പേജുകള്‍‌

Thursday, September 10, 2026

KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ് 68

 ഏതാനും മിനിറ്റുകൾക്കകം ആംബുലൻസുകളുടെയും പോലീസ് വാഹനങ്ങളുടെയും സൈറൺ മുഴക്കങ്ങൾ ആ പ്രദേശമാകെ അലയടിച്ചു. മെഡിക്കൽ സംഘം അതീവ ജാഗ്രതയോടെ അകത്തേക്ക് പാഞ്ഞെത്തി, ഇരുമ്പുമേശയിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന അമൻ കുമാറിനെ ഓക്സിജൻ മാസ്ക് ഘടിപ്പിച്ച് സുരക്ഷിതമായി ആംബുലൻസിലേക്ക് മാറ്റി.

തൊട്ടുപിന്നാലെ എഡിജിപി തോമസ് കുര്യനും ഐജി പി. രവികുമാറും വൻ പോലീസ് സന്നാഹവുമായി ചമ്രവട്ടത്തെ ആ രഹസ്യകേന്ദ്രത്തിലേക്ക് ഇരച്ചെത്തി. കമാൻഡോകൾ ആ പ്രദേശം പൂർണ്ണമായി വളഞ്ഞു.

ഒരു കാലത്ത് ലോകത്തിന് സമാധാനത്തിന്റെയും ധർമ്മത്തിന്റെയും അഹിംസയുടെയും വെളിച്ചം പകർന്നുനൽകിയ ബുദ്ധന്റെയും മഹാവീരന്റെയും അനുയായികൾ സത്യവും ധർമ്മവും ഉപദേശിക്കാൻ വേണ്ടി നിർമ്മിച്ച പുണ്യഭൂമിയായിരുന്നു ശ്രീമൂലവാസം. ആ പുരാതന വിഹാരത്തിന്റെ അവശിഷ്ടങ്ങൾക്കുമേൽ, മനുഷ്യത്വത്തെ വെല്ലുവിളിച്ചുകൊണ്ട് ഒരു ഭ്രാന്തൻ കെട്ടിയുയർത്തിയ ലോകതിന്മയുടെ അന്ധകാര സാമ്രാജ്യത്തിന് ഒടുവിൽ അവിടെ വിരാമമാവുകയായിരുന്നു. രഘുനാഥിന്റെ കൈകളിൽ വീണ ഇരുമ്പുവിലങ്ങുകൾ ആ പൈശാചിക ചരിത്രത്തിന്റെ അന്ത്യം കുറിച്ചു.

മലപ്പുറം എസ്പി ഓഫീസിലെ ഇന്ററോഗേഷൻ റൂം. മേശയ്ക്ക് മുകളിലായി തൂങ്ങിയാടുന്ന ഒറ്റ ബൾബിന്റെ  വെളിച്ചം.

മേശയുടെ ഒരറ്റത്ത് വലിഞ്ഞുമുറുകിയ മുഖത്തോടെ ശിവ. എതിർവശത്തെ കസേരയിൽ, കൈകളിൽ മുറുകിയ ഇരുമ്പുവിലങ്ങുകളുമായി രഘുനാഥ്. വൺവേ ഗ്ലാസിന് പുറത്ത് നൗഷാദും വിമലയും അജിത്തും ഡാനിയേലും മുതിർന്ന ഉദ്യോഗസ്ഥരും അക്ഷമയോടെ കാതോർത്തുനിന്നു.

"നിന്റെ ഭ്രാന്ത് കുറഞ്ഞോടാ?" ശിവയുടെ ചോദ്യത്തിൽ കനൽ എരിയുന്നുണ്ടായിരുന്നു.

രഘുനാഥ് അവനെ നോക്കി പതിവുപോലെ പുച്ഛത്തോടെ ഒന്ന് ചിരിച്ചു. ആ കണ്ണുകളിൽ പരാജയത്തിന്റെ ഒരു നിഴൽ പോലും വീണിരുന്നില്ല.

"നീ ഈ ആളുകളെയെല്ലാം എങ്ങനെയാണ് നിന്റെ വരുതിയിലാക്കിയത്?" ശിവ മുന്നോട്ട് ആഞ്ഞു. "വ്യത്യസ്ത സംസ്ഥാനങ്ങളിൽ സ്വാധീനമുള്ളവർ... അവരെ ഓരോരുത്തരെയും ഒരു തുമ്പും അവശേഷിപ്പിക്കാതെ നിന്റെ ഈ മാളത്തിലേക്ക് എങ്ങനെ എത്തിച്ചു?"

"അതിനാണ് ശിവ എനിക്ക് എന്റെ അനിക്!" രഘുനാഥ് മേശമേൽ കൈകൾ ബന്ധിച്ച നിലയിൽ മുന്നോട്ട് ചാഞ്ഞു. "നീ എം.എൽ.എം (Multi-Level Marketing) എന്ന് കേട്ടിട്ടുണ്ടോ? എത്രപേർ ചതിക്കപ്പെട്ടാലും കൂടുതൽ പണവും ലാഭവും സ്വപ്നം കണ്ട് മനുഷ്യന്മാർ വീണ്ടും ആർത്തിയോടെ അതിലേക്ക് ഓടിവരും. അതുപോലെയാണ് മനുഷ്യന്റെ ഉള്ളിലെ ദുര! എത്ര വലിയവനായാലും എത്ര ബുദ്ധിമാനായാലും അവനവന്റെ ഉയർച്ച, ഐശ്വര്യം, അതിരുകളില്ലാത്ത പുരോഗതി... ഇതിനൊക്കെ വേണ്ടി എന്ത് കുറുക്കുവഴിയും തേടാൻ മനുഷ്യൻ തയ്യാറാണ്. അന്ധവിശ്വാസവും അത്യാഗ്രഹവും കൂടിക്കലർന്ന മനുഷ്യന്റെ ആ ദൗർബല്യത്തെയാണ് ഞാൻ മുതലെടുത്തത്!"

രഘുനാഥിന്റെ മുഖത്ത് ഒരു കൗശലക്കാരന്റെ ഭാവം മിന്നിമറഞ്ഞു.

"അഷ്ടബീജത്തിന്റെ മഹത്വം പറഞ്ഞ്, ജീവിതത്തിലെ ഏറ്റവും വലിയ ഉയരങ്ങൾ സ്വന്തമാക്കാമെന്ന് വിശ്വസിപ്പിച്ച് അനിക് അവരെ ഓരോരുത്തരെയായി സമീപിച്ച് എന്റെ അടുക്കലേക്ക് എത്തിച്ചു. ജ്യോത്സനയോട് പ്രണയം നടിച്ച് അവളെ വലയിലാക്കി; മറ്റുള്ളവർക്ക് അവരുടെ അത്യാഗ്രഹങ്ങൾക്കുള്ള ദിവ്യഔഷധങ്ങൾ വാഗ്ദാനം ചെയ്തു. സ്വന്തം നാശത്തിലേക്കാണ് നടന്നു കയറുന്നതെന്ന് അറിയാതെ, അവർ ഓരോരുത്തരും സ്വയം എന്റെ ഈ യാഗശാലയിലേക്ക് സന്തോഷത്തോടെ തലവെച്ചു തരികയായിരുന്നു!"

ശിവയുടെ കണ്ണുകൾ ഇടുങ്ങി. അവൻ രഘുനാഥിന്റെ കണ്ണുകളിലേക്ക് തുളച്ചുകയറുന്നതുപോലെ നോക്കി.

"അപ്പോൾ... സുദേവന്റെ റോൾ എന്തായിരുന്നു?"

ആ ചോദ്യം കേട്ടതും രഘുനാഥിന്റെ മുഖത്ത് വീണ്ടും ആ പരിഹാസച്ചിരി വിരിഞ്ഞു. അവൻ തല പിന്നിലേക്ക് ചായ്ച്ച് ഒന്ന് ചിരിച്ചു.

"സുദേവ്..." രഘുനാഥ് തുടർന്നു. "അവനെ ഞാൻ ആദ്യം ഈ കെണിയിൽ പെടുത്തിയതാണ്. നിങ്ങളുടെ അന്വേഷണം വഴിതിരിച്ചുവിടാനും തെളിവുകൾ ഇല്ലാതാക്കാനും അവന്റെ ഫോൺ ഉപയോഗിച്ചാണ് ഞാൻ പാമ്പിൻ വിഷം  ഉൾപ്പെടെ വിളിച്ചതും കളിപ്പിച്ചതും. എന്നാൽ അവസാനമാണ് അവൻ ശരിക്കും ആരാണെന്ന് എനിക്ക് മനസ്സിലായത്!"

"ആരായിരുന്നു അവൻ?" ശിവയുടെ ശബ്ദം കനത്തു.

"അവന്റെ മുഴുവൻ പേര് എനിക്ക് കൃത്യമായി കിട്ടിയ നിമിഷം... സുദേവ് അനിരുദ്ധ! അവൻ മറഞ്ഞിരുന്ന ഒരു കാവൽക്കാരനായിരുന്നു—ചക്രപാലകൻ! നൂറ്റാണ്ടുകളായി ഈ  അഷ്ടബീജ രഹസ്യങ്ങൾ ദുഷ്ടശക്തികളുടെ കയ്യിൽ എത്താതിരിക്കാൻ കാവൽ നിൽക്കുന്ന പരമ്പരയിലെ അവസാന കണ്ണി! അതുകൊണ്ടാണ് കരിപ്പൂർ എയർപോർട്ടിൽ വെച്ച് അവൻ എന്നെ അപ്രതീക്ഷിതമായി ആക്രമിച്ചത്."

രഘുനാഥ് മേശയിലേക്ക് ഒന്നുകൂടി ചാഞ്ഞിരുന്ന് പൊട്ടിച്ചിരിച്ചു.

"എന്നിട്ട് എന്തുണ്ടായി ശിവ? ആ പാവം എന്നെ കൊല്ലാൻ ശ്രമിച്ചപ്പോൾ, യാഥാർത്ഥ്യമറിയാതെ നിങ്ങളുടെ ഈ പോലീസ് സിസ്റ്റം എന്നെ രക്ഷിച്ചു! പകരം സത്യം സംരക്ഷിക്കാൻ ശ്രമിച്ച ആ ചക്രപാലകനെത്തന്നെ നിങ്ങൾ വേട്ടയാടി ശിക്ഷിച്ചു! ഹ... ഹ... ഹ! ഇതിലും വലിയൊരു വിരോധാഭാസം വേറെ എവിടെയെങ്കിലും കാണാൻ പറ്റുമോ ശിവ?!"

ശിവയുടെ മുഖത്തെ പേശികൾ വലിഞ്ഞുമുറുകി. അവൻ അടുത്ത ചോദ്യത്തിലേക്ക് കടന്നു.

"നീ തന്നെയാണോ ആർതറിനെയും കൊന്നത്?"

"ഉം..." രഘുനാഥ് ഒരു ദീർഘനിശ്വാസത്തോടെ തലയാട്ടി. "വിശന്നിരുന്ന കടുവയുടെ മുൻപിലേക്ക് സ്വയം നടന്നു കയറിയ പാവം മാൻകുട്ടിയായിരുന്നു അവൻ! നിനക്ക് ഞാൻ എന്തിലാണ് ഗവേഷണം നടത്തിയത് എന്നറിയാമോ ശിവ? അശോകന്റെ കാലത്തിനു ശേഷമുള്ള ബുദ്ധമതത്തിന്റെ വളർച്ചയും തളർച്ചയും എന്ന വിഷയത്തിൽ. അതിന്റെ ഭാഗമായി നേപ്പാളിലെ കാഠ്മണ്ഡുവിൽ മൂന്ന് വർഷത്തോളം ഞാൻ ചിലവഴിച്ചു. അവിടെ സ്വയംഭൂനാഥ് വിഹാരത്തിൽ ഒരു ബുദ്ധഭിക്ഷുവിനെപ്പോലെ കഴിഞ്ഞ സമയത്താണ് ഈ മഹാ രഹസ്യം ഞാൻ ആദ്യമായി കണ്ടെത്തുന്നത്. ചക്രപാലകർ നൂറ്റാണ്ടുകൾക്ക് മുൻപ് രഹസ്യമായി ഏൽപ്പിച്ച പുരാതന രേഖകൾ! യഥാർത്ഥ വിജ്ഞാനം തേടുന്നവർക്ക് മാത്രം കാണാൻ പറ്റുന്ന ആ ചുരുളുകള്‍  ഞാൻ കണ്ടു... വായിച്ചു! പിന്നീട് ആ രേഖകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്റെ ഉറക്കം കെടുത്തി, എന്നെ വേട്ടയാടിക്കൊണ്ടിരുന്നു."

രഘുനാഥ് തന്റെ ബന്ധിക്കപ്പെട്ട കൈകൾ മേശപ്പുറത്ത് താളത്തിൽ മുട്ടി.

"ഈ പരീക്ഷണത്തിന് വേണ്ടതെല്ലാം ഒരുക്കണമെങ്കിൽ, അതിനു മുൻപ് ആ അഷ്ടബീജ മാലകളും  ആ രഹസ്യ പ്രതിമയും എനിക്ക് കിട്ടണമായിരുന്നു. ആ അന്വേഷണത്തിലാണ് ലണ്ടനിൽ ആർതറിന്റെ കൈവശം ആ അവശിഷ്ടങ്ങൾ ഉണ്ടെന്ന് ഞാൻ കണ്ടുപിടിച്ചത്. ഇതിനോട്  ഭ്രാന്തമായ ആർത്തിയുള്ള അവനെ, ലോകത്തിന്റെ അധിപതിയാക്കാമെന്ന അത്ഭുത രഹസ്യം വാഗ്ദാനം ചെയ്ത് ഞാൻ ഇവിടേക്ക് വിളിച്ചുവരുത്തി. എനിക്ക് ആവശ്യമുള്ളത് അവന്റെ പക്കൽനിന്ന് കൈക്കലാക്കിയ നിമിഷം... ആർതറിന്റെ കഥയും ഞാൻ അവിടെവെച്ച് കഴിച്ചു!"

"എങ്ങനെ കൊന്നു?" ശിവയുടെ സ്വരം വല്ലാതെ താഴ്ന്നു.

"സിമ്പിൾ!" രഘുനാഥ് ഒരു മാന്ത്രിക വിദ്യ വിവരിക്കുന്നതുപോലെ ചുമലനക്കി. "ആർതറിന്റെ പക്കൽനിന്ന് പുരാവസ്തുക്കളും രേഖകളും കൈക്കലാക്കിയ ശേഷം അവന് സൗഹൃദത്തോടെ നേരെ നീട്ടിയ ഒരു ഷേക്ക് ഹാൻഡ്! എന്റെ വിരലിൽ ഘടിപ്പിച്ചിരുന്ന അതിസൂക്ഷ്മമായ രണ്ട് നീഡിലുകൾ ഉണ്ടായിരുന്നു. ഷേക്ക് ഹാൻഡ് ചെയ്ത ആ ഞൊടിയിടയിൽ അതിലൂടെ മാരകമായ ന്യൂറോടോക്സിൻ അവന്റെ രക്തത്തിലേക്ക് ഞാൻ കയറ്റിവിട്ടു."

"എന്നിട്ട്... അന്ന് അവന്റെ കഴുത്തിലുണ്ടായിരുന്ന ആ മാല നീ എന്തുകൊണ്ട് അപ്പോൾത്തന്നെ എടുത്തില്ല?"

"ആ സമയം ആരോ അവിടേക്ക് കടന്നുവരുന്ന ശബ്ദം കേട്ടു. പിടിവീഴുമെന്ന് കണ്ടപ്പോൾ ഞാൻ പെട്ടെന്ന് അവിടെനിന്ന് മാറി. പിന്നീട് ആ മാല എനിക്ക് ആശുപത്രിയിൽ നിന്നാണ് എടുക്കേണ്ടി വന്നത്. എല്ലാം കൃത്യമായ പ്ലാനിങ് ആയിരുന്നു ശിവ. ഓരോ നീക്കവും!" രഘുനാഥിന്റെ കണ്ണുകളിൽ പശ്ചാത്താപത്തിന്റെ കണിക പോലുമില്ലാതെ ആ അഹങ്കാരം വീണ്ടും കത്തിപ്പടർന്നു.

രഘുനാഥിന്റെ മുഖത്തെ ഭാവം വീണ്ടും മാറിമറിഞ്ഞു. ഒരു അമാനുഷിക ശാന്തതയോടെ അവൻ മേശയിലേക്ക് ചാഞ്ഞുനിന്ന്, ശിവയുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി വിറയാർന്ന സ്വരത്തിൽ പിറുപിറുത്തു:

"പക്ഷേ ശിവ... നീ എന്നെ എത്ര വലിയ ഇരുമ്പഴിക്കുള്ളിൽ അടച്ചാലും പ്രകൃതിയുടെ ആ നിയമം നടപ്പിലാകും! ആ അഷ്ടബീജങ്ങൾ ഒന്നാകും... ഒന്നാകും!"

അവന്റെ ശബ്ദത്തിലെ ആത്മവിശ്വാസം ഒരു അശുഭസൂചനപോലെ ആ മുറിയിൽ തങ്ങിനിന്നു.

അതേ നിമിഷം ഇന്ററോഗേഷൻ റൂമിന്റെ വാതിൽ വലിച്ചുതുറക്കപ്പെട്ടു. വലിഞ്ഞുമുറുകിയ മുഖത്തോടെ നൗഷാദ് അകത്തേക്ക് പാഞ്ഞെത്തി.

"സാർ...!"

ശിവ ഞെട്ടിത്തിരിഞ്ഞു നൗഷാദിനെ നോക്കി.

"ചമ്രവട്ടത്തെ ആ ക്രൈം സീനിൽ ആരോ അതിക്രമിച്ചുകയറി!  ആരോ അകത്തുകടന്നിരിക്കുന്നു!"

"വാട്ട്?!"

ശിവ കസേരയിൽനിന്ന് ഞെട്ടിത്തെറിച്ചെഴുന്നേറ്റു. അപ്പോഴും കൈവിലങ്ങുകളുമായി കസേരയിലിരുന്ന രഘുനാഥിന്റെ ചുണ്ടിൽ ഒരു പൈശാചികമായ അന്ത്യചിരി വിരിഞ്ഞുനിൽപ്പുണ്ടായിരുന്നു.

0 comments:

Post a Comment

Related Posts with Thumbnails