നമ്മുടെ നാട്ടിലുള്ള പഴമക്കാരുടെ നാവിലൂടെ ഒരായിരം കഥകള്‍ പ്രച്ചരിക്കാറുണ്ട്. അതില്‍നിന്നും ചില കഥകള്‍. അതും നായാട്ടുകാരും അതിഭാവുകത്വവും, പിശാചുക്കളും എല്ലാമുള്ള ചിലത്. ഇവയെല്ലാം കേട്ടുകേള്‍വികള്‍ മാത്രമാണ്.
നിങ്ങള്‍ രാത്രി പത്തുമണിയോടടുത്ത സമയത്ത് കൂട്ടുകാരനോടോത്ത് ഒരു മലയുടെ മുകളില്‍ ഇരിക്കുന്നു. പെട്ടന്നൊരു ഈറ്റ നിങ്ങളുടെ രണ്ടു പേരുടെയും നടുക്കായി പറന്നു വന്നു കുത്തിനില്‍ക്കുന്നു. നിങ്ങള്‍ ഭയക്കും തീര്‍ച്ച. എന്നാല്‍ ആ പ്രദേശത്തു ഒരു പത്തുകിലോമീറെര്‍ ചുറ്റളവില്‍ മനുഷ്യവാസം ഇല്ല എങ്കിലോ ? ആ പ്രദേശത്തെങ്ങും ഈറ്റയും ഇല്ലെങ്കിലോ ? . ഈ അതിഭാവുകത്വം അതാണ് ഈ കഥകളുടെ ജീവനാഡി.
കഥപറച്ചിലിന്റെ എളുപ്പത്തിനായി പ്രഥമ പുരുഷനില്‍ തന്നെ പിടിക്കുന്നു. നായകന്‍ സുകുമാരന്‍ ചേട്ടന്‍.
കുടിയേറ്റത്തിന്റെ അന്തിമകാലഘട്ടം, ഞങ്ങളുടെ പ്രദേശങ്ങളെല്ലാം തന്നെ തെളിഞ്ഞു കഴിഞ്ഞു ചില മലകളും കുന്നുകളും മാത്രമേ കാടായിട്ട് അവശേഷിക്കുന്നുള്ളൂ. അവ തന്നെയും കുറ്റിക്കാടുകളും പാറക്കെട്ടുകളും ഇഞ്ച പടര്പ്പുകളും. അവയില്‍ കീരിയും മുള്ളനും മുയലും കാട്ടുകോഴിയും ആണ് നായാട്ട് മൃഗങ്ങളായിട്ടുള്ളത്. വെട്ടുപിഴച്ചു വല്ല കേഴയും വന്നാലായി.
അന്നൊരു ബുധനാഴ്ച ആയിരുന്നു. സന്ധ്യ ആയപ്പോള്‍ തന്റെ അഞ്ചര ചാണിന്റെ ചെറു കുഴലുമായി (തോക്ക്, നായാട്ടുകാര്‍ കുഴല്‍ എന്നാണു പറയുക, തോട്ടാക്കുഴല്‍,നാടന്‍ കുഴല്‍ എന്നിങ്ങനെ. വലിപ്പം ചാണ്‍ അളവിലും, ഇരുമ്പു കുഴലിന്റെ നീളം ആണ് അത് കൊണ്ട് അര്‍ഥമാക്കുന്നത്) ശശി ദാ വീട്ടു മുറ്റത്ത്. മലകയറാന്‍ ആണ്. ഏഴുമണിയോടെ ഞങ്ങള്‍ പതിയെ മലയുടെ ഉച്ചിയില്‍ എത്തി.
അവന്‍ പകല്‍ തന്നെ വന്ന് മുള്ളന്റെ താര കണ്ടു വച്ചിരുന്നു. താര കണ്ടതേ ഉറപ്പിച്ചു പന്നിമുള്ളന്‍ തന്നെ (പൊതുവേ മുള്ളന്‍ പന്നി എന്ന് പറയുമെങ്കിലും പ്രധാനമായും രണ്ടു തരമാണ് അവ. വലിപ്പം കുറഞ്ഞ കോഴിമുള്ളനും, ഇരുപതു കിലോക്ക് മുകളില്‍ വരുന്ന പന്നി മുള്ളനും. ഇവ സ്ഥിരമായി ഒരേ വഴിയില്‍ തന്നെയാണ് തീറ്റ തേടി പോകുന്നത്. ആ വഴി നല്ലപോലെ തെളിഞ്ഞു കിടക്കും അതിനെയാണ് താര എന്ന് പറയുന്നത്. എന്നാല്‍ ഇതിന്റെ മാളത്തിന്റെ അടുത്തെങ്ങും ഒരു അടയാളം പോലും കാണില്ല. മാളത്തില്‍ നിന്നും ദൂരേക്ക് കുതിച്ചുചാട്ടം നടത്തിയാണ് പുറത്തിറങ്ങുന്നത് തിരിച്ചു കയറുന്നതും അങ്ങനെ തന്നെ. ആയിരം കള്ളന്‍ മരിച്ചാലെ ഒരു മുള്ളന്‍ ജനിക്കു എന്നാണു പ്രമാണം) ഞങ്ങള്‍ ഒരു കുഴല്‍ കളിച്ചു വയ്ക്കുവാന്‍ തീരുമാനിച്ചു. (മൃഗം വരുന്ന വഴി വിലങ്ങി കുറ്റി അടിച്ചു അതില്‍ ചെറിയ ചരട് കൊണ്ട് തോക്കിന്റെ കാഞ്ചിയുമായി ബന്ധിപ്പിച്ചു കെട്ടി നിര്‍ത്തുന്നതാണ്. വഴിക്ക് വട്ടമുള്ള ചരടില്‍ തട്ടിയാല്‍ അപ്പോള്‍ തന്നെ വെടിപൊട്ടും ചരടുതട്ടിയ മൃഗത്തിനു വെടിയേല്‍ക്കുകയും ചെയ്യും.) മറ്റു വഴികളെല്ലാം ചവറു വെട്ടി അടച്ചു. തുറന്നു കിടക്കുന്ന ഒരു വഴിയില്‍ തോക്കും കളിച്ചു വച്ചു.
ഇനി വല്ല മുയാലോ മറ്റോ ഉണ്ടോ എന്നറിയാം എന്ന് വിചാരിച്ചു ഞങ്ങള്‍ ഒന്ന് കറങ്ങു വാന്‍ തീരുമാനിച്ചു. ഏതാണ്ട് പതിനൊന്നു മണിവരെ ലൈറ്റ് അടിച്ചു കറങ്ങി നടന്നിട്ടും യാതൊന്നിനെയും കണ്ടില്ല. തിരിച്ചു ഞങ്ങള്‍ കെണി വച്ചിരിക്കുന്നതിന്റെ മുകള്‍ ഭാഗത്തായി എത്തി. അവിടെ ഒരു അളള് ഉണ്ട് അതില്‍ രണ്ടോ മൂന്നോ പേര്‍ക്ക് സുഖമായി കിടക്കാം. മഴയും തണുപ്പും ഒന്നും കാര്യമായി ഏശില്ല. ഞങ്ങള്‍ അവിടെ എത്തി പൊതിഞ്ഞു കൊണ്ടുവന്നിരുന്ന കപ്പയും മുളകും തിന്നു. ഉള്ള വെള്ളവും കുടിച്ചു. താഴെ കുന്നിന്‍ ചെരുവിലേക്കും നോക്കി ഇരുന്നു.
വാച്ചില്‍ നേരം ഒരുമണി. മലയുടെ താഴ്വാരമെല്ലാം സോപ്പുപത വാരിനിറച്ചതു പോലെ മഞ്ഞു കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇടയ്ക്കു ഓരോ മലയുടെയും മുകള്‍ ഭാഗം മാത്രം ഉയര്‍ന്നു കാണാം. ഈ മഞ്ഞ് മലയുടെ ഉച്ചിയില്‍ നിറയണമെങ്കില്‍ നേരം വെളുക്കണം. എന്നാല്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പെട്ടന്ന് അവിടെയെല്ലാം മഞ്ഞു കയറി നിറഞ്ഞു പരസ്പരം കാണാന്‍ പോലുമാവാത്ത വിധം. അര മണിക്കൂറോളം അത് അവിടെ തങ്ങി നിന്നു. പതിയെ അവിടമെല്ലാം കാണാം എന്ന രീതില്‍ ആയി.
പെട്ടന്നു ശശി എന്നെ വിളിച്ചു.
"സുകു ദാ നോക്കെടാ താഴെ നിന്നും ആരോ കയറി വരുന്നുണ്ട്"
താഴേക്കു നോക്കിയ ഞാനും കണ്ടു മലയുടെ അടിവാരത്തു നിന്നും ആരോ ബീഡിയും വലിച്ചു കൊണ്ട് നീങ്ങുന്ന രീതിയില്‍ ഉള്ള ചുവന്ന വെട്ടം.
"അത് ചിലപ്പോള്‍ കുട്ടപ്പന്‍ ആയിരിക്കു അവന്‍ മുള്ളന് കുടുക്ക് വച്ചിട്ടുണ്ടായിരിക്കും അത് നോക്കാന്‍ വരുന്നതാണെന്ന് തോന്നുന്നു. " ഞാന്‍ പറഞ്ഞു
"എന്തായാലും നമ്മളുടെ കളിയില്‍ വന്നു തട്ടി മുട്ടുകാലിനു പോട് മേടിക്കാതിരുന്നാല്‍ മതി " ശശി
ആ ചെറിയ വെളിച്ചത്തെ തന്നെ നോക്കി ഞങ്ങള്‍ ഇരുന്നു. അത് പതിയെ മുകളിലേക്ക് ചലിച്ചു കൊണ്ടിരുന്നു.
പെട്ടന്ന് ഞങ്ങള്‍ രണ്ടു പേരും ഒരുപോലെ വിളിച്ചു
"എടാ..."
"അത് ഇഞ്ച പടപ്പിന്റെ മുകളിലൂടെ അല്ലെ വരുന്നേ ?" ശശി
"അ.. അതെ " എന്റെ ശബ്ദം അറിയാതെ വിറച്ചു
"അ.. അതിനു വലിപ്പം കൂടുന്നുണ്ടോ ?" ഞാന്‍
"ഉണ്ട് .. അതെന്തുവാടാ ?" ശശി
താഴെ ഞങ്ങള്‍ കണ്ട ആ ചെറിയ തീപ്പൊട്ട് ഇപ്പോള്‍ ഒരു ചെറിയ പന്തിനോളം ആയിക്കഴിഞ്ഞു. അത് ഞങ്ങള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് എന്നവണ്ണം ചലിച്ചു കൊണ്ടിരിക്കുകയാണ്
"എന്ത് കു.. ആയാലും നീ കുഴലെടുക്ക് നേരെ വന്നാല്‍ പൊട്ടിച്ചെരെ " എന്ന് പറഞ്ഞു കൊണ്ട് എന്റെ കയ്യിലുള്ള ഒന്നര അടിയോളം നീളമുള്ള പിച്ചാത്തി ഉറയില്‍ നിന്നും എടുത്തു ഞാന്‍ കയ്യില്‍ മുറുകെ പിടിച്ചു.
ഇപ്പോള്‍ അത് ഞങ്ങളില്‍ നിന്നും കഷ്ടി നൂറു മീറ്റര്‍ അകലെ ആണ്. അതിനപ്പോള്‍ ഒരു ഫുട്ബോളിന്റെ അത്രയും വലിപ്പം ഉണ്ടായിരുന്നു. അത് ഇടക്കിടക്ക് ജ്വലിക്കുന്നുമുണ്ടായിരുന്നു.
"എന്താടാ ചെയ്യുന്നേ ?" വിറച്ചു കൊണ്ടെന്നവണ്ണം ശശി ചോദിച്ചു
"നീ പൊട്ടിക്കെടാ ആ മയി.....നിട്ടു" ഞാന്‍
ശശി വിറയ്ക്കുന്ന കയ്കൊണ്ട് തോക്കുയര്‍ത്തി മുഖത്ത് പൂട്ടി. ഞാന്‍ കത്തിയിലെ പിടി ഒന്നുകൂടി മുറുക്കി. അവിടം ഞടുങ്ങുമാറുച്ചത്തില്‍ വെടി പൊട്ടി.
പിന്നീട് കണ്ട കാഴ്ച.... ആ ചെറിയ ഗോളം പതിനായിരക്കണക്ക് കഷണങ്ങളായി ചിതറി അവിടെ മുഴുവനും തേനീച്ചക്കൂടിനിട്ടു കല്ലെറിഞ്ഞ മാതിരി പരതിനടക്കുന്നു. എന്റെ കയ്യില്‍ നിന്നും കത്തിയും ശശിയുടെ കയ്യില്‍ നിന്നും തോക്കും താഴെ വീണതെങ്ങനെയെന്നു ഞങ്ങള്‍ക്ക് അറിയില്ല. പേടിച്ചു നിലവിളിച്ചു ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചുകൊണ്ട് വരാന്‍ പോകുന്ന ആപത്തിനെ പ്രതീക്ഷിച്ചുകൊണ്ട് നിന്നു.
ഒരല്‍പ്പ സമയത്തിനകം അതെല്ലാം വീണ്ടും കൂടിച്ചേര്‍ന്നു ഭയാനകമായ ഒരു മൂളലോടെ വല്ലാത്ത വേഗതയില്‍ അകലേക്ക് പാഞ്ഞു പോയി.
കുറെ നേരത്തേക്ക് ഞങ്ങള്‍ക്ക് ഭയം കൊണ്ട് അനങ്ങാന്‍ പോലുമാവുമായിരുന്നില്ല. നടന്നത് സ്വപ്നമല്ല എന്ന് ഞങ്ങളുടെ നറ ഒഴിഞ്ഞ തോക്ക് കണ്ടപ്പോള്‍ ആണ് വിശ്വാസമാകുന്നത്. പിന്നീട് നേരം വെളുത്തതിനു ശേഷം മാത്രമാണ് ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങിയത്.
പലരോടും ഞങ്ങള്‍ തിരക്കി ഇതെന്താണെന്ന് ആര്‍ക്കും അത് വിശദീകരിച്ചു തരുവാന്‍ സാധിച്ചില്ല.
[തുടരും.....]
അടുത്തത്
മലമുകളിലെ സ്ത്രീ രൂപം
കൊള്ളാം വെടി....
ReplyDeleteതുടരുമെങ്കില്‍ വായിക്കാം