പേജുകള്‍‌

Sunday, September 5, 2010

നായാട്ടു കഥകള്‍........ പാമ്പുവേട്ട ഭാഗം 1

                ഹൈറേഞ്ച് കുടിയേറ്റക്കാരുടെ ഇടയില്‍ സംഭവകഥകളായി പറഞ്ഞു പഴകിയ ഒരുപാട് കഥകളുണ്ട് അവ കേള്‍ക്കാനും പറയുവാനും രസകരങ്ങളും അത്ഭുതവും അതിശയോക്തിയും ഉണര്‍ത്തുന്നവയും ആണ് . ഈ കഥകളില്‍അതിശയകരങ്ങളായ മൃഗങ്ങളെയും പ്രേതങ്ങളെയും പിശാച്ചുക്കളെയും മനുഷ്യരെയും ദേവി - ദേവന്മാരെയും എല്ലാം കണ്ടുമുട്ടാം.  ഞാന്‍നിങ്ങളോട് പറയുന്ന ഈ കഥകള്‍എല്ലാം അനുഭവസ്തരും പഴയ നയാട്ടുകാരും മണ്‍മറിഞ്ഞു പോയ കാരണവന്മാരും അവര്‍നേരിട്ടനുഭവിച്ചതെന്ന പോലെ പറഞ്ഞു തന്നിട്ടുള്ളവയാണ്. ഇതിലെ സത്യാസത്യങ്ങളല്ല ഇവയുടെ വിശ്വാസയോഗ്യമായ അവതരണമാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. ഇതിലെ സ്ഥലങ്ങളും ആളുകളും എല്ലാം മാറ്റിയിട്ടുണ്ട് ചിലതില്‍ ഞാന്‍തന്നെ കഥാപാത്രമായി വരുന്നുണ്ട് സാദരം ക്ഷമിക്കുക

കരിങ്കോളി

             50-60  അടിയോളം നീളവും വലിയ കവുങ്ങിനെക്കാള്‍വണ്ണവും ഉള്ള കരിനീല നിറവും വിഷം ചീറ്റിത്തെറിപ്പിക്കാന്‍ശേഷിയുമുള്ള പാമ്പ്. ആണ്‍പാമ്പിനു തലയില്‍പൂവന്‍കോഴിയുടെ പോലെ പൂവും , ഹീറോ പേനയുടെ ആരോ ചിഹ്നം പോലൊരു അടയാളം കഴുത്തിലും ഉണ്ടായിരിക്കും. പെണ്ണിനെ കോളി എന്ന് വിളിക്കും. പൂവ് ഉണ്ടായിരിക്കില്ല. ആണ്‍പാമ്പിന്‍റെ അത്ര വലിപ്പവും ഇല്ല. ഇണയെ ആകര്‍ഷിക്കുന്നതിനു പരസ്പരം ശബ്ദം ഉണ്ടാക്കും ഇതിനു കൊക്കുക എന്നാണു പറയുന്നത്. അടഞ്ഞ കാടുകളിലാണ് താമസം. മൃഗങ്ങള്‍ആണ് ഭക്ഷണം. പഴയ നായാട്ടുകാരുടെ നാവുകളിലൂടെ ഇപ്പോഴും ജീവിക്കുന്നു. ഇടുക്കി, പെരിയാര്‍, നെല്ലിയാമ്പതി കാടുകളില്‍ഇപ്പോഴും ഉണ്ടെന്നു ചിലര്‍വിശ്വസിക്കുന്നു.

              എന്റെ പേര് മത്തായി. ഈരാറ്റുപേട്ടയില്‍നിന്നും ആദ്യ കാലത്ത് കുടിയേറിയതാണ്.    ആനയോടും മലംപാമ്പിനോടും രോഗങ്ങളോടും എല്ലാം പടവേട്ടിയാണ് ഇന്നത്തെ ഈ നിലയില്‍എത്തിയത്. പുതുതലമുറക്ക് ഇതുവല്ലോം അറിയണോ. നിങ്ങള്‍ക്കുവേണ്ടി എന്‍റെ ഒരു അനുഭവകഥ പറയാം
അറുപതുകളുടെ കാലം  എന്‍റെ ചോരത്തിളപ്പിന്റെ സമയം.  ഈ ഭാഗമൊക്കെ അന്ന് കൊടുംകാടാണ്. എനിക്കന്ന് എഴാരച്ചാണിന്റെ ഒരു തോക്ക് ഉണ്ട്. അതുമായി ഒന്ന് കറങ്ങി വന്നാല്‍ആവശ്യത്തിന് ഇറച്ചി, അത്രമാത്രം മൃഗങ്ങളുണ്ടായിരുന്നു അന്ന്.

              അന്ന് ഒരു വ്യാഴാഴ്ച.  ഒറ്റൊത്തു വര്‍ക്കി, ഇവിടെ തൊട്ടടുത്താണ് താമസിച്ചിരുന്നത്. അങ്ങേരും ഭാര്യ ത്രേസ്യാമ്മ ചേടത്തിയും മാത്രം. പിള്ളേരെല്ലാം നാട്ടില്‍തറവാട്ടിലാണ് താമസം. അങ്ങേരൊരു ലോകോത്തര പിശുക്കന്‍. ചേടത്തിയാണെങ്കില്‍നല്ല തറവാട്ടില്‍നിന്നും വല്ലതും തിന്നും കുടിച്ചും വളര്‍ന്നതും. അങ്ങേരുടെ ചെലവുനിയന്ത്രണം ഭയങ്കരമാണ്. പറമ്പില്‍നിന്നും കൊയ്തെടുക്കുന്ന നെല്ല് പത്തായത്തില്‍സൂക്ഷിച്ചിരിക്കും. അന്ന് കരക്ക്‌ആണ് നെല്ല് നടുന്നത്. ഇത് സൂക്ഷിക്കുന്നതിന് എല്ലാ വീട്ടിലും തന്നെ പത്തായം ഉണ്ട്. ഇങ്ങേരുടെ പത്തായത്തിനുമുണ്ട് പ്രത്യേകത നിലത്തുനിന്നും ആറടിയോളം പൊക്കത്തില്‍കാലുനാട്ടി അതിനു മുകളിലാണ് പത്തായം പണിതിരിക്കുന്നത്. ഈ പത്തായത്തിനടിയിലാണ് വീട്ടിലെ ആയുധങ്ങള്‍ സൂക്ഷിക്കുന്നത് വാക്കത്തി, തൂമ്പ,കോടാലി മുതലായവ. ഒരു പറ നെല്ല് പുള്ളി അളന്നു നല്‍കും ഒരു മാസത്തേക്ക് ആണിത്. നാഴി എണ്ണ, എണ്ണ കറിയെ കാണിക്കാനെ പാടൂ ചേര്‍ക്കരുത്. തേങ്ങ ഒന്ന് തേങ്ങകൊണ്ടേ കറിക്കരക്കാവൂ തേങ്ങ ചേര്‍ത്തരക്കരുത്. ഇങ്ങേരുടെ ഈ സ്വഭാവം കാരണമാണ് ചേടത്തി പിള്ളരെയെല്ലാം നാട്ടില്‍കൊണ്ടുനിര്‍ത്തിയെക്കുന്നെ. വര്‍ക്കിച്ചേട്ടന്‍എങ്ങോട്ടെങ്കിലും പോകുമ്പോഴാണ് ചേടത്തി എന്തെങ്കിലും വയ്ക്കുരുചിയായി ഉണ്ടാക്കിതിന്നുന്നത്.

            അന്ന് രാവിലെ വര്‍ക്കിച്ചേട്ടന്‍തുണിയൊക്കെ മാറി എന്തോ സാധനങ്ങളൊക്കെ വാങ്ങുന്നതിനായി മടത്തുംകടവിനു യാത്രയായി. പെരിയാര്‍കടന്നു വേണം പോകാന്‍പത്തുകിലോമീറ്റര്‍നടക്കണം എങ്ങനെയായാലും തിരിച്ചുവരുമ്പോള്‍സന്ധ്യയാകും.

               കിട്ടിയ അവസരം മുതലാക്കി ചേടത്തി അടുത്ത കടയിലേക്ക് വച്ചുപിടിപ്പിച്ചു. തൊട്ടി കുട്ടിക്കാണ് അന്ന് കച്ചവടം ഉള്ളത് കച്ചവടം എന്നാ ഒരു കൊച്ചു മാടക്കട അത്യാവിശ്യ സാധനങ്ങള്‍ഒക്കെ കിട്ടും, അതും അകലേന്നു തലച്ചുമട്ടെ കൊണ്ടുവരുന്നത്‌. ചേടത്തി അവിടുന്ന് അല്പം ഉണക്കമീനും, പപ്പടവും, എണ്ണയും, പരിപ്പും,പയറും,തേങ്ങയും എല്ലാം വാങ്ങി, കാശ് അവരുടെ അമ്മ വരുമ്പോള്‍ കൊടുക്കുന്നതാണ്.  ചേടത്തി നേരെ വീട്ടില്‍ ചെന്ന് പാചകം ആരംഭിച്ചു. ഏകദേശം വിഭവങ്ങളെല്ലാം തയ്യാറായി പപ്പടം പൊള്ളിക്കാന്‍ തുടങ്ങി.
        
                   ഈ നല്ലനെരത്താണ് നമ്മുടെ കഥാനായകന്‍ പെരിയാറ്റില്‍ വെള്ളം പോങ്ങിയതിനാല്‍ യാത്ര മാറ്റിവച്ചു ഏതാണ്ട് ചീട്ടുകളിസഭേലും ഒക്കെ നെരങ്ങിയേച്ചും തിരിച്ചു വരുന്നെ.  വീടിന്റെ അടുത്തെത്തെത്തിയപ്പോഴേ നല്ല മണം, അത് സ്വന്തം വീട്ടില്‍ നിന്നാണെന്ന് മനസ്സിലായതോടെ അങ്ങേരുടെ ചോര തിളക്കാന്‍ തുടങ്ങി. കലിപ്പോടെ നേരെ വീട്ടിലേക്കു  കയറിച്ചെന്നു. ഒറ്റ ചവിട്ടു ചട്ടി തെറിച്ചു മുറ്റത്ത്. ചോറും കറിയുമെല്ലാം പുറകെ.

"നീ എന്നെ മുടിപ്പിക്കാനാണോടി ---മോളെ "

പിന്നെ ചേടത്തി കുനിയുന്നു വര്‍ക്കിച്ചേട്ടന്റെ  കൈകളും കൈമുട്ടും ചേടത്തിയുടെ പുറത്തു കഥകളെഴുതുന്നു.  നാട്ടുകാര്‍ ഭരണിപ്പാട്ടുകള്‍ കേള്‍ക്കുന്നു.
        
            ഈ സമയം ഞാന്‍ ഒരു ചെറിയ മയക്കമൊക്കെ കഴിഞ്ഞ്‌.  മേട്ടേന്നു പ്രാവ് മുക്കുന്നത് കേട്ടിട്ട്, പയ്യെ കൊഴലും എടുത്തു ചെറിയ ഒരു നറയും നറച്ചു, അടുത്ത കറക്കത്തിനായി ഇറങ്ങി. വേറെ പണിയൊന്നും അന്നില്ലല്ലോ. ഞാന്‍ നടന്നു നടന്നു നമ്മുടെ വര്‍ക്കിച്ചേട്ടന്റെ വീടിന്റെ മുകളില്‍ എത്തുമ്പോള്‍ ത്രേസ്യാമ്മ ചെടത്തിയെ മുറ്റത്തുള്ള മുരിക്കേല്‍ വര്‍ക്കിച്ചേട്ടന്‍ പിടിച്ചു കെട്ടുകയാണ്

           "പൂ ---മോളെ നിന്നെ ഇന്ന് ഞാന്‍ കൊല്ലുമെടി-----" പിന്നെ കുറെ നല്ലവാക്കുകളും പിന്നാലെയുണ്ട്

അകമ്പടി ചേടത്തിയുടെ വകയായി          
         "നിങ്ങളെ കാലമൂര്ഖന്‍ കൊത്തും മെടാ"
          "തലേല്‍ ഇടിത്തീ വീഴും" മുതലായ അനുഗ്രഹവചനങ്ങളും.

ആകമൊത്തം സംഘര്‍ഷഭരിതം

നമ്മടെ സല്‍ബുദ്ധിക്ക് ഞാന്‍ വിളിച്ചു ചോദിച്ചു
"എന്തുവാ വര്‍ക്കിചെട്ടാ തന്റെ പെണ്ണുംപിള്ള  മുരിക്കെലയാണോ തിന്നുന്നെ "

"നീ പോടാ നാറീ ---- നീ നിക്കുവാനെ ഈ --മോളെ ഞാന്‍ കൊല്ലുന്നെ കാണാമെട--  ഞാന്‍ വാക്കത്തി എടുത്തോണ്ട് വരട്ടെ--"

"എന്റെ പോന്നു മത്തായി ഇതിയാനോടോന്നു പറയഡാ മോനെ എന്നെ അഴിച്ചുവിടാന്‍ --" ചേടത്തി കരച്ചിലാരംഭിച്ചു..

അപ്പൊ പുരക്കകത്തെക്ക് പത്താഴത്തിനടിയില്‍ നിന്നും വാക്കത്തിയെടുക്കാന്‍ പോയ വര്‍ക്കിച്ചേട്ടന്റെ കാറിച്ച കേട്ടു.

"എന്റെ അരിയത്രവെല്ലിച്ചാ......പൂ.. പാമ്പേ..... ഓടിവായോ..."

കാറിക്കൊണ്ട് തന്നെ അങ്ങേര് ഓടി വന്നു ചെടത്തിയുടെ കെട്ടഴിക്കാന്‍ തുടങ്ങി എന്നോടായി

"എടാ ഓടിവാടാ തോക്കുംകൊണ്ട് പാമ്പെടാ പാമ്പ് "

"അരീത്ര വെല്ലിച്ചന്‍ സത്യമൊള്ളവനാ കണ്ടോ പാമ്പിനെ വിട്ടേ നിങ്ങളെ ഇനീം പാമ്പ് കടിക്കുമെടാ" ചേടത്തി.

          ആഹാ കൊള്ളാല്ലോ ഇടപാട് എന്നുകരുതി ഞാന്‍ അവിടെ നിന്നു. ചേടത്തി ഒരു ചെറിയ വടിയും എടുത്തോണ്ട് പാമ്പിനെ കൊല്ലാന്‍ പുരക്കകത്തേക്ക് ഓടി ദാ വരുന്നു ചേടത്തി പോയെലും വേഗത്തില്‍ തിരിച്ച്

"ഓടി വാടാ മത്തായി മുട്ടന്‍ പാമ്പാടാ"

ചേടത്തി വിളിച്ചതുകൊണ്ട് വലിയ പാമ്പായിരിക്കും എന്നുകരുതി ഞാന്‍ ഇറങ്ങിച്ചെന്നു

"ഭയങ്ങരസാധനമാടാ തോക്ക് തന്നെ വേണം "അകത്തേക്ക് കയറാന്‍ തുടങ്ങിയ എന്നെ വിലക്കി കൊണ്ട് രണ്ടുപേരും ഒരുമിച്ചു പറഞ്ഞു, ഹോ എന്തൊരു യോജിപ്പ്

"ഏതായാലും ഞാനും ഒന്ന് കാണട്ടെ"

"പത്തായത്തിന്റെ അടിയില്‍ വലയിട്ടിരിക്കുവാ, ഞാന്‍ വാക്കത്തിയെടുക്കാന്‍ തപ്പിയപ്പോള്‍ പതുപതുപ്പു തോന്നി അപ്പൊ ശ്രദ്ധിച്ച് നോക്കിയപ്പോഴാ മനസ്സിലായെ" വര്‍ക്കിച്ചേട്ടന്‍

                  ഞാന്‍ പയ്യെ അകത്തേക്ക് കടന്നു പത്തായത്തിന്റെ അടുത്തെത്തി പെരുമ്പാമ്പ്‌ അല്ലെങ്കില്‍ മൂര്‍ഖന്‍ ഇതാണ് എന്റെ പ്രതീക്ഷ എന്നാല്‍ സാധനത്തിനെ കണ്ടപ്പോള്‍ എന്റെ എല്ലാ സപ്തനാഡികളും തളര്‍ന്നു പോയി കാലിന്റെ പെരുവിരലെന്നു ഒരു കേറ്റം കേറീട്ടു നെരുകും തലേ ചെന്നാ നിന്നെ.

            ഏതാണ്ട് ആറടിയോളം ഉയരമുള്ള പത്താഴക്കീഴെ ഒരു മുതല്‍ വളയിട്ടു നിറഞ്ഞിരിക്കുന്നു. താഴെന്നു വളയിട്ടു വളയിട്ടു കയറി വളക്കു മുകളിലായി തലയൊക്കെ എടുത്തു വച്ച് സുഖമായി ഉറങ്ങുന്നു. തലയില്‍ ഒരു വശത്തേക്ക് ചെരിഞ്ഞുകിടക്കുന്ന കോഴിയുടെ പോലുള്ള പൂവ്‌. ഒറ്റക്കാഴ്ചയില്‍ തന്നെ ചോര കട്ടയായി പ്പോകും. കേറിയതിലും വേഗത്തില്‍ ഞാന്‍ പുറത്തു വന്നു.

                  അപ്പോഴേക്കും ബഹളവും കാറിച്ചയും കേട്ടു ആളുകള്‍ എത്തിത്തുടങ്ങി.
ചാച്ചനും ആ കൂടെ ഉണ്ടായിരുന്നു. ചാച്ചന്‍ അകത്തുകയറി നോക്കിയിട്ട് വന്നു

          "കരിങ്കോളി ആണ് സാധനം ഒരു വെടിക്കാരന്‍ പോര" ചാച്ചന്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തുടങ്ങി എന്റെയല്ലേ അപ്പന്‍ മോശം വരില്ലല്ലോ!!

          തൊട്ടടുത്തുള്ള കാവുങ്കല്‍ക്കാരുടെ അടുത്തേക്ക്‌ ആളുപോയി, അപ്പോഴേക്കും ശിവന്‍കുട്ടി തോക്കുമായി എത്തി. കുറെപ്പേര് വടിവെട്ടാന്‍ മാറി. കുറേപ്പേര് ശബ്ദമുണ്ടാക്കാതെ പത്തായത്തിന്റെ എതിര്‍ വശത്തുള്ള മറ പയ്യെ പൊളിക്കാന്‍ തുടങ്ങി. ഇന്നാരുന്നേല്‍ പത്രക്കാരും റ്റിവി ക്കാരും ഒക്കെ കണ്ടേനെ.

              ഞാന്‍ പയ്യെ തോക്കിലെ നറ അഴിച്ചു ഓരോ ഒന്‍പതു വിരലിനു നറക്കാന്‍ തുടങ്ങി. അര മണിക്കൂറിനകം സന്നാഹങ്ങലെല്ലാം ശരിയായി. അഞ്ച് തോക്കുകാര് ഞാന്,ശിവന്‍കുട്ടി, കാവുങ്കല്‍ തോമ, ഈട്ടിക്കല്‍വറീത് തന്റെ വൈക്കോല്‍ തുരുവില്‍ ഉന്നം നോക്കുന്നതോക്കുമായി, സുഗുണന്‍പിന്നെ പത്തുപന്ത്രണ്ട് പേര് വടിയുമായി.
ഞാനാണ് ആദ്യത്തെ വെടി വയ്ക്കേണ്ടത് രണ്ടാമത് ശിവന്കുട്ടിയും,  ഞാന്‍കഴുത്തിനു വേണം പൊട്ടിക്കാന്‍കാരണം ഇത് കൊക്കരുത്, കൊക്കിയാല്‍ഇതിന്റെ ഇണ അടുത്തെവിടെയെലും ഉണ്ടെങ്കില്‍പാഞ്ഞെത്തും. ഇതൊന്നുമറിയാതെ പാമ്പ് നല്ല ഉറക്കമാണ്. തലേ ദിവസം നല്ല വല്ലോ ഇരയേയും കിട്ടിക്കാണും അതിന്റെ ആലസ്യമായിരിക്കും.

           പൊളിച്ചമറയുടെ ഭാഗത്തായി ഞങ്ങള്‍നിലയുറപ്പിച്ചു.

            ഞാനും ശിവന്കുട്ടിയും തോക്ക് ഉയര്‍ത്തി മുഖത്ത്പൂട്ടി ഉന്നം നോക്കി.........

(തുടരും.....)

0 comments:

Post a Comment

Related Posts with Thumbnails