പേജുകള്‍‌

Monday, July 5, 2021

ഒറ്റയാൻ പന്നിയും മറുതയും

 

1980 ഹൈറേഞ്ച് കുടിയേറ്റത്തിന്റെ ബാലാരിഷ്ടതകളിൽ നിന്നും പതിയെ പുറത്തു ചാടി വികസനത്തിലേക്ക് കാലെടുത്തു വെയ്‌ക്കുന്ന കാലം. ഫോർ വീൽ ജീപ്പ് മാത്രം പോകുന്ന ചെളിയും ഉരുളൻ കല്ലുകളും നിറഞ്ഞ വഴികൾ.വൈദ്യുതി നാട്ടിൻ പുറങ്ങളിൽ ചെന്നാൽ മാത്രം കാണാൻ പറ്റുന്ന എന്തോ ഒന്ന് . കന്നി മണ്ണ് ചതിക്കാത്ത നാട് അദ്ധ്യാനിക്കുന്നവന് മനം നിറഞ്ഞു അവൾ നൽകും. എന്നാൽ അവൾക്കു മറ്റുചിലരെ കൂടെ പരിഗണിക്കണമായിരുന്നു. മനുഷ്യന് മുൻപ് അവിടുത്തെ ഉടയോരായിരുന്ന ആനയും പന്നിയും മുള്ളനും കേഴയും മ്ലാവും കരടിയും എല്ലാം.

കാലത്തെ വേറെ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ കവലയിലെ ചായക്കടയുടെ മുൻപിലെ തൈതൽ (മുള ചെറുതായി പിഞ്ചി പൊട്ടിച്ചുണ്ടാക്കുന്ന പലക )ബഞ്ചിൽ കട്ടൻ ബീഡിയും പുകച്ചു വെളിപാട് കിട്ടിയ അപ്പോസ്തോലനെ പോലെ മേലോട്ടും നോക്കി ഇരുന്ന സജിയെ തോണ്ടി വിളിച്ചുകൊണ്ടു ഞാൻ ചോദിച്ചു
"ശിവൻ കുട്ടി ആശാനെ കണ്ടാരുന്നോ ?"
"ആശാൻ പാലായ്ക്കു പോയേക്കുവാടാ ബാബു അടുത്ത ആഴ്ചയെങ്ങാഡെ വരൂ എന്താടാ വല്ല കോളുമുണ്ടോ ?" സജി ആകാംഷയോടെ എന്നെ നോക്കി .
"ഒണ്ടാരുന്നു എന്നാലും അതിനു ആശാൻ കൂടെ ഒണ്ടേലെ നടക്കു"
"എന്താ കേസ്സു നീ അതാദ്യം പറ"
"ചിന്നാർ പന്നി ഇറങ്ങി പറമ്പെല്ലാം തകർത്തു വാരുവാണ്. അവന്മാര് നോക്കിട്ടു പൊട്ടിക്കാൻ പറ്റിണില്ല . ആശാനോട് ചെല്ലാമോ എന്നു ചോദിച്ചു അവര് വന്നിട്ടുണ്ട്"
"അതെന്താടാ അവമ്മാർ നോക്കീട്ട് പിടിക്കാൻ പറ്റാത്ത കാട്ടുപന്നി"
"ഒറ്റയാനാണ് അതിനെ മറക്കാൻ നിലവിൽ ഇപ്പൊ ആശാനേ ഒള്ളൂ"
"എന്താ അവന്മാരുടെ ഇനാം"
"നല്ല ശർക്കരയും അരികളാറും കൂട്ടി വാറ്റിയ ചൂടൻ സാധനം എന്തോരും വേണേലും ഉരുവിന്റെ തലയും വലത്തേ കൊറകും പിന്നെ 500 രൂപയും"
"എടാ നമുക്കതങ്ങു വാങ്ങിയാലോ ആശാൻ വരുമ്പോഴേക്കും" സജി പ്രതീക്ഷയോടെ എന്നെ നോക്കി
"നീ എന്തുവാഡേ ഈ പറയുന്നേ നമ്മൾ ഒറ്റയാനെ പിടിക്കാനോ"
"അതിനിപ്പമെന്നാ നല്ല പുള്ളിക്കുകൊള്ളുന്ന 9 അരയുടെയും 7 അരയുടെയും ക്ഷെക്ത്രീയ അംശം കൊഴലല്ലേ നമ്മുടെ കയ്യിൽ ഉള്ളേ ?" (നാടൻ തോക്കുകൾ സാധാരണ 3 അംശം ആയിട്ടാണ് പറയുന്നത് ബ്രാഹ്മണ, ക്ഷെക്ത്രീയ, പറയ. ബ്രാഹ്മണ അംശം പശു, മനുഷ്യൻ, മൂർഖൻ പാമ്പ്‌ എന്നിവയുടെ നേരെ പൊട്ടില്ല. എന്നാൽ ക്ഷെക്ത്രീയ അംശം കുഴലിന് ഈ വകയാതൊരു കുഴപ്പവുമില്ല, പറയ അംശം കുഴൽ പൊട്ടിയാൽ പൊട്ടി കൊണ്ടാൽ കൊണ്ടു അത്രേ ഉള്ളൂ )
"എന്നാലും ഒറ്റയാൻ പന്നി പ്രശ്നമാണെന്നല്ലേ പറച്ചിൽ"
"എന്ത് പ്രശനം അതൊക്കെ വെറും പടക്കമ്മാടെ അവന്മാർ പന്നി വരുന്ന സമയം നോക്കി കൃത്യമായ ചാലിന് ഇരിക്കാഞ്ഞിട്ടല്ലേ ഒന്നുവല്ലേലും നമ്മൾ എത്ര ഉരുവിനെ മറച്ചിട്ടുള്ളതാടാ " സജി എന്നെ പ്രലോഭിപ്പിക്കാൻ തുടങ്ങി
"എന്നാലും"
"ഒരെന്നാലും ഇല്ല നമ്മൾ ചിന്നാർ പോകുന്നു പന്നിയെ പിടിക്കുന്നു പൈസ വാങ്ങുന്നു ആശാൻ വരുമ്പോ ആശനേം കൂട്ടി ഒണക്കെറച്ചി ചുട്ടതും നാടനും അടിക്കുന്നു എപ്പടി ? "
"എന്നാ അങ്ങനെ ചെയ്യാമല്ലേ ?"
"നീ ചിന്നാറുകാരെ കണ്ട് നാളെ നമ്മൾ ചെല്ലും എന്ന് പറ" സജി സന്തോഷത്തോടെ പറഞ്ഞു.
"ഓക്കേ ഞാൻ പറയാം. നീ പോയി കരുവും മരുന്നും പൊട്ടാസും റെഡി ആക്ക്. എനിക്ക് നമ്മുടെ പാണ്ടൻ കൊല്ലന്റെ അടുത്തു പോണം എന്റെ കൊഴലിന്റെ കാമറയും കുറ്റിയും ശരിയാക്കാൻ കൊടുത്തേക്കുവാ അതെടുക്കണം."
"നമുക്ക് രാവിലെ ഒരു മൂന്നു മണിയോടെ ഇവിടുന്നു ഇറങ്ങാം എന്നാലേ നേരം വെളുക്കുന്നതിനു മുൻപ് മുരിക്കാശ്ശേരി ഇറക്കം ഇറങ്ങാൻ പറ്റൂ"
--------------------------------------------------------------------------
സമയം ഉച്ചകഴിഞ്ഞു രണ്ടു മണി ആകാറായി. സജിയും ഞാനും ചിന്നാറ്‌കാരായ രണ്ടു പേരും കൂടി പന്നി വരുന്ന ചാൽ നോക്കി ചിന്നാർ പുഴയുടെ ഓരത്തുകൂടെ നടക്കുകയാണ്. ഞങ്ങൾ നിൽക്കുന്നതിന്റെ എതിർക്കരയിൽ മുളയും തേക്കും വന്മരങ്ങളും കെട്ടിപുണർന്നെന്നോണം വളർന്നു മുറ്റിയ വശ്യ സുന്ദരിയായ പെരിഞ്ചാംകുട്ടി വനം. അവളുടെ നിഴലുകൾ ഉച്ചസൂര്യന്റെ വെയിൽ ഏറ്റു കിടക്കുന്ന പുഴയുടെ കരിനീല കയങ്ങളിൽ പ്രതിഫലിച്ചുകൊണ്ടിരുന്നു.
"ഇതെന്താടാ നിന്റെ കയ്യിൽ ഒരു ചരട് " എന്റെ കയ്യിൽ പുതുതായി കെട്ടിയിരിക്കുന്ന കറുത്ത ചരടിലേക്കു നോക്കി സജി ചോദിച്ചു.
"ഇങ്ങു പോരുകയാണെന്നു പറഞ്ഞപ്പം നമ്മുടെ പാണ്ടൻ കൊല്ലൻ കെട്ടിത്തന്നതാണ് "
"ദാ ആ കാണുന്ന ഓളി വഴിയാണ് അത് കയറിവരുന്നത് " കൂടെയുള്ള ആള് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു .
പുഴയുടെ ആഴം കുറഞ്ഞ ഭാഗത്തുകൂടി പുഴ മുറിച്ചു കടന്നു കൃഷി ഭൂമിയിലേക്ക് കയറുന്ന ഭാഗം നന്നായി തെളിഞ്ഞു കിടക്കുന്നു . തെളിഞ്ഞു കാണുന്ന കുളമ്പിന്റെ പാടുകൾ . മുകൾ ഭാഗത്തായി കുത്തിമറിച്ചിട്ടിരിക്കുന്ന ദേഹണ്ഡങ്ങൾ .കപ്പയും ചേനയും കാച്ചിലും നെല്ലും എല്ലാം . ശരിക്കും മുടിപ്പിച്ചിട്ടിരിക്കുന്നു.
"നമ്മൾക്ക് കുറച്ചു മുകളിലായി പമ്മി ഇരിക്കാൻ പറ്റിയ സ്ഥലം ഉണ്ടോ എന്ന് നോക്കാം " ചാലു വഴി പതിയെ മുകളിലേക്ക് നടന്നുകൊണ്ടു സജി പറഞ്ഞു. അവന്റെ പിന്നാലെ ഞങ്ങളും നീങ്ങി
സമയം പത്തു മണി. ഞങ്ങൾ രണ്ടും കുഴൽ അഴിച്ചു 9 വിരലിനു നറ ച്ചു മൂന്നു കരുവും ചില്ലും(കുരുമുളകിനോളം വലിപ്പമുള്ള വെടിയുണ്ട ). പൊട്ടാസ് വച്ച് കൊത്തി താഴ്ത്തിക്കൊണ്ട് ഞാൻ സജിയെ നോക്കി
"നമ്മുക്ക് ഇറങ്ങിയാലോ "
പന്നി പുഴകടന്ന് വന്നാൽ കാണാൻ പരുവത്തിന് ഒരു ഇരുപത് അടി അകലത്തിലായി രണ്ടു തെങ്ങു നടാനായി കുഴിച്ച തടത്തിൽ ഞങ്ങൾ കാത്തിരിക്കുകയാണ് . പകൽ സുന്ദരി ആയിരുന്ന കാട് കരിമ്പടം പുതച്ച ദുർമന്ത്രവാദിനിയെപ്പോലെ നിശ്ചലയായി കിടക്കുന്നു. കാറ്റു പോലും വീശുന്നില്ല. പുഴ ഒഴുകുന്ന ചെറിയ ഇരമ്പൽ മാത്രം. കയ്യിൽ കെട്ടിയിരിക്കുന്ന വാച്ചിലെ റേഡിയൽ സമയം പതിനൊന്നരയായി എന്ന് കാണിച്ചു തന്നു. അകലെ എവിടെയോ പട്ടികൾ കുരയ്ക്കുന്ന ശബ്ദം കേൾക്കാം. പുഴക്കപ്പുറത്തുനിന്നും മൂങ്ങാ ഇരുന്നു ഇടയ്ക്കിടയ്ക്ക് മൂളുന്നതും മാത്രമാണ് ആ നിശബ്ദദക്കൊരു അപവാദം.
ചെറിയ നിലാവുണ്ടായിരുന്നത് പതിയെ മങ്ങി പൂർണ്ണമായ ഇരുട്ടിനു വഴിമാറാൻ തുടങ്ങി. അക്കരെ കാട്ടിൽ നിന്നും നത്തു ചിലക്കുന്ന ശബ്ദം. അത് ഞങ്ങൾ കാത്തിരിക്കുന്ന ജീവി വരുന്നു എന്നതിന്റെ അടയാളം ആണ്. ഞാൻ പതിയെ ഹെഡ് ലൈറ്റ് എടുത്ത് തലയിൽ വച്ചു. തോക്കു പതിയെ പെട്ടന്ന് എടുക്കാൻ പാകത്തിന് ശരീരത്തോട് ചേർത്തു വച്ചു . വളരെ താണ സ്വരത്തിൽ സജിക്കായി ചൂളം അടിച്ചു. അപ്പോൾ തന്നെ സജി മറു ചൂളവും നൽകി. അവനും റെഡി ആണെന്ന് അർഥം.
അകലെ എവിടെനിന്നോ പട്ടി നീട്ടി ഓലി ഇടുന്ന ശബ്ദം. അതുവരെ ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായി തണുപ്പ് വല്ലാണ്ട് കൂടുന്നത് പോലെ.
പെട്ടന്ന് പുഴയിലൂടെ പന്നി കുതിച്ചു ചാടി വരുന്ന ഒച്ച കാതിൽ വന്നു തട്ടി. പെട്ടന്ന് തന്നെ ഞാൻ തോക്കെടുത്തു കൊത്തി വലിച്ചു കൊണ്ട് എഴുന്നേറ്റു. പുഴയിൽ നിന്നും കരയിലേക്ക് അത് കയറുന്നതിന്റെ ഒച്ച വ്യത്യാസം തിരിച്ചറിഞ്ഞതേ ഞാൻ ഹെഡ് ലൈറ്റ് ഇട്ടു. വെളിച്ചത്തിൽ എന്റെ മുൻപിൽ കണ്ട രൂപം രക്തം മരവിച്ചു പോകുന്നതായിരുന്നു. ഒരു ഒത്ത കാളകുട്ടിയുടെ അത്ര വലിപ്പമുള്ള ജീവി. ഒന്നര മുഴം എങ്കിലും നീളത്തിൽ വിരിഞ്ഞു നിൽക്കുന്ന തേറ്റ. അതിൽ ചുറ്റിപ്പിടിച്ചു കിടക്കുന്ന പുല്ലും വള്ളിയും പുഴയിലെ വെള്ളത്തിൽ നനഞ്ഞതിൽ നിന്നും ഇറ്റുവീഴുന്ന ചളിവെള്ളവും. നടുക്കായി ചുവന്ന രത്നം പോലെ തിളങ്ങുന്ന കണ്ണുകളും .
പെട്ടന്ന് വെളിച്ചം വീണതിനാൽ ഒന്ന് നിന്നതിനു ശേഷം അത് പതിയെ തിരിയാൻ ശ്രമിച്ചു. തോക്കു മുഖത്തു പൂട്ടിയ എനിക്കും അതായിരുന്നു ആവശ്യം. കാരണം ചങ്കിന് കൂടിനു പൊട്ടിച്ചാൽ മാത്രമേ പന്നി വീഴൂ .പന്നി തിഞ്ഞ തിരിവിന് ഞാൻ ഉന്നം നോക്കി കാഞ്ചി വലിച്ചു. ലോകം ഞടുങ്ങുന്ന രീതിയിലുള്ള വെടി ഒച്ചയും വല്ലാത്ത രീതിയിലുള്ള ഒരു അലർച്ചയും അവിടെ മുഴങ്ങി. എന്റെ മുന്നിലായി ഇടിമിന്നൽ വീണതുപോലുള്ള ഒരു ജ്വാലയും. നടക്കുന്നത് എന്താണെന്നു പോലും പിടികിട്ടാതെ ഞാൻ സ്തംഭിച്ചു നിന്ന് പോയി.
"എന്താടാ പറ്റിയെ " സജിയുടെ അലർച്ചയാണ് എന്നെ ഉണർത്തുന്നത്
"ഏ ! എന്താ നടന്നേ ?"
"എനിക്കും അറിയില്ലെടാ മൊത്തം ഒരു പ്രകാശവും അലർച്ചയും. പന്നി തിരിച്ചു പുഴയിലേക്ക് ചാടി. ഞാൻ നിന്റെ അടുത്തോട്ടു ഓടിപ്പോന്നു. അയ്യോ നിന്റെ മുഖത്തിനു എന്ത് പറ്റി പൊള്ളിയിട്ടുണ്ടല്ലോ. എന്തെ കേപ്പ് അടിച്ചാണോ പൊട്ടിയത് "(മരുന്ന് തണുത്താൽ പൊട്ടാസ് പൊട്ടിയതിനു ശേഷം കുറ്റിയിലൂടെ പുറത്തേക്കു തീപ്പൊരി ചീറ്റിക്കൊണ്ടു തോക്കു പൊട്ടുന്നത് )
"അപ്പോഴാണ് ഞാൻ തോക്കിലേക്കു നോക്കുന്നത് സജീ ഇത് നോക്കടാ കുറ്റിയുടെ സ്ഥാനത്തായി കാമറ നീളത്തിൽ കീറിയിരിക്കുന്നു " എന്റെ സ്വരം കരച്ചിൽ പോലെ ആയി
കാമറയോ കുറ്റിയോ തള്ളിയാൽ ഉറപ്പായും വെടി വയ്ക്കുന്ന ആളിന്റെ തലയിൽ ആയിരിക്കും വെടിയുണ്ടകൾ കയറേണ്ടതു.ഇവിടെ എന്താണ് നടന്നതെന്ന് ഒരു പിടിയും കിട്ടിയില്ല.
"പാണ്ടൻ കൊല്ലൻ വെറുതെ അല്ല ആ ചരട് കെട്ടിവിട്ടത് " സജി
"പോകണ്ട എന്ന് പറഞ്ഞതാണ് എങ്കിലും ഞാൻ പോകും എന്ന് തോന്നിയതിനാലാണ് ഈ ചരട് തന്നത് " ഞാൻ
"നമ്മക്ക് ഇവിടെ നിൽക്കണ്ട വിട്ടേക്കാം " സജി
"ഉം അവരോടു പറഞ്ഞിട്ട് ഇപ്പത്തന്നെ ഇവിടുന്നു വിടാം " മുഖത്തിന് പതിയെ നീറ്റൽ തോന്നാൻ തുടങ്ങിയ ഞാൻ പറഞ്ഞു
ഒരാഴ്ച കഴിഞ്ഞു...
മുഖത്തെ പൊള്ളൽ മാറിത്തുടങ്ങി എങ്കിലും മുഖത്ത് തേനും പുരട്ടി കട്ടിലിൽ കിടന്നു പയ്യെ മയങ്ങിയ എന്നെ അലർച്ച പോലുള്ള ആ ശബ്ദമാണ് ഏൽപ്പിക്കുന്നത്.
"ആ പൂമോൻ ഇവിടെ ഉണ്ടോ രാജപ്പാ !!!"
ശിവൻ കുട്ടി ആശാൻ !!!! അറിയാതെ കാലിൽ നിന്നും ഒരു പെരുപ്പ് മേലോട്ട് കയറി .......
"അവനവിടെ മൂടിപ്പുതച്ചു കിടപ്പുണ്ട് " അച്ഛന്റെ ശബ്ദം
"ഉം " പുരക്ക് അകത്തേക്ക് കയറിവരുന്നതിനിടയിൽ ആശാൻ മൂളി
"എടാ ബാബു " കട്ടിലിനടുത്തു വന്നു ശിവൻകുട്ടി ആശാൻ വിളിച്ചു
"ആശാൻ എപ്പോഴാ വന്നേ " പല്ലിളിച്ചുകൊണ്ടു ഞാൻ ചോദിച്ചു
"ഞാൻ വന്നിട്ട് കൊറേ കാലമായി ! നീയൊക്കെ ആരുടെ പതിനാറടിയന്തിരത്തിനു പോയതായിരുന്നെടാ ചിന്നാറിനു #@#$# മോനെ " ആശാൻ കലിപ്പിലാണ്
"അത് പിന്നെ സജി പറഞ്ഞിട്ട് പന്നി ..."
"അധികം വിഷമിക്കണമെന്നില്ല സജിയെ ഞാൻ കണ്ടാരുന്നു "
അപ്പൊ സജി ഭിത്തിയിൽ കേറികാണും ഞാൻ മനസ്സിൽ പറഞ്ഞു
"നടന്നത് നടന്നു. വയ്യാത്ത പട്ടി കയ്യാല കേറാൻ നോക്കരുതെന്നു പറയുന്നത് എന്താണെന്നു ഇപ്പൊ പിടികിട്ടിയില്ല. എന്തായാലും പാണ്ടൻ കൊല്ലന് വെളിവൊണ്ടാരുന്നത് കൊണ്ട് നിന്റെ ഒക്കെ ജീവൻ പോയില്ലല്ലോ " ആശാൻ തണുത്തെന്നു തോന്നി
"ഉം പേടിച്ചു തൂറി മൂടിപ്പൊതച്ചു കെടക്കാതെ എഴുന്നേറ്റു വാടാ. ഏതായാലും നിനക്കട്ടൊക്കെ പണിതന്നതല്ലേ ഇനി അവനെ പൂട്ടിട്ടേ അടുത്ത പണിയൊള്ളൂ. " ഇത് പറയുമ്പോൾ ശിവൻകുട്ടിയുടെ മുഖത്ത് പണ്ട് കരടിയുടെ മുൻപിൽ പെട്ടപ്പോൾ കിട്ടിയ വടു ചോരക്കട്ട പോലെ ചുവന്നിരുന്നു.
"നീ എഴുന്നേറ്റു സജിയേയും കൂട്ടി ഒരു രണ്ടു മണിയാകുമ്പോഴേക്കും എന്റെ വീട്ടിലേക്ക് വരണം " കല്പന പോലെ പറഞ്ഞിട്ടു ആശാൻ തിരിഞ്ഞു നടന്നു.
വീണ്ടും ഒരിക്കൽ കൂടി ചിന്നാറിനു പോകുന്ന കാര്യം ഓർത്തപ്പോൾ തന്നെ കയ്യും കാലും തളരുന്ന പോലെ തോന്നി. എങ്കിലും ആശാൻ കൂടെ ഉണ്ടല്ലോ എന്ന വിശ്വാസത്തിൽ പതിയെ കട്ടിലിൽ നിന്നും ഞാൻ എഴുന്നേറ്റു
ഞാനും സജിയും ചെല്ലുമ്പോൾ ആശാൻ തന്റെ കുഴൽ എടുത്തു കഴുകി തുടച്ചുകൊണ്ടിരിക്കുകയാണ് .
"ങാ വന്നോ കുറെ പണിയുണ്ട്. അതിനു കുറച്ചു സാധനങ്ങളും വേണം. നിങ്ങൾ അതെല്ലാം സംഘടിപ്പിക്കണം. നമുക്ക് ഒരുമിച്ചു വേണം എല്ലാം തയ്യാറാക്കാൻ. ഇനി നീയൊന്നും പോയി കുഴി ചാടാതിരിക്കാൻ കണ്ടും ചെയ്തും പഠിച്ചോണം "
"എന്തൊക്കെയാ വേണ്ടതെന്ന് ആശാൻ പറ " ഞങ്ങൾ ഉത്സാഹത്തോടെ പറഞ്ഞു
"മരുന്നുണ്ടാക്കാനും കോട കലക്കാനുമുള്ള സാധനങ്ങൾ വേണം "
"കോടയോ ?!! സാധനം എന്തോരും വേണമെങ്കിലും അവിടെച്ചെന്നാൽ കിട്ടും ആശാനേ പിന്നെന്തിനാ നമ്മൾ കലക്കുന്നേ ? "
"ഞാനെന്താടാ മയിരുകളെ അവിടെ പോയി അടിച്ചു പാമ്പായി കിടന്നിഴയാൻ മുട്ടി നിക്കുവാന്നാണോ നിനക്കൊക്കെ തോന്നുന്നേ ? പറയുന്ന സാധനങ്ങൾ കൊണ്ടുവരാൻ നോക്ക് "
"ആശാൻ പറ "
"കല്ലൻ ഇല്ലിയുടെ തളിരില, എരിക്കിൻ കൂമ്പ്, ഈട്ടിയേലോ,വേങ്ങയേലോ വളരുന്ന ഇത്തിളിന്റെ ഇല, എട്ടുകാലിയുടെ പടം(തോൽ),കരിശർക്കര, നെല്ല്, ചെറുപഴം "
ഞങ്ങൾ എങ്ങനെയെല്ലാമോ പറഞ്ഞ സാധനങ്ങൾ രണ്ടു ദിവസം കൊണ്ട് സംഘടിപ്പിച്ചു.കല്ലൻ ഇല്ലിയുടെ തളിരില, എരിക്കിൻ കൂമ്പ്, ഈട്ടിയേലോ,വേങ്ങയേലോ വളരുന്ന ഇത്തിളിന്റെ ഇല, എട്ടുകാലിയുടെ പടം എന്നവ ഉപയോഗിച്ച് കരിച്ചു ഉണക്കി തോക്കിനുപയോഗിക്കാനുള്ള മരുന്ന് ആശാൻ റെഡി ആക്കി. തന്റെ ഉള്ളം കയ്യിൽ വച്ച് അത് കത്തിച്ചു കാണിച്ചു. പൊള്ളൽ പോയിട്ട് ഒരു പാടുപോലും കയ്യിൽ വീഴിക്കാതെ മരുന്ന് കത്തി മുകളിലേക്ക് ഉയർന്നു പോയി.
"നമ്മൾക്ക് നാളെ രാവിലെ ചിന്നാറിനു പോകണം ഇനി അവിടെയും കുറെ പണിയുണ്ട്. നാളെ രാവിലെ നാലു മാണിക്കു തന്നെ പോകണം."
പിറ്റേന്ന് രാവിലെ തന്നെ ആശാന്റെ മഹിന്ദ്ര ഫോർ വീൽ ജീപ്പിൽ കലക്കിയ കോട നിറച്ച ജാറും മൂന്നു കുറ്റി തോക്കും അനുബന്ധ സാധനങ്ങളും ഞങ്ങളും പോലീസും ഫോറെസ്റ്റ് കാരും കാണരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഉരുളൻ കല്ലിൽ നിന്നും അടുത്ത കാല്ലിലേക്ക് എന്ന രീതിയിലുള്ള വഴിയേ യാത്ര ആരംഭിച്ചു.
ഞങ്ങൾ അന്ന് ചെന്ന് പെട്ട സ്ഥലങ്ങൾ ആശാനേ കാണിച്ചു. അന്നുണ്ടായിരുന്ന അവിടുത്തു കാരായ ആളുകളും കൂടെ ഉണ്ടായിരുന്നു.
"അന്നിവന്മാർ ഭാഗ്യം കൊണ്ട് മാത്രമാ ശിവൻകുട്ടി രക്ഷപെട്ടത്. നീ വാശി പിടിക്കേണ്ട. ഞങ്ങളുടെ വിധി ഇതാണെന്നു കൂട്ടിക്കോളാം. പട്ടിണി കിടക്കാതിരിക്കാൻ നാട്ടൊണ്ടാക്കുന്ന മൊതലാ പിശാച്‌ കൊണ്ടോയി തിന്നട്ടെ. നിന്നേം കൂടെ കുരുതി കൊടുക്കാൻ മനസ്സു വരുന്നില്ല. " അതിലൊരാൾ പറഞ്ഞു
"അങ്ങനൊന്നുമില്ല വർക്കിച്ചാ. അവനെന്റെ പിള്ളേർക്കിട്ടു പണികൊടുത്തതാണെ അവനേം കൊണ്ടേ ഞാൻ പോകൂ. അതങ്ങനാ എന്റെ രീതി " കൂസലില്ലാതെ ആശാൻ പറഞ്ഞു
"ഇവന്മാരുടെ അന്നത്തെ അവസ്ഥയും ഒച്ചയും ബഹളവും എല്ലാം ഞങ്ങളും കണ്ടതല്ലേ അതുകൊണ്ടു പറഞ്ഞതാ " അവരുടെ കണ്ണുകളിൽ തെളിഞ്ഞു കത്തുന്നത് ഭയം മാത്രമാണ്
"നമുക്കെന്നാൽ മുകളിലുള്ള വീട്ടിൽ പോയി കിടന്നൊന്നു ഉറങ്ങാം രാത്രി ഉറക്കമളക്കേണ്ടതല്ലേ" സ്ഥലമെല്ലാം കണ്ടതിനു ശേഷം എന്തെല്ലാമോ പ്ലാനുകൾ മനസ്സിൽ ഉറപ്പിച്ചുകൊണ്ടു ഞങ്ങളോടായി ആശാൻ പറഞ്ഞു.
വൈകിട്ട് ആറു മണി. ഞങ്ങൾ വർക്കിച്ചേട്ടന്റെ വീട്ടിൽ പുള്ളിക്കാരന്റെ ഭാര്യ മറിയ ചേടത്തി ഉണ്ടാക്കിയ കപ്പയും മീൻ കറിയും തീർക്കുന്ന തിരക്കിലാണ്.
"നിങ്ങള്ക്ക് അന്ന് പണികിട്ടാൻ പ്രധാന കാരണം നിങ്ങളുടെ തോക്ക് ആണ് . ഒറ്റയാൻമാരെ ബ്രാഹ്മണ അംശം കുഴൽ കൊണ്ടേ വെടിവയ്ക്കാവൂ. പിന്നെ നിങ്ങളിരുന്ന വശം ഉരു വരുന്ന ചാലിന് നേരെ ഇരിക്കരുത് വശത്തു നിന്നും കാണാൻ പരുവത്തില് വേണം ഇരിക്കാൻ. പിന്നെ ചാലിന് എട്ടുമണിക്ക് മുൻപേ പോയി ഇരിക്കേണം. പിന്നെ ഒറ്റയാൻ പന്നിയിൽ മറുത ആവാഹിച്ചിട്ടുണ്ടായിരിക്കയും അതിന്റെ ഇരിപ്പിടം കളയാൻ അതൊരിക്കലും സമ്മതിക്കില്ല. അതുകൊണ്ടുതന്നെ ആദ്യം അതിനെ പന്നിയുടെ ശരീരത്തിൽ നിന്നും പുറത്തിറക്കി മാറ്റിയ ശേഷം വേണം വെടി വയ്ക്കാൻ "ആശാൻ ഞങ്ങളുടെ അറിവിലേക്കായി പറഞ്ഞു കൊണ്ടിരുന്നു
ഭക്ഷണവും കഴിഞ്ഞു ഏഴുമണിയോടെ ഞങ്ങൾ പുഴയോരത്തേക്കു പോകുവാൻ സാധനങ്ങൾ എല്ലാം എടുത്തു.
"എന്ത് സംഭവിച്ചാലും താഴെനിന്നും വെടിയൊച്ച കേട്ട് ഒരുമണിക്കൂർ കഴിയാതെ പുറത്തിറങ്ങിയേക്കരുത് " ഇറങ്ങാൻ നേരം വർക്കിച്ചനോടായി ആശാൻ പറഞ്ഞു.
"ഇത് മടിയിൽ വച്ചോ നേരം വെളുക്കാതെ കളയരുത് " എന്തോ ഒരു ഇല എടുത്തു മറിയയുടെ നേരെ നീട്ടിക്കൊണ്ട് ആശാൻ പറഞ്ഞു.
അറക്കുവാൻ കൊണ്ടുപോകുന്ന ആടിന്റെ മാനസികാവസ്ഥയിൽ താഴേക്കു നടക്കുന്ന ആശാന്റെ പിന്നാലെ ഞങ്ങളും ഇറങ്ങി.
പുഴയുടെ ഓരത്തെത്തിയതേ സാധനങ്ങളെല്ലാം ഒരു തൈ തെങ്ങിന്റെ ചുവട്ടിലായി വച്ചു. ആശാന്റെ നിർദ്ദേശമനുസരിച്ചു പുഴയിൽ നിന്നും പന്നി കയറി വരുന്നിടത്തുനിന്നും അല്പം മുകളിലായി പരന്ന ഒരു ചരുവം വച്ച് , നേരത്തെ കൊണ്ടുവന്നു വച്ചിരുന്ന കോടയുടെ ജാർ തുറന്നു അതിലൊഴിച്ചു നിറച്ചു.
"പന്നി കയറിവന്ന് കോടയുടെ മണം അടിച്ചു കഴിയുമ്പോൾ അത് കുടിക്കാനായി മാറും. ആ സമയത്തിന് അതിന്റെ ശരീരത്തിൽ കയറിയിരിയ്കുന്ന മറുത മാറിനിൽക്കും. മദ്യം ഉള്ളിൽ ചെന്ന ജീവിയുടെ ഉള്ളിൽ നിന്നും കെട്ട് വിടുന്നത് വരെ ഈ ബാധകൾ മാറി നിൽക്കും . അതിനു ശേഷം വീണ്ടും പ്രവേശിക്കും. ആ സമയമാണ് നമ്മൾക്ക് വേണ്ടത്. " ഞങ്ങളോടായി ആശാൻ പതിയെ പറഞ്ഞു.
ആശാൻ കുഴൽ എടുത്തു നറക്കുവാൻ തുടങ്ങി മരുന്ന്‌ ഇട്ടു തട്ടി കുറ്റിയിൽ എത്തിച്ചശേഷം തടയായി ചകിരി നാരിന് പകരം പഴംതുണി ഇട്ടു തടവച്ചു. ചില്ലിടാതെ മൂന്നു കരുവും ഇട്ട് വീണ്ടും തുണി വച്ചു നറച്ചു. പൊട്ടാസ് വച്ച് ലെതറിന്റെ താങ്ങു പതിപ്പിച്ചു കൊത്തി താത്തി.
"ഇനി നമ്മുക്ക് കാത്തിരിക്കാം. നിങ്ങളുടെ തോക്കും നറച്ചു റെഡി ആക്കിക്കോ. നിങ്ങൾ രണ്ടും ചാലിന്റെ മുകളിൽ വലത് വശത്തായി കണ്ട തെങ്ങിൻ തടത്തിൽ ഇരുന്നോ. ഞാൻ പറയാതെ എഴുന്നേൽക്കരുത്. അതുപോലെ തോക്കും ഉപയോഗിക്കരുത്." ഞങ്ങൾക്ക് നിർദ്ദേശം തന്നുകൊണ്ട് ആശാൻ കോട കലക്കി വച്ചേക്കുന്നതിന്റെ ഇടതു ഭാഗത്തായി ഏകദേശം നൂറു അടി മുകളിലായി ഇരിപ്പുറപ്പിച്ചു.
എന്റെ കയ്യിൽ കെട്ടിയിരിക്കുന്ന ചരട് അവിടെ തന്നെ ഉണ്ടോ എന്ന് ഒരിക്കൽ കൂടെ ഉറപ്പിച്ചു കൊണ്ട് ഞങ്ങളും തെങ്ങിൽ തടത്തിലായി ഇരിപ്പുറപ്പിച്ചു. തോക്കും ലൈറ്റും കത്തിയും കൈ അകലത്തിലായി വച്ചു.
സമയം ഒച്ചിഴയുന്ന പോലെ മെല്ലെ മെല്ലെ മുന്നേറിക്കൊണ്ടിരുന്നു. ആശാൻ ഇരിക്കുന്ന ഭാഗത്തുനിന്നും യാതൊരുവിധ അനക്കവും കേൾക്കുന്നില്ല. വാച്ചിൽ സമയം പതിനൊന്ന് എന്ന് കാണിച്ചു. അകലെയെങ്ങോ കിടന്നു കുരച്ചു കൊണ്ടിരുന്ന ചാവാലി പട്ടികളുടെ ഒച്ചയും നിന്നു. പ്രകൃതി ഏകദേശം നിശബ്ദമാകാൻ തുടങ്ങി. പുഴയുടെ ശബ്ദം മാത്രം. നിലാവ് നേരത്തെ തന്നെ തന്റെ പാട്ടിനു പോയതിനാൽ ഇരുട്ടിനു നല്ല കട്ടി. പുഴക്ക് അക്കരയായി കാണുന്ന വിചിത്ര രൂപങ്ങൾ പൂണ്ട മരങ്ങളുടെ ഛായ മാത്രമാണ് കണ്ണിനു മുൻപിൽ കാഴച്ചയായുള്ളൂ. പ്രകൃതിയുടെ ഭയപ്പെടുത്തുന്ന നിശബ്ദദ.
"അത് വരുന്ന സമയമായി എന്ന് തോന്നുന്നു " അകലെ നിന്നും നിശബ്ദദയെ മുറിച്ചുകൊണ്ട് മുഴങ്ങിയ നത്തിന്റെ ഒച്ച കേട്ടുകൊണ്ട് സജി അടക്കിപ്പിടിച്ചു പറഞ്ഞു.
പതിയെ തണുപ്പ് കൂടി വരാൻ തുടങ്ങി. അകലെനിന്നും പട്ടി ഓലിയിടുന്ന ശബ്ദം കാതിൽ പതിച്ചു. പതിയെ കാലിൽ നിന്നും വിറ പിടിച്ചു നിർത്താൻ നോക്കിയിട്ടും നിൽക്കാതെ ശരീരം ആസകലം ബാധിക്കാൻ തുടങ്ങി.
പെട്ടന്ന് താഴെ പുഴയിലേക്ക് ആ ജന്തു കുതിച്ചു ചാടുന്ന ഒച്ച കേട്ട്. വിറയ്ക്കുന്ന ഞങ്ങളുടെ കൈകൾ അറിയാതെ തന്നെ തോക്കിലെക്കും ഒരടിയോളം നീളമുള്ള പിച്ചാത്തിയുടെ പിടിയിലേക്കും നീണ്ടു. ആശാൻ ഇരിക്കുന്ന ഭാഗത്തു യാതൊരു അനക്കവും ഇല്ല. പന്നി കുതിച്ചുയർന്നു കരയിലേക്ക് കയറുന്ന ശബ്ദം.
"ഗ്ലപ് ഗ്ലപ് " എന്ന് കോട ഇരിക്കുന്ന ഭാഗത്തുനിന്നും പന്നി കോട കുടിക്കുന്ന ഒച്ച ഉയർന്നു.
ഏതാനും നിമിഷം കഴിഞ്ഞപ്പോൾ ആശാൻ ഇരിക്കുന്ന ഭാഗത്തു നിന്നും പന്നിയുടെ നേരെ ലൈറ്റ് തെളിഞ്ഞു. ആ ഭീകര രൂപത്തിനെ ഞങ്ങൾ ഒരിക്കൽ കൂടി കണ്ടു. എന്നാൽ ഇപ്പോൾ കണ്ണിനു ആ ചുവപ്പു ഉണ്ടായിരുന്നില്ല. ഒരു ഞൊടിയിടയുടെ ആയുസേ ആ കാഴ്ചക്ക് ഉണ്ടായിരുന്നുള്ളു.
"ഠോ " വെടി പൊട്ടി.
അവിടം ഞടുങ്ങുമാറുച്ചത്തിൽ വേദനയും കലിയും പൂണ്ട സ്വരത്തിൽ ഒരു അലർച്ച മുഴങ്ങി. ആതോടൊപ്പം ഇടിമിന്നൽ പോലെ ഒരു നീല വെളിച്ചവും. അവിടുള്ള മരങ്ങളും ചെടികളും ചുഴലിക്കാറ്റിൽ പെട്ടത് പോലെ രൗദ്രതയോടെ ആടി ഉലഞ്ഞു. വീണ്ടും വീണ്ടും അലർച്ച മുഴങ്ങിക്കൊണ്ടിരുന്നു. ഞങ്ങളുടെ കയ്യിൽ നിന്നും തോക്കും കത്തിയും അറിയാതെ താഴെ വീണു. തീരാൻ പോകുകയാണ് എന്ന് തോന്നിപ്പോയി അറിയാതെ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു പോയി. ആ അലർച്ച പതിയെ നിലവിളി പോലെ നേർത്തു വന്നു. ആ കാറ്റും നിലവിളിയും അകലേക്ക് വനത്തിലേക്ക് വേഗതയിൽ പാഞ്ഞു പോയി. അനന്തതയിലെവിടെയോ നേർത്ത് നേർത്ത് ആ ശബ്ദം അലിഞ്ഞു ചേർന്നു.
"ഡാ സാധനം വീണിട്ടുണ്ട് ചോരപ്പാട് നോക്കി പോയാൽ സാധനം എടുക്കാം " ആശാന്റെ ശബ്ദം. പതിയെ തല ഉയർത്തി നോക്കിയ ഞങ്ങളുടെ മുൻപിൽ ഒരു എരിയുന്ന ബീഡിയും കടിച്ചു പിടിച്ചുകൊണ്ടു വിജയി ഭാവത്തിൽ നിലക്കുന്ന ശിവൻകുട്ടി ആശാൻ.
"എന്താടാ പേടിച്ചു മുള്ളിയോ. കെട്ടിപ്പിടുത്തം വിടാടാ " ചരിച്ചു കൊണ്ട് ആശാൻ അന്നത്തെ സംഭവത്തിന് ശേഷം ഇന്നാണ് ആശാന്റെ മുഖത്ത് ചിരി നിഴലിക്കുന്നത് . ഞങ്ങൾ പയ്യെ എഴുന്നേറ്റു ഞങ്ങൾക്കും ഒരു സംശയം ഉണ്ടായിരുന്നു ഉടുമുണ്ടിൽ മുള്ളിയോ എന്ന് . ഭാഗ്യം ഇല്ല !!.
"ആശാനേ നേരം വെളുത്തിട്ടു തപ്പാം. പറ്റില്ല ശരീരം വിറച്ചിട്ട് നടക്കാൻ പോലും പറ്റില്ല " സജി
"അങ്ങനെ എങ്കിൽ അങ്ങനെ. നമുക്ക് ഒരു കുറച്ചു നേരം കൂടി ഇവിടിരുന്നിട്ടു വർക്കി യുടെ വീട്ടിലേക്കു പോകാം " ആശാൻ
ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ ഞങ്ങൾ വർക്കി ചേട്ടന്റെ വീട്ടിലെത്തി
"വർക്കിയെ പൂയ് , മറിയേ വാതില് തുറന്നെ ഇത് ഞങ്ങൾ തന്നാ " ആശാൻ നീട്ടി വിളിച്ചു.
"സജിയെ. ബാബു നിങ്ങളുണ്ടോ കൂടെ ?" അകത്തു നിന്നും മാറിയ ചേടത്തിയുടെ ഭയന്ന പോലുള്ള സ്വരം
"ആ ഒണ്ടു ചേടത്തി "ഞങ്ങൾ രണ്ടും ഒരുമിച്ചെന്നോണം പറഞ്ഞു
"അരിയത്ര വെല്ലിച്ചാ ഇത് നിങ്ങൾ തന്നെ ആണല്ലോ അല്ലെ ?" വാതിൽ തുറന്നു കൊണ്ട് ചേടത്തി
"എന്താ പറ്റിയെ. എന്നെ തൊട്ടു മുൻപ് കണ്ടായിരുന്നു അല്ലെ ? "ആശാൻ
"ങാ താഴെ നിന്നും വെടി പൊട്ടുന്നതും അലർച്ച പോലൊരു ഒച്ചയും ഞങ്ങൾ കേട്ട്. തൊട്ടടുത്ത നിമിഷം കരഞ്ഞു കൊണ്ട് നീ വിളിക്കുന്ന ഒച്ച. വർക്കിച്ചായൻ വാതലി നിടയിലൂടെ നോക്കുമ്പോൾ മുഖത്തും ദേഹത്തും നിറയെ ചോരയുമായി നീ നടക്കല്ലേൽ വീണു കിടക്കുന്നു. അതിയാൻ വാതില് തുറക്കാൻ തുടങ്ങിയതാ. പെട്ടന്നാണ് നീ പറഞ്ഞതോർത്തത്‌. അങ്ങേരെ തടയാൻ നോക്കിയിട്ടു നിക്കുവോ. എന്റീശോയെ ഒരു വിധത്തിലാ ഞാൻ പിടിച്ചു നിർത്തിയത്. ശകലം നേരം കഴിഞ്ഞപ്പോൾ അതെല്ലാം മാഞ്ഞു പോകുന്നത് പോലെ പോകുകയും ചെയ്തു." വിറയും കരച്ചിലും എല്ലാം കൂടിയ സ്വരത്തിൽ ആ പാവം പറഞ്ഞൊപ്പിച്ചു
എനിക്ക് കിട്ടിയ ധൈര്യവും ചോർന്നു പോകുന്നത് പോലെ തോന്നി. അതോ സ്വപ്നത്തിലാണോ എന്നും
"എന്റെ ശിവൻ കുട്ടി എന്നെ ആരോ പിടിച്ചു വലിക്കുന്നത് പോലെ ആയിരുന്നു പുറത്തേക്കു ഇറങ്ങാൻ ഉള്ള തോന്നൽ " വർക്കി
"എനിക്കതു നേരത്തെ തോന്നിയിരുന്നു അതാണ് ഞാൻ മറിയക്ക് പ്രത്യേകമായി ആ ഇല കൊടുത്തത് " ആശാൻ
പിറ്റേന്ന് അയൽക്കാർ എല്ലാം കൂടി ചോരപ്പാട് നോക്കി പന്നിയെ തപ്പി എടുത്ത് വീതം വച്ചു. എന്നാൽ ആശാനോ ഞങ്ങളോ ഭാഗം വാങ്ങാൻ ആശാൻ സമ്മതിച്ചില്ല. എന്താണോ ആവോ!
------------------------------------------------------
ഈ കഥയിലെ സജിയും ബാബുവും പറഞ്ഞാണ് ഞാൻ ഇത് അറിയുന്നത്. അവർ ഇപ്പോഴും ജീവനോടെ എന്റെ നാട്ടിലുണ്ട്. അമ്പത്തഞ്ചു അറുപതു വയസ്സ് കാണും ഇപ്പൊ. ശിവൻ കുട്ടി ആശാൻ പാലായിലാണ് വടിയുടെ സഹായത്താൽ കഷ്ടി എഴുന്നേറ്റു നടക്കും.

1 comment:

  1. ഈ ബ്ലോഗിലെ എല്ലാ പ്രേതകഥകളും ഒറ്റയിരിപ്പിന് വായിച്ചു. എല്ലാം നന്നായിട്ടുണ്ട്. ഇതാണ് കൂട്ടത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. തുടർന്നും എഴുതുമെന്ന് പ്രതീക്ഷിക്കട്ടെ!

    ReplyDelete

Related Posts with Thumbnails