മുന്‍പ് ഞാനൊരു പാമ്പിന്റെ കഥ പറഞ്ഞിരുന്നു "കരിങ്കോളി" ഇത്തവണ അത്തരം ഭീകര രൂപികളും വായ്മൊഴികളില്‍ മാത്രം കേട്ടറിവുമുള്ള മൂന്ന് പാമ്പുകളെക്കുറിച്ചുള്ള പഴമക്കാരുടെ ഇടയില്‍ നിന്നും വായ്മൊഴികളിലൂടെ ഞാന്‍ കേട്ട കഥകള്‍.
1 മണിനാഗം
മേമ ചേടത്തി, ഹൈറേഞ്ചിലെ കുടിയേറ്റക്കാരുടെ ഇടയിലെ പെൺകരുത്ത് .
ഈരാറ്റുപേട്ടയിൽ നിന്നും കുടിയേറ്റകാലത്തു ഉള്ള സമ്പാദ്യങ്ങളും പിള്ളേരും ആയി ഹൈറേഞ്ചിലെ മണ്ണിലേക്ക് കുടിയേറി. എല്ലാവരെയും പോലെ തന്നെ ദാരിദ്ര്യവും നിവൃത്തി കേടും മൂലം പിടിച്ചു നില്പിനായി പോരാടി. ആ പോരാട്ടം അവരെ കൂടുതൽ കരുത്തുള്ളവളാക്കി. ഭയം എന്നത് എന്താണെന്ന് അവർ മറന്നു പോയി.(എന്റെ കുടുംബം അവരോടൊത്താണ് ഈ മല മുകളിലേക്ക് വന്നത്.)
പാമ്പിന്റെ കഥക്ക് മുൻപായി അവരുടെ ധീരതയുടെ ഒരു ചെറിയ കഥ
കുടിയേറ്റ കാലത്തു ആളുകൾ പ്രധാനമായും ഭക്ഷണത്തിന് ആവശ്യമായ വിളകൾക്ക് ആണ് മുൻതൂക്കം നൽകുന്നത് . കപ്പ, നെല്ല് , കാച്ചിൽ , ചേമ്പ് , ചേന ഇത്യാദികൾ . മേമ്മച്ചേടത്തിയും താൻ വെട്ടിയെടുത്ത മണ്ണിൽ ഇതെല്ലാം നട്ടു. വേലിയും കെട്ടി. എന്നാൽ കപ്പ വലുതായതോടെ ആനകൾ വിളവെടുക്കാൻ തുടങ്ങി . പാട്ടകൊട്ടിയും ബഹളമുണ്ടാക്കിയും ഒക്കെ കുറച്ചു ശല്യം ഒഴിവാക്കാൻ സാധിച്ചിരുന്നു.
ഒരു ദിവസം രാവിലെ മേമ്മച്ചേടത്തി പറമ്പിലേക്ക് നോക്കുമ്പോൾ കാണുന്നത് മിച്ചമുണ്ടായിരുന്ന കപ്പ കൂടി മൂന്നാല് ആനകൾ ചേർന്ന് തിന്ന് മദിക്കുന്നതാണ്.
മേമ്മച്ചേടത്തിയുടെ എല്ലാ നിയത്രണങ്ങളും വിട്ടു പോയി ആ കാഴ്ചയിൽ. അവർ കലിപ്പോടു കൂടി ആനകൾക്കു നേരെ ഓടിച്ചെന്നു. ഓടുന്ന കൂട്ടത്തിൽ കുനിഞ്ഞു ഒരു കപ്പത്തണ്ടും കയ്യിലെടുത്തു.
ഓടിച്ചെന്നു മുൻപിലായി കണ്ട ആനയുടെ വാലിൽ ഒരുകൈകൊണ്ടു ചാടിപ്പിടിച്ചു. പിൻ നടയിലൊന്നിൽ കാലുകളും ഉറപ്പിച്ചു കൊണ്ട് കയ്യിലിരുന്ന കപ്പത്തണ്ടു കൊണ്ട് ആനയുടെ ചന്തിക്കിട്ട് ചറപറാ അടിതുടങ്ങി.
"എൻ്റെ കഞ്ഞികുടി മുട്ടിക്കാൻ വന്ന നിന്നെയൊക്കെ ഞാൻ ഇന്ന് ശരിയാക്കുമെടാ # @ %& " എന്നെല്ലാം അവർ വിളിച്ചു പറയുന്നുണ്ടായിരുന്നു .
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാത്ത ആന ചിന്നംവിളിച്ചുകൊണ്ടു വട്ടം കറങ്ങി. അതിന്റെ വെപ്രാളം കണ്ട മറ്റാനകൾ ചിഹ്നം വിളിച്ചുകൊണ്ട് ചിതറി ഓടി. അടി കൊള്ളുന്ന ആനയും അലറിക്കൊണ്ട് പിന്നാലെ. സൗകര്യം നോക്കി ചേടത്തി ആനയുടെ ദേഹത്തുനിന്നും ഇറങ്ങി . ആനകൾ അലറിക്കൊണ്ട് കാട്ടിലേക്കും ഓടി.
എന്തായാലും അതിൽ പിന്നെ ചേടത്തിയുടെ പറമ്പിൽ ആനകൾ കയറിയിട്ടില്ല. പോരാത്തതിന് പിന്നെ ചേടത്തിയുടെ ഒച്ചകേട്ടാൽ ആനകൾ വാലും ചുരുട്ടി ചിഹ്നം വിളിച്ചു കൊണ്ട് ഓടുമായിരുന്നു .
ഒരു ജൂലൈ മാസം, കാലത്തെ മുതൽ തുടങ്ങിയ ചന്നം പിന്നം മഴ സന്ധ്യയോടെ കലാപരിപാടികൾ പിറ്റേന്നത്തേക്കു മാറ്റിയെന്നപോൽ അരങ്ങൊഴിഞ്ഞു. പ്രകൃതി ഇട്ടിരുന്ന മൂടുപടം പയ്യെ മാറ്റി പുഞ്ചിരിക്കാൻ ആരംഭിച്ചു.
തോട്ടിറമ്പിലായി നട്ടിരിക്കുന്ന കപ്പയും നെല്ലും പന്നി വന്നു കുത്തി മറിക്കുന്നതിനാൽ കൃഷിയിടത്തോട് ചേർന്ന് നിന്നിരുന്ന ഒരു മരുതിൽ ചെറിയൊരു കാവൽ മാടം മേമ ചേടത്തി ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. മിക്ക ദിവസങ്ങളിലും ഒരു എട്ടുമണിയോടെ അത്താഴവും കഴിച്ചു കുട്ടികളെ എല്ലാം ഏറുമാടത്തിൽ കയറ്റി കിടത്തിയുറക്കിയ ശേഷം ചേടത്തി കാവൽ മാടത്തിൽ പോയി തന്റെ അധ്വാനത്തിനു കാവൽ കിടക്കും.
അന്നും പതിവുപോലെ ചേടത്തി തൻ്റെ കൈ ലൈറ്റും എടുത്ത് മൂത്ത മകനെ മറ്റുകുട്ടികളെ ഏല്പിച്ചു കാവൽ മാടത്തെ ലക്ഷ്യമാക്കി നടന്നു. മാടത്തിൽ കയറി ചേടത്തി കയർ ഏണി പൊക്കി വച്ചു . പതിയെ മാടത്തിന്റെ മൂലയിൽ ചാരി വച്ചിരിക്കുന്ന തന്റെ തോക്ക് എടുത്തു തുടച്ചു. പഴയ നിറ മാറ്റി ഒരു അഞ്ചു വിരലിന്റെ നിറയും നിറച്ചു തൻ്റെ അടുത്തായി വച്ചു . ഹെഡ് ലൈറ്റ്, കത്തി, രണ്ട് ഏറു പടക്കം എന്നിവയും കയ്യകലത്തിൽ എടുത്തു വച്ചതിനു ശേഷം ചുറ്റുപാടുകൾ എല്ലാം ലൈറ്റ് അടിച്ചു നോക്കി ഒന്നുമില്ല എന്ന് ഉറപ്പാക്കി അവർ. പതിയെ തൈതലിന് കെട്ടിയ മറയിലേക്ക് ചാരി കണ്ണുകൾ അടച്ചു.
എന്തോ ഒരു മുഴക്കം കേട്ടുകൊണ്ടാണ് ചേടത്തി കണ്ണുകൾ തുറക്കുന്നത്. ഓട്ടു മണി അടിച്ചതിനു ശേഷം ഉണ്ടാകുന്നത് പോലൊരു മുഴക്കം. എന്താണെന്ന് പിടികിട്ടാത്ത അവർ ചെവി വട്ടം പിടിച്ചു. താനിരിക്കുന്നതിന്റെ താഴെ നിന്നുമാണ് ആ ഒച്ച എന്നവർ തിരിച്ചറിഞ്ഞു. പതിയെ ശബ്ദം ഉണ്ടാക്കാതെ ഹെഡ് ലൈറ്റ് എടുത്തു തലയിൽ വച്ചു. ഇടതു കൈകൊണ്ടു തോക്കും എടുത്തു. മുട്ടുകുത്തിനിന്നുകൊണ്ടു ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് അവർ ലൈറ്റ് അടിച്ചു.
ഒരു ഗ്ലാസ് വലിപ്പമുള്ള കടും പച്ച കളറിൽ തിളങ്ങുന്ന രണ്ടു കണ്ണുകളാണ് അവർ ആദ്യം കണ്ടത്. പിന്നീട് ബാക്കിയും അസാധാരണ വലിപ്പമുള്ള രണ്ടു കവുങ്ങു കൂടുന്ന വണ്ണമുള്ള ഒരു പാമ്പ്. ലൈറ്റ് വെട്ടം ദേഹത്ത് പതിച്ച അത് ഒരു ചീറ്റലോടെ നിലത്തുനിന്നും ഉയർന്നു. അത് അനങ്ങുന്നതനുസരിച്ചു മണി മുഴങ്ങുന്നതുപോലുള്ള ഒച്ചയും കൂടി വന്നു. തൻ്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ഏകദേശം രണ്ടാൾ പൊക്കത്തിൽ ഉയർന്നുനിൽക്കുന്ന ആ ജന്തുവിനെ കണ്ട ചേടത്തിയുടെ ധൈര്യമെല്ലാം ചോർന്നു പോയി. രാജവെമ്പാലയുടേത് പോലുള്ള പത്തിയും അതിന്റെ നടുക്കായി ശിവലിംഗത്തിന്റെ ആകൃതിയോടു സാമ്യമുള്ള ഒരു അടയാളവും.
ചേടത്തി തന്റെ വിറയ്ക്കുന്ന കൈകൾ കൊണ്ട് തന്റെ തോക്കെടുത്തു കൊത്തി വലിച്ചു. രണ്ടു മരതക കല്ലുകൾ പോലെ ജ്വലിക്കുന്ന അതിന്റെ കണ്ണുകൾക്ക് നടുവിലായി ഉന്നം ഉറപ്പിച്ചു കൊണ്ട് തോക്കു മുഖത്ത് പൂട്ടി.
"നീ എന്ത് മയിരാണെങ്കിലും ഞാൻ മൂന്നു വരെ എണ്ണും അതിനിപ്പാട് പോയില്ലെങ്കിൽ അരിയത്ര വെല്ലിച്ചനാണെ ഞാൻ പൊട്ടിക്കും " ചേടത്തി ആ ജന്തുവിനോടെന്നവണ്ണം വിളിച്ചു പറഞ്ഞു.
"ഒന്ന് "
"രണ്ട് "
"മൂന്ന് "
മൂന്നെണ്ണുകയും തോക്കിന്റെ കാഞ്ചിയിൽ ചേടത്തിയുടെ വിരൽ അമർന്നതും ഒരുമിച്ചായിരുന്നു.
എന്നാൽ പൊട്ടാസ് മാത്രം കത്തി തോക്ക് ചീറ്റി കൊണ്ടു പിന്നിലേക്ക് ഇടിക്കുകയാണുണ്ടായത്. ഇടിയുടെ ആയതിൽ ചേടത്തി പിന്നിലേക്ക് ആഞ്ഞിരുന്നു അതോടൊപ്പം തന്നെ ലക്ഷ്യം തെറ്റിയ തോക്കു ആകാശത്തെ ലക്ഷ്യമാക്കി പൊട്ടി.
താഴെ നിന്നും ഉച്ചത്തിലുള്ള ചീറ്റലും മുഴക്കത്തിന്റെ ഒച്ചയും ഉച്ചസ്ഥായിൽ മുഴങ്ങി. ചാടി എണീറ്റ ചേടത്തി ലൈറ്റു വെട്ടത്തിൽ കലങ്ങി മറിഞ്ഞ\തോട്ടിലേക്ക് ഇഴഞ്ഞിറങ്ങുന്ന പാമ്പിനെയാണ് കാണുന്നത്. ആകെ ഭയന്ന് പോയ ചേടത്തി അടുത്ത മാടത്തിൽ നിന്നുമുള്ള കൂവൽ കേട്ടു.
"കൂയ് ...." അവർ തിരിച്ചു കൂവി
"പന്നിയാണോ ?" അയൽക്കാരനായ ദാമോദരന്റെ ഒച്ച
"അല്ല ദാമോദരാ നീയിങ്ങു ഒന്ന് വരാമോ ?" ചേടത്തി ഉറക്കെ വിളിച്ചു കൂവി
"എന്തു പറ്റി മേമേ ?" ചേടത്തി ഇട്ടു കൊടുത്ത ഏണി വഴി മുകളിൽ കയറിവന്ന ദാമോദരൻ ചോദിച്ചു. ദാമോദരന്റെ കൂടെ മകൻ ശിവൻകുട്ടിയും ഉണ്ടായിരുന്നു . ചേടത്തി അവരോടായി നടന്ന കാര്യങ്ങൾ പറഞ്ഞു.
"എന്റെ പിതാവേ നീ എന്ത് പണിയാ മേമേ കാണിച്ചേ ? അത് മാണിനാഗം ആണ് ശിവന്റെ അനുഗ്രഹമുള്ള നാഗം. നന്മയും ഭാഗ്യവും ഉള്ളവർക്ക് മാത്രമാണ് അതിനെ കാണാൻ പറ്റൂ. നീ പെണ്ണായത് കൊണ്ട് മാത്രമാണ് അതിനെ വെടിവച്ചിട്ടും ജീവനോടിരിക്കുന്നത്. എന്റെ ശിവനെ കുഴപ്പമൊന്നും വരുത്തല്ലേ " ദാമോദരൻ പറഞ്ഞു നിർത്തി
"എൻ്റെ അരിയത്ര വെല്ലിച്ച എന്നോട് പൊറുത്തേക്കണേ " കൈ കൂപ്പിക്കൊണ്ട് മേമ്മച്ചേടത്തി തറയിലേക്ക് ഇരുന്നു.
0 comments:
Post a Comment