ഈ കഥയുടെ ബാക്കി പറയുന്നതിന് മുൻപായി ചെറിയ ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ. ഞാൻ ഈ ഗ്രൂപ്പിൽ ഇരുപതോളം കഥകൾ ഇട്ടിട്ടുണ്ട് കൂടാതെ എന്റെ ബ്ലോഗിൽ നിന്നും യാതൊരു നാണവുമില്ലാതെ കോപ്പി ചെയ്തും ചിലർ എന്റെ കഥകൾ ഇവിടെ ഇട്ടിട്ടുണ്ട്. (അതിൽ എനിക്ക് പരാതിയില്ല പാവങ്ങൾ , അവരുടെ ആവശ്യം നമ്മുടെ അനാവശ്യമായി തോന്നുന്നതാണ് ) ഞാൻ പറയാൻ വന്ന കാര്യം. കൃത്യ അനുഭവം മാത്രം പറയുകയാണെങ്കിൽ എന്റെ എല്ലാ കഥകളും കൂടി ഒരു രണ്ടോ മൂന്നോ പാരഗ്രാഫ് മാത്രമേ കാണൂ. (അനുഭവസ്ഥർ ഈ കഥയുടെ ആദ്യ ഭാഗം വളരെ ചെറിയ ഒരു അനുഭവമായിട്ടാണ് എന്നോട് പറഞ്ഞത്. അവർ ഷാപ്പിൽ നിന്നും താമസിച്ചിറങ്ങിയ ദിവസം റബർ തോട്ടത്തിൽ വച്ച് അവരുടെ പിന്നാലെ ഒരു സ്ത്രീ രൂപം വന്നു അവർ അതിനെ തുണി പൊക്കി കാണിച്ചിട്ട് ഓടി. ഓടി ചെന്നപ്പോൾ വഴിയിൽ വേറൊരു ആൺ രൂപം നില്കുന്നു ) വായിക്കുവാൻ ഒരു രാസത്തിനും മറ്റുമായി മറ്റുള്ളവരിൽ നിന്നും കിട്ടുന്ന അനുഭവങ്ങളിൽ കുറച്ചു ഭാവനയും ഒക്കെ ചേർത്ത് തന്നെയാണ് ഞാൻ എഴുതുന്നത് . ചില കമന്റുകളും പോസ്റ്റുകളും കണ്ടത് കൊണ്ട് ആമുഖമായി പറഞ്ഞു എന്നെ ഉള്ളൂ.
തങ്ങളുടെ മുന്നിൽ നിൽക്കുന്ന രൂപത്തിനെ കൂടി കണ്ടതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ കിതച്ചു കൊണ്ട് രണ്ടുപേരും നിന്നു
"നമ്മളോട് ഇതെന്തു പരീക്ഷണമാണ് കറിയാ. നമ്മള് ചാകാൻ പോകുവാണോടാ " കരച്ചിൽ പോലെ ദേവസ്യ ചോദിച്ചു
"എനിക്കും ഒന്നും മനസ്സിലാകുന്നില്ലെടാ, ഒരു കാര്യം ചെയ്യാം ഈ തോട്ടത്തിലൂടെ വട്ടം കടന്നാൽ പാറേപ്പള്ളിയിൽ എത്തും. വെല്ലിച്ചന്റെ കാൽക്കൽ വീഴാം" പതിയെ അവരുടെ നേരെ അനങ്ങാൻ തുടങ്ങിയ രൂപത്തെ നോക്കിക്കൊണ്ടു കറിയ പറഞ്ഞു
"എന്നാ നീ മുമ്പിൽ ഓടെടാ "ദേവസ്യ
ആ ഇരുട്ടിൽ വീണും ഉരുണ്ടും ഓടിയും ഒക്കെയായി അവർ ഒരു വിധത്തിൽ തോട്ടത്തിൽ നിന്നും പുറത്തുകടന്ന് നീലംപാറ ഗീവർഗീസ് പുന്ന്യാളൻറെ മുൻപിൽ ചെന്ന് വീണു.
"എന്റെ വെല്ലിച്ചാ കാക്കണേ, നീലപ്പാമ്പിനെ കൊന്ന് ഈ നാടിനെ കാത്ത നീ ഞങ്ങളേം കാക്കണേ !!!!!" രണ്ടു പേരും ഒരുപോലെ കരഞ്ഞു വിളിച്ചു.
നേരം വെളുക്കാറായപ്പോഴാണ് ഭയം മാറി രണ്ടുപേരും അവിടെ നിന്നും വീട്ടിലേക്ക് പോകുന്നത്. ഉടുതുണിയെല്ലാം തോട്ടത്തിൽ എവിടെയോ പോയിരുന്നു. ആളുകൾ ഉണരുന്നതിനു മുൻപേ അവർ ഒരു വിധം വീട്ടിലെത്തി.
"നിന്നോടൊന്നും ആ വഴി പോകരുതെന്ന് ഞാൻ പറഞ്ഞതല്ലായിരുന്നോ? അപ്പൊ അഹമ്മതി " തന്റെ മുന്നിൽ അണ്ടി കളഞ്ഞ അണ്ണാന്മാരെ പോലെ ഇരിക്കുന്ന കറിയായോടും ദേവസ്യായോടും ആയി ഷാപ്പുകാരൻ സോമൻ പൊട്ടിത്തെറിച്ചു
"വിട്ടുകള ചേട്ടാ. അതപ്പോഴത്തെ പൂസും പൊറത്തല്ലേ ? ക്ഷമി. ചേട്ടൻ അതെന്താണെന്ന് ഒന്നുപറ !!" വളരെ ഭവ്യതയോടെ കറിയ പറഞ്ഞു
"നിങ്ങൾ കണ്ടത് മാളിയേയും പാനൂട്ടിയെയും ആണ് "
"അതാരാ ?"
നിറഞ്ഞു പൂത്ത മണിമരുത് പോലെ ആരും നോക്കി നിന്നു പോവുന്ന സുന്ദരിയായിരുന്നു മാളി. മിക്കപ്പോഴും അവളുടെ ഇടതൂർന്ന മുടിയിഴകൾ മുല്ലപ്പൂ ചൂടി മനോഹരമാക്കി തോളിലൂടെ മുന്നിലേക്ക് എടുത്തിട്ടിരിക്കും.മുണ്ടും ബ്ലൗസും ധാവണി പോൽ ചുറ്റിയ തോർത്തും അതാണവളുടെ വേഷം. അച്ഛനും അമ്മയും മരിച്ചു പോയ അവളെ ഒരു അല്ലലും ഇല്ലാതെ പൊന്നുപോലെയാണ് അവളുടെ സഹോദരൻ പാനൂട്ടി നോക്കിയിരുന്നത് കുഞ്ഞു പെങ്ങളുടെ എല്ലാ കൊഞ്ചലുകളും വകവെച്ചു കൊടുക്കുന്ന ഒരു പാവം ആങ്ങള. അവൻ അവന്റെ ജീവനേക്കാൾ വലുതായിരുന്നു അവന്റെ പെങ്ങൾ. എന്നും വൈകിട്ട് പണികഴിഞ്ഞു വരുമ്പോൾ പെങ്ങൾക്കുള്ള പലഹാരപ്പൊതിയും ആയെ അവൻ വരൂ. ഇല്ലെങ്കിൽ കൊച്ചു കുട്ടിയെ പോലെ അവൾ ചിണുങ്ങും.
എന്നാൽ ആങ്ങള ഒരിക്കലും അമ്മയാകില്ലല്ലോ പതിനാറിൽ നിന്നും പതിനേഴിലേക്കു കടന്ന മാളിയിൽ വന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ ആ പാവത്തിനായില്ല. എന്നാൽ അറിയുന്ന ചിലരുണ്ടായിരുന്നു.
അന്നാ നാട്ടിൽ കൊച്ചു പണക്കാരൻ കൊച്ചു മുതലാളിയായി വിലസിയിരുന്ന ഒരാൾ (പേര് ഇവിടെ പറയില്ല ). മാളിയുടെ സ്വപ്‌നങ്ങൾ പതിയെ അവനിലേക്ക് പടർന്നു. പിന്നാലെ അവളുടെ ശരീരവും.
"നീ പേടിക്കേണ്ട ഞാൻ ഇന്ന് സന്ധ്യയാകുമ്പോൾ നിന്റെ വീട്ടിൽ വരാം പാനൂട്ടിയോടും സംസാരിക്കാം " തൻ ഗർഭിണിയാണ് എന്നറിഞ്ഞ മാളിയെ സമാധാനിപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു
സന്ധ്യയായി. പാനൂട്ടി വരുമ്പോൾ എട്ടുമണി എങ്കിലും ആകും. മറ്റു വീടുകളിൽ നിന്നും കുറച്ചു മാറി ഒറ്റപ്പെട്ട ഒരു വീടാണ് അവരുടേത്.
പുറത്തു നിന്നും തന്റെ കാമുകന്റെ ശബ്ദം കേട്ട മാളി കതകു തുറന്നു. അവനും കൂടെ മറ്റു രണ്ടു പേരും കൂടെ വീടിനുള്ളിലേക്ക് കയറി.
"കേട്ടോടാ ഇവളെ ഞാൻ കെട്ടണമെന്ന് ഹ ഹ .... " അവൻ മറ്റുള്ളവരെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു
"ഇവള് ഗർഭിണി ആണ് പോലും. എവിടേലും പോയി ഉണ്ടാകും. കൂട്ടത്തിൽ കൊള്ളാവുന്ന നമ്മളെ അവക്ക് വേണം പോലും. ഇവടെ ദിവ്യ ഗർഭം ഞാൻ അങ്ങ് കളയാൻ പോകുവാ. നിങ്ങക്കാർക്കെലും ഇവളെ പരിശിധിക്കണോ ? " അയാൾ
ആകെ പേടിച്ചു നിന്ന മാളിയുടെ നേരെ വഷളൻ നോട്ടവുമായി അവന്റെ കൂട്ടുകാർ നീങ്ങി. ഒറ്റ ഓട്ടത്തിന് അടുക്കളയിൽ ചെന്ന് കത്തിയെടുത്തുകൊണ്ട് മാളി അവരുടെ നേരെ തിരിഞ്ഞു.
"ഓഹോ നല്ല വീറുണ്ടല്ലോ " അവളുടെ അടുത്തേക്ക് വന്ന അവൻ പറച്ചിലും മാളിയുടെ വയറിനിട്ടു ആഞ്ഞു ചവിട്ടുകയും ഒപ്പം നടത്തി.
"അമ്മേ...." അലറിക്കൊണ്ട് അവൾ നിലത്തേക്ക് ഇരുന്നു. അലറിച്ചയോടെ പൊളിഞ്ഞ അവളുടെ വായ അങ്ങനെ തന്നെ ഇരുന്നു. കണ്ണുകൾ വേദനകൊണ്ട് പുറത്തേക്കു തള്ളിവന്നു. അവൾക്കു ചുറ്റും പതിയെ ചോരച്ചാലുകൾ ഒഴുകി പടർന്നു.
"പെലിയാടി ചത്തെന്നാ തോന്നുന്നേ"
"ചത്തെങ്കിൽ പൊക്കിയെടുത്തു റബറേൽ കെട്ടിത്തൂക്കാം "
ചെറിയൊരു മൂളിപ്പാട്ടും പാടിക്കൊണ്ട് പെങ്ങൾക്കുള്ള പലഹാര പൊതിയും കയ്യിൽ പിടിച്ചുകൊണ്ട് റബർ തോട്ടത്തിലൂടെ തൻ്റെ വീട്ടിലേക്ക് കയറിവന്ന പാനൂട്ടി കാണുന്നത് ആരോ രണ്ടു പേർ ചേർന്ന് അവന്റെ പെങ്ങളെ തലമുടിയിൽ പിടിച്ചു വലിച്ചു വീടിനു വെളിയിലേക്കു ഇറക്കുന്നതാണ്
"ഹേയ് ആരെടാ അത് " അലറിക്കൊണ്ട് പാനൂട്ടി അവരുടെ അടുത്തേക്ക് ഓടി അടുത്തു. പെട്ടന്ന് പിന്നിൽ നിന്നും മരത്തടി കൊണ്ട് തലയുടെ പിന്നിൽ കിട്ടിയ ഒരു അടിയുടെ ആഖാതത്തിൽ അവൻ രണ്ടു കൈകൾ കൊണ്ടും അന്തരീക്ഷത്തിൽ ചുരമാന്തിക്കൊണ്ടു കമിഴ്ന്നടിച്ചു വീണു.
പിറ്റേന്ന് നേരം വെളുത്തത് റബറിൽ തൂങ്ങി നിലക്കുന്ന മാളിയെ കണ്ടുകൊണ്ടാണ് . അവളുടെ കീഴിലായി മാളിയുടെ ശരീരത്തിൽ നിന്നും ഇറ്റു വീണുകൊണ്ടിരുക്കുന്ന ചോരയിൽ കുളിച്ചു പൊട്ടിചിരിച്ചുകൊണ്ടിരിക്കുന്ന പാനൂട്ടിയും
പിഴച്ചു പോയ പെങ്ങളെ കൊന്നു കെട്ടിത്തൂക്കിയ കേസിനു പാനൂട്ടിയെ പോലീസ് കൊണ്ട് പോയി. എന്നാൽ മനോനില തെറ്റിയ അവൻ രണ്ടു മൂന്നു വർഷത്തിനകം അവിടെ പ്രത്യക്ഷപ്പെട്ടു.
അന്നുമുതൽ പലരും മാളിയെ ആ വഴിയിൽ കാണാൻ തുടങ്ങി. ഒപ്പം പാനൂട്ടിയെയും. അന്ന് അവൻ്റെ പെങ്ങളെ കൊന്ന ആളുകളുടെ കുടുംബങ്ങൾ തകർന്നു. ആ മൂന്നു പേരും അപമൃതുവിനും ഇരയായി.
പത്തു മുപ്പതു വർഷത്തോളം കടന്നു പോയി എങ്കിലും ആ വീടിന്റെയും അതിനു മുന്നിലൂടുള്ള വഴിയിലൂടെയും നിലാവുള്ള രാത്രിയിൽ ഇപ്പോഴും അവരെ കാണാറുണ്ട്. പലപ്പോഴും ഇരുളിന്റെ നിശബ്ദദയെ കീറിമുറിച്ചുകൊണ്ട് മാളിയുടെ പൊട്ടിച്ചിരിയും പാനൂട്ടിയുടെ അട്ടഹാസവും നിലവിളിയും അവിടങ്ങളിൽ മുഴങ്ങാറുണ്ട്.
0 comments:
Post a Comment