പേജുകള്‍‌

Wednesday, August 11, 2010

പാല്‍ക്കുളം മേട് -കാനന സുന്ദരി


അപ്പൊ നമ്മുക്ക് പാല്‍ക്കുളം മേടിനു പോകാമല്ലേ !!! പിന്നെ ഒരു കാര്യം ആദ്യമേ പറഞ്ഞേക്കാം ഞാനാണു നേതാവ്  കാടാണ് മലയാണ്   പറയുന്നതൊക്കെ കേട്ട്  മര്യാദക്കാരായി എല്ലാം കണ്ടും കേട്ടും അനുഭവിച്ചും പോരണം  ഓക്കേ !!!!! ചുമ്മാ പറഞ്ഞതാണെ

 യാത്രക്കുമുന്‍പായി നെറ്റിലൊന്ന് സെര്ച്ചിനോക്കിക്കോ paalkkulam medu 
KTDC വക
Palkulamedu
(12 km from Idukki) Kochi, Alappuzha and other nearby towns can be seen from this peak which is located 3125 m above sea level. Was this information useful? yes  no
ഈ പോസ്റ്റ്‌ വായിച്ചുകഴിയുമ്പോള്‍ KTDC യെ ഒന്ന് സഹായിചെക്കണേ നമ്മളല്ലാതെ ആരാ അവര്‍ക്കുള്ളത് പാവമല്ലേ നമ്മടെ KTDC അല്ലെ

പിന്നേം ഭേദം  വിക്കി തന്നെ
 This is the one of the most highest peak in idukki.It is becoming a tourist place.
For more details:The Palkulam Medu can be reached by either from Churuly or from Asoka Kavala. പറഞ്ഞത്രോം കാര്യമാ
useful one      http://www.peermade.info/travel/palkulamedu
മുന്‍വാക്ക് 
    മലമുകളില്‍ നിന്നും വര്‍ഷകാലത്ത് പതഞ്ഞൊഴുകി പാല്‍ നിറത്തില്‍ താഴ്വാരത്തുള്ള കൊക്കരക്കുളം കയത്തിലേക്ക് പതിക്കുന്ന അരുവിയില്‍ നിന്നുമാണ് പാല്‍ക്കുളം എന്ന പേര് ഈ മലക്ക് കിട്ടിയത് . വര്‍ഷകാലത്ത് നിറഞ്ഞൊഴുകി താഴ്വാരത്തെക്ക് പതിക്കുന്ന ഈ അരുവി വേനല്‍ക്കാലത്ത് വറ്റിവരണ്ടു കിടക്കും . അതിനാല്‍ ഈ മനോഹര ദൃശം കാണണമെങ്കില്‍ മഴക്കലത്തുതന്നെയിവിടെ എത്തണം
പാല്‍ക്കുളം മേട്ടിലേക്ക് എത്തിച്ചേരാന്‍ 
പ്രധാനമായും മൂന്നു വഴികലാനുള്ളത് ഇടുക്കി ഏറണാകുളം പാതയില്‍ നിന്നും തിരിഞ്ഞു പോകുന്നവയാനിതെല്ലാം
ഒന്ന് ചുരുളിയില്‍ നിന്നും ആല്പ്പാര വഴി പാല്ക്കുലത്തിന്റെ വടക്കായി എത്തിച്ചേരുന്ന ജീപ്പ് റോഡു.
രണ്ടു അശോക കവലയില്‍ നിന്നും മുളകുവള്ളിവരയുള്ള ജീപ്പ് റോഡും അവിടെ നിന്നുമുള്ള നടപ്പാതയും
അടുത്തത് തടിയന്പാട് നിന്നും മണിയാരന്‍കുടി വഴി പല്ക്കുളം ത്തിന്റെ തെക്ക് എത്തിച്ചേരുന്ന ജീപ്പ് റോഡും 
 സന്ദര്‍ശനത്തിനു പറ്റിയ സമയം
നവംബര്‍ മുതല്‍ മേയ് പകുതി വരെ
അതി രാവിലെ എത്തിചെരുകയാണെങ്കില്‍ വന്യമൃഗങ്ങളെ കാണുവാന്‍ സാധിക്കും (With high risk and no protection )
സന്നാഹം 
    നമ്മള്‍ യാത്രക്ക് തിരഞ്ഞെടുക്കുന്നത് മൂന്നാമത്തെ വഴിയാണ് . ഈ പാതയകുംപോള്‍ കാടിനുള്ളിലൂടെ ഒരു ട്രാക്കിങ്ങും ആകും പല പുതിയ കാഴ്ചകളും കാണുവാനും സാധിക്കും. പോരാത്തതിന് ഒരു സാഹസിക യാത്രകൂടിയാണ്.   ഇതുവഴി കാല്നടയായിട്ടാണ് പോവേണ്ടത്. മണിയരന്കുടി വരെ വാഹനത്തിലും അതിനുശേഷം സ്വന്തം കാലിലും.
സാഹസികത ഇഷ്ടപ്പെടുന്നവര്‍ മാത്രം യാത്രക്ക് പോരാവൂ .കാരണം 4 കി. മി. ഇടുക്കി റിസര്‍വ് വനത്തിനുള്ളിലൂടെയാണ് പോകേണ്ടത് . കാട്ടാന, കരടി, പുലി, കാട്ടുപോത്ത് , ചെന്നായ, കാട്ടുനായ, കാട്ടുപന്നി , കുറുക്കന്‍ , മ്ലാവ് , മാന്‍ , കേഴ മുതലായ ജന്തുക്കളും പെരുമ്പാമ്പ്‌ , മൂര്‍ഖന്‍ , അണലി , രാജവെമ്പാല  മുതലായ ഇഴജന്തുക്കളും കരിന്തേള്‍ , പഴുതാര മുതലായവയും ഇവരുടെയെല്ലാം ഫാമിലി മെമബെര്സും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ചിലപ്പോള്‍ നമ്മളോട് വിശേഷം തിരക്കാന്‍ വന്നേക്കാം .
സാധന സാമാഗ്രികള്‍

രണ്ടു കള്ളികളുള്ള ഒരു sholder ബാഗ് ഒരുകള്ളി സ്വന്തം ജീവനെടുത്തു സൂക്ഷിക്കാനാണ് നിവൃത്തിയില്ലതെവന്നാല്‍ എടുത്തെവിടെയെലും വച്ചിട്ട് ഓടാമല്ലോ !!!!!!
ചെറിയ ഒരു കത്തി (എന്തെങ്കിലും കണ്ടിക്കാമല്ലോ )
ഒരു കുപ്പി കുടിവെള്ളം (ഒന്ന് മതി ബാക്കി വഴിയില്‍ കിട്ടും )
ക്യാമെറ (ചിത്രങ്ങലെടുക്കണമെങ്കില്‍ )
ഒഴിവാക്കേണ്ടവ 
സിഗരെട്ട്‌, മദ്യം (എന്തിനാ കാട്ടുജീവികളെ വേണ്ടാതീനം പഠിപ്പിക്കുന്നെ )
MP3 player , mobile phone(use only silent mod) (പാട്ടുകേല്‍ക്കാനാനെങ്കില്‍ വീട്ടിലിരുന്നാപ്പോരെ )
കലപില വാചകമടി (ചുമ്മാ മൃഗങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് )
കടും നിറത്തിലുള്ള വസ്ത്രം (വന്ന്യജീവികളുടെ BP കൂട്ടരുത് )
മുന്നറിയിപ്പ്   
    വഴിയില്‍ വച്ച് കാട്ടാനയെ കാണുകയാണെങ്കില്‍ ഒരു കാരണവശാലും ബഹളമുണ്ടാക്കുകയോ ഓടുകയോ ചെയ്യരുത് കാരണം ചിലപ്പോള്‍ അവകൂട്ടത്തോടെയായിരിക്കും നമ്മള്‍ പേടിചോടിചെല്ലുന്നത് മറ്റുള്ളവയുടെ വായിലേക്കായിരിക്കും.
കണ്ണ് , മൂക്ക്, ചെവി  എന്നിവ ജഗരൂകമായിരിക്കണം
മഴക്കാലമാണെങ്കില്‍ തോട്ടപ്പുഴുവിനെയും  വേനല്‍ക്കാലത്ത് മ്ലാം ചെള്ളിനെയും ആണ് ഏറ്റവും ഭയക്കേണ്ടത് .(തോട്ടപ്പുഴു -രക്തം കുടിക്കുന്ന അട്ട മഴക്കാലത്തും ജലസാമീപ്യം ഉള്ളിടത്ത് കാണപ്പെടുന്നു .വേനല്‍ക്കാലത്ത് മണ്ണിനടിയില്‍ സമാധി ദശയില്‍ കഴിയുന്നു 
മ്ലാം ചെള്ള് -ചെറിയ  ഒരു പരാദ ജീവി വന്യജീവികളുടെ ദേഹത്ത് താമസം എന്നാലിവ വേനല്‍ക്കാലത്ത് കൂട്ടമായി ബോള്‍ രൂപത്തില്‍ ചെറിയമരങ്ങളിലും മറ്റും തൂങ്ങിക്കിടക്കും ഇതില്‍ പോയി തട്ടുകയോ മറ്റോ ചെയ്താല്‍ നമ്മുടെ ദേഹത്തും ആകും അതുപോലെ നിലത്തും എല്ലാം ഇവയെ ഈ സമയത്ത് കാണാം - ഇവ ശരീരത്ത് കയറിയാല്‍ ദേഹത്ത് തുളച്ചിറങ്ങി താമസം ആരംഭിക്കും നമ്മലരിയുംബോഴേക്കും പെട്ടുപെരുകിയിട്ടുണ്ടായിരിക്കും നീര്‍, ചൊറിച്ചില്‍ മുതലായവ ഫലം ഓപറേഷന്‍ വേണ്ടിവരും നീക്കം ചെയ്യാന്‍ )
കാട്ടിലെ രണ്ടു പാവം അന്തേവാസികള്‍ 
ഒരു ജീവിയെപ്പോലും ഉപദ്രവിക്കരുത് കാട് അവരുടെ വീടാണ് വീട്ടില്‍പ്പോലും കേറിത്തല്ലുകാന്നുവച്ചാല്‍ കഷ്ടമാണ്
കാട്ടുജീവികള്‍ പേടിച്ചിട്ടാണ് മനുഷ്യരെ ഉപദ്രവിക്കുന്നത് നിവൃത്തിയുണ്ടെങ്കില്‍ മനുഷ്യന്റെ മണമടിച്ചാല്‍ത്തന്നെ അവ ഓടി രക്ഷപെടും.
ഗയ്ടുന്ടെങ്കില്‍ അവരെ അനുസരിക്കുക.
OK LET US START!!!!!!!!!!



മണിയാരന്കുടി
    തടിയന്പാട് നിന്നും 5Km തെക്കുപടിഞ്ഞാറു ഭാഗത്തായി ഈ കൊച്ചുഗ്രാമം സ്ഥിതി ചെയ്യുന്നു. ഇവിടെ വരെ  വാഹനസൗകര്യം ഉണ്ട് . ഇത് ഒരു tribal settilement ആണ് . മന്നാന്‍ സമുദായത്തില്‍ പ്പെട്ട ആദിവാസികളാണ് ഇവിടെ ഉള്ളത് . കോഴിമല രാജമാന്നന്റെ ഭരണത്തിന്‍ കീഴില്‍ ആണ് ഇവിടം .(ഈ രാജ്യത്ത് നമ്മുക്ക് പിന്നീടു ഒരു ദിവസം പോകാം ). നാട്ടുക്കാരും മന്നാന്മാരും ഇടകലര്‍ന്നാണ് പാര്‍ക്കുന്നത്.
ഇവിടെ നിന്നും അത്യാവിശ്യം ഭക്ഷണമോ സാധനങ്ങളോ നമ്മുക്കെ വാങ്ങണം ഇനി കാട്ടിലേക്ക് കടക്കുകയാണ് . മുന്നോട്ടു കാണുന്ന മെറ്റല്‍ റോഡിലൂടെ യാത്രതുടങ്ങാം . തൊടുപുഴക്ക് അടുത്തുള്ള ഉടുമ്പന്നൂര്‍ വരെ നീളുന്നതാണ് ഈ വഴി ഇതിന്റെ ഭൂരിഭാഗവും കട്ടിലൂടെയാണ് കടന്നുപോകുന്നത് . വനം വകുപ്പിന്റെ എതിര്‍പ്പുമൂലമാണ് ഈ പാത നന്നാവാത്തത് . വഴി ടാര്‍ ഇട്ടാല്‍ കാട്ടുകള്ളന്മാര്‍ തടി കട്ടോണ്ട് പോകും പോലും അതുകൊണ്ടിപ്പോ ആരും കൊണ്ടുപോകുന്നില്ല ബെന്സിനല്ലേ കള്ളത്തടി കടത്തുന്നത്.

     മുന്നോട്ടു ചെല്ലുമ്പോള്‍ ഇടതുവശത്ത് ചില വീടുകള്‍ കാണാം ഇവ നിങ്ങളുടെ എല്ലാപ്രതീക്ഷകളെയും തകിടം മറിക്കും. ആദിവാസികളെന്ന് കേട്ടപ്പോള്‍ വിനയന്റെ സിനിമയെയും  ചില ഉച്ചപ്പടത്തിലെയും ആദിവാസികലെയായിരിക്കും പ്രതീക്ഷിച്ചത് എന്നാല്‍ ഈകാനുന്ന പരിഷ്കൃതമായ  വീടുകള്‍ ആദിവാസികളുടെതാണ് അവിടെ കാണുന്ന  ജനങ്ങള്‍  ആദിവാസികളും . സിനിമയിലെ ആദിവാസികള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു മിത്ത് മാത്രമാണ് .
രാജവീഥിയിലൂടെ
ദാ മുന്നില്‍ കാണുന്ന അരുവി കടന്നാല്‍ കാട്ടിലേക്ക് കടക്കാം . വലതുകാല്‍ വച്ചു തന്നെ എല്ലാരും കടന്നോളുക . കണ്ടില്ലേ വനം വകുപ്പിന്റെ ജണ്ട .
KFC തോട്ടം 
    ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത് KFC യുടെ ഏലം കാപ്പി തോട്ടത്തിലാണ് .കേരള വനം വകുപ്പിന്റെ കീഴില്‍ വനത്തില്‍ നട്ടുപിടിപ്പിചിട്ടുല്ലതാണ്   ഈ സംഗതി .(ഇവിടുത്തെ മേലുദ്യോഗസ്തന്മാര്‍ക്ക്  ചിക്കിലി ഉണ്ടാക്കാന്‍ വേണ്ടി മാത്രം, ഇവിടേയ്ക്ക് സ്ഥലം മാറ്റത്തിന് ഇടിയാനെന്നാണ് പറച്ചില്‍   )
ഇതും വനത്തിന്റെ ഭാഗം തന്നെയാണ് . ഇപ്പൊ നമ്മള്‍ കാണുന്ന വന്‍ മരം ചെരുതെക്കാന് . വെള്ളനിറത്തില്‍ തൊലിയുരിഞ്ഞു നില്‍ക്കുന്നത് വെള്ളിലാവ് , പ്ലാവ് , മാവ്, മരുത് , ഈട്ടി , തേക്ക് , അമ്പഴം ,ഇരുവൂള്‍, ആഞ്ഞിലി, മുതലായ വമ്പന്മാരെയും കാണാം . ഏലത്തിനും കാപ്പിക്കുമിടയില്‍ ചിലപ്പോള്‍  മാന്‍, കേഴ , മ്ലാവ് , പന്നി മുതലായവ കാണാം അതിനാല്‍ ശ്രെദ്ധിച് ശബ്ദമുണ്ടാക്കാതെ വേണം നടക്കാന്‍ . പരിചിതമല്ലാത്ത രൂക്ഷ ഗന്ധം കിട്ടിയാല്‍ ഉറപ്പിക്കാം അടുത്തെവിടെയോ മൃഗങ്ങളുണ്ട് .കാറ്റിന്റെ ഗതിയും ശ്രദ്ധിക്കുക .വഴിയുടെ താഴ്വാരത്തായിക്കാനുന്ന  ചതുപ്പിലും മൃഗങ്ങളെ പ്രതീക്ഷിക്കാം .

     ദാ എതിരെ കുറെ ചേട്ടന്മാര്‍ വരുന്നു .ഇവര്‍ മക്കുവള്ളിയില്‍ നിന്നോ കഴുതപ്പാരയില്‍ നിന്നോ നിത്യോപയോഗസാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരായിരിക്കും . ഇവരോട് വഴിയില്‍ ആന ഇറങ്ങിയിട്ടുണ്ടോ എന്നൊന്ന് ചോദിച്ചേക്കാം. വഴിക്കിരുവശത്തും പൊളിഞ്ഞു ജീര്‍ണിച്ച അവസ്ഥയില്‍ ചിലകെട്ടിടങ്ങള്‍ കാണാം ഇത് കെ എഫ് സി യുടെ പ്രദാപകാലത്തെ ഓഫീസുകളാണ് . ഇപ്പൊ ദാണ്ടേ ആശാന്റെ വീണപൂ   പോലെ , ഇടതുവഷത്തുകാനുന്ന അമ്പഴത്തിന്റെ ചുറ്റുമൊന്നു കറങ്ങിക്കോ ചിലപ്പോ പഴം കാണും ചെരുപ്പകാലത്തെക്കൊരു തിരിച്ചുപോക്കും .
രണ്ടുമൂന്നു അരുവികള്‍ കടന്നു നമ്മളിപ്പോള്‍ ഒരു ചെറിയ തടാകത്തിന്റെ കരയിലാണ് നില്‍ക്കുന്നത്.  തോട്ടത്തിലേക്ക് വെള്ളമടിക്കുന്നതിനും വന്യമൃഗങ്ങള്‍ക്ക് കുടിക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ നിര്‍മ്മിച്ചതാണിത്. നമ്മുടെ നെറ്റിയെപൊന്നനും(മാനത്തുകണ്ണി) , വട്ടോനും, പരലും, വാഴക്കാവരയനും കളിക്കുന്നത് നോക്കി അല്‍പ്പനേരം വിശ്രമം.
തൊട്ടുമുകളിലായി കെ എഫ് സി യുടെ ഓഫീസ്, കുരുമുളക് തോട്ടം .
തുളകണ്ണിപ്പാറ 
    വീണ്ടും നടക്കാം , ദാ റോഡിനരുകിലായി ഒരു ചെറിയ പാറക്കുഴിയും അതില്‍ നിറയെ ആമ്പല്‍ പൂക്കളും അതിനു ചുറ്റും ചെറിയ വഴിത്താരയും ഈ വഴികള്‍ കാട്ടുമൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ വരുന്ന പാതയാണ് .
ഇടതു വശത്തായി തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന ഒരുമലകണ്ടില്ലേ ഇതാണ് തുളകന്നിപ്പാര . ഈ മലയുടെ മധ്യത്തിലായി ഒരു കണ്ണിന്റെ ആകൃതിയില്‍ ഒരു തുളകണ്ടോ ഈ തുളയാനിതിനീപ്പേര്‍ നേടിക്കൊടുത്തത് .
നമ്മളിപ്പോള്‍ നില്‍ക്കുന്ന വഴിയിലൂടെ നേരെ പോയാല്‍ ഈ മലയുടെ നെരുകയിലെത്താം . ഇവിടെ എത്തിയാല്‍ 90% വും താഴ്വാരത്ത് മേയുന്ന കാട്ടാനക്കൂട്ടത്തിനെ കാണാം  സുരക്ഷിതമായിരുന്നു നിരീക്ഷിക്കാം .
    ഇനി വലതു വശത്തേക്ക് തിരിയുക അതാ നിറയെ കായ്കളുമായി നാരകവും പേരയും ചാമ്പയും മാവും എല്ലാം നില്‍ക്കുന്നു . ഇത് കെ എഫ് സി ഉപേക്ഷിച്ച ഓഫീസിന്റെ മുറ്റമാണ് . നമ്മക്കും ഇതിലൊന്ന് വലിഞ്ഞുകേരാം.
കൂട്ടക്കുഴി 
      ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത് കൂട്ടക്കുഴിയിലാണ്. ഇവിടെ വച്ചു വഴി മൂന്നായി തിരിയുന്നു . നേരെയുള്ളത് മക്കുവള്ളിയിലെക്കും മുകളിലേക്കുള്ളത് കഴുതപ്പാറ വഴി ഉടുമ്പന്നൂര്‍ക്കും പോകുന്നു നമ്മുക്കുള്ളത് താഴേക്കുള്ളതാണ് . മക്കുവള്ളി റൂട്ടില്‍ ഒരു രണ്ടു കി മി പോയാല്‍ മനോഹരമായ ഒരു വെള്ളച്ചാട്ടം കാണാവുന്നതാണ്. താത്പര്യവും സമയവും ഉണ്ടെങ്കില്‍ ആ വഴിക്കും വേണമെങ്കില്‍ പോകാവുന്നതാണ്. നമ്മക്കിപ്പോള്‍ അതു ഉപേക്ഷിക്കാം . താഴെക്കുതന്നെ പോകാം .ഇനി വളരെ റിസ്ക്‌ ആയിട്ടുള്ള വഴിയാണ് അടഞ്ഞ കാട്ടിലൂടെ വേണം പോകാന്‍ .ഇതുവരെ കണ്ട കാഴ്ചകളെല്ലാം തന്നെ മാറും. ഇടതൂര്‍ന്ന വനമാണ് . ചുറ്റുനിന്നും വീശുന്ന കാറ്റിനു രൂക്ഷഗന്ധം. രണ്ടു വശത്തും ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകള്‍ കാണുന്നില്ലേ അവക്കിടയിലൂടുള്ള ഈ പാത അപകടം നിറഞ്ഞതാണ് ഈ കുന്നുകളുടെ ചാരുവിലോ മുകളിലോ നില്‍ക്കുന്ന ജീവികള്‍ക്ക് നമ്മളെ പെട്ടന്ന്‍ തന്നെ കാണുവാന്‍ സാധിക്കും .(പ്രത്യേകിച്ചും ആന ഇവിടെ ആന സര്‍വസാധാരണമാണ് ഒരിക്കല്‍ കുറെ കോളേജ്‌ കുട്ടികളുമായി ഇത് വഴി വന്നപ്പോള്‍ പെട്ടതാണ് ശബ്ദമുണ്ടാക്കരുതെന്നു പറഞ്ഞാല്‍ അവര് കേള്‍ക്കുമോ. ഭാഗ്യ ത്തിനാണ് രക്ഷപെട്ടത് ) അതുകൊണ്ട് ബഹളമുണ്ടാക്കരുത് പരമാവധി കരികലയില്‍ ചവിട്ടാതെ നോക്കുക. ദാ വീണ്ടുമൊരു അരുവി ഇത് നമ്മള്‍ കണ്ട തടാകത്തില്‍ നിന്നും വരുന്നതാണ് . അതിന്‍റെ തീരത്തായി ഒരു വന്‍ അമ്പഴവും. നമ്മുക്കെ അധികം നേരം കളയാനില്ല അമ്പഴങ്ങായും പെരുക്കിത്തിന്നു കൊണ്ട് നടക്കാം.
നൂറ്റിയപ്പന്‍
ഈ വളവുതിരിഞ്ഞാല്‍ എത്തുന്നത് നൂറ്റിയപ്പനിലാണ് . അതാ ജുറാസിക് പാര്‍ക്ക്‌ സിനിമയിലെ ലോകെഷന്‍ പോലൊരു സ്ഥലം.നമ്മെ ഏറ്റവും ആകര്‍ഷിക്കുന്നത് ആ കാണുന്ന വള്ളികള്‍ കയറി നിറഞ്ഞു പായലില്‍ കുളിച്ചു നില്‍ക്കുന്ന മരുതിയാണ്. മരങ്ങളിലെല്ലാം പുട്ടി ഇട്ടിരിക്കുന്നതുപോലെ ചെളിയിരിക്കുന്നത് ശ്രദ്ധിച്ചുവോ ആന ചുമ്മാ പുറം ചൊറിയുന്നതാണ് . നിലത്ത് നിരന്നു കിടക്കുന്ന ആനപ്പിന്ടത്തില്‍ ചവുട്ടി തെറ്റിവീഴരുത്. 
ദര്‍ഭത്തൊട്ടി (ഗര്‍ഭത്തൊട്ടി)
    ദാ ചൂടുപറക്കുന്ന ആനപ്പിണ്ടം തൊട്ടടുത്തുതന്നെ ആനയുന്ടെന്നുള്ളതിന്‍റെ സൂചന. ഇനി ഓരോ ചുവടും ശ്രദ്ധയോടെ.
ഇത് ദര്‍ഭത്തൊട്ടി, അരയാള്‍ പൊക്കത്തില്‍ ദര്‍ഭ വളര്‍ന്നു നില്‍ക്കുന്ന ഏകദേശം 500 ഏക്കറോളം വരുന്ന സ്ഥലം(ദര്‍ഭ -പണ്ട് ശകുന്തളയുടെ കാലില്‍ തര്‍ച്ച സൂത്രം) ഇവിടം ആനയുടെയും മറ്റു കാട്ടുമൃഗങ്ങളുടെയും കൂടാരമാണ് പ്രത്യേകിച്ചും ആനയുടെ ഗര്‍ഭ ഗൃഹമാണിത് . പ്രസവ സമയമാകുമ്പോള്‍ പിടിയാനകളും കൂട്ടവും ഇവിടെ താവളമടിക്കുന്നു.വെള്ളത്തിന്‍റെയും ആഹാരത്തിന്റെയും ലഭ്യതയാണ് കാരണം. അതിനാല്‍ ഇവിടം ഗര്‍ഭത്തൊട്ടി എന്നും അറിയപ്പെടുന്നു. മിക്കവാറും എല്ലാസമയത്തും ഇവിടെ മൃഗങ്ങള്‍ കാണും. ആനയോടോത്താണ് സാധാരണ മറ്റുജീവികളും സഞ്ചരിക്കാര്‍ ഉയര്‍ന്ന മരത്തില്‍നിന്നും ചില്ലകള്‍ ഒടിച്ചിടാന്‍ ആനക്കല്ലേ സാധിക്കൂ . അതുകൊണ്ട് സസ്യഭുക്കുകള്‍ എല്ലാം കൂടെ കൂടും പോരാത്തതിന് സുരക്ഷിതത്വവുമുണ്ട്.
മുകളിലേക്ക്
    ഇനി കയറ്റമാണ് വളഞ്ഞുപുലഞ്ഞുള്ള വഴിയിലൂടെ ഊര്പ്പവും, കണ്ടരന്കൊത്തിയും , ഇഞ്ചയും, ഞാഴയും എല്ലാം ഇഴപിരിഞ്ഞു നില്‍ക്കുന്ന വഴിയിലൂടെ , കാട്ടുകോഴികള്‍ കൊക്കിചികഞ്ഞു നടക്കുന്നത് കാണാം . ഈ വഴിയോരത്ത്‌ ആയുര്‍വേദത്തില്‍ പറയുന്ന പല ഔഷധ ചെടികളും കാണാന്‍ സാധിക്കും വിഴാല്‍, ഒരുവേരന്‍, ഓരില, മൂവില, അമ്മകറമ്പി,മുക്കുറ്റി,പാതിരി, പലകപയ്യാനി എന്നുവേണ്ട അഷ്ടാംഗഹൃദയത്തില്‍ പറഞ്ഞിരിക്കുന്ന ഒട്ടുമുക്കാല്‍ ഇനവും ഇവിടെ കാണാം.
കൃഷ്ണകിരീടം (ഹനുമാത്‌ കിരീടം ), കാട്ടുപട്ടത്തി, കുടമുല്ല മുതലായ കാട്ടുപൂക്കളും കാണാന്‍ പറ്റും. അതില്‍ രണ്ടു വിചിത്രമായവയാണ് തീത്തോണ്ടിയും മൂട്ടിത്തൂരിയും ഓര്‍ക്കിഡ്‌ ഇനത്തില്‍ പ്പെട്ടതാണ് ആദ്യത്തേത് കത്തിനില്‍ക്കുന്ന അഗ്നി പോലുള്ള പൂക്കലനിതിന്റെ ആകര്‍ഷണം .ഗര്‍ഭചിദ്രത്തിനു ചില നാടന്‍ ചികിത്സകര്‍ ഇതിന്റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട് . രണ്ടാമത്തെതു ചെറിയ ഒരിനം മരമാണ് ചുവടുമുതല്‍ മണ്ട വരെ തായ്‌ തടിയുടെ ചുറ്റും ചുവന്ന നിറത്തിലുള്ള പൂക്കളും കായ്കളും നിറഞ്ഞു നില്‍ക്കുന്ന ഇതും വിടര്‍ന്ന കണ്ണുകള്‍ കൊണ്ട് മാത്രമേ നമ്മുക്ക് ദര്‍ശിക്കാന്‍ സാധിക്കൂ. വഴിയുടെ താഴ്വാരങ്ങളില്‍ ചണ്ണയും, കാട്ടുഏലവും നിറഞ്ഞിരിക്കും . ചെറു ജീവികളില്‍ പ്രത്യേകതയുള്ള ഒരുതരം ഒച്ചിനെ ഇവിടെ കാണാം . ഇവയെ നേരിട്ടു കണ്ടില്ലെങ്കില്‍ പോലും രണ്ടു കൈവെള്ള കൂട്ടിപ്പിടിക്കുന്നത്ര വലിപ്പമുള്ള തോട് വഴിയില്‍ നിരന്നു കിടപ്പുണ്ടാവും.ഇതിലോരെന്നമെടുതുകൊള്ളൂ ഇല്ലങ്കില്‍ നിങ്ങള്‍ പറയുന്നത് ആളുകള്‍ വിശ്വസിക്കില്ല (എല്ലാരും കണ്ട് വിസ്വസിക്കുന്നവരാണല്ലോ) നാനാ തരത്തില്‍ പ്പെട്ട ഇത്തിള്‍ ചെടികള്‍ പല മരങ്ങളെയും ചെടികളെയും ഊറ്റിക്കുടിച്ച് വളര്‍ന്നു മുറ്റിനില്‍ക്കുന്നതും കാണാം (ഇടുക്കിയിലെ ജൈവ വൈവിധ്യത്തെക്കുറിച്ചു മറ്റൊരു പോസ്റ്റില്‍ വിവരിക്കുന്നുണ്ട്) .
ദൈവത്തിന്‍റെ മഹത്വം
      ഇപ്പോ നമ്മള്‍ നില്‍ക്കുന്നത് ഏകദേശം 2000 m ഉയരത്തിലാണ് , ദാ ആകാണുന്ന പാറയില്‍ അല്പം വിശ്രമം. കുടിവെള്ളം തീര്‍ന്നെങ്കില്‍ നമ്മുക്കീ പാറചെരുവില്‍ നിന്നും വെള്ളമെടുക്കാം. താഴ്വാരങ്ങളിലെ എല്ലാം വെള്ളം പറ്റിയാലും ഇവിടെ വെള്ളമുണ്ടായിരിക്കും .കിലോ മീറ്റര്‍ താഴെയുള്ള കൊക്കരക്കുളം, മുളകുവള്ളി മുതലായ ഇടങ്ങളിലേക്ക് ഇവിടെനിന്നുമാണ് വെള്ളം കൊണ്ടുപോകുന്നത് അതിനുള്ള ഹോസുകള്‍ നിരനിരയായി ഇട്ടിരിക്കുന്നത് കാണാം.
ചുറ്റും കമ്പി വേലികെട്ടിയിരിക്കുന്നത് വന്യമൃഗങ്ങള്‍ കുളത്തിളിറങ്ങി വെള്ളം കലക്കാതിരിക്കുന്നതിനാണ്. കാലത്തും
വൈകുന്നെരങ്ങളിലുമാനെങ്കില്‍ ധാരാളം മൃഗങ്ങള്‍ ഇവിടെ കാണും. ഫ്രിഡ്ജില്‍ നിന്നുമെടുക്കുന്നത്ര തണുത്ത വെള്ളമാണിത് പ്രകൃതിദത്തമായ മിനറല്‍ വാട്ടര്‍ .

    ഇനി അല്പം മുന്നോട്ട് പോയി ഇടത്തോട്ടുള്ള കൈവഴിയെ അല്പം നടന്നാല്‍ മക്കുവള്ളിയുടെ മനോഹരമായ ദൃശ്യം കാണാം. ചിത്രങ്ങളില്‍ കാണുന്നതിലും മനോഹരമാണ് ഈ പാറപ്പുറത്തിരുന്നു കാറ്റേറ്റുകൊണ്ടുള്ള കാഴ്ച. ഈ മേഖലയില്‍ ഇഞ്ചിയുടെ ഇനത്തില്‍ പ്പെട്ട അപൂര്‍വ ഇനം ചെടികള്‍ മനോഹരമായ മഞ്ഞയും വെള്ളയും കലര്‍ന്ന പൂക്കളുമായി നില്‍ക്കുന്നത് കാണാം. ഇനിയുള്ള യാത്ര പാറയുടെ മുകളിലൂടെ യുള്ള പാതയിലൂടെ രണ്ടു വശവും കിഴ്ക്കാം തൂക്കായ പാറക്കെട്ട്. വഴിയുടെ ഓരങ്ങളില്‍ നില്‍ക്കുന്ന നെല്ലിയില്‍ ചിലപ്പോള്‍ കായ്കള്‍ കാണും കടയില്‍ നിന്നല്ലാതെ നേരിട്ടു നമ്മുക്ക് നെല്ലിക്കായ പറിച്ചു തിന്നാം. മറ്റൊന്ന് ചിറ്റീന്ത് ഓറഞ്ചു നിറത്തിലുള്ള കായ്കലുമായി നില്‍ക്കുന്ന കാനുംമ്പോള്‍ ആരും ഓടിചെന്നുപോകും . ഇതില്‍ വൈലറ്റ് നിറത്തിലുള്ള കായ്‌ നന്നായി പഴുത്തതാണ് ഇത് തിന്നാന്‍ കൊള്ളാം. ഇതിന്‍റെ തണ്ട് ചൂലുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഇത് കൂടാതെ ഈന്തും ഇതിനിടയില്‍ ഉണ്ട്.
ഇതിന്‍റെ പാകമായ കായ പറിച്ച് ഉണക്കിപ്പോടിച്ച് രുച്കരമായ പലതരം പലഹാരങ്ങള്‍ ഉണ്ടാക്കും. പുട്ടാണ് ഏറ്റവും നല്ലത്. ഒരിക്കല്‍ കഴിച്ചാല്‍ അന്യേഷിച്ചു പോകും എവിടെ കിട്ടുമെന്ന്. ഇപ്പോള്‍ കുറെ എരുമകളേയും പശുക്കളെയും കാണുന്നില്ലേ ഇത് നാട്ടുകാര്‍ വളക്കുന്നതാണ് ഇവയെ ഈ കാട്ടിലേക്ക്‌ അഴിച്ചുവിടുകയെ ഉള്ളു. സ്വയം പര്യാപ്തമാന് ജീവിതം.
    ഇപ്പൊ നമ്മള്‍ പാല്‍ക്കുളത്തിന്റെ അടിവാരത്തെത്തി. ചുറ്റും പരന്ന പാറകളും ചെറിയ ചെറിയ അരുവികളും അവയുടെ ഇരുവശത്തുമായി ചോലകളും. ഇടതു ഭാഗത്ത്‌ ദാ മനോഹരമായ ഒരു ചെറിയ തടാകം. ചോലക്കടുകല്കുല്ലിലായി വൈലറ്റ് നിറത്തിലുള്ള പഴങ്ങളുമായി ഞാവല്‍ നില്‍പ്പുണ്ടാവും നമ്മുക്ക് ആവശ്യത്തിന് പറിക്കാം. പച്ച നിറത്തിലുള്ള പുല്‍ത്തകിടികളും പ്രകൃതി തന്റെ കരവിരുതിനാല്‍ ഒരുക്കിയിരിക്കുന്ന വല്ലിക്കുടിലുകളിലും എത്ര നേരം വേണമെങ്കിലും ഇരിക്കാം. ചില മരങ്ങളില്‍ ഏറുമാടം കെട്ടിയിരിക്കുന്നത് കാണാം വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി പഞ്ചായത്ത് നിര്മിചിരിക്കുന്നതാണ് . ഇപ്പോള്‍ എല്ലാം ദ്രവിച്ചു തുടങ്ങി .
മലകയറ്റം
     ഇനി നമ്മുക്ക് മലകയറ്റം ആരംഭിക്കാം. പുല്‍ത്തകിടി പോലെ കിടക്കുന്ന ചരിഞ്ഞ പ്രതലത്തിലൂടെ നമ്മുടെ മുന്‍ഗാമികള്‍ നടന്ന കാലടിപ്പാടുകള്‍ തീര്‍ത്ത ചെറുവഴികളിലൂടെ വളഞ്ഞു പുളഞ്ഞ് ഒരു മലകയറ്റം. കയറിചെല്ലുന്നതിനനുസരിച്ചു നമ്മുടെ കാഴ്ചയുടെ വിസ്താരവും കൂടിക്കൂടി വരുന്നു.
ചുറ്റുപാടുമുള്ള പട്ടണങ്ങളും ഗ്രാമങ്ങളും തെളിഞ്ഞുവരുന്നു. പിറകിലായി തെളിഞ്ഞു വരുന്ന ഇടുക്കി അണക്കെട്ടിന്‍റെ ദൃശ്യം. കാറ്റിന്റെ ശക്തി കൂടിക്കൂടി വരുന്നു.                 മുകളിലെത്തിക്കഴിയുംപോള്‍ മുന്‍പിലായി കഞ്ഞിക്കുഴി പട്ടണം. നമ്മെ സ്വാഗതമോതിക്കൊന്ടെന്നവണ്ണം നിരന്നുനില്‍ക്കുന്ന കുരിശുകള്‍. അങ്ങനെ നമ്മള്‍ പാല്‍ക്കുലത്തിന്റെ നിരുകയിലെത്തി 3200 m ഓളം മുകളില്‍. കയറ്റം കയറി മടുത്തില്ലേ!! ആ പാറയുടെ മുകളിലിരുന്നുകൊണ്ട് കാഴ്ചകള്‍ കാണാം.
പാല്‍ക്കുളം മേട്
    നനുനനുത്ത തണുപ്പോടു കൂടി വീശുന്ന കാറ്റ് എവിടെയെങ്കിലും പിടിച്ചു നിന്നില്ലെങ്കില്‍ പറന്നു പോകുമോ എന്നുതോന്നിപ്പോകും.മഞ്ഞുള്ള സമയമാണെങ്കില്‍ വിദൂര ദൃശ്യങ്ങള്‍ അന്യമാകുമെന്കിലും കോടമഞ്ഞ് പോതിയുപോഴുള്ള സുഖം ഒന്നുവേരെതന്നെയാണ്. മഞ്ഞിനോടോത്തു മേഖത്തെ തൊട്ടാണ് നില്‍ക്കുന്നതെന്ന് തോന്നും.
    തെളിഞ്ഞ കാലാവസ്ഥയില്‍ ആദ്യം നമ്മുടെ കണ്ണുടക്കുന്നത് ഇടുക്കി ഡാമിലാണ് . ഈ ജലാശയത്തിന്റെ ഒരു വിഗഹ വീക്ഷണമാണ് കിട്ടുക. ചെറുതോണി, ഇടുക്കി, ഡാമുകള്‍ നന്നായി തന്നെ കാണാം. ഇടുക്കി ജില്ലയുടെ മധ്യഭാഗം മുഴുവനായും തന്നെ ഇവിടെ നിന്നാല്‍ കാണാവുന്നതാണ്.
പനോരമിക് വ്യൂ പോലെ താഴ്വാരങ്ങളില്‍ ചിതറിക്കിടക്കുന്ന പട്ടണങ്ങളും ഗ്രാമങ്ങളും തോടുകളും വനങ്ങളും റോഡുകളും എല്ലാം നമ്മെ അവിടെ എത്രനേരം വേണമെങ്കിലും പിടിച്ചു നിര്‍ത്തും. താഴ്വാരത്തിലൂടെ കടന്നു പോകുന്ന കട്ടപ്പന എറണാകുളം റോഡ്‌ മലയെച്ചുട്ടിപ്പോകുന്നതും സോപ്പുപെട്ടികളുടെയത്ര വലിപ്പത്തില്‍ ബസും മറ്റും പോകുന്നതും രസകരമായ കാഴ്ച തന്നെ. ഇവിടെ നിന്നും പടിഞ്ഞാറേക്ക് തിരിഞ്ഞാല്‍ അങ്ങകലെയായി എറണാകുളം, ആലപ്പുഴ, മുതലായവയും സമീപപ്രദേശങ്ങളും തെളിമയോടെ കാണാം.മൂലമറ്റത്ത് നിന്നും വൈദ്യുതി കൊണ്ടുപോകുന്നതിനായി ടവര്‍ ലൈന്‍ വലിച്ചിരിക്കുന്ന പാത വനങ്ങളിലും ഗ്രാമാങ്ങളിലും എല്ലാം വരയിട്ടിരിക്കുന്നതുകാണാം. ഇടുക്കിയിലെ ഓരോ മലയുടെയും മുകളിലൂടെ നാട്ടിയിരിക്കുന്ന മൊബൈല്‍ ടവറുകള്‍, മൂന്നാര്‍ മലനിരകള്‍ കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമൊടിയായ ചൊക്കാന്‍ അങ്ങിനെ ഒത്തിരി ഒത്തിരി. കാഴ്ചകള്‍ തീരുന്നില്ല.
മലയിറക്കം
     ഇനി മലയിറക്കം, വടക്കേ ചെരുവിലൂടെയാണ് നമ്മള്‍ ഇറങ്ങുന്നത്. വടക്കുഭാഗത്തെത്തുംപോള്‍ നമ്മുടെ കണ്ണുകളെ അമ്പരപ്പിക്കുന്ന കാഴ്ചയാണ് എതിരേല്‍ക്കുക. സിനിമ കളില്‍ മാത്രം കണ്ടിട്ടുല്ലമാതിരി ഒരു താഴ്വാരം. ഒരു ഇലക്ട്രിക് ടവറും അതിനു സമീപത്തുകൂടി നമ്മള്‍ വന്ന പാത വളഞ്ഞ്പുളഞ്ഞു താഴെക്കുപോകുന്നതുമാണ് ആ കാഴ്ച. ഇതിലെന്തു പുതുമ അല്ലെ. നിങ്ങളൊന്നു കണ്ടു നോക്ക് എനിക്കത് വിവരിക്കനറിയില്ല.
പാല്‍ക്കുളം മേട്ടില്‍ നിന്നുള്ള ഏറ്റവും മനോഹരമായ ദൃശമാണത്. അതിന്റെ ചിത്രമാണ് മുന്‍ പോസ്റ്റില്‍ നല്‍കിയിരുന്നത് മൊബൈല്‍ ക്യാമറയില്‍ എടുത്തത് കൊണ്ടും ഞാനൊരു ഫോറ്റൊഗ്രാഫരല്ലാത്തതിനാലും ചിത്രം അത്ര നന്നായിട്ടില്ല.

     ഇപ്പൊ നില്‍ക്കുന്നിടത്തുനിന്നും താഴേക്കു കാണുന്ന ഒറ്റയടിപ്പാതയിലൂടെ വേണം നമ്മുക്ക് ഇറങ്ങുവാന്‍. ഇരുവശവും അഗാധമായ കൊക്കയാണ്. പാതയില്‍ നിറയെ ചെറിയ ഉരുളന്‍ കല്ലുകളും. ഒറ്റ അശ്രദ്ധ മതി അഗാധതയില്‍ പതിക്കാന്‍. പയ്യെ ഇരുന്നും നിരങ്ങിയുമായി നമ്മക്കിതുവഴി തന്നെ ഇറങ്ങാം. അതല്ലേ സാഹസികത. പാതയുടെ ഒരു വശത്ത് V ആകൃതിയില്‍ വളര്‍ന്നു നില്‍ക്കുന്ന പൊക്കം കുറഞ്ഞ ഈറ്റക്കാടുകള്‍. താഴെയെത്തിക്കഴിയുംപോള്‍ അറിയാതെ വന്ന വഴിയിലെക്കുനോക്കി ഈശ്വരാ എന്ന് വിളിച്ചുപോകും. ഇനിയീ താഴ്വാരത്തു കുറച്ചുനേരം.
സേ ഗുഡ്‌ ബൈ 
    മുകളില്‍ നിന്നുകണ്ട ആ പാതയിലൂടെ താഴേക്ക് , ആല്‍പാറ വഴി ചുരുളി. ഓരോ ചായയൊക്കെ കുടിച്ചു നമ്മുക്ക് തല്‍ക്കാലത്തേക്ക് പിരിയാം, അടുത്ത യാത്ര വരെ . പാല്‍ക്കുളത്തിനോടും യാത്ര പറയാം. ഇവിടെനിന്നും ഏറണാകുളം, തൊടുപുഴ, കട്ടപ്പന മുതലായ സ്ഥലങ്ങളിലേക്ക് ബസ്‌ കിട്ടും . ഇനി നിങ്ങളായി നിങ്ങളുടെ പാടായി അടുത്ത ബസിനു ചാടിക്കേറി വിട്ടോളുക.
ഒരു വാക്ക്
സാധാരണയുള്ള ഒരു യാത്രാവിവരണമോ സ്ഥല വിവരണമോ അല്ല ഞാനിവിടെ കുറിക്കുന്നത് . നമ്മള്‍ ഒന്നിച്ചു ഒരു വിനോദയാത്ര പോകുന്ന രീതിയിലാണ്‌ ഞാന്‍ വിവരണം   നടത്തിയിരിക്കുന്നത്
എന്‍റെ ആദ്യ പോസ്റ്റില്‍ ഞാന്‍ രണ്ടു ചിത്രങ്ങള്‍ നല്‍കിയിരുന്നു അവ പാല്‍ക്കുളം മേട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ്.
ആദ്യത്തേത് മക്കുവള്ളി എന്ന ഗ്രാമമാണ്
നാഗരികതയുടെതായ യാതൊരു വിധ പരിഷ്കാരങ്ങളും എത്തിനോക്കാത്ത തനി കുടിയേറ്റ ഗ്രാമം . വാഴത്തോപ്പ്  പഞ്ചായത്തിനോട് ചേര്‍ന്ന് ഇടുക്കി -കഞ്ഞിക്കുഴിപഞ്ചായത്തില്‍ കാടുകള്‍ക്കും മേടുകള്‍ക്കും നടുവിലായി ഒറ്റപ്പെട്ടു കിടക്കുന്ന ഇവിടേയ്ക്ക് എത്തിച്ചേരാന്‍ രണ്ടേ രണ്ടു മാര്‍ഗം മാത്രം . കഞ്ഞിക്കുഴിയില്‍നിന്നും മണിയാരന്കുടിയില്‍ നിന്നുമുള്ള കാനനപതകള്‍ .ഫോര്‍ വീല്‍ ഡ്രൈവ് ഉള്ള ജീപ്പ് മാത്രം വാഹനം. അതും ആന പുലി മുതലായ കാട്ടുമൃഗങ്ങളുടെ കണ്ണില്‍ പ്പെടരുതെ എന്ന പ്രാര്‍ഥനയോടെ. അതി സാഹസികരായ ഡ്രൈവര്‍മാര്‍ മാത്രമേ ഒരു കല്ലില്‍ നിന്നും മറ്റൊരു കല്ലിലേക്ക് എന്ന ഈ വഴിയിലൂടെ വണ്ടി ഓടിക്കുകയുള്ളൂ . ഈ നാട്ടുകരെന്റെതായി ഒരു ജീപ്പുണ്ട് അതാണിവുടുത്തെ ഔദ്യോഗിക വാഹനം. പക്ഷെ ഭൂരിഭാഗവും നേര്‍ച്ചകള്‍ നേര്ന്നുകൊണ്ടുള്ള കാല്‍നട യാണ് ആശ്രയിക്കാറ് .
ഒരു അംഗന്‍ വാടി ഒരു കംമ്യുനിട്ടി  ഹാള്‍ തീര്‍ന്നു സര്‍ക്കാരുമായുള്ള ഒരു പഴയ ബന്ധം. ഇടുക്കി പദ്ധതി യുടെ ഭാഗമായി കുടിയോഴിപ്പിക്കപ്പെട്ടവരെ സര്‍ക്കാര്‍ തന്നെയാണ് ഇവിടെ പാര്‍പ്പിച്ചത്‌ .അന്ന് പാലും തേനും ഒഴുക്കുമെന്നു പറഞ്ഞെങ്കിലും ഇതൊന്നും ആ വഴി വന്നില്ല .ഏകദേശം അന്‍പതോളം കുടുംബങ്ങള്‍ ഇവിടുണ്ട് . പഞ്ചായത്തുകളും വനം വകുപ്പുമായുള്ള വടം വലി തീര്‍ന്നാല്‍ വഴിയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെ ഇവിടുള്ളവര്‍ ജീവിക്കുന്നു.
 രണ്ടാമത്തെ ചിത്രം 
പല്ക്കുളം മേടിന്റെ വടക്കേ ചരിവാണ്‌ (ഇതിന്റെ വിവരണം പിന്നാലെയുണ്ട് )
വാല്‍ക്കഷണം 
    ഇതില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ മൊബൈല്‍ ക്യാമറയില്‍ എടുത്തതാണ് അതിനാല്‍ ചിത്രങ്ങള്‍ക്ക് മികവ് പോര സാദരം ക്ഷമിക്കുക. മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കുക നല്ലതാണെങ്കിലും ചീത്തയനെന്കിലും അഭിനന്ദനമോ വിമര്‍ശനമോ എന്തുതന്നെ യായാലും. കൂടുതല്‍ മികവുറ്റ ചിത്രങ്ങള്‍ പിന്നീട് നല്‍കുന്നതാണ്.

    ഇനി താഴെ നല്‍കുന്നു രണ്ടു പടങ്ങള്‍. രണ്ടും ഒരു സ്ഥലം തന്നെയാണ്. ഇടുക്കിയിലെ ഈ കാഴ്ച് ഏതാണെന്ന് പറയൂ.
അപ്പൊ ഇനി അടുത്ത യാത്രയില്‍ കാണാം.

4 comments:

  1. ഒരുമിച്ചുള്ള വനയാത്ര നന്നായി ആസ്വദിച്ചു. അടുത്ത യാത്രയ്ക്കായി കാത്തിരിക്കുന്നു.ഒപ്പം കൂട്ടാന്‍ മറക്കണ്ട. ആശംസകള്‍.

    ReplyDelete
  2. @ പാവത്താന്‍
    നമ്മുക്ക് ഉടനെ തന്നെ അടുത്ത യാത്ര പോയേക്കാം , ആശംസകള്‍ക്ക് നന്ദി

    ReplyDelete
  3. താമസിച്ച് പോയി വരാന്‍,വിനോദ്.അഭിനന്ദനങ്ങള്‍...

    ReplyDelete
  4. നന്നായിരിക്കുന്നു.വന യാത്രയിലെ സുഖം അനുഭവിച്ചു.ഇടുക്കിയെ കുറിച്ച് കൂടുതല്‍ എഴുതൂ.... യാത്ര തുടരട്ടെ ....ആശംസകള്‍

    ReplyDelete

Related Posts with Thumbnails