പേജുകള്‍‌

Monday, December 13, 2010

വല്ലോ സംസ്കാരവും ഉണ്ടോ......?

ഈയിടെ ഒരാള്‍ എന്നോട് ചോദിച്ചതാണ് ഈ ചോദ്യം. ഹോ..! അപ്പോഴാ എനിക്ക് മനസ്സിലായത്‌ എനിക്കാ സാധനം കുറവാണെന്ന്. അല്ല അതെന്തുവാ. സിന്ധുനദീതട സംസ്കാരം, മെസോപോട്ടോമിയന്‍ സംസ്കാരം, നൈല്‍നദീതട സംസ്കാരം എന്നെല്ലാം ചരിത്ര ക്ലാസ്സുകളില്‍ കേട്ടിട്ടുണ്ട് അതെങ്ങാനും ആണോ ഈ സാധനം. അതോ ഈ ശവം മറവുചെയ്യുന്നതാണോ.  എന്തായാലും എനിക്ക് കുറവാ ഉറപ്പ്.
             കാര്യമിതാണ് ഈയിടെ ഞാനും എന്റെയൊരു മാന്യനായ സുഹൃത്തും (ഒരുമിച്ച് പഠിച്ചതാന്) യാദൃശ്ചികമായി കോട്ടയം KSRTC സ്റ്റാന്‍ഡില്‍ വച്ച് കണ്ടു മുട്ടുന്നു. ഒത്തിരി നാളുകൂടി കണ്ടതിനാല്‍ എനിക്ക് ഭയങ്കര സന്തോഷം.
" എന്തുണ്ട് അളിയാ.. " എന്ന് ചോദിച്ചു കൊണ്ട് ഞാന്‍ വിശേഷങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അവനാണെ വലിയ താല്പര്യമൊന്നുമില്ലാത്ത രീതിയില്‍ മറുപടിയും തന്നു കൊണ്ടിരുന്നു. കുറച്ചുനേരം അങ്ങനെ നിന്നപ്പോള്‍ ശരിക്കും എന്റെ കാല്‍ കഴക്കുവാന്‍ തുടങ്ങി എവിടെങ്കിലും ഒന്നിരുന്നാല്‍ മതി എന്ന അവസ്ഥ അവനും സെയിം പിച്ച്. എന്തു ചെയ്യാം ശബരിമല സീസണ്‍ ആയതിനാല്‍ ഒരു ബഞ്ച് പോലും കാലിയില്ല. പിന്നെ ഒറ്റ മാര്‍ഗമേ ഉള്ളൂ നടയില്‍ ഇരിക്കുക. ഞാന്‍ ഒന്നും നോക്കിയില്ല കിട്ടിയ ഒരു വിടവില്‍ കയറിക്കൂടി.  തിക്കിത്തിരക്കി ഒരു ഇത്തിരി ഇടകൂടി ഉണ്ടാക്കി അവനെ ക്ഷണിച്ചു

            "വാടാ നമ്മുക്ക് ഇവിടെ അഡ്ജസ്റ്റ്‌ ചെയ്യാം" അവന്‍ കേള്‍ക്കാന്‍ ഇത്തിരി ഉറക്കെയും ആണ് വിളിച്ചത്. അവന്റെ മുഖം അങ്ങ് ചുമന്നു പതിയെ എന്റെ അടുത്തു വന്നിട്ട് കനത്തില്‍ പറഞ്ഞു
          "നിനക്കൊക്കെ വല്ലോ സംസ്കാരവും ഉണ്ടോടാ.. തറയില്‍ കുത്തിയിരിക്കുന്നു. പോരാത്തതിന് എന്നെയും കൂടി വിളിക്കുന്നു. നിന്റെ ഒന്നും തരത്തിലല്ല ഞാന്‍ ഇപ്പൊ " പറച്ചിലും തിരിഞ്ഞു നടത്തവും ഒരുമിച്ചു കഴിഞ്ഞു. ഞാന്‍ എന്ത് ചെയ്യണമെന്നു അറിയാതെ ചുറ്റും നോക്കി ഭാഗ്യം ചുറ്റും തെലുങ്കന്മാരായ അയ്യപ്പന്മാര്‍ ആണ്.
           ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല എന്ത് തെറ്റാണ് ഞാന്‍ ചെയ്തതെന്ന്. ചിലപ്പോള്‍ ആളുകളുടെ നിലയും വിലയും അറിയാതെ പരിചയം പുതുക്കിയതാവാം.  എന്നാലും ഒരുമിച്ച് സര്‍വ അലമ്പും കാണിച്ച്‌ രണ്ടു വര്‍ഷം നടന്നവന്‍.....  അതാ ഞാന്‍ പറഞ്ഞെ എനിക്കാ സാധനം കുറവാണെന്ന്.
          പിന്നീട് എന്റെ മറ്റൊരു സംസ്കാര ശൂന്യനായ കൂട്ടുകാരനാണ് പറഞ്ഞു തന്നത് ഈ സാധനം എന്താണെന്ന്.
            അതായത് അച്ചടി ഭാഷയില്‍ മാത്രമേ സംസാരിക്കാവൂ. അതും ശബ്ദം താഴ്ത്തി മാത്രം. അത് സ്വന്തം വീട്ടിലോ നാട്ടിലോ എവിടെ ആയാലും. മുന്‍പത്തെ പോലെ കാലു വേദനിക്കുകയല്ല ഒടിഞ്ഞു പോവുകയാണെന്കിലും കസേരയിലോ അല്ലെങ്കില്‍ അതുപോലുള്ള ഇരിപ്പിടങ്ങളില്‍ മാത്രമേ ഇരിക്കാവൂ. വള്ളിചെരുപ്പു ഒരുകാരണവശാലും ഇടരുത്. എന്നാ പുഴുങ്ങുന്ന ചൂടാണെന്കിലും ഷൂ ഉപയോഗിക്കുക. പറ്റുമെങ്കില്‍ ടൈയും. വീട്ടില്‍ പോലും ഫുള്‍സുട്ടില്‍ നടക്കാവൂ. പാവം തേങ്ങാ ഇടാന്‍ വരുന്നവരോട് പോലും ഇംഗ്ലീഷ് കൂട്ടിയേ സംസാരിക്കാവൂ. നാട്ടിലെ നാടന്‍ ചായക്കാടയിലൊന്നും വിശന്നു ചാകാന്‍ തുടങ്ങുകയാണെങ്കിലും കയറരുത്.  മുഖത്തെപ്പോഴും ഒരു പുച്ഛം കലര്‍ന്ന ഭാവമായിരിക്കണം. നാട്ടിലെ പീറ ക്ലെബ്കളിലൊന്നും കയറരുത്. ലയന്‍സ്, റോട്ടറി, YMC മുതലായ ഇടങ്ങളില്‍ മാത്രം അംഗത്തം എടുക്കുക.
              ഞാന്‍ ഇത്തരക്കാരന്‍ വല്ലതുമാണോ. അടുക്കള ഭാഷ മാത്രമേ വായില്‍ വരൂ. ഞങ്ങളൊക്കെ മിറ്റം അടിക്കുന്ന കൂട്ടത്തിലാ പോരാത്തതിന് മൊറത്തില്‍ പേറ്റും, സംസ്കാരമുള്ളവര്‍ എവിടെയാണെങ്കിലും മുറ്റം തൂക്കും, മുറത്തില്‍ പാറ്റും.  ഞങ്ങള്‍ മൊയലിനെ വളക്കുമ്പോള്‍ അവര്‍ മുയലിനെ വളര്‍ത്തും. ഞങ്ങള്‍ മീന്‍ വാങ്ങുമ്പോള്‍ അവര്‍ മത്സ്യത്തെ വാങ്ങും(മത്സ്യം തമിഴാണ് മലയാളം മീനും)  ഞങ്ങള്‍ കൂട്ടുകാരൊക്കെ കൂടുമ്പോള്‍ അത്യാവശ്യം ചീത്തയും ഒക്കെ പറയും വഴക്കും കൂടും. തരം നോക്കാതെ എല്ലാവരുമായി കൂട്ടുകൂടും.
            അതുപോലെ കഴിഞ്ഞ വര്ഷം ഞങ്ങളുടെ അടുത്തുള്ള ഒരു ഇംഗ്ലീഷ്മീഡിയം സ്കൂളില്‍ എനിക്ക് പോകേണ്ടിവന്നു. അടുത്തുള്ള ഒരു ചേട്ടന്‍റെ കൂടെ. അങ്ങേരുടെ മകന്റെ കാര്യത്തിനായി. അവിടെ എന്‍റെ തോട്ടയല്‍ക്കാരനായ ഒരു പയ്യന്‍ പഠിപ്പിക്കുന്നുണ്ട്. ചെന്നതെ അവനെ കണ്ടു. ചിരിച്ചുകൊണ്ട് ഞങ്ങള്‍ അടുത്തേക്ക്‌ ചെന്നു, ഞങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ അവസരം തരുന്നതിനിപ്പാടെ മലവെള്ളം വരുന്നതുപോലെ സാര്‍ ഇംഗ്ലീഷ് ശര്‍ദിക്കാന്‍ തുടങ്ങി. ഒരു ഒഴിവ്‌ കിട്ടിയപ്പോള്‍ ഇതെന്തുവാ എന്ന് നമ്മക്ക് അറിയാവുന്ന മുറി ഇംഗ്ലീഷില്‍ ചോദിച്ചു. അവിടുത്തെ നിയമമാണ് അതത്രേ ആംഗലേയത്തില്‍ മാത്രമേ അതിനുള്ളില്‍ സംസാരിക്കാവൂ. പക്ഷെ പ്രിന്‍സിപാള്‍ അച്ഛന്‍ ഒരു സംസ്കാര ശൂന്യനായിരുന്നു അങ്ങേരു ചുമ്മാ പച്ചമലയാളത്തില്‍ അല്ലെ കാര്യങ്ങള്‍ പറഞ്ഞു കളഞ്ഞേ....!
           അതുപോലെ ഈയിടെ ഒരു FEMINIST  ലേഖനം വായിക്കാന്‍ ഇടയായി. ഭാര്യയെ എടി എന്ന് വിളിക്കുന്നത്‌ പുരുഷ മേധാവിത്ത സംസ്കാരത്തിന്റെ അടയാളമാണ് എന്ന് എഴുതി കണ്ടു, അത് പോലെ ഭാര്യയെ ബഹുമാനിക്കാത്തതും. ഉടനെ ഞാന്‍ തീരുമാനിച്ചു ഇനിയൊരിക്കലും ഭാര്യയെ എടി എന്ന് വിളിക്കില്ല ഭാവ്യതയോടും ബഹുമാനത്തോടും കൂടെ മാത്രമേ സംബോധന ചെയ്യൂ എന്ന്. അവക്കും സന്തോഷം ആകുമല്ലോ. വീട്ടില്‍ ചെന്നതെ വച്ചനത്തി
            "ഭവതി താങ്കള്‍ക്ക് പണിയൊന്നും ഇല്ലെങ്കില്‍ എന്റെ വീട്ടില്‍ ഉടുക്കുന്ന മുണ്ട് ഒന്ന് എടുത്തു കൊണ്ടുവന്നു തരുമോ..?" ഒട്ടും താമസം വന്നില്ല മുണ്ട് പറന്നു വന്നു ദേഹത്ത് വീണു. പിന്നെ ആ ഭാഗത്തിനിന്നും നോ അനക്കം വീര്‍ത്ത മോന്ത മാത്രം... രാത്രി പുറംതിരിഞ്ഞ് ഒറ്റക്കിടപ്പും. കുറെ നേരം കഴിഞ്ഞു സഹികെട്ടപ്പോള്‍ സംസ്കാരം മാറ്റിവച്ച് ഒരു ചോദ്യം.
             "ഭ..... മോളെ നിനക്കെന്നാത്തിന്റെ കേടാടീ... പുല്ലേ..."
             " വല്യ കിന്നാരമോന്നും വേണ്ടാ നിങ്ങളിന്നു വെള്ളമടിചെച്ചല്ലേ വന്നേക്കുന്നെ"
             എന്റെ കര്‍ത്താവേ സംസാരികമായി സംസാരിച്ചാല്‍ വെള്ളമടിച്ചു എന്നാണോ........ ചീത്ത വിളിച്ചപ്പോ കിന്നാരവും.  ഏതായാലും അതിപ്പിന്നെ ഞാന്‍ സാംസ്കാരികമായി ഭാര്യയോട് സംസാരിച്ചിട്ടില്ല.
            ഒരു സംസ്കാരികന്‍ കൂടി.  കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഒരു സംസ്കാര സമ്പന്നമായ ഒരു ആള്‍ ഞങ്ങളോടൊപ്പം പഠിക്കുന്നുണ്ടായിരുന്നു. കാര്യഗൌരവമായി മാത്രം സംസാരിക്കും. അതും അച്ചടി ഭാഷ. പാവം ഒരു ദിവസം ഹോം വര്‍ക്ക്‌ ചെയ്യാതെ വന്നു എന്തോ തിരക്കുമൂലം പറ്റിയതാണ്. സാര്‍ കാരണം ചോദിച്ചു പെട്ടന്ന് തന്നെ മറുപടിയും വന്നു
             "എനിക്ക് ഹോംവര്‍ക്ക് ചെയ്യാന്‍ സൗകര്യം ഇല്ലായിരുന്നു."
             അവന്റെ ഒപ്പം കുന്തം വിഴുങ്ങിയപോലെ  നിന്ന ഞങ്ങള്‍ ക്ലാസിലും ഇരുന്നു പാവം പുറത്തും. അതോടെ അവനും സംസ്കാരം ഉപേക്ഷിച്ചു. പാവം അവനിപ്പോഴും പിടികിട്ടിയിട്ടില്ല അവനെന്ത് തെറ്റാ ചെയ്തതെന്ന്.
             മാന്യമായ രീതിയില്‍ സംസാരിക്കുന്നതോ വസ്ത്രം ധരിക്കുന്നതോ അല്ല,  ആളും സന്ദര്‍ഭവും നോക്കി പെരുമാറുന്നതിലാണ് മാന്യതയും സംസകാരവും എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ചിലപ്പോള്‍ ചിലരുടെ  ഭാഷയും വേഷവും മോശമായിരിക്കാം ഏതു സന്ദര്‍ഭത്തില്‍ ആണെന്ന് കൂടി നോക്കുക, അതിനു ശേഷം മാത്രം വിലയിരുത്തിക.
           NB: തൂറുക എന്ന വാക്ക് ഒരിക്കലും ഉപയോഗിക്കരുത് പകരം അപ്പിയിടുക എന്ന് ഉപയോഗിക്കുക തിരുവനന്തപുരംകാരും തൃശ്ശൂര്‍ കാരും തമ്മിലാനെന്കില്‍ വളരെ നല്ലത്.

12 comments:

  1. ഹമ്മോ വിനോദ് ..എന്നാ അലക്കാ ഇത് ...ചിരിപ്പിച്ചു ..പിന്നെ ഒരു കാര്യം മുകളി പറഞ്ഞ ആ സാധനം എനിക്കും തീരെ ഇല്ല ...അത് കൊണ്ട് എനിക്കും കുറെ അമളികള്‍ പറ്റിയിട്ടുണ്ട് ..........!!!!!!

    ReplyDelete
  2. ഇവിടം കൊള്ളാമല്ലോ..
    സംസാരത്തില്‍ മാത്രം സംസ്കാരം കാണിക്കുന്നവരെ ശരിക്കും തൊലി ഉരിച്ചു..
    നന്നായി..

    ReplyDelete
  3. @faisu madeena
    @ mayflowers
    thanks for the comment

    ReplyDelete
  4. ഒരു സംസ്കാരമില്ലാത്ത ലേഖനം . അസ്സലായിരിക്കുന്നു.

    മനസ്സിനക്കരെ എന്ന സിനിമയില്‍ ഷീല ഈ സംസ്കാരമില്ലായ്മ പ്രകടിപ്പിക്കുന്നുണ്ട്.
    >>
    ജോണിക്കുട്ടീടൊപ്പം സിനിമയ്ക്ക് പോയാ മിണ്ടാതിരുന്ന് സിനിമ കാണണം , എനിക്കാണെന്കില്‍ സന്തോഷം വന്നാ കയ്യടിക്കണം , സങ്കടം വന്നാ കരയണം
    <<
    അങ്ങനെ പലതും. ഇക്കാരണം കൊണ്ട് തന്നെ അയാള്‍ അമ്മയെ തന്റെ ഒപ്പം സിനിമയ്ക് കൊണ്ടുപോവുന്നില്ല.

    ടൈറ്റാനിക്കിലും ഈ വിഷയത്തില്‍ പെട്ട ഒരു രംഗമുണ്ട് . പണക്കാരുടെ അഴകൊഴമ്പന്‍ നൃത്തം കണ്ട് വട്ടിളകിയ നായകന്‍ നായികയെ വിളിച്ച് ശരിക്കുള്ള(സംസ്കാരം കേറിവരാത്ത)മട്ടില്‍ ആടിത്തിമിര്‍ക്കുന്ന രംഗം .

    ഇടിച്ചുവീഴ്ത്തുന്നത് അഥവാ കടിച്ചുപിടിക്കുന്നത് എന്ന പേരില്‍ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു , മുമ്പ് . അതില്‍ പ്രകൃതിയെ നിയന്ത്രിക്കുന്ന ഒരു തറവാടിയാണ് സംസ്കാരം എന്ന് ഗൗരീനാഥന്‍ കമന്റിട്ടത് ഓര്‍ക്കുന്നു

    ReplyDelete
  5. ഒരു സംസ്കാരമില്ലാത്ത ലേഖനം . അസ്സലായിരിക്കുന്നു.

    മനസ്സിനക്കരെ എന്ന സിനിമയില്‍ ഷീല ഈ സംസ്കാരമില്ലായ്മ പ്രകടിപ്പിക്കുന്നുണ്ട്.
    >>
    ജോണിക്കുട്ടീടൊപ്പം സിനിമയ്ക്ക് പോയാ മിണ്ടാതിരുന്ന് സിനിമ കാണണം , എനിക്കാണെന്കില്‍ സന്തോഷം വന്നാ കയ്യടിക്കണം , സങ്കടം വന്നാ കരയണം
    <<
    അങ്ങനെ പലതും. ഇക്കാരണം കൊണ്ട് തന്നെ അയാള്‍ അമ്മയെ തന്റെ ഒപ്പം സിനിമയ്ക് കൊണ്ടുപോവുന്നില്ല.

    ടൈറ്റാനിക്കിലും ഈ വിഷയത്തില്‍ പെട്ട ഒരു രംഗമുണ്ട് . പണക്കാരുടെ അഴകൊഴമ്പന്‍ നൃത്തം കണ്ട് വട്ടിളകിയ നായകന്‍ നായികയെ വിളിച്ച് ശരിക്കുള്ള(സംസ്കാരം കേറിവരാത്ത)മട്ടില്‍ ആടിത്തിമിര്‍ക്കുന്ന രംഗം .

    ഇടിച്ചുവീഴ്ത്തുന്നത് അഥവാ കടിച്ചുപിടിക്കുന്നത് എന്ന പേരില്‍ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു , മുമ്പ് . അതില്‍ പ്രകൃതിയെ നിയന്ത്രിക്കുന്ന ഒരു തറവാടിയാണ് സംസ്കാരം എന്ന് ഗൗരീനാഥന്‍ കമന്റിട്ടത് ഓര്‍ക്കുന്നു

    ReplyDelete
  6. ഒരു സംസ്കാരമില്ലാത്ത ലേഖനം . അസ്സലായിരിക്കുന്നു.

    മനസ്സിനക്കരെ എന്ന സിനിമയില്‍ ഷീല ഈ സംസ്കാരമില്ലായ്മ പ്രകടിപ്പിക്കുന്നുണ്ട്.
    >>
    ജോണിക്കുട്ടീടൊപ്പം സിനിമയ്ക്ക് പോയാ മിണ്ടാതിരുന്ന് സിനിമ കാണണം , എനിക്കാണെന്കില്‍ സന്തോഷം വന്നാ കയ്യടിക്കണം , സങ്കടം വന്നാ കരയണം
    <<
    അങ്ങനെ പലതും. ഇക്കാരണം കൊണ്ട് തന്നെ അയാള്‍ അമ്മയെ തന്റെ ഒപ്പം സിനിമയ്ക് കൊണ്ടുപോവുന്നില്ല.

    ടൈറ്റാനിക്കിലും ഈ വിഷയത്തില്‍ പെട്ട ഒരു രംഗമുണ്ട് . പണക്കാരുടെ അഴകൊഴമ്പന്‍ നൃത്തം കണ്ട് വട്ടിളകിയ നായകന്‍ നായികയെ വിളിച്ച് ശരിക്കുള്ള(സംസ്കാരം കേറിവരാത്ത)മട്ടില്‍ ആടിത്തിമിര്‍ക്കുന്ന രംഗം .

    ഇടിച്ചുവീഴ്ത്തുന്നത് അഥവാ കടിച്ചുപിടിക്കുന്നത് എന്ന പേരില്‍ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു , മുമ്പ് . അതില്‍ പ്രകൃതിയെ നിയന്ത്രിക്കുന്ന ഒരു തറവാടിയാണ് സംസ്കാരം എന്ന് ഗൗരീനാഥന്‍ കമന്റിട്ടത് ഓര്‍ക്കുന്നു

    ReplyDelete
  7. സംസ്ക്കാരം മാന്യത എന്നൊക്കെപ്പറയുന്നത് ഒരു സെറ്റപ്പല്ലേ !!! സമൂഹത്തിന്റെ സാംബത്തിക ഉപരിതലത്തിലേക്ക് കയറണമെങ്കില്‍ അറിഞ്ഞിരിക്കേണ്ട കൃത്രിമമായ രഹസ്യഭാഷയാണിത്.
    പരിഹസിച്ചാല്‍ തകര്‍ന്നുവിഴുന്നതും.
    നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍ !!!

    ReplyDelete
  8. @arun
    chithrakaran:ചിത്രകാരന്‍

    thanks for the comment

    ReplyDelete
  9. വിദ്യാ ദരിദ്ര പാമര കൂതറ കുലജാതനും സംസ്ക്കാര ശൂന്യനും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തകനുമായ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു

    സംസ്കാര നായ നായകമാര്‍ക്ക് ഒരു കൊട്ട കൊള്ളാം

    ReplyDelete
  10. എനിക്ക് ഒരേ ഒരു സംസ്കാരമേ അറിയൂ..
    ശവസംസ്കാരം.

    (നന്നായി എഴുതി. ഭാര്യയോട് സംസ്കാരം പാടില്ല അല്ലേ? പാവങ്ങള്‍)

    ReplyDelete
  11. അല്ല വിനോദ് മോനേ, നമ്മുടെ ഷൂജുമോന്‍ ആരെയാണ് കൊല്ലാമെന്നു പറയുന്നത്?

    ReplyDelete

Related Posts with Thumbnails