ഇന്ന് ഞാന്‍ പറയുന്ന കഥയിലെ സംഭവങ്ങളും സ്ഥലങ്ങളും എല്ലാം യഥാര്‍ത്ഥം ആണ്. ഞാന്‍ നേരിട്ട് അനുഭവിച്ചതും സുഹൃത്തുക്കള്‍ പറഞ്ഞു തന്നവയും എല്ലാം ഈ കൂട്ടത്തിലുണ്ട്. വിശ്വസിക്കാന്‍ പാടുള്ളവര്‍ ക്ഷമിക്കുക. നമ്മള്‍ മനുഷ്യര്‍ക്ക് അഞ്ചു ഇന്ദ്രിയങ്ങള്‍ മാത്രമേയുള്ളൂ. അതുപയോഗിച്ച് അറിയുന്നവ മാത്രമേ ഈ പ്രപഞ്ചത്തില്‍ ഉള്ളൂ എന്ന് വിശ്വസിക്കുന്നവരും നിരീശ്വരവാദികളും ഇത് വായിക്കുമ്പോള്‍ ആ ഇന്ദ്രിയങ്ങള്‍ shut down ചെയ്തേക്കുക.
നമ്മളുടെ പഞ്ചേന്ദ്രിയങ്ങലല്ലാതെ ഏതെന്കിലും ഒരു ഇന്ദ്രിയ ശക്തി നമ്മുക്ക് ജീവിതത്തില്‍ എപ്പോഴെന്കിലും, ഞൊടിനെരത്തേക്കെന്കിലും വികസിച്ചുകിട്ടാറുണ്ട്. ചില അപരിചിത സ്ഥലങ്ങള്‍ കാണുമ്പോള്‍ ഇതിനുമുന്‍പ് ഇവിടെ വന്നിട്ടുള്ളതായ ഒരു ഫീലിംഗ് തോന്നിയിട്ടില്ലേ, ചില സമയങ്ങളില്‍ നമ്മോടൊപ്പം ആരോ നടക്കുന്നതായും നമ്മെ ആരോ പിന്തുടരുന്നതായും, ആരോ ശ്രധിക്കുന്നതായും ഒക്കെ തോന്നിയിട്ടില്ലേ,
ചിലപ്പോള്‍ പ്രിയപ്പെട്ടവരില്‍ നിന്നും അകന്നിരിക്കുമ്പോള്‍ അവര്‍ നമ്മുടെ അരികിലുള്ളതായും, ചെറിയമയക്കത്തില്‍ അവരെ കാണുകയും ആ കണ്ടത് എന്തായിരുന്നോ അത് യാഥാര്‍ത്ഥ്യം ആയിരുന്നു എന്നും പിന്നീട് അറിയുകയും ചെയ്യാറില്ലേ. നമ്മളില്‍ നിന്നും അകന്നിരിക്കുന്ന പ്രിയപ്പെട്ടവരെ ഫോണ്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ അവര്‍ ഇങ്ങോട്ട് വിളിച്ചിട്ടില്ലേ. അല്ലെങ്കില്‍ ഞാന്‍ വിളിക്കാന്‍ തുടങ്ങുകയായിരുന്നു എന്ന് അവര്‍ പറഞ്ഞിട്ടില്ലേ, ഇതെല്ലാം എങ്ങനെ സംഭവിക്കുന്നു. ആ.. പ്രപഞ്ചത്തിന്റെ നാഥന് അറിയാമായിരിക്കും
ഭൂമിയില്‍ ചില സമയവും സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും എല്ലാം ഒത്തു വരുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും സംഭവിക്കാറുണ്ട്. ഈ സമയം നമ്മളും ആ സ്ഥലത്തുന്ടെന്കില്‍ നമ്മള്‍ക്കും ഇതിനു സക്ഷിയാകാം. ഇതിനെ പ്രേതമെന്നോ, പിശാചെന്നോ, അതിശയമെന്നോ, അത്ഭുതമെന്നോ, അവിശ്വസനീയം എന്നോ എന്ത് വേണമെങ്കിലും നമ്മള്‍ക്ക് വിളിക്കാം.
ഈ അടുത്തയിടെ ഏകദേശം ഒരു മാസത്തോളം ആയിക്കാണും, ഞാന്‍ ചെറുതോണിയില്‍ നിന്നും ഏറണാകുളത്തിനു പോകുവാന്‍ നില്‍ക്കുകയാണ്. ഒരാഴ്ചയായി നല്ല മഴയാണ് , അതുകാരണം നേരിയമംഗലം റൂട്ടില്‍ മണ്ണിടിഞ്ഞു വീണു വഴി ബ്ലോക്കാണ്. തൊടുപുഴ വഴിയെ ബസ്സ് ഓടുന്നുള്ളൂ. ഇതറിയാതെ ലാസ്റ്റ് ബസിനു പോകാനാണ് ഞാന്‍ വന്നത്. എനിക്കാണെങ്കില്‍ അത്യാവിശ്യമായിട്ട് പോകുകയും വേണം. എന്ത് ചെയ്യണമെന്നറിയാതെ ഇങ്ങനെ നില്‍ക്കുകയാണ്. ഏതെന്കിലും വണ്ടി വരും ലോറിയോ, ജീപ്പോ, കാറോ എന്തെങ്കിലും, പ്രതീക്ഷയാണല്ലോ മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. സമയം പത്തുമണി.
ഈ സമയം ദൈവം കൊണ്ടുവന്നതുപോലെ എന്റെ സുഹൃത്തു സുബൈറിന്റെ ലോറി കൊണ്ടുവന്നു ഞാന്‍ നില്‍ക്കുന്ന തട്ട് കടയുടെ മുന്‍പില്‍ നിര്‍ത്തുന്നു. അവന്‍ തടി ലോഡുമായി പെരുമ്പാവൂരിന് പോകുകയാണ്. കൂടെ തടിയുടെ ഉടമസ്ഥനും അതോ എന്റെ അയല്‍വാസിയും, ഞാനും അവരോടൊപ്പം കയറി.
കാട്ടിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു, മീന്മുട്ടി ഇറക്കം ഇറങ്ങാന്‍ തുടങ്ങി, അപ്പോഴാണ് ഞാന്‍ ആകാഴ്ച കാണുന്നത്. റോഡില്‍ നിന്നും ഏകദേശം നൂറു മീറ്ററോളം അകലയായി ഒരു മരത്തിന്റെ കവരയില്‍ ഏതാണ്ട് ഒരു ഫുഡ്‌ബോളിന്റെ വലിപ്പത്തില്‍ നീല നിരത്തില്‍ എന്തോ ജ്വലിച്ചു നില്‍ക്കുന്നു. പയ്യെ പയ്യെ അത് ആളുന്നുമുണ്ട്. ഞാന്‍ കൂടെയുള്ളവരെ അത് കാണിച്ചു കൊടുത്തു. അവരും അത് കണ്ടു.
ഞാന്‍ സുബൈരിനോട് വണ്ടി നിര്‍ത്താന്‍ പറഞ്ഞു, എന്താണെന്ന് അറിയാമല്ലോ. പക്ഷെ അവന്‍ സമ്മതിച്ചില്ല. ഇങ്ങനെ പല കാഴ്ചകളും രാത്രി വണ്ടി ഓടിക്കുമ്പോള്‍ കാണാറുള്ളതാണെന്നായിരുന്നു അവന്റെ മറുപടി. ഞങ്ങളുടെ കാഴ്ച മറയുന്നെടം വരെ അതവിടെ തെളിഞ്ഞു നില്പുണ്ടായിരുന്നു അപ്പോള്‍ സമയം പതിനൊന്നോടടുത്തിരുന്നു.
അതെന്താണെന്ന് എനിക്കിപ്പോഴും പിടികിട്ടിയിട്ടില്ല .
ആ ഭാഗത്തെങ്ങും ഏറുമാടമോ ഒന്നും ഇല്ല പോരാത്തതിന് റോഡരികും എ ആര്‍ ക്യാമ്പിന്റെ അടുത്തുമായതിനാല്‍ നായാട്ടുകാരും ആയിരിക്കില്ല.
"ഇതിനെക്കാളും വിചിത്രവും പേടിപ്പിക്കുന്നതുമായ ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ടെടാ ഈ വഴിയില്‍" എന്റെ ചിന്തയെ മുറിച്ചു കൊണ്ട് സുബൈറിന്റെ ശബ്ദം മുഴങ്ങി.
പിന്നെ അവന്റെ കഥ കേള്‍ക്കാനായി ഞങ്ങളുടെ ശ്രദ്ധ, അവന്‍ പറഞ്ഞു തുടങ്ങി.
'
ഒരു രണ്ടു വര്‍ഷം മുന്‍പ് ഒരു വേനല്‍ കാലം,
രാത്രി തടിയുമായി കൊല്ലത്തിനു പോകുന്നു. നറ ലോഡ് ഒരു 22 ടണ്‍ എങ്കിലും വരും, വണ്ടിയാണെങ്കില്‍ വളരെ വിഷമിച്ചാണ് വലിക്കുന്നത്. മുത്തിയുരുണ്ട അടുക്കാറായപ്പോഴേക്കും എന്‍ജിന്‍ ശരിക്കും ചൂടായി. ലോറിയില്‍ ഞാനും കിളിയും മാത്രം. അവനാനെന്കില്‍ പണിപടിക്കാന്‍ തുടങ്ങിയതേയുള്ളൂ, കഷ്ടി പതിനാറു വയസ്സും കാണും. അതുകൊണ്ട് പയ്യെ ഒന്ന് വിശ്രമിച്ചിട്ട് പോകാമെന്ന് തീരുമാനിച്ചു. അത്യാവിശ്യം കാറ്റ് കിട്ടുന്ന ഇടമായതുകൊണ്ട്, മുത്തിയുരുണ്ടക്ക് അപ്പുറത്തുള്ള രണ്ടു വശവും തുറന്നു കിടക്കുന്ന ഭാഗത്തായി വണ്ടി ഒതുക്കി നിര്‍ത്തി.
ഞാന്‍ സീറ്റിലേക്ക് നീണ്ടുനിവര്‍ന്നു കിടന്നു. കിളി പുറത്തിറങ്ങി ബോനെറ്റും പോക്കിവച്ചിട്ടു ലോറിയുടെ അടിയില്‍ പുറകുവശത്ത് തോര്‍ത്തും വിരിച്ചു കിടന്നു. ഞാന്‍ കിടക്കുമ്പോള്‍ സമയം ഒരു മണി ആയിട്ടുണ്ടാവും.
ഒരു മയക്കം കഴിഞ്ഞു. ആരോ പിടിച്ചു കുലുക്കുന്ന പോലെ തോന്നി കണ്ണുതുറക്കുമ്പോള്‍, പയ്യന്റെ പെടിച്ചരണ്ടനിലവിളിയാണ് കേള്‍ക്കുന്നത്. ലോറി ആരോ പിടിച്ചു കുലുക്കുന്നതുപോലെ കുലുങ്ങുന്നുണ്ട്. ഭൂമി കുലുങ്ങുന്നതാണ് അല്ലെങ്കില്‍ മുല്ലപ്പെരിയാര്‍ പൊട്ടിവരുന്നതാണ് എന്നാണ് എനിക്കാദ്യം തോന്നിയത്.
"അണ്ണാ പിശാച്... പിശാച്... " എന്ന് നിലവിളിച്ചുകൊണ്ട് കിളി ഓടി മുന്‍പിലേക്ക് വന്നു
എന്നാ പിന്നെ കണ്ടിട്ടുതന്നെ എന്ന് തീരുമാനിച്ചു ഞാന്‍ സീറ്റിനടിയില്‍ നിന്നും ജാക്കി ലിവറും എടുത്തോണ്ട് ക്യാബിനില്‍ നിന്നും പുറത്തേക്ക് ചാടി. അവന്റെ അടുത്തേക്ക് ചെന്നു
"എവിടെഡാ ചാത്തന്‍ "
"അറിയില്ലണ്ണാ വണ്ടി മാത്രം നിന്ന് കുലുങ്ങുന്ന കണ്ടോ ?"
ഞാനപ്പോഴാണ് ശ്രദ്ധിക്കുന്നത് പ്രകൃതി മൊത്തം നിശബ്ദമാണ് ചീവീട് പോലും കരയുന്നില്ല. എപ്പോഴും കാറ്റുള്ള അവിടെ ഒരു ഇലപോലും അനങ്ങുന്നില്ല. വണ്ടി ആരോ നിന്ന് പിടിച്ചുകുലുക്കുന്നതുപോലെ കുലുങ്ങുന്നുണ്ട് എന്നാല്‍ യാതൊരു ശബ്ദവും കേള്‍ക്കുന്നില്ല. എന്റെ ധൈര്യമൊക്കെ പോയ വഴി കണ്ടില്ല അറിയാതെ വിളിച്ചുപോയി
"അള്ളാ.... എന്താ ഇത്"
പയ്യനാനെ പേടിച്ചിട്ടു കണ്ണും ഇറുക്കിയടച്ച് എന്നെ പൂണ്ടടക്കം പിടിച്ചിരിക്കുകയാണ്. എനിക്കെന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയുമില്ല. ചെറുക്കന്‍ ഒരു കൈകൊണ്ട് കഴുത്തില്‍ കിടക്കുന്ന കൊന്തയില്‍ പിടിച്ചു എന്തെല്ലാമോ പ്രാര്‍ഥിക്കുന്നുണ്ട്. ഞാന്‍ ഒരു കൈയ്യില്‍ ജാക്കിലിവറും മുറുക്കിപിടിച്ചു മറ്റേ കൈകൊണ്ടു അവന്റെ കൊന്തയെലും പിടിച്ച് എനിക്കറിയാവുന്ന പ്രാര്‍ത്ഥനയും ചൊല്ലി. പേടിക്കുമ്പോള്‍ അള്ളായും യേശുവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് അന്നെനിക്ക് മനസ്സിലായി. ഏതാണ്ട് അരമണിക്കൂറോളം ഞങ്ങളാ നില്‍പ്പ് നിന്നെന്നാണ് തോന്നുന്നേ പക്ഷേ എനിക്കൊരു നൂറ്റാണ്ട് പോലാണ് തോന്നിയത്. ഒരു വണ്ടി പോലും ആ സമയത്ത് അതിലെ വന്നില്ല.
കുറെ കഴിഞ്ഞപ്പോള്‍ കുലുക്കവും എല്ലാം നിന്നു. കാറ്റുവീശാന്‍ തുടങ്ങി. എല്ലാം സാധാരണ പോലെ കുറച്ചുനേരം കൂടെ ആ നില്‍പ്പ് നിന്ന ശേഷം ഞങ്ങള്‍ പയ്യെ ലോറിയില്‍ കയറി. ലോറി സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങുംപോളാണ് ബോണറ്റ് താഴ്തിയിട്ടില്ല എന്നോര്‍ക്കുന്നത്. അതിനേക്കാള്‍ അത്ഭുതം ക്യാബിനില്‍ ഉണ്ടായിരുന്ന യാതൊന്നിനും സ്ഥാനചലനമോ ഒന്നും ഉണ്ടായിട്ടില്ല ഈ കുലുക്കെല്ലാം കുലുങ്ങിയിട്ടും. ഒറ്റെക്ക് പുറത്തിറങ്ങാന്‍ ഭയമായതിനാല്‍ ഞങ്ങള്‍ ഒരുമിച്ചു പുറത്തിറങ്ങി ബോണറ്റ് അടച്ചു. തിരിച്ചു കയറി സമയം നോക്കുമ്പോള്‍ ഒന്നു പതിനഞ്ചു. പത്തോ പതിനഞ്ചോ മിനിട്ടിനുള്ളില്‍ നടന്നതാണിതെന്നു എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. പിന്നെ ഒന്നും ആലോചിച്ചില്ല നേരെ വണ്ടിയെടുത്തു വിട്ടു.
ഈ സംഭവത്തിനുശേഷം ഞാന്‍ ഇത്തരത്തില്‍ എന്തുകണ്ടാലും വണ്ടി നിറുത്തില്ല. ഇത് ഞാന്‍ മറ്റു കൂട്ടുകാരെടെല്ലാം പറഞ്ഞപ്പോള്‍ അവരില്‍ ചിലര്‍ക്കെല്ലാം സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞു. ആളുകള്‍ കളിയാക്കുമെന്നു പേടിച്ചിട്ടാണ് ആരും പുറത്തുപറയാത്തത്.'
സുബൈര്‍ പറഞ്ഞു നിര്‍ത്തി ഇപ്പൊ വണ്ടി ഏകദേശം മുത്തിയുരുണ്ടയോട് അടുക്കാറായി ഈ പറഞ്ഞ സ്ഥലത്തോട് അടുക്കും തോറും എന്റെ ശരീരത്തിലൂടെ ഞാന്‍ പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചിട്ടും കഴിയാത്ത ഒരു വിറയല്‍ കടന്നുവരുന്നുണ്ടായിരുന്നു .
ഇന്നും അവിടെ വച്ച് എന്തെന്കിലും സംഭവിക്കുമോ, വാച്ചില്‍ നോക്കിയ ഞാന്‍ ശരിക്കും ഞെട്ടി സമയം ഒരുമണി ആകാന്‍ നാല് മിനിട്ട് കൂടി മാത്രം !!!!!
(തുടരും............)
ഇതൊക്കെ സത്യം തന്നെയാണോ ? ഇങ്ങനെയൊക്കെ ലോകത്ത് നടക്കുന്നതാണോ ?
ReplyDeleteവിനോദേ,വെറുതെപേടിപ്പിക്കല്ലെ!! മുത്തിയുരുണ്ടയാര്‍,പാറമട,കുടയുരുട്ടി,ചെറുതോണി വഴി സ്ഥിരം പോകാറുള്ളതാണു.ഇനി റൂട്ട് മാറ്റിപ്പിടിക്കണോ?ഹ ഹ
ReplyDeleteപണ്ടു കാലത്ത് ശ്മശാനങ്ങളിലൊക്കെ ഇതു പോലെ നീല വെളിച്ചം കണ്ട് ആള്‍ക്കാര്‍ ഭയപ്പെട്ടിരുന്നതായി വായിച്ചിട്ടുണ്ട്.പിന്നീടാണു ജീര്‍ണ്ണിച്ച ശവശരീരങ്ങളില്‍ ബാക്റ്റീരിയകളുടെയൊക്കെ പ്രവര്‍ത്തന ഫലമായി ഉണ്ടാവുന്ന ഫോസ്ഫറസ് ആണു ഇതിനു കാരണമെന്ന് കണ്ടെത്തിയത്..
ReplyDeleteഅതു പോലെ കേടു വന്ന മരത്തിലെ എന്തെങ്കിലും ബാക്റ്റീരിയല്‍ അല്ലെങ്കില്‍ ഫംഗസുകളുടെയോ പ്രവര്‍ത്തന ഫലമാവാം ഇത്..
ഇവിടെയും ഒന്നു വായിച്ചു നോക്കൂ..
ചിലപ്പോള്‍ കുലുക്കത്തിനും ഒരു പക്ഷേ ഇങ്ങനെ എന്തെങ്കിലും ശാസ്ത്രീയ വിശദീകരണം ഉണ്ടാവാം..
@ Rare Rose
ReplyDeletethanks for the link and comment
ഇത് അങ്ങനെ തന്നെയായിരിക്കും എന്നാണു എന്റെയും വിശ്വാസം ആ സമയത്ത് അവിടെ പോയി നോക്കാനുള്ള ധൈര്യം കിട്ടണ്ടേ ? പിന്നെ മറ്റുള്ളവരില്‍ നിന്നും കേള്‍ക്കുന്ന കഥകളില്‍ കുറെയെല്ലാം പെരുപ്പിച്ചും പറയുന്നതായിരിക്കാം. ഞാന്‍ പ്രതീക്ഷിക്കുന്നത് ഇതില്‍ ഒരു പകുതി ശരിയായിരിക്കാം എന്നാണു. എങ്കിലും ഇവ ആകാംക്ഷ ജനിപ്പിക്കും ഉറപ്പ്
@ krishnakumar513
ReplyDeleteറൂട്ട് മാറ്റിപ്പിടിച്ചിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല എല്ലാ വഴികളിലും ഇതുപോലോരോ കഥകള്‍ ഒളിഞ്ഞിരിപ്പുണ്ട് ഹി.. ഹി....ഹി...
@ Smeera
ReplyDeleteThanks for the comment
ലോകത്ത് നമ്മളറിയാതെ എന്തെല്ലാം സംഭവിക്കുന്നു
വായിയ്ക്കുന്നുണ്ട്
ReplyDeleteതാങ്കള്‍ ലോറിയോടിച്ചു കാഴ്ചകള്‍ കണ്ടപ്പോള്‍ ഇതിലും കുറെ പണ്ട്, അതായത് 91 - 98 കാലഘട്ടത്തില്‍ ഞാന്‍ കണ്ണൂരും കാസറഗോടും ജോലി ചെയ്യുമ്പോള്‍ മിക്കവാറും ഒന്നിടവിട്ട വെള്ളിയാഴ്ചകളില്‍ അംബാസഡര്‍ കാര്‍ ഓടിച്ച് ഒറ്റക്ക് സ്ഥിരം എറണാകുളം വന്ന് തിങ്കളാഴ്ച തിരിച്ചു പോകുമായിരുന്നു.കണ്ണൂരുനിന്നും രാത്രി 9 മണിക്ക് മലബാര്‍ എക്സ്പ്രസ് വിട്ടു കഴിഞ്ഞാല്‍ ഞാനും പുറപ്പെടും,ഒറ്റക്ക്. കണ്ണൂരിനും കോഴികോടിനും ഇറ്റയില്‍ 9 റെയിവെ ക്രൊസ്സ് ഉണ്ട്,മലബാര്‍ പോയിക്കഴിന്‍ജ്ജാല്പിന്നെ വളരെ നേരത്തേക്ക് വണ്ടിയില്ലാത്തതിനാല്‍ ഗേറ്റ് അട കിട്ടാതെ പോകാം. അപ്പൊ വിട്ടാല്‍ വേളുപ്പിന് 3 മനിയാകും എറണാകുളത്ത് വീട്ടിലെത്താന്‍. വഴിയില്‍ ഇന്നത്തെപോലെ വണ്ടികളുമില്ല. ഒരു പ്രേതകഥക്കു പറ്റിയ അന്തരീക്ഷം. എന്നാല്‍ ഒരു പ്രേതത്തെപോലും എത്ര ആഗ്രഹിച്ചിട്ടും കാണാന്‍ പറ്റിയില്ല. സുബൈറേ ആ സ്ഥലമൊന്ന് ക്രിത്യമായി പറഞ്ഞു തരണെ ! എന്റെ ജന്മാഭിലാഷമാണ് ഒരു പ്രേതത്തെ കാണുക എന്നത്, പ്ലീസ്.
ReplyDelete@ ഉണ്ണി
ReplyDeletethanks for the comment
താന്കള്‍ പറഞ്ഞത് ശരിയാണ് ഇതിനെ കാണണം എന്ന് വിചാരിച്ചു നടക്കുമ്പോള്‍ കാണാന്‍ സാധിക്കാറില്ല. പിന്നെ ഈ കഥകളെല്ലാം വിശകലനം ചെയ്‌താല്‍ എല്ലാം രാത്രിയിലും നിലാവുള്ള സമയത്തുമാണ് നടന്നിരിക്കുന്നത്. നിലാവില്‍ കാഴ്ചകള്‍ വളരെ ലോലവും, ഊഹങ്ങള്‍ നിരഞ്ഞതുമായിരിക്കും. അതുപോലെ രാത്രിയില്‍ കറുപ്പിലും വെളുപ്പിലുമായുള്ള കാഴ്ചകളും തെട്ടിധരിക്കപ്പെടുന്നതാണ്. ശരിക്കും ചിന്തിച്ചാല്‍ ഇതിന്റെ എല്ലാം ശാസ്ത്രീയമായ വിശകലനവും നമ്മുക്ക് ലഭിക്കും
വിനോദ് മാഷ് പറഞ്ഞതു പോലെ ശരിയ്ക്ക് അന്വേഷിച്ചാല്‍ ഇത്തരം കഥകളുടെ വിശ്വസനീയമായ വിശദീകരണം നമുക്ക് ലഭിയ്ക്കും. എന്റെ അനുഭവത്തിലുള്ള ഒന്നു രണ്ട് 'പ്രേതാനുഭവങ്ങള്‍' ഞാനും എഴുതിയിട്ടുണ്ട്...
ReplyDelete