ഇത്തരത്തിലുള്ള കഥകൾ എനിക്ക് പറഞ്ഞു തന്ന പലരും കാലയവനികക്കുള്ളിൽ പോയ് മറഞ്ഞു ഇനി ചുരുക്കം ചിലർ മാത്രം. അതിലൊരാൾ ഈ കഴിഞ്ഞ ദിവസം (ഈ കഥ ഞാൻ പകുതി ആക്കിയിരുന്നു) കഥകൾ ഇല്ലാത്ത ലോകത്തേക്ക് പോയ് മറഞ്ഞു അവരുടെ ഓർമക്കായി ഞാൻ ഈ കഥ സമർപ്പിക്കുന്നു.
അൽപ്പം നീളക്കൂടുതൽ ഉണ്ട് ക്ഷമിക്കുക
ഇടുക്കിയുടെ ഹൃദയ ഭാഗത്തായി തല ഉയർത്തിനിൽക്കുന്ന മനോഹരമായ മലനിരകൾ അതാണ് കരിക്കൻമേട്. ഒരു ഭാഗം ഉപ്പുതോട് എന്ന ഗ്രാമവും മറുഭാഗം നീലവയൽ ഗ്രാമവും. നീലച്ചടയൻ കഞ്ചാവിന്റെ കേന്ദ്രമായിരുന്നു ഇവിടം. അതിൽ നിന്നുമാണ് നീലവയൽ എന്ന പേര് പോലും വന്നത്. ഇടുക്കി ഗോൾഡ് എന്ന ബ്രാൻഡ് നെയിം ഇവിടുത്തെ ഒന്നാന്തരം കഞ്ചാവിൽ നിന്നും ആണ് നേടി എടുത്തത് . അന്ന് പോലീസ്, ഫോറെസ്റ് മുതലായ ആളുകൾ അവിടെ എത്തി ചേരുക എന്നത് ഭഗീരഥ പ്രയത്നം തന്നെ ആയിരുന്നു. കരിക്കൻമേടിലും കഞ്ചാവ് കൃഷി വ്യാപകമായി തന്നെ ഉണ്ടായിരുന്നു. മലഞ്ചെരിവുകളും കിഴ്ക്കാം തൂക്കായ പാറക്കെട്ടുകളും അടഞ്ഞ കാടുകളും പിന്നെ കരടി പന്നി മുതലായ കാട്ടു മൃഗങ്ങളും കിലോ മീറ്ററുകൾ നീളുന്ന കാൽനട പാതകളും അതാണ് അവരെ തടഞ്ഞു നിറുത്തിയിരുന്നത്.
ഉച്ച ഊണും കഴിഞ്ഞു ചെറിയൊരു മയക്കവും കഴിഞ്ഞു ശിവൻകുട്ടി തന്റെ തൈതൽ കട്ടിലിൽ നിന്നും എഴുന്നേൽക്കുമ്പോൾ സമയം ഏകദേശം 2 മണി കഴിഞ്ഞിരുന്നു. കട്ടിലിൽ തന്നെ ചമ്രം പടിഞ്ഞു ഇരുന്ന് ഒരു കാൽ കട്ടിലിൽ കുത്തിവച്ചു തലയിണയുടെ അരികത്തു നിന്നും ഒരു തെറുപ്പു ബീഡി എടുത്തു കത്തിച്ചു പുക ഊതിക്കൊണ്ടു പുരക്കകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.
"അമ്മേ ഞാൻ കരിക്കൻമേടിന് പോകുവാ അമ്മാവന്റെ വീട്ടിൽ "
"എപ്പോളാ " അകത്തുനിന്നും
"ഉടനെ. അമ്മാവനോട് എന്തേലും പറയാണോ ? "
"ഓ എന്നാ പറയാനാ ? എന്നാലും അവനോട് ഇടക്ക് ഇങ്ങോട്ടു ഒക്കെ വരാൻ പറ. നീ തന്നെ ഉള്ളോ അതോ ?"
"മത്തായിയും ഉണ്ട്. കാട്ടിലും ഒന്ന് കേറണം "
"എനിക്ക് തോന്നി. രണ്ടും കൂടി ആരിക്കും എഴുന്നള്ളുന്നെന്ന് "
കട്ടിലിൽ നിന്നും ഇറങ്ങിയ ശിവൻകുട്ടി തന്റെ തോൾ സഞ്ചി എടുത്തു പരിശോധിച്ചു. ഹെഡ് ലൈറ്റും കൈ ലൈറ്റും, മരുന്നും വെടിയുണ്ടകളും അനുബന്ധ സാധനങ്ങളും ഉണ്ടെന്ന് ഉറപ്പു വരുത്തി തോളിൽ തൂക്കി . ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഒരടിയോളം അലക് നീളമുള്ള പിച്ചാത്തിയും ഉറയോടെ എടുത്ത് അരയിൽ കെട്ടി. തന്റെ ഏഴര ചാണിന്റെ തോക്കുമെടുത്തു പുറത്തേക്കിറങ്ങി.
"ഞാൻ ഇറങ്ങുവാണെ " മറുപടിക്ക് കാക്കാതെ പയ്യെ മുന്നോട്ടു നടന്നു.
"ഡാ മത്തായിയെ " മത്തായിയുടെ വീടിന്റെ താഴെ ചെന്ന് ശിവൻകുട്ടി നീട്ടിവിളിച്ചു.
"ദാ വരുന്നെടാ " മത്തായി
അൽപ സമയത്തിനകം തന്റെ ആയുധങ്ങളുമായി മത്തായിയും അവനോടു ചേർന്നു.
"ഈ നേരത്തു മേട് കേറുന്നത് എന്തിനാണെന്ന് എനിക്കറിയാം!. ഇനിയെങ്കിലും വിട്ടു കൂടെ ശിവൻകുട്ടി നിനക്ക് ?"
"മറക്കാൻ നോക്കിയിട്ടു പറ്റുന്നില്ലടാ "
"ആയിക്കോട്ടെ ആയിക്കോട്ടെ " മത്തായി
ശിവൻകുട്ടിയുടെ വീടിന് അടുത്ത് താമസിച്ചിരുന്ന വാഴക്കൽ അവറാന്റെ മകൾ റോസിയെക്കുറിച്ചു ആണ് അവർ പറഞ്ഞു വന്നത്. കുഞ്ഞു നാളിലെ പാലായിൽ നിന്നും കുടിയേറി വന്ന കാലം മുതൽ അവർ മൂന്നും കളിക്കൂട്ടുകാർ ആയിരുന്നു. വലുതായപ്പോൾ ശിവന്കുട്ടിയുടെയും റോസിയുടെയും സ്വപ്നങ്ങൾക്ക് കൂടുതൽ വർണങ്ങൾ വിരിഞ്ഞു. പതിനാറിന്റെ പടിവാതിൽക്കൽ എത്തിയിരുന്ന റോസിയെ കണ്ടാൽ ഷർമിള ടാഗോറിനെ പോലെ സുന്ദരി ആയിരുന്നു. അവരെപ്പോലെ മുടിയും ഒതുക്കി അവൾ നിൽക്കുമ്പോൾ ആരും ഒന്നുകൂടി നോക്കുമായിരുന്നു. എന്നാൽ അവളുടെ രാജേഷ് ഖന്ന ആകാൻ, അവളുടെ സ്വപ്നങ്ങളിൽ, അവളുടെ മനസ്സിൽ കയറിക്കൂടാൻ അവളുടെ ഈ പ്രീയ കളിക്കൂട്ടുകാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വരൊരുമിച്ച് ഒരു ജീവിതം സ്വപനം കണ്ടു. സാക്ഷിയായി മത്തായിയും.
എന്നാൽ അന്നത്തെ സിനിമ പോലെ വിധി അവരുടെ ഇടയിലും വില്ലനായി വന്നു. മതത്തിന്റെ പേരിൽ. റോസിയെ ഇരുപൂളുങ്കൽ തോമ ക്കു ആയിരുന്നു വിധിച്ചത്. വെട്ടിയെടുത്ത ഏക്കറു കണക്കിന് സ്ഥലവും കൃഷിയും എല്ലാമുള്ള തോമായുടെ വീട് കരിക്കൻമേട് ആണ്. ഇപ്പൊ നീലിവയലിൽ നല്ല ഒന്നാന്തരം കഞ്ചാവ് തോട്ടവും, കള്ളവാറ്റും സകലമാന വൃത്തികേടുകളുമായി റോസിയുടെ ജീവിതം നരക തുല്യമാക്കി ജീവിക്കുന്നു.
ശിവൻകുട്ടിയും മത്തായിയും കയറ്റം കയറി നിരപ്പത്തെത്തി. ആ നിരപ്പിന്റെ ഓരത്തുകൂടു കണ്ണീർ പോലുള്ള വെള്ളവും വഹിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചൊഴുകുന്ന ഒരു കാട്ടരുവി ഉണ്ട്. ഈ അരുവിയിൽ ആണ് അവിടുള്ളവർ കുളിക്കുന്നതും അലക്കുന്നതും എല്ലാം. നല്ല തണുപ്പുള്ളതിനാൽ വെയിൽ ചായുന്നതിനു മുൻപേ ആളുകൾ കടവിൽ നിന്നും കുളി കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു മടങ്ങും. ആ നേരം നോക്കിയാണ് ശിവൻകുട്ടി മേട് കയറിയിരിക്കുന്നത്. റോസിയെ വഴിയിൽ വച്ച് ഒരു നോക്ക് കാണാം എന്ന പ്രതീക്ഷ.
അവന്റെ പ്രതീക്ഷ തെറ്റിയില്ല. അകലെനിന്നും അവരുടെ നേരെ നടന്നു വരുന്ന റോസിയെ അവർ കണ്ടു. നനഞ്ഞ തുണികൾ നിറച്ച ഇരുമ്പു ബക്കറ്റും ഒരു കയ്യിൽ തൂക്കിപ്പിടിച്ചുകൊണ്ടു അവൾ നടന്നു വരുന്നു. ഈറനണിഞ്ഞ മുടി തോർത്ത് കൂടി കൂട്ടി തലയിൽ ഉയർത്തി കെട്ടിയിരിക്കുന്നു. വെള്ള മുണ്ടും ചട്ടയും തോളത്തു ഒരു തോർത്തും. എതിരെ അവൾ വരുമെന്ന് അവർ പ്രതീക്ഷിച്ചില്ല. അകലെ നിന്നും ഒരു കാഴ്ച അതായിരുന്നു ശിവൻകുട്ടിയുടെ മനസ്സിൽ.
അവളും അവരെ കണ്ടു. നേരെ അവളെ കണ്ടപ്പോൾ ശിവൻകുട്ടിയുടെ നെഞ്ചിൽ കിന്റൽ കണക്കിന് ഭാരം കയറ്റി വച്ചതുപോലെ ഒരു തിക്കുമുട്ടൽ. ചങ്കിനുള്ളിൽ ചൂണ്ടക്കൊളുത്തു് ഇട്ടു ഉടക്കി വലിക്കുന്നതുപോൽ ഒരു വേദന.
തൊട്ടടുത്തായി അവൾ എത്തി
"എന്താ റോസി സുഖമാണോ ? " എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് വിചാരിച്ചു മത്തായി ചോദിച്ചു . അവളുടെ നേരെ നോക്കാനുള്ള വിഷമം മൂലം മറു വശത്തെ കാഴ്ച കളിലേക്ക് ശിവൻകുട്ടി മുഖം തിരിച്ചു.
"എന്നോട് വെറുപ്പാണോ ശിവൻകുട്ടി ?" റോസി
ഒരു ഞെട്ടലോടെ അവൻ തിരിഞ്ഞു.
"അല്ല" അവളുടെ മുഖത്തേക്ക് നോക്കിയ ശിവൻകുട്ടി സജലങ്ങളായ ആ വിടർന്ന കണ്ണുകളാണ് കാണുന്നത് .
അവൾക്കു എന്തോ പറയാൻ ഉണ്ടെന്നു തോന്നിയ മത്തായി മുന്നോട്ടു കയറി അവരുടെ അടുത്ത് നിന്നും നടന്നു മാറി.
"എന്നെ ഈ നരകത്തീന്നു എങ്ങോട്ടെങ്കിലും കൊണ്ടുപോകുവോ ?!!" ഒരു പൊട്ടിക്കരച്ചലിന്റെ അകമ്പടിയോടെ റോസി ചോദിച്ചു.
"ഞാൻ .... ഞാ.." എന്ത് പറയണമെന്ന് അറിയാതെ അവൻ വിക്കി.
അവളുടെ ദുരിതങ്ങളുടെ ഒരു മലവെള്ള പാച്ചിലാണ് പിന്നാലെ വന്നത്
"ഞാൻ അധികകാലം ഇവിടെ ജീവിക്കില്ല എന്ത് ചെയ്യണമെന്ന് എനിക്കറിയാം. ഞാൻ ചാകും ശിവൻകുട്ടി ചാകും" റോസി ഏങ്ങലടികളോടെ പറഞ്ഞു
"ഏയ് നീ ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കാതേ നമുക്ക് പരിഹാരം ഉണ്ടാക്കാം. നീ ഇപ്പൊ വീട്ടിൽ പോ " ഒരുവിധത്തിൽ റോസിയെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു. അവൾ വീട്ടിലേക്കു നടന്നു പോകുന്നത് നോക്കി അവൻ നിന്നു. പിന്നിൽ നിന്നും വെള്ള ഉടുപ്പിൽ ബക്കറ്റും തൂക്കി അവൾ നടന്നുപോകുന്ന കാഴ്ച രവിവർമ ചിത്രം പോൽ മനോഹരമായിരുന്നു.
"ഇങ്ങു വേഗം വന്നേടാ " മത്തായിയുടെ വിളികേട്ടാണ് അവൻ തിരിയുന്നത്
കുറച്ചു ദൂരെയായി ഒരു ചെറിയ പാറയുടെ മുകളിൽ കാലിന്റെ പാദത്തിൽ പിടിച്ചുകൊണ്ട് മത്തായി ഇരിക്കുന്നു
"എന്ത് പറ്റിയെടാ ?" മത്തായിയുടെ അടുത്തേക്ക് ഓടി ചെന്നുകൊണ്ടു ചോദിച്ചു
"നിങ്ങളെ നോക്കിക്കൊണ്ടു നടന്നതാ കാല് തെറ്റി. ഉളുക്കിയെന്നാ തോന്നുന്നേ "
"നടക്കാവോ ?"
"കഷ്ടി "
"എന്നാ പയ്യെ നമുക്ക് അമ്മാവന്റെ വീട്ടിലേക്കു പോകാം. അവിടെ കുഴമ്പു കാണും "മത്തായിയെ താങ്ങിക്കൊണ്ടു ശിവൻകുട്ടി പറഞ്ഞു
സമയം രാത്രി പത്തുമണി ആകുന്നു
ഉളുക്കിയ കാലിൽ കുഴമ്പൊക്കെ ഇട്ടു തിരുമ്മി കട്ടിലിൽ ചാരി കിടക്കുന്ന മത്തായിയെ നോക്കി ശിവൻകുട്ടി പറഞ്ഞു
"പാതിരാ ആകുമ്പോഴേക്കും നിലാവ് ഉദിക്കും അതിനു മുൻപ് ഞാൻ ഒന്ന് കറങ്ങിയേച്ചും വരാം എന്തെങ്കിലും കുട്ടുമോ എന്ന് നോക്കാം ?"
"നീ തന്നെയോ ? അമ്മാവനെ കൂടെ കൂട്ടാടാ ! അല്ലെ ഞാൻ വരാം എനിക്ക് വെല്യ കുഴപ്പമൊന്നും ഇല്ല "
"വേണ്ടടാ അമ്മാവനെ ഈ വയസനാം കാലത്തു മേട്ടേക്കൂടെ നടത്താത്തതിന്റെ കുറവേ ഉള്ളൂ. ഞാൻ തന്നെ പൊയ്ക്കോളാം " ഹെഡ് ലൈറ്റ് തലയിലുറപ്പിച്ചു കൊണ്ട് ശിവൻകുട്ടി പറഞ്ഞു
തന്റെ കത്തിയും തോൾ സഞ്ചിയും എടുത്തു യഥാസ്ഥാനങ്ങളിൽ ഉറപ്പിച്ചതിനു ശേഷം കുഴലും എടുത്തു ശിവൻകുട്ടി ഇരുട്ടിലേക്ക് ഇറങ്ങി. അവന്റെ പോക്ക് നോക്കി കിടന്ന മത്തായിക്ക് എന്തോ ഒരു വല്ലായ്മ മനസ്സിൽ തോന്നി
'അവനെ തന്നെ വിടണ്ടായിരുന്നു!' മത്തായി പിറുപിറുത്തുകൊണ്ട് കണ്ണുകൾ അടച്ചു
കുറെ നോരമായ നടപ്പിന് അറുതി വരുത്തിക്കൊണ്ട് ശിവൻകുട്ടി ഒരു പാറപ്പുറത്ത് ഇരുന്നു. തന്റെ അടുത്തായി തോക്കു ചാരി വച്ചു കൊണ്ട് മടിയിൽ നിന്നും ഒരു ബീഡി എടുത്തു കൊളുത്തി.
'ശ്ശേ വെറുതെ നടന്നത് മാത്രം മിച്ചം ' യാതൊന്നിനെയും കാണാത്തതിലുള്ള വിഷമത്തോടെ കൈ ചുരുട്ടി പാറപ്പുറത്ത് പതിയെ ഇടിച്ചുകൊണ്ടു അവൻ പിറുപിറുത്തു.
കിഴക്കുനിന്നും ചന്ദ്രൻ ഉദിച്ചു വരുന്നതിന്റെ രാശി കിഴക്കൻ മാനത്താകെ പടർന്നിരിക്കുന്നു. അകലെ എവിടേയോ നിന്നും പട്ടികൾ നീട്ടി ഓലിയിടുന്ന ഒച്ച."കൊത്തിച്ചുടും കൊത്തിച്ചുടും " എന്ന കാലൻ കോഴിയുടെ കരച്ചിലും അന്തരീക്ഷത്തിൽ ഇടയ്ക്കിടെ മുഴങ്ങുന്നു. നിലാവ് നന്നായി തെളിഞ്ഞു. നിലാവത്തു മദാലസ ഭാവത്തിൽ നിൽക്കുന്ന പ്രകൃതിയെ അവൻ നോക്കി. അവന്റെ നോട്ടം പതിയെ റോസിയുടെ വീടിന്റെ ഭാഗത്തേക്ക് നീണ്ടു.
ആദ്യ നോട്ടത്തിൽ തന്നെ അവൻ ഞെട്ടിപ്പോയി . റോസിയുടെ വീടിന്റെ പിൻ ഭാഗത്തു കൂടെ മലയുടെ നേരെ ഒരു വെളുത്ത രൂപം നടന്നു പോകുന്നു. ഒരിക്കൽ കൂടെ സൂക്ഷിച്ചു നോക്കിയ അവന് അതൊരു സ്ത്രീ രൂപമാണ് എന്ന് പിടികിട്ടി.
"എന്റെ ദൈവമേ റോസി. അവൾ പകൽ പറഞ്ഞത് പോലെ പണി പറ്റിക്കുകയാണോ ?"
ആ രൂപത്തിന് നേരെ അവൻ ലൈറ്റ് അടിച്ചു നോക്കി. എന്നാൽ വെളിച്ചം അത്രത്തോളം എത്താത്തതോ എന്തോ അവന് ഒന്നും കാണാൻ പറ്റിയില്ല.
വെപ്രാളത്തോടെ ചാടിയെണീറ്റു തോക്കുമെടുത്ത് റോസ്സി കയറി വരുന്ന ഭാഗത്തെ ലക്ഷ്യമാക്കി അവൻ വേഗം നടന്നു.
അവൻ ഓടിയും നടന്നുമായി മുകളിലെത്തുമ്പോൾ 'റോസ്സി' പാറക്കെട്ടിന്റെ വിളുമ്പിലായി പാണ്ടിപ്പാറയുടെ ഭാഗത്തേക്ക് നോക്കി നിൽക്കുകയാണ്. അന്തരീക്ഷത്തിനു നല്ല തണുപ്പ്. ആ തണുപ്പുകൊണ്ടോ സാഹചര്യം കൊണ്ടോ എന്തോ ശിവന്കുട്ടിയെ വിറക്കുന്നുണ്ടായിരുന്നു.ഒരു അമ്പതു അടി അകലമേ ഇപ്പോൾ അവർ തമ്മിലുള്ളൂ. ശിവൻകുട്ടി ലൈറ്റ് അവളുടെ നേരെ അടിച്ചു.ലൈറ്റ് വെട്ടത്തിൽ അഴകൊത്ത അവളുടെ പിൻഭാഗം തെളിഞ്ഞു. അഴിച്ചിട്ടിരിക്കുന്ന മുടി പനംകുല പോലെ നിദംബത്തെ മറച്ചു കിടക്കുന്നു.
"റോസ്സി റോസ്സി " അവൻ വിളിച്ചു. ഒരു അനക്കവും ഇല്ല.
"റോസി നീ ചാടിയാൽ കൂടെ ഞാനും ചാടും. ഉറപ്പാണ്. നീ എന്റെ നേരെ തിരിയു. നീ അവിവേകം കാണിക്കല്ലേ ഞാൻ നിന്നെ ഇവിടെ നിന്നും കൊണ്ട് പൊയ്ക്കൊള്ളാം. ദയവായി നീ ഒന്ന് ഞാൻ പറയുന്ന കേൾക്കു " ശിവൻകുട്ടി പറഞ്ഞു നിർത്തി.
"ഹൂം..." എന്ന ഒരു മുരൾച്ചയോടെ ആ രൂപം അവന്റെ നേരെ വട്ടം തിരിഞ്ഞു. ആ തിരിഞ്ഞ രൂപത്തെ കണ്ട ശിവൻകുട്ടിയുടെ ഉള്ളിൽ നിന്നും അറിയാതെ ഒരു കാറിച്ച പുറത്തുവന്നു. ലൈറ്റ് വെട്ടത്തിൽ ചുമന്നു തിളങ്ങുന്ന രണ്ടു കണ്ണുകൾ. മുഖം മൊത്തമായും ചീഞ്ഞു പഴുത്തളിഞ്ഞു ചലവും പഴുപ്പും ഒലിച്ചു മാറിടത്തിലേക്കു വീണു പടർന്നൊഴുകുന്നു. അളിഞ്ഞു തൂങ്ങിയ ചൊടികൾക്കിടയിൽ വികൃതമായ രീതിയിൽ ഇളിച്ചു നിൽക്കുന്ന പല്ലുകൾ. ഈ രൂപം കണ്ട് ഇതികർത്തവ്യതാമൂഢനായി നിന്നുപോയ ശിവന്കുട്ടിയെ ലക്ഷ്യമാക്കി ആ രൂപം മുന്നോട്ടു നീങ്ങി.
പെട്ടന്ന് തന്നെ സ്വബോധത്തിലേക്ക് വന്ന ശിവൻകുട്ടി. തന്റെ തോക്ക് അതിന്റെ നേരെ ചൂണ്ടി. ഈരാറ്റുപേട്ടയിൽ നിന്നും തങ്ങൾ ഓതി തന്ന തകിട് കൂട്ടി മുറുക്കിയിരിക്കുന്ന തന്റെ തോക്കിൽ നിന്നും ഇത്തരം അതിമാനുഷിക രൂപങ്ങൾക്കു നേരേ വെടി പൊട്ടിച്ചാൽ ആ ശബ്ദം എത്രത്തോളം അകലെ പോകുമോ അത്രയും അകലെ ആ രൂപങ്ങളും തെറിച്ചുപോയതിനു ശേഷം മാത്രമേ അതിനു തിരിച്ചു വരാൻ പറ്റൂ എന്ന് ശിവൻകുട്ടിക്കു അറിയാമായിരുന്നു. തനിക്കു ഓടാനുള്ള വഴിയുടെ അടുത്തെത്തുന്നിടം വരെ അവൻ ആ രൂപത്തിനെ നോക്കിക്കൊണ്ടു തന്നെ പിന്നോട്ട് അടി വച്ചു.
"അപ്പൊ ശരി നീ നിന്റെ വഴിക്കു പോടീ പൂമോളെ " എന്ന് ആലറിക്കൊണ്ട് ശിവൻകുട്ടി കാഞ്ചി വലിച്ചു.
അവിടം മുഴങ്ങുന്ന ഒച്ചയോടു കൂടി വെടി പൊട്ടി. ആ ഒപ്പം തന്നെ ശിവൻകുട്ടി താഴേക്കു ചാടി ഓടി.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന മത്തായി ആ വെടി ഒച്ച കേട്ട് ചാടി എഴുന്നേറ്റു.
"അമ്മാവാ അമ്മാവാ അതത്ര പന്തിയുള്ള വെടിയല്ലല്ലോ " കാലിന്റെ വേദന പോലും വകവയ്ക്കാതെ പുറത്തേക്കു ഇറങ്ങി നോക്കിയ മത്തായി അകലെയായി കുന്നിൻ മുകളിലൂടെ വേഗത്തിൽ ചലിക്കുന്ന ലൈറ്റ് വെട്ടം കണ്ടു.
"അമ്മാവാ പ്രശനമാ " ഒറ്റ ചാട്ടത്തിനു പുരക്കകത്തു കയറി തന്റെ തോക്കും സഞ്ചിയുമെടുത്തുകൊണ്ടു കാലിന്റെ വേദന വകവയ്ക്കാതെ മത്തായി ശിവൻകുട്ടി വരുന്ന ഭാഗത്തെ ലക്ഷ്യമാക്കി ഓടി.
മലയുടെ താഴ്ഭാഗത്തെ ലക്ഷ്യമാക്കി ഓടിവന്നു കൊണ്ടിരുന്ന ശിവൻകുട്ടി തലക്കിട്ടു ശക്തമായി കിട്ടിയ ഒരടിയുടെ ഊക്കിൽ തെറിച്ചു വീണു. ഹെഡ് ലൈറ്റ് കൂട്ടി കിട്ടിയ അടിയായതുകൊണ്ടു കാര്യമായി ഏറ്റില്ല എങ്കിലും മുൻപിൽ നിന്നും ഉള്ള മുരൾച്ചയിൽ താൻ കരടിയുടെ മുൻപിലാണ് പെട്ടതെന്നു അവനു പിടികിട്ടി.
തന്റെ മുൻപിലായി കൈകൾ വിരിച്ചുകൊണ്ട് ആടിയാടി നിൽക്കുന്ന ആ കറുത്ത രൂപത്തിനെ ശിവൻകുട്ടി കണ്ടു.ഒരു കൈ കുത്തി എഴുന്നേൽക്കുന്നതിനിടയിൽ വലതു കൈകൊണ്ടു തന്റെ കത്തി വലിച്ചെടുത്തു കൊണ്ട് ശിവൻകുട്ടി നിവർന്നു . എഴുന്നേറ്റു ശിവൻകുട്ടി നേരെ നിൽക്കുന്നതിനു മുന്നേ തന്നെ അത് അവനെ മുച്ചൂടും കെട്ടിപ്പിടിച്ചു. തന്റെ കൈപ്പലകമേൽ കരടിയുടെ നഖം കുത്തിയിറങ്ങുന്നതു അവൻ തിരിച്ചറിഞ്ഞു നെറ്റിയുടെ മുകള്ഭാഗത്തായി അതിന്റെ പല്ലുകളും. വലതു കയ്യിൽ പിടിച്ചിരുന്ന കത്തി ഒള്ള ആരോഗ്യത്തിനു ആ ജന്തുവിന്റെ ചങ്കിലായി ശിവൻകുട്ടി ആഞ്ഞു കുത്തിയിറക്കി. മരണ വെപ്രാളത്തോടെ അലറിക്കൊണ്ട് കരടി അതിന്റെ പിടി അയച്ചു. ശിവൻകുട്ടി കത്തയിലെ പിടി മുറുക്കികൊണ്ട് കത്തി തിരിച്ചു. ഒരിക്കൽ കൂടി അലറിക്കരഞ്ഞു കൊണ്ട് അത് ശിവന്കുട്ടിയെയും കൊണ്ട് മറിഞ്ഞു വീണു. മരണ വെപ്രാളത്തോടെ പിടക്കുന്ന അതിന്റെ പിടിയിൽ നിന്നും ഒരുവിധത്തിൽ ഇഴഞ്ഞു മാറിയ ശിവൻകുട്ടി എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നാൽ ഒന്ന് ആടിയശേഷം പുല്ലിലേക്കു അവൻ മലർന്നു വീണു.
തന്റെ ഓട്ടത്തിനിടക്ക് ഈ അലർച്ചയും ബഹളവും മത്തായി കേൾക്കുന്നുണ്ടായിരുന്നു . ആ ശബ്ദത്തെ ലക്ഷ്യമാക്കി ഓടുന്നതിനിടയിൽ തന്നെ തന്റെ തോൾ സഞ്ചിയിൽ നിന്നും പ്രത്യേക ആകൃതി ഉള്ള ഒരു വെടിയുണ്ട തപ്പിയെടുത്തു കുഴലിലിട്ടു. തടയായി ശകലം പഴംതുണിയും കുഴലിലേക്കു ഊരിയെടുത്ത അച്ചു കമ്പി കൊണ്ട് കുത്തിയിറക്കി. ഒരു കയ്യിൽ തോക്കും മറുകയ്യിൽ അച്ചു കമ്പിയുമായി ശിവൻകുട്ടി യുടെ അടുത്തേക്ക് ഓടിയെത്തുന്ന മത്തായി ശിവൻകുട്ടിയുടെ നെറ്റിയിൽ കെടാതെ നിൽക്കുന്ന ലൈറ്റ് വെട്ടത്തിൽ കാണുന്നത് അവന്റെ നേരെ നടന്നടുക്കുന്ന ആ പൈശാചിക രൂപത്തിന്റെ മുഖമാണ്.
"ഹേയ് ഇവടെ " തന്റെ തോക്ക് മുഖത്ത് പൂട്ടിക്കൊണ്ട് മത്തായി അലറി. അവന്റെ അലർച്ച കേട്ട ആ രൂപം തല ഉയർത്തി മത്തായിയെ നോക്കി.
"നിന്നെ പ്രതീക്ഷിച്ചാടി ഞാൻ വന്നേ. പണ്ട് നീ എനിക്കട്ട് ഒന്ന് ഒലത്തിയാരുന്നു. അന്ന് മുതൽ നിന്നെ നോക്കി ഞാൻ നടക്കുവായിരുന്നെടി " പറഞ്ഞു തീർന്നതിനൊപ്പം മത്തായി കാഞ്ചി വലിച്ചു. വെടിയൊച്ചയോടൊപ്പം വലിയ ഒരു അലർച്ചയും. ഇടി മിന്നൽ പോലൊരു വെളിച്ചവും.നിമിഷനേരം കൊണ്ട് എല്ലാം കഴിഞ്ഞു. നിശബ്ദം.
ഓടി ശിവൻകുട്ടിയുടെ അടുത്തെത്തി അവനെ താങ്ങി ഏൽപ്പിച്ചു കൊണ്ട് മത്തായി പറഞ്ഞു
"വെള്ളച്ചി യക്ഷി ആയിരുന്നെടാ. അന്നവൾ ഞങ്ങളെ ഓടിച്ചതില്പിന്നെ ഞാൻ അരിയത്ര പള്ളിയിൽ പോയി അച്ഛനെ കണ്ടു വെഞ്ചിരിച്ചു മേടിച്ച ഈയ കുരിശ് ഉരുക്കി ഒരു വെടിയുണ്ട ഉണ്ടാക്കി ഞാൻ ഇവൾക്കായി കരുതിയിട്ടുണ്ടായിരുന്നു. "
"നീ ഒരു ബീഡി ഇങ്ങു കത്തിച്ചേ. എന്നിട്ടു ആ കരടിയെ എന്ത് ചെയ്യണമെന്ന് പറ " തന്റെ മുഖത്തു കൂടി ഒഴുകി വന്ന ചോര തുടച്ചുകൊണ്ട് ശിവൻകുട്ടി പറഞ്ഞു
"കരടിയോ ?"
"ഹ! ഹ! ഹ! " അകലെനിന്നും ആളുകൾ വരുന്നതിന്റെ ലൈറ്റ് വെട്ടത്തിലേക്കു നോക്കിക്കൊണ്ടു ശിവൻകുട്ടി പൊട്ടിച്ചിരിച്ചു. മത്തായിയിയും അവന്റെ കൂടെ കൂടി
0 comments:
Post a Comment