പണ്ട് പള്ളിക്കൂടത്തില്‍ പഠിച്ചിരുന്ന കാലത്ത്, സാറന്മാര്‍ക്കും ടീച്ചര്‍മാര്‍ക്കും ഒരു പരിപാടിയുണ്ട് ചുമ്മാ പിള്ളേരെ ചുറ്റിക്കാന്‍.
"നിനക്ക് വലുതാകുമ്പോ ആരാകണം" എന്ന അടിപ്പന്‍ ചോദ്യമാണ് അത്. മാവേതാ മാങ്ങാണ്ടിയേതാ എന്നറിയില്ലാത്ത പിറുങ്ങാണിപ്പിള്ളേരോടാണ് ഈ ചോദ്യം.
ഞാന്‍ നാലാം ക്ലാസില്‍ പഠിച്ചോണ്ടിരുന്നപ്പോള്‍ ആണെന്ന് തോന്നുന്നു ആദ്യമായി ഈ ചോദ്യത്തെ നേരിടുന്നത്. അന്ന് ഞാനും രാജീവും മാത്രമാണ് ഒറ്റപ്പെട്ട ഉത്തരം പറഞ്ഞത്. പെണ്‍കുട്ടികളില്‍ ഒരു 75% പേരും അന്ന് കന്യാസ്ത്രീ ആകാന്‍ തീരുമാനിച്ചു (അവര്‍ക്കെല്ലാം തന്നെ ഇപ്പൊ 2 നു മേലെ പിള്ളേരായിട്ടുണ്ട് അതില്‍ രണ്ടെണ്ണം ഇരട്ടയും പെറ്റു .. അത് വേറെ കാര്യം) ബാക്കി 25% ടീച്ചര്‍ ആകാനും തീരുമാനിച്ചു
ആണ്‍കുട്ടികള്‍ക്ക് കൃഷി, ഡോക്ടര്‍, സാര്‍, പോലിസ് പിന്നെ ഒരന്‍പതു ശതമാനം പള്ളീലച്ചനും.
രാജീവിന് കുറച്ചുകൂടെ വിവരം ഉണ്ടായിരുന്നു. കാരണം അവന്‍റെ അപ്പന്‍ ഞങ്ങളുടെ നാട്ടിലെ അന്നത്തെ വലതുപക്ഷ രഷ്ട്രീയത്തിന്റെ ഭീകരനായ ഒരു പുലി ആയിരുന്നു. കലുങ്കേലിരുന്നു പാവം നാട്ടുകാരോട് രാജീവ് ഗാന്ധിയുടെയും, കരുണാകരന്റെയും, മന്ത്രിമാരുടെയും എല്ലാം കാര്യങ്ങള്‍ വര്‍ണിക്കുന്ന പൌരപ്രമുഖന്‍. അതുകൊണ്ട് അവനു മന്ത്രി ആയാല്‍ മതി.
ഞാന്‍ അന്നും ഭയങ്കര സംഭവമായിരുന്നു. അതുകൊണ്ട് ഞാന്‍ ശരിക്കും ആലോചിച്ചു
"ആരാകണം വലുതാകുമ്പോള്‍"
എന്റെ കാഴ്ചപ്പാടില്‍ അന്നവിടെ രണ്ടേരണ്ടു മഹാന്മാരെ ഉണ്ടായിരുന്നുള്ളൂ. ഒന്ന് നെല്ല് കുത്തുന്ന മില്ല് നടത്തുന്ന ഷാജി ചേട്ടനും സ്വന്തമായി ആലയുള്ള കൊല്ലന്‍ സുകു ചേട്ടനും.
ഷാജി ചേട്ടന്‍ ആ മില്ല് ഘട ഘട എന്ന ഒച്ചയോടെ പ്രവര്‍ത്തിപ്പിക്കുന്നതും, ആളുകള്‍ ഇത്തിരി നെല്ലുമായി കുത്തിക്കാന്‍ വരുമ്പോള്‍ രണ്ടുപേര്‍ കൂടി വരട്ടെ അല്ലെ സ്റ്റാര്‍ട്ട് ആക്കുന്നതിന് മുതലില്ല എന്ന് ഒരു പുച്ഛത്തോടെ പറയുന്നതും ഹോ എന്താ സ്റ്റയില്‍.
"വലുതാകുമ്പോള്‍ ഷാജി ചേട്ടന്‍ ആയാലോ...!!!! വേണ്ട ഇന്നാള് എന്നേം ചേട്ടായിയെയും ഒത്തിരി നേരം അവിടെ നിറുത്തീതാ ദുഷ്ടന്‍"
സുകു ചേട്ടന്‍ ആയാ മതി. ഇരുമ്പ് കഷണങ്ങള്‍ ഉലയില്‍ വച്ച് നല്ല ചുവന്ന നിറത്തിലാക്കി അടിച്ച് പരത്തി രാകി, കത്തിയും അരിവാളും വാക്കത്തിയും, കോടാലിയും, റബറുവെട്ടുന്ന കത്തിയും പിന്നെ കൊമ്പിന്റെ പിടിയൊക്കെ ഇട്ടു ദാമു ചേട്ടന് പിച്ചാത്തിയും ഒക്കെ ഉണ്ടാക്കുന്നത് എത്ര ദിവസം കൊതിയോടെ നോക്കിയിരുന്നിട്ടുള്ളതാ. അതുമതി. ഉറപ്പിച്ചു.
" ടീച്ചറെ എനിക്ക് പഠിച്ചു പഠിച്ചു ഒരു വല്യ കൊല്ലനാകണം" ഞാന്‍ അഭിമാനത്തോടെ വിളിച്ചു പറഞ്ഞു.
എന്റെ കൂടെ വായിനോക്കാന്‍ ആലയില്‍ വന്നിരുന്ന കൂട്ടുകാര്‍ അസൂയയോടെ എന്നെ നോക്കുന്നു. അവന്മാര്‍ക്കും അപ്പൊ തോന്നുന്നുണ്ടാവും അച്ചനാവണ്ടാരുന്നു കൊല്ലനായാ മതിയായിരുന്നു എന്ന്. പെണ്‍കുട്ടികള്‍ ആണേ അത്ഭുതത്തോടെ എന്നെ നോക്കുന്നു. അഭിമാനത്തോട് കൂടെ ഞാന്‍ ചൂലപിടിച്ചുള്ള ആ ഞെളിവ് ഒന്നുകൂടി കൂട്ടി.
എന്നാല്‍ കേട്ടപാടെ ടീച്ചര്‍ ഭയങ്കര ചിരി. എനിക്കെന്താ പ്രശ്നം എന്ന് മനസ്സിലായില്ല. ഇത്രയും നല്ല ഒരു ആഗ്രഹം പറഞ്ഞിട്ടും ചിരിക്കുന്നു. അല്ല ടീച്ചറിനു വല്ല വിവരോം ഉണ്ടോ..!!
ഞാന്‍ ഇത് വീട്ടിലും ചെന്ന് പറഞ്ഞപ്പോ അവരും ഭയങ്കര കളിയാക്ക്.
"ഓ നീ കൊല്ലനാകും ഉറപ്പ്"
റേഡിയോ മംഗോ പോലെ അതും നാട്ടിലെങ്ങും പാട്ടായി. ഇപ്പോഴും പലരും എന്നോട് ചോദിക്കാറുണ്ട്
"നീ കൊല്ലനായോടെ.... " എന്ന്
ഇത് ഞാന്‍ ഇവിടെ പറയാന്‍ കാരണം ചില തൊഴിലുകള്‍ക്ക് നമ്മള്‍ നല്‍കിയിരിക്കുന്ന അയിത്തവും പുച്ഛവും പറയാന്‍ ആണ്.
നമ്മള്‍ക്ക് ജോലി എന്ന് പറഞ്ഞാല്‍ സര്‍ക്കാര്‍ വേല അല്ലെങ്കില്‍ ഉടുവസ്ത്രം ചുളുങ്ങാത്ത പണി മാത്രം. അതില്ലാത്തവന്‍ തൊഴില്‍ രഹിതന്‍. ഒരുളുപ്പുമില്ലാതെ പോയി നിന്ന് തൊഴിലില്ലായ്മാ വേതനം എന്നു പറയുന്ന നക്കാപ്പിച്ച വാങ്ങി അടുത്തുള്ള ബാറില്‍ കൊടുക്കുന്നു. പെണ്‍കുട്ടികളാണെങ്കില്‍ അടുത്തുള്ള കോസ്മെടിക് ഷോപ്പിലും. എല്ലാവരും അല്ലകെട്ടോ, പക്ഷെ ഭൂരിഭാഗവും
നാട്ടിലെ പാരലല്‍ കോളേജില്‍ പഠിപ്പിക്കാന്‍ പോകുന്നത് അഭിമാനം എന്നാല്‍ കൂലിപണി പുച്ഛം. ഞാന്‍ ഇത് പോലെ പഠിപ്പിക്കാന്‍ പോയ്ക്കൊണ്ടിരുന്നപ്പോള്‍ കൂലിപ്പണിക്ക് പോയിരുന്ന എന്റെ കൂട്ടുകാരോടാണ് ഇടയ്ക്കിടയ്ക്ക് വണ്ടിക്കൂലി പോലും വാങ്ങിയിരുന്നത്. പക്ഷെ സാറേ എന്ന വിളി എനിക്ക് മാത്രം. സാമ്പത്തികമായി നോക്കിയാല്‍ പോലും അഞ്ചക്ക ശമ്പളം തന്നെയാണ് നല്ല ഒരു പുറം പണിക്കാരനും മേടിക്കുന്നത്.
എന്‍റെ കാഴ്ചയില്‍ നമ്മുടെ കേരളത്തില്‍ തൊഴില്‍ ചെയ്യാന്‍ തയ്യാര്‍ ഉള്ളവന് ഒരിക്കലും തൊഴില്‍ ഇല്ലാതെ വരില്ല. തൊഴിലില്ലായ്മ എന്ന പ്രശ്നവും ഇവിടില്ല. തമിഴ്നാട്, ബംഗാള്‍, സിക്കിം, നേപ്പാള്‍ തുടങ്ങിയ നാട്ടുകാര്‍ക്ക് ഇത് ഖനിയാണ്. അവരാണല്ലോ ഇപ്പൊ ഇവിടെ നമ്മേക്കാളും കൂടുതല്‍. ഈയിടെ പെരുമ്പാവൂര്‍ തീയേറ്ററില്‍ ബംഗാളി സിനിമ ഓടുന്നതിന്റെ പോസ്റ്റ് കണ്ടു. ഹബ്ബ..........
നമ്മള്‍ കേരളത്തിന് വെളിയില്‍ ആണെങ്കില്‍ മാത്രമല്ലേ പണിയെടുക്കൂ..... ഞാന്‍ ചെന്നയില്‍ താമസിച്ചിരുന്ന കാലത്ത് ഞങ്ങളുടെ അടുത്തുള്ള ഡ്രൈനേജ് സവിധാനം തകരാറിലായി. ഉള്ള അഴുക്ക് മുഴുവന്‍ കവിഞ്ഞ് ഒഴുകാന്‍ തുടങ്ങി. അപ്പൊ അത് ശരിയാക്കാന്‍ ആളുകള്‍ വരുമെന്ന് പറഞ്ഞുകേട്ടു. ഇത് ശരിയാക്കുന്ന യത്രം കാണാന്‍ ഞാനും കൂടി. എന്നാല്‍ വന്നത് രണ്ടു ആളുകള്‍ നല്ല ഒന്നാന്തരം വിലക്കൂടിയ കാറില്‍ വന്നു. അവിടെ നിറുത്തി തുണി മാറി എന്തോ ഒരു തരംവേഷം എടുത്തണിഞ്ഞു പയ്യെ ആ അഴുക്കുചാലില്‍ മുങ്ങി തപ്പി പണി തുടങ്ങി. എപ്പടി ?
എല്ലാ ജോലികളും മാന്യമാണ് എന്നും അത് ചെയ്യുന്നവര്‍ക്ക് അഭിമാനം ഉണ്ട് എന്നും, ജീവിക്കാന്‍ വേണ്ടിചെയ്യുന്ന മാന്യമായ തൊഴില്‍ നല്ലതാണെന്നും കരുതിയാല്‍ ഇവിടെ തൊഴിലില്ലായ്മ എന്ന സാധനം കണികാണാന്‍ കിട്ടില്ല.
NB: ഈ പോസ്റ്റിനു കമന്റ് ഇട്ട ശങ്കരനാരായണന്‍ മലപ്പുറം എഴുതിയ ഒരു പോസ്റ്റ് ഇതിന്റെ ഒപ്പം വായിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്തിക്കുന്നു. ഞാന്‍ ഇന്നാണ് അവിടെ SUGATHAN എന്ന ബ്ലോഗില്‍ പോകുന്നത് . ഇതിനു സമാനമായ ആ പോസ്റ്റ് കാനനമെന്കില്‍ ഇവിടെ കുത്തിക്കോ ഇവിടെയും
ഏതൊരു തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്. ഇപ്പൊ ഡ്രൈനേജ് സംവിധാനം തകരാരിലായപ്പോള്‍ രണ്ടുപേര്‍ വന്ന് യന്ത്രങ്ങള്‍ ഉപയോഗിക്കാതെ മനുഷ്യര്‍ തന്നെ അഴുക്കിളിറങ്ങി അത് ശെരിയാക്കി, ഇത് കണ്ട് അറപ്പ് തോനുന്നവരോട്: അഴുക്ക് കവിഞ്ഞോഴുകിയാല്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങളെപറ്റി ഒന്ന് ചിന്ത്ക്കൂ അപ്പോള്‍ അത് മാറികിട്ടും.
ReplyDeleteആദ്യഭാഗത്തിലെ നര്‍മം കലക്കി. രണ്ടാം ഭാഗം ഇതിന്റെ കമന്റ് ആയോ അല്ലെങ്കില്‍ പുതിയ ഒരു പോസ്റ്റ് ആയോ എഴുതിയാല്‍ മതിയായിരുന്നു.
ReplyDelete@മേഘമല്‍ഹാര്‍(സുധീര്‍)
ReplyDeletethanks a lot
ശരിക്കും അത് മതിയായിരുന്നെന്നു എനിക്കും തോന്നി
വായിച്ചു. ഇഷ്ടമായി വിനോദ് മോനേ! ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാനെഴുതിയ പോസ്റ്റ് വായിച്ചാലും!
ReplyDelete@ ശങ്കരനാരായണന്‍ മലപ്പുറം
ReplyDeletethanks for the comment
വായിച്ചിരിക്കും
അപ്പോള്‍ തൊഴിലില്ലായ്മ വളരെ എളുപ്പം പരിഹരിക്കാം അല്ലേ. അയ്യോ ഇതാരും എന്തേ ഇതുവരെ ആലോചിച്ചില്ല !!!
ReplyDeleteനന്നായി അവതരണം . ആമുഖത്തിലൂടെ നല്ല നര്‍മം
ReplyDeleteവിതറി അതെ ഒഴുകില്‍ കാര്യത്തിലേക്ക് കടന്നു.
മറ്റ് പോസ്റ്റുകളുടെ വിവരങ്ങള്‍ കമന്റില്‍ ചേര്ക്ക
ആണ് കുറേകൂടി ഉചിതം.ആശംസകള്‍.
എന്റെ അനിയനും ഇതുപോലെ തന്നെയാണ് പറഞ്ഞത് . ഒരു മണല്‍ വാരലുകാരന്‍ ആവണമെന്ന് . ഇഷ്ടം പോലെ പണവും , കൂട്ട് കൂടിയുള്ള വെള്ളമടിയും, ചീട്ടുകളിയും എല്ലാം ചേര്‍ന്നുള്ള അവരുടെ സ്വതന്ത്ര ജീവിതം അവനു ഇഷ്ടപ്പെട്ടിരിന്നു എന്ന് തോന്നുന്നു.
ReplyDelete@ഭാനു കളരിക്കല്‍
ReplyDeletethanks for the comment
എന്തേ ഇതുവരെ ആലോചിക്കാതിരുന്നെ :)
@ ente lokam
thanks for the comment
ഇനി ശ്രദ്ധിച്ചു കൊള്ളാം
@സുനില്‍ പെരുമ്പാവൂര്‍
ReplyDeletethanks for the comment
മലയാളിക്ക് സ്വന്തം നാട്ടിലെ ജോലി ചെയ്യാന്‍ മടിയുള്ളൂ.. അത് സത്യമാണ്.. ഇവിടെ അറബികളുടെ കക്കൂസ് കഴുകുന്നവന്‍ നാട്ടില്‍ വന്നാല്‍ മുറ്റമടിക്കാന്‍ കൂലിക്കാളെ നോക്കും .... പോസ്റ്റില്‍ ചിന്തക്ക് വകയുണ്ട് ..
ReplyDeleteനല്ല പോസ്റ്റ്. ഓരോ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്. ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് തന്നെ വ്യത്യസ്ഥ ജോലികള്‍ ചെയ്യുന്നവരിലൂടെയാണ്..പണ്ടു നാലാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഇതു പോലെ ഒരു സന്ദേശം നല്‍കിക്കൊണ്ടുള്ള അദ്ധ്യായമുണ്ടായിരുന്നു.വലുതായല്‍ ആരാകണം എന്നൊരു ചര്‍ച്ച
ReplyDeleteക്ലാസില്‍ ടീച്ചര്‍ സംഘടിപ്പിച്ചത് ഓര്‍മ്മ വരുന്നു. പിന്നെ നമ്മുടെ നാട്ടില്‍ കുലത്തോഴിലായി അംഗീകരിക്കപ്പെട്ടത് മറ്റുള്ളവര്‍ ചെയ്താല്‍ പരിഹസിക്കപ്പെടും. ബാര്‍ബര്‍മാരെ ആര്‍ക്കും ഒഴിവാക്കാന്‍
പറ്റില്ല..പക്ഷേ വളരെ പുഛത്തോടെയല്ലേ അവരുടെ ജോലിയെ വെച്ചു കളിയാക്കുന്നത്.
Good post
ReplyDelete'എന്‍റെ കാഴ്ചയില്‍ നമ്മുടെ കേരളത്തില്‍ തൊഴില്‍ ചെയ്യാന്‍ തയ്യാര്‍ ഉള്ളവന് ഒരിക്കലും തൊഴില്‍ ഇല്ലാതെ വരില്ല. തൊഴിലില്ലായ്മ എന്ന പ്രശ്നവും ഇവിടില്ല'
ReplyDeleteവളരെ ശരി.
കുട്ടിയായിരുന്നപ്പോള്‍ 'പഠിച്ചു പഠിച്ചു വല്യൊരു ഡ്രൈവറാകണം' എന്ന് ആഗ്രഹം പറഞ്ഞിരുന്ന എന്റെ അനിയനെ (കുഞ്ഞച്ഛന്റെ മകന്‍) ഓര്‍ത്തു.
@ഹംസ
ReplyDeletethanks for the comment
സത്യം
@Muneer N.P
thanks for the comment
അതാണല്ലോ നീ പോയി ചെരക്കാടാ... എന്നുള്ളത്
@Ajith
thanks for the comment
@ ശ്രീ
thanks for the comment
വീണ്ടും വന്നതില്‍ ഞാന്‍ ഹാപ്പിയായി
നല്ല പോസ്റ്റ് ചിന്തിക്കേണ്ട വിഷയം
ReplyDeleteആശംസകള്‍
ഈ സന്ദേശം എല്ലാവരിലും എത്തട്ടെ
ReplyDeleteഒരിക്കല്‍ ദിവാരേട്ടനോടും ക്ലാസ്സില്‍ വച്ച് ഒരു ടീച്ചര്‍ ഇങ്ങനെ ചോദിച്ചു. "ആനപ്പാപ്പാന്‍ " ആയാല്‍ മതി എന്ന് മറുപടിയും പറഞ്ഞു. കുട്ടികളെല്ലാം ആര്‍ത്തു ചിരിച്ചു. അന്ന് എനിക്ക് ആനപ്പാപ്പാന്‍ ഇന്നത്തെ "astronaut" കളെക്കാളും കേമന്‍ ആയിരുന്നു. കാലം കുറെ കഴിഞ്ഞു. ഒരു ദിവസം ഞാന്‍ ആനയെയും കൊണ്ട് വരുമ്പോള്‍ ടീച്ചര്‍ എതിരെ വരുന്നു. റോഡിനു വീതി കുറവ് ആയതിനാല്‍ പേടിയോടെ ടീച്ചര്‍ വേലിയോട് ചേര്‍ന്ന് നിന്നു. ഞാന്‍ ആനയെ നിറുത്തി, കൊമ്പിന് താഴെ തുമ്പിക്കയ്യില്‍ ചെറുകോല്‍ ചേര്‍ത്തുവച്ച് ടീച്ചര്‍ക്ക് പോകാന്‍ ആനയെ ഒതുക്കി കൊടുത്തു. ടീച്ചര്‍ നന്ദിയോടെ എന്നെ നോക്കി ഒന്ന് ചിരിച്ച് കടന്നുപോയി. എന്നെ മനസ്സിലായില്ല ടീച്ചര്‍ക്ക്. ഒരു നിമിഷം ഞാന്‍ അന്നത്തെ കൂട്ടച്ചിരി ഓര്ത്തുനിന്നു. പിന്നെ ആനയെയും കൊണ്ട് നടന്നു നീങ്ങി.
ReplyDeleteഅല്ലാ ഗെഡീ ,എന്നിട്ടിപ്പോ ആരായി...?
ReplyDelete@ismail chemmad
ReplyDeletethanks for the comment
@Aneesa
thanks for the comment
@DIV▲RΣTT▲Ñ
thanks for the comment
@മുരളീമുകുന്ദൻ ബിലാത്തിപട്ടണം
thanks for the comment
ഒന്നും ആയില്ല എന്നതാണ് ശരി :)
ഒടുവില്‍ ഒരു ബ്ലോഗറായില്ലേ....
ReplyDelete@ thalayambalath
ReplyDeletethanks for the comment
സന്തോഷമായി ഒരാളെലും അഗീകരിച്ചല്ലോ :)
ഒരേ ജോലി ചെയ്യുന്നവര്‍ മാത്രമുള്ള നാട്ടില്‍ ഒരു പുരോഗതിയും ഉണ്ടാവില്ലെന്ന് ഊഹിച്ചാല്‍ തിരിയുമല്ലോ. ഇന്ന് ഗള്‍ഫിലുള്ള പല അവിദഗ്ധ തൊഴിലാളികളെക്കാള്‍ മന്യമായ് ശമ്പളം നാട്ടിലെ കൂലിപ്പണിക്കാരന്‍ വാങ്ങുന്നുണ്ട്. പക്ഷെ മലയാളിയെ ആരോ പറഞ്ഞു പറ്റിച്ചു ഗള്‍ഫിലേക്ക് വിടുകയാണ്.
ReplyDeleteകഥയും കാര്യവും നന്നായി...ആശംസകള്‍..
അദ്ധ്വാനിച്ചു ജീവിക്കുന്നത് വിഢിത്തവും കഴിവുകേടുമാണെന്ന് മലയാളിയെ പഠിപ്പിച്ചത് ബ്രാഹ്മണ്യമാണ്. വിയര്‍ക്കുന്നവന്‍ അധമനും, അദ്ധ്വാനിക്കാതെ അന്യന്റെ വിയര്‍പ്പുകൊണ്ടുണ്ടായ സംര്^ദ്ധി മോഷ്ടിച്ചെടുത്തും, തട്ടിപ്പറിച്ചും ഞണ്ണുന്നവന്‍ സമര്‍ത്ഥനുമായത് ബ്രാഹ്മണ ഹിന്ദുമതത്തിന്റെ അല്ലെങ്കില്‍
ReplyDeleteസവര്‍ണ്ണതയുടെ സ്വാധീനം കൊണ്ടാണ്. കോടികള്‍ പിച്ച ലഭിക്കുന്ന ശബരിമലയിലേയും ഗുരുവായൂരിലേയും ശാന്തിപ്പണിക്കായി കാത്തുകിടക്കുന്ന ഇത്തിക്കണ്ണികളാണ് നമ്മുടെ സമൂഹത്തിന് ഇന്നും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത്. റോഡ് ടാറുചെയ്യാനും, മുനിസിപ്പാലിറ്റി തൂപ്പുവൃത്തി നടത്താനും
ബ്രാഹ്മണര്‍ സന്നദ്ധമാകുംബോള്‍ മാത്രമേ നമ്മുടെ സമൂഹത്തിന് അദ്ധ്വാനത്തിന്റെ മഹത്വത്തെക്കുറിച്ച് വെളിപാടുണ്ടാകു. അന്ന്, തൂപ്പുവേലചെയ്യുന്ന അന്തര്‍ജ്ജനം എന്ന തലക്കെട്ടോടെ മനോരമയും മാത്രുഭൂമിയും സന്‍ഡേ സപ്ലിമെന്റില്‍ അവരുടെ പീഢനമേറിയ ജീവിതത്തിലെക്ക് പൊന്വെളിച്ചം തൂകിക്കൊണ്ട് ഫീച്ചറുകളെഴുതും, ശ്യാമപ്രസാദന്‍മാര്‍ തൊഴിലിന്റെ മഹത്വത്തെക്കുറിച്ചും അന്തര്‍ജ്ജനത്തിന്റെ
വിശാല മനസ്സിനെക്കുറിച്ചും സിനിമയെടുക്കും :)