കൂട്ടാടാ ! അല്ലെ ഞാൻ വരാം എനിക്ക് വെല്യ കുഴപ്പമൊന്നും ഇല്ല "
"വേണ്ടടാ അമ്മാവനെ ഈ വയസനാം കാലത്തു മേട്ടേക്കൂടെ നടത്താത്തതിന്റെ കുറവേ ഉള്ളൂ. ഞാൻ തന്നെ പൊയ്ക്കോളാം " ഹെഡ് ലൈറ്റ് തലയിലുറപ്പിച്ചു കൊണ്ട് ശിവൻകുട്ടി പറഞ്ഞു
തന്റെ കത്തിയും തോൾ സഞ്ചിയും എടുത്തു യഥാസ്ഥാനങ്ങളിൽ ഉറപ്പിച്ചതിനു ശേഷം കുഴലും എടുത്തു ശിവൻകുട്ടി ഇരുട്ടിലേക്ക് ഇറങ്ങി. അവന്റെ പോക്ക് നോക്കി കിടന്ന മത്തായിക്ക് എന്തോ ഒരു വല്ലായ്മ മനസ്സിൽ തോന്നി
'അവനെ തന്നെ വിടണ്ടായിരുന്നു!' മത്തായി പിറുപിറുത്തുകൊണ്ട് കണ്ണുകൾ അടച്ചു
കുറെ നോരമായ നടപ്പിന് അറുതി വരുത്തിക്കൊണ്ട് ശിവൻകുട്ടി ഒരു പാറപ്പുറത്ത് ഇരുന്നു. തന്റെ അടുത്തായി തോക്കു ചാരി വച്ചു കൊണ്ട് മടിയിൽ നിന്നും ഒരു ബീഡി എടുത്തു കൊളുത്തി.
'ശ്ശേ വെറുതെ നടന്നത് മാത്രം മിച്ചം ' യാതൊന്നിനെയും കാണാത്തതിലുള്ള വിഷമത്തോടെ കൈ ചുരുട്ടി പാറപ്പുറത്ത് പതിയെ ഇടിച്ചുകൊണ്ടു അവൻ പിറുപിറുത്തു.
കിഴക്കുനിന്നും ചന്ദ്രൻ ഉദിച്ചു വരുന്നതിന്റെ രാശി കിഴക്കൻ മാനത്താകെ പടർന്നിരിക്കുന്നു. അകലെ എവിടേയോ നിന്നും പട്ടികൾ നീട്ടി ഓലിയിടുന്ന ഒച്ച."കൊത്തിച്ചുടും കൊത്തിച്ചുടും " എന്ന കാലൻ കോഴിയുടെ കരച്ചിലും അന്തരീക്ഷത്തിൽ ഇടയ്ക്കിടെ മുഴങ്ങുന്നു. നിലാവ് നന്നായി തെളിഞ്ഞു. നിലാവത്തു മദാലസ ഭാവത്തിൽ നിൽക്കുന്ന പ്രകൃതിയെ അവൻ നോക്കി. അവന്റെ നോട്ടം പതിയെ റോസിയുടെ വീടിന്റെ ഭാഗത്തേക്ക് നീണ്ടു.
ആദ്യ നോട്ടത്തിൽ തന്നെ അവൻ ഞെട്ടിപ്പോയി . റോസിയുടെ വീടിന്റെ പിൻ ഭാഗത്തു കൂടെ മലയുടെ നേരെ ഒരു വെളുത്ത രൂപം നടന്നു പോകുന്നു. ഒരിക്കൽ കൂടെ സൂക്ഷിച്ചു നോക്കിയ അവന് അതൊരു സ്ത്രീ രൂപമാണ് എന്ന് പിടികിട്ടി.
"എന്റെ ദൈവമേ റോസി. അവൾ പകൽ പറഞ്ഞത് പോലെ പണി പറ്റിക്കുകയാണോ ?"
ആ രൂപത്തിന് നേരെ അവൻ ലൈറ്റ് അടിച്ചു നോക്കി. എന്നാൽ വെളിച്ചം അത്രത്തോളം എത്താത്തതോ എന്തോ അവന് ഒന്നും കാണാൻ പറ്റിയില്ല.
വെപ്രാളത്തോടെ ചാടിയെണീറ്റു തോക്കുമെടുത്ത് റോസ്സി കയറി വരുന്ന ഭാഗത്തെ ലക്ഷ്യമാക്കി അവൻ വേഗം നടന്നു.
അവൻ ഓടിയും നടന്നുമായി മുകളിലെത്തുമ്പോൾ 'റോസ്സി' പാറക്കെട്ടിന്റെ വിളുമ്പിലായി പാണ്ടിപ്പാറയുടെ ഭാഗത്തേക്ക് നോക്കി നിൽക്കുകയാണ്. അന്തരീക്ഷത്തിനു നല്ല തണുപ്പ്. ആ തണുപ്പുകൊണ്ടോ സാഹചര്യം കൊണ്ടോ എന്തോ ശിവന്കുട്ടിയെ വിറക്കുന്നുണ്ടായിരുന്നു.ഒരു അമ്പതു അടി അകലമേ ഇപ്പോൾ അവർ തമ്മിലുള്ളൂ. ശിവൻകുട്ടി ലൈറ്റ് അവളുടെ നേരെ അടിച്ചു.ലൈറ്റ് വെട്ടത്തിൽ അഴകൊത്ത അവളുടെ പിൻഭാഗം തെളിഞ്ഞു. അഴിച്ചിട്ടിരിക്കുന്ന മുടി പനംകുല പോലെ നിദംബത്തെ മറച്ചു കിടക്കുന്നു.
"റോസ്സി റോസ്സി " അവൻ വിളിച്ചു. ഒരു അനക്കവും ഇല്ല.
"റോസി നീ ചാടിയാൽ കൂടെ ഞാനും ചാടും. ഉറപ്പാണ്. നീ എന്റെ നേരെ തിരിയു. നീ അവിവേകം കാണിക്കല്ലേ ഞാൻ നിന്നെ ഇവിടെ നിന്നും കൊണ്ട് പൊയ്ക്കൊള്ളാം. ദയവായി നീ ഒന്ന് ഞാൻ പറയുന്ന കേൾക്കു " ശിവൻകുട്ടി പറഞ്ഞു നിർത്തി.
"ഹൂം..." എന്ന ഒരു മുരൾച്ചയോടെ ആ രൂപം അവന്റെ നേരെ വട്ടം തിരിഞ്ഞു. ആ തിരിഞ്ഞ രൂപത്തെ കണ്ട ശിവൻകുട്ടിയുടെ ഉള്ളിൽ നിന്നും അറിയാതെ ഒരു കാറിച്ച പുറത്തുവന്നു. ലൈറ്റ് വെട്ടത്തിൽ ചുമന്നു തിളങ്ങുന്ന രണ്ടു കണ്ണുകൾ. മുഖം മൊത്തമായും ചീഞ്ഞു പഴുത്തളിഞ്ഞു ചലവും പഴുപ്പും ഒലിച്ചു മാറിടത്തിലേക്കു വീണു പടർന്നൊഴുകുന്നു. അളിഞ്ഞു തൂങ്ങിയ ചൊടികൾക്കിടയിൽ വികൃതമായ രീതിയിൽ ഇളിച്ചു നിൽക്കുന്ന പല്ലുകൾ. ഈ രൂപം കണ്ട് ഇതികർത്തവ്യതാമൂഢനായി നിന്നുപോയ ശിവന്കുട്ടിയെ ലക്ഷ്യമാക്കി ആ രൂപം മുന്നോട്ടു നീങ്ങി.
പെട്ടന്ന് തന്നെ സ്വബോധത്തിലേക്ക് വന്ന ശിവൻകുട്ടി. തന്റെ തോക്ക് അതിന്റെ നേരെ ചൂണ്ടി. ഈരാറ്റുപേട്ടയിൽ നിന്നും തങ്ങൾ ഓതി തന്ന തകിട് കൂട്ടി മുറുക്കിയിരിക്കുന്ന തന്റെ തോക്കിൽ നിന്നും ഇത്തരം അതിമാനുഷിക രൂപങ്ങൾക്കു നേരേ വെടി പൊട്ടിച്ചാൽ ആ ശബ്ദം എത്രത്തോളം അകലെ പോകുമോ അത്രയും അകലെ ആ രൂപങ്ങളും തെറിച്ചുപോയതിനു ശേഷം മാത്രമേ അതിനു തിരിച്ചു വരാൻ പറ്റൂ എന്ന് ശിവൻകുട്ടിക്കു അറിയാമായിരുന്നു. തനിക്കു ഓടാനുള്ള വഴിയുടെ അടുത്തെത്തുന്നിടം വരെ അവൻ ആ രൂപത്തിനെ നോക്കിക്കൊണ്ടു തന്നെ പിന്നോട്ട് അടി വച്ചു.
"അപ്പൊ ശരി നീ നിന്റെ വഴിക്കു പോടീ പൂമോളെ " എന്ന് ആലറിക്കൊണ്ട് ശിവൻകുട്ടി കാഞ്ചി വലിച്ചു.
അവിടം മുഴങ്ങുന്ന ഒച്ചയോടു കൂടി വെടി പൊട്ടി. ആ ഒപ്പം തന്നെ ശിവൻകുട്ടി താഴേക്കു ചാടി ഓടി.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന മത്തായി ആ വെടി ഒച്ച കേട്ട് ചാടി എഴുന്നേറ്റു.
"അമ്മാവാ അമ്മാവാ അതത്ര പന്തിയുള്ള വെടിയല്ലല്ലോ " കാലിന്റെ വേദന പോലും വകവയ്ക്കാതെ പുറത്തേക്കു ഇറങ്ങി നോക്കിയ മത്തായി അകലെയായി കുന്നിൻ മുകളിലൂടെ വേഗത്തിൽ ചലിക്കുന്ന ലൈറ്റ് വെട്ടം കണ്ടു.
"അമ്മാവാ പ്രശനമാ " ഒറ്റ ചാട്ടത്തിനു പുരക്കകത്തു കയറി തന്റെ തോക്കും സഞ്ചിയുമെടുത്തുകൊണ്ടു കാലിന്റെ വേദന വകവയ്ക്കാതെ മത്തായി ശിവൻകുട്ടി വരുന്ന ഭാഗത്തെ ലക്ഷ്യമാക്കി ഓടി.
മലയുടെ താഴ്ഭാഗത്തെ ലക്ഷ്യമാക്കി ഓടിവന്നു കൊണ്ടിരുന്ന ശിവൻകുട്ടി തലക്കിട്ടു ശക്തമായി കിട്ടിയ ഒരടിയുടെ ഊക്കിൽ തെറിച്ചു വീണു. ഹെഡ് ലൈറ്റ് കൂട്ടി കിട്ടിയ അടിയായതുകൊണ്ടു കാര്യമായി ഏറ്റില്ല എങ്കിലും മുൻപിൽ നിന്നും ഉള്ള മുരൾച്ചയിൽ താൻ കരടിയുടെ മുൻപിലാണ് പെട്ടതെന്നു അവനു പിടികിട്ടി.
തന്റെ മുൻപിലായി കൈകൾ വിരിച്ചുകൊണ്ട് ആടിയാടി നിൽക്കുന്ന ആ കറുത്ത രൂപത്തിനെ ശിവൻകുട്ടി കണ്ടു.ഒരു കൈ കുത്തി എഴുന്നേൽക്കുന്നതിനിടയിൽ വലതു കൈകൊണ്ടു തന്റെ കത്തി വലിച്ചെടുത്തു കൊണ്ട് ശിവൻകുട്ടി നിവർന്നു . എഴുന്നേറ്റു ശിവൻകുട്ടി നേരെ നിൽക്കുന്നതിനു മുന്നേ തന്നെ അത് അവനെ മുച്ചൂടും കെട്ടിപ്പിടിച്ചു. തന്റെ കൈപ്പലകമേൽ കരടിയുടെ നഖം കുത്തിയിറങ്ങുന്നതു അവൻ തിരിച്ചറിഞ്ഞു നെറ്റിയുടെ മുകള്ഭാഗത്തായി അതിന്റെ പല്ലുകളും. വലതു കയ്യിൽ പിടിച്ചിരുന്ന കത്തി ഒള്ള ആരോഗ്യത്തിനു ആ ജന്തുവിന്റെ ചങ്കിലായി ശിവൻകുട്ടി ആഞ്ഞു കുത്തിയിറക്കി. മരണ വെപ്രാളത്തോടെ അലറിക്കൊണ്ട് കരടി അതിന്റെ പിടി അയച്ചു. ശിവൻകുട്ടി കത്തയിലെ പിടി മുറുക്കികൊണ്ട് കത്തി തിരിച്ചു. ഒരിക്കൽ കൂടി അലറിക്കരഞ്ഞു കൊണ്ട് അത് ശിവന്കുട്ടിയെയും കൊണ്ട് മറിഞ്ഞു വീണു. മരണ വെപ്രാളത്തോടെ പിടക്കുന്ന അതിന്റെ പിടിയിൽ നിന്നും ഒരുവിധത്തിൽ ഇഴഞ്ഞു മാറിയ ശിവൻകുട്ടി എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നാൽ ഒന്ന് ആടിയശേഷം പുല്ലിലേക്കു അവൻ മലർന്നു വീണു.
തന്റെ ഓട്ടത്തിനിടക്ക് ഈ അലർച്ചയും ബഹളവും മത്തായി കേൾക്കുന്നുണ്ടായിരുന്നു . ആ ശബ്ദത്തെ ലക്ഷ്യമാക്കി ഓടുന്നതിനിടയിൽ തന്നെ തന്റെ തോൾ സഞ്ചിയിൽ നിന്നും പ്രത്യേക ആകൃതി ഉള്ള ഒരു വെടിയുണ്ട തപ്പിയെടുത്തു കുഴലിലിട്ടു. തടയായി ശകലം പഴംതുണിയും കുഴലിലേക്കു ഊരിയെടുത്ത അച്ചു കമ്പി കൊണ്ട് കുത്തിയിറക്കി. ഒരു കയ്യിൽ തോക്കും മറുകയ്യിൽ അച്ചു കമ്പിയുമായി ശിവൻകുട്ടി യുടെ അടുത്തേക്ക് ഓടിയെത്തുന്ന മത്തായി ശിവൻകുട്ടിയുടെ നെറ്റിയിൽ കെടാതെ നിൽക്കുന്ന ലൈറ്റ് വെട്ടത്തിൽ കാണുന്നത് അവന്റെ നേരെ നടന്നടുക്കുന്ന ആ പൈശാചിക രൂപത്തിന്റെ മുഖമാണ്.
"ഹേയ് ഇവടെ " തന്റെ തോക്ക് മുഖത്ത് പൂട്ടിക്കൊണ്ട് മത്തായി അലറി. അവന്റെ അലർച്ച കേട്ട ആ രൂപം തല ഉയർത്തി മത്തായിയെ നോക്കി.
"നിന്നെ പ്രതീക്ഷിച്ചാടി ഞാൻ വന്നേ. പണ്ട് നീ എനിക്കട്ട് ഒന്ന് ഒലത്തിയാരുന്നു. അന്ന് മുതൽ നിന്നെ നോക്കി ഞാൻ നടക്കുവായിരുന്നെടി " പറഞ്ഞു തീർന്നതിനൊപ്പം മത്തായി കാഞ്ചി വലിച്ചു. വെടിയൊച്ചയോടൊപ്പം വലിയ ഒരു അലർച്ചയും. ഇടി മിന്നൽ പോലൊരു വെളിച്ചവും.നിമിഷനേരം കൊണ്ട് എല്ലാം കഴിഞ്ഞു. നിശബ്ദം.
ഓടി ശിവൻകുട്ടിയുടെ അടുത്തെത്തി അവനെ താങ്ങി ഏൽപ്പിച്ചു കൊണ്ട് മത്തായി പറഞ്ഞു
"വെള്ളച്ചി യക്ഷി ആയിരുന്നെടാ. അന്നവൾ ഞങ്ങളെ ഓടിച്ചതില്പിന്നെ ഞാൻ അരിയത്ര പള്ളിയിൽ പോയി അച്ഛനെ കണ്ടു വെഞ്ചിരിച്ചു മേടിച്ച ഈയ കുരിശ് ഉരുക്കി ഒരു വെടിയുണ്ട ഉണ്ടാക്കി ഞാൻ ഇവൾക്കായി കരുതിയിട്ടുണ്ടായിരുന്നു. "
"നീ ഒരു ബീഡി ഇങ്ങു കത്തിച്ചേ. എന്നിട്ടു ആ കരടിയെ എന്ത് ചെയ്യണമെന്ന് പറ " തന്റെ മുഖത്തു കൂടി ഒഴുകി വന്ന ചോര തുടച്ചുകൊണ്ട് ശിവൻകുട്ടി പറഞ്ഞു
"കരടിയോ ?"
"ഹ! ഹ! ഹ! " അകലെനിന്നും ആളുകൾ വരുന്നതിന്റെ ലൈറ്റ് വെട്ടത്തിലേക്കു നോക്കിക്കൊണ്ടു ശിവൻകുട്ടി പൊട്ടിച്ചിരിച്ചു. മത്തായിയിയും അവന്റെ കൂടെ കൂടി

പാതിരാത്രിയിലെ അലക്കുകാർ

 


90 കാലഘട്ടം

"നിന്നെ ഈ വഴിക്കൊക്കെ കണ്ടിട്ട് എത്ര നാളായെടാ ? ഞാനോർത്തു നീ ഈവഴിയൊക്കെ മറന്നെന്ന് !" കുറെ നാളുകൂടി അമ്മാവന്റെ വീട്ടിലെത്തിയതാണ് അപ്പൊ അമ്മായിയുടെ വക സ്വാഗത വചനങ്ങൾ
"ഓഹ് എന്നാ പറയാനാന്നെ സമയം കിട്ടുന്നില്ല അമ്മായി ഓരോരോ തിരക്കുകൾ " ഞാൻ
"പിന്നെ ചേട്ടായിക്കെന്നാ തിരക്കാ പണ്ടാരാണ്ടും പറഞ്ഞപോലെ പട്ടിക്കിരിക്കാൻ നേരമില്ല പട്ടി നടന്നിട്ട് ഒരു കാര്യോം മില്ല എന്ന പോലെ തെക്കുവടക്കു നടക്കുവാ അമ്മെ " അമ്മാവൻറെ മോള് എന്നെക്കാളും മൂന്ന് മാസം മാത്രം ഇളയവൾ എന്നാലും ഞാൻ പേടിപ്പിച്ചു ചേട്ടായി എന്ന് വിളിപ്പിക്കുന്ന സിനി
കുറെ നാൾകൂടി ചെല്ലുന്നതിനാൽ കൊച്ചു വർത്തമാനവും വീട്ടുവിശേഷവും എല്ലാമായി നേരം പോയതറിഞ്ഞില്ല. സന്ധ്യ ആകാറായപ്പോഴേക്കും അമ്മാവനും സാബു ചേട്ടായിയും വന്നു.
മുൻവശം കിഴക്കോട്ട് ചരിവായ ഒരു മലയുടെ ചരുവിൽ ആണ് അമ്മാവന്റെ വീട്. വീടിരിക്കുന്നിടത്തുനിന്നും രണ്ടു വശത്തേക്കും ചെറിയ ചരിവ് ഉണ്ട് . ഇടതു ഭാഗത്തു കൂടെ ഒരു കുഞ്ഞരുവി താഴേക്ക് ഒഴുകുന്നുണ്ട്. അതിന്റെ കളകളാരവം എപ്പോഴും അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കും. ആതോട്ടിൽ ആണ് കുളിയും അലക്കും എല്ലാം. അതിനപ്പുറം കുറ്റിക്കാടുകൾ നിറഞ്ഞ മലചെരിവുകൾ ആണ്. ഞങ്ങൾ മൂന്നും കൂടി വീടിനടുത്തുള്ള പാറപ്പുറത്തിരുന്നു കൊച്ചുവാർത്തമാനങ്ങൾ പറഞ്ഞു നേരം പോക്കുകയാണ് .
"എടാ എനിക്ക് ഒന്ന് കുളിക്കണം. നീ വരുന്നുണ്ടോ ?" അങ്ങ് അകലെയായി മൂന്നാർ മലനിരകൾ അസ്തമയ സൂര്യന്റെ ചെങ്കതിർ ഏറ്റ് കൂടുതൽ വശ്യ സുന്ദരിയായി തിളങ്ങിനിൽക്കുന്ന കാഴ്ച നോക്കി ഇരുന്ന എന്നോടായി ചേട്ടായി ചോദിച്ചു.
"ങാ പോയേക്കാം "
ഞങ്ങൾ സോപ്പും തോർത്തും എടുത്തുകൊണ്ട് അരുവിയിലേക്കും സിനി അമ്മായിയെ സഹായിക്കാൻ അടുക്കളയിലേക്കും നടന്നു .
കണ്ണീർ പോലെ തെളിഞ്ഞ വെള്ളവുമായി പാറയിടുക്കുകളിലൂടെ തട്ടിച്ചിതറി ഒഴുകുന്ന കൊച്ചരുവി. ഞങ്ങൾ കുളിക്കുവാൻ വന്നിരിക്കുന്നിടത്തു ചെറിയ ഒരു കുഴിയുണ്ട് ഒരു പത്തിരുപത് അടി ചുറ്റളവിൽ വെള്ളം തടഞ്ഞു നിൽക്കുന്നു. മുകളിലെ പാറമേൽ നിന്നും പാൽ പോലെ പതഞ്ഞൊഴുകി വന്ന് ചാടുന്ന വെള്ളം. അതിന്റെ ഓരത്തായി ഒരു പരന്ന കല്ലും കാലങ്ങളായി അലക്ക് അതിന്മേലാണ് എന്ന് അതിന്റെ മിനുമിനുപ്പിൽ നിന്നും അറിയാം. ഐസ് പോലെ തണുത്ത ആ വെള്ളത്തിൽ ഞാനും ചേട്ടായിയും കുളിയൊക്കെ കഴിഞ്ഞു തണുത്തു വിറച്ചു വീട്ടിലേക്ക് മടങ്ങി.
അത്താഴം കഴിഞ്ഞു. പതിയെ കിടക്കാനുള്ള പരിപാടി ആരംഭിച്ചു. ചേട്ടായിയുടെ ഒപ്പം ആണ് എന്റെ സീറ്റ്. ജനലിനോട് ചേർത്തിട്ടിരിക്കുന്ന കട്ടിൽ. ചേട്ടായി തൻ്റെ റേഡിയോ എടുത്തു ഏതെല്ലാമോ ചാനലുകൾ ടൂൺ ചെയ്‌തു. പഴയകാല ഹിന്ദി പാട്ടുകൾ വച്ചു . കിഷോർ കുമാറും ലതാമങ്കേഷ്കറും കാതുകൾക്ക് ഇമ്പവും മനസ്സിന് നൊസ്റ്റാൾജിയയും സമ്മാനിച്ചുകൊണ്ട് അന്തരീക്ഷത്തിൽ അലയടിച്ചു.
"തും ആഗയാ ഹോ നൂർ ആഗയാ ....."
"യെ ദിൽ തും ബിൻ ലഗ്ത്ത നഹീൻ ...."
അങ്ങകലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി വന്നതുപോലെ മൂന്നാർ പള്ളിവാസൽ ഭാഗത്തു ഇലക്ട്രിക് ലൈറ്റുകൾ തെളിഞ്ഞു നിൽക്കുന്നത് ജനനിലൂടെ കണ്ടുകൊണ്ട് ഞാൻ കിടന്നു.
എന്തോ ഒച്ചകേട്ട് ഞാൻ ഞെട്ടിയുണർന്നു . എല്ലാവരും നല്ല ഉറക്കം. ആരോ അലക്കുന്നത് പോലെ ഉള്ള ശബ്ദം. കൂടുതൽ ശ്രദ്ധിച്ചപ്പോൾ അപ്പുറത്തെ കുളിക്കടവിൽ നിന്നുമാണ്. ഒന്നോ രണ്ടോ പേർ അലക്കുന്ന ഒച്ച നന്നായി കേൾക്കാം. എന്തെല്ലാമോ സംസാരിക്കുന്നത് പോലെയും അവ്യക്തമായി കേൾക്കാം.
"ഇതേതു പൂമക്കളാ ഈ പാതിരായ്ക്ക് മനുഷ്യന്റെ ഉറക്കം കളയാനായിട്ട് " പിറുപിറുത്തുകൊണ്ട് ഞാൻ ചേട്ടായിയെ പതിയെ കുലുക്കി വിളിച്ചു.
"എന്താടാ "
"അതാരാ ഈ പാതിരായ്ക്ക്‌ അലക്കുന്നേ ?"
അപ്പോഴാണ് ചേട്ടായിയും ആ ശബ്ദം ശ്രദ്ധിക്കുന്നേ
"അവിടെ നമ്മളല്ലാതെ ആരും വരുന്നതല്ലല്ലോ !! ആരാണെന്നു നോക്കാം " സാബു ചേട്ടായി
അധികം ഒച്ചയുണ്ടാക്കാതെ ഞങ്ങൾ ലൈറ്റും എടുത്തുകൊണ്ട് മുറ്റത്തിറങ്ങി. ഇപ്പോൾ നന്നായിട്ട് കേൾക്കാം അലക്കുന്ന ഒച്ച. കുളിക്കടവിന്റെ ഭാഗത്തേക്ക് ചേട്ടായി ലൈറ്റ് അടിച്ചു. ഒന്നും കണാനില്ല പാറക്കെട്ടുകളും വെള്ളവും മാത്രം. അതെ നിമിഷം തന്നെ പിടിച്ചു കെട്ടിയത് പോലെ അലക്കിന്റെ ഒച്ചയും നിന്നു.നിശബ്ദം . വെള്ളമൊഴുകുന്ന ഒച്ച മാത്രം.
"നമ്മുക്ക് തോന്നിയതാണോടാ ?"
"ഏയ് രണ്ടുപേർക്കും ഒരുപോലെ എങ്ങനെ തോന്നും ? നമുക്ക് അൽപനേരം കാത്തിരിക്കാം "ഞാൻ
ഞങ്ങൾ ലൈറ്റ് കെടുത്തി മുറ്റത്തിനടുത്തുള്ള ചെറിയ പാറപ്പുറത്ത് കയറി ചെവികൂർപ്പിച്ചു വച്ചിരുന്നു. ഒരു പത്തു പതിനഞ്ചു മിനിറ്റു കടന്നു പോയി. ദാ വീണ്ടും അലക്കുന്ന ഒച്ച.
"നമുക്ക് അങ്ങോട്ട് പോയി നോക്കാം " ചേട്ടായി
ഞങ്ങൾ പതിയെ ലൈറ്റ് തെളിക്കാതെ കുളിക്കടവിനെ ലക്ഷ്യമാക്കി നീങ്ങി. അങ്ങോട്ട് അടുക്കും തോറും ഒച്ച കൂടിക്കൂടി വന്നു. അതോടൊപ്പം ആരെല്ലാമോ അവ്യക്തമായ ഭാഷയിൽ സംസാരിക്കുന്ന ശബ്ദവും
കുളിക്കടവിന്റെ തൊട്ടടുത്തായി എത്തിയതേ ചേട്ടായി അലക്കു കല്ലിലേക്ക് ലൈറ്റ് അടിച്ചു. ആ നിമിഷം തന്നെ ഒച്ച നിന്നു. എന്താണെന്ന് പിടികിട്ടാത്ത എന്നെ ആലില പോലെ വിറക്കാൻ തുടങ്ങി.
"ഏതു പൂ....മോനാടാ ഇവിടെ അലക്കുന്നേ " ചേട്ടായി ആരോടെന്നില്ലാതെയും ഭയത്തോടും കൂടി ഉറക്കെ ചോദിച്ചു.
ആ നിമിഷം തന്നെ ആകാശത്തുനിന്നും വലിയ കല്ല് വന്ന് വെള്ളത്തിൽ വീണതുപോലെ, അവിടെ കെട്ടിക്കിടന്ന വെള്ളം മുകളിലേക്ക് ഉയർന്നു ചിതറി. വല്ലാത്ത ശബ്ദത്തിൽ ചീറ്റുന്നതും അലറുന്നതുമായ സ്വരം അവിടമാകെ മുഴങ്ങി. ചുറ്റുമുള്ള പള്ളകളും കാടുകളും കൊടുംകാറ്റിലെന്നവണ്ണം അടി ഉലഞ്ഞു. വലിയ ഒരു അലർച്ചയോട് കൂടി പെട്ടന്ന് അതെല്ലാം കെട്ടടങ്ങി. എൻ്റെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി.
പിന്നീട് ഞാൻ ഉണരുമ്പോൾ വീടിൻറെ തിണ്ണയിലാണ്. അമ്മാവനും കരഞ്ഞു കൊണ്ട് അമ്മായിയും സിനിയും നനഞ്ഞു കുളിച്ചു വിറച്ചുകൊണ്ട് ചേട്ടായിയും എൻ്റെ ചുറ്റുമുണ്ട്.ഞാൻ പതിയെ എഴുന്നേറ്റിരുന്നു.
"എന്താ ചേട്ടായി പറ്റിയത് ?" തൊണ്ടയിൽ നിന്നും വിറച്ചുകൊണ്ട് എന്റെ ശബ്ദം പുറത്തു വന്നു
"നിങ്ങളാ ഒച്ച കേട്ടു അല്ലെ ?" അമ്മാവനാണ് മറുപടി തന്നത്.
"എന്നെ വിളിക്കാമായിരുന്നു! എന്തായാലും ഒന്നും പറ്റിയില്ലല്ലോ പോട്ടെ സാരമില്ല " അമ്മാവൻ തന്നെ തുടർന്നു
"അതെന്താ അമ്മാവാ ?" ഞാൻ
"അതെന്താണെന്ന് എനിക്കും അറിയില്ല. പണ്ടുമുതൽ ചില ദിവസങ്ങളിൽ. അലക്കും കുളിയും. ഞാൻ ഇവിടെ വന്നയിടക്ക് കേൾക്കാറുണ്ടായിരുന്നു. നിങ്ങളുടെ അതെ അനുഭവം ഞങ്ങൾക്കും ഉണ്ടായതാണ് . അന്ന് ഞാൻ പള്ളിയിൽ നിന്നും അച്ഛനെ വിളിച്ചുകൊണ്ട് വന്നിരുന്നു. അന്ന് അച്ചൻ പറഞ്ഞായിരുന്നു അത് നമ്മൾ ശ്രദ്ധിക്കേണ്ടന്നു. അവരെന്തെലും ചെയ്തിട്ട് പൊക്കോട്ടെ എന്ന് . നമ്മൾക്ക് ഉപദ്രവം ഇല്ലാത്തിടത്തോളം കാലം നമ്മളും അവരുടെ കാര്യത്തിൽ ഇടപെടണ്ടാ എന്ന്. എന്താണെന്നു അച്ചനും തെളിച്ചു പറഞ്ഞില്ല. എങ്കിലും ഇനി ഈ വീട്ടിലുള്ളവർ ആ ഒച്ച കേൾക്കില്ല അതിനുള്ളത് ചെയ്തിട്ടുണ്ട് എന്നും പറഞ്ഞാണ് അന്ന് അച്ചൻ പോയത് " അമ്മാവൻ ഒന്ന് നിർത്തി വീണ്ടും തുടർന്നു.
"നീ പുറത്തു നിന്നും വന്നതല്ലേ അതാ നീ കേട്ടത്. ഇനി പേടിക്കേണ്ട അത് ഉപദ്രവിക്കില്ല. പോയി കിടന്നോ."
കിടപ്പു ഞാൻ ജനലിന്റെ അടുക്കൽ നിന്നും മാറ്റി ചേട്ടായിയെ അവിടെ കിടത്തി.
"ചേട്ടായിമാരെ ഞാൻ നിങ്ങളുടെ നടുക്കെ കിടക്കൂ.എനിക്ക് പേടിയാ !! "സിനിയുടെ ഒച്ച. പറച്ചിലും ഞങ്ങളുടെ നടുക്കലേക്കു അവളുടെ നുഴഞ്ഞു കേറ്റവും ഒരുമിച്ചായിരുന്നു
ഇപ്പോഴും അതെന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. നമ്മളറിയാതെ എന്തെല്ലാം ഈ ലോകത്തു കാണും
Related Posts with Thumbnails