പേജുകള്‍‌

Monday, July 19, 2021

പാമ്പുകള്‍- മണിനാഗം, കുന്നി, കരിവിഷല (3)

 


ഉടുമ്പന്നൂർ ഇടുക്കി ജില്ലയിലെ ലോറേഞ്ചിലെ ഒരു ചെറിയ പട്ടണം. കുടിയേറ്റ കാലത്തു ഹൈറേഞ്ചിന്റെ കവാടങ്ങളിൽ ഒന്ന്. ഉടുമ്പന്നൂർ - മണിയറൻകുടി  കാനന പാതയിലൂടെ തലച്ചുമടായി അവശ്യ വസ്തുക്കളും ഭാര്യയും കുട്ടികളുമായി ആയിരങ്ങൾ ഹൈറേഞ്ചിലേക്കു പുതു പുലരിയുടെ സ്വപ്നവും കണ്ടു കൊണ്ട് നടന്നു കയറി. ഇന്നും ഉടുമ്പന്നൂർ - മണിയറൻകുടി കാടിന് നാടുവിലൂടുള്ള ഓഫ് റോഡായി നിലനിൽക്കുന്നു. ഈ തവണ ആ റോഡിനു ഒരു ശാപ മോക്ഷം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

കരിവിഷല

ഈ കഥയിൽ പറയുന്ന പാമ്പ് കരിവിഷല ആണെന്ന് പറയപ്പെടുന്നു. അതോ മറ്റേതെങ്കിലും പാമ്പാണോ എന്നും അറിയില്ല കാരണം കരിവിഷല വിഷമുള്ള പാമ്പാണ് എന്നാണ് വിശ്വാസം.

 ഉടുമ്പന്നൂർകാരായ  ചാക്കോയും മത്തായിയും സഹോദരങ്ങൾ എന്നതിലപ്പുറം ഒരു മനസ്സും രണ്ട് ശരീരവും എന്ന് പറയുന്നതാണ് ശരി. എല്ലാ കുരുത്തക്കേടുകളും രണ്ടെണ്ണവും ഒരുമിച്ചേ ഒപ്പിക്കൂ. വിരിഞ്ഞ ചങ്കും തീരെ ഒതുങ്ങിയ അരക്കെട്ടും ഉള്ള അവരെ നാട്ടിൽ ഇരട്ട ചങ്കൻമാരെന്നാണ് വിളിക്കുന്നത്.

ഒരു ദിവസം ഷാപ്പിലിരുന്നു കള്ളടിച്ചു പിമ്പിരി കയറിയ ചാക്കോയുടെ തലയിൽ ബൾബ് കത്തി 

"എടാ മത്തായി നമ്മുക്ക് ഒരു മാസത്തേക്ക് കാട് കേറിയാലോ ?"

"അതിനിപ്പം എന്നാ ചേട്ടായീ നമുക്ക് ഇപ്പൊത്തന്നെ വിട്ടേക്കാം ?"

"ഇന്ന് വേണ്ട നാളെ വെളുപ്പിന് നമ്മള് പോകുന്നു " ഒരു ചെറു ചൂളത്തിന്റെ അകമ്പടിയോടെ ചാക്കോ 

"ഏതേലും മയിരന്മാരുണ്ടോടാ ഞങ്ങടെ കൂടെ കാടുകേറാൻ. തിരിച്ചു വരുമ്പോ ചാക്ക് നിറയെ നല്ല ഒന്നാന്തരം മ്ലാവിന്റെ ഇറച്ചി ഉണങ്ങിയതും നല്ല പെടക്കണ ആറ്റുമീനിനെ പാറേലിട്ട് ഉണങ്ങിയതും ആരേലും ഉണ്ടോടാവേ  പൂയ് " മത്തായി മത്തായി നിന്നാടി കൊണ്ട് തലയിൽ തോർത്ത് ചുറ്റിക്കെട്ടാൻ ശ്രമിച്ചുകൊണ്ട് ചുറ്റുമിരിക്കുന്ന സഹ കുടിയന്മാരോടായി ചോദിച്ചു 

"ഒള്ളോനൊക്കെ ഗ്ളാസിങ്ങോട്ടു വക്കാടാ ഇനിയൊള്ള കള്ളെന്റെ വഹ. വെയ് രാജാ  വെയ്  " ചാക്കോ 

നിമിഷങ്ങൾക്കകം  ചാക്കോയുടെ മുൻപിൻ ഗ്ളാസുകളുടെ പൂക്കളം വിരിഞ്ഞു 

"നിങ്ങടെ കൂടെ ഞങ്ങളുമുണ്ടെടാ " ഒരു കൈകൊണ്ടു ഉടുമുണ്ട് താഴെ പോകാതെ കൂട്ടിപ്പിടിച്ചുകൊണ്ട് കുമാരൻ ഉപാച:

പിറ്റേന്ന് മത്തായിയുടെയും ചാക്കോയുടെയും നേതൃത്വത്തിൽ പത്തംഗ സംഗം കാട്ടിലൂടെ യാത്ര ആരംഭിച്ചു. നാലഞ്ചു തോക്ക്, കത്തികള്, പാത്രം, അരി, മല്ലി മുളക് , ഉപ്പ് മുതലായ ആവശ്യ സാധനങ്ങൾ എല്ലാമായിട്ടാണ് യാത്ര.

ഈ യാത്രകൾ വല്ലപ്പോഴും ഉള്ളതായിരുന്നു. ഒരുമാസത്തോളം കാട്ടിൽ താമസിച്ചു പാറ പുറത്തും മറ്റും ഉറങ്ങി. വേട്ടയും നഞ്ചു മായി ആഘോഷം.

പെരിയാർ, ഇപ്പോൾ  കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ള പുഴ. ഈ അണക്കെട്ടുകൾ ഒന്നും ഇല്ലാതിരുന്ന കാലം നല്ല വീതിയിൽ കുതിച്ചൊഴുകുന്ന പുഴ. കയങ്ങളും ചുഴിയും മലരിയും കൊണ്ട് ഭയപ്പെടുത്തുന്ന, വന്യമായ മനോഹാരിത കൊണ്ട് ആരെയും മയക്കുന്നവൾ. 2018 ലെ പ്രളയത്തിനാണ് ഹൈറേഞ്ചിലേ പെരിയാർ കുറച്ചെങ്കിലും അവളുടെ പഴയ ഭാവം വീണ്ടെടുത്തത്.

ഇഞ്ചവര കുത്ത് പെരിയാറ്റിലെ ഏറ്റവും അപകട കരമായ കയം. നല്ല വീതിയിൽ ഒഴുകി വരുന്ന പുഴ രണ്ട് മലകൾക്കിടയിലൂടെ ചുരുങ്ങി 200 അടിയോളം താഴേക്കു പതിക്കുന്ന ഭാഗം. വളർന്നു മുറ്റിയ ഒരു കാട്ടത്തിയുടെ വേരിൽ പിടിച്ചാണ് അവിടേക്കു കടന്നു പോകുന്നത് 

ചാക്കോയും സംഘവും ഇഞ്ചവര കുത്തിൽ എത്തി 

"ഇന്നിവിടെ കൂടാം  നീ  പടക്കം റെഡിയാക്കെടാ " കയത്തിലൂടെ പുളച്ചു നടക്കുന്ന മീനുകളെ നോക്കിക്കൊണ്ട് ചാക്കോ മത്തായിയോട് പറഞ്ഞു 

മുട്ട് നോക്കി മുറിച്ചെടുത്ത ഇല്ലി കുംഭത്തിൽ വെടിമരുന്ന് തിരിയിട്ട് ഇടിച്ചു മുറുക്കി വള്ളിയിട്ടു കെട്ടി കൂടെ വെള്ളത്തിൽ താഴുന്നതിന് പറ്റിയ ഒരു കല്ല് കൂട്ടിച്ചേർത്തു കെട്ടി മത്തായിയും കൂട്ടരും പടക്കം തയ്യാറാക്കി (വെടി മരുന്ന് കൊണ്ടുള്ള പടക്കം വെള്ളത്തിൽ എവിടെ വച്ച് പൊട്ടുന്നോ അതിന് മുകളിലേക്കെ ആഖാതം ഏൽപ്പിക്കൂ. തോട്ട ആണെങ്കിൽ എല്ലാ വശത്തേക്കും പ്രഹരിക്കും.)

ചാക്കോ ചുണ്ടിൽ എരിയുന്ന ബീഡിയിൽ നിന്നും പടക്കത്തിന് തീ കൊടുത്തു.എട്ടുപത്താൾ  താഴ്ച വരുന്ന  കയത്തിന്റെ  ഏകദേശം മധ്യ ഭാഗം നോക്കി പടക്കം എറിഞ്ഞിട്ടു. അൽപ്പ സമയത്തിനകം വലിപ്പമേറിയ കുറെ കുമിളകൾ ജലപ്പരപ്പിൽ ഉയർന്നു പൊട്ടി.

"നല്ല ആഴമുണ്ടല്ലോടാ " കുമാരൻ 

പെട്ടന്ന് തന്നെ അവരെ അതിശയിപ്പിച്ചു കൊണ്ട് മീനുകൾ ചത്തു പൊങ്ങാൻ തുടങ്ങി. വെള്ളി വാരി വിതറിയത് പോലെ ജലപ്പരപ്പു മീനുകളെ കൊണ്ട് നിറഞ്ഞു .

"അടിച്ചെടാ കോള്  മൊത്തം കറ്റിയാടാ ചാടി പെറുക്കേടാ  " ആവേശത്തോടെ എല്ലാവരും വെള്ളത്തിൽ ചാടി മീനുകളെ പെറുക്കാൻ തുടങ്ങി (കറ്റി-പെരിയാറിലും കൈവരികളിലും  സഹ്യപർവത നിരയുടെ ഭാഗത്തു മാത്രം കാണപ്പെടുന്ന ഒരിനം മീൻ. വെള്ളി നിറവും 3 - 4 കിലോ വരെ വലിപ്പവും  വയ്ക്കുന്ന ഇവ ഒഴുക്ക് വെള്ളത്തിലും വെള്ളച്ചാട്ടത്തിലും മാത്രമേ ജീവിക്കൂ ഇപ്പോൾ സംരക്ഷിത വിഭാഗം ആണ്   )

"ഞാൻ മുങ്ങി നോക്കട്ടെ ഇതിലും വലുത് അടിയിൽ കാണും "ആവണക്കെണ്ണ കൂട്ടി നനച്ച തുണി ചെവിയിൽ തിരിക്കിക്കൊണ്ടു ചാക്കോ പറഞ്ഞു കുമാരനും കറിയായും  അവൻ്റെ കൂടെ മുങ്ങാൻ തുടങ്ങി, വലിയ വലിയ മീനുകൾ പാറപ്പുറത്തു നിറയാനും.

"പ്രമാണ്ടൻ  സാധനം ഒരെണ്ണം അടിയിൽ കിടപ്പുണ്ടെടാ " വെള്ളത്തിന് മുകളിൽ പൊങ്ങി വന്ന ചാക്കോ പറഞ്ഞു 

"അടിയിൽ നിന്നും തന്നെ പൊക്കില്ല കയർ വേണം. ഞാൻ അടിയിൽ ചെന്ന് മീനിന്റെ വട്ടം കെട്ടിയിട്ട് അടയാളം തരാം നിങ്ങൾ വലിച്ചു പൊക്കണം "

ദീർഘമായി ശ്വാസം ഉള്ളിലേക്ക് ഒന്ന് രണ്ടു പ്രാവശ്യം എടുത്തുകൊണ്ട് ചാക്കോ മുങ്ങാൻ റെഡിയായി . നീളത്തിൽ കെട്ടിയെടുത്ത കാട്ടുവള്ളി ഒരു കയ്യിൽ പിടിച്ചു കൊണ്ട് ചാക്കോ വെള്ളത്തിലേക്ക് മുങ്ങി.

അടിയിലേക്കെത്തുമ്പോഴേക്കും ചുറ്റു നിന്നുമുള്ള ജലത്തിന്റെ മർദം കൂടിക്കൂടി വന്നുകൊണ്ടിരുന്നു. വെള്ളം കുത്തി വീഴുന്നതിന്റെ മുഴക്കം മാത്രം അനുഭവിക്കുന്നുണ്ട്. കട്ടിയേറിയ ജലവും പ്രകാശത്തിന്റെ അഭാവവും കാഴ്ചയെ മങ്ങിച്ചു കൊണ്ടിരുന്നു. ഏറ്റവും അടിയിലായി വെള്ളി നിറത്തിൽ നീളത്തിൽ തിളങ്ങുന്ന വസ്തുവിനെ ലക്ഷ്യമാക്കി ചാക്കോ ഊളിയിട്ടു.

മീനിൻറെ നടുഭാഗത്തായി വള്ളി കെട്ടുന്നതിനായി  ചാക്കോ അതിനെ പിടിച്ചു. പിന്നെ എന്താണ് സംഭവിക്കുന്നത് എന്ന് ചാക്കോയ്ക്ക് പിടികിട്ടിയില്ല.

അതൊരൊറ്റ പിടച്ചിലും ചാക്കോയുടെ അരക്കെട്ടിൽ കൂടി കടിച്ചു പിടിച്ചുകൊണ്ടു വെള്ളത്തിലൂടെ ഒന്ന് കറങ്ങി നേരെ ജലപ്പരപ്പിലേക്കു കുതിച്ചു.

കരയിൽ വള്ളിയിൽ പിടിച്ചുകൊണ്ട് നിന്ന കുമാരനെ വള്ളിയിൽ ഏറ്റ ശക്തമായ വലിയിൽ തെറിച്ചു കയത്തിലേക്ക് വീണു 

"വേഗം വെള്ളിയുമായി നീന്തി വാടാ. മുറ്റ് സാധനമെങ്ങാണ്ടാന്നാ തോന്നുന്നേ " കരയിൽ നിന്നവർ കുമാരനോടായി വിളിച്ചു കൂവി 

കല്ലിൽ പിടിച്ചു മുകളിലേക്ക് കയറാൻ തുടങ്ങിയ കുമാരന്റെ പിന്നിലായി കറുത്ത ഒരു രൂപം വെള്ളത്തിൽ നിന്നും ഉയർന്നു വന്നു.

"എന്റെ അമ്മേ ഇതെന്തു ചാത്തനാ ?" മത്തായിയും കരയിലുണ്ടായിരുന്നവരും ഒരൊപ്പം വാ പൊളിച്ചു കൊണ്ട് കാറി. അപ്പോഴാണവർ അതിന്റെ വായിലായി കടിച്ചു പിടിക്കപ്പെട്ട രീതിയിൽ കിടക്കുന്ന ചാക്കോയെ കാണുന്നത്.

"ചാക്കോ..... ദേണ്ടടാ  ചാക്കോ... " മത്തായി അലറിക്കാറി 

തങ്ങളേക്കാൾ ഇരട്ടി ഉയരത്തിലാണ് ഉയർന്നു നിലക്കുന്ന കറുത്ത കരിനീല നിറത്തിലുള്ള അസാധാരണ വലിപ്പമുള്ള ഒരു പാമ്പ് . വെള്ളിപോലെ തിളങ്ങുന്ന ശൽക്കങ്ങളോട് കൂടിയ അടിഭാഗത്ത് കഴുത്തിനടിയിലായി ആരോ മാർക്ക് പോലുള്ള സ്വർണ നിറത്തിലുള്ള അടയാളം.പച്ചയും മഞ്ഞയും നിറത്തിൽ തിളങ്ങി നിൽക്കുന്ന കണ്ണുകൾ.

"എന്നെ ഈ മയിരിന്റെ വയറ്റിലോട്ടു ജീവനോടെ വിടല്ലേടാ മത്തായി... തോക്കെടുത്ത്‌ എന്നെ വെടിവെച്ചു കൊല്ലെടാ ?" അതിന്റെ വായിൽ മലർന്നു തൂങ്ങി കിടക്കുന്ന ചാക്കോ വിളിച്ചു കൂവി 

എന്ത് ചെയ്യണമെന്ന് അറിയാതെ സ്തംഭിച്ചു നിന്ന മത്തായി തോക്കെടുക്കാനോടി മറ്റുള്ളവരും.

വിറയ്ക്കുന്ന കൈകൊണ്ടു തന്റെ മുൻപിലായി നിൽക്കുന്ന പാമ്പിന്റെ നേരെ മത്തായി തോക്ക് ചൂണ്ടി 

"വിറക്കാതെ പൊട്ടിക്കെടാ " ചാക്കോ അലറി 

ആരോ അടയാളം നോക്കി മത്തായി കാഞ്ചി വലിച്ചു. വെടി കൊണ്ടതെ വല്ലാത്തൊരു ചീറ്റലോടെ അത് ചാക്കോയെ പുറത്തേക്കു തുപ്പി. വേദനയോടെ അത് ശരീരം മൊത്തമായി വെള്ളത്തിൽ അടിച്ചു വിറപ്പിച്ചു. തന്റെ കയ്യിലിരുന്ന തോക്ക് വലിച്ചെറിഞ്ഞു കൊണ്ട് വെള്ളത്തിൽ മുങ്ങാൻ തുടങ്ങുന്ന ചാക്കോയെ ലക്ഷ്യമാക്കി തിരമാല പോലെ ഉയർന്നു പൊങ്ങുന്ന വെള്ളത്തിലേക്ക് മത്തായി കുതിച്ചു ചാടി. മത്തായി ചാടുന്നത് കണ്ട  കുമാരനും വെള്ളത്തിലേക്ക് ചാടി. അവർ രണ്ടും കൂടി ഒരു വിധത്തിൽ ചോര ഒലിക്കുന്ന ചാക്കോയെ പിടിച്ചുകൊണ്ടു കരയിലേക്കു നീന്തി. അപ്പോഴും ആ ജന്തു വെള്ളത്തിൽ കിടന്നു തല്ലി പിടക്കുന്നുണ്ടായിരുന്നു.

"നോക്കി നിക്കാതെ അതിനിട്ടു പൊട്ടിക്കാടാ പൂ...മാരേ " വേദനക്കിടയിലും ചാക്കോ അലറി വിളിച്ചു 

തെരു തെരെ മറ്റു തോക്കുകളും ആ ചന്തുവിന് നേരെ പൊട്ടി. വെള്ളപ്പരപ്പിൽ കിടന്നത് മരണ വെപ്രാളം കാട്ടിക്കൊണ്ടു അത്  പിടഞ്ഞു. ചോരവീണു വെള്ളം ചുവന്നു. അനക്കം നിറുത്തി ആ ജന്തു വെള്ളത്തിലേക്ക്  താന്നു. ആശ്വാസത്തോടെ അവർ പാറയിൽ പിടിച്ചു മറ്റുള്ളവർ ചാക്കോയുടെ കയ്യിൽ പിടിച്ചു പാറയിലേക്കു വലിച്ചു കേറ്റി കിടത്തി

ആ നിമിഷം ജലപ്പരപ്പിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ചുറ്റും ചെഞ്ചായ ജലം തെറിപ്പിച്ചുകൊണ്ട് അത് ഉയർന്നു പൊങ്ങി  വെള്ള പ്പരപ്പിലേക്കു വീണു മലർന്നു. പതിയെ പതിയെ അത് വെള്ളത്തിലേക്ക് താഴ്ന്നു  താഴ്ന്നു പോയി.

ചാക്കോയുടെ അരക്കെട്ടിലായി അതിന്റെ പല്ലുകൾ ആഴ്ന്നു മുറിഞ്ഞ പാടുകളിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. 

"നമുക്ക് എത്രയും പെട്ടന്ന് മണിയാറൻകുടിയിൽ എത്തണം മൂപ്പന്റെ കയ്യിൽ മരുന്ന് കാണും "കൂടെയുള്ളവർ പറിച്ചെടുത്ത പച്ചിലമരുന്നുകൾ ചാക്കോയുടെ മുറിവിൽ അമർത്തി കെട്ടി കൊണ്ടു മത്തായി പറഞ്ഞു.

0 comments:

Post a Comment

Related Posts with Thumbnails