പേജുകള്‍‌

Tuesday, July 27, 2021

പൂനിലാവൊത്ത മാളി


മുണ്ടക്കയം ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്ന ചെറു പട്ടണം. അവളെ തൊട്ടൊഴുകുന്ന മണിമലയാർ. റബർ തോട്ടങ്ങളിലൂടെ വളഞ്ഞു പുളഞ്ഞു വേമ്പനാട്ട് കായലിനെ തേടി ഒഴുകുന്ന അവളുടെ ഉള്ളിലും അവൾ കണ്ടറിഞ്ഞ  ഒരായിരം കഥകൾ ഒളിപ്പിച്ചിട്ടുണ്ടാകും. അതിൽ ഒരു കഥ 

കാലം 1975 മാർച്ച്  മാസം 

മുണ്ടക്കയത്തു നിന്നും മണിമലയാറിലൂടെ  കുറച്ചു ദൂരം മുന്നോട്ടു പോയാൽ വെള്ളനാടി റബ്ബർ എസ്റ്റേറ്റിൽ എത്താം. ആറിന് വെഞ്ചാമരം പിടിച്ചത് പോലെ പൊടിച്ചു വന്ന ഇരുണ്ട പച്ച തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന റബർ മരങ്ങൾ. 

ആറിനോട് ചേർന്ന് മെടഞ്ഞ തെങ്ങോല കൊണ്ട് നിർമ്മിച്ച ആസ്ഥാന കള്ളുഷാപ്പ്. പടിഞ്ഞാറ് ചായുന്ന സൂര്യ രശ്മികൾ പതിച്ചു പുഴയിൽ മനോഹരമായ ചിത്രങ്ങൾ വിരിഞ്ഞു.

"എന്നാ ഊമ്പിയ കള്ളാടാ കറിയാ ഇത് ഭൂ..."

പുഴയോരത്തു കിടക്കുന്ന ഒരു കല്ലിൽ കുത്തിയിരിക്കുന്ന കറിയായെ നോക്കി നീട്ടി തുപ്പികൊണ്ട് ദേവസ്യ ചോദിച്ചു.

"നീ പെടക്കാതെടാ  അന്തി ഇപ്പൊ വരും ഇത് കാലത്തെ പുളിയൻ കള്ളാടാവേ " കറിയ

കറിയായുടെ പെങ്ങളെ കെട്ടിയവനാണ് ദേവസ്യ. കാര്യം അളിയനും അളിയനും ആണെങ്കിലും രണ്ടും കൂട്ടുകാരെ പോലെയാണ്. ഹൈറേഞ്ചിൽ താമസിക്കുന്ന ദേവസ്യായും ത്രേസ്യായും കാലത്തു കറിയായുടെ ഇഞ്ചിയാനിയിലുള്ള വീട്ടിൽ വന്നതാണ് . നല്ല കള്ള് വെള്ളനാടി ഷാപ്പിലാണ് എന്നും പറഞ്ഞു രണ്ടും കൂടി കള്ളടിക്കാൻ ഇറങ്ങിയതാണ് വെള്ളനാടിക്ക്.

"അന്തി വന്നെടാ " ഷാപ്പിലേക്ക്  വരുന്ന ചെത്തുകാരനെ ചൂണ്ടി കറിയ വിളിച്ചു പറഞ്ഞു 

അവരുടെ മുൻപിൽ കുപ്പിയും ഗ്ളാസും നിറഞ്ഞൊഴിഞ്ഞു കൊണ്ടിരുന്നു 

"എടാ  കറിയ എനിക്കിപ്പോ പാടണം "

"നീ പാടിക്കോടാ "

"കോറസ് വേണം നീ കൂടുമോ ?" പിമ്പിരി കയറിയ തല കുടഞ്ഞു കൊണ്ട് ദേവസ്യ 

"അവൻ മാത്രമല്ല ഞങ്ങളുമുണ്ട് " സഹ കുടിയന്മാരും പാട്ടിനു തയ്യാറായി ഡെസ്കിൽ താളം പിടിക്കാൻ തുടങ്ങി 

"ഹൊയ് തക  തക താര തക തക

മുണ്ടക്കയം  നല്ല കമ്പോള മേട്ടില് 

കുഞ്ഞേലി നീ പൊരുന്നോടി.... തക  തക താര തക തക 

നേരം വെളുക്കട്ടെ  ചന്തയിൽ ചെല്ലട്ടെ 

പിഞ്ഞാണി പുട്ടടിക്കാം തക  തക താര തക തക

മക്കളും കുടികളും ഇല്ലാത്ത 

നമുക്കീ കാളക്കിടാവെന്തിനാ തക  തക താര തക തക

കാളക്കിടാവിനെ വിറ്റേച്ചും നമുക്ക് 

മോട്ടോറു വണ്ടി വാങ്ങാം  തക  തക താര തക തക

മോട്ടോറു വണ്ടിയിൽ പോകുമ്പോ 

പെണ്ണിനേം തുള്ളിച്ചു കൊണ്ടു പോകാം    തക  തക താര തക തക

കൂട്ടിക്ക കുന്നേലെ വളവുങ്കെ ചെല്ലുമ്പോ

മോട്ടോറു കൂവുന്നുണ്ടേ      തക  തക താര തക തക"

പാട്ടും കളിയുമായി സമയം നീങ്ങിയതറിഞ്ഞില്ല. ഷാപ്പുകാരൻ ഒരു വിധത്തിൽ എല്ലാവനെയും പുറത്താക്കിയപ്പോൾ സമയം പതിനൊന്നു കഴിഞ്ഞിരുന്നു 

"നിങ്ങളിനി ഏതു വഴിക്കാ "  ഷാപ്പുകാരൻ ചോദിച്ചു 

"ഞങ്ങൾ എസ്റ്റേറ്റ് വഴിയേ " കറിയ

"അതു വഴി പോകണ്ടാ. ദൂരക്കൂടുതൽ ആണെങ്കിലും മറ്റേ വഴിയേ പൊക്കോ. ആ വഴി രാത്രി പോകാൻ നല്ലതല്ല  "

"ഞാനേ ആദ്യമായിട്ടല്ല  വെള്ളെനാടി വരുന്നത്. വന്നാൽ തോന്നിയ വഴിക്ക്  തോന്നിയ നേരത്തു ഈ കറിയ പോകും. അല്ലേടാ അളിയാ  " തന്നെ നേരെ നിൽക്കാൻ പറ്റാതെ ആടിക്കൊണ്ട് അഴിഞ്ഞു പോയ ഉടുമുണ്ട് തോളത്തു ഇട്ട് വരയൻ അണ്ടർവയറിൽ മോഡേൺ ആർട് പോലെ നിന്നുകൊണ്ട് കറിയ പറഞ്ഞു 

"നീയൊക്കെ എതിലൂടെ വേണേലും പോക്കൊ  നാളെ എന്നേട് വന്ന് ചോദിക്കരുത് "ഷാപ്പുകാരൻ

"ഓ  തമ്പ്രാ " പുച്ഛത്തോടെ കുനിഞ്ഞു കൈകൾ കൂപ്പിക്കൊണ്ട് കറിയ മൊഴിഞ്ഞു 

"നമ്മക്ക് പോകാടാ അളിയാ " ദേവസ്യ 

"ആരു പറിച്ചെടി ആരു പറിച്ചെടി അരണ പിറങ്ങാണി പാവയ്ക്കാ ....... "

"ഞാൻ പറിച്ചില്ല  ഞാൻ പറിച്ചില്ല  അരണ പിറങ്ങാണി പാവയ്ക്കാ ......."

തമ്മിൽ തമ്മിൽ വരികൾ മാറി പാടിക്കൊണ്ട് രണ്ടു പേരും നിലാവിന്റെ തൂവെളിച്ചത്തിൽ  മുന്നോട്ടു നടന്നു. തളിരിലകളുമായി നിൽക്കുന്ന  റബർ മരങ്ങൾ അസ്ഥികൂടങ്ങൾ എന്നപോലെ  വഴിയുടെ ഇരുവശത്തും നിരന്നു നിൽക്കുന്നു. തൊഴിലാളികൾ താമസിക്കുന്ന  ഇടങ്ങൾ കഴിഞ്ഞു. ഇനിയൊരു ഒറ്റപ്പെട്ടു നിൽക്കുന്ന ആൾ താമസമില്ലാതെ നശിച്ചു തുടങ്ങിയ ഒരു വീട് കൂടി കഴിഞ്ഞാൽ പിന്നെ കിലോ മീറ്ററുകൾ കഴിയണം ആൾ താമസം  കാണണമെങ്കിൽ. ചുറ്റും ഇരുൾ മൂടിയ പോലെ റബറിൻറെ നിഴൽ വീണു കിടക്കുന്നു. 

കുറെ നടന്നതേ രണ്ടിന്റെയും കെട്ടൊക്കെ വിട്ടു തുടങ്ങിയിരുന്നു. മുൻപിൽ കറിയ പിറകിലായി ദേവസ്യയും നടക്കുകയാണ് 

തൻ്റെ പിന്നിലായി ആരോ നടന്ന് വരുന്നത് പോലെ തോന്നിയ  ദേവസ്യ പതിയെ തിരിഞ്ഞു  നോക്കി. തങ്ങളുടെ പിന്നിൽ ഒരു മുപ്പതടിയോളം മാത്രം ദൂരത്തായി ഒരു സ്ത്രീ നടന്നു വരുന്നു.

"എടാ  കറിയെ  ദേണ്ടടാ ഒരു പെണ്ണ് നമ്മുടെ പുറകെ വരുന്നെടാ "

"ങേ  പെണ്ണോ ?" പുറകിലേക്ക് തിരിഞ്ഞ കറിയ കാണുന്നത്  അര ബ്ലൗസും കൈലി മുണ്ടും ഉടുത്തു ചുവന്ന തോർത്ത് അരയിൽ കുത്തി തോളിലേക്ക് ചെരിച്ചു ഹാഫ് സാരി പോലെ  ഇട്ടിരിക്കുന്ന ഒരു സ്ത്രീ തങ്ങളുടെ പിന്നാലെ വരുന്നതാണ് .   തഴച്ചു  വളർന്ന മുടിയിൽ മുല്ലപ്പൂ ചൂടി മുൻപിലേക്ക് എടുത്തിട്ടിരിക്കുന്നു. നിലാവെളിച്ചത്തിൽ ഇരുപതു വയസിൽ താഴെ മാത്രം പ്രായം തോന്നുന്ന ഇരുണ്ട നിറത്തോടു കൂടിയ അതി സുന്ദരിയായ ഒരു പെൺ കുട്ടി.

"ഇതേതോ കേസുകെട്ടാ ആളെ പിടിക്കാനിറങ്ങിയതാ " കറിയ

"നിനക്ക് പറ്റിയ സാധനം എന്റെ കയ്യിലുണ്ടെടീ  ഇങ്ങോട്ടു വാടീ " കലിപ്പോടെ പറഞ്ഞു കൊണ്ട് ഉടുമുണ്ട് ഉയർത്താൻ കറിയ ശ്രമിച്ചു അപ്പോഴാണ് ഉടുമുണ്ട് തോളത്താണ് എന്ന കാര്യം അവൻ ഓർക്കുന്നത് 

കറിയയുടെ ശബ്ദം ഉയർന്നതേ ആ രൂപം അവിടെ തന്നെ നിന്നു.കൈ മണികൾ കിലുങ്ങുന്നതുപോലുള്ള ഒച്ചയിൽ അവൾ ചിരിച്ചു 

"നീങ്കളാ എനക്കുള്ള ആള് " മുഴങ്ങുന്ന ശബ്ദത്തിൽ അവൾ ചോദിക്കുകയും പൊട്ടി ചിരിക്കുവാനും തുടങ്ങി 

"എടാ അവളുടെ കാല് നിലത്ത് മുട്ടിയിട്ടില്ലെടാ " ദേവസ്യ. ഒറ്റ നിമിഷത്തിനകം രണ്ടുപേരുടെയും പൂസെല്ലാം ആവിയായി പോയി 

"നമ്മള് തീർന്നെടാ അളിയാ "

പെട്ടന്നാ രൂപം കൈകൾ ഇരു വശത്തേക്കും വിടർത്തി പിടിച്ചു കൊണ്ട് അവരെ പുണരാനെന്നവണ്ണം വേഗത്തിൽ മുന്നോട്ടാഞ്ഞു 

"ഓടിക്കോടാ " രണ്ടുപേരും ഒരുമിച്ചു തന്നെ പറച്ചിലും തിരിഞ്ഞു ഓട്ടവും കഴിച്ചു.

തിരിഞ്ഞു നോക്കാൻ  ധൈര്യമില്ലാതെ അവർ മുന്നോട്ട് ഓടിക്കൊണ്ടേ യിരുന്നു. എസ്റ്റേറ്റിന്റെ അതിര്ത്തി അടുക്കാറായ അവർ തങ്ങൾ ഓടിച്ചെല്ലുന്ന വഴിക്ക് നടുവിലായി ആറാടിയോളം ഉയരമുള്ള ഒരാൾരൂപം തങ്ങളെ നോക്കി നിൽക്കുന്നതാണ് കാണുന്നത്.

[തുടരും...]

0 comments:

Post a Comment

Related Posts with Thumbnails