പേജുകള്‍‌

Monday, July 5, 2021

പാതിരാത്രിയിലെ അലക്കുകാർ

 


90 കാലഘട്ടം

"നിന്നെ ഈ വഴിക്കൊക്കെ കണ്ടിട്ട് എത്ര നാളായെടാ ? ഞാനോർത്തു നീ ഈവഴിയൊക്കെ മറന്നെന്ന് !" കുറെ നാളുകൂടി അമ്മാവന്റെ വീട്ടിലെത്തിയതാണ് അപ്പൊ അമ്മായിയുടെ വക സ്വാഗത വചനങ്ങൾ
"ഓഹ് എന്നാ പറയാനാന്നെ സമയം കിട്ടുന്നില്ല അമ്മായി ഓരോരോ തിരക്കുകൾ " ഞാൻ
"പിന്നെ ചേട്ടായിക്കെന്നാ തിരക്കാ പണ്ടാരാണ്ടും പറഞ്ഞപോലെ പട്ടിക്കിരിക്കാൻ നേരമില്ല പട്ടി നടന്നിട്ട് ഒരു കാര്യോം മില്ല എന്ന പോലെ തെക്കുവടക്കു നടക്കുവാ അമ്മെ " അമ്മാവൻറെ മോള് എന്നെക്കാളും മൂന്ന് മാസം മാത്രം ഇളയവൾ എന്നാലും ഞാൻ പേടിപ്പിച്ചു ചേട്ടായി എന്ന് വിളിപ്പിക്കുന്ന സിനി
കുറെ നാൾകൂടി ചെല്ലുന്നതിനാൽ കൊച്ചു വർത്തമാനവും വീട്ടുവിശേഷവും എല്ലാമായി നേരം പോയതറിഞ്ഞില്ല. സന്ധ്യ ആകാറായപ്പോഴേക്കും അമ്മാവനും സാബു ചേട്ടായിയും വന്നു.
മുൻവശം കിഴക്കോട്ട് ചരിവായ ഒരു മലയുടെ ചരുവിൽ ആണ് അമ്മാവന്റെ വീട്. വീടിരിക്കുന്നിടത്തുനിന്നും രണ്ടു വശത്തേക്കും ചെറിയ ചരിവ് ഉണ്ട് . ഇടതു ഭാഗത്തു കൂടെ ഒരു കുഞ്ഞരുവി താഴേക്ക് ഒഴുകുന്നുണ്ട്. അതിന്റെ കളകളാരവം എപ്പോഴും അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കും. ആതോട്ടിൽ ആണ് കുളിയും അലക്കും എല്ലാം. അതിനപ്പുറം കുറ്റിക്കാടുകൾ നിറഞ്ഞ മലചെരിവുകൾ ആണ്. ഞങ്ങൾ മൂന്നും കൂടി വീടിനടുത്തുള്ള പാറപ്പുറത്തിരുന്നു കൊച്ചുവാർത്തമാനങ്ങൾ പറഞ്ഞു നേരം പോക്കുകയാണ് .
"എടാ എനിക്ക് ഒന്ന് കുളിക്കണം. നീ വരുന്നുണ്ടോ ?" അങ്ങ് അകലെയായി മൂന്നാർ മലനിരകൾ അസ്തമയ സൂര്യന്റെ ചെങ്കതിർ ഏറ്റ് കൂടുതൽ വശ്യ സുന്ദരിയായി തിളങ്ങിനിൽക്കുന്ന കാഴ്ച നോക്കി ഇരുന്ന എന്നോടായി ചേട്ടായി ചോദിച്ചു.
"ങാ പോയേക്കാം "
ഞങ്ങൾ സോപ്പും തോർത്തും എടുത്തുകൊണ്ട് അരുവിയിലേക്കും സിനി അമ്മായിയെ സഹായിക്കാൻ അടുക്കളയിലേക്കും നടന്നു .
കണ്ണീർ പോലെ തെളിഞ്ഞ വെള്ളവുമായി പാറയിടുക്കുകളിലൂടെ തട്ടിച്ചിതറി ഒഴുകുന്ന കൊച്ചരുവി. ഞങ്ങൾ കുളിക്കുവാൻ വന്നിരിക്കുന്നിടത്തു ചെറിയ ഒരു കുഴിയുണ്ട് ഒരു പത്തിരുപത് അടി ചുറ്റളവിൽ വെള്ളം തടഞ്ഞു നിൽക്കുന്നു. മുകളിലെ പാറമേൽ നിന്നും പാൽ പോലെ പതഞ്ഞൊഴുകി വന്ന് ചാടുന്ന വെള്ളം. അതിന്റെ ഓരത്തായി ഒരു പരന്ന കല്ലും കാലങ്ങളായി അലക്ക് അതിന്മേലാണ് എന്ന് അതിന്റെ മിനുമിനുപ്പിൽ നിന്നും അറിയാം. ഐസ് പോലെ തണുത്ത ആ വെള്ളത്തിൽ ഞാനും ചേട്ടായിയും കുളിയൊക്കെ കഴിഞ്ഞു തണുത്തു വിറച്ചു വീട്ടിലേക്ക് മടങ്ങി.
അത്താഴം കഴിഞ്ഞു. പതിയെ കിടക്കാനുള്ള പരിപാടി ആരംഭിച്ചു. ചേട്ടായിയുടെ ഒപ്പം ആണ് എന്റെ സീറ്റ്. ജനലിനോട് ചേർത്തിട്ടിരിക്കുന്ന കട്ടിൽ. ചേട്ടായി തൻ്റെ റേഡിയോ എടുത്തു ഏതെല്ലാമോ ചാനലുകൾ ടൂൺ ചെയ്‌തു. പഴയകാല ഹിന്ദി പാട്ടുകൾ വച്ചു . കിഷോർ കുമാറും ലതാമങ്കേഷ്കറും കാതുകൾക്ക് ഇമ്പവും മനസ്സിന് നൊസ്റ്റാൾജിയയും സമ്മാനിച്ചുകൊണ്ട് അന്തരീക്ഷത്തിൽ അലയടിച്ചു.
"തും ആഗയാ ഹോ നൂർ ആഗയാ ....."
"യെ ദിൽ തും ബിൻ ലഗ്ത്ത നഹീൻ ...."
അങ്ങകലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി വന്നതുപോലെ മൂന്നാർ പള്ളിവാസൽ ഭാഗത്തു ഇലക്ട്രിക് ലൈറ്റുകൾ തെളിഞ്ഞു നിൽക്കുന്നത് ജനനിലൂടെ കണ്ടുകൊണ്ട് ഞാൻ കിടന്നു.
എന്തോ ഒച്ചകേട്ട് ഞാൻ ഞെട്ടിയുണർന്നു . എല്ലാവരും നല്ല ഉറക്കം. ആരോ അലക്കുന്നത് പോലെ ഉള്ള ശബ്ദം. കൂടുതൽ ശ്രദ്ധിച്ചപ്പോൾ അപ്പുറത്തെ കുളിക്കടവിൽ നിന്നുമാണ്. ഒന്നോ രണ്ടോ പേർ അലക്കുന്ന ഒച്ച നന്നായി കേൾക്കാം. എന്തെല്ലാമോ സംസാരിക്കുന്നത് പോലെയും അവ്യക്തമായി കേൾക്കാം.
"ഇതേതു പൂമക്കളാ ഈ പാതിരായ്ക്ക് മനുഷ്യന്റെ ഉറക്കം കളയാനായിട്ട് " പിറുപിറുത്തുകൊണ്ട് ഞാൻ ചേട്ടായിയെ പതിയെ കുലുക്കി വിളിച്ചു.
"എന്താടാ "
"അതാരാ ഈ പാതിരായ്ക്ക്‌ അലക്കുന്നേ ?"
അപ്പോഴാണ് ചേട്ടായിയും ആ ശബ്ദം ശ്രദ്ധിക്കുന്നേ
"അവിടെ നമ്മളല്ലാതെ ആരും വരുന്നതല്ലല്ലോ !! ആരാണെന്നു നോക്കാം " സാബു ചേട്ടായി
അധികം ഒച്ചയുണ്ടാക്കാതെ ഞങ്ങൾ ലൈറ്റും എടുത്തുകൊണ്ട് മുറ്റത്തിറങ്ങി. ഇപ്പോൾ നന്നായിട്ട് കേൾക്കാം അലക്കുന്ന ഒച്ച. കുളിക്കടവിന്റെ ഭാഗത്തേക്ക് ചേട്ടായി ലൈറ്റ് അടിച്ചു. ഒന്നും കണാനില്ല പാറക്കെട്ടുകളും വെള്ളവും മാത്രം. അതെ നിമിഷം തന്നെ പിടിച്ചു കെട്ടിയത് പോലെ അലക്കിന്റെ ഒച്ചയും നിന്നു.നിശബ്ദം . വെള്ളമൊഴുകുന്ന ഒച്ച മാത്രം.
"നമ്മുക്ക് തോന്നിയതാണോടാ ?"
"ഏയ് രണ്ടുപേർക്കും ഒരുപോലെ എങ്ങനെ തോന്നും ? നമുക്ക് അൽപനേരം കാത്തിരിക്കാം "ഞാൻ
ഞങ്ങൾ ലൈറ്റ് കെടുത്തി മുറ്റത്തിനടുത്തുള്ള ചെറിയ പാറപ്പുറത്ത് കയറി ചെവികൂർപ്പിച്ചു വച്ചിരുന്നു. ഒരു പത്തു പതിനഞ്ചു മിനിറ്റു കടന്നു പോയി. ദാ വീണ്ടും അലക്കുന്ന ഒച്ച.
"നമുക്ക് അങ്ങോട്ട് പോയി നോക്കാം " ചേട്ടായി
ഞങ്ങൾ പതിയെ ലൈറ്റ് തെളിക്കാതെ കുളിക്കടവിനെ ലക്ഷ്യമാക്കി നീങ്ങി. അങ്ങോട്ട് അടുക്കും തോറും ഒച്ച കൂടിക്കൂടി വന്നു. അതോടൊപ്പം ആരെല്ലാമോ അവ്യക്തമായ ഭാഷയിൽ സംസാരിക്കുന്ന ശബ്ദവും
കുളിക്കടവിന്റെ തൊട്ടടുത്തായി എത്തിയതേ ചേട്ടായി അലക്കു കല്ലിലേക്ക് ലൈറ്റ് അടിച്ചു. ആ നിമിഷം തന്നെ ഒച്ച നിന്നു. എന്താണെന്ന് പിടികിട്ടാത്ത എന്നെ ആലില പോലെ വിറക്കാൻ തുടങ്ങി.
"ഏതു പൂ....മോനാടാ ഇവിടെ അലക്കുന്നേ " ചേട്ടായി ആരോടെന്നില്ലാതെയും ഭയത്തോടും കൂടി ഉറക്കെ ചോദിച്ചു.
ആ നിമിഷം തന്നെ ആകാശത്തുനിന്നും വലിയ കല്ല് വന്ന് വെള്ളത്തിൽ വീണതുപോലെ, അവിടെ കെട്ടിക്കിടന്ന വെള്ളം മുകളിലേക്ക് ഉയർന്നു ചിതറി. വല്ലാത്ത ശബ്ദത്തിൽ ചീറ്റുന്നതും അലറുന്നതുമായ സ്വരം അവിടമാകെ മുഴങ്ങി. ചുറ്റുമുള്ള പള്ളകളും കാടുകളും കൊടുംകാറ്റിലെന്നവണ്ണം അടി ഉലഞ്ഞു. വലിയ ഒരു അലർച്ചയോട് കൂടി പെട്ടന്ന് അതെല്ലാം കെട്ടടങ്ങി. എൻ്റെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി.
പിന്നീട് ഞാൻ ഉണരുമ്പോൾ വീടിൻറെ തിണ്ണയിലാണ്. അമ്മാവനും കരഞ്ഞു കൊണ്ട് അമ്മായിയും സിനിയും നനഞ്ഞു കുളിച്ചു വിറച്ചുകൊണ്ട് ചേട്ടായിയും എൻ്റെ ചുറ്റുമുണ്ട്.ഞാൻ പതിയെ എഴുന്നേറ്റിരുന്നു.
"എന്താ ചേട്ടായി പറ്റിയത് ?" തൊണ്ടയിൽ നിന്നും വിറച്ചുകൊണ്ട് എന്റെ ശബ്ദം പുറത്തു വന്നു
"നിങ്ങളാ ഒച്ച കേട്ടു അല്ലെ ?" അമ്മാവനാണ് മറുപടി തന്നത്.
"എന്നെ വിളിക്കാമായിരുന്നു! എന്തായാലും ഒന്നും പറ്റിയില്ലല്ലോ പോട്ടെ സാരമില്ല " അമ്മാവൻ തന്നെ തുടർന്നു
"അതെന്താ അമ്മാവാ ?" ഞാൻ
"അതെന്താണെന്ന് എനിക്കും അറിയില്ല. പണ്ടുമുതൽ ചില ദിവസങ്ങളിൽ. അലക്കും കുളിയും. ഞാൻ ഇവിടെ വന്നയിടക്ക് കേൾക്കാറുണ്ടായിരുന്നു. നിങ്ങളുടെ അതെ അനുഭവം ഞങ്ങൾക്കും ഉണ്ടായതാണ് . അന്ന് ഞാൻ പള്ളിയിൽ നിന്നും അച്ഛനെ വിളിച്ചുകൊണ്ട് വന്നിരുന്നു. അന്ന് അച്ചൻ പറഞ്ഞായിരുന്നു അത് നമ്മൾ ശ്രദ്ധിക്കേണ്ടന്നു. അവരെന്തെലും ചെയ്തിട്ട് പൊക്കോട്ടെ എന്ന് . നമ്മൾക്ക് ഉപദ്രവം ഇല്ലാത്തിടത്തോളം കാലം നമ്മളും അവരുടെ കാര്യത്തിൽ ഇടപെടണ്ടാ എന്ന്. എന്താണെന്നു അച്ചനും തെളിച്ചു പറഞ്ഞില്ല. എങ്കിലും ഇനി ഈ വീട്ടിലുള്ളവർ ആ ഒച്ച കേൾക്കില്ല അതിനുള്ളത് ചെയ്തിട്ടുണ്ട് എന്നും പറഞ്ഞാണ് അന്ന് അച്ചൻ പോയത് " അമ്മാവൻ ഒന്ന് നിർത്തി വീണ്ടും തുടർന്നു.
"നീ പുറത്തു നിന്നും വന്നതല്ലേ അതാ നീ കേട്ടത്. ഇനി പേടിക്കേണ്ട അത് ഉപദ്രവിക്കില്ല. പോയി കിടന്നോ."
കിടപ്പു ഞാൻ ജനലിന്റെ അടുക്കൽ നിന്നും മാറ്റി ചേട്ടായിയെ അവിടെ കിടത്തി.
"ചേട്ടായിമാരെ ഞാൻ നിങ്ങളുടെ നടുക്കെ കിടക്കൂ.എനിക്ക് പേടിയാ !! "സിനിയുടെ ഒച്ച. പറച്ചിലും ഞങ്ങളുടെ നടുക്കലേക്കു അവളുടെ നുഴഞ്ഞു കേറ്റവും ഒരുമിച്ചായിരുന്നു
ഇപ്പോഴും അതെന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. നമ്മളറിയാതെ എന്തെല്ലാം ഈ ലോകത്തു കാണും

0 comments:

Post a Comment

Related Posts with Thumbnails